സൗമ്യത—നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും?
“ഒതുങ്ങിക്കൂടുന്ന സ്വഭാവക്കാരിയാണു ഞാൻ. വലിയ ആത്മവിശ്വാസവുമില്ല. അതുകൊണ്ട് സ്വന്തം ആശയങ്ങൾക്കുവേണ്ടി വാദിക്കുന്ന, കർക്കശരായ ആളുകളോടൊപ്പം ആയിരിക്കുന്നത് എനിക്കു ബുദ്ധിമുട്ടാണ്. അതേസമയം സൗമ്യരായ, താഴ്മയുള്ള ആളുകളുടെ കൂടെയായിരിക്കുന്നത് എനിക്കു വലിയ ആശ്വാസമാണ്. അങ്ങനെയുള്ളവരോടു തുറന്ന് സംസാരിക്കാനും എന്റെ പ്രശ്നങ്ങളെപ്പറ്റി പറയാനും എനിക്കു കഴിയും. ഇങ്ങനെയുള്ളവരാണ് എന്റെ അടുത്ത കൂട്ടുകാർ.” സാറa എന്ന സഹോദരിയുടെ വാക്കുകളാണിത്.
നമുക്കു സൗമ്യതയുണ്ടെങ്കിൽ, ആളുകൾക്കു നമ്മളോട് അടുക്കാൻ തോന്നും എന്നാണു സാറയുടെ വാക്കുകൾ കാണിക്കുന്നത്. സൗമ്യത യഹോവയെയും സന്തോഷിപ്പിക്കും. ദൈവത്തിന്റെ വചനം നമ്മളെ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: “സൗമ്യത . . . ധരിക്കുക.” (കൊലോ. 3:12) എന്താണു സൗമ്യത? യേശു എങ്ങനെയാണു സൗമ്യത കാണിച്ചത്? ഈ ഗുണം നമ്മുടെ ജീവിതം കൂടുതൽ സന്തോഷമുള്ളതാക്കുന്നത് എങ്ങനെയാണ്?
എന്താണു സൗമ്യത?
“സൗമ്യത” എന്നത് ഒരാളുടെ ശാന്തസ്വഭാവമാണെന്നു പറയാം. സൗമ്യനായ ഒരു വ്യക്തി ആർദ്രതയോടെ, ദയയോടെ ഇടപെടും. ജീവിതത്തിൽ അസ്വസ്ഥതകളുണ്ടാകുമ്പോൾ അദ്ദേഹം ശാന്തതയും ആത്മനിയന്ത്രണവും കൈവിടില്ല.
മനക്കരുത്തിന്റെ ലക്ഷണമാണു സൗമ്യത. സൗമ്യത എന്നതിനുള്ള ഗ്രീക്കു പദം മെരുക്കിയെടുത്ത കാട്ടുകുതിരയെ വർണിക്കാനാണ് ഉപയോഗിച്ചിരുന്നത്. മെരുക്കിയെടുത്തു എന്നതുകൊണ്ട് അതിന്റെ ശക്തിക്കു കുറവ് ഒന്നും വന്നിട്ടില്ല. പക്ഷേ ആ ശക്തി നിയന്ത്രിക്കാൻ അതിന് ഇപ്പോൾ കഴിയുന്നു. സമാനമായി, സൗമ്യതയുള്ള ഒരാൾ ദുർബലനല്ല, ശക്തനാണ്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? കാരണം, പരുക്കൻ സ്വഭാവം നിയന്ത്രിച്ച് മറ്റുള്ളവരോടു ശാന്തതയോടെ ഇടപെടാൻ ആ വ്യക്തിക്കു കഴിയുന്നു.
‘ഞാൻ സ്വതവേ സൗമ്യതയുള്ള ഒരാളല്ല’ എന്നു നമ്മൾ ചിന്തിച്ചേക്കാം. എന്തിനും ഏതിനും വഴക്കുണ്ടാക്കുന്ന, അക്ഷമരായ ആളുകളാണു നമുക്കു ചുറ്റുമുള്ളത് എന്നതു ശരിയാണ്. അതുകൊണ്ട് സൗമ്യരായിരിക്കുക എന്നത് അത്ര എളുപ്പമായിരിക്കില്ല. (റോമ. 7:19) അതെ, സൗമ്യത വളർത്തിയെടുക്കുന്നതിനു നല്ല ശ്രമം വേണം. പക്ഷേ സൗമ്യരായിരിക്കാൻ നമ്മൾ ഉറച്ച തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ യഹോവയുടെ പരിശുദ്ധാത്മാവ് നമ്മളെ അതിനു സഹായിക്കും. (ഗലാ. 5:22, 23) ശരി, സൗമ്യത വളർത്തിയെടുക്കാൻ നമ്മൾ ശ്രമിക്കേണ്ടത് എന്തുകൊണ്ട്?
സൗമ്യത ആളുകളെ ആകർഷിക്കും. തുടക്കത്തിൽ കണ്ട സാറ പറഞ്ഞതുപോലെ, സൗമ്യതയുള്ളവരോടൊപ്പം ആയിരിക്കാൻ നമ്മൾ ഇഷ്ടപ്പെടുന്നു. സൗമ്യതയും ദയയും കാണിക്കുന്നതിൽ യേശു ഒരു മികച്ച മാതൃക വെച്ചിട്ടുണ്ട്. (2 കൊരി. 10:1) യേശുവിനെ നേരിട്ട് പരിചയമില്ലാതിരുന്ന കുട്ടികൾപോലും യേശുവിനോടൊപ്പമായിരിക്കാൻ ആഗ്രഹിച്ചു.—മർക്കോ. 10:13-16.
സൗമ്യത നമുക്കും നമ്മുടെ കൂടെയുള്ളവർക്കും ഗുണം ചെയ്യും. നമുക്കു സൗമ്യതയുണ്ടെങ്കിൽ, നമ്മൾ എളുപ്പം ദേഷ്യപ്പെടുകയോ അസ്വസ്ഥരാകുകയോ ഇല്ല. (സുഭാ. 16:32) അങ്ങനെയാകുമ്പോൾ മറ്റൊരാളെ, പ്രത്യേകിച്ചും നമുക്കു പ്രിയപ്പെട്ട ഒരാളെ, വേദനിപ്പിച്ചുപോയല്ലോ എന്ന ദുഃഖം നമുക്ക് ഒഴിവാക്കാൻ കഴിയും. അതുപോലെ, നമ്മുടെ അനിയന്ത്രിതമായ പെരുമാറ്റം കാരണം മറ്റുള്ളവരും വേദനിക്കേണ്ടിവരില്ല.
സൗമ്യതയുടെ മികച്ച മാതൃക
ഭാരിച്ച ഉത്തരവാദിത്വങ്ങളും തിരക്കുകളും ഒക്കെ ഉണ്ടായിരുന്നിട്ടും യേശു എല്ലാവരോടും സൗമ്യതയോടെ ഇടപെട്ടു. യേശുവിന്റെ കാലത്തെ മിക്കവരും കഷ്ടപ്പെടുന്നവരും ഭാരങ്ങൾ ചുമന്ന് വലയുന്നവരും ആയിരുന്നു. അവർക്ക് ഉന്മേഷം ആവശ്യമായിരുന്നു. ‘എന്റെ അടുത്ത് വരൂ, ഞാൻ സൗമ്യനും താഴ്മയുള്ളവനും ആണ്’ എന്ന് യേശു പറഞ്ഞപ്പോൾ അവർക്ക് എത്ര ആശ്വാസം തോന്നിക്കാണും!—മത്താ. 11:28, 29.
യേശു കാണിച്ചതുപോലുള്ള സൗമ്യത നമുക്ക് എങ്ങനെ വളർത്തിയെടുക്കാം? ദൈവവചനം പഠിച്ചുകൊണ്ട്, യേശു ആളുകളോട് എങ്ങനെയാണ് ഇടപെട്ടതെന്നും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ എന്തു ചെയ്തെന്നും മനസ്സിലാക്കുക. സൗമ്യത കാണിക്കാൻ പ്രയാസമുള്ള സാഹചര്യങ്ങളിൽ യേശുവിനെപ്പോലെ പ്രവർത്തിക്കാൻ ശ്രമിക്കുക. (1 പത്രോ. 2:21) സൗമ്യനായിരിക്കാൻ യേശുവിനെ സഹായിച്ച മൂന്നു കാര്യങ്ങൾ നമുക്ക് ഇനി നോക്കാം.
യേശുവിന് യഥാർഥ താഴ്മയുണ്ടായിരുന്നു. താൻ “സൗമ്യനും താഴ്മയുള്ളവനും” ആണെന്നു യേശു പറഞ്ഞു. (മത്താ. 11:29) സൗമ്യതയും താഴ്മയും അടുത്ത ബന്ധമുള്ള ഗുണങ്ങളായതുകൊണ്ടാണ് ബൈബിളിൽ അവ രണ്ടും ഒരുമിച്ച് പറയുന്നത്. (എഫെ. 4:1-3) എന്താണ് ഇവ തമ്മിലുള്ള ബന്ധം?
മറ്റുള്ളവർ എന്തെങ്കിലും പറഞ്ഞെന്നു കരുതി, പെട്ടെന്നു മുറിപ്പെടുകയോ പിണങ്ങുകയോ ചെയ്യാതിരിക്കാൻ താഴ്മ എന്ന ഗുണം നമ്മളെ സഹായിക്കും. താൻ “തീറ്റിപ്രിയനും വീഞ്ഞുകുടിയനും” ആണെന്ന് ഒരു അടിസ്ഥാനവുമില്ലാതെ ആരോപിച്ചവരോട് യേശു എങ്ങനെയാണു പ്രതികരിച്ചത്? ഈ ആരോപണങ്ങൾക്കു യേശു തന്റെ മാതൃകയിലൂടെയാണു മറുപടി കൊടുത്തത്. “ജ്ഞാനം അതിന്റെ പ്രവൃത്തികളാൽ നീതിയുള്ളതെന്നു തെളിയും” എന്ന് യേശു സൗമ്യതയോടെ പറഞ്ഞു.—മത്താ. 11:19.
നിങ്ങളുടെ വംശത്തെയോ സാമൂഹിക പശ്ചാത്തലത്തെയോ കുറിച്ച് ആരെങ്കിലും ചിന്തിക്കാതെ എന്തെങ്കിലും പറഞ്ഞാൽ, സ്ത്രീ-പുരുഷ വ്യത്യാസത്തിന്റെ പേരിൽ നിങ്ങൾക്കു മോശമായ എന്തെങ്കിലും കേൾക്കേണ്ടിവന്നാൽ സൗമ്യതയോടെ മറുപടി കൊടുക്കാൻ നിങ്ങൾക്കു ശ്രമിക്കാം. സൗത്ത് ആഫ്രിക്കയിലെ ഒരു മൂപ്പനായ പീറ്റർ സഹോദരൻ പറയുന്നു: “ആരെങ്കിലും എനിക്ക് ഇഷ്ടപ്പെടാത്ത എന്തെങ്കിലും പറഞ്ഞാൽ ഞാൻ ഇങ്ങനെ ചിന്തിക്കും, ‘യേശുവായിരുന്നെങ്കിൽ ഇപ്പോൾ എന്തു ചെയ്തേനേ?’ നമ്മൾ എത്ര ചെറിയവരാണെന്ന് ഓർക്കണമെന്നു ഞാൻ പഠിച്ചു.”
മനുഷ്യരുടെ കുറവുകൾ യേശു മനസ്സിലാക്കി. യേശുവിന്റെ ശിഷ്യന്മാർക്ക് ശരി ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, അപൂർണരായിരുന്നതുകൊണ്ട് പലപ്പോഴും അവർക്ക് അത് അത്ര എളുപ്പമായിരുന്നില്ല. ഉദാഹരണത്തിന്, യേശു മരിക്കുന്നതിന്റെ തലേ രാത്രി യേശുവിനെ പിന്തുണച്ചുകൊണ്ട് യേശുവിനോടൊപ്പം ഉണർന്നിരിക്കാൻ പത്രോസിനും യാക്കോബിനും യോഹന്നാനും കഴിഞ്ഞില്ല. “ആത്മാവ് തയ്യാറാണെങ്കിലും ശരീരം ബലഹീനമാണ്” എന്ന് യേശു മനസ്സിലാക്കി. (മത്താ. 26:40, 41) ഇക്കാര്യം ഓർത്തതുകൊണ്ട് യേശു അപ്പോസ്തലന്മാരോട് ദേഷ്യപ്പെട്ടില്ല.
മാൻഡി സഹോദരി മുമ്പ് ആളുകളുടെ കുറവുകളിൽ ആണ് ശ്രദ്ധിച്ചിരുന്നത്. പക്ഷേ ഇപ്പോൾ യേശുവിനെപ്പോലെ മറ്റുള്ളവരോട് സൗമ്യതയോടെ ഇടപെടാൻ സഹോദരി ശ്രമിക്കുന്നു. സഹോദരി പറയുന്നു: “അപൂർണത മനുഷ്യരെ എത്രത്തോളം ബാധിക്കുന്നുണ്ടെന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു. യഹോവയെപ്പോലെ മറ്റുള്ളവരിലെ നന്മ കാണാനും ഞാൻ ശ്രമിക്കുന്നു.” യേശുവിനെപ്പോലെ, അനുകമ്പയോടെ ആളുകൾക്കു കുറവുകളുണ്ടെന്നു മനസ്സിലാക്കുന്നത് അവരോട് സൗമ്യതയോടെ ഇടപെടാൻ നിങ്ങളെ സഹായിക്കുമോ?
യേശു കാര്യങ്ങൾ ദൈവത്തിന് വിട്ടുകൊടുത്തു. ഭൂമിയിലായിരുന്നപ്പോൾ യേശുവിന് അന്യായം സഹിക്കേണ്ടിവന്നു. യേശുവിനെ ആളുകൾ തെറ്റിദ്ധരിച്ചു. കളിയാക്കുകയും ഉപദ്രവിക്കുകയും ചെയ്തു. എന്നിട്ടും യേശു സൗമ്യത കൈവിടാതെ “നീതിയോടെ വിധിക്കുന്ന ദൈവത്തിന്റെ കൈയിൽ തന്റെ കാര്യം ഭരമേൽപ്പിച്ചു.” (1 പത്രോ. 2:23) തന്റെ സ്വർഗീയപിതാവ് എല്ലാം സഹിച്ചുനിൽക്കാൻ തന്നെ സഹായിക്കുമെന്നും തനിക്ക് അനുഭവിക്കേണ്ടിവന്ന അന്യായങ്ങൾക്കെല്ലാം ഉചിതമായ സമയത്ത് പരിഹാരം കാണുമെന്നും യേശുവിന് അറിയാമായിരുന്നു.
നമ്മളോട് ആരെങ്കിലും അന്യായം കാണിക്കുമ്പോൾ ദേഷ്യത്തോടെ പ്രതികരിച്ചാൽ കാര്യം കൂടുതൽ വഷളായേക്കാം. അതുകൊണ്ടാണ് തിരുവെഴുത്തുകൾ നമ്മളെ ഇങ്ങനെ ഓർമിപ്പിക്കുന്നത്: “മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതി നടപ്പാക്കുന്നില്ല.” (യാക്കോ. 1:20) ദേഷ്യപ്പെടാൻ നമുക്ക് കാരണമുണ്ടെങ്കിലും പ്രതികരിക്കാൻ പോയാൽ അപൂർണത കാരണം നമ്മൾ തെറ്റായി പ്രവർത്തിച്ചേക്കാം.
ജർമനിയിലെ കാത്തി എന്ന സഹോദരി മുമ്പ് ഇങ്ങനെയാണ് ചിന്തിച്ചിരുന്നത്: ‘നമുക്കുവേണ്ടി നമ്മൾ അല്ലാതെ വേറെ ആരാണ് പോരാടാനുള്ളത്?’ പക്ഷേ, യഹോവയിൽ ആശ്രയിക്കാൻ സഹോദരി പഠിച്ചപ്പോൾ ആ മനോഭാവത്തിന് മാറ്റം വന്നു. സഹോദരി പറയുന്നു: “ഞാൻ അനുഭവിക്കുന്ന അനീതിക്കെതിരെ ശബ്ദമുയർത്താൻ ഞാൻ ഇപ്പോൾ ശ്രമിക്കാറില്ല. ഈ ലോകത്ത് നടക്കുന്ന അനീതി എല്ലാം യഹോവ പരിഹരിക്കും എന്ന് എനിക്ക് അറിയാവുന്നതുകൊണ്ട് എപ്പോഴും സൗമ്യതയോടെ പ്രതികരിക്കാൻ എനിക്ക് കഴിയുന്നു.” നിങ്ങൾ എപ്പോഴെങ്കിലും അനീതിയുടെ ഇരയായിട്ടുണ്ടോ? യേശുവിനെപ്പോലെ ദൈവത്തിൽ ആശ്രയിക്കുന്നത് സൗമ്യത നിലനിറുത്താൻ നിങ്ങളെ സഹായിക്കും.
“സൗമ്യരായവർ സന്തുഷ്ടർ”
നമ്മൾ സന്തോഷമുള്ളവർ ആയിരിക്കണമെങ്കിൽ നമുക്ക് സൗമ്യത വേണമെന്ന് യേശു ചൂണ്ടിക്കാണിച്ചു. യേശു പറഞ്ഞു: “സൗമ്യരായവർ സന്തുഷ്ടർ.” (മത്താ. 5:5) താഴെ പറയുന്ന സാഹചര്യങ്ങളിൽ സൗമ്യത എങ്ങനെയാണ് സഹായിക്കുന്നത് എന്ന് നമുക്ക് നോക്കാം.
ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ ശാന്തമായി കൈകാര്യം ചെയ്യാൻ സൗമ്യത സഹായിക്കും. ഓസ്ട്രേലിയയിലുള്ള റോബർട്ട് എന്ന സഹോദരൻ പറയുന്നു: “ഭാര്യയെ വേദനിപ്പിക്കുന്ന ഒത്തിരി കാര്യങ്ങൾ ഞാൻ പറഞ്ഞിട്ടുണ്ട്. ഒന്നും മനസ്സിൽവെച്ചല്ല ഞാൻ പറഞ്ഞത്. പക്ഷേ, ദേഷ്യത്തോടെ പറയുന്ന മൂർച്ചയുള്ള വാക്കുകൾ തിരിച്ചെടുക്കാൻ ആകില്ലല്ലോ. ഞാൻ അവളെ എത്രമാത്രം വേദനിപ്പിച്ചെന്ന് ഇപ്പോൾ ഓർക്കുമ്പോൾ വിഷമം തോന്നുന്നു.”
സംസാരത്തിൽ നമുക്കെല്ലാം ‘തെറ്റു പറ്റും.’ ചിന്തിക്കാതെ പറയുന്ന വാക്കുകൾ വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. (യാക്കോ. 3:2) അത്തരം സാഹചര്യങ്ങളിൽ ശാന്തരായിരിക്കാനും ശ്രദ്ധിച്ച് സംസാരിക്കാനും സൗമ്യത സഹായിക്കും.—സുഭാ. 17:27.
ശാന്തതയും ആത്മനിയന്ത്രണവും വളർത്തിയെടുക്കാൻ റോബർട്ട് സഹോദരൻ നല്ല ശ്രമം ചെയ്തു. എന്തായിരുന്നു അതിന്റെ പ്രയോജനം? സഹോദരൻ പറയുന്നു: “ഇപ്പോൾ ഞങ്ങൾ തമ്മിൽ എന്തെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടായാൽ അവൾ പറയുന്നത് ശ്രദ്ധിച്ച് കേൾക്കാനും സൗമ്യതയോടെ സംസാരിക്കാനും പെട്ടെന്നു നീരസപ്പെടാതിരിക്കാനും ഞാൻ ബോധപൂർവം ഒരു ശ്രമം ചെയ്യും. ഭാര്യയുമായുള്ള എന്റെ ബന്ധം ഇപ്പോൾ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്.”
മറ്റുള്ളവരുമായി ഒത്തുപോകാൻ സൗമ്യത നമ്മളെ സഹായിക്കും. പെട്ടെന്നു പിണങ്ങുന്ന സ്വഭാവമുള്ളവർക്ക് അധികം സുഹൃത്തുക്കൾ കാണില്ല. പക്ഷേ, നമ്മളെ ‘ഒന്നിച്ചുനിറുത്തുന്ന സമാധാനബന്ധം കാത്തുകൊള്ളാൻ’ സൗമ്യത സഹായിക്കും. (എഫെ. 4:2, 3) നേരത്തേ കണ്ട കാത്തി സഹോദരി പറയുന്നു: “ചില ആളുകളുമായി ഇടപെടുന്നത് അത്ര എളുപ്പമല്ല എന്നത് ശരിയാണ്. പക്ഷേ സൗമ്യതയുള്ളതുകൊണ്ട് ആരുമായി ഇടപെട്ടാലും ആ സമയം സന്തോഷകരമാക്കാൻ എനിക്ക് ഇപ്പോൾ കഴിയുന്നു.”
സൗമ്യത മനസ്സമാധാനം തരും. ബൈബിൾ ‘ഉയരത്തിൽനിന്നുള്ള ജ്ഞാനത്തെ’ സൗമ്യതയും സമാധാനവുമായി ബന്ധപ്പെടുത്തുന്നുണ്ട്. (യാക്കോ. 3:13, 17) സൗമ്യതയുള്ള ഒരാൾക്ക് ഒരു “ശാന്തഹൃദയം” ഉണ്ട്. (സുഭാ. 14:30) സൗമ്യത എന്ന ഗുണം വളർത്തിയെടുക്കാൻ നല്ല ശ്രമം ചെയ്ത മാർട്ടിൻ പറയുന്നു: “ഞാൻ പറയുന്നതുപോലെ കാര്യങ്ങളെല്ലാം നടക്കണമെന്ന് ഞാൻ ഇപ്പോൾ വാശിപിടിക്കാറില്ല. എനിക്ക് ഇപ്പോൾ കൂടുതൽ മനസ്സമാധാനവും സന്തോഷവും ഉണ്ട്.”
സൗമ്യത വളർത്തിയെടുക്കുന്നത് നമുക്ക് അത്ര എളുപ്പമായിരിക്കില്ല എന്നത് ശരിയാണ്. ഒരു സഹോദരൻ പറയുന്നു: “സത്യം പറഞ്ഞാൽ ഇപ്പോൾപ്പോലും എനിക്ക് ചില നേരത്ത് നല്ല ദേഷ്യം വരാറുണ്ട്.” നിങ്ങൾക്ക് ഇങ്ങനെ ഒരു പ്രശ്നമുണ്ടെങ്കിൽ, എപ്പോഴും സൗമ്യത കാണിക്കാൻ നമ്മളെ പ്രോത്സാഹിപ്പിക്കുന്ന യഹോവ തീർച്ചയായും സഹായിക്കും. (യശ. 41:10; 1 തിമൊ. 6:11) യഹോവ നമ്മുടെ “പരിശീലനം പൂർത്തീകരിക്കും.” യഹോവ നമ്മളെ ‘ശക്തരാക്കും.’ (1 പത്രോ. 5:10) അങ്ങനെ പതിയെപ്പതിയെ അപ്പോസ്തലനായ പൗലോസിനെപ്പോലെ ‘ക്രിസ്തുവിന്റേതുപോലുള്ള സൗമ്യതയും ദയയും’ കാണിക്കാൻ നമുക്ക് കഴിയും.—2 കൊരി. 10:1.
a ഈ ലേഖനത്തിലെ ചില പേരുകൾ യഥാർഥമല്ല.