പാഠം 36
പ്രതിപാദ്യവിഷയം വികസിപ്പിക്കൽ
പ്രസംഗത്തിന് ഒരു പ്രതിപാദ്യവിഷയം ഉണ്ടായിരിക്കുന്നതിന്റെ മൂല്യം പരിചയസമ്പന്നരായ പ്രസംഗകർക്ക് അറിയാം. പ്രസംഗം തയ്യാറാകുന്ന സമയത്ത്, വിവരങ്ങളുടെ ഒരു സുനിശ്ചിത മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അതേക്കുറിച്ചു കൂടുതൽ ആഴത്തിൽ ചിന്തിക്കാനും പ്രതിപാദ്യവിഷയം അവരെ സഹായിക്കുന്നു. ഫലമോ? ഒട്ടേറെ പോയിന്റുകൾ ഉപരിപ്ലവമായി ചർച്ച ചെയ്തു പോകുന്നതിനു പകരം തങ്ങളുടെ സദസ്സിനു കൂടുതൽ പ്രയോജനകരമായ വിധത്തിൽ വിവരങ്ങൾ വികസിപ്പിക്കാൻ അവർക്കു കഴിയുന്നു. മുഖ്യ പോയിന്റുകളിൽ ഓരോന്നും പ്രതിപാദ്യവിഷയവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുകയും അതു വികസിപ്പിക്കാൻ അവ ഉപകരിക്കുകയും ചെയ്യുമ്പോൾ ആ പോയിന്റുകൾ ഓർത്തിരിക്കാനും അവയുടെ പ്രാധാന്യം മനസ്സിലാക്കാനും സദസ്സും സഹായിക്കപ്പെടുന്നു.
നിങ്ങളുടെ പ്രതിപാദ്യവിഷയം (theme) ഒരർഥത്തിൽ നിങ്ങൾ സംസാരിക്കുന്ന വിഷയം (subject) ആണെന്ന് പറയാനാകും. എന്നാൽ ആ വിഷയം ഏതു പ്രത്യേക വീക്ഷണകോണിൽ നിന്നാണോ നിങ്ങൾ വികസിപ്പിക്കുന്നത് അതിനെയാണ് പ്രതിപാദ്യവിഷയം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നു കണക്കാക്കുന്നപക്ഷം, നിങ്ങളുടെ പ്രസംഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുന്നതായി നിങ്ങൾ കണ്ടെത്തും. രാജ്യം, ബൈബിൾ, പുനരുത്ഥാനം എന്നിവ വിശാലമായ വിഷയങ്ങളാണ്. ഈ വിഷയങ്ങളിൽനിന്നു വിവിധ പ്രതിപാദ്യവിഷയങ്ങൾ വികസിപ്പിക്കാൻ കഴിയും. ചില ഉദാഹരണങ്ങൾ പരിചിന്തിക്കുക: “രാജ്യം, ഒരു യഥാർഥ ഗവൺമെന്റ്,” “ദൈവരാജ്യം ഭൂമിയെ ഒരു പറുദീസയാക്കി മാറ്റും,” “ബൈബിൾ ദൈവനിശ്വസ്തം,” “ബൈബിൾ നമ്മുടെ നാളിലേക്കുള്ള ഒരു പ്രായോഗിക വഴികാട്ടി,” “പുനരുത്ഥാനം ദുഃഖിതർക്ക് പ്രത്യാശ പകരുന്നു,” “പുനരുത്ഥാന പ്രത്യാശ പീഡനത്തിൻ മുന്നിൽ ഉറച്ചു നിൽക്കാൻ നമ്മെ സഹായിക്കുന്നു.” ഈ പ്രതിപാദ്യവിഷയങ്ങളിൽ ഓരോന്നും തികച്ചും വ്യത്യസ്തമായ രീതികളിൽ വികസിപ്പിക്കേണ്ടവയാണ്.
ബൈബിളിന്റെ മുഖ്യ പ്രതിപാദ്യവിഷയത്തിനു ചേർച്ചയിൽ, യേശുക്രിസ്തുവിന്റെ ഭൗമിക ശുശ്രൂഷക്കാലത്തെ പ്രസംഗവേല പിൻവരുന്ന പ്രതിപാദ്യവിഷയം പ്രദീപ്തമാക്കി: ‘സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു.’ (മത്താ. 4:17) ആ പ്രതിപാദ്യവിഷയം വികസിപ്പിക്കപ്പെട്ടത് എങ്ങനെയാണ്? നാലു സുവിശേഷങ്ങളിലായി 110-ലധികം തവണ ആ രാജ്യത്തെ കുറിച്ചുള്ള പരാമർശമുണ്ട്. എന്നാൽ യേശു “രാജ്യം” എന്ന പദം ആവർത്തിച്ച് ഉപയോഗിക്കുക മാത്രമല്ല ചെയ്തത്. തന്റെ പഠിപ്പിക്കലുകളിലൂടെയും അത്ഭുതപ്രവർത്തനങ്ങളിലൂടെയും യഹോവ രാജ്യം നൽകാൻ പോകുന്ന ദൈവപുത്രനായ മിശിഹാ ആണ് താനെന്ന് അവൻ വ്യക്തമാക്കി. തന്നിലൂടെ, ആ രാജ്യത്തിൽ പങ്കാളികളാകാൻ മറ്റുള്ളവർക്കു വഴി തുറക്കപ്പെടുന്നതായും അവൻ ചൂണ്ടിക്കാട്ടി. ആ പദവി ലഭിക്കാൻ പോകുന്നവർ പ്രകടമാക്കേണ്ട ഗുണങ്ങളും അവൻ തിരിച്ചറിയിച്ചു. അവൻ തന്റെ പഠിപ്പിക്കലുകൾ, വീര്യ പ്രവൃത്തികൾ എന്നിവയിലൂടെ ദൈവരാജ്യത്തിന് ആളുകളുടെ ജീവിതത്തിൽ എന്ത് അർഥമാണുള്ളത് എന്നു വ്യക്തമാക്കി. ദൈവത്തിന്റെ ശക്തികൊണ്ട് താൻ ഭൂതങ്ങളെ പുറത്താക്കുന്നത് ‘ദൈവരാജ്യം അവരുടെ അടുക്കൽ വന്നിരിക്കുന്ന’തിന്റെ തെളിവാണ് എന്ന് തന്റെ ശ്രോതാക്കൾക്ക് അവൻ കാണിച്ചുകൊടുത്തു. (ലൂക്കൊ. 11:20) ആ രാജ്യത്തെ കുറിച്ചു സാക്ഷ്യം വഹിക്കാനാണ് യേശു തന്റെ അനുഗാമികളെ നിയോഗിച്ചത്.—മത്താ. 10:7; 24:14.
അനുയോജ്യമായ ഒരു പ്രതിപാദ്യവിഷയം ഉപയോഗിക്കൽ. ബൈബിൾ പ്രതിപാദ്യവിഷയം വികസിപ്പിക്കുന്ന അതേ അളവിൽ ഒരെണ്ണം വികസിപ്പിക്കാൻ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. എന്നുവരികിലും അനുയോജ്യമായ ഒരു പ്രതിപാദ്യവിഷയം ഉണ്ടായിരിക്കുന്നത് വളരെ പ്രാധാന്യം അർഹിക്കുന്നു.
പ്രതിപാദ്യവിഷയം തിരഞ്ഞെടുക്കേണ്ടത് നിങ്ങളാണെങ്കിൽ ആദ്യംതന്നെ നിങ്ങൾ അവതരിപ്പിക്കാൻ പോകുന്ന പരിപാടികൊണ്ട് എന്തു ലക്ഷ്യം കൈവരിക്കാൻ ആഗ്രഹിക്കുന്നുവെന്നു പരിചിന്തിക്കുക. തുടർന്ന് ബാഹ്യരേഖയ്ക്കായി മുഖ്യ പോയിന്റുകൾ തിരഞ്ഞെടുക്കവേ, നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന പ്രതിപാദ്യവിഷയത്തെ അവ ശരിക്കും പിന്താങ്ങുന്നുവെന്ന് ഉറപ്പുവരുത്തുക.
പ്രതിപാദ്യവിഷയം നിയമിച്ചു തന്നിട്ടുണ്ടെങ്കിൽ, നിങ്ങളുടെ വിവരങ്ങൾ വികസിപ്പിക്കേണ്ട രീതി സംബന്ധിച്ച് പ്രതിപാദ്യവിഷയം നൽകുന്ന സൂചന ശ്രദ്ധാപൂർവം വിശകലനം ചെയ്യുക. അത്തരം ഒരു പ്രതിപാദ്യവിഷയത്തിന്റെ മൂല്യവും അത് ഏതൊക്കെ രീതികളിൽ വികസിപ്പിക്കാൻ സാധിക്കുമെന്നും മനസ്സിലാക്കാൻ കുറച്ചൊക്കെ ശ്രമം ആവശ്യമായിരുന്നേക്കാം. നിയമിച്ചു തന്നിരിക്കുന്ന പ്രതിപാദ്യവിഷയം വികസിപ്പിക്കുന്നതിനുള്ള വിവരങ്ങൾ നിങ്ങളാണു തിരഞ്ഞെടുക്കുന്നതെങ്കിൽ, പ്രതിപാദ്യവിഷയം മുന്തിനിൽക്കത്തക്ക വിധം വിവരങ്ങൾ ശ്രദ്ധയോടെ തിരഞ്ഞെടുക്കുക. ഇനി, വിവരങ്ങൾ നിങ്ങൾക്കു തന്നിട്ടുണ്ടെങ്കിൽ കൂടി, പ്രതിപാദ്യവിഷയത്തിനു ചേർച്ചയിൽ അവ എങ്ങനെ ഉപയോഗിക്കണമെന്നു വിശകലനം ചെയ്യേണ്ടത് ആവശ്യമാണ്. കൂടാതെ നിങ്ങളുടെ സദസ്സിനെ സംബന്ധിച്ചിടത്തോളം ആ വിവരങ്ങൾ എന്തുകൊണ്ട് പ്രധാനമായിരിക്കുന്നുവെന്നും അവ അവതരിപ്പിക്കുന്നതിലെ നിങ്ങളുടെ ലക്ഷ്യം എന്തായിരിക്കണമെന്നും നിങ്ങൾ പരിചിന്തിക്കേണ്ടതുണ്ട്. വിവരങ്ങൾ അവതരിപ്പിക്കുമ്പോൾ ഊന്നൽ കൊടുക്കേണ്ടത് എവിടെ എന്നു നിർണയിക്കാൻ ഇതു നിങ്ങളെ സഹായിക്കും.
പ്രതിപാദ്യവിഷയത്തിന് ഊന്നൽ നൽകേണ്ട വിധം. പ്രതിപാദ്യവിഷയത്തിന് ശരിയായ ഊന്നൽ നൽകാൻ കഴിയണമെങ്കിൽ, വിവരങ്ങൾ തിരഞ്ഞെടുക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്യുമ്പോൾ നിങ്ങൾ അതിനുള്ള അടിസ്ഥാനം ഇടേണ്ടിയിരിക്കുന്നു. നിങ്ങൾ പ്രതിപാദ്യവിഷയത്തെ പിന്താങ്ങുന്ന വിവരങ്ങൾ മാത്രം ഉപയോഗിക്കുകയും ഒരു നല്ല ബാഹ്യരേഖ തയ്യാറാക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന തത്ത്വങ്ങൾ പിൻപറ്റുകയും ചെയ്യുന്നപക്ഷം പ്രതിപാദ്യവിഷയത്തിന് ഊന്നൽ ഒരു പരിധിവരെ സ്വതവെ ലഭിച്ചുകൊള്ളും.
പ്രതിപാദ്യവിഷയത്തിന് ഊന്നൽ നൽകാൻ ആവർത്തനരീതി ഉപകരിക്കുന്നു. ഇതു വ്യക്തമാകുന്നതിന്, നമുക്ക് പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തിന്റെ ഉദാഹരണമെടുക്കാം. മിക്കപ്പോഴും, അത്തരം ഒരു സംഗീതരചനയിൽ ഒരു ഈണം പല തവണ ആവർത്തിക്കപ്പെടുന്നതു നിമിത്തം മുഴു സംഗീതരചനയുടെയും അനന്യമായ സവിശേഷത എന്ന നിലയിൽ അത് മുന്തിനിൽക്കുന്നു. അത് ആ സംഗീതരചനയിലെ തീം (പ്രതിപാദ്യവിഷയം) ആണ്. എന്നാൽ ആ ഈണം എപ്പോഴും ഒരേ രൂപത്തിലല്ല ആവർത്തിക്കപ്പെടുക. ചിലപ്പോൾ അതിലെ ഒന്നോ രണ്ടോ സ്വര സംഹിതകൾ (phrase) മാത്രമായിരിക്കും ആവർത്തിക്കപ്പെടുന്നത്. ഇടയ്ക്കിടയ്ക്ക് വ്യത്യസ്തമായ വിധത്തിൽ അത് അവതരിപ്പിക്കപ്പെടുകയും ചെയ്തേക്കാം. എന്നാൽ സംഗീതരചയിതാവ് തന്റെ മുഴു സംഗീതത്തിലും വ്യാപരിക്കുമാറ് ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഈണം അതിലുടനീളം വിദഗ്ധമായി നെയ്തുചേർക്കുന്നു. ഒരു പ്രസംഗത്തിന്റെ പ്രതിപാദ്യവിഷയത്തിന്റെ കാര്യത്തിലും ഇതുതന്നെ സത്യമായിരിക്കണം. പ്രസംഗത്തിന്റെ പ്രതിപാദ്യവിഷയത്തിലെ മുഖ്യ പദങ്ങളുടെ ആവർത്തനം ഒരു സംഗീതരചനയിൽ ആവർത്തിക്കപ്പെടുന്ന ഈണം പോലെയാണ്. ആ പദങ്ങളുടെ പര്യായങ്ങൾ ഉപയോഗിച്ചോ പദപ്രയോഗരീതിക്കു മാറ്റം വരുത്തിയോ ആയിരിക്കാം പ്രതിപാദ്യവിഷയം ചിലപ്പോൾ ആവർത്തിക്കുക. അത്തരം മാർഗങ്ങൾ അവലംബിക്കുന്നെങ്കിൽ പ്രതിപാദ്യവിഷയം നിങ്ങളുടെ സദസ്സിന്റെ ഓർമയിൽ മുഖ്യ ആശയം എന്ന നിലയിൽ തങ്ങിനിൽക്കും.
ഈ തത്ത്വങ്ങൾ സ്റ്റേജിൽനിന്നു നടത്തുന്ന പ്രസംഗങ്ങൾക്കു മാത്രമല്ല, വയൽശുശ്രൂഷയിലെ ചർച്ചകൾക്കും ബാധകമാണ്. ഒരു പ്രതിപാദ്യവിഷയം മുന്തിനിൽക്കുന്ന പക്ഷം താരതമ്യേന ഹ്രസ്വമായ ഒരു സംഭാഷണം കൂടുതൽ സ്മരണീയമായ ഒന്നായിത്തീരുന്നു. നിങ്ങൾ നടത്തുന്ന ഒരു ബൈബിൾ അധ്യയനത്തിൽ ഒരു പ്രതിപാദ്യവിഷയം ഊന്നിപ്പറയുന്നെങ്കിൽ നൽകപ്പെടുന്ന പ്രബോധനം കൂടുതൽ എളുപ്പം ഓർമിച്ചെടുക്കാനാവും. അനുയോജ്യമായ പ്രതിപാദ്യവിഷയങ്ങൾ തിരഞ്ഞെടുക്കാനും വികസിപ്പിക്കാനും നിങ്ങൾ ചെയ്യുന്ന ശ്രമം ദൈവവചനം ഉപയോഗിച്ചു പ്രസംഗിക്കാനും പഠിപ്പിക്കാനുമുള്ള നിങ്ങളുടെ കഴിവു വളരെയേറെ മെച്ചപ്പെടുത്തും.