ദൈവവും കൈസരും
“എന്നാൽ കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ.”—ലൂക്കൊസ് 20:25.
1. (എ) യഹോവയുടെ ഉന്നതമായ സ്ഥാനം എന്താണ്? (ബി) കൈസർക്ക് ഒരിക്കലും കൊടുക്കാൻ പാടില്ലാത്ത എന്താണു നാം യഹോവയ്ക്കു കടപ്പെട്ടിരിക്കുന്നത്?
യേശുക്രിസ്തു ആ ഉദ്ബോധനം നൽകിയപ്പോൾ, തന്റെ ദാസന്മാർക്കുള്ള ദൈവത്തിന്റെ വ്യവസ്ഥകൾക്ക്, കൈസർ അഥവാ രാഷ്ട്രം അവരിൽനിന്ന് ആവശ്യപ്പെടുന്ന എന്തിനെക്കാളും പ്രാമുഖ്യത ഉണ്ടായിരിക്കണമെന്നതു സംബന്ധിച്ച് അവന്റെ മനസ്സിൽ സംശയമുണ്ടായിരുന്നില്ല. “നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്റെ ആധിപത്യം [പരമാധികാരം]a തലമുറതലമുറയായി ഇരിക്കുന്നു” എന്ന സങ്കീർത്തനക്കാരന്റെ യഹോവയാം ദൈവത്തോടുള്ള ഈ പ്രാർഥനയുടെ സത്യത മറ്റാരെക്കാളും മെച്ചമായി യേശുവിന് അറിയാമായിരുന്നു. (സങ്കീർത്തനം 145:13) നിവസിത ഭൂമിയിലെ സകല രാജത്വങ്ങളുടെയും മേലുള്ള അധികാരം പിശാച് യേശുവിനു വാഗ്ദാനം ചെയ്തപ്പോൾ യേശു ഇങ്ങനെ പ്രതിവചിച്ചു: “നിന്റെ ദൈവമായ കർത്താവിനെ [“യഹോവയെ,” NW] നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ എന്നു എഴുതിയിരിക്കുന്നു.” (ലൂക്കൊസ് 4:5-8) കൈസർ, റോമൻ ചക്രവർത്തിയോ മറ്റേതെങ്കിലും മാനുഷ ഭരണാധികാരിയോ രാഷ്ട്രംതന്നെയോ ആയിക്കൊള്ളട്ടെ, ആരാധന ഒരിക്കലും ‘കൈസർക്ക്’ കൊടുക്കാമായിരുന്നില്ല.
2. (എ) ഈ ലോകത്തോടുള്ള ആപേക്ഷിക ബന്ധത്തിൽ സാത്താന്റെ സ്ഥാനം എന്താണ്? (ബി) ആരുടെ അനുവാദത്തോടെയാണു സാത്താൻ തന്റെ സ്ഥാനം വഹിക്കുന്നത്?
2 ലോകത്തിലെ രാജ്യങ്ങൾ സാത്താന്റേതായിരുന്നുവെന്നത് യേശു നിഷേധിച്ചില്ല. പിന്നീട് അവൻ സാത്താനെ “ഈ ലോകത്തിന്റെ ഭരണാധിപൻ” എന്നു വിളിച്ചു. (യോഹന്നാൻ 12:31; 16:11, NW) പൊ.യു. (പൊതുയുഗം) ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത് അപ്പോസ്തലനായ യോഹന്നാൻ എഴുതി: “നാം ദൈവത്തിൽനിന്നുള്ളവർ എന്നു നാം അറിയുന്നു. സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.” (1 യോഹന്നാൻ 5:19) ഭൂമിമേലുള്ള പരമാധികാരം യഹോവ പരിത്യജിച്ചിരിക്കുന്നുവെന്നല്ല ഇതിന്റെ അർഥം. രാഷ്ട്രീയ രാജ്യങ്ങളുടെ മേലുള്ള ഭരണാധിപത്യം യേശുവിനു വാഗ്ദാനം ചെയ്പ്പോൾ “ഈ അധികാരം ഒക്കെയും . . . നിനക്കു തരാം; അതു എങ്കൽ ഏല്പിച്ചിരിക്കുന്നു” എന്നു സാത്താൻ പ്രസ്താവിച്ചതായി ഓർമിക്കുക. (ലൂക്കൊസ് 4:6) ലോകരാജ്യങ്ങളുടെ മേൽ സാത്താൻ അധികാരം പ്രയോഗിക്കുന്നതു ദൈവം അത് അനുവദിക്കുന്നതൊന്നുകൊണ്ടു മാത്രമാണ്.
3. (എ) യഹോവയുടെ മുമ്പാകെ രാഷ്ട്രങ്ങളുടെ ഗവൺമെൻറുകൾക്കുള്ള നിലപാട് എന്താണ്? (ബി) ഈ ലോകത്തിലെ ഗവൺമെൻറുകൾക്കു കീഴ്പെടുന്നതിന്റെ അർഥം നമ്മെത്തന്നെ ഈ ലോകത്തിന്റെ ദൈവമായ സാത്താനു കീഴ്പെടുത്തുന്നു എന്നതല്ല എന്നു പറയാൻ കഴിയുന്നതെങ്ങനെ?
3 സമാനമായി, രാഷ്ട്രം അതിന്റെ അധികാരം പ്രയോഗിക്കുന്നതു പരമാധികാരിയെന്നനിലയിൽ ദൈവം അത് അനുവദിക്കുന്നതൊന്നുകൊണ്ടു മാത്രമാണ്. (യോഹന്നാൻ 19:11) അങ്ങനെ, “നിലവിലുള്ള അധികാരങ്ങൾ അവയുടെ ആപേക്ഷിക സ്ഥാനങ്ങളിൽ ദൈവത്താൽ വയ്ക്കപ്പെട്ടിരിക്കുന്നു” എന്നു പറയാവുന്നതാണ്. യഹോവയുടെ പരമോന്നത പരമാധികാരത്തോടുള്ള ആപേക്ഷികബന്ധത്തിൽ, അവയുടെ അധികാരം തീർച്ചയായും ചെറുതാണ്. എന്നിരുന്നാലും, അവ “ദൈവത്തിന്റെ ശുശ്രൂഷകൻ,” “ദൈവത്തിന്റെ പരസ്യ ദാസർ” ആണ്. അതായത്, അവ ആവശ്യമായ സേവനങ്ങൾ പ്രദാനം ചെയ്യുന്നു, ക്രമസമാധാനം നിലനിർത്തുന്നു, ദുഷ്പ്രവൃത്തിക്കാരെ ശിക്ഷിക്കുന്നു. (റോമർ 13:1, 4, 6, NW) അതുകൊണ്ട്, സാത്താൻ ഈ ലോകത്തിന്റെ അഥവാ വ്യവസ്ഥിതിയുടെ അദൃശ്യ ഭരണാധിപനാണെങ്കിൽപോലും, രാഷ്ട്രത്തോടുള്ള തങ്ങളുടെ ആപേക്ഷിക കീഴ്പെടൽ ക്രിസ്ത്യാനികൾ തിരിച്ചറിയുമ്പോൾ തങ്ങളെത്തന്നെ കീഴ്പ്പെടുത്തുന്നതു സാത്താനല്ല എന്ന് അവർ മനസ്സിലാക്കേണ്ടതുണ്ട്. അവർ ദൈവത്തെ അനുസരിക്കുകയാണു ചെയ്യുന്നത്. 1996 എന്ന ഈ വർഷത്തിലും, നിലനിൽക്കാൻ ദൈവം അനുവദിക്കുന്ന ഒരു താത്കാലിക ക്രമീകരണമായ “ദൈവവ്യവസ്ഥ”യുടെ ഒരു ഭാഗമാണു രാഷ്ട്രം. യഹോവയുടെ ഭൗമിക ദാസന്മാർ അത് അങ്ങനെതന്നെ തിരിച്ചറിയേണ്ടതുണ്ട്.—റോമർ 13:2.
യഹോവയുടെ പൂർവകാല ദാസരും രാഷ്ട്രവും
4. ഈജിപ്തിലെ ഗവൺമെൻറിൽ പ്രമുഖനായിത്തീരാൻ യഹോവ യോസേഫിനെ അനുവദിച്ചത് എന്തുകൊണ്ട്?
4 ക്രിസ്തീയ കാലങ്ങൾക്കു മുമ്പ്, രാഷ്ട്രത്തിലെ ഗവൺമെൻറുകളിൽ പ്രമുഖ സ്ഥാനങ്ങൾ വഹിക്കാൻ തന്റെ ദാസരിൽ ചിലരെ യഹോവ അനുവദിച്ചു. ഉദാഹരണത്തിന്, പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്) 18-ാം നൂറ്റാണ്ടിൽ യോസേഫ് ഈജിപ്തിലെ പ്രധാനമന്ത്രിയായി, ഭരണം നടത്തുന്ന ഫറവോൻ കഴിഞ്ഞാൽ അടുത്ത സ്ഥാനം അവനായിരുന്നു. (ഉല്പത്തി 41:39-43) യഹോവയുടെ ഉദ്ദേശ്യപൂർത്തീകരണത്തിനായി ‘അബ്രാഹാമിന്റെ സന്തതി’യെ, അവന്റെ പിൻഗാമികളെ, പരിരക്ഷിക്കുന്നതിൽ യോസേഫ് നിർണായകമായി വർത്തിക്കത്തക്കവിധം യഹോവ കാര്യങ്ങളുടെ ചരടു വലിക്കുകയായിരുന്നുവെന്നു തദനന്തര സംഭവങ്ങൾ വ്യക്തമാക്കി. യോസേഫിനെ ഈജിപ്തിലെ അടിമത്തത്തിലേക്കു വിറ്റെന്നും ദൈവദാസന്മാർക്കു മോശൈക ന്യായപ്രമാണമോ “ക്രിസ്തുവിന്റെ ന്യായപ്രമാണ”മോ ഇല്ലാതിരുന്ന കാലത്താണ് അവൻ ജീവിച്ചിരുന്നതെന്നും തീർച്ചയായും മനസ്സിൽ പിടിക്കേണ്ടതുണ്ട്.—ഉല്പത്തി 15:5-7; 50:19-21; ഗലാത്യർ 6:2.
5. യഹൂദാ പ്രവാസികൾ ബാബിലോനിലെ ‘സമാധാനം അന്വേഷിക്കാൻ’ കൽപ്പിക്കപ്പെട്ടത് എന്തുകൊണ്ട്?
5 നൂറ്റാണ്ടുകൾക്കുശേഷം, ബാബിലോനിൽ പ്രവാസത്തിലായിരുന്നപ്പോൾ ഭരണാധിപന്മാർക്കു കീഴ്പെടാനും ആ നഗരത്തിന്റെ സമാധാനത്തിനു വേണ്ടി പ്രാർഥിക്കാൻപോലും യഹൂദപ്രവാസികളോടു പറയാൻ വിശ്വസ്ത പ്രവാചകനായ യിരെമ്യാവു യഹോവയാൽ നിശ്വസ്തനാക്കപ്പെട്ടു. അവർക്കുള്ള ലേഖനത്തിൽ അവൻ എഴുതി: “യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ . . . സകലബദ്ധന്മാരോടും ഇപ്രകാരം അരുളിച്ചെയ്യുന്നു: . . . ഞാൻ നിങ്ങളെ ബദ്ധന്മാരായി കൊണ്ടുപോകുമാറാക്കിയ പട്ടണത്തിന്റെ നന്മ [“സമാധാനം,” NW] അന്വേഷിച്ചു അതിന്നുവേണ്ടി യഹോവയോടു പ്രാർത്ഥിപ്പിൻ; അതിന്നു നന്മ ഉണ്ടെങ്കിൽ നിങ്ങൾക്കു നന്മ ഉണ്ടാകും.” (യിരെമ്യാവു 29:4, 7) യഹോവയെ ആരാധിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതിനു തങ്ങൾക്കു വേണ്ടിയും തങ്ങൾ ജീവിക്കുന്ന രാഷ്ട്രത്തിനു വേണ്ടിയും എപ്പോഴും ‘സമാധാനം അന്വേഷി’ക്കുന്നതിനുള്ള കാരണം യഹോവയുടെ ജനത്തിനുണ്ട്.—1 പത്രൊസ് 3:11.
6. ഗവൺമെൻറിൽ ഉന്നത സ്ഥാനങ്ങൾ ലഭിച്ചുവെങ്കിലും, യഹോവയുടെ നിയമത്തോടുള്ള ബന്ധത്തിൽ ഏതു വിധങ്ങളിലാണു ദാനിയേലും അവന്റെ മൂന്നു സഹചരരും വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിച്ചത്?
6 ബാബിലോനിലെ പ്രവാസകാലത്ത്, ബാബിലോന്റെ അടിമത്തത്തിൽ പ്രവാസികളായിരുന്ന ദാനിയേലും വിശ്വസ്തരായ മറ്റു മൂന്ന് യഹൂദരും രാഷ്ട്രത്തിൽനിന്നുള്ള പരിശീലനത്തിനു തങ്ങളെ സമർപ്പിച്ചു. അവർ ബാബിലോണിയയിൽ ഉന്നത പദവിയുള്ള പൊതുജന സേവകരായി മാറുകയും ചെയ്തു. (ദാനീയേൽ 1:3-7; 2:48, 49) എന്നിരിക്കിലും, പരിശീലനകാലത്തുപോലും, യഹോവയാം ദൈവം മോശ മുഖാന്തരം നൽകിയിരുന്ന ന്യായപ്രമാണം ലംഘിക്കുന്നതിലേക്ക് അവരെ നയിക്കാൻ കഴിയുമായിരുന്ന ഭക്ഷണകാര്യങ്ങൾ സംബന്ധിച്ച് അവർ ദൃഢമായ ഒരു നിലപാടു സ്വീകരിച്ചു. അതു നിമിത്തം അവർ അനുഗ്രഹിക്കപ്പെടുകയും ചെയ്തു. (ദാനീയേൽ 1:8-17) നെബുഖദ്നേസർ രാജാവ് ഒരു ഔദ്യോഗിക ബിംബം ഉണ്ടാക്കിയപ്പോൾ, പ്രത്യക്ഷത്തിൽ ദാനിയേലിന്റെ മൂന്ന് എബ്രായ സഹചരർ തങ്ങളുടെ സഹരാഷ്ട്രഭരണകർത്താക്കളുമൊത്ത് ഒരു ചടങ്ങിൽ സംബന്ധിക്കാൻ നിർബന്ധിതരായി. എങ്കിൽപ്പോലും, ആ രാഷ്ട്രപ്രതിമയെ ‘വീണു നമസ്കരിക്കാൻ’ അവർ വിസമ്മതിച്ചു. യഹോവ പിന്നെയും അവരുടെ നിർമലതയ്ക്കു പ്രതിഫലം നൽകി. (ദാനീയേൽ 3:1-6, 13-28) സമാനമായി ഇന്ന്, യഹോവയുടെ സാക്ഷികൾ തങ്ങൾ ജീവിക്കുന്ന രാഷ്ട്രത്തിന്റെ പതാകയെ ആദരിക്കുന്നു, എന്നാൽ അതിനോട് ഒരു ആരാധനക്രിയ അവർ ചെയ്യുകയില്ല.—പുറപ്പാടു 20:4, 5; 1 യോഹന്നാൻ 5:21.
7. (എ) ബാബിലോനിലെ ഗവൺമെൻറ് ചട്ടക്കൂട്ടിൽ ഉന്നതമായ ഒരു സ്ഥാനം ഉണ്ടായിരുന്നിട്ടും ദാനിയേൽ എന്തു നിലപാടാണു സ്വീകരിച്ചത്? (ബി) ക്രിസ്തീയ കാലങ്ങളിൽ എന്തു മാറ്റങ്ങൾ നിലവിൽവന്നു?
7 നവബാബിലോന്യ രാജവംശത്തിന്റെ പതനത്തിനുശേഷം, ബാബിലോനിൽ അതിന്റെ സ്ഥാനത്തെത്തിയ പുതിയ മേദോ-പേർഷ്യ ഭരണത്തിൻകീഴിൽ ഒരു ഉന്നത ഗവൺമെൻറ് സ്ഥാനംതന്നെ ദാനിയേലിനു ലഭിച്ചു. (ദാനീയേൽ 5:30, 31; 6:1-3) എന്നാൽ നിർമലതയിൽ വിട്ടുവീഴ്ച കാണിക്കുന്നതിലേക്കു തന്നെ നയിക്കാൻ അവൻ തന്റെ ഉന്നത സ്ഥാനത്തെ അനുവദിച്ചില്ല. യഹോവയ്ക്കു പകരം ദാര്യാവേശ് രാജാവിനെ ആരാധിക്കണമെന്നു രാഷ്ട്രനിയമം ആവശ്യപ്പെട്ടപ്പോൾ, അവൻ അതിനു വിസമ്മതിച്ചു. അതു നിമിത്തം, അവൻ സിംഹക്കുഴിയിലേക്ക് എറിയപ്പെട്ടു. പക്ഷേ യഹോവ അവനെ രക്ഷിച്ചു. (ദാനീയേൽ 6:4-24) തീർച്ചയായും, ഇതു ക്രിസ്തീയ കാലങ്ങൾക്കു മുമ്പായിരുന്നു. ക്രിസ്തീയ സഭ സ്ഥാപിതമായതോടെ, ദൈവദാസന്മാർ “ക്രിസ്തുവിന്റെ നിയമത്തിന്നു” കീഴിൽ വന്നു. യഹൂദവ്യവസ്ഥിതിയിൽ അനുവദനീയമായിരുന്ന പല കാര്യങ്ങളും, യഹോവ അപ്പോൾ തന്റെ ജനത്തോട് ഇടപെട്ടുകൊണ്ടിരുന്ന വിധത്തെ ആധാരമാക്കി വ്യത്യസ്തമായി വീക്ഷിക്കേണ്ടിയിരുന്നു.—1 കോറിന്തോസുകാർ 9:21, ഓശാന ബൈബിൾ; മത്തായി 5:31, 32; 19:3-9.
രാഷ്ട്രത്തോടുള്ള യേശുവിന്റെ മനോഭാവം
8. രാഷ്ട്രീയമായ ഉൾപ്പെടൽ ഒഴിവാക്കാൻ യേശു ദൃഢനിശ്ചയം ചെയ്തിരുന്നുവെന്ന് ഏതു സംഭവം പ്രകടമാക്കുന്നു?
8 യേശു ഭൂമിയിലായിരുന്നപ്പോൾ, അവൻ തന്റെ അനുമാഗികൾക്കായി ഉയർന്ന നിലവാരങ്ങൾ വെക്കുകയുണ്ടായി. രാഷ്ട്രീയമോ സൈനികമോ ആയ കാര്യങ്ങളിൽ ഏതെങ്കിലും വിധത്തിൽ ഉൾപ്പെടാൻ അവൻ കൂട്ടാക്കിയില്ല. ഏതാനും കഷണം അപ്പവും രണ്ടു ചെറിയ മീനുംകൊണ്ട് അനേകായിരങ്ങളെ യേശു അത്ഭുതകരമായി പോഷിപ്പിച്ചശേഷം, യഹൂദർ അവനെ പിടിച്ചു തങ്ങളുടെ രാഷ്ട്രീയ രാജാവാക്കാൻ ആഗ്രഹിച്ചു. എന്നാൽ മലകളിലേക്കു പെട്ടെന്നു പിൻവാങ്ങിപ്പോയ്ക്കൊണ്ട് യേശു അവരെ ഒഴിവാക്കുകയാണുണ്ടായത്. (യോഹന്നാൻ 6:5-15) ഈ സംഭവത്തെക്കുറിച്ച് പുതിയനിയമത്തെക്കുറിച്ചുള്ള പുതിയ അന്തർദേശീയ ഭാഷ്യം (ഇംഗ്ലീഷ്) ഇങ്ങനെ പ്രസ്താവിക്കുന്നു: “അക്കാലത്തെ യഹൂദരുടെയിടയിൽ കടുത്ത ദേശീയ അഭിലാഷങ്ങളുണ്ടായിരുന്നു, ആ അത്ഭുതം കണ്ട പലരും, റോമാക്കാർക്കെതിരെ തങ്ങളെ നയിക്കാൻ പറ്റിയ, ദിവ്യാംഗീകാരമുള്ള നേതാവ് അവനാണെന്നു വിചാരിച്ചുവെന്നതിൽ സംശയമില്ല. അതുകൊണ്ട് അവനെ രാജാവാക്കാൻ അവർ ഉറച്ചു.” രാഷ്ട്രീയ നേതൃത്വത്തിനു വേണ്ടിയുള്ള ഈ ക്ഷണം യേശു “ദൃഢമായി തള്ളിക്കളഞ്ഞു” എന്ന് ആ ഗ്രന്ഥം കൂട്ടിച്ചേർക്കുന്നു. റോമൻ ഭരണാധിപത്യത്തിനെതിരെയുള്ള ഏതൊരു യഹൂദ പ്രക്ഷോഭത്തെയും ക്രിസ്തു പിന്താങ്ങിയില്ല. വാസ്തവത്തിൽ, തന്റെ മരണത്തിനുശേഷം നടക്കാനിരുന്ന ആ വിപ്ലവത്തിന്റെ അനന്തരഫലം എന്തായിരിക്കുമെന്ന് അവൻ മുൻകൂട്ടിപ്പറഞ്ഞു—യെരുശലേമിലെ നിവാസികൾക്കു വളരെയധികം കഷ്ടങ്ങളും ആ നഗരത്തിന്റെ നാശവും.—ലൂക്കൊസ് 21:20-24.
9. (എ) തന്റെ രാജ്യത്തിനു ലോകത്തോടുള്ള ബന്ധത്തെ എങ്ങനെയാണു യേശു വിവരിച്ചത്? (ബി) ലോകത്തിലെ ഗവൺമെൻറുകളോട് ഇടപെടുന്നതു സംബന്ധിച്ച് യേശു തന്റെ അനുഗാമികൾക്ക് എന്തു മാർഗനിർദേശം പ്രദാനം ചെയ്തു?
9 തന്റെ മരണത്തിനു തൊട്ടു മുമ്പ്, യഹൂദയിലെ റോമൻ ചക്രവർത്തിയുടെ പ്രത്യേക പ്രതിനിധിയോട് യേശു ഇങ്ങനെ പറഞ്ഞു: “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല. എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമായിരുന്നെങ്കിൽ, ഞാൻ യഹൂദർക്ക് ഏൽപ്പിക്കപ്പെടാതിരിക്കേണ്ടതിന് എന്റെ പരിചാരകർ പോരാടുമായിരുന്നു. എന്നാൽ, അത് ആയിരിക്കുന്നതുപോലെ, എന്റെ രാജ്യം ഈ ഉറവിൽനിന്നുള്ളതല്ല.” (യോഹന്നാൻ 18:36, NW) അവന്റെ രാജ്യം രാഷ്ട്രീയ ഗവൺമെൻറുകളെ അവസാനിപ്പിക്കുന്നതുവരെ ക്രിസ്തുവിന്റെ ശിഷ്യന്മാർ അവന്റെ മാതൃക പിൻപറ്റുന്നു. അവർ വ്യവസ്ഥാപിത അധികാരങ്ങളെ അനുസരിക്കുന്നു, എന്നാൽ അവയുടെ രാഷ്ട്രീയ സംരംഭങ്ങളിൽ കൈകടത്തുന്നില്ല. (ദാനീയേൽ 2:44; മത്തായി 4:8-10) “എന്നാൽ കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ” എന്നു പറഞ്ഞുകൊണ്ട് യേശു തന്റെ ശിഷ്യന്മാർക്കു വേണ്ടി മാർഗനിർദേശങ്ങൾ വെച്ചു. (മത്തായി 22:21) മുമ്പ്, തന്റെ ഗിരിപ്രഭാഷണത്തിൽ യേശു ഇങ്ങനെ പറഞ്ഞിരുന്നു: “ഒരുത്തൻ നിന്നെ ഒരു നാഴിക വഴി പോകുവാൻ നിർബ്ബന്ധിച്ചാൽ രണ്ടു അവനോടുകൂടെ പോക.” (മത്തായി 5:41) ഈ പ്രഭാഷണത്തിന്റെ പശ്ചാത്തലത്തിൽ, മനുഷ്യബന്ധങ്ങളിലാകട്ടെ അല്ലെങ്കിൽ ദൈവനിയമത്തോടു ചേർച്ചയിലുള്ള ഗവൺമെൻറ് വ്യവസ്ഥകളിലാകട്ടെ, നിയമാനുസൃത ആവശ്യങ്ങൾക്കു മനസ്സാലേ കീഴ്പ്പെടുക എന്ന തത്ത്വം യേശു ഉദാഹരിക്കുകയായിരുന്നു.—ലൂക്കൊസ് 6:27-31; യോഹന്നാൻ 17:14, 15.
ക്രിസ്ത്യാനികളും കൈസരും
10. ഒരു ചരിത്രകാരൻ പറയുന്നതനുസരിച്ച്, കൈസരോടുള്ള ബന്ധത്തിൽ മനസ്സാക്ഷിപൂർവകമായ എന്തു നിലപാടാണ് ആദിമ ക്രിസ്ത്യാനികൾ കൈക്കൊണ്ടത്?
10 ഹ്രസ്വമായ ഈ മാർഗനിർദേശങ്ങൾ ക്രിസ്ത്യാനികളും രാഷ്ട്രവും തമ്മിലുള്ള ബന്ധത്തെ ഭരിക്കേണ്ടിയിരുന്നു. ക്രിസ്ത്യാനിത്വത്തിന്റെ ഉദയം (ഇംഗ്ലീഷ്) എന്ന തന്റെ ഗ്രന്ഥത്തിൽ ചരിത്രകാരനായ ഇ. ഡബ്ലിയു. ബാൻസ് ഇപ്രകാരമെഴുതി: “തുടർന്നുവന്ന നൂറ്റാണ്ടുകളിൽ, രാഷ്ട്രത്തോടുള്ള തന്റെ കടപ്പാടിന്റെ കാര്യത്തിൽ തിട്ടമില്ലാതിരുന്നപ്പോഴൊക്കെ ക്രിസ്ത്യാനി ക്രിസ്തുവിന്റെ ആധികാരിക ഉപദേശത്തിലേക്കു തിരിഞ്ഞു. അയാൾ നികുതികൾ കൊടുക്കുമായിരുന്നു: കൊടുക്കേണ്ട വിഹിതങ്ങൾ ഭാരിച്ചതായിരിക്കാമെങ്കിലും, ക്രിസ്ത്യാനി അതു സഹിച്ചുകൊള്ളുമായിരുന്നു—പാശ്ചാത്യ സാമ്രാജ്യത്തിന്റെ പതനത്തിനു മുമ്പ് അവ അസഹനീയമായിത്തീർന്നു. അങ്ങനെ അയാൾ, ദൈവത്തിനുള്ള കാര്യങ്ങൾ കൈസർക്കു കൊടുക്കാൻ നിർബന്ധിതമാക്കപ്പെടാത്തപക്ഷം, മറ്റെല്ലാ രാഷ്ട്ര കടമകളും അംഗീകരിക്കുമായിരുന്നു.”
11. ലോകഭരണാധികാരികളുമായി ഇടപെടുന്നതു സംബന്ധിച്ചു പൗലോസ് ക്രിസ്ത്യാനികളെ എങ്ങനെ ബുദ്ധ്യുപദേശിച്ചു?
11 ഇതിനോടുള്ള ചേർച്ചയിലായിരുന്നു ക്രിസ്തുവിന്റെ മരണത്തിന് 20-ൽപരം വർഷം കഴിഞ്ഞ് പൗലോസ് അപ്പോസ്തലൻ റോമിലെ ക്രിസ്ത്യാനികളോട് ഇങ്ങനെ പറഞ്ഞത്: “ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ.” (റോമർ 13:1) ഏതാണ്ട് പത്തു വർഷത്തിനുശേഷം, രണ്ടാം പ്രാവശ്യം തടവിലാക്കപ്പെടുകയും റോമിൽവെച്ചു വധിക്കപ്പെടുകയും ചെയ്യുന്നതിനു തൊട്ടുമുമ്പ് പൗലോസ് തീത്തോസിന് ഇങ്ങനെ എഴുതി: “വാഴ്ചകൾക്കും അധികാരങ്ങൾക്കും കീഴടങ്ങി അനുസരിപ്പാനും സകലസൽപ്രവൃത്തിക്കും ഒരുങ്ങിയിരിപ്പാനും ആരെക്കൊണ്ടും ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തന്മാരായി സകലമനുഷ്യരോടും പൂർണ്ണസൌമ്യത കാണിപ്പാനും അവരെ [ക്രേത്തയിലെ ക്രിസ്ത്യാനികളെ] ഓർമ്മപ്പെടുത്തുക.”—തീത്തൊസ് 3:1, 2.
“ശ്രേഷ്ഠാധികാരങ്ങൾ” സംബന്ധിച്ച ക്രമാനുഗത ഗ്രാഹ്യം
12. (എ) ഗവൺമെൻറ് അധികാരങ്ങളോടുള്ള ക്രിസ്ത്യാനികളുടെ ഉചിതമായ ആപേക്ഷിക സ്ഥാനത്തെ ചാൾസ് റ്റെയ്സ് റസ്സൽ എന്തായിട്ടാണു വീക്ഷിച്ചത്? (ബി) സായുധ സേനകളിൽ സേവിക്കുന്നതു സംബന്ധിച്ച് ഒന്നാം ലോകമഹായുദ്ധകാലത്തു വ്യത്യസ്തമായ എന്തു നിലപാടുകളാണ് അഭിഷിക്ത ക്രിസ്ത്യാനികൾ സ്വീകരിച്ചത്?
12 1886-ൽ ചാൾസ് റ്റേയ്സ് റസ്സൽ യുഗങ്ങളുടെ നിർണ്ണയം എന്ന പുസ്തകത്തിൽ ഇങ്ങനെ എഴുതി: “യേശുവോ അപ്പോസ്തലന്മാരോ ഒരു പ്രകാരത്തിലും ഭൗമിക ഭരണാധികാരികളുടെ കാര്യത്തിൽ കൈകടത്തിയില്ല . . . നിയമങ്ങൾ അനുസരിക്കാനും അധികാരത്തിലിരിക്കുന്നവരുടെ സ്ഥാനം നിമിത്തം അവരെ ബഹുമാനിക്കാനും അവരുടെ നിശ്ചിത നികുതികൾ കൊടുക്കാനും നിയമങ്ങൾ ദൈവനിയമങ്ങളുമായി (പ്രവൃ. 4:19; 5:29) ഭിന്നതയിൽ വരുമ്പോളൊഴികെ ഏതൊരു വ്യവസ്ഥാപിത നിയമത്തെയും എതിർക്കാതിരിക്കാനും . . . അവർ സഭയെ പഠിപ്പിച്ചു. (റോമ. 13:1-7; മത്താ. 22:21) യേശുവും അപ്പോസ്തലന്മാരും ആദിമ സഭയും ഈ ലോകത്തിലെ ഗവൺമെൻറുകളിൽനിന്നു വേറിട്ടുനിൽക്കുകയും അവയിൽ യാതൊരു പങ്കും വഹിക്കാതിരിക്കുകയും ചെയ്തെങ്കിലും, അവർ നിയമം അനുസരിക്കുന്നവരായിരുന്നു.” അപ്പോസ്തലനായ പൗലോസ് പരാമർശിച്ച “ഉയർന്ന അധികാരങ്ങൾ” അഥവാ “ശ്രേഷ്ഠാധികരങ്ങൾ” മാനുഷ ഗവൺമെൻറ് അധികാരികളാണെന്ന് ആ പുസ്തകം ശരിയായിത്തന്നെ തിരിച്ചറിയിച്ചു. (റോമർ 13:1, ജെയിംസ് രാജാവിന്റെ ഭാഷാന്തരം) സത്യക്രിസ്ത്യാനികളെ “കാണേണ്ടത് പ്രക്ഷോഭകാരികളുടെയും വഴക്കാളികളുടെയും കുറ്റംകണ്ടുപിടിക്കുന്നവരുടെയും ഇടയിലല്ല, പിന്നെയോ ഇക്കാലത്തു നിയമം ഏറ്റവുമധികം അനുസരിക്കുന്നവരുടെ കൂട്ടത്തിലായിരിക്കണം” എന്ന് 1904-ൽ പുതിയ സൃഷ്ടി (ഇംഗ്ലീഷ്) എന്ന പുസ്തകം പ്രസ്താവിച്ചു. ഇത് ഒന്നാം ലോകമഹായുദ്ധകാലത്തു സായുധ സേനകളിലെ സേവനം സ്വീകരിക്കുന്ന ഘട്ടത്തോളംപോലും അധികാരങ്ങളോടുള്ള സമ്പൂർണ കീഴ്പെടലിനെ അർഥമാക്കുന്നതായി ചിലർ മനസ്സിലാക്കി. എന്നാൽ, മറ്റു ചിലർ അതിനെ വീക്ഷിച്ചത് “വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും” എന്ന യേശുവിന്റെ പ്രസ്താവനയ്ക്കു വിരുദ്ധമായിട്ടാണ്. (മത്തായി 26:52) വ്യക്തമായും, ശ്രേഷ്ഠാധികാരങ്ങളോടുള്ള ക്രിസ്തീയ കീഴ്പെടൽ സംബന്ധിച്ചു കൂടുതൽ വ്യക്തമായ ഗ്രാഹ്യം ആവശ്യമായിരുന്നു.
13. ഉന്നതാധികാരങ്ങളുടെ താദാത്മ്യം സംബന്ധിച്ച ഗ്രാഹ്യത്തിലെ എന്തു മാറ്റമാണ് 1929-ൽ അവതരിപ്പിച്ചത്, ഇത് എങ്ങനെ പ്രയോജനപ്രദമാണെന്നു തെളിഞ്ഞു?
13 1929-ൽ, പല ഗവൺമെൻറുകളുടെയും നിയമങ്ങൾ ദൈവം കൽപ്പിക്കുന്ന കാര്യങ്ങളെ വിലക്കുകയോ ദൈവം വിലക്കുന്ന കാര്യങ്ങൾ ആവശ്യപ്പെടുകയോ ചെയ്തുതുടങ്ങിയപ്പോൾ, ഉന്നതാധികാരങ്ങൾ യഹോവയാം ദൈവവും യേശുക്രിസ്തുവുമായിരിക്കണമെന്നു വിചാരിക്കുകയുണ്ടായി.b രണ്ടാം ലോകമഹായുദ്ധകാലത്തും അതിനു മുമ്പും ഉണ്ടായിരുന്ന നിർണായക കാലഘട്ടത്തിലും സൈനികശക്തിസന്തുലനവും സൈന്യസന്നാഹസന്നദ്ധതയും ഉണ്ടായിരുന്ന ശീതസമര കാലഘട്ടത്തിലും യഹോവയുടെ ദാസന്മാർക്ക് ഉണ്ടായിരുന്ന ഗ്രാഹ്യം അതായിരുന്നു. പിന്തിരിഞ്ഞു നോക്കുമ്പോൾ, കാര്യങ്ങൾ സംബന്ധിച്ച ഈ വീക്ഷണം അതായത് യഹോവയുടെയും ക്രിസ്തുവിന്റെയും പരമാധികാരത്തെ ഉയർത്തിപ്പിടിക്കുന്നത്, ആ ദുഷ്കര കാലഘട്ടത്തിലുടനീളം വിട്ടുവീഴ്ചചെയ്യാതെ നിഷ്പക്ഷമായ ഒരു നിലപാടു സ്വീകരിക്കാൻ ദൈവത്തിന്റെ ജനത്തെ സഹായിച്ചുവെന്നു പറയേണ്ടിയിരിക്കുന്നു.
ആപേക്ഷിക കീഴ്പെടൽ
14. റോമർ 13:1, 2-ഉം ബന്ധപ്പെട്ട തിരുവെഴുത്തുകളും സംബന്ധിച്ച് 1962-ൽ വർധിച്ച പ്രകാശം ചൊരിയപ്പെട്ടത് എങ്ങനെയാണ്?
14 1961-ൽ വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം (ഇംഗ്ലീഷ്) പൂർത്തിയായി. അതു തയ്യാറാക്കുന്നതിനു തിരുവെഴുത്തുകളുടെ പാഠഭാഷയുടെ ഗഹനമായ പഠനം ആവശ്യമായിരുന്നു. റോമർ 13-ാം അധ്യായത്തിൽ മാത്രമല്ല തീത്തൊസ് 3:1, 2; 1 പത്രൊസ് 2:13, 17 എന്നീ ഭാഗങ്ങൾ പോലുള്ളിടങ്ങളിലും ഉപയോഗിച്ചിരിക്കുന്ന വാക്കുകളുടെ കൃത്യമായ പരിഭാഷ, ‘ശ്രേഷ്ഠ അധികാരങ്ങൾ’ എന്നു പരാമർശിച്ചിരിക്കുന്നതു പരമോന്നത അധികാരിയായ യഹോവയെയും അവന്റെ പുത്രനായ യേശുവിനെയും അല്ല, പിന്നെയോ മാനുഷ ഗവൺമെൻറ് അധികാരങ്ങളെ ആണ് എന്നു സ്പഷ്ടമാക്കി. 1962-ന്റെ ഒടുവിൽ, റോമർ 13-ാം അധ്യായത്തിന്റെ കൃത്യമായ വിശദീകരണം നൽകിയ ലേഖനങ്ങൾ വീക്ഷാഗോപുരത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. മാത്രമല്ല, സി. റ്റി. റസ്സലിന്റെ കാലത്തു പുലർത്തിയിരുന്നതിനെക്കാൾ വ്യക്തമായ ഒരു വീക്ഷണം അവ തരികയും ചെയ്തു. ഈ അധികാരങ്ങൾക്കുള്ള ക്രിസ്തീയ കീഴ്പെടൽ സമ്പൂർണമായിരിക്കാവുന്നതല്ല എന്ന് ഈ ലേഖനങ്ങൾ ചൂണ്ടിക്കാട്ടി. അത് ആപേക്ഷികമായിരിക്കണം, ദൈവദാസന്മാർ ദൈവനിയമങ്ങൾക്ക് എതിരായി വരാത്തവിധമായിരിക്കണം. വീക്ഷാഗോപുരത്തിൽ വന്ന കൂടുതലായ ലേഖനങ്ങൾ ഈ പ്രധാനപ്പെട്ട ആശയം ഊന്നിപ്പറഞ്ഞു.c
15, 16. (എ) റോമർ 13-ാം അധ്യായത്തെക്കുറിച്ചുള്ള പുതിയ ഗ്രാഹ്യം സമനിലയുള്ള എന്തു വീക്ഷണത്തിലേക്കാണു നയിച്ചത്? (ബി) ഉത്തരം ലഭിക്കേണ്ട എന്തു ചോദ്യങ്ങൾ അവശേഷിക്കുന്നു?
15 റോമർ 13-ാം അധ്യായം ശരിയായി മനസ്സിലാക്കുന്നതിനുള്ള ഈ വിശദീകരണം രാഷ്ട്രീയ അധികാരങ്ങളോടുള്ള ഉചിതമായ ആദരവിനെ മർമപ്രധാനമായ തിരുവെഴുത്തു തത്ത്വങ്ങൾ സംബന്ധിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി സമനിലയിൽ വരുത്താൻ യഹോവയുടെ ജനത്തെ പ്രാപ്തമാക്കിയിരിക്കുന്നു. (സങ്കീർത്തനം 97:11; യിരെമ്യാവു 3:15) ദൈവവുമായുള്ള തങ്ങളുടെ ബന്ധവും രാഷ്ട്രത്തോടുള്ള തങ്ങളുടെ ഇടപെടലുകളും സംബന്ധിച്ച് ഉചിതമായ ഒരു വീക്ഷണമുണ്ടായിരിക്കാൻ ഇത് അവരെ സഹായിച്ചിരിക്കുന്നു. കൈസർക്കുള്ളതു കൈസർക്കു കൊടുക്കുമ്പോൾതന്നെ, ദൈവത്തിനുള്ളതു ദൈവത്തിനു കൊടുക്കുന്നതിനെ അവർ അവഗണിക്കുന്നില്ല എന്ന് അത് ഉറപ്പുവരുത്തിയിരിക്കുന്നു.
16 അപ്പോൾ കൈസർക്കുള്ളത് എന്താണ്? ഒരു ക്രിസ്ത്യാനിയിൽനിന്നു രാഷ്ട്രത്തിന് നിയമാനുസൃതമായ എന്തെല്ലാം കാര്യങ്ങൾ അവകാശപ്പെടാൻ കഴിയും? അടുത്ത ലേഖനത്തിൽ ഈ ചോദ്യങ്ങൾ പരിചിന്തിക്കപ്പെടും.
[അടിക്കുറിപ്പുകൾ]
a സങ്കീർത്തനം 103:22-ന്റെ NW അടിക്കുറിപ്പു കാണുക.
b 1929 ജൂൺ 1, 15 എന്നീ വീക്ഷാഗോപുര (ഇംഗ്ലീഷ്) ലക്കങ്ങൾ.
c വീക്ഷാഗോപുരത്തിന്റെ 1962 നവംബർ 1, 15, ഡിസംബർ 1; 1990 നവംബർ 1 (ഇംഗ്ലീഷ്); 1993 മേയ് 1; 1994 ജൂലൈ 1 എന്നീ ലക്കങ്ങൾ കാണുക.
രസാവഹമായി, റോമർ 13-ാം അധ്യായത്തെക്കുറിച്ചുള്ള തന്റെ ഭാഷ്യത്തിൽ പ്രൊഫസർ എഫ്. എഫ്. ബ്രൂസ് ഇങ്ങനെ എഴുതുന്നു: “രാഷ്ട്രം, ദിവ്യമായി അതിനെ ഏർപ്പെടുത്തിയിരിക്കുന്ന അതിന്റെ ഉദ്ദേശ്യങ്ങളുടെ പരിധിക്കുള്ളിൽ മാത്രമേ അനുസരണം ഉചിതമായി കൽപ്പിക്കാവൂ—പ്രത്യേകിച്ച്, ദൈവത്തിനു മാത്രം അർഹിക്കുന്ന കൂറ് അത് ആവശ്യപ്പെടുമ്പോൾ രാഷ്ട്രത്തെ എതിർക്കാവുന്നതാണെന്നു മാത്രമല്ല എതിർക്കുകയും വേണം—എന്ന് അപ്പോസ്തലിക എഴുത്തുകളുടെ പൊതു പശ്ചാത്തലത്തിൽനിന്നെന്നപോലെ, അതിന്റെ പ്രത്യേക സന്ദർഭത്തിൽനിന്നു വ്യക്തമാണ്.”
നിങ്ങൾക്കു വിശദീകരിക്കാമോ?
◻ ശ്രേഷ്ഠാധികാരങ്ങൾക്കുള്ള കീഴ്പെടലിന്റെ അർഥം സാത്താനുള്ള കീഴ്പെടൽ എന്നല്ല, എന്തുകൊണ്ട്?
◻ തന്റെ നാളിലെ രാഷ്ട്രീയം സംബന്ധിച്ചു യേശുവിന്റെ മനോഭാവം എന്തായിരുന്നു?
◻ കൈസരോടുള്ള തങ്ങളുടെ ഇടപെടൽ സംബന്ധിച്ചു യേശു തന്റെ അനുഗാമികൾക്ക് എന്തു ബുദ്ധ്യുപദേശം നൽകി?
◻ രാഷ്ട്രങ്ങളിലെ ഭരണാധിപന്മാരുമായുള്ള ഇടപെടൽ സംബന്ധിച്ചു പൗലോസ് ക്രിസ്ത്യാനികളെ ബുദ്ധ്യുപദേശിച്ചതെങ്ങനെ?
◻ വർഷാന്തരങ്ങളിൽ ശ്രേഷ്ഠാധികാരങ്ങളുടെ താദാത്മ്യം സംബന്ധിച്ച എന്തു ഗ്രാഹ്യമാണു വികാസം പ്രാപിച്ചത്?
[10-ാം പേജിലെ ചിത്രം]
സാത്താൻ രാഷ്ട്രീയ അധികാരം വാഗ്ദാനം ചെയ്തപ്പോൾ, യേശു അതു തള്ളിക്കളഞ്ഞു
[13-ാം പേജിലെ ചിത്രം]
സത്യക്രിസ്ത്യാനികളെ “കാണേണ്ടത് . . . ഇക്കാലത്തു നിയമം ഏറ്റവുമധികം അനുസരിക്കുന്നവരുടെ കൂട്ടത്തിലായിരിക്കണം” എന്നു റസ്സൽ എഴുതി