യേശുവിന്റെ ജീവിതവും ശുശ്രൂഷയും
യേശു യഥാർത്ഥത്തിൽ ആരാണ്?
യേശുവിനെയും അവന്റെ ശിഷ്യൻമാരെയും വഹിച്ചിരുന്ന വള്ളം ബേത്ത്സയിദയിൽ എത്തിയപ്പോൾ ആളുകൾ അവന്റെ അടുക്കൽ അന്ധനായ ഒരു മനുഷ്യനെ കൊണ്ടുവരികയും അവനെ തൊട്ടു സൗഖ്യമാക്കുവാൻ അവനോട് അപേക്ഷിക്കുകയും ചെയ്യുന്നു. യേശു ആ മനുഷ്യനെ കൈക്കു പിടിച്ചു ഗ്രാമത്തിനു വെളിയിൽ കൊണ്ടുപോയി അവന്റെ കണ്ണിൽ തുപ്പിയശേഷം, “നീ എന്തെങ്കിലും കാണുന്നുവോ?” എന്നു ചോദിക്കുന്നു.
“ഞാൻ മനുഷ്യരെ കാണുന്നു,” എന്ന് ആ മനുഷ്യൻ ഉത്തരം പറയുന്നു, “എന്തുകൊണ്ടെന്നാൽ മരങ്ങളെന്നു തോന്നുന്നവയെ ഞാൻ നിരീക്ഷിക്കുന്നു, എന്നാൽ അവ നടന്നുകൊണ്ടിരിക്കുന്നു.” യേശു തന്റെ കരങ്ങൾ അവന്റെ കണ്ണുകളിൻമേൽ വെച്ച് അവന് വ്യക്തമായി കാണത്തക്കവണ്ണം അവന്റെ കാഴ്ച പുനഃസ്ഥാപിക്കുന്നു. നഗരത്തിൽ പ്രവേശിക്കരുത് എന്ന നിർദ്ദേശം നൽകി യേശു ആ മനുഷ്യനെ അവന്റെ വീട്ടിലേക്ക് അയക്കുന്നു.
ഇപ്പോൾ യേശു തന്റെ ശിഷ്യൻമാരോടൊത്ത് പലസ്തീന്റെ വടക്കേയററത്തുള്ള ഫിലിപ്പിയിലെ കൈസരിയാ എന്ന ഗ്രാമത്തിലേക്കു പോകുന്നു. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1,150 അടി ഉയരത്തിലുള്ള മനോഹരമായ ഫിലിപ്പിയിലെ കൈസരിയായിലേക്ക് 30 മൈലോളം വരുന്ന ഒരു നീണ്ട കയററമുണ്ട്. ആ യാത്രക്ക് സാധാരണയായി രണ്ടു ദിവസം എടുക്കും.
മാർഗ്ഗമദ്ധ്യേ യേശു തനിയെ പ്രാർത്ഥിക്കാൻവേണ്ടി അകലെ പോകുന്നു. അവന്റെ മരണത്തിന് ഇനിയും ഏകദേശം ഒൻപതോ പത്തൊ മാസങ്ങൾ മാത്രമെ അവശേഷിച്ചിട്ടുള്ളു, അവൻ തന്റെ ശിഷ്യൻമാരെക്കുറിച്ച് ഉത്ക്കണ്ഠയുള്ളവനാണ്. അനേകർ ഇപ്പോൾതന്നെ അവനെ അനുഗമിക്കുന്നതിൽ നിന്ന് വിട്ടുപോയിക്കഴിഞ്ഞു. അവനെ രാജാവാക്കുന്നതിനുള്ള ആളുകളുടെ ശ്രമത്തെ അവൻ തിരസ്കരിച്ചതിനാലും തന്റെ രാജത്വം തെളിയിക്കാൻ സ്വർഗ്ഗത്തിൽനിന്ന് ഒരു അടയാളം കാണിക്കാൻ അവന്റെ ശത്രുക്കൾ വെല്ലുവിളിച്ചപ്പോൾ അവൻ കാണിക്കാതിരുന്നതിനാലും പ്രത്യക്ഷത്തിൽ മററുള്ളവർ കുഴഞ്ഞുപോകുകയും നിരാശിതരായിത്തീരുകയും ചെയ്തിരിക്കുന്നു. അവന്റെ അപ്പോസ്തലൻമാർ അവൻ ആരാണെന്നാണ് വിശ്വസിക്കുന്നത്? അവൻ പ്രാർത്ഥിക്കുന്നടത്തേക്ക് അവർ വന്നപ്പോൾ യേശു ചോദിക്കുന്നു: “ജനക്കൂട്ടം ഞാൻ ആരാണെന്നാണ് പറയുന്നത്?”
“ചിലർ യോഹന്നാൻ സ്നാപകൻ എന്നു പറയുന്നു,” അവർ ഉത്തരം പറയുന്നു, “മററുള്ളവർ ഏലിയാവ് എന്നും വേറെചിലർ യിരെമ്യാവൊ പ്രവാചകൻമാരിൽ ഒരുവനൊ എന്നും പറയുന്നു.” അതേ, ഈ മനുഷ്യരിൽ ആരെങ്കിലും മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേററവനാണ് യേശു എന്ന് അവർ വിചാരിക്കുന്നു!
“എന്നാൽ നിങ്ങൾ എന്നെ ആർ എന്നു പറയുന്നു?” യേശു ചോദിക്കുന്നു.
പത്രോസ് പെട്ടെന്ന് പ്രതികരിക്കുന്നു: “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്.”
പത്രോസിന്റെ ഉത്തരത്തെ അംഗീകരിച്ചശേഷം യേശു പറയുന്നു: “ഞാൻ നിന്നോടു പറയുന്നു, നീ പത്രോസ് ആകുന്നു, ഈ പാറക്കൂട്ടത്തിൻമേൽ ഞാൻ എന്റെ സഭയെ പണിയും, ഹേഡീസിന്റെ പടിവാതിലുകൾ അതിനെ ജയിച്ചടക്കയില്ല.” യേശു ഒരു സഭയെ സ്ഥാപിക്കുമെന്നും അതിന്റെ അംഗങ്ങളുടെ ഭൂമിയിലെ വിശ്വസ്തമായ ഗതിക്കുശേഷം മരണംപോലും അവരെ തടവുകാരായി പിടിച്ചുവെക്കുകയില്ലെന്നും ഇവിടെ അവൻ ആദ്യമായി പ്രസ്താവിക്കുന്നു. പിന്നീട് അവൻ പത്രോസിനോടു പറയുന്നു: “ഞാൻ നിനക്ക് സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ നൽകും.”
അപ്രകാരം പത്രോസിന് പ്രത്യേക പദവികൾ ലഭിക്കാനിരിക്കുന്നെന്ന് യേശു വെളിപ്പെടുത്തുന്നു. ഇല്ല, പത്രോസിന് അപ്പോസ്തലൻമാരുടെ ഇടയിൽ ഒന്നാം സ്ഥാനം കൊടുത്തില്ല, അവനെ സഭയുടെ അടിസ്ഥാനവുമാക്കിയില്ല. യേശുവിന്റെ സഭ പണിയപ്പെടുന്ന പാറക്കൂട്ടം അവൻതന്നെയായിരിക്കും. എന്നാൽ ആളുകളുടെ കൂട്ടങ്ങൾക്ക് സ്വർഗ്ഗീയരാജ്യത്തിൽ പ്രവേശിക്കുന്നതിനുള്ള അവസരം തുറന്നുകൊടുക്കുന്നതിന് പത്രോസിന് മൂന്നു താക്കോലുകൾ കൊടുക്കപ്പെടും.
പത്രോസ് ക്രി.വ. 33ലെ പെന്തെക്കൊസ്തു ദിവസം അനുതാപമുള്ള യഹൂദൻമാർ രക്ഷിക്കപ്പെടാൻ എന്തു ചെയ്യണമെന്ന് കാണിച്ചുകൊടുത്തപ്പോൾ അവൻ ഒന്നാമത്തെ താക്കോൽ ഉപയോഗിച്ചു. ചുരുങ്ങിയ നാളുകൾക്കുശേഷം അവൻ വിശ്വസിച്ച ശമര്യർക്ക് ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനുള്ള അവസരം തുറന്നുകൊടുത്തപ്പോൾ രണ്ടാമത്തേത് ഉപയോഗിച്ചു. പിന്നീട് ക്രി.വ. 36-ൽ അവൻ പരിഛേദനയേൽക്കാത്ത വിജാതീയർക്ക്, കൊർന്നെല്യോസിനും അവന്റെ സ്നേഹിതൻമാർക്കും അതേ അവസരം തുറന്നുകൊടുത്തുകൊണ്ട് മൂന്നാമത്തെ താക്കോൽ ഉപയോഗിച്ചു.
യേശു തന്റെ അപ്പോസ്തലൻമാരോട് ചർച്ച തുടരുന്നു. അവൻ യെരൂശലേമിൽ ഉടൻതന്നെ അഭിമുഖീകരിക്കാൻ പോകുന്ന കഷ്ടതകളെയും മരണത്തെയും കുറിച്ചു പറഞ്ഞുകൊണ്ട് അവൻ അവരെ നിരാശിതരാക്കി. യേശു സ്വർഗ്ഗീയ ജീവനിലേക്ക് ഉയിർപ്പിക്കപ്പെടുമെന്ന് മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ട പത്രോസ് യേശുവിനെ അരികിൽ വിളിച്ചു. “കർത്താവേ നിന്നോടുതന്നെ ദയയുള്ളവനായിരിക്ക,” അവൻ പറയുന്നു, “നിനക്ക് ഈ അത്യാഹിതം ഒരിക്കലും സംഭവിക്കരുതേ.” യേശു തിരിഞ്ഞ് ഇങ്ങനെ മറുപടിപറയുന്നു: “സാത്താനേ! എന്റെ പിന്നിൽ പോകൂ. നീ എനിക്ക് ഒരു ഇടർച്ചയാണ്, എന്തുകൊണ്ടെന്നാൽ നീ ദൈവത്തിന്റെ വിചാരങ്ങൾ അല്ല ചിന്തിക്കുന്നത്, പിന്നെയോ മനുഷ്യരുടേതാണ്.”
തെളിവനുസരിച്ച്, അപ്പോസ്തലൻമാരെക്കൂടാതെ മററുള്ളവരും യേശുവിനോടുകൂടെ സഞ്ചരിക്കുന്നു, അതുകൊണ്ട് അവൻ അവരെ വിളിച്ച് അവന്റെ അനുഗാമിയായിരിക്കുന്നത് എളുപ്പമായിരിക്കയില്ല എന്ന് വിശദീകരിക്കുന്നു. “ആരെങ്കിലും എന്റെ പിന്നാലെ വരാൻ ആഗ്രഹിക്കുന്നെങ്കിൽ,” അവൻ പറയുന്നു, “അവൻ തന്നെത്താൻ ഉപേക്ഷിച്ച് തന്റെ ദണ്ഡനസ്തംഭം എടുത്തുകൊണ്ട് തുടർച്ചയായി എന്നെ അനുഗമിക്കട്ടെ. എന്തുകൊണ്ടെന്നാൽ തന്റെ ദേഹിയെ രക്ഷിക്കാൻ ആഗ്രഹിക്കുന്ന ഏവനും അതിനെ നഷ്ടപ്പെടുത്തും; എന്നാൽ എന്റെ നിമിത്തവും സുവാർത്തനിമിത്തവും തന്റെ ദേഹിയെ നഷ്ടപ്പെടുത്തുന്ന ഏവനും അതിനെ രക്ഷിക്കും.”
അതെ, യേശുവിന്റെ അനുഗാമികൾ അവന്റെ പ്രീതിക്ക് പാത്രമാകണമെങ്കിൽ അവർ ധൈര്യമുള്ളവരും ആത്മത്യാഗികളും ആയിരിക്കണം. അവൻ ഇപ്രകാരം വിശദീകരിക്കുന്നു: “വ്യഭിചാരം നിറഞ്ഞതും പാപപൂർണ്ണവും ആയ ഈ തലമുറയിൽ എന്നെക്കുറിച്ചും എന്റെ വചനത്തെക്കുറിച്ചും ആർതന്നെ ലജ്ജിച്ചാലും മനുഷ്യപുത്രൻ വിശുദ്ധ ദൂതൻമാരുമായി തന്റെ പിതാവിന്റെ മഹത്വത്തിൽ വന്നെത്തുമ്പോൾ അവനെക്കുറിച്ച് അവനും ലജ്ജിക്കും.” മർക്കോസ 8:22-38; മത്തായി 16:13-28; ലൂക്കോസ 9:18-27.
◆ യേശു തന്റെ ശിഷ്യൻമാരെക്കുറിച്ച് ഉൽക്കണ്ഠയുള്ളവനായിരിക്കുന്നതെന്തുകൊണ്ട്?
◆ ആളുകൾക്ക് യേശു ആരാണെന്നുള്ളതു സംബന്ധിച്ച് എന്തു വീക്ഷണങ്ങൾ ഉണ്ട്?
◆ പത്രോസിന് ഏതു താക്കോലുകൾ കൊടുക്കപ്പെട്ടു, അവ എങ്ങനെ ഉപയോഗിക്കപ്പെട്ടു?
◆ പത്രോസിന് ഏതു തിരുത്തൽ ലഭിച്ചു, എന്തുകൊണ്ട്? (w87 12⁄15)