-
നിങ്ങൾ സഹോദരനെ നേടിയേക്കാംവീക്ഷാഗോപുരം—1999 | ഒക്ടോബർ 15
-
-
പക്വതയാർന്ന സഹായം തേടുക
12, 13. (എ) തെറ്റു തിരുത്തുന്നതിനോടുള്ള ബന്ധത്തിൽ യേശു വിവരിച്ച രണ്ടാമത്തെ പടി എന്ത്? (ബി) ഈ പടി സ്വീകരിക്കുന്നതിനോടു ബന്ധപ്പെട്ട അനുയോജ്യമായ ചില ഉപദേശങ്ങൾ ഏവ?
12 നിങ്ങൾ ഗുരുതരമായ ഒരു പാപം ചെയ്യുന്നപക്ഷം മറ്റുള്ളവർ പെട്ടെന്നു ശ്രമം ഉപേക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുമോ? തീർച്ചയായുമില്ല. സമാനമായി, സഹോദരനെ നേടാനും സ്വീകാര്യമായ വിധത്തിൽ ദൈവത്തെ ആരാധിക്കാൻ നിങ്ങളോടും മറ്റുള്ളവരോടുമൊപ്പം അദ്ദേഹത്തെ ഐക്യത്തിലാക്കാനും ഉള്ള ആദ്യ പടി സ്വീകരിച്ചശേഷം നിങ്ങൾ ശ്രമം ഉപേക്ഷിക്കരുത് എന്ന് യേശു പറഞ്ഞു. സ്വീകരിക്കേണ്ട രണ്ടാമത്തെ പടി യേശു വിവരിച്ചു: “കേൾക്കാഞ്ഞാലോ രണ്ടു മൂന്നു സാക്ഷികളുടെ വായാൽ സകലകാര്യവും ഉറപ്പാകേണ്ടതിന്നു ഒന്നു രണ്ടു പേരെ കൂട്ടിക്കൊണ്ടു ചെല്ലുക.”
13 “ഒന്നു രണ്ടു പേരെ” കൂട്ടിക്കൊണ്ടു ചെല്ലാൻ യേശു പറഞ്ഞു. ആദ്യ പടി സ്വീകരിച്ച ശേഷം മറ്റു പലരുമായി നിങ്ങൾക്കു പ്രശ്നം ചർച്ചചെയ്യാമെന്നോ ഒരു സഞ്ചാര മേൽവിചാരകനുമായി ബന്ധപ്പെടാമെന്നോ പ്രശ്നത്തെ കുറിച്ചു മറ്റു സഹോദരങ്ങളെ എഴുതി അറിയിക്കാമെന്നോ അവൻ പറഞ്ഞില്ല. തെറ്റിനെ കുറിച്ചു നിങ്ങൾക്കു ബോധ്യമുണ്ടായിരിക്കാമെങ്കിലും, അത് അപ്രകാരമാണെന്നു സ്ഥാപിക്കപ്പെട്ടിട്ടില്ല. ഏഷണി ആയിത്തീർന്നേക്കാവുന്ന തെറ്റായ വിവരങ്ങൾ പരത്താൻ നിങ്ങൾ ആഗ്രഹിക്കുകയില്ല. (സദൃശവാക്യങ്ങൾ 16:28; 18:8) എന്നാൽ, ഒന്നു രണ്ടു പേരെ കൂട്ടിക്കൊണ്ടു ചെല്ലാൻതന്നെ യേശു പറഞ്ഞു. എന്തിനാണത്? ആരെയാണു കൂട്ടിക്കൊണ്ടു ചെല്ലേണ്ടത്?
14. രണ്ടാമത്തെ പടി സ്വീകരിക്കുമ്പോൾ നമുക്ക് ആരെ കൂട്ടിക്കൊണ്ടു ചെല്ലാവുന്നതാണ്?
14 പാപം ചെയ്തിരിക്കുന്നതായി സഹോദരനെ ബോധ്യപ്പെടുത്തുകയും നിങ്ങളോടും ദൈവത്തോടും സമാധാനത്തിൽ ആയിരിക്കേണ്ടതിന് അനുതപിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടു നിങ്ങൾ സഹോദരനെ നേടാൻ ശ്രമിക്കുകയാണ്. തെറ്റിനു സാക്ഷ്യം വഹിച്ച “ഒന്നു രണ്ടു പേരെ” കൂട്ടിക്കൊണ്ടു ചെല്ലുന്നതായിരിക്കും ആ ലക്ഷ്യം സാധിക്കാൻ ഏറ്റവും മെച്ചമായ മാർഗം. സംഭവം നടന്നപ്പോൾ അവർ അവിടെ ഉണ്ടായിരുന്നിരിക്കും. ഒരു ബിസിനസിന്റെ കാര്യത്തിലാണെങ്കിൽ ചെയ്തതിനെ (അല്ലെങ്കിൽ ചെയ്തിട്ടില്ലാത്തതിനെ) കുറിച്ച് അവരുടെ പക്കൽ സാധുതയുള്ള വിവരം ഉണ്ടായിരിക്കും. സാക്ഷികൾ ആരും ലഭ്യമല്ലെങ്കിൽ തർക്കത്തിൽ ആയിരിക്കുന്ന വിഷയം സംബന്ധിച്ച് അനുഭവപരിചയമുള്ള ആളുകളെ കൂട്ടിക്കൊണ്ടു ചെല്ലാവുന്നതാണ്. സംഭവിച്ചതു ശരിക്കും തെറ്റുതന്നെയാണോ എന്നു തിട്ടപ്പെടുത്താൻ അതു സഹായിക്കും. കൂടാതെ, പിന്നീട് വേണ്ടിവരുന്നപക്ഷം, അവതരിപ്പിച്ച വസ്തുതകളും കൈക്കൊണ്ട ശ്രമങ്ങളും സ്ഥിരീകരിച്ചുകൊണ്ട്, പറഞ്ഞ കാര്യങ്ങൾക്കു സാക്ഷികളായിരിക്കാൻ അവർക്കു സാധിക്കും. (സംഖ്യാപുസ്തകം 35:30; ആവർത്തനപുസ്തകം 17:6) അതുകൊണ്ട്, അവർ വെറുതെ നിഷ്ക്രിയമായി കേട്ടിരിക്കാൻ വരുന്നവരോ റഫറികളോ അല്ല. മറിച്ച്, നിങ്ങളുടെയും അവരുടെയും സഹോദരനെ നേടാൻ സഹായിക്കാനാണ് അവർ സന്നിഹിതരാകുന്നത്.
15. രണ്ടാമത്തെ പടി സ്വീകരിക്കേണ്ടത് ഉണ്ടെങ്കിൽ ക്രിസ്തീയ മൂപ്പന്മാർ ഒരു സഹായം ആയിരുന്നേക്കാവുന്നത് എങ്ങനെ?
15 നിങ്ങൾ കൂട്ടിക്കൊണ്ടു ചെല്ലുന്നതു സഭയിലെ മൂപ്പന്മാരെ ആയിരിക്കണമെന്നു നിർബന്ധമില്ല. എന്നിരുന്നാലും, പക്വതയുള്ള മൂപ്പന്മാർക്കു തങ്ങളുടെ ആത്മീയ യോഗ്യതകൾ നിമിത്തം നല്ലൊരു സഹായമായിരിക്കാൻ കഴിഞ്ഞേക്കും. അത്തരം മൂപ്പന്മാർ “കാററിന്നു ഒരു മറവും പിശറിന്നു ഒരു സങ്കേതവും ആയി വരണ്ട നിലത്തു നീർത്തോടുകൾപോലെയും ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറയുടെ തണൽപോലെയു”മാണ്. (യെശയ്യാവു 32:1, 2) സഹോദരങ്ങളോടു ന്യായവാദം ചെയ്യുന്നതിലും അവരെ യഥാസ്ഥാനപ്പെടുത്തുന്നതിലും അവർക്ക് അനുഭവ പരിചയമുണ്ട്. തെറ്റു ചെയ്ത വ്യക്തിക്ക് അത്തരം ‘മനുഷ്യരാം ദാനങ്ങളിൽ’c വിശ്വാസം പ്രകടിപ്പിക്കുന്നതിനു നല്ല കാരണമുണ്ട്. (എഫെസ്യർ 4:8, 11, 12, NW) പക്വതയുള്ള അത്തരം വ്യക്തികളുടെ സാന്നിധ്യത്തിൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നതും അവരോടൊത്തു പ്രാർഥിക്കുന്നതും ഒരു പുതിയ അന്തരീക്ഷം സൃഷ്ടിക്കുമെന്നു മാത്രമല്ല, അപരിഹാര്യം എന്നു കാണപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സഹായിക്കും.—യാക്കോബ് 5:14, 15 താരതമ്യം ചെയ്യുക.
-
-
നിങ്ങൾ സഹോദരനെ നേടിയേക്കാംവീക്ഷാഗോപുരം—1999 | ഒക്ടോബർ 15
-
-
c ഒരു ബൈബിൾ പണ്ഡിതൻ ഇങ്ങനെ പറഞ്ഞു: “തെറ്റു ചെയ്ത വ്യക്തി ഒരാളുടെ ബുദ്ധിയുപദേശം കൈക്കൊള്ളുന്നതിനെക്കാൾ—പ്രത്യേകിച്ചും അയാളുമായി തെറ്റുകാരന് അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ടെങ്കിൽ—രണ്ടോ മൂന്നോ പേരുടെ (പ്രത്യേകിച്ചും അദ്ദേഹം ആദരിക്കുന്നവർ ആണെങ്കിൽ) ബുദ്ധിയുപദേശം കൈക്കൊള്ളാൻ കൂടുതൽ സാധ്യതയുണ്ട്.”
-