നിങ്ങൾ സഹോദരനെ നേടിയേക്കാം
“നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോൾ കുററം അവന്നു ബോധം വരുത്തുക; അവൻ നിന്റെ വാക്കു കേട്ടാൽ നീ സഹോദരനെ നേടി.”—മത്തായി 18:15.
1, 2. തെറ്റുകൾ കൈകാര്യം ചെയ്യുന്നതിനോടുള്ള ബന്ധത്തിൽ യേശു എന്തു പ്രായോഗിക ബുദ്ധിയുപദേശമാണു നൽകിയത്?
യേശുവിന്റെ ശുശ്രൂഷ അവസാനിക്കാൻ ഒരു വർഷത്തിൽ കുറഞ്ഞ സമയമേ ശേഷിച്ചിരുന്നുള്ളൂ. ജീവത്പ്രധാനമായ പല പാഠങ്ങളും അവനു തന്റെ ശിഷ്യന്മാരെ പഠിപ്പിക്കാനുണ്ടായിരുന്നു. മത്തായി 18-ാം അധ്യായത്തിൽ നിങ്ങൾക്ക് അതു വായിക്കാൻ കഴിയും. അതിൽ ഒരെണ്ണം, നാം കുട്ടികളെ പോലെ താഴ്മ ഉള്ളവർ ആയിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ളതാണ്. അടുത്തതായി, “ഈ ചെറിയവരിൽ ഒരുത്തന്നു” ഇടർച്ച വരുത്താതെ നാം ശ്രദ്ധിക്കണമെന്നും വഴിതെറ്റിപ്പോകുന്ന ‘ചെറിയവർ’ നശിക്കാതിരിക്കേണ്ടതിനു നാം അവരെ വീണ്ടെടുക്കാൻ ശ്രമിക്കണമെന്നും അവൻ ഊന്നിപ്പറഞ്ഞു. തുടർന്ന്, ക്രിസ്ത്യാനികൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മൂല്യവത്തും പ്രായോഗികവുമായ ബുദ്ധിയുപദേശവും യേശു നൽകി.
2 അവന്റെ ഈ വാക്കുകൾ നിങ്ങൾ അനുസ്മരിച്ചേക്കാം: “നിന്റെ സഹോദരൻ നിന്നോടു പിഴെച്ചാൽ [“ഒരു പാപം ചെയ്താൽ,” NW] നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോൾ കുററം അവന്നു ബോധം വരുത്തുക; അവൻ നിന്റെ വാക്കു കേട്ടാൽ നീ സഹോദരനെ നേടി. കേൾക്കാഞ്ഞാലോ രണ്ടു മൂന്നു സാക്ഷികളുടെ വായാൽ സകലകാര്യവും ഉറപ്പാകേണ്ടതിന്നു ഒന്നു രണ്ടു പേരെ കൂട്ടിക്കൊണ്ടു ചെല്ലുക. അവരെ കൂട്ടാക്കാഞ്ഞാൽ സഭയോടു അറിയിക്ക; സഭയെയും കൂട്ടാക്കാഞ്ഞാൽ അവൻ നിനക്കു പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ.” (മത്തായി 18:15-17) എപ്പോഴാണു നാം ആ ബുദ്ധിയുപദേശം ബാധകമാക്കേണ്ടത്? അങ്ങനെ ചെയ്യുന്നതിന്റെ പിന്നിലെ നമ്മുടെ മനോഭാവം എന്തായിരിക്കണം?
3. മറ്റുള്ളവരുടെ തെറ്റുകളോടു നാം പൊതുവായ എന്തു സമീപനമാണു സ്വീകരിക്കേണ്ടത്
3 നാമെല്ലാം അപൂർണരും തെറ്റു ചെയ്യാൻ പ്രവണതയുള്ളവരും ആയതിനാൽ ക്ഷമിക്കുന്ന കാര്യത്തിൽ നാം ശ്രമം ചെലുത്തേണ്ടതുണ്ടെന്നു മുൻ ലേഖനം ഊന്നിപ്പറഞ്ഞു. ഒരു സഹക്രിസ്ത്യാനി പറഞ്ഞതോ ചെയ്തതോ ആയ കാര്യങ്ങൾ നമ്മെ വ്രണപ്പെടുത്തുമ്പോൾ അതു പ്രത്യേകിച്ചും വാസ്തവമാണ്. (1 പത്രൊസ് 4:8) മിക്കപ്പോഴും, തെറ്റു കണക്കിലെടുക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്, അതായത്, ക്ഷമിക്കുകയും മറക്കുകയും ചെയ്യുക. അപ്രകാരം ചെയ്യുന്നതു ക്രിസ്തീയ സഭയിൽ സമാധാനം ഉന്നമിപ്പിക്കാൻ സഹായിക്കും. (സങ്കീർത്തനം 133:1; സദൃശവാക്യങ്ങൾ 19:11) എന്നിരുന്നാലും, നിങ്ങളെ വേദനിപ്പിച്ച ഒരു സഹോദരനുമായോ ഒരു സഹോദരിയുമായോ ഉള്ള പ്രശ്നം ചർച്ചചെയ്തു പരിഹരിക്കേണ്ടത് ആവശ്യമാണെന്നു നിങ്ങൾക്കു തോന്നുന്ന സന്ദർഭവും ഉയർന്നുവന്നേക്കാം. അത്തരമൊരു സന്ദർഭത്തിൽ യേശുവിന്റെ മേലുദ്ധരിച്ച വാക്കുകൾ മാർഗനിർദേശം പ്രദാനം ചെയ്യുന്നു.
4. മറ്റുള്ളവർ തെറ്റു ചെയ്യുമ്പോൾ മത്തായി 18:15-ലെ തത്ത്വം നമുക്ക് എങ്ങനെ ബാധകമാക്കാനാകും?
4 ‘നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോൾ കുററം അവന്നു ബോധം വരുത്തുക’ എന്ന് യേശു ബുദ്ധിയുപദേശിച്ചു. അതു ജ്ഞാനപൂർവകമായ ഗതിയാണ്. ചില ജർമൻ പരിഭാഷകളിൽ കൊടുത്തിരിക്കുന്നത്, “നാലു കണ്ണുകൾക്കു കീഴെ,” അതായത് നിന്റെയും അവന്റെയും കണ്ണുകൾക്കു കീഴെ, അവന്റെ തെറ്റു ബോധ്യപ്പെടുത്തുക എന്നാണ്. ഒരു പ്രശ്നം സ്വകാര്യമായി ചർച്ച ചെയ്യുമ്പോൾ സാധാരണഗതിയിൽ പരിഹരിക്കാൻ എളുപ്പമാണ്. മുറിപ്പെടുത്തുന്നതോ ദയാരഹിതമോ ആയ എന്തെങ്കിലും ഒരു സഹോദരൻ പറയുകയോ ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾ തനിച്ചായിരിക്കുമ്പോൾ അദ്ദേഹം അതു സമ്മതിക്കാൻ കൂടുതൽ സാധ്യതയുണ്ട്. മറ്റുള്ളവരുടെ സാന്നിധ്യത്തിൽ ആയിരിക്കുമ്പോൾ, താൻ തെറ്റു ചെയ്തുവെന്നു സമ്മതിക്കാതിരിക്കാനോ തന്റെ പ്രവൃത്തിയെ ന്യായീകരിക്കാനോ മാനുഷ അപൂർണത അദ്ദേഹത്തെ പ്രേരിപ്പിച്ചേക്കാം. മാത്രമല്ല, “നാലു കണ്ണുകൾക്കു കീഴെ”യാണു പ്രശ്നം ചർച്ച ചെയ്യുന്നതെങ്കിൽ, അതൊരു തെറ്റിദ്ധാരണ മാത്രമായിരുന്നു, അല്ലാതെ പാപമോ മനപ്പൂർവം ചെയ്ത ഒരു തെറ്റോ ആയിരുന്നില്ലെന്നു നിങ്ങൾക്കു മനസ്സിലാകുകയും ചെയ്തേക്കാം. തെറ്റിദ്ധാരണയാണു കാരണം എന്ന് ഇരുവരും മനസ്സിലാക്കുമ്പോൾ അതു നിങ്ങൾക്കു പരിഹരിക്കാനാകും. അങ്ങനെ, നിസ്സാരമായ ഒരു സംഗതി വളർന്നു വലുതായി നിങ്ങളുടെ ബന്ധത്തെ തകരാറിലാക്കുകയില്ല. അതുകൊണ്ട്, മത്തായി 18:15-ലെ തത്ത്വം അനുദിന ജീവിതത്തിലെ കൊച്ചുകൊച്ചു പിഴവുകളോടുള്ള ബന്ധത്തിലും ബാധകമാക്കാവുന്നതാണ്.
അവൻ എന്താണ് അർഥമാക്കിയത്?
5, 6. സന്ദർഭമനുസരിച്ച്, മത്തായി 18:15 ഏതു തരം പാപങ്ങളെയാണ് അർഥമാക്കുന്നത്, നമുക്കത് എങ്ങനെ മനസ്സിലാക്കാനാകും?
5 കർശനമായി പറഞ്ഞാൽ, യേശുവിന്റെ ഈ ബുദ്ധിയുപദേശം കൂടുതൽ ഗൗരവാവഹമായ കാര്യങ്ങൾക്കാണു ബാധകമാകുന്നത്. “നിന്റെ സഹോദരൻ ഒരു പാപം ചെയ്താൽ” എന്നാണ് യേശു പറഞ്ഞത്. വിശാലമായ അർഥത്തിൽ, ഏതൊരു തെറ്റും അല്ലെങ്കിൽ പിഴവും “ഒരു പാപം” ആണ്. (ഇയ്യോബ് 2:10; സദൃശവാക്യങ്ങൾ 21:4; യാക്കോബ് 4:17) എന്നാൽ, യേശു അർഥമാക്കിയ പാപം ഗൗരവാവഹമായ ഒന്നായിരിക്കണം എന്നു സന്ദർഭം വ്യക്തമാക്കുന്നു. തെറ്റുകാരനെ “പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ” വീക്ഷിക്കുന്നതിലേക്കു നയിക്കത്തക്കവണ്ണം ഗൗരവാവഹമായിരുന്നു അത്. ആ പ്രയോഗത്തിന്റെ അർഥമെന്താണ്?
6 തങ്ങളുടെ നാട്ടുകാർ പുറജാതിക്കാരുമായി സഹവസിക്കുകയില്ലെന്ന് ആ വാക്കുകൾ കേട്ട യേശുവിന്റെ ശിഷ്യന്മാർക്ക് അറിയാമായിരുന്നു. (യോഹന്നാൻ 4:9; 18:28; പ്രവൃത്തികൾ 10:28) യഹൂദരായി പിറന്നവരെങ്കിലും ജനങ്ങളെ ചൂഷണം ചെയ്തിരുന്ന ചുങ്കക്കാരെ അവർ തീർച്ചയായും ഒഴിവാക്കിയിരുന്നു. തന്മൂലം, കർശനമായി പറഞ്ഞാൽ, മത്തായി 18:15-17-ൽ സൂചിപ്പിക്കുന്നതു ഗൗരവാവഹമായ പാപങ്ങളെയാണ്, അല്ലാതെ കേവലം ക്ഷമിക്കാനും മറക്കാനും സാധിക്കുന്ന പിഴവുകളെയോ വ്രണപ്പെടുത്തലുകളെയോ അല്ല.—മത്തായി 18:21, 22.a
7, 8. (എ) ഏതു തരത്തിലുള്ള പാപങ്ങൾ മൂപ്പന്മാർ കൈകാര്യം ചെയ്യണം? (ബി) മത്തായി 18:15-17-നു ചേർച്ചയിൽ ഏതു തരത്തിലുള്ള പാപങ്ങൾ രണ്ടു ക്രിസ്ത്യാനികൾക്കു പരസ്പരം പരിഹരിക്കാനാകും?
7 ന്യായപ്രമാണത്തിൻ കീഴിൽ, ചില പാപങ്ങൾ വ്രണിത വ്യക്തി ക്ഷമിച്ചതുകൊണ്ടു മാത്രം പരിഹരിക്കപ്പെടുമായിരുന്നില്ല. ദൈവദൂഷണം, വിശ്വാസത്യാഗം, വിഗ്രഹാരാധന എന്നിവയും പരസംഗം, വ്യഭിചാരം, സ്വവർഗസംഭോഗം എന്നിങ്ങനെയുള്ള ലൈംഗിക പാപങ്ങളും മൂപ്പന്മാരെ (അല്ലെങ്കിൽ പുരോഹിതന്മാരെ) അറിയിക്കണമായിരുന്നു. അവരായിരുന്നു അത്തരം പാപങ്ങൾ കൈകാര്യം ചെയ്യേണ്ടിയിരുന്നത്. ക്രിസ്തീയ സഭയിലും അത് അങ്ങനെതന്നെയാണ്. (ലേവ്യപുസ്തകം 5:1; 20:10-13; സംഖ്യാപുസ്തകം 5:30; 35:12; ആവർത്തനപുസ്തകം 17:9; 19:16-19; സദൃശവാക്യങ്ങൾ 29:24) എങ്കിലും, യേശു ഇവിടെ സൂചിപ്പിച്ച പാപങ്ങൾ ഉൾപ്പെട്ടിരിക്കുന്ന രണ്ടു വ്യക്തികൾക്കു പരസ്പരം ചർച്ചചെയ്തു പരിഹരിക്കാനാകുമായിരുന്നു എന്നതു ശ്രദ്ധിക്കുക. പിൻവരുന്നവ അതിന് ഉദാഹരണങ്ങളാണ്: കോപത്താലോ അസൂയയാലോ ഒരുവൻ സഹമനുഷ്യനെ കുറിച്ച് അപവാദം പറഞ്ഞു പരത്തുന്നു. പ്രത്യേക നിർമാണ വസ്തുക്കൾ ഉപയോഗിച്ച് കൃത്യ തീയതിക്കുള്ളിൽ പണി തീർക്കാമെന്നു സമ്മതിച്ചുകൊണ്ട് ഒരു ക്രിസ്ത്യാനി പണി ഏറ്റെടുക്കുന്നു. ഒരു പട്ടികപ്രകാരമോ ഒരു നിശ്ചിത തീയതിയിലോ തിരികെ കൊടുക്കാമെന്നു പറഞ്ഞുകൊണ്ടു മറ്റൊരു ക്രിസ്ത്യാനി പണം കടം വാങ്ങുന്നു. തന്നെ പരിശീലിപ്പിക്കുന്നപക്ഷം, തൊഴിലുടമയുമായി മത്സരിക്കുകയോ ഒരു നിർദിഷ്ട കാലയളവിൽ അല്ലെങ്കിൽ നിർദിഷ്ട സ്ഥലത്തുള്ള അദ്ദേഹത്തിന്റെ ഇടപാടുകാരെ തന്റെ ബിസിനസിനായി എടുക്കുകയോ ചെയ്യില്ലെന്ന് ഒരുവൻ വാക്കു കൊടുക്കുന്നു.b ഇത്തരം കാര്യങ്ങളിൽ ഒരു സഹോദരൻ വാക്കു പാലിക്കാതിരിക്കുകയും തന്റെ തെറ്റുകളെ കുറിച്ച് അനുതപിക്കാതിരിക്കുകയും ചെയ്യുന്നെങ്കിൽ അതു തീർച്ചയായും ഗുരുതരമായ പാപമായിരിക്കും. (വെളിപ്പാടു 21:8) എങ്കിലും, അത്തരത്തിലുള്ള പാപങ്ങൾ ഉൾപ്പെട്ടിരിക്കുന്ന രണ്ടു പേർക്കു പരസ്പരം ചർച്ചചെയ്തു പരിഹരിക്കാവുന്നതേ ഉള്ളൂ.
8 എന്നാൽ, പ്രശ്നം പരിഹരിക്കുന്നതിനു നിങ്ങൾ എന്തു ചെയ്യും? യേശുവിന്റെ ആ വാക്കുകളിൽ മൂന്നു പടികൾ ഉള്ളതായി പൊതുവെ പരിഗണിക്കപ്പെടുന്നു. നമുക്ക് അത് ഓരോന്നായി പരിശോധിക്കാം. വഴക്കമില്ലാത്ത നിയമ നടപടികൾ എന്ന നിലയിൽ വീക്ഷിക്കുന്നതിനു പകരം, അവയുടെ അർഥം ഗ്രഹിക്കാൻ ശ്രമിക്കുക. നിങ്ങളുടെ സ്നേഹനിർഭരമായ ലക്ഷ്യം മറന്നുകളയരുത്.
സഹോദരനെ നേടാൻ ശ്രമിക്കുക
9. മത്തായി 18:15 ബാധകമാക്കുമ്പോൾ എന്തു സംഗതി നാം മനസ്സിൽപ്പിടിക്കണം?
9 യേശു ഇങ്ങനെ തുടങ്ങി: “നിന്റെ സഹോദരൻ നിന്നോടു പിഴെച്ചാൽ [“ഒരു പാപം ചെയ്താൽ,” NW] നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോൾ കുററം അവന്നു ബോധം വരുത്തുക; അവൻ നിന്റെ വാക്കു കേട്ടാൽ നീ സഹോദരനെ നേടി.” ഇത് വെറും ഊഹാപോഹത്തിൽ അധിഷ്ഠിതമായ ഒരു പടിയല്ല എന്നതു വ്യക്തമാണ്. സഹോദരൻ തെറ്റു ചെയ്തെന്നും കാര്യങ്ങൾ നേരെയാക്കണമെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ പര്യാപ്തമായ തെളിവോ വ്യക്തമായ വിവരമോ നിങ്ങളുടെ പക്കൽ ഉണ്ടായിരിക്കണം. പ്രശ്നം കൂടുതൽ ഗൗരവമാകുന്നതിനു മുമ്പ് അല്ലെങ്കിൽ സഹോദരന്റെ മനോഭാവം കഠിനപ്പെടുന്നതിനു മുമ്പ് ഉടനടി നടപടി സ്വീകരിക്കുന്നതാണു നല്ലത്. അതേക്കുറിച്ചു സദാ ചിന്തിച്ചുകൊണ്ടിരിക്കുന്നതു നിങ്ങൾക്കും ഹാനികരമാണെന്ന കാര്യം മറക്കരുത്. ചർച്ച, നിങ്ങളും മറ്റേയാളും തമ്മിൽ മാത്രമായിരിക്കണം. ആയതിനാൽ സഹതാപം പിടിച്ചുപറ്റാനോ നിങ്ങളുടെ പ്രതിച്ഛായ വർധിപ്പിക്കാനോ വേണ്ടി അതേക്കുറിച്ചു മറ്റുള്ളവരുമായി മുന്നമേ ചർച്ച ചെയ്യരുത്. (സദൃശവാക്യങ്ങൾ 12:25; 17:9) എന്തുകൊണ്ട്? നിങ്ങളുടെ ലക്ഷ്യം തന്നെ കാരണം.
10. സഹോദരനെ നേടാൻ നമ്മെ എന്തു സഹായിക്കും?
10 സഹോദരനെ നേടുക എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം. അല്ലാതെ, ശിക്ഷിക്കുകയോ അപമാനിക്കുകയോ അദ്ദേഹത്തിനു ദോഷം വരുത്തുകയോ ആയിരിക്കരുത്. അദ്ദേഹം ഉറപ്പായും തെറ്റു ചെയ്തെങ്കിൽ യഹോവയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അപകടത്തിലാണ്. അദ്ദേഹത്തെ ക്രിസ്തീയ സഹോദരനായി കണക്കാക്കാൻ നിങ്ങൾ തീർച്ചയായും ആഗ്രഹിക്കുന്നു. സ്വകാര്യ ചർച്ചയിൽ നിങ്ങൾ അക്ഷോഭ്യനായിരിക്കുകയും പരുഷമായ വാക്കുകളോ കുറ്റപ്പെടുത്തുന്ന സ്വരത്തിലുള്ള സംസാരമോ ഒഴിവാക്കുകയും ചെയ്യുന്നെങ്കിൽ വിജയിക്കാൻ ഏറെ സാധ്യതയുണ്ട്. സ്നേഹനിർഭരമായ ഈ കൂടിക്കാഴ്ചയിൽ ഇത് ഓർത്തിരിക്കുക: നിങ്ങൾ ഇരുവരും പാപികളും അപൂർണരുമാണ്. (റോമർ 3:23, 24) നിങ്ങൾ അദ്ദേഹത്തെ കുറിച്ചു കുശുകുശുപ്പ് നടത്തിയിട്ടില്ലെന്നും ആത്മാർഥമായി സഹായിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം മനസ്സിലാക്കുമ്പോൾ ഉടനടി പ്രശ്നം പരിഹരിക്കപ്പെട്ടേക്കാം. ഇരുവരും തെറ്റു ചെയ്തതായി സമ്മതിക്കുകയും തെറ്റിദ്ധാരണയായിരുന്നു പ്രശ്നത്തിന്റെ യഥാർഥ കാരണം എന്നു മനസ്സിലാക്കുകയും ചെയ്യുന്നെങ്കിൽ, ദയാപുരസ്സരവും വളച്ചുകെട്ടില്ലാത്തതുമായ ഈ സമീപനം വിശേഷാൽ ജ്ഞാനപൂർവകമായ ഗതിയായിരുന്നെന്നു വ്യക്തമാകും.—സദൃശവാക്യങ്ങൾ 25:9, 10; 26:20; യാക്കോബ് 3:5, 6.
11. തെറ്റു ചെയ്ത വ്യക്തി നമ്മുടെ നിർദേശം കണക്കാക്കുന്നില്ലെങ്കിൽ നാം എന്തു ചെയ്യണം?
11 സഹോദരൻ തെറ്റു ചെയ്തെന്നും അതു ഗൗരവാവഹമാണെന്നും തിരിച്ചറിയാൻ അദ്ദേഹത്തെ സഹായിക്കാൻ നിങ്ങൾക്കു കഴിയുന്നെങ്കിൽ അദ്ദേഹം പശ്ചാത്തപിക്കാൻ ഇടയുണ്ട്. അഹങ്കാരം വിലങ്ങുതടി ആയിരുന്നേക്കാം എന്നത് ഒരു വസ്തുതയാണ്. (സദൃശവാക്യങ്ങൾ 16:18; 17:19) തന്മൂലം, തുടക്കത്തിൽ തന്നെ അദ്ദേഹം തെറ്റു സമ്മതിച്ച് അനുതപിക്കുന്നില്ലെങ്കിൽ പോലും അടുത്തപടി സ്വീകരിക്കുന്നതിനു മുമ്പു നിങ്ങൾക്കു കാത്തിരിക്കാവുന്നതാണ്. ‘ഒരേ ഒരു തവണ ചെന്നു കുററം അവന്നു ബോധം വരുത്തുക’ എന്ന് യേശു പറഞ്ഞില്ല. അതു നിങ്ങൾക്കു പരിഹാരം കണ്ടെത്താവുന്ന ഒരു പാപം ആയിരിക്കുന്ന സ്ഥിതിക്ക്, ഗലാത്യർ 6:1-ന്റെ ആത്മാവിൽ, “നാലു കണ്ണുകൾക്കു കീഴെ” അദ്ദേഹത്തെ വീണ്ടും സന്ദർശിക്കുന്നതിനെ കുറിച്ചു പരിചിന്തിക്കുക. നിങ്ങൾ അതിൽ വിജയിച്ചേക്കാം. (യൂദാ 22, 23 താരതമ്യം ചെയ്യുക.) എന്നാൽ അദ്ദേഹം പാപം ചെയ്തെന്നും അതിനോട് അദ്ദേഹം പ്രതികരിക്കുകയില്ലെന്നും നിങ്ങൾക്ക് ഉറപ്പാണെങ്കിലോ?
പക്വതയാർന്ന സഹായം തേടുക
12, 13. (എ) തെറ്റു തിരുത്തുന്നതിനോടുള്ള ബന്ധത്തിൽ യേശു വിവരിച്ച രണ്ടാമത്തെ പടി എന്ത്? (ബി) ഈ പടി സ്വീകരിക്കുന്നതിനോടു ബന്ധപ്പെട്ട അനുയോജ്യമായ ചില ഉപദേശങ്ങൾ ഏവ?
12 നിങ്ങൾ ഗുരുതരമായ ഒരു പാപം ചെയ്യുന്നപക്ഷം മറ്റുള്ളവർ പെട്ടെന്നു ശ്രമം ഉപേക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുമോ? തീർച്ചയായുമില്ല. സമാനമായി, സഹോദരനെ നേടാനും സ്വീകാര്യമായ വിധത്തിൽ ദൈവത്തെ ആരാധിക്കാൻ നിങ്ങളോടും മറ്റുള്ളവരോടുമൊപ്പം അദ്ദേഹത്തെ ഐക്യത്തിലാക്കാനും ഉള്ള ആദ്യ പടി സ്വീകരിച്ചശേഷം നിങ്ങൾ ശ്രമം ഉപേക്ഷിക്കരുത് എന്ന് യേശു പറഞ്ഞു. സ്വീകരിക്കേണ്ട രണ്ടാമത്തെ പടി യേശു വിവരിച്ചു: “കേൾക്കാഞ്ഞാലോ രണ്ടു മൂന്നു സാക്ഷികളുടെ വായാൽ സകലകാര്യവും ഉറപ്പാകേണ്ടതിന്നു ഒന്നു രണ്ടു പേരെ കൂട്ടിക്കൊണ്ടു ചെല്ലുക.”
13 “ഒന്നു രണ്ടു പേരെ” കൂട്ടിക്കൊണ്ടു ചെല്ലാൻ യേശു പറഞ്ഞു. ആദ്യ പടി സ്വീകരിച്ച ശേഷം മറ്റു പലരുമായി നിങ്ങൾക്കു പ്രശ്നം ചർച്ചചെയ്യാമെന്നോ ഒരു സഞ്ചാര മേൽവിചാരകനുമായി ബന്ധപ്പെടാമെന്നോ പ്രശ്നത്തെ കുറിച്ചു മറ്റു സഹോദരങ്ങളെ എഴുതി അറിയിക്കാമെന്നോ അവൻ പറഞ്ഞില്ല. തെറ്റിനെ കുറിച്ചു നിങ്ങൾക്കു ബോധ്യമുണ്ടായിരിക്കാമെങ്കിലും, അത് അപ്രകാരമാണെന്നു സ്ഥാപിക്കപ്പെട്ടിട്ടില്ല. ഏഷണി ആയിത്തീർന്നേക്കാവുന്ന തെറ്റായ വിവരങ്ങൾ പരത്താൻ നിങ്ങൾ ആഗ്രഹിക്കുകയില്ല. (സദൃശവാക്യങ്ങൾ 16:28; 18:8) എന്നാൽ, ഒന്നു രണ്ടു പേരെ കൂട്ടിക്കൊണ്ടു ചെല്ലാൻതന്നെ യേശു പറഞ്ഞു. എന്തിനാണത്? ആരെയാണു കൂട്ടിക്കൊണ്ടു ചെല്ലേണ്ടത്?
14. രണ്ടാമത്തെ പടി സ്വീകരിക്കുമ്പോൾ നമുക്ക് ആരെ കൂട്ടിക്കൊണ്ടു ചെല്ലാവുന്നതാണ്?
14 പാപം ചെയ്തിരിക്കുന്നതായി സഹോദരനെ ബോധ്യപ്പെടുത്തുകയും നിങ്ങളോടും ദൈവത്തോടും സമാധാനത്തിൽ ആയിരിക്കേണ്ടതിന് അനുതപിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടു നിങ്ങൾ സഹോദരനെ നേടാൻ ശ്രമിക്കുകയാണ്. തെറ്റിനു സാക്ഷ്യം വഹിച്ച “ഒന്നു രണ്ടു പേരെ” കൂട്ടിക്കൊണ്ടു ചെല്ലുന്നതായിരിക്കും ആ ലക്ഷ്യം സാധിക്കാൻ ഏറ്റവും മെച്ചമായ മാർഗം. സംഭവം നടന്നപ്പോൾ അവർ അവിടെ ഉണ്ടായിരുന്നിരിക്കും. ഒരു ബിസിനസിന്റെ കാര്യത്തിലാണെങ്കിൽ ചെയ്തതിനെ (അല്ലെങ്കിൽ ചെയ്തിട്ടില്ലാത്തതിനെ) കുറിച്ച് അവരുടെ പക്കൽ സാധുതയുള്ള വിവരം ഉണ്ടായിരിക്കും. സാക്ഷികൾ ആരും ലഭ്യമല്ലെങ്കിൽ തർക്കത്തിൽ ആയിരിക്കുന്ന വിഷയം സംബന്ധിച്ച് അനുഭവപരിചയമുള്ള ആളുകളെ കൂട്ടിക്കൊണ്ടു ചെല്ലാവുന്നതാണ്. സംഭവിച്ചതു ശരിക്കും തെറ്റുതന്നെയാണോ എന്നു തിട്ടപ്പെടുത്താൻ അതു സഹായിക്കും. കൂടാതെ, പിന്നീട് വേണ്ടിവരുന്നപക്ഷം, അവതരിപ്പിച്ച വസ്തുതകളും കൈക്കൊണ്ട ശ്രമങ്ങളും സ്ഥിരീകരിച്ചുകൊണ്ട്, പറഞ്ഞ കാര്യങ്ങൾക്കു സാക്ഷികളായിരിക്കാൻ അവർക്കു സാധിക്കും. (സംഖ്യാപുസ്തകം 35:30; ആവർത്തനപുസ്തകം 17:6) അതുകൊണ്ട്, അവർ വെറുതെ നിഷ്ക്രിയമായി കേട്ടിരിക്കാൻ വരുന്നവരോ റഫറികളോ അല്ല. മറിച്ച്, നിങ്ങളുടെയും അവരുടെയും സഹോദരനെ നേടാൻ സഹായിക്കാനാണ് അവർ സന്നിഹിതരാകുന്നത്.
15. രണ്ടാമത്തെ പടി സ്വീകരിക്കേണ്ടത് ഉണ്ടെങ്കിൽ ക്രിസ്തീയ മൂപ്പന്മാർ ഒരു സഹായം ആയിരുന്നേക്കാവുന്നത് എങ്ങനെ?
15 നിങ്ങൾ കൂട്ടിക്കൊണ്ടു ചെല്ലുന്നതു സഭയിലെ മൂപ്പന്മാരെ ആയിരിക്കണമെന്നു നിർബന്ധമില്ല. എന്നിരുന്നാലും, പക്വതയുള്ള മൂപ്പന്മാർക്കു തങ്ങളുടെ ആത്മീയ യോഗ്യതകൾ നിമിത്തം നല്ലൊരു സഹായമായിരിക്കാൻ കഴിഞ്ഞേക്കും. അത്തരം മൂപ്പന്മാർ “കാററിന്നു ഒരു മറവും പിശറിന്നു ഒരു സങ്കേതവും ആയി വരണ്ട നിലത്തു നീർത്തോടുകൾപോലെയും ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറയുടെ തണൽപോലെയു”മാണ്. (യെശയ്യാവു 32:1, 2) സഹോദരങ്ങളോടു ന്യായവാദം ചെയ്യുന്നതിലും അവരെ യഥാസ്ഥാനപ്പെടുത്തുന്നതിലും അവർക്ക് അനുഭവ പരിചയമുണ്ട്. തെറ്റു ചെയ്ത വ്യക്തിക്ക് അത്തരം ‘മനുഷ്യരാം ദാനങ്ങളിൽ’c വിശ്വാസം പ്രകടിപ്പിക്കുന്നതിനു നല്ല കാരണമുണ്ട്. (എഫെസ്യർ 4:8, 11, 12, NW) പക്വതയുള്ള അത്തരം വ്യക്തികളുടെ സാന്നിധ്യത്തിൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നതും അവരോടൊത്തു പ്രാർഥിക്കുന്നതും ഒരു പുതിയ അന്തരീക്ഷം സൃഷ്ടിക്കുമെന്നു മാത്രമല്ല, അപരിഹാര്യം എന്നു കാണപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സഹായിക്കും.—യാക്കോബ് 5:14, 15 താരതമ്യം ചെയ്യുക.
സഹോദരനെ നേടാനുള്ള അന്തിമ ശ്രമം
16. യേശു വിവരിച്ച മൂന്നാമത്തെ പടി എന്താണ്?
16 രണ്ടാമത്തെ പടി സ്വീകരിച്ചിട്ടും പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ, മൂന്നാമത്തെ പടിയിൽ സഭാ മേൽവിചാരകന്മാർ തീർച്ചയായും ഉൾപ്പെടും. “അവരെ കൂട്ടാക്കാഞ്ഞാൽ സഭയോടു അറിയിക്ക; സഭയെയും കൂട്ടാക്കാഞ്ഞാൽ അവൻ നിനക്കു പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ.” അത് എന്താണ് അർഥമാക്കുന്നത്?
17, 18. (എ) ‘സഭയോടു അറിയിക്കുക’ എന്നതിന്റെ അർഥം എന്താണെന്നു മനസ്സിലാക്കാൻ ഏത് ഉദാഹരണം നമ്മെ സഹായിക്കുന്നു? (ബി) ഇന്നു നാം ഈ പടി ബാധകമാക്കുന്നത് എങ്ങനെ?
17 പാപമോ തെറ്റോ, മുഴു സഭയുടെയും പതിവു യോഗത്തിലോ പ്രത്യേക യോഗത്തിലോ അവതരിപ്പിക്കാനുള്ള ഒരു നിർദേശമായി നാം ആ നടപടിയെ വീക്ഷിക്കുന്നില്ല. ഉചിതമായ നടപടിക്രമം നിർണയിക്കാൻ ദൈവവചനം നമ്മെ സഹായിക്കുന്നു. മത്സരം, അമിതഭോജനം, മദ്യാസക്തി എന്നിവയോടുള്ള ബന്ധത്തിൽ പുരാതന ഇസ്രായേലിൽ ഒരു സംഭവം നടന്നാൽ അത് എങ്ങനെ കൈകാര്യം ചെയ്യണമായിരുന്നു എന്നതു ശ്രദ്ധിക്കുക: “അപ്പന്റെയോ അമ്മയുടെയോ വാക്കു കേൾക്കാതെയും അവർ ശാസിച്ചാലും അനുസരിക്കാതെയുമിരിക്കുന്ന ശഠനും മത്സരിയുമായ മകൻ ഒരുത്തന്നു ഉണ്ടെങ്കിൽ അമ്മയപ്പന്മാർ അവനെ പിടിച്ചു പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കൽ പട്ടണവാതില്ക്കലേക്കു കൊണ്ടുപോയി: ഞങ്ങളുടെ ഈ മകൻ ശഠനും മത്സരിയും ഞങ്ങളുടെ വാക്കു കേൾക്കാത്തവനും തിന്നിയും കുടിയനും ആകുന്നു എന്നു പട്ടണത്തിലെ മൂപ്പന്മാരോടു പറയേണം. പിന്നെ അവന്റെ പട്ടണക്കാർ എല്ലാവരും അവനെ കല്ലെറിഞ്ഞുകൊല്ലേണം.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.)—ആവർത്തനപുസ്തകം 21:18-21.
18 അയാളുടെ പാപങ്ങൾ കേട്ടു വിധികൽപ്പിച്ചിരുന്നത് മുഴു ജനതയോ അയാളുടെ ഗോത്രത്തിലുള്ള എല്ലാവരും ചേർന്നോ ആയിരുന്നില്ല; മറിച്ച്, സഭയുടെ പ്രതിനിധികൾ എന്ന നിലയിൽ അംഗീകൃത ‘മൂപ്പന്മാർ’ ആയിരുന്നു. (‘അന്നുള്ള പുരോഹിതന്മാരും ന്യായാധിപന്മാരും’ കൈകാര്യം ചെയ്തിരുന്ന ഒരു കേസിനെ കുറിച്ച് ആവർത്തനപുസ്തകം 19:16, 17-ൽ പറഞ്ഞിരിക്കുന്നതു താരതമ്യം ചെയ്യുക.) സമാനമായി ഇന്ന്, മൂന്നാമത്തെ പടി സ്വീകരിക്കേണ്ടത് അത്യാവശ്യമായി വരുമ്പോൾ, സഭയെ പ്രതിനിധീകരിക്കുന്ന മൂപ്പന്മാർ സംഗതി കൈകാര്യം ചെയ്യും. എങ്ങനെയും തങ്ങളുടെ ക്രിസ്തീയ സഹോദരനെ നേടുക എന്നതാണ് അവരുടെയും ലക്ഷ്യം. മുൻവിധിയോ പക്ഷപാതമോ കൂടാതെ, നീതിപൂർവകമായി പ്രശ്നം കൈകാര്യം ചെയ്തുകൊണ്ട് അവർ അതു പ്രകടമാക്കുന്നു.
19. പ്രശ്നത്തെ കുറിച്ചു കേൾക്കാൻ നിയമിക്കപ്പെട്ട മൂപ്പന്മാർ എന്തു ചെയ്യാൻ ശ്രമിക്കും?
19 വസ്തുതകൾ വിലയിരുത്താനും വാസ്തവത്തിൽ അയാൾ പാപം ചെയ്തോ എന്ന് (അല്ലെങ്കിൽ ഇപ്പോഴും അതിൽ തുടരുന്നുവോ എന്ന്) സ്ഥാപിക്കാൻ ആവശ്യമായ സാക്ഷികളുടെ മൊഴികൾ ശ്രദ്ധിക്കാനും അവർ ശ്രമിക്കും. ദുഷിപ്പിൽ നിന്നു സഭയെ സംരക്ഷിക്കാനും ലോകത്തിന്റെ ആത്മാവിനെ അകറ്റി നിർത്താനും അവർ ആഗ്രഹിക്കും. (1 കൊരിന്ത്യർ 2:12; 5:7) തങ്ങളുടെ തിരുവെഴുത്തു യോഗ്യതകൾക്കനുസൃതമായി, “പത്ഥ്യോപദേശത്താൽ [“ആരോഗ്യാവഹമായ പഠിപ്പിക്കലിനാൽ,” NW] പ്രബോധിപ്പിപ്പാനും വിരോധികൾക്കു ബോധം വരുത്തുവാനും” അവർ ശ്രമിക്കും. (തീത്തൊസ് 1:9) തെറ്റു ചെയ്തവൻ, യഹോവയുടെ വാക്കുകൾ ശ്രദ്ധിക്കാഞ്ഞ ഇസ്രായേല്യരെ പോലെ ആയിരിക്കുകയില്ലെന്നു നാം പ്രത്യാശിക്കുന്നു. അവരെ കുറിച്ച് യഹോവയുടെ പ്രവാചകൻ എഴുതി: ‘ഞാൻ വിളിച്ചപ്പോൾ നിങ്ങൾ ഉത്തരം പറയാതെയും ഞാൻ അരുളിച്ചെയ്തപ്പോൾ കേൾക്കാതെയും എനിക്കു അനിഷ്ടമായുള്ളതു പ്രവർത്തിച്ചു എനിക്കു പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തു.’—യെശയ്യാവു 65:12.
20. പാപി ബുദ്ധിയുപദേശം കേട്ട് അനുതപിക്കാൻ വിസമ്മതിക്കുന്നെങ്കിൽ എന്തു ചെയ്യണമെന്നാണ് യേശു പറഞ്ഞത്?
20 ഒരു തെറ്റുകാരൻ സമാനമായ മനോഭാവം പ്രകടിപ്പിക്കുന്ന സാഹചര്യങ്ങൾ വിരളമാണ്. അത്തരം മനോഭാവം പ്രകടിപ്പിക്കുന്നപക്ഷം, യേശു വ്യക്തമായി നിർദേശിക്കുന്നു: “അവൻ നിനക്കു പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ.” മനുഷ്യത്വ രഹിതമായിരിക്കാനോ ദ്രോഹകരമായി പ്രവർത്തിക്കാനോ അല്ല കർത്താവു ശുപാർശ ചെയ്തത്. അനുതാപമില്ലാത്ത പാപികളെ സഭയിൽ നിന്നു പുറത്താക്കണം എന്ന പൗലൊസ് അപ്പൊസ്തലന്റെ നിർദേശത്തിലും തെല്ലും അവ്യക്തത നിഴലിക്കുന്നില്ല. (1 കൊരിന്ത്യർ 5:11-13) കാലക്രമത്തിൽ, ഈ നടപടി പോലും പാപിയെ നേടുക എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ കലാശിച്ചേക്കാം.
21. സഭയിൽ നിന്നു പുറത്താക്കപ്പെട്ട ഒരുവന് എന്തിനുള്ള അവസരമുണ്ട്?
21 ധൂർത്ത പുത്രനെ കുറിച്ചുള്ള യേശുവിന്റെ ഉപമയിൽ നിന്ന് അതിനുള്ള സാധ്യത നമുക്കു കാണാവുന്നതാണ്. പിതാവിന്റെ ഭവനത്തിലെ സ്നേഹനിർഭരമായ സഹവർത്തിത്വം അനുഭവിക്കാതെ വെളിയിൽ കുറെക്കാലം കഴിഞ്ഞ ശേഷം ആ പാപിക്കു ‘സുബോധം വന്നു.’ (ലൂക്കൊസ് 15:11-18) ചില പാപികൾ ക്രമേണ അനുതപിക്കുകയും ‘സുബോധം പ്രാപിച്ചു പിശാചിന്റെ കെണിയിൽനിന്നു ഒഴിയു’കയും ചെയ്യുമെന്നു പൗലൊസ് തിമൊഥെയൊസിനോടു പറഞ്ഞു. (2 തിമൊഥെയൊസ് 2:24-26) പാപം ചെയ്തിട്ട് അനുതപിക്കാത്തതിന്റെ ഫലമായി സഭയിൽ നിന്നു പുറത്താക്കപ്പെടുന്ന ഏതൊരാളും തനിക്കു നേരിട്ടിരിക്കുന്ന വലിയ നഷ്ടം—ദൈവാംഗീകാരം, വിശ്വസ്ത ക്രിസ്ത്യാനികളുടെ ഊഷ്മളമായ സഹവർത്തിത്വം, അവരുമായുള്ള സാമൂഹിക ബന്ധം എന്നിവയുടെ നഷ്ടം—തിരിച്ചറിഞ്ഞ് സുബോധത്തിലേക്കു വരുമെന്ന് നമുക്കു തീർച്ചയായും പ്രതീക്ഷിക്കാവുന്നതാണ്.
22. പുറത്താക്കപ്പെട്ടാൽ പോലും നാം സഹോദരനെ നേടിയേക്കാവുന്നത് എങ്ങനെ?
22 പുറജാതിക്കാരെയും ചുങ്കക്കാരെയും വീണ്ടെടുക്കപ്പെടാൻ കഴിയാത്തവരായി യേശു വീക്ഷിച്ചില്ല. ഒരു ചുങ്കക്കാരനും ലേവ്യനും ആയിരുന്ന മത്തായി അനുതപിച്ച് ആത്മാർഥമായി ‘യേശുവിനെ അനുഗമിച്ചു.’ അവൻ ഒരു അപ്പൊസ്തലനായി തിരഞ്ഞെടുക്കപ്പെടുക പോലും ചെയ്തു. (മർക്കൊസ് 2:15; ലൂക്കൊസ് 15:1) തന്മൂലം, ഇന്ന് ഒരു പാപി “സഭയെയും കൂട്ടാക്കാ”ത്തതിന്റെ ഫലമായി സഭയിൽ നിന്നു പുറത്താക്കപ്പെടുന്നപക്ഷം, അദ്ദേഹം അനുതപിച്ചു തന്റെ കാലടികൾ നേരെയാക്കുന്നതിനായി നമുക്കു കാത്തിരിക്കാം. അങ്ങനെ ചെയ്ത് അദ്ദേഹം വീണ്ടും സഭയിലെ അംഗം ആയിത്തീരുമ്പോൾ, സത്യാരാധകരുടെ കൂട്ടത്തോടു തിരികെ ചേർക്കപ്പെടുന്നു എന്നതിനാൽ നാം സഹോദരനെ നേടുകയായിരിക്കും. അതിൽ നമുക്ക് ആനന്ദിക്കാം.
[അടിക്കുറിപ്പുകൾ]
a മക്ലിന്റോക്കിന്റെയും സ്ട്രോംഗിന്റെയും വിജ്ഞാനകോശം (ഇംഗ്ലീഷ്) ഇങ്ങനെ പറയുന്നു: “പുതിയ നിയമ[ത്തിലെ] ചുങ്കക്കാർ രാജ്യദ്രോഹികളും വിശ്വാസത്യാഗികളും ആയിട്ടാണു വീക്ഷിക്കപ്പെട്ടിരുന്നത്. മർദകരുടെ ചട്ടുകമായിരുന്ന വിജാതീയരോടൊപ്പം പതിവായി സഹവസിച്ചിരുന്നതിനാൽ അവർ കളങ്കിതരാക്കപ്പെട്ടിരുന്നത്രേ. അവരെ പാപികളുടെ കൂട്ടത്തിലാണു കണക്കാക്കിയിരുന്നത് . . . അങ്ങനെ അവർ ഒറ്റപ്പെടുത്തപ്പെട്ടിരുന്നു. മാന്യ ജീവിതം നയിച്ചിരുന്നവർ അത്തരക്കാരെ ഒഴിവാക്കി. തങ്ങളെ പോലെ തന്നെ ഭ്രഷ്ടു കൽപ്പിക്കപ്പെട്ടിരുന്നവർ മാത്രമായിരുന്നു ചുങ്കക്കാരുടെ സുഹൃത്തുക്കൾ അല്ലെങ്കിൽ സഹകാരികൾ.”
b ഒരു പരിധിവരെ വഞ്ചനയും ചതിയും തന്ത്രങ്ങളും ഉൾപ്പെട്ടിരിക്കുന്ന ബിസിനസുകളും സാമ്പത്തിക ഇടപാടുകളും യേശു അർഥമാക്കിയ പാപത്തിൽ ഉൾപ്പെടുന്നു. അതിന്റെ സൂചനയെന്നോണം, മത്തായി 18:15-17-ൽ രേഖപ്പെടുത്തിയിരിക്കുന്ന നിർദേശങ്ങൾ നൽകിയ ശേഷം, കടം തിരിച്ചുകൊടുക്കാൻ കഴിയാഞ്ഞ ദാസന്മാരുടെ (ജോലിക്കാരുടെ) ഒരു ദൃഷ്ടാന്തം യേശു നൽകി.
c ഒരു ബൈബിൾ പണ്ഡിതൻ ഇങ്ങനെ പറഞ്ഞു: “തെറ്റു ചെയ്ത വ്യക്തി ഒരാളുടെ ബുദ്ധിയുപദേശം കൈക്കൊള്ളുന്നതിനെക്കാൾ—പ്രത്യേകിച്ചും അയാളുമായി തെറ്റുകാരന് അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ടെങ്കിൽ—രണ്ടോ മൂന്നോ പേരുടെ (പ്രത്യേകിച്ചും അദ്ദേഹം ആദരിക്കുന്നവർ ആണെങ്കിൽ) ബുദ്ധിയുപദേശം കൈക്കൊള്ളാൻ കൂടുതൽ സാധ്യതയുണ്ട്.”
നിങ്ങൾ ഓർക്കുന്നുവോ?
□ മുഖ്യമായി, ഏതു തരം പാപത്തിനാണു മത്തായി 18:15-17 ബാധകമാകുന്നത്?
□ ഒന്നാമത്തെ പടി സ്വീകരിക്കേണ്ടതുണ്ടെങ്കിൽ നാം എന്ത് ഓർമിക്കണം?
□ രണ്ടാമത്തെ പടി സ്വീകരിക്കേണ്ടി വരുന്നെങ്കിൽ നമുക്ക് ആരുടെ സഹായം തേടാനാകും?
□ മൂന്നാമത്തെ പടി സ്വീകരിക്കുന്നതിൽ ആരെല്ലാം ഉൾപ്പെട്ടിരിക്കുന്നു, പുറത്താക്കപ്പെട്ടാൽ പോലും നാം സഹോദരനെ നേടിയേക്കാവുന്നത് എങ്ങനെ?
[18-ാം പേജിലെ ചിത്രം]
യഹൂദർ ചുങ്കക്കാരെ ഒഴിവാക്കിയിരുന്നു. മത്തായി തന്റെ വഴികൾ വിട്ടുതിരിഞ്ഞ് യേശുവിനെ അനുഗമിച്ചു
[20-ാം പേജിലെ ചിത്രം]
മിക്കപ്പോഴും “നാലു കണ്ണുകളുടെ കീഴിൽ” നമുക്കു പ്രശ്നം പരിഹരിക്കാനാകും