‘എന്റെ നുകം ഏൽക്കുവിൻ’
1 സമ്മർദങ്ങളും ഉത്കണ്ഠകളും നിറഞ്ഞ ഈ ലോകത്തിൽ, തന്റെ നുകത്തിൻ കീഴിൽ വരാനുള്ള യേശുവിന്റെ ക്ഷണത്തോടു പ്രതികരിച്ചിരിക്കുന്ന നാം യഥാർഥ ആശ്വാസം അനുഭവിച്ചറിയുന്നു. (മത്താ. 11:29, 30) ശിഷ്യത്വത്തിന്റെ നുകം വഹിക്കുന്നതിൽ, ആവേശകരവും നവോന്മേഷപ്രദവുമായ ഒരു വേലയിൽ പങ്കുപറ്റുന്നത് ഉൾപ്പെടുന്നു. രാജ്യസുവാർത്ത ഘോഷിക്കുന്നതും യേശുവിന്റെ മൃദുവായ നുകത്തിൻ കീഴിൽ നമ്മോടൊപ്പം നവോന്മേഷം കണ്ടെത്താൻ മറ്റുള്ളവരെ സഹായിക്കുന്നതും അതിന്റെ ഭാഗമാണ്.—മത്താ. 24:14; 28:19, 20.
2 ശുശ്രൂഷ നൽകുന്ന നവോന്മേഷം: നിലവിലുണ്ടായിരുന്ന ഭാരത്തോടൊപ്പം തന്റെ ചുമടുകൂടി വഹിക്കാൻ ശിഷ്യന്മാരോട് ആവശ്യപ്പെടുകയായിരുന്നില്ല യേശു. ഭാരമേറിയ ചുമട് ഇറക്കിവെച്ചിട്ട് തന്റെ ലഘുവായ ചുമട് വഹിക്കാനാണ് അവനവരെ ക്ഷണിച്ചത്. ഈ ലോകത്തിന്റെ ഉത്കണ്ഠകളും നിരാശകളും നമ്മെ തളർത്തിക്കളയുന്നില്ല; നിശ്ചയമില്ലാത്ത ധനത്തിനായി നാം അധ്വാനിക്കുന്നുമില്ല. (ലൂക്കൊ. 21:34; 1 തിമൊ. 6:17) നാം തിരക്കുള്ളവരും ഉപജീവനത്തിനായി ജോലിചെയ്യുന്നവരുമാണെങ്കിലും ദൈവാരാധനയെ കേന്ദ്രീകരിച്ചാണ് നമ്മുടെ ജീവിതം മുന്നോട്ടുനീങ്ങുന്നത്. (മത്താ. 6:33) ഏറ്റവും പ്രധാനപ്പെട്ടത് എന്താണെന്നതു സംബന്ധിച്ച് ശരിയായ വീക്ഷണമുണ്ടെങ്കിൽ ശുശ്രൂഷ എല്ലായ്പോഴും നമുക്ക് നവോന്മേഷദായകമായിരിക്കും, ഒരിക്കലും ഒരു ഭാരമായിരിക്കില്ല.—ഫിലി. 1:10.
3 പ്രിയങ്കരങ്ങളായ കാര്യങ്ങളെക്കുറിച്ചു സംസാരിക്കാനാണു നമ്മുടെ പ്രവണത. (ലൂക്കൊ. 6:45) യഹോവയോടും അവൻ വാഗ്ദാനം ചെയ്തിരിക്കുന്ന രാജ്യാനുഗ്രഹങ്ങളോടും ബന്ധപ്പെട്ട കാര്യങ്ങളിൽ എല്ലാ ക്രിസ്ത്യാനികളും അതീവ തത്പരരാണ്. ആ സ്ഥിതിക്ക് അനുദിന ഉത്കണ്ഠകൾ അകറ്റിനിറുത്തിക്കൊണ്ട് ശുശ്രൂഷയിൽ ഏർപ്പെടുന്നതും ‘നന്മ സുവിശേഷിക്കുന്നതും’ എത്ര നവോന്മേഷദായകമാണ്! (റോമ. 10:15) ഒരു കാര്യത്തിൽ നാം എത്രയധികം ഉൾപ്പെടുന്നുവോ അത്രയധികം അതിൽ പ്രഗത്ഭരായിത്തീരും; നമ്മുടെ സന്തോഷവും ആനുപാതികമായി വർധിക്കും. അതുകൊണ്ട് സാധ്യമെങ്കിൽ ശുശ്രൂഷയ്ക്കായി കൂടുതൽ സമയം മാറ്റിവെക്കുന്നത് ഏറെ നവോന്മേഷം കൈവരുത്തും. വ്യക്തികൾ നമ്മുടെ പ്രസംഗത്തോട് അനുകൂലമായി പ്രതികരിക്കുമ്പോൾ നാമെത്ര പ്രോത്സാഹിതരാകുന്നു! (പ്രവൃ. 15:3) നിസ്സംഗതയോ എതിർപ്പോ നേരിടുമ്പോഴും, നമ്മുടെ ശ്രമങ്ങൾ യഹോവയ്ക്കു പ്രസാദകരമാണെന്നും ഏതൊരു സത്ഫലത്തിനും കാരണം അവന്റെ അനുഗ്രഹമാണെന്നും ഓർക്കുന്നപക്ഷം ശുശ്രൂഷ നമുക്ക് ആത്മീയ നവോന്മേഷം പകരും.—പ്രവൃ. 5:41; 1 കൊരി. 3:9.
4 യേശുവിന്റെ ക്ഷണം സ്വീകരിക്കുമ്പോൾ, യഹോവയുടെ സാക്ഷികളെന്ന നിലയിൽ അവനോടൊപ്പം സേവിക്കാനുള്ള പദവിയാണു നമുക്കു ലഭിക്കുന്നത്. (യെശ. 43:10; വെളി. 1:5) അതിനെക്കാൾ നവോന്മേഷദായകമായ മറ്റൊന്നില്ല!