വിജയം നേടിത്തരുന്ന സഹിഷ്ണുത
“ദൈവേഷ്ടം ചെയ്ത് വാഗ്ദത്ത നിവൃത്തി പ്രാപിക്കാൻ നിങ്ങൾക്ക് സഹിഷ്ണുത ആവശ്യമാണ്.”—എബ്രായർ 10:36.
1. ഇന്ന് യഹോവയാം ദൈവത്തെ സേവിക്കുന്ന എല്ലാവർക്കും സഹിഷ്ണുത അത്യാവശ്യമായിരിക്കുന്നത് എന്തുകൊണ്ടാണ്?
ഈ മുഴുലോകവും മൽസരിയായ ഒരു ദൈവത്തിന്റെ അധികാരത്തിൻകീഴിലാണ് കിടക്കുന്നത്. അതിന്റെ അദൃശ്യ ഭരണാധിപൻ, പിശാചായ സാത്താൻ, യഹോവയെ എതിർക്കുന്നതിനും യഹോവയുടെ അഖിലാണ്ഡ പരമാധികാരത്തിന്റെ മശിഹൈകരാജ്യം മുഖാന്തരമുള്ള സംസ്ഥാപനത്തിനെതിരെ പോരാടുന്നതിനും തന്റെ സകല ശ്രമവും കേന്ദ്രീകരിച്ചിരിക്കുന്നു. തന്നെത്തന്നെ ദൈവത്തിന് സമർപ്പിക്കുകയും പരമാധികാരത്തിന്റെ വിവാദപ്രശ്നത്തിൽ അവന്റെ പക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്യുന്ന ഏതൊരാളും ഈ ലോകത്തിൽ നിന്നുള്ള നിരന്തരമായ എതിർപ്പ് നേരിടുക എന്നത് ഇത് അനിവാര്യമാക്കിത്തീർക്കുന്നു. (യോഹ. 15:18-20; 1 യോഹന്നാൻ 5:19) അതുകൊണ്ട് അർമ്മഗെദ്ദോനിൽ ഈ ലോകം പരിപൂർണ്ണമായും പരാജയപ്പെടുത്തപ്പെടുന്നതുവരെ സഹിച്ചു നിൽക്കാൻ നാം ഓരോരുത്തരും സജ്ജരായിരിക്കണം. തങ്ങളുടെ വിശ്വാസത്താലും നിർമ്മലതയാലും ഈ ലോകത്തെ ജയിച്ചടക്കുന്ന ദൈവത്തിന്റെ വിജയശ്രീലാളിതരോടൊപ്പമായിരിക്കുന്നതിന് നാം അവസാനത്തോളം സഹിച്ചു നിൽക്കണം. (1 യോഹന്നാൻ 5:4) നമുക്ക് എങ്ങനെ അത് ചെയ്യാൻ കഴിയും?
2, 3. യഹോവയാം ദൈവവും യേശുക്രിസ്തുവും എപ്രകാരമാണ് സഹിഷ്ണുതയുടെ ഏററം മുന്തിയ ദൃഷ്ടാന്തങ്ങളായിരിക്കുന്നത്?
2 പ്രോൽസാഹനത്തിനുവേണ്ടി സഹനശക്തിയുടെ രണ്ട് മുന്തിയ ദൃഷ്ടാന്തങ്ങളിലേക്ക് നമുക്ക് നോക്കാൻ കഴിയും എന്നതാണ് ഒരു സംഗതി. ഇവർ ആരാണ്? ഒരാൾ “സകല സൃഷ്ടികൾക്കും ആദ്യജാതനായ” യേശുക്രിസ്തുവാണ്. ഒരു അനിശ്ചിത ഭൂതകാലത്ത് ആസ്തിക്യത്തിലേക്ക് വരുത്തപ്പെട്ടതുമുതൽ അവൻ വിശ്വസ്തതയോടെ ദൈവസേവനത്തിൽ സ്ഥിരോൽസാഹം കാണിച്ചിട്ടുണ്ട്. വിശ്വസ്തതയോടെ ദൈവത്തെ തുടർന്ന് സേവിക്കുന്ന സംഗതിയിൽ യേശു, അവനുശേഷം സ്വർഗ്ഗത്തിലും ഭൂമിയിലും ആസ്തിക്യത്തിലേക്ക് വരുത്തപ്പെട്ട, ബുദ്ധിശക്തിയുള്ള എല്ലാ സൃഷ്ടികൾക്കും ഒരു ദൃഷ്ടാന്തമായിത്തീർന്നു. (കൊലൊസ്സ്യർ 1:15, 16) എന്നിരുന്നാലും സഹിഷ്ണുതയുടെ ഏററം മുന്തിയ ദൃഷ്ടാന്തം യഹോവയാം ദൈവം തന്നെയാണ്. അവൻ ദീർഘനാളായി തന്റെ അഖിലാണ്ഡ പരമാധികാരത്തിനെതിരെയുള്ള മൽസരം സഹിച്ചിരിക്കുന്നു, പരമാധികാരത്തിന്റെ വിവാദപ്രശ്നത്തിന് അന്തിമമായി തീർപ്പു കൽപ്പിക്കുന്നതുവരെ അങ്ങനെ ചെയ്യുന്നതിൽ തുടരുകയും ചെയ്യും.
3 തന്റെ അന്തസ്സും തീവ്രമായ വ്യക്തിപരവികാരങ്ങളും ഉൾപ്പെട്ടിരിക്കുന്ന സംഗതികളിൽ യഹോവ മാതൃകാപരമായ ഒരു വിധത്തിൽ സഹിഷ്ണുത കാട്ടിയിരിക്കുന്നു. വലിയ പ്രകോപനമുണ്ടായിട്ടും അവൻ തന്നെത്തന്നെ നിയന്ത്രിച്ചിരിക്കുന്നു. പിശാചായ സാത്താൻ ഉൾപ്പെടെ തന്നെ നിന്ദിച്ചിരിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ നിന്ന് അവൻ പിൻമാറി നിന്നിരിക്കുന്നു. ദൈവത്തിന്റെ സഹിഷ്ണുതക്കും അവന്റെ കരുണക്കും നാം നന്ദിയുള്ളവരാണ്. ഇവയില്ലായിരുന്നെങ്കിൽ നാം അൽപ്പസമയത്തേക്കുപോലും ജീവനോടിരിക്കുകയില്ലായിരുന്നു. വാസ്തവത്തിൽ, തന്റെ സഹിഷ്ണുതയാൽ അതുല്യമാംവണ്ണം യഹോവ തന്നെത്തന്നെ ശ്രദ്ധേയനാക്കിയിരിക്കുന്നു.
4, 5. (എ) പൗലോസ് ഉപയോഗിച്ചിരിക്കുന്ന കുശവന്റെ ഉപമ എപ്രകാരമാണ് ദൈവത്തിന്റെ സഹിഷ്ണുതയും അവന്റെ കരുണയും പ്രകടമാക്കുന്നത്? (ബി) ദൈവത്തിന്റെ കരുണ വൃഥാവായിപ്പോയില്ല എന്ന് തെളിയുന്നത് എപ്രകാരമായിരിക്കും?
4 അപ്പൊസ്തലനായ പൗലോസ് ഇപ്രകാരം പറഞ്ഞുകൊണ്ട് ദൈവത്തിന്റെ സഹിഷ്ണുതയിലേക്കും കരുണയിലേക്കും വിരൽചൂണ്ടുന്നു: “കുശവന് ഒരേ പിണ്ഡത്തിൽ നിന്ന് ഒരു പാത്രം മാന്യമായ ഉപയോഗത്തിനും മറെറാന്ന് അപമാനകരമായ ഉപയോഗത്തിനും വേണ്ടി നിർമ്മിക്കാൻ കളിമണ്ണിൻമേൽ അധികാരം ഇല്ലയോ? എന്നാൽ ഇപ്പോൾ ദൈവം തന്റെ ക്രോധം കാണിപ്പാനും ശക്തി വെളിപ്പെടുത്തുവാനും യഹൂദൻമാരിൽ നിന്നു മാത്രമല്ല ജാതികളിൽ നിന്നും വിളിച്ച് മഹത്വത്തിനായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മിൽ തന്റെ മഹത്വത്തിന്റെ ധനം വെളിപ്പെടുത്തുവാൻ ഇച്ഛിച്ചിട്ട് നാശയോഗ്യമായ ക്രോധപാത്രങ്ങളെ ദീർഘക്ഷമയോടെ സഹിച്ചുവെങ്കിലെന്ത്?”—റോമർ 9:21-24.
5 ഈ വാക്കുകൾ പ്രകടമാക്കുന്നതുപോലെ തന്റെ സഹിഷ്ണുതയുടെ ഈ കാലയളവിൽ യഹോവ തന്റെ മഹത്തായ ഉദ്ദേശ്യവുമായി മുന്നോട്ട് പോവുകയും ചില മാനുഷ പാത്രങ്ങളുടെമേൽ കരുണ കാണിക്കുകയും ചെയ്യുന്നു. അവൻ ഈ പാത്രങ്ങളെ നിത്യമഹത്വത്തിനായി ഒരുക്കുകയും അതുവഴി തന്റെ വലിയ എതിരാളിയായ പിശാചായ സാത്താന്റെയും അവന്റെ കൂട്ടാളികളുടെയും ദുഷ്ട ഉദ്ദേശ്യങ്ങളെ പരാജയപ്പെടുത്തുകയും ചെയ്തിരിക്കുന്നു. മനുഷ്യവർഗ്ഗത്തിലെ എല്ലാവരും നാശം അർഹിക്കുന്ന ക്രോധപാത്രങ്ങളാണെന്ന് തെളിഞ്ഞിട്ടില്ല. അത് സർവ്വശക്തനായ ദൈവത്തിന്റെ ദീർഘക്ഷമയുടെ മാഹാത്മ്യമാണ് കാണിക്കുന്നത്. അവന്റെ കരുണ വൃഥാവായിപ്പോകയില്ല. അതു (1) യഹോവയുടെ പ്രിയപുത്രനായ യേശുക്രിസ്തുവിന്റെ കീഴിൽ സ്വർഗ്ഗത്തിൽ മഹത്വമുള്ള ഒരു രാജ്യകുടുംബത്തെയും (2) പറുദീസാഭൂമിയിൽ പുനഃസ്ഥിതീകരിക്കപ്പെട്ടവരും പൂർണ്ണതയിലേക്ക് വരുത്തപ്പെട്ടവരുമായ മാനുഷ സൃഷ്ടികളെയും ഉളവാക്കും; അവരെല്ലാവരും നിത്യജീവൻ അവകാശമാക്കുകയും ചെയ്യും.
അവസാനത്തോളം സഹിച്ചുനിൽക്കൽ
6. (എ) സഹിഷ്ണുതയുടെ ഒരു പരിശോധനയെ ക്രിസ്ത്യാനികൾക്ക് ഒഴിവാക്കാൻ കഴിയുകയില്ലാത്ത് എന്തുകൊണ്ട്? (ബി) “സഹിഷ്ണുത” എന്നതിനുള്ള ഗ്രീക്ക്പദം സാധാരണയായി എന്ത് അർത്ഥമാക്കുന്നു?
6 അത്തരം മഹത്തായ ഒരു പ്രത്യാശ നമ്മുടെ മുമ്പിലുള്ളതിനാൽ യേശുവിന്റെ ഈ പ്രോൽസാഹജനകമായ വാക്കുകൾ എല്ലായ്പ്പോഴും നമ്മുടെ കാതുകളിൽ മുഴങ്ങണം: “അവസാനത്തോളം സഹിച്ചുനിന്നിട്ടുള്ളവനാണ് രക്ഷിക്കപ്പെടുന്നത്.” (മത്തായി 24:13) ക്രിസ്തു ശിഷ്യത്വത്തിന്റെ ഗതിയിൽ ഒരു നല്ല തുടക്കം കുറിക്കുന്നത് പ്രധാനമാണ്. എന്നാൽ അന്തിമമായി കണക്കിലെടുക്കപ്പെടുന്നതു നാം എങ്ങനെ സഹിച്ചു നിൽക്കുന്നു, നാം ആ ഗതി എങ്ങനെ പൂർത്തിയാക്കുന്നു, എന്നതാണ്. ഇങ്ങനെ പറഞ്ഞുകൊണ്ട് അപ്പോസ്തലനായ പൗലോസ് അതിന് ഊന്നൽകൊടുത്തു: “ദൈവേഷ്ടം ചെയ്തിട്ട് വാഗ്ദത്ത നിവൃത്തി പ്രാപിക്കുന്നതിന് നിങ്ങൾക്ക് സഹിഷ്ണുതയുടെ ആവശ്യമുണ്ട്. (എബ്രായർ 10:36) “സഹിഷ്ണുത” എന്ന് ഇവിടെ വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്ക് വാക്ക് ഹൈപ്പോമൊനി ആണ്. തടസ്സങ്ങളെയോ പീഡനങ്ങളെയോ പരിശോധനകളെയോ പ്രലോഭനങ്ങളെയോ നേരിടുമ്പോൾ പ്രത്യാശ നശിക്കാത്ത ധീരവും സ്ഥിരവും ദീർഘവുമായ സഹിഷ്ണുതയെയാണ് അതു സാധാരണയായി അർത്ഥമാക്കുന്നത്. അന്തിമമായി രക്ഷ നേടാൻ നാം പ്രത്യാശിക്കുന്നുവെങ്കിൽ ആ രക്ഷക്ക് ആവശ്യമായ ഒരുക്കമെന്ന നിലയിൽ നാം സഹിഷ്ണുതയുടെ ആ പരിശോധനയെ നേരിടണം.
7. എന്തു തെററായ ധാരണ നാം ഒഴിവാക്കണം, സഹിച്ചുനിൽക്കാൻ ആരുടെ ദൃഷ്ടാന്തം നമ്മെ സഹായിക്കും?
7 വളരെ പെട്ടന്ന് ആ പരിശോധനയെ മറികടക്കാൻ കഴിയുമെന്നുള്ള, നമുക്ക് പ്രസാദകരമായ ആശയം കൊണ്ട് നാം നമ്മെത്തന്നെ വഞ്ചിക്കരുത്. അഖിലാണ്ഡപരമാധികാരത്തിന്റെയും മമനുഷ്യന്റെ നിർമ്മലതയുടെയും വിവാദപ്രശ്നത്തിൽ അന്തിമമായ ഒരു തീർപ്പു കൽപ്പിക്കുന്നതിന് യഹോവ കഷ്ടം സഹിക്കുന്നത് ഒഴിവാക്കിയില്ല. ഉടനടി തുടച്ചു നീക്കാൻ പ്രാപ്തി ഉണ്ടായിരുന്നിട്ടും അവൻ അസുഖകരമായ കാര്യങ്ങൾ സഹിച്ചിരിക്കുന്നു. യേശുക്രിസ്തുവും സഹിഷ്ണുതയുടെ ഒരു ശ്രേഷ്ഠ മാതൃകയായിരുന്നു. (1 പത്രോസ് 2:21; റോമർ 15:3-5 താരതമ്യം ചെയ്യുക.) ഈ ഉജ്ജ്വലമായ ദൃഷ്ടാന്തങ്ങൾ നമ്മുടെ മുമ്പിൽ ഉള്ളതിനാൽ തീർച്ചയായും നാമും അവസാനത്തോളം സഹിച്ചു നിൽക്കാൻ മനസ്സൊരുക്കമുള്ളവരാണ്.—എബ്രായർ 12:2, 3.
അത്യാവശ്യമായ ഒരു യോഗ്യത
8. നമുക്കെല്ലാം അത്യാവശ്യമായ എന്തു ഗുണം അപ്പോസ്തലനായ പൗലോസ് പ്രകടമാക്കി?
8 ഏററം ആദിമ കാലങ്ങൾ മുതൽപോലും ദൈവത്തിന്റെ ദാസൻമാരിൽ ആരും സഹിഷ്ണുതയിലൂടെ നിർമ്മലത തെളിയിക്കേണ്ടതിന്റെ ആവശ്യകതയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ല. മരണത്തോളം വിശ്വസ്തരായി തുടരുകയും സ്വർഗ്ഗത്തിലെ നിത്യജീവന് യോഗ്യരായിത്തീരുകയും ചെയ്തവരായി ബൈബിൾ ചരിത്രത്തിലെ അതിപ്രമുഖരായ വ്യക്തികൾ തങ്ങളുടെ സ്ഥിരത തെളിയിക്കേണ്ടതായിട്ടുണ്ടായിരുന്നു. ഉദാഹരണത്തിന്, മുൻപരീശനായിരുന്ന തർസ്സോസിലെ ശൗൽ കൊരിന്ത്യർക്ക് ഇപ്രകാരം എഴുതി: “ഞാൻ ഏതുമില്ല എങ്കിലും ഞാൻ ഒരു കാര്യത്തിലും നിങ്ങളുടെ അതിശ്രേഷ്ഠ അപ്പോസ്തലൻമാരെക്കാൾ കുറഞ്ഞവനാണെന്ന് തെളിഞ്ഞില്ല. വാസ്തവത്തിൽ അപ്പോസ്തലന്റെ ലക്ഷണങ്ങൾ സകല സഹിഷ്ണുതയാലും അടയാളങ്ങളാലും അത്ഭുതങ്ങളാലും വീര്യപ്രവൃത്തികളാലും നിങ്ങളുടെയിടയിൽ വെളിപ്പെട്ടു വന്നുവല്ലോ.” (2 കൊരിന്ത്യർ 12:11, 12) ജോലിയുടെ ഭാരമെല്ലാമുണ്ടായിരുന്നിട്ടും പൗലോസ് തന്റെ ശുശ്രൂഷയെ വളരെയധികം വിലമതിച്ചതിനാൽ അവൻ ഏറെ സഹിക്കുകയും അതിൻമേൽ യാതൊരു നിന്ദയും വരുത്താതിരിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുകയും ചെയ്തു.—2 കൊരിന്ത്യർ 6:3, 4, 9.
9. (എ) അഭിഷിക്ത ശേഷിപ്പ് എപ്രകാരം സഹിഷ്ണുത പ്രകടമാക്കിയിരിക്കുന്നു, എന്തു ഫലത്തോടെ? (ബി) ദിവ്യസേവനത്തിൽ വിശ്വസ്തതയോടെ തുടരാൻ എന്തു ഒരു പ്രേരകശക്തിയായി ഉതകുന്നു?
9 കുറച്ചുംകൂടെ ആധുനികകാലത്ത്, ഒന്നാം ലോകമഹായുദ്ധത്തിന് മുമ്പ് ദൈവത്തെ സേവിച്ചുകൊണ്ടിരുന്ന അഭിഷിക്ത ക്രിസ്ത്യാനികൾക്ക് 1914 ജനതകളുടെ കാലത്തിന്റെ അന്ത്യം കുറിക്കുമെന്ന് അറിയാമായിരുന്നു; ആ സുപ്രധാന വർഷത്തിൽ തങ്ങളുടെ സ്വർഗ്ഗീയ സമ്മാനം ലഭിക്കാൻ അവരിൽ അനേകർ പ്രതീക്ഷിക്കുകയും ചെയ്തു. എന്നാൽ അത് സംഭവിച്ചില്ല. വസ്തുതകൾ ഇപ്പോൾ പ്രകടമാക്കുന്നതുപോലെ അവർക്ക് പല ദശകങ്ങൾകൂടെ നീട്ടിക്കൊടുക്കപ്പെട്ടു. തങ്ങളുടെ ഭൗമികഗതിയുടെ അപ്രതീക്ഷിതമായ ഈ ദീർഘിപ്പിക്കലിൽ അവർ യഹോവയുടെ കയ്യാലുള്ള നിർമ്മലീകരണത്തിന് വിധേയരായി. (സെഖര്യാവ് 13:9; മലാഖി 3:2, 3) നീണ്ടുനിന്ന സഹിഷ്ണുത അവരുടെ തന്നെ നൻമക്കായി ഉതകി. യഹോവയുടെ ദാസൻമാരെന്ന നിലയിൽ അവന്റെ നാമജനമായി തിരിച്ചറിയിക്കപ്പെട്ടതിൽ അവർ സന്തോഷിച്ചു. (യെശയ്യാവ് 43:10-12; പ്രവൃത്തികൾ 15:14) ഇന്ന്, രണ്ട് ലോകമഹായുദ്ധങ്ങളിലൂടെയും അതിലും ചെറിയ മററ് നിരവധി യുദ്ധങ്ങളിലൂടെയും കടന്നു വന്ന അവർ ഇപ്പോൾ എണ്ണത്തിൽ നാൽപ്പതു ലക്ഷത്തിൽ അധികം വരുന്നതും പെരുകിക്കൊണ്ടിരിക്കുന്നതുമായ വേറെആടുകളുടെ മഹാപുരുഷാരത്താൽ സുവാർത്ത പരത്തുന്നതിന് സഹായിക്കപ്പെടുന്നതിനാൽ പുളകിതരാണ്. അവർ ആസ്വദിക്കുന്ന ആത്മീയ പറുദീസ ഭൂമിയിലെല്ലാം, സമുദ്രത്തിലെ വിദൂര ദ്വീപുകൾവരെപോലും വ്യാപിച്ചിരിക്കുന്നു. നാം എത്ര ദീർഘമായി ജീവിക്കുന്നുവോ അത്രയധികമായി നാം വിലമതിക്കുന്ന ഈ ദിവ്യപ്രീതി യഹോവയുടെ ഇഷ്ടവും ഉദ്ദേശ്യവും പൂർണ്ണമായി നിവർത്തിക്കപ്പെടുന്നതുവരെ ദിവ്യസേവനത്തിൽ വിശ്വസ്തതയോടെ തുടരാൻ ഒരു പ്രേരകശക്തിയായി ഉതകിയിരിക്കുന്നു.
10. നാം മടുത്തുപോകാതിരിക്കുന്നതിന് നമ്മുടെ ഭാഗത്ത് ക്രമമായി എന്താണ് അത്യാവശ്യമായിരിക്കുന്നത്?
10 നമ്മുടെ പ്രതിഫലം നമ്മുടെ സ്ഥിരതയെ ആശ്രയിച്ചിരിക്കുന്നതിനാൽ ഈ ജീവൽപ്രധാനമായ സംഗതിയിൽ നമുക്ക് നിരന്തരമായ ഉൽബോധനം ആവശ്യമാണ്. (1 കൊരിന്ത്യർ 15:58; കൊലൊസ്സ്യർ 1:23) യഹോവയുടെ ജനത്തിന്റെയിടയിൽ ആരും ബലഹീനരാകാതിരിക്കാൻ സത്യവും അത് പ്രചരിപ്പിക്കുന്നതിനുള്ള വിലപ്പെട്ട പദവിയും മുറുകെ പിടിച്ചുകൊള്ളുന്നതിന് നാം ക്രമമായി പ്രോൽസാഹിപ്പിക്കപ്പെടേണ്ടതുണ്ട്, ഒന്നാം നൂററാണ്ടിൽ പുതുതായി രൂപീകരിക്കപ്പെട്ട സഭകൾ പൗലോസിന്റെയും ബർണബാസിന്റെയും മടക്കസന്ദർശനങ്ങളാൽ പ്രോൽസാഹിതരായതുപോലെ തന്നെ. (പ്രവൃത്തികൾ 14:21, 22) സത്യം നമ്മിൽ ഉണ്ടായിരിക്കും, “അത് എന്നേക്കും നമ്മോടുകൂടെ ഉണ്ടായിരിക്കും” എന്ന് അപ്പോസ്തലനായ യോഹന്നാൻ പറഞ്ഞതുപോലെയായിരിക്കട്ടെ നമ്മുടെ ഉറച്ചതീരുമാനവും ദൃഢനിശ്ചയവും.—2 യോഹന്നാൻ 1.
ഇളകാത്ത സഹിഷ്ണുതയോടെ കാത്തിരിക്കൽ
11. തന്റെ ദാസൻമാരോടുള്ള ബന്ധത്തിൽ ദൈവത്തിന്റെ നിയമം എന്തായിരിക്കുന്നതായി തോന്നുന്നു, യോസേഫിന്റെ സംഗതിയിൽ ഇത് എങ്ങനെ ദൃഷ്ടാന്തീകരിക്കപ്പെടുന്നു?
11 നമ്മെ സംബന്ധിച്ചുള്ള പരിശോധന പൂർത്തിയാക്കപ്പെടുന്നതിന് സമയം ആവശ്യമാണ്. (യാക്കോബ് 1:2-4) വിശ്വാസത്തിൽ തുടർന്നു നിലനിൽക്കാനുള്ള തങ്ങളുടെ തീരുമാനം സംബന്ധിച്ച് പുരാതന കാലത്തെ ദൈവദാസൻമാർ പരിശോധിക്കപ്പെട്ടപ്പോൾ കാത്തിരിക്കുക! കാത്തിരിക്കുക! കാത്തിരിക്കുക! എന്നതായിരുന്നു ദൈവത്തിന്റെ നടപടിക്രമം എന്ന് തോന്നുന്നു. എന്നാൽ ആ കാത്തിരിപ്പ് എല്ലായ്പ്പോഴും ആ വിശ്വസ്തദാസൻമാർക്ക് ഒടുവിൽ പ്രതിഫലദായകമെന്ന് തെളിഞ്ഞു. ഉദാഹരണത്തിന് ജോസഫ് ഒരു അടിമയും കാരാഗൃഹവാസിയും എന്ന നിലയിൽ 13 വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു, എന്നാൽ ആ അനുഭവം അവന്റെ വ്യക്തിത്വത്തെ ശുദ്ധീകരിക്കാൻ ഉതകി.—സങ്കീർത്തനം 105:17-19.
12, 13. (എ) അബ്രഹാം വിശ്വസ്തമായ സഹിഷ്ണുതയുടെ ഒരു ദൃഷ്ടാന്തമായിരുന്നതെങ്ങനെ? (ബി) ഏതു വിധത്തിലാണ് അബ്രഹാമിന്റെ വിശ്വാസവും സഹിഷ്ണുതയും നമുക്കൊരു മാതൃകയായി എടുത്തു കാണിക്കപ്പെട്ടിരിക്കുന്നത്?
12 കൽദയരുടെ ഊരിൽ നിന്ന് വാഗ്ദത്ത ദേശത്തേക്ക് പോകാൻ ദൈവം അബ്രഹാമിനെ വിളിച്ചപ്പോൾ അവന് 75 വയസ്സായിരുന്നു. ദൈവത്തിന്റെ വാഗ്ദത്തം സംബന്ധിച്ച് ആണയോടുകൂടിയ ഉറപ്പ് ലഭിച്ചപ്പോൾ അവന് ഏകദേശം 125 വയസ്സായിരുന്നു. തന്റെ പ്രിയ പുത്രനായ ഇസഹാക്കിനെ ബലിചെയ്യാൻ തയ്യാറായ ഘട്ടത്തോളം പോയിക്കൊണ്ട് അവൻ തന്റെ വിശ്വാസത്തിന്റെ ബലം പ്രകടമാക്കുകയും ബലി ചെയ്യുന്നതിൽ നിന്ന് യഹോവയുടെ ദൂതൻ അവന്റെ കൈ തടുക്കുകയും ചെയ്തതിനെ തുടർന്നായിരുന്നു അത്. (ഉൽപ്പത്തി 22:1-18) അബ്രഹാം ഒരു അന്യദേശത്ത് പ്രവാസിയായി കാത്തു കഴിഞ്ഞ 50 വർഷം ഒരു ദീർഘമായ കാലഘട്ടമായിരുന്നു, എന്നാൽ അവൻ 175-ാം വയസ്സിലെ തന്റെ മരണം വരെ മറെറാരു 50 വർഷം കൂടെ അവിടെ പാർത്തു. ആ കാലമെല്ലാം അബ്രഹാം ഒരു വിശ്വസ്ത സാക്ഷിയും യഹോവയാം ദൈവത്തിന്റെ ഒരു പ്രവാചകനുമായിരുന്നു.—സങ്കീർത്തനം 105:9-15.
13 അബ്രഹാമിന്റെ വിശ്വാസവും സഹിഷ്ണുതയും അവന്റെ സന്തതിയായ യേശുക്രിസ്തുവിലൂടെ വാഗ്ദത്തം ചെയ്യപ്പെട്ട അനുഗ്രഹങ്ങൾ പ്രാപിക്കാൻ ആഗ്രഹിക്കുന്ന ദൈവദാസൻമാർക്കെല്ലാം ഒരു മാതൃകയായി എടുത്തു കാണിക്കപ്പെട്ടിരിക്കുന്നു. (എബ്രായർ 11:8-10, 17-19) അവനെ സംബന്ധിച്ച് എബ്രായർ 6:11-15-ൽ നാം ഇപ്രകാരം വായിക്കുന്നു: “നിങ്ങൾ ഓരോരുത്തരും പ്രത്യാശയുടെ പൂർണ്ണ നിശ്ചയം പ്രാപിപ്പാൻ അവസാനത്തോളം അതേ ഉൽസാഹം കാണിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, നിങ്ങൾ മന്ദതയുള്ളവരാകാതെ വിശ്വാസത്താലും സഹിഷ്ണുതയാലും വാഗ്ദത്തങ്ങളെ അവകാശമാക്കിയവരുടെ അനുകാരികളായിത്തീരേണ്ടതിനു തന്നെ. എന്തുകൊണ്ടെന്നാൽ ദൈവം അബ്രഹാമിന് തന്റെ വാഗ്ദത്തങ്ങൾ നൽകിയപ്പോൾ തന്നെക്കാൾ വലിയവനെക്കൊണ്ട് സത്യം ചെയ്യാൻ ഇല്ലാഞ്ഞിട്ട് ഇങ്ങനെ പറഞ്ഞുകൊണ്ട് തന്നെക്കൊണ്ട് തന്നെ സത്യം ചെയ്തു: ‘നിശ്ചയമായും അനുഗ്രഹിക്കുകയിൽ ഞാൻ നിന്നെ അനുഗ്രഹിക്കും, വർദ്ധിപ്പിക്കുകയിൽ ഞാൻ നിന്നെ വർദ്ധിപ്പിക്കും.’ അങ്ങനെ അബ്രഹാം സഹിഷ്ണുത കാണിക്കുകയും വാഗ്ദത്തം പ്രാപിക്കുകയും ചെയ്തു.”
14. സഹിഷ്ണുതയുടെ പരിശോധന അനന്തമാണെന്നും സമ്മാനം ഒരു മരീചിക മാത്രമാണെന്നും നാം വിചാരിക്കരുതാത്തത് എന്തുകൊണ്ട്?
14 അഭിഷിക്ത ശേഷിപ്പ് 1914-ൽ ജനതകളുടെ കാലം അവസാനിച്ചശേഷം 77 വർഷങ്ങൾ കടന്നു പോകുന്നത് കണ്ടിരിക്കുന്നു. അന്ന് സത്യക്രിസ്തീയ സഭയുടെ സ്വർഗ്ഗത്തിലെ മഹത്വീകരണം അവരിൽ ചിലർ പ്രതീക്ഷിച്ചിരുന്നു. ശേഷിപ്പ് എത്രകാലവുംകൂടെ കാത്തിരിക്കണമെന്ന് നമുക്ക് അറിഞ്ഞുകൂടാ. അപ്പോൾ നാം ഇളകിപ്പോവുകയും കാത്തിരിപ്പ് അനന്തമാണെന്നും പ്രതിഫലം വെറുമൊരു മരീചികയാണെന്നും വിചാരിക്കുകയും ചെയ്യണമോ? പാടില്ല! അതൊരിക്കലും ദൈവത്തിന്റെ പരമാധികാരത്തെ സംസ്ഥാപിക്കുകയോ അവന്റെ നാമത്തെ മഹത്വീകരിക്കുകയോ ചെയ്യുകയില്ല. നമുക്ക് വിജയവും തൽഫലമായുള്ള നിത്യജീവനും സമ്മാനമായി നൽകുമ്പോൾ ലോകത്തിന്റെ മുമ്പാകെ അവൻ നീതീകരിക്കപ്പെടുകയില്ല. കാലത്തിന്റെ ദൈർഘ്യം പരിഗണിക്കാതെ ശേഷിപ്പും അവരുടെ ചെമ്മരിയാടുതുല്യരായ വിശ്വസ്ത സഹപ്രവർത്തകരും യഹോവ തന്റെ സ്വന്തം സമയത്തു നടപടി സ്വീകരിക്കുന്നതിനുവേണ്ടി കാത്തിരിക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. അത്തരം മാതൃകാപരമായ സ്ഥിരോൽസാഹം കാണിക്കുകയിൽ അവർ അബ്രഹാമിന്റെ ഗതി പിൻപററിയിരിക്കുന്നു.—റോമർ 8:23-25.
15. (എ) നമ്മുടെ മുദ്രാവാക്യം എന്താണ്, എന്തനുഭവങ്ങളിലൂടെ ദൈവം നമ്മെ വിജയകരമായി നിലനിർത്തിയിരിക്കുന്നു? (ബി) പൗലോസിന്റെ എന്തു ഉൽബോധനം നമ്മുടെ നാളിലേക്ക് ഉചിതമായി തുടരുന്നു?
15 അതുകൊണ്ട് ഇപ്പോഴും നമ്മുടെ മുദ്രാവാക്യം ദൈവവേഷ്ടം ചെയ്യുന്നതിൽ ഇളകാത്ത സഹിഷ്ണുത കാണിക്കുക എന്നതാണ്. (റോമർ 2:6, 7) കഴിഞ്ഞകാലങ്ങളിൽ ജയിൽ ശിക്ഷയും കോൺസെൻട്രേഷൻ ക്യാമ്പുകളും പോലുള്ള കഠിനമായ പരിശോധനകളിലൂടെ അവൻ നമ്മെ പിന്തുണക്കുകയും അവന്റെ നാമത്തിനും ഉദ്ദേശ്യത്തിനും മഹത്വം കൈവരുത്തിക്കൊണ്ട് നമ്മെ വിജയത്തിലെത്തിക്കുകയും ചെയ്തിരിക്കുന്നു.a നമ്മുടെ പരിശോധന പൂർത്തിയാകാൻ ഇനിയും ശേഷിച്ചിരിക്കുന്ന സമയങ്ങളിലും യഹോവ അതുതന്നെ ചെയ്യുന്നതിൽ തുടരും. പൗലോസിന്റെ ഈ ഉൽബോധനം നമ്മുടെ നാളിലേക്ക് ഉചിതമായിത്തന്നെയിരിക്കുന്നു: “നിങ്ങൾ ദൈവത്തിന്റെ ഇഷ്ടം പൂർണ്ണമായി നിറവേററുകയും അങ്ങനെ വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്നത് സ്വീകരിക്കുകയും സ്വന്തമാക്കി പൂർണ്ണതോതിൽ ആസ്വദിക്കുകയും ചെയ്യുന്നതിന് നിങ്ങൾക്ക് സ്ഥിരമായ ക്ഷമയും സഹിഷ്ണുതയും ആവശ്യമുണ്ട്.”—എബ്രായർ 10:36, ദി ആംപ്ലിഫൈഡ് ബൈബിൾ; റോമർ 8:37.
16. യഹോവക്കുള്ള നമ്മുടെ സമർപ്പണത്തെ ഒരു പരിമിതമായ വിധത്തിൽ മാത്രമൊ അപൂർണ്ണമായ ഒന്നായോ വീക്ഷിക്കരുതാത്തത് എന്തുകൊണ്ട്?
16 ഈ ദുഷ്ടലോകത്തിൻ മദ്ധ്യേ നമുക്ക് ചെയ്യാൻ യഹോവക്ക് വേലയുള്ളടത്തോളം കാലം യേശുവിന്റെ ദൃഷ്ടാന്തം അനുകരിച്ചുകൊണ്ട്, ആ വേല പൂർത്തിയാകുന്നതുവരെ അതിൽ ഏർപ്പെട്ടിരിക്കാൻ നാം ആഗ്രഹിക്കുന്നു. (യോഹന്നാൻ 17:4) യഹോവക്കുള്ള നമ്മുടെ സമർപ്പണം നാം കുറച്ചുകാലത്തേക്ക് അവനെ സേവിക്കുമെന്നും അപ്പോൾ അർമ്മഗെദ്ദോൻ വരുമെന്നുമുള്ള ധാരണയോടെയായിരുന്നില്ല. നമ്മുടെ സമർപ്പണം എക്കാലത്തേക്കുമായിരുന്നു. നമുക്കുവേണ്ടിയുള്ള യഹോവയുടെ വേല അർമ്മഗെദ്ദോൻ യുദ്ധത്തോടെ അവസാനിക്കുകയില്ല. എന്നിരുന്നാലും അർമ്മഗെദ്ദോന് മുമ്പ് നാം ചെയ്യേണ്ട വേല പൂർത്തിയായശേഷം മാത്രമേ ആ മഹായുദ്ധത്തിനുശേഷം വരാനിരിക്കുന്ന മഹത്തായ കാര്യങ്ങൾ നാം കാണുകയുള്ളു. അപ്പോൾ അവന്റെ വേല ചെയ്യുന്നതിൽ തുടരുന്നതിന്റെ സന്തുഷ്ടമായ പദവിക്കു പുറമെ അവൻ വാഗ്ദാനം ചെയ്തിട്ടുള്ളതും ദീർഘകാലമായി നാം പ്രത്യാശിച്ചിരുന്നതുമായ അനുഗ്രഹങ്ങൾ നാം പ്രാപിക്കുകയും ചെയ്യും.—റോമർ 8:32.
ദൈവത്തോടുള്ള സ്നേഹം സഹിച്ചുനിൽക്കാൻ നമ്മെ സഹായിക്കുന്നു
17, 18. (എ) സമ്മർദ്ദങ്ങളുണ്ടാകുമ്പോൾ ദൈവാംഗീകാരത്തോടെ സഹിച്ചു നിൽക്കാൻ നമ്മെ സഹായിക്കുന്നത് എന്താണ്? (ബി) വിജയം നേടാൻ നമ്മെ സഹായിക്കുന്നത് എന്താണ്, ശേഷിച്ചിരിക്കുന്ന സമയം സംബന്ധിച്ച് നാം എന്ത് പറയുകയില്ല?
17 ഒരുപക്ഷേ സമ്മർദ്ദത്തിൻ കീഴിലാവുമ്പോൾ ‘നമുക്ക് ഇനിയും എങ്ങനെ സഹിച്ചു നിൽക്കാൻ കഴിയും?’ എന്ന് നാം ചോദിച്ചേക്കാം. അതിനുള്ള ഉത്തരമോ? നമ്മുടെ മുഴുഹൃദയത്തോടും മനസ്സോടും ദേഹിയോടും ശക്തിയോടുംകൂടെ ദൈവത്തെ സ്നേഹിക്കുന്നതിനാൽ തന്നെ. “സ്നേഹം ദീർഘമായി ക്ഷമിക്കുകയും ദയ കാണിക്കുകയും ചെയ്യുന്നു. സ്നേഹം അസൂയപ്പെടുന്നില്ല, അത് വമ്പു പറയുന്നില്ല, അഹങ്കരിക്കുന്നില്ല. അത് എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു. സ്നേഹം ഒരിക്കലും പരാജയപ്പെടുന്നില്ല.” (1 കൊരിന്ത്യർ 13:4, 7, 8) നാം ദൈവത്തോടുള്ള സ്നേഹത്തെപ്രതി സഹിക്കുന്നില്ലെങ്കിൽ നമ്മുടെ സഹിഷ്ണുതക്ക് വിലയില്ല. എന്നാൽ യഹോവയോടുള്ള ഭക്തി നിമിത്തം നാം സമ്മർദ്ദത്തിൻകീഴിൽ സഹിച്ചു നിൽക്കുന്നുവെങ്കിൽ നമ്മുടെ സഹനത്തിന് അവനോടുള്ള നമ്മുടെ സ്നേഹം കൂടുതൽ ആഴമുള്ളതാക്കാൻ കഴിയും. തന്റെ പിതാവായ ദൈവത്തോടുള്ള സ്നേഹം സഹിച്ചു നിൽക്കാൻ യേശുവിനെ പ്രാപ്തനാക്കി. (യോഹന്നാൻ 14:30, 31; എബ്രായർ 12:2) നമ്മുടെ യഥാർത്ഥ പ്രേരകശക്തി നമ്മുടെ പിതാവായ ദൈവത്തോടുള്ള നമ്മുടെ സ്നേഹമാണെങ്കിൽ നമുക്ക് സഹിക്കാൻ വയ്യാത്തതായി എന്താണുള്ളത്?
18 യഹോവയാം ദൈവത്തോടുള്ള നമ്മുടെ അചഞ്ചലമായ സ്നേഹമാണ് ഏററം ദുർഘടമായ ഈ പരിശോധനാ ഘട്ടത്തിൽ ലോകത്തെ ജയിച്ചടക്കിയവരായി നിലകൊള്ളാൻ നമ്മെ പ്രാപ്തരാക്കിയിട്ടുള്ളത്. ഈ പഴയ വ്യവസ്ഥിതി എത്രകാലത്തേക്കു കൂടി തുടരാൻ അനുവദിക്കപ്പെട്ടാലും യഹോവയാം ദൈവം യേശുക്രിസ്തു മുഖാന്തരം നമുക്ക് ആവശ്യമായ സഹായം നൽകുന്നതിൽ തുടരും. (1 പത്രോസ് 5:10) ഇനിയും എത്രകാലം കൂടെ അവശേഷിച്ചിട്ടുണ്ടെന്ന് തീർച്ചയായും നാം മുൻകൂട്ടിപ്പറയുന്നില്ല. നാം ഏതെങ്കിലും തീയതി നിശ്ചയിക്കുകയുമല്ല. അത് നാം വലിയ സമയപാലകനായ യഹോവയാം ദൈവത്തിന് വിടുന്നു.—സങ്കീർത്തനം 31:15.
19, 20. (എ) നാം സഹിച്ചു നിൽക്കവേ കടന്നുപോകുന്ന ഓരോ ദിവസത്തെയും നാം എങ്ങനെ വീക്ഷിക്കണം? (ബി) എന്തു മൗഢ്യമാണ് ഒഴിവാക്കാൻ നാം ആഗ്രഹിക്കുന്നത്, എന്തുകൊണ്ട്?
19 എന്നിരുന്നാലും “ഈ വ്യവസ്ഥിതിയുടെ സമാപനത്തിന് സാക്ഷ്യം വഹിക്കുകയും അത് അനുഭവിക്കുകയും ചെയ്യുമെന്ന് മുൻകൂട്ടിപ്പറയപ്പെട്ട തലമുറക്ക് പ്രായമേറി വരികയാണ്. (മത്തായി 24:3, 32-35) അതുകൊണ്ട് കടന്നുപോകുന്ന ഓരോ ദിവസവും നാം സഹിച്ചു നിൽക്കുമ്പോൾ തങ്ങളുടെ ആസ്തിക്യത്താൽ അഖിലാണ്ഡത്തെ മലിനമാക്കാൻ സാത്താനും അവന്റെ ഭൂതങ്ങൾക്കും അനുവദിക്കപ്പെട്ടിരിക്കുന്ന ദിവസങ്ങളിൽ ഒന്നു കുറഞ്ഞുവെന്ന്, “നാശത്തിന് യോഗ്യരായ ക്രോധപാത്രങ്ങളെ” യഹോവ മേലാൽ സഹിക്കാത്ത സമയത്തേക്ക് നാം ഒരു ദിവസംകൂടെ അടുത്തുവെന്ന് നമുക്ക് മറക്കാതിരിക്കാം. (റോമർ 9:22) പെട്ടെന്നുതന്നെ യഹോവയുടെ ദീർഘക്ഷമ അവസാനിക്കുമ്പോൾ അഭക്തരായ സ്ത്രീകളുടെയും പുരുഷൻമാരുടെയും മേൽ അവൻ തന്റെ ക്രോധം ചൊരിയും. അപ്രകാരം ഈ കാലമത്രയും ഇങ്ങനെ തുടരാൻ അവൻ അവരെ അനുവദിച്ചുവെങ്കിലും അവരോടുള്ള ദിവ്യ അപ്രീതി അവൻ വെളിപ്പെടുത്തും.
20 യേശുക്രിസ്തുവിലൂടെ നമുക്ക് വച്ചു നീട്ടപ്പെട്ടിരിക്കുന്ന മഹത്തായ സമ്മാനം നേടാനുള്ള ശ്രമങ്ങൾ നാം ഉപേക്ഷിച്ചു കളയുന്നുവെങ്കിൽ അത് നമ്മുടെ ഭാഗത്ത് അങ്ങേയററത്തെ മൗഢ്യമായിരിക്കും. മറിച്ച്, അഖിലാണ്ഡപരമാധികാരി എന്ന നിലയിൽ തന്നെത്തന്നെ യഹോവ സംസ്ഥാപിക്കാൻ പോകുന്ന ജീവൽപ്രധാനമായ ഈ സമയത്ത് യഹോവയുടെ സാക്ഷികളെന്ന നിലയിൽ വിശ്വസ്തതയോടെ തുടരാൻ നാം ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. (w91 11/1)
[അടിക്കുറിപ്പ്]
a ഉദാഹരണത്തിന്, ക്രിസ്ററീൻ എലിസബത്ത് കിംഗ് ഇപ്രകാരം എഴുതി: “സാക്ഷികൾക്കെതിരെ മാത്രമെ [നാസ്സി] ഗവൺമെൻറ് പരാജയപ്പെട്ടുള്ളു, അവർ ആയിരക്കണക്കിന് യഹോവയുടെ സാക്ഷികളെ വധിച്ചുവെങ്കിലും സാക്ഷികളുടെ പ്രവർത്തനം തുടർന്നു, 1945 മേയ് ആയപ്പോഴും യഹോവയുടെ സാക്ഷികളുടെ പ്രസ്ഥാനം സജീവമായിരുന്നു, നാഷണൽ സോഷ്യലിസമോ ഇല്ലാതെയായി. സാക്ഷികളുടെ സംഖ്യ അതിനോടകം വർദ്ധിച്ചിരുന്നു, അവർ യാതൊന്നിലും വിട്ടുവീഴ്ച ചെയ്തിരുന്നതുമില്ല. ആ പ്രസ്ഥാനം രക്തസാക്ഷികളെ നേടിയിരുന്നു, അവർ യഹോവയാം ദൈവത്തിന്റെ യുദ്ധത്തിൽ മറെറാരു പോരാട്ടംകൂടെ പൂർത്തിയാക്കിയിരുന്നു.”—നാസ്സി സ്റെറയിററ് ആൻഡ് ദ ന്യൂ റിലിജിയൻസ്: ഫൈവ് കെയിസ് സ്ററഡീസ് ഇൻ നോൺ—കൺഫോമിററി, പേജ് 193.
നിങ്ങൾ എങ്ങനെ പ്രതിവചിക്കും?
◻നമ്മുടെ സഹിഷ്ണുത പരിശോധിക്കപ്പെടുന്നത് നമുക്ക് ഒഴിവാക്കാൻ കഴിയുകയില്ലാത്തത് എന്തുകൊണ്ട്?
◻ഏതു തെററായ ധാരണയാണ് നാം ഒഴിവാക്കാൻ ആഗ്രഹിക്കുന്നത്?
◻നാം ബലഹീനരായിത്തീരുന്നത് ഒഴിവാക്കാൻ എന്താണ് അത്യാവശ്യമായിരിക്കുന്നത്?
◻നമ്മുടെ മുദ്രാവാക്യം എന്താണ്?
◻സമ്മർദ്ദത്തിൻ കീഴിൽ സഹിച്ചു നിൽക്കാൻ നമ്മെ എന്തു സഹായിക്കും?
[11-ാം പേജിലെ ചിത്രം]
ട്രിനിഡാഡിലെ പോർട്ട് ഓഫ് സ്പെയിനിലുള്ള ഈ സാക്ഷികളെപ്പോലെ ദൈവത്തിന്റെ ജനം എല്ലായ്പ്പോഴും യഹോവക്കായി കാത്തിരിക്കാൻ മനസ്സൊരുക്കമുള്ളവരായിരുന്നിട്ടുണ്ട്