യേശുവിനെ തുടർച്ചയായി അനുഗമിക്കുക
1 ഒരവസരത്തിൽ യേശു പറഞ്ഞു: “ആരെങ്കിലും എന്റെ പിന്നാലെ വരുവാൻ ആഗ്രഹിക്കുന്നെങ്കിൽ, അവൻ തന്നേത്തന്നെ പരിത്യജിച്ച് തന്റെ ദണ്ഡനസ്തംഭം എടുത്തുകൊണ്ട് എന്നെ തുടർച്ചയായി അനുഗമിക്കട്ടെ.” (മത്താ. 16:24, NW) യേശുവിന്റെ വാക്കുകളോടു ക്രിയാത്മകമായി പ്രതികരിക്കാൻ നാം തീർച്ചയായും ആഗ്രഹിക്കുന്നു. അവന്റെ ക്ഷണത്തിലെ ഓരോ പദപ്രയോഗത്തിലും എന്തുൾപ്പെട്ടിരിക്കുന്നുവെന്നു നമുക്കു പരിശോധിക്കാം.
2 “അവൻ തന്നേത്തന്നെ പരിത്യജി”ക്കട്ടെ: നമ്മുടെ ജീവിതം യഹോവയ്ക്കു സമർപ്പിക്കുമ്പോൾ നാം നമ്മെത്തന്നെ പരിത്യജിക്കുന്നു. ‘പരിത്യജിക്കുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദത്തിന്റെ അടിസ്ഥാന അർഥം “വേണ്ടെന്നു പറയുക” എന്നാണ്. സകല നിത്യതയിലും യഹോവയെ പ്രസാദിപ്പിക്കാൻ നിശ്ചയിച്ചുകൊണ്ട് നാം സ്വമനസ്സാലെ നമ്മുടെ വിജയാഭിലാഷങ്ങളും ആഗ്രഹങ്ങളും സുഖസൗകര്യങ്ങളും സ്വാർഥോല്ലാസങ്ങളും ത്യജിക്കുന്നതിനെ അത് അർഥമാക്കുന്നു.—റോമർ 14:8; 15:3.
3 “തന്റെ ദണ്ഡനസ്തംഭം എടുത്തുകൊണ്ട്”: യഹോവയ്ക്കായുള്ള ആത്മത്യാഗപരമായ സേവനത്തിന്റെ ദണ്ഡനസ്തംഭം വഹിക്കുന്ന ജീവിതമാണു ക്രിസ്ത്യാനിയുടേത്. ശുശ്രൂഷയിൽ കഠിനാധ്വാനം ചെയ്യുന്നത് ആത്മത്യാഗത്തിന്റെ മനോഭാവം പ്രതിഫലിപ്പിക്കാനുള്ള ഒരു മാർഗമായിരിക്കാം. ഈ വർഷം ഇതുവരെ, അനേകം പ്രസാധകർ സഹായ പയനിയർ വേല ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ നിങ്ങൾ അവരിലൊരാളായിരിക്കാം. നിങ്ങൾ ചെയ്യുന്ന ത്യാഗങ്ങളെക്കാൾ ഉപരിയാണ് നിങ്ങൾക്കു ലഭിക്കുന്ന അനുഗ്രഹങ്ങളെന്ന് ഉറപ്പുണ്ടായിരിക്കാവുന്നതാണ്. സഹായ പയനിയർമാരായി സേവിക്കാൻ സാധിക്കാത്തവർ സഭാ പ്രസാധകർ എന്ന നിലയിൽ പ്രസംഗ പ്രവർത്തനത്തിൽ കൂടുതൽ സമയം ചെലവഴിക്കാൻ കൂടെക്കൂടെ ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നു. അതിനായി, ചില സഭകൾ മുമ്പത്തെക്കാൾ ഏതാനും മിനിറ്റ് നേരത്തെ സേവനയോഗങ്ങൾ പട്ടികപ്പെടുത്തുന്നു. വിശേഷിച്ചും വേനൽക്കാലത്ത് വയൽസേവനം നേരത്തെ ആരംഭിക്കാനും ദീർഘനേരം തുടരാനും കഴിയുന്നതിനെ അനേകം പ്രസാധകർ വിലമതിക്കുന്നു. ‘വെറും ഒരു ഭവനംകൂടെ’ സന്ദർശിക്കാൻ, അല്ലെങ്കിൽ ‘ഏതാനും മിനിറ്റുകൂടെ’ പ്രവർത്തിക്കാൻ തീരുമാനിച്ചപ്പോഴും ചില പ്രസാധകർക്കു നല്ല ഫലങ്ങൾ ലഭിച്ചു.
4 ആത്മത്യാഗ മനോഭാവം പ്രകടിപ്പിക്കാനുള്ള മറ്റൊരു മാർഗം വ്യക്തിപരമായ ലക്ഷ്യങ്ങൾ വെക്കുന്നതാണ്. ശ്രദ്ധാപൂർവകമായ ആസൂത്രണത്തിലൂടെയും തങ്ങളുടെ പട്ടിക ക്രമീകരിച്ചുകൊണ്ടും ചിലർ നിരന്തര പയനിയർമാരായിത്തീർന്നിരിക്കുന്നു. ബെഥേൽ സേവനത്തിനോ മിഷനറി സേവനത്തിനോ വേണ്ടി സ്വയം ലഭ്യമാക്കാൻതക്കവിധം തങ്ങളുടെ കാര്യാദികളെ ക്രമീകരിക്കാൻ മറ്റുചിലർക്കു കഴിഞ്ഞിട്ടുണ്ട്. രാജ്യപ്രസാധകരുടെ വർധിച്ച ആവശ്യമുള്ളിടത്തേക്കു ചിലർ പോയിരിക്കുന്നു.
5 “എന്നെ തുടർച്ചയായി അനുഗമിക്കട്ടെ”: യേശുവിന്റെ ശിഷ്യൻമാർ ഒട്ടനവധി പരിശോധനകൾ അഭിമുഖീകരിച്ചെങ്കിലും ശുശ്രൂഷയിലെ അവന്റെ തീക്ഷ്ണതയും സഹിഷ്ണുതയും അവരെ പ്രോത്സാഹിതരാക്കി. (യോഹ. 4:34) അവന്റെ സാന്നിധ്യവും സന്ദേശവും അവർക്ക് ഉണർവേകി. അതുകൊണ്ടാണ് അവനെ പിന്തുടർന്നവർ യഥാർഥ സന്തോഷം പ്രതിഫലിപ്പിച്ചത്. (മത്താ. 11:29) സമാനമായി, സർവപ്രധാനമായ രാജ്യപ്രസംഗ-ശിഷ്യരാക്കൽ വേലയിൽ സഹിച്ചുനിൽക്കാൻ നമുക്കു പരസ്പരം പ്രോത്സാഹിപ്പിക്കാം.
6 ആത്മത്യാഗ മനോഭാവം നട്ടുവളർത്തിക്കൊണ്ട്, തന്നെ തുടർച്ചയായി പിന്തുടരാനുള്ള യേശുവിന്റെ ക്ഷണത്തോടു നാമെല്ലാം ക്രിയാത്മകമായി പ്രതികരിക്കട്ടെ. അപ്രകാരം ചെയ്യവെ, നമുക്ക് ഇപ്പോൾത്തന്നെ വലിയ സന്തോഷം ആസ്വദിക്കാനും ഭാവിയിലെ വർധിച്ച അനുഗ്രഹങ്ങൾക്കായി നോക്കിപ്പാർത്തിരിക്കാനും കഴിയും.