അധ്യായം 110
ദേവാലയത്തിലെ അവസാനദിവസം
മത്തായി 23:25–24:2; മർക്കോസ് 12:41–13:2; ലൂക്കോസ് 21:1-6
മതനേതാക്കന്മാരെ യേശു വീണ്ടും കുറ്റപ്പെടുത്തുന്നു
ദേവാലയം നശിപ്പിക്കപ്പെടും
ദരിദ്രയായ ഒരു വിധവ രണ്ടു ചെറുതുട്ടുകൾ സംഭാവന ഇടുന്നു
ദേവാലയത്തിൽ യേശു അവസാനമായി വന്ന സമയത്തും ശാസ്ത്രിമാരുടെയും പരീശന്മാരുടെയും കാപട്യം പരസ്യമായി തുറന്നുകാട്ടാൻ യേശു മടിച്ചില്ല. അവരെ പരസ്യമായിത്തന്നെ കപടഭക്തർ എന്നു വിളിച്ചു. ആലങ്കാരികഭാഷയിൽ യേശു അവരോടു പറയുന്നു: “നിങ്ങൾ പാനപാത്രത്തിന്റെയും തളികയുടെയും പുറം വൃത്തിയാക്കുന്നു. അവയുടെ അകം നിറയെ അത്യാഗ്രഹവും സ്വാർഥതയും ആണ്. അന്ധനായ പരീശാ, പാനപാത്രത്തിന്റെയും തളികയുടെയും അകം ആദ്യം വൃത്തിയാക്കുക. അപ്പോൾ പുറവും വൃത്തിയായിക്കൊള്ളും.” (മത്തായി 23:25, 26) പരീശന്മാർ ആചാരപരമായ ശുദ്ധിയുടെ കാര്യത്തിലും പുറമെയുള്ള ആകാരത്തിന്റെ കാര്യത്തിലും ആവശ്യത്തിലധികം ശ്രദ്ധകൊടുത്തിരുന്നു. എന്നാൽ അവരുടെ ആന്തരികവ്യക്തിത്വത്തെ അവർ അവഗണിക്കുന്നു, അവരുടെ ആലങ്കാരികഹൃദയത്തെ ശുദ്ധീകരിക്കാൻ കൂട്ടാക്കുന്നില്ല.
പ്രവാചകന്മാർക്കുവേണ്ടി പരീശന്മാർ കല്ലറകൾ പണിയുന്നതും അത് അലങ്കരിക്കുന്നതും വെറും കപടതയാണ്. കാരണം യേശു അവരെ ‘പ്രവാചകന്മാരെ കൊന്നവരുടെ പുത്രന്മാർ’ എന്നാണ് വിളിക്കുന്നത്. (മത്തായി 23:31) അതു ശരി വെക്കുന്നതാണ് യേശുവിനെ കൊല്ലാനുള്ള അവരുടെ ശ്രമങ്ങൾ.—യോഹന്നാൻ 5:18; 7:1, 25.
ഈ മതനേതാക്കന്മാർ പശ്ചാത്തപിച്ചില്ലെങ്കിൽ അവർക്ക് സംഭവിക്കാനിരിക്കുന്നതിനെക്കുറിച്ച് യേശു പറഞ്ഞത് ഇങ്ങനെയാണ്: “സർപ്പങ്ങളേ, അണലിസന്തതികളേ, നിങ്ങൾ ഗീഹെന്നാവിധിയിൽനിന്ന് എങ്ങനെ രക്ഷപ്പെടും?” (മത്തായി 23:33) അവിടെ അടുത്തുള്ള ഹിന്നോം താഴ്വരയെയാണ് ഗീഹെന്ന കുറിക്കുന്നത്. ഈ താഴ്വര മാലിന്യം കത്തിക്കുന്ന ഒരിടമാണ്. ദുഷ്ടരായവർക്കു സംഭവിക്കാനിരിക്കുന്ന നിത്യനാശത്തെ സൂചിപ്പിക്കുന്ന ഒരു ചിത്രീകരണമാണ് ഈ താഴ്വര. ദുഷ്ടരായ ശാസ്ത്രിമാരെയും പരീശന്മാരെയും കാത്തിരിക്കുന്നത് അതാണ്.
‘പ്രവാചകന്മാരും ജ്ഞാനികളും ഉപദേഷ്ടാക്കളും’ എന്ന നിലയിൽ ശിഷ്യന്മാരെ അവരുടെ അടുക്കലേക്ക് അയയ്ക്കുമെന്നു യേശു പറയുന്നു. എന്തായിരിക്കും ഫലം? മതനേതാക്കന്മാരോടായി യേശു ഇങ്ങനെ പറഞ്ഞു: “അവരിൽ ചിലരെ നിങ്ങൾ കൊല്ലുകയും സ്തംഭത്തിലേറ്റുകയും ചെയ്യും. മറ്റു ചിലരെ നിങ്ങൾ സിനഗോഗുകളിൽവെച്ച് ചാട്ടയ്ക്ക് അടിക്കുകയും നഗരംതോറും വേട്ടയാടുകയും ചെയ്യും. അങ്ങനെ, നീതിമാനായ ഹാബേലിന്റെ രക്തംമുതൽ . . . നിങ്ങൾ കൊന്നുകളഞ്ഞ ബരെഖ്യയുടെ മകനായ സെഖര്യയുടെ രക്തംവരെ, ഭൂമിയിൽ ചൊരിഞ്ഞിട്ടുള്ള നീതിയുള്ള രക്തം മുഴുവൻ നിങ്ങളുടെ മേൽ വരും.” യേശു ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “ഇതെല്ലാം ഈ തലമുറയുടെ മേൽ വരും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.” (മത്തായി 23:34-36) എ.ഡി. 70-ൽ റോമൻ സൈന്യം യരുശലേം നശിപ്പിക്കുകയും അനേകം ജൂതന്മാർ കൊല്ലപ്പെടുകയും ചെയ്തപ്പോൾ ആ വാക്കുകൾ സത്യമായി ഭവിച്ചു.
ഭയാനകമായ ഈ നാശത്തെക്കുറിച്ച് ചിന്തിച്ച യേശു ദുഃഖത്തോടെ ഇങ്ങനെ പറഞ്ഞു: “യരുശലേമേ, യരുശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുത്തേക്ക് അയയ്ക്കുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ഒന്നിച്ചുകൂട്ടുന്നതുപോലെ നിന്റെ മക്കളെ ഒന്നിച്ചുകൂട്ടാൻ ഞാൻ എത്രയോ തവണ ആഗ്രഹിച്ചു! പക്ഷേ നിങ്ങൾക്ക് അത് ഇഷ്ടമല്ലായിരുന്നു. നിങ്ങളുടെ ഈ ഭവനത്തെ ഇതാ, ഉപേക്ഷിച്ചിരിക്കുന്നു!” (മത്തായി 23:37, 38) യേശു ഏതു “ഭവനത്തെ” കുറിച്ചായിരിക്കും പറഞ്ഞത്? ദൈവത്തിന്റെ സംരക്ഷണത്തിലാണെന്നു കരുതിയ യരുശലേമിലെ ഘനഗംഭീരമായ ദേവാലയത്തെക്കുറിച്ച് ആയിരിക്കുമോ യേശു പറഞ്ഞതെന്ന് ചിലർ ചിന്തിച്ചിട്ടുണ്ടാകണം.
യേശു കൂട്ടിച്ചേർക്കുന്നു: “‘യഹോവയുടെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ’ എന്നു നിങ്ങൾ പറയുന്നതുവരെ നിങ്ങൾ ഇനി എന്നെ കാണില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്തായി 23:39) സങ്കീർത്തനം 118:26-ലെ പ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശു പറയുന്നു: “യഹോവയുടെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ; യഹോവയുടെ ഭവനത്തിൽനിന്ന് ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു.” ഈ ദേവാലയം നശിപ്പിക്കപ്പെട്ടുകഴിയുമ്പോൾ ദൈവത്തെ ആരാധിക്കാനായി പിന്നെ ആരും അങ്ങോട്ടു വരില്ല എന്നതു വ്യക്തം.
യേശു ഇപ്പോൾ ദേവാലയത്തിന്റെ സംഭാവനപ്പെട്ടികൾ വെച്ചിരിക്കുന്ന ഇടത്തേക്കു നീങ്ങുന്നു. ആ പെട്ടിയുടെ മുകളിലുള്ള ചെറിയ ദ്വാരത്തിലൂടെ ആളുകൾക്ക് സംഭാവന ഇടാം. പല ജൂതന്മാരും അതിൽ സംഭാവന ഇടുന്നത് യേശു കാണുന്നു. സമ്പന്നരായവർ “ധാരാളം നാണയങ്ങൾ ഇടുന്നുണ്ടായിരുന്നു.” ഇതിനിടെ ദരിദ്രയായ ഒരു വിധവ വന്ന് “തീരെ മൂല്യം കുറഞ്ഞ രണ്ടു ചെറുതുട്ടുകൾ” ഇട്ടു. (മർക്കോസ് 12:41, 42) ആ സംഭാവന ദൈവം എന്തുമാത്രം വിലമതിച്ചിട്ടുണ്ടാകും എന്ന കാര്യത്തിൽ യേശുവിന് ഒരു സംശയവുമില്ല.
ഇപ്പോൾ യേശു ശിഷ്യന്മാരെ അടുത്ത് വിളിച്ച് അവരോടു പറഞ്ഞു: “ഞാൻ സത്യമായി നിങ്ങളോടു പറയുന്നു: സംഭാവനപ്പെട്ടികളിൽ മറ്റെല്ലാവരും ഇട്ടതിനെക്കാൾ കൂടുതലാണു ദരിദ്രയായ ഈ വിധവ ഇട്ടത്.” അത് എങ്ങനെയാണ്? യേശു വിശദീകരിക്കുന്നു: “അവരെല്ലാം ഇട്ടത് അവരുടെ സമൃദ്ധിയിൽനിന്നാണ്. പക്ഷേ ഈ വിധവ ഇല്ലായ്മയിൽനിന്ന് തനിക്കുള്ളതെല്ലാം, തന്റെ ഉപജീവനത്തിനുള്ള വക മുഴുവനും, ഇട്ടു.” (മർക്കോസ് 12:43, 44) മതനേതാക്കന്മാരിൽനിന്ന് എത്ര വ്യത്യസ്തമാണ് ഈ വിധവയുടെ ചിന്തയും പ്രവൃത്തിയും!
നീസാൻ 11 കഴിയുന്നതിനു മുമ്പേ യേശു ദേവാലയം വിട്ട് പോകുന്നു. ഇനി യേശു ഇവിടേക്കു വരില്ല. ശിഷ്യന്മാരിൽ ഒരാൾ, “ഗുരുവേ, എത്ര മനോഹരമായ കെട്ടിടങ്ങളും കല്ലുകളും!” എന്നു പറഞ്ഞു. (മർക്കോസ് 13:1) ദേവാലയത്തിന്റെ മതിൽ പണിതിരിക്കുന്ന ചില കല്ലുകൾക്ക് അസാമാന്യ വലുപ്പമാണ്. ദേവാലയത്തിന്റെ ശക്തമായ നിർമിതിയെയും ഈടിനെയും വിളിച്ചോതുന്നതാണ് ഈ കല്ലുകൾ. എന്നാൽ യേശു ഇപ്പോൾ വളരെ വിചിത്രമായ ഒരു കാര്യം പറയുന്നു: “ഈ വലിയ കെട്ടിടങ്ങൾ കാണുന്നില്ലേ? എന്നാൽ ഒരു കല്ലിന്മേൽ മറ്റൊരു കല്ലു കാണാത്ത രീതിയിൽ ഇതെല്ലാം ഇടിച്ചുതകർക്കുന്ന സമയം വരും.”—മർക്കോസ് 13:2.
ഈ കാര്യങ്ങളൊക്കെ പറഞ്ഞതിനു ശേഷം യേശുവും അപ്പോസ്തലന്മാരും കിദ്രോൻ താഴ്വര കടന്ന് ഒലിവുമലയിലേക്കു പോകുന്നു. അവിടെ ഒരിടത്ത് പത്രോസ്, അന്ത്രയോസ്, യാക്കോബ്, യോഹന്നാൻ എന്നിവരോടൊപ്പം യേശു ഇരിക്കുകയാണ്. അവിടെനിന്ന് നോക്കിയാൽ മനോഹരമായ ദേവാലയം കാണാം.