അധ്യായം 15
മററുളള ആളുകളെ സംബന്ധിച്ച് താല്പര്യമുണ്ടായിരിക്കേണ്ടതെന്തുകൊണ്ട്?
1. (എ) അനേകമാളുകൾ തങ്ങളുടെ സ്വന്തം കാര്യം നോക്കാനും മററുളളവർക്ക് സംഭവിക്കുന്നതിൽ താല്പര്യമില്ലാത്തവരായിത്തീരാനും ഇടയാക്കിയിരിക്കുന്നതെന്ത്? (ബി) അതിന്റെ ഫലമെന്തായിരുന്നിട്ടുണ്ട്?
മററുളളവരോടുളള നിസ്വാർത്ഥ താല്പര്യം ഇന്ന് അപൂർവ്വമാണ്. സ്നേഹിക്കാനുളള പ്രാപ്തിയോടെയാണ് എല്ലാവരും ജനിച്ചിരിക്കുന്നതെങ്കിലും മററുളളവർ അനുചിതമായി മുതലെടുക്കാൻ ശ്രമിക്കുകയോ അല്ലെങ്കിൽ സ്നേഹം പ്രകടമാക്കാനുളള ഒരുവന്റെ ശ്രമങ്ങൾ തെററിദ്ധരിക്കപ്പെടുകയോ ചെയ്യുമ്പോൾ സ്വന്തം കാര്യങ്ങൾ നോക്കുന്നതാണ് നല്ലതെന്ന് ഒരു വ്യക്തി തീരുമാനിച്ചേക്കാം. സഹമനുഷ്യരെ ചൂഷണം ചെയ്യുന്നവർ ഭൗതികമായി അഭിവൃദ്ധിപ്പെടുന്നതു കാണുമ്പോൾ ഇതാണ് വിജയിക്കാനുളള മാർഗ്ഗമെന്ന് മററു ചിലർ തെററിദ്ധരിച്ചേക്കാം. ഇതിന്റെ ഫലം അനേകം ആളുകൾക്കു ഒരു അവിശ്വാസത്തിന്റെ ആത്മാവുണ്ടെന്നതും യഥാർത്ഥ സുഹൃത്തുക്കളായിട്ട് ആരെങ്കിലും ഉണ്ടെങ്കിൽതന്നെ വളരെ കുറച്ചു പേരെയുളളു എന്നതുമാണ്. ഈ അസന്തുഷ്ടമായ അവസ്ഥാവിശേഷത്തിന്റെ കാരണമെന്താണ്?
2. (എ) ബൈബിൾ പ്രശ്നത്തിന്റെ മൂലകാരണത്തെ തിരിച്ചറിയിക്കുന്നതെങ്ങനെ? (ബി) ദൈവത്തെ അറിയുകയെന്നാൽ അർത്ഥമെന്ത്?
2 സ്നേഹമാണില്ലാത്തത്, മററാളുകളുടെ നിലനിൽക്കുന്ന ക്ഷേമത്തിൽ ആത്മാർത്ഥമായ താല്പര്യം പ്രകടമാക്കുന്ന തരത്തിലുളള സ്നേഹം തന്നെ. അതില്ലാത്തതെന്തുകൊണ്ടാണ്? പ്രശ്നത്തിന്റെ മൂല കാരണത്തിലേക്കു ചെന്നുകൊണ്ട് ബൈബിൾ പ്രസ്താവിക്കുന്നു: “സ്നേഹിക്കാത്തവൻ ദൈവത്തെ അറിയാനിടയായിട്ടില്ല, എന്തുകൊണ്ടെന്നാൽ ദൈവം സ്നേഹമാകുന്നു.” (1 യോഹന്നാൻ 4:8) അനേകം സ്വാർത്ഥാന്വേഷികളായ വ്യക്തികൾ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെന്ന് പരസ്യമായി പറയുകയും പളളിയിൽ പോകുകപോലും ചെയ്യുന്നുണ്ടെന്നുളളത് വാസ്തവംതന്നെ. എന്നാൽ അവർ യഥാർത്ഥത്തിൽ ദൈവത്തെ അറിയുന്നില്ല എന്നതാണ് വസ്തുത. ദൈവത്തെ അറിയുക എന്നാൽ അവന്റെ വ്യക്തിത്വത്തോടു സുപരിചിതരായിരിക്കുക, അവന്റെ അധികാരത്തെ തിരിച്ചറിയുക അനന്തരം അവനെപ്പററി നമുക്കറിയാവുന്നതിനോട് ചേർച്ചയിൽ പ്രവർത്തിക്കുക എന്നാണ് അർത്ഥം. (യിരെമ്യാവ് 22:16; തീത്തോസ് 1:16) അതുകൊണ്ട് ഒരുവൻ സ്നേഹം പ്രകടമാക്കുകയും അതു സ്വീകരിക്കുകയും ചെയ്യുമ്പോൾ മാത്രം ലഭിക്കുന്ന യഥാർത്ഥ ജീവിതാസ്വാദനം കണ്ടെത്തുന്നതിന് നാം ദൈവത്തെ നന്നായി അറിയുകയും നാം പഠിക്കുന്നത് പ്രായോഗികമാക്കുകയും ചെയ്യേണ്ടതാണ്.
3. ദൈവം മനുഷ്യവർഗ്ഗത്തോടുളള തന്റെ വലിയ സ്നേഹം പ്രകടമാക്കിയിരിക്കുന്നതെങ്ങനെ?
3 “ഇതിനാൽ ദൈവസ്നേഹം നമ്മുടെ സംഗതിയിൽ പ്രത്യക്ഷമാക്കപ്പെട്ടു, എന്തുകൊണ്ടെന്നാൽ തന്റെ ഏകജാതനായ പുത്രൻ മുഖാന്തരം നാം ജീവൻ നേടേണ്ടതിന് ദൈവം അവനെ ലോകത്തിലേക്കു അയച്ചു” എന്ന് അപ്പോസ്തലനായ യോഹന്നാൻ എഴുതി. “സ്നേഹം ഈ കാര്യത്തിലാണ്, നാം ദൈവത്തെ [ആദ്യം] സ്നേഹിച്ചിരിക്കുന്നുവെന്നല്ല, പിന്നെയോ അവൻ നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങൾക്കുവേണ്ടി ഒരു പരിഹാരബലിയായി തന്റെ പുത്രനെ അയയ്ക്കുകയും ചെയ്തു. പ്രിയരെ, ഈ വിധത്തിലാണ് ദൈവം നമ്മെ സ്നേഹിച്ചതെങ്കിൽ, അപ്പോൾ നാം തന്നെയും അന്യോന്യം സ്നേഹിക്കാനുളള കടപ്പാടിൻ കീഴിലാണ്.” (1 യോഹന്നാൻ 4:9-11) തന്റെ സ്നേഹത്തെ ഞെരുക്കിക്കളയാൻ മനുഷ്യവർഗ്ഗത്തിന്റെ സ്നേഹരഹിതമായ നടത്തയെ ദൈവം അനുവദിച്ചില്ല. റോമർ 5:8-ൽ പ്രസ്താവിച്ചിരിക്കുന്ന പ്രകാരം: “നാം പാപികളായിരുന്നപ്പോൾ തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചതിനാൽ ദൈവം തന്റെ സ്വന്തം സ്നേഹത്തെ നമുക്കു ശുപാർശ ചെയ്യുന്നു.”
4. അത് നിങ്ങൾക്ക് ദൈവത്തോട് വ്യക്തിപരമായി എന്തു വിചാരമുളവാക്കുന്നു?
4 നിങ്ങളുടെ ജീവനെ മററുളള ആളുകൾക്കുവേണ്ടി—നിങ്ങൾക്കുവേണ്ടി യാതൊന്നും ഒരിക്കലും ചെയ്തിട്ടില്ലാത്ത ആളുകൾക്കുവേണ്ടി—വെച്ചുകൊടുക്കാൻ തക്കവണ്ണം നിങ്ങൾ അത്രയധികം സ്നേഹിക്കുന്ന എത്രയാളുകളുണ്ട്? നിങ്ങൾ ഒരു പിതാവോ മാതാവോ ആണെങ്കിൽ നിങ്ങളുടെ കുട്ടി മറെറാരാൾക്കുവേണ്ടി മരിക്കാൻ നിങ്ങൾ മനസ്സു വയ്ക്കത്തക്കതായി ആരെങ്കിലുമുണ്ടോ? അത്തരം സ്നേഹമാണ് ദൈവം നമ്മോട് കാണിച്ചത്. (യോഹന്നാൻ 3:16) ഇതറിയുന്നത് ദൈവത്തോട് നിങ്ങൾക്ക് എങ്ങനെയുളള വിചാരം ഉണ്ടായിരിക്കാനിടയാക്കും? അവൻ ചെയ്തിട്ടുളളതിനെ നാം യഥാർത്ഥത്തിൽ വിലമതിക്കുന്നെങ്കിൽ അവന്റെ കല്പനകൾ അനുസരിക്കുന്നത് ഒരു ഭാരമല്ലെന്ന് നിങ്ങൾ കണ്ടെത്തും.—1 യോഹന്നാൻ 5:3.
5. (എ) യേശു തന്റെ ശിഷ്യൻമാർക്ക് കൊടുത്ത “പുതിയ കല്പന” എന്താണ്? (ബി) ഭരണാധികാരി എന്ന നിലയിൽ ദൈവത്തോടുളള നമ്മുടെ ഭക്തി ഇവിടെ ഉൾപ്പെട്ടിരിക്കുന്നതെങ്ങനെ? (സി) അപ്പോൾ, ഈ “പുതിയ കല്പന”യോടുളള അനുസരണം എന്താവശ്യമാക്കിത്തീർക്കുന്നു?
5 യേശുവിന്റെ മരണത്തിന്റെ തലേ രാത്രിയിൽ അവൻ തന്റെ ശിഷ്യൻമാർക്ക് ആ കല്പനകളിൽ ഒന്നു കൊടുത്തു. അത് അവരെ ശേഷിച്ച ലോകത്തിൽ നിന്ന് വ്യത്യസ്തരെന്ന് തിരിച്ചറിയിക്കും. “ഞാൻ നിങ്ങൾക്ക് ഒരു പുതിയ കല്പന നൽകുകയാകുന്നു, നിങ്ങൾ അന്യോന്യം സ്നേഹിക്കണമെന്നു തന്നെ,” എന്ന് അവൻ പറഞ്ഞു. കേവലം അവർ തങ്ങളെത്തന്നെ സ്നേഹിച്ചതുപോലെയല്ല, മറിച്ച് “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ”—ഒരുവൻ മറെറാരുവനുവേണ്ടി ജീവൻ വച്ചുകൊടുക്കാൻ തയ്യാറായിക്കൊണ്ട്—മററുളളവരെ സ്നേഹിക്കാൻ പറഞ്ഞതു കൊണ്ടാണ് യേശുവിന്റെ കല്പന “പുതിയതാ”യിരുന്നത്. (യോഹന്നാൻ 13:34, 35; 1 യോഹന്നാൻ 3:16) ഇത്തരം സ്നേഹം, സ്വന്തം ജീവൻ അപകടപ്പെടുത്തിക്കൊണ്ട് ഒരു മനുഷ്യനും ദൈവത്തെ അനുസരിക്കുകയില്ല എന്നുളള പിശാചിന്റെ അവകാശവാദം തെററാണെന്ന് തെളിയിച്ചുകൊണ്ട് നമുക്കു ദൈവത്തോടുളള ഭക്തി പ്രകടമാക്കുന്നു. (ഇയ്യോബ് 2:1-10) പ്രസ്പഷ്ടമായി, “ഈ പുതിയ കല്പന”യോടുളള അനുസരണം അന്യോന്യമുളള ആഴമായ താൽപര്യം ആവശ്യമാക്കിത്തീർക്കുന്നു.—യാക്കോബ് 1:27; 2:15, 16; 1 തെസ്സലോനീക്യർ 2:8.
6. വേറെ ആരോടും സ്നേഹം കാണിക്കണം, എന്തുകൊണ്ട്?
6 എന്നാൽ ക്രിസ്തു മരിച്ചത് തന്റെ ശിഷ്യൻമാർക്കുവേണ്ടിമാത്രമല്ല പിന്നെയോ മനുഷ്യവർഗ്ഗലോകത്തിനുവേണ്ടിയായിരുന്നു. അതുകൊണ്ട് തിരുവെഴുത്തുകൾ ഇപ്രകാരം ശക്തിയായി ബുദ്ധിയുപദേശിക്കുന്നു: “നമുക്ക് അനുകൂല സമയം ഉളളടത്തോളം കാലം നമുക്ക് എല്ലാവർക്കും, വിശേഷാൽ വിശ്വാസത്തിൽ നമ്മോട് ബന്ധപ്പെട്ടവർക്ക് നൻമ ചെയ്യാം.” (ഗലാത്യർ 6:10) ‘എല്ലാവർക്കും നൻമ ചെയ്യാനുളള’ അവസരങ്ങൾ ഓരോ ദിവസവും ഉണ്ട്. നമ്മുടെ സ്നേഹം ഇടുങ്ങിയതായിരിക്കാതെ തുറന്ന ഹൃദയത്തോടെയുളളതും ഔദാര്യപൂർവ്വകമായതുമാണെങ്കിൽ നാം ദൈവത്തെ അനുകരിക്കുന്നു, എന്തുകൊണ്ടെന്നാൽ “അവൻ ദുഷ്ടരായ ആളുകളുടെ മേലും നല്ലവരുടെ മേലും തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതിമാൻമാരായ ആളുകളുടെ മേലും നീതികെട്ടവരുടെമേലും മഴ പെയ്യിക്കുകയും ചെയ്യുന്നു.”—മത്തായി 5:43-48.
മററുളളവരുടെ വ്യക്തിത്വത്തോടും വസ്തുവിനോടുമുളള ആദരവ്
7. മററാളുകളുടെ വ്യക്തിത്വത്തോടും വസ്തുവിനോടും നാം പെരുമാറുന്ന വിധത്തെ എന്തു സ്വാധീനിച്ചേക്കാം?
7 നാം സ്നേഹരഹിതമായ ഒരു ലോകത്തിൻമദ്ധ്യേയാണ് ജീവിക്കുന്നത്. നിങ്ങൾ മററുളളവരോട് എല്ലായ്പ്പോഴും നിങ്ങൾക്ക് സാദ്ധ്യമാകുന്നിടത്തോളം പരിഗണനയുളളവരായിരുന്നിട്ടില്ലെന്ന് ഒരുപക്ഷേ നിങ്ങൾ തിരിച്ചറിയുന്നുണ്ടായിരിക്കാം. എന്നാൽ ഒരു വ്യക്തി ദൈവത്തെ സേവിക്കണമെങ്കിൽ അയാൾ ‘തന്റെ മനസ്സ് പുതുക്കാൻ’ മനസ്സാക്ഷിപൂർവ്വം ശ്രമിക്കേണ്ടയാവശ്യമുണ്ട്. (റോമർ 12:1, 2) അയാൾ മററുളളവരുടെ വ്യക്തിത്വത്തോടും വസ്തുവിനോടുമുളള തന്റെ മനോഭാവം മാറേറണ്ട ആവശ്യമുണ്ട്.
8. (എ) മററുളളവരുടെ വസ്തുക്കളോട് വിപുലവ്യാപകമായ അനാദരവ് പ്രകടമാക്കുന്നതെന്ത്? (ബി) ബൈബിളിലെ എന്തു ബുദ്ധിയുപദേശം ബാധകമാക്കുന്നത് അത്തരം കാര്യങ്ങൾ ചെയ്യുന്നതിൽനിന്ന് ഒരുവനെ പിന്തിരിപ്പിക്കും?
8 ചില പ്രദേശങ്ങളിൽ മററുളളവരുടെ സ്വത്തുക്കളോട് ഞെട്ടിക്കുന്ന അനാദരവുണ്ട്. വെറുമൊരു രസത്തിനുവേണ്ടി യുവജനങ്ങൾ സ്വകാര്യമുതലും പൊതു മുതലും നശിപ്പിക്കുന്നു. അല്ലെങ്കിൽ മററുളളവർ കഠിനാദ്ധ്വാനം ചെയ്തു നേടിയ വസ്തുക്കളെ അവർ മനഃപൂർവ്വം വികൃതമാക്കുന്നു. അത്തരം സർവ്വനാശക പ്രവണതയിൽ ചിലർ ഭീതി പ്രകടിപ്പിച്ചേക്കാം. എന്നിരുന്നാലും, പാർക്കുകളിലോ തെരുവുകളിലോ പബ്ലിക്ക് കെട്ടിടങ്ങളിലോ നിരുപയോഗ സാധനങ്ങൾ ചിതറിച്ചിടുന്നതിനാൽ അവർ അതിന് സംഭാവന ചെയ്യുന്നു. “അതുകൊണ്ട് മനുഷ്യർ നിങ്ങൾക്ക് ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന സകല കാര്യങ്ങളും, നിങ്ങളും അതുപോലെതന്നെ അവർക്ക് ചെയ്യേണ്ടതാണ്” എന്ന യേശുവിന്റെ ബുദ്ധിയുപദേശത്തോട് അത്തരം പ്രവർത്തനങ്ങൾ ചേർച്ചയിലാണോ? (മത്തായി 7:12) അത്തരം സ്നേഹരഹിതമായ പ്രവർത്തനം ഒരുവൻ ഈ ഭൂമി ഒരു പറുദീസ ആയിത്തീരണമെന്നുളള ദൈവോദ്ദേശ്യത്തോട് പൂർണ്ണ യോജിപ്പിലല്ല എന്നു പ്രകടമാക്കുന്നു.
9. (എ) മോഷണം സകലരുടെയും ജീവിതത്തെ ബാധിക്കുന്നതെങ്ങനെ? (ബി) മോഷണം ദൈവത്തിന്റെ ദൃഷ്ടിയിൽ തെററായിരിക്കുന്നതെന്തുകൊണ്ട്?
9 അനേകം സ്ഥലങ്ങളിൽ ഒരുവന്റെ ജീവനെയും സ്വത്തിനെയും സംബന്ധിച്ചുളള വിചാരം പൂട്ടപ്പെട്ട വാതിലുകളും അടച്ചു തഴുതിട്ട ജനാലകളും കാവൽ നായ്ക്കളും സർവ്വസാധാരണമാക്കിയിരിക്കുന്നു. മോഷ്ടിക്കപ്പെട്ടതിന്റെ നഷ്ടം നികത്താൻ കടക്കാർ സാധനങ്ങൾക്ക് വിലകൂട്ടുന്നു. എന്നാൽ ദൈവത്തിന്റെ നൂതനക്രമത്തിൽ മോഷണത്തിന് സ്ഥാനമുണ്ടായിരിക്കുകയില്ല. അതുകൊണ്ട് അവിടെ ഉണ്ടായിരിക്കാൻ പ്രത്യാശിക്കുന്ന ഏതൊരാളും സഹമനുഷ്യരുടെ സുരക്ഷിതത്വത്തിന് സംഭാവന ചെയ്യുന്ന ഒരു വിധത്തിൽ ജീവിക്കാൻ ഇപ്പോഴേ പഠിക്കേണ്ടിയിരിക്കുന്നു. ഒരു മനുഷ്യൻ “തന്റെ കഠിന വേലയ്ക്കെല്ലാം നൻമ കാണാൻ” പ്രാപ്തനാകുന്നത് “ദൈവത്തിന്റെ ദാന”മാണെന്ന് ബൈബിൾ പ്രകടമാക്കുന്നു. അതുകൊണ്ട് അയാളുടെ വേലയുടെ ഫലങ്ങളെ അയാളിൽനിന്ന് കവർന്നുകളയാൻ ശ്രമിക്കുന്നത് തെററാണ്. (സഭാപ്രസംഗി 3:13; 5:18) കഴിഞ്ഞകാലത്ത് സത്യസന്ധരല്ലാതിരുന്ന അനേകർ മാററം വരുത്തിയിരിക്കുന്നു. അവർ മോഷ്ടിക്കുന്നതിൽനിന്ന് പിന്തിരിഞ്ഞിരിക്കുന്നുവെന്നുമാത്രമല്ല, പിന്നെയോ മററുളളവർക്കു കൊടുക്കുന്നതിന്റെ സന്തോഷവും അവർ മനസ്സിലാക്കിയിരിക്കുന്നു. (പ്രവൃത്തികൾ 20:35) ദൈവത്തെ പ്രസാദിപ്പിക്കാനുളള ഒരാഗ്രഹത്തോടെ അവർ എഫേസ്യർ 4:28-ൽ എഴുതപ്പെട്ടിരിക്കുന്നതിനെ ഗൗരവമായി എടുത്തിരിക്കുന്നു: “കളളൻ മേലാൽ കക്കാതിരിക്കട്ടെ, എന്നാൽ അവൻ മുട്ടുളള ആർക്കെങ്കിലും വിതരണം ചെയ്യാൻ എന്തെങ്കിലും ഉണ്ടായിരിക്കത്തക്കവണ്ണം അവന്റെ കൈകൾ കൊണ്ട് നല്ല ജോലി ചെയ്തു കഠിനവേല ചെയ്യട്ടെ.”
10. (എ) നാം മററുളളവരോട് സംസാരിക്കുന്ന വിധത്താൽ അവരോട് നമുക്ക് എങ്ങനെ പരിഗണന കാണിക്കാൻ കഴിയും? (ബി) ഈ വിധത്തിൽ സ്നേഹം പ്രകടിപ്പിക്കാൻ പഠിക്കുന്നതിന് ഒരു വ്യക്തിയെ എന്തു സഹായിക്കും?
10 മിക്കപ്പോഴും, പ്രത്യേകിച്ച് കാര്യങ്ങൾ കുഴപ്പത്തിലാകുമ്പോൾ, മററുളളവർക്ക് ആവശ്യമായിരിക്കുന്നത് ഭൗതികമായ എന്തെങ്കിലുമല്ല മറിച്ച് അവർക്ക് ദയ ആവശ്യമാണ്. എന്നിരുന്നാലും ഒരു വ്യക്തിയുടെ പരാജയങ്ങൾ വെളിച്ചത്താകുമ്പോൾ എന്തു സംഭവിക്കുന്നു? കോപാവേശങ്ങളോ ദുർഭാഷണമോ മുറിപ്പെടുത്തുന്ന സംസാരമോ ആയിരിക്കാം ഫലം. ഈ ഗതി തെററാണെന്ന് സമ്മതിക്കുന്നവർ പോലും നാവിനെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുന്നു. ഒരു വ്യക്തിക്ക് ഇത്തരമൊരു ശീലത്തെ എങ്ങനെ തരണം ചെയ്യാൻ കഴിയും? അടിസ്ഥാനപരമായി സ്നേഹത്തിന്റെ അഭാവമാണുളളത്, അതു ദൈവത്തെ അറിയേണ്ട ആവശ്യമുണ്ടെന്ന് സൂചിപ്പിക്കുന്നു. ദൈവം തന്നോടു കാണിച്ചിരിക്കുന്ന കരുണ എത്രത്തോളമുണ്ടെന്ന് ഒരു വ്യക്തി വിലമതിക്കാനിടയാകുമ്പോൾ, മററുളളവരോട് ക്ഷമിക്കുന്നത് കൂടുതൽ എളുപ്പമാണെന്ന് അയാൾ കണ്ടെത്തും. അഭിവൃദ്ധിയുടെ കാഴ്ച്ചപ്പാടിൽ ദയാപുരസ്സരമായ സഹായം നൽകിക്കൊണ്ട് കുററക്കാരന്റെ സഹായത്തിനെത്താനുളള വഴി അയാൾ കണ്ടു തുടങ്ങുകപോലും ചെയ്തേക്കാം.—മത്തായി 18:21-35; എഫേസ്യർ 4:31-5:2.
11. മററുളളവർ നമ്മോട് നിർദ്ദയരായിരിക്കുമ്പോൾപോലും നാം അസഭ്യ സംസാരത്തിലേർപ്പെടരുതാത്തതെന്തുകൊണ്ട്?
11 മററുളള ആളുകൾ നമ്മോടുളള അവരുടെ ഇടപെടലുകളിൽ ദൈവവചനത്തിൽ നിന്നുളള ഈ നല്ല ബുദ്ധിയുപദേശം ബാധകമാക്കാതിരുന്നേക്കാം എന്നതു സത്യം തന്നെ. നമ്മുടെ ആത്മാർത്ഥമായ ആന്തരങ്ങൾ ഗണ്യമാക്കാതെ, നാം ചിലപ്പോൾ അവരുടെ ക്രൂരമായ നിന്ദനത്തിന്റെ ലക്ഷ്യമാണെന്ന് കണ്ടെത്തിയേക്കാം. അപ്പോൾ നാം എന്തു ചെയ്യും? ബൈബിൾ ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “നിങ്ങൾ നിങ്ങളെത്തന്നെ തിൻമയാൽ ജയിച്ചടക്കപ്പെടാൻ അനുവദിക്കരുത്, പിന്നെയോ തിൻമയെ നൻമയാൽ ജയിച്ചടക്കിക്കൊണ്ടിരിക്കുക.” (റോമർ 12:17-21; 1 പത്രോസ് 2:21-23) തുടരെയുളള നമ്മുടെ ഭാഗത്തെ ദയ ക്രമേണ അവരുടെ മനോഭാവത്തെ മയപ്പെടുത്തുകയും അവരുടെ മെച്ചപ്പെട്ട ഗുണങ്ങൾ പുറത്തുകൊണ്ടു വരികയും ചെയ്തേക്കാം. അവരുടെ പ്രതികരണം എന്തു തന്നെയായിരുന്നാലും നാം സ്നേഹം പ്രകടമാക്കുന്നതിൽ തുടരുമ്പോൾ സ്നേഹത്തിലധിഷ്ഠിതമായിരിക്കുന്ന ദൈവത്തിന്റെ ഭരണരീതിയെ നാം ഉയർത്തിപ്പിടിക്കുന്നുവെന്ന് നാം കാണിക്കുന്നു.
വർഗ്ഗീയവും ദേശീയവും സാമൂഹികവുമായ മുൻവിധികളെ തരണം ചെയ്യൽ
12, 13. വർഗ്ഗീയമോ ദേശീയമോ സാമൂഹ്യമോ ആയ മുൻവിധിയുടെ ഏതു വികാരങ്ങളെയും വർജ്ജിക്കുന്നതിന് ബൈബിൾ ഒരു വ്യക്തിയെ സഹായിക്കുന്നതെങ്ങനെ?
12 യഥാർത്ഥ സ്നേഹമുളള ഒരു വ്യക്തി വർഗ്ഗത്താലോ തൊലിയുടെ നിറത്താലോ ദേശീയത്വത്താലോ സാമൂഹിക നിലയാലോ സ്വാധീനിക്കപ്പെടുന്നില്ല. എന്തുകൊണ്ടില്ല? എന്തുകൊണ്ടെന്നാൽ “[ദൈവം] ഒരു മനുഷ്യനിൽ നിന്ന് മനുഷ്യരുടെ സകല ജനതകളെയും ഉളവാക്കി”യെന്ന ബൈബിൾ സത്യത്തെ അയാൾ വിലമതിക്കുന്നു. (പ്രവൃത്തികൾ 17:26) അതുകൊണ്ട് സകല മനുഷ്യരും ബന്ധമുളളവരാണ്. യാതൊരു വർഗ്ഗവും പ്രകൃത്യാ മറെറാന്നിനേക്കാൾ ശ്രേഷ്ഠമല്ല.
13 യാതൊരു മനുഷ്യനും തന്റെ വംശപരമ്പരയോ വർഗ്ഗമോ നിറമോ ദേശീയത്വമോ ജീവിത നിലയോ നിമിത്തം പ്രശംസിക്കാൻ ഒരു കാരണവുമില്ല. “എല്ലാവരും പാപം ചെയ്തിരിക്കുന്നു, ദൈവതേജസ്സിൽ കുറവുളളവരായിരിക്കുകയും ചെയ്യുന്നു.” (റോമർ 3:23) അതുകൊണ്ട് എല്ലാവരും ക്രിസ്തുവിന്റെ മറുവിലയാഗത്തെ ആശ്രയിക്കേണ്ടിയിരിക്കുന്നു. വരുവാനിരിക്കുന്ന “മഹോപദ്രവ”ത്തിൽ സംരക്ഷിക്കപ്പെടുന്നവർ “സകല ജനതകളിൽനിന്നും ഗോത്രങ്ങളിൽ നിന്നും ജനങ്ങളിൽനിന്നും ഭാഷകളിൽ നിന്നും” വരുന്നുവെന്ന് ബൈബിൾ പ്രകടമാക്കുന്നു.—വെളിപ്പാട് 7:9, 14-17.
14. വ്യക്തിപരമായ ഒരു ചീത്ത അനുഭവം ഒരു പ്രത്യേക വർഗ്ഗത്തിലോ ജനതയിലോ പെട്ട ജനങ്ങൾക്കെതിരായ മുൻവിധികൾക്കുളള സാധുവായ അടിസ്ഥാനമല്ലാത്തതെന്തുകൊണ്ട്?
14 ഒരു മനുഷ്യൻ തന്റെ മുൻവിധിയെ ന്യായീകരിക്കാൻ ശ്രമിച്ചുകൊണ്ട് തനിക്ക് ഒരു പ്രത്യേക വർഗ്ഗത്തിലോ ജനതയിലോ പെട്ട ഒരുവനുമായുണ്ടായ ഒരു ചീത്ത അനുഭവം അനുസ്മരിച്ചേക്കാം. എന്നാൽ ആ ദുഷ്പ്രവൃത്തിയിൽ ആ വർഗ്ഗത്തിലോ ജനതയിലോ ഉളള എല്ലാവരും ഉൾപ്പെട്ടിരുന്നോ? കൂടാതെ ഒരുവന്റെ സ്വന്തം വർഗ്ഗത്തിലെയോ ജനതയിലെയോ ആളുകൾ അതേ സംഗതി സംബന്ധിച്ച് കുററക്കാരായിരുന്നിട്ടില്ലേ? ദൈവത്തിന്റെ സമാധാനപൂർണ്ണമായ പുതിയ വ്യവസ്ഥിതിയിൽ ജീവിക്കാൻ നാം പ്രത്യാശിക്കുന്നുവെങ്കിൽ മററുളളവരിൽ നിന്ന് നമ്മെ അന്യപ്പെടുത്താൻ പ്രവണത കാണിക്കുന്ന ഏത് അഹങ്കാരത്തെയും നമ്മുടെ ഹൃദയങ്ങളിൽനിന്ന് തുടച്ചു നീക്കേണ്ടയാവശ്യമുണ്ട്.
15. വർഗ്ഗത്തെയോ ജനതയേയോ സംബന്ധിച്ച ഒരു വ്യക്തിയുടെ അഭിപ്രായങ്ങൾ സഹവിശ്വാസിക്ക് ഇടർച്ച വരുത്തുകയാണെങ്കിൽ അതു ദൈവത്തിന്റെയും ക്രിസ്തുവിന്റെയും മുമ്പാകെയുളള അവന്റെ സ്വന്തം നിലയെ എങ്ങനെ ബാധിക്കും?
15 നമ്മുടെ ഹൃദയത്തിലുളളത് പെട്ടെന്നു തന്നെയോ താമസിച്ചോ നമ്മുടെ വായിലൂടെ പുറത്തുവരും. യേശുക്രിസ്തു പറഞ്ഞതുപോലെ “ഹൃദയത്തിന്റെ സമൃദ്ധിയിൽനിന്ന് വായ് സംസാരിക്കുന്നു.” (ലൂക്കോസ് 6:45) മുൻവിധി പ്രതിഫലിപ്പിക്കുന്ന സംസാരം യഹോവയുടെ സ്ഥാപനത്തിൽ താല്പര്യം പ്രകടമാക്കുന്ന ആരെയെങ്കിലും ഇടറിക്കുന്നുവെങ്കിലെന്ത്? ഈ സംഗതി യേശു ഇപ്രകാരം മുന്നറിയിപ്പ് നൽകാൻ മാത്രം ഗൗരവമുളളതാണ്: “വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന് ആരുതന്നെ ഇടർച്ച വരുത്തിയാലും ഒരു കഴുത തിരിക്കുന്ന തരം തിരികല്ല് അവന്റെ കഴുത്തിൽ കെട്ടി അവനെ കടലിലേക്ക് യഥാർത്ഥമായി എറിയുന്നത് അവന് കൂടുതൽ നന്നായിരിക്കും.”—മർക്കോസ് 9:42.
16. നാം മററുളളവരോട് കാണിക്കേണ്ട നിഷ്പക്ഷതയെ യേശു സൂചിപ്പിച്ചതെങ്ങനെ?
16 വർഗ്ഗമോ ദേശീയത്വമോ ജീവിത നിലയോ ഗണ്യമാക്കാതെ ഒരു ക്രിസ്ത്യാനി മററുളളവരിൽ സ്നേഹപൂർവ്വകമായ താല്പര്യം കാണിക്കാനുളള കടപ്പാടിൻ കീഴിലാണ്. (യാക്കോബ് 2:1-9) യേശു ഇപ്രകാരം ശക്തമായി ബുദ്ധിയുപദേശിച്ചു: “നിങ്ങൾ ഒരു വിരുന്നു നടത്തുമ്പോൾ ദരിദ്ര ജനങ്ങളെയും വികലാംഗരെയും മുടന്തരെയും കുരുടരെയും ക്ഷണിക്കുക. നിങ്ങൾക്ക് മടക്കിത്തരാൻ അവർക്ക് യാതൊന്നും ഇല്ലാത്തതുകൊണ്ട് നിങ്ങൾ സന്തുഷ്ടരായിരിക്കും.” (ലൂക്കോസ് 14:13, 14) മററുളളവരിൽ ഇത്തരം സ്നേഹപൂർവ്വകമായ താല്പര്യമെടുക്കുമ്പോൾ നാം നമ്മുടെ സ്വർഗ്ഗീയ പിതാവിന്റെ സ്നേഹപൂർവ്വകമായ ഗുണങ്ങളെ പ്രതിഫലിപ്പിക്കുന്നു.
മററുളളവരുടെ നിത്യക്ഷേമത്തിൽ സ്നേഹപൂർവ്വകമായ താല്പര്യം
17. (എ) നമുക്ക് മററുളളവരുമായി പങ്കിടാവുന്ന ഏററവും വിലയേറിയ വസ്തു എന്ത്? (ബി) നാം അങ്ങനെ ചെയ്യാൻ പ്രേരിതരാകേണ്ടതെന്തുകൊണ്ട്?
17 മററുളളവരിലുളള നമ്മുടെ താല്പര്യം അവരുടെ ഭൗതികാവശ്യങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കരുത്. നാം എല്ലാത്തരത്തിലുമുളള ആളുകളോട് ദയാപൂർവ്വം ഇടപെടുന്നതിനാൽ മാത്രം നമ്മുടെ സ്നേഹം പൂർണ്ണമാകുകയില്ല. ജീവിതത്തിന് യഥാർത്ഥ അർത്ഥമുണ്ടായിരിക്കുന്നതിന് ആളുകൾ യഹോവയേയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ച് അറിയേണ്ട ആവശ്യമുണ്ട്. തന്റെ പിതാവിനോടുളള പ്രാർത്ഥനയിൽ യേശു പറഞ്ഞു: “അവർ ഏക സത്യദൈവമായ നിന്നെയും നീ അയച്ചവനായ യേശുക്രിസ്തുവിനെയും കുറിച്ച് അറിയുന്നതിന്റെ അർത്ഥം നിത്യജീവനെന്നാകുന്നു.” (യോഹന്നാൻ 17:3) നിങ്ങൾ ഈ പുസ്തകം ആദ്യം മുതൽ വായിച്ചിട്ടുണ്ടെങ്കിൽ ആ സമ്മാനം കരസ്ഥമാക്കാവുന്നതെങ്ങനെയെന്ന് നിങ്ങൾക്കറിയാം. “മഹോപദ്രവ”ത്തെക്കുറിച്ചും അതിന്റെ സാമീപ്യത്തെ സ്ഥിരീകരിക്കുന്ന ഭൗതിക തെളിവുകളെക്കുറിച്ചും തിരുവെഴുത്തുകൾ പറയുന്നതു നിങ്ങൾ തന്നെ കണ്ടറിഞ്ഞിരിക്കുന്നു. ദൈവരാജ്യമാണ് മനുഷ്യവർഗ്ഗത്തിന്റെ ഏക പ്രത്യാശയെന്ന് നിങ്ങൾക്കറിയാം. എന്നാൽ യഹോവയോടും സഹമനുഷ്യരോടുമുളള സ്നേഹം ഈ ജീവൽപ്രധാനമായ അറിവ് മററുളളവരുമായി പങ്കിടുന്നതിന് നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടോ?
18. (എ) മത്തായി 24:14-ൽ നമ്മുടെ കാലത്തേയ്ക്കു യേശു എന്തു വേല മുൻകൂട്ടിപ്പറഞ്ഞു? (ബി) നാം അതിലുളള പങ്കുപററലിനെ എങ്ങനെ വീക്ഷിക്കണം?
18 “വ്യവസ്ഥിതിയുടെ സമാപന”ത്തെക്കുറിച്ചു സംസാരിച്ചപ്പോൾ യേശു ഇപ്രകാരം മുൻകൂട്ടിപ്പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യത്തിനായി നിവസിത ഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും. (മത്തായി 24:3, 14) ഒരുവൻ ഈ “സാക്ഷ്യ”വേലയിൽ പങ്കെടുക്കുമ്പോൾ അഖിലാണ്ഡത്തിന്റെ പരമാധികാര ഭരണാധിപനായ യഹോവയെത്തന്നെ പ്രതിനിധീകരിക്കുക എന്നത് എന്തോരു പദവിയാണ്! ഈ പ്രത്യേക വേലയിൽ പങ്കെടുക്കാനുളള അവസരം ഇപ്പോഴും തുറന്നു കിടക്കുകയാണ്, എന്നാൽ അതു അധിക നാളത്തേക്കില്ല.
19. ഈ വേലയിൽ പങ്കെടുക്കുന്നതിൽനിന്ന് നമ്മെ പിന്തിരിപ്പിക്കാൻ വ്യക്തിപരമായ പ്രാപ്തിക്കുറവു സംബന്ധിച്ച ഏതെങ്കിലും തോന്നലിനെ നാം അനുവദിക്കരുതാത്തതെന്തുകൊണ്ട്?
19 “സകല ജനതകൾക്കുമുളള ഈ സാക്ഷ്യത്തിൽ” പങ്കുചേരുന്നതിനുളള പ്രതീക്ഷയെപ്പററി ചിന്തിക്കുമ്പോൾ ഒരു വ്യക്തിയുടെ പ്രാപ്തിയല്ല, മറിച്ച് ദൈവമാണ് ഈ ദൂത് ഫലം പുറപ്പെടുവിക്കാനിടയാക്കുന്നത് എന്നു തിരിച്ചറിയുന്നത് നല്ലതാണ്. (പ്രവൃത്തികൾ 16:14; 1 കൊരിന്ത്യർ 3:6) നിങ്ങൾ മനസ്സൊരുക്കമുളള ഒരു ഹൃദയത്താൽ പ്രേരിതനാകുന്നുവെങ്കിൽ തന്റെ ഇഷ്ടം സാധിക്കുന്നതിന് യഹോവയ്ക്കു നിങ്ങളെ ഉപയോഗിക്കാൻ കഴിയും. അപ്പോസ്തലനായ പൗലോസ് പറഞ്ഞപ്രകാരം: “ഇപ്പോൾ ക്രിസ്തു മുഖാന്തരം നമുക്ക് ദൈവത്തിങ്കൽ ഇത്തരം ധൈര്യമുണ്ട്. നമ്മിൽ നിന്ന് തന്നെ എന്തെങ്കിലും പുറപ്പെടുന്നതായി ഗണിക്കാൻ നാം മതിയായ വിധം യോഗ്യരാണെന്നല്ല, പിന്നെയോ മതിയായ വിധമുളള നമ്മുടെ യോഗ്യത ദൈവത്തിൽനിന്ന് വരുന്നു.”—2 കൊരിന്ത്യർ 3:4-6.
20. (എ) എല്ലാവരും സുവാർത്തയോട് അനുകൂലമായി പ്രതിവർത്തിക്കുമോ? (ബി) ഉദാസീനരോ എതിർപ്പുളളവരോപോലും ആയ ആളുകളോട് പ്രസംഗിക്കുന്നതിനാൽ എന്തു നൻമ സാധിക്കുന്നു?
20 തീർച്ചയായും എല്ലാവരും സുവാർത്തയോട് അനുകൂലമായി പ്രതിവർത്തിക്കുമെന്ന് നാം പ്രതീക്ഷിക്കരുത്. അനേകർ താല്പര്യമില്ലാത്തവരായിരിക്കും; ചിലർ എതിർക്കും എന്നിരുന്നാലും അവർക്ക് മാററം വരാവുന്നതാണ്. ഒരിക്കൽ ക്രിസ്ത്യാനികളുടെ ഒരു പീഡകനായിരുന്ന തർസൂസിലെ ശൗൽ യേശുവിന്റെ തീക്ഷ്ണതയുളള ഒരു അപ്പോസ്തലനായിത്തീർന്നു. (1 തിമൊഥെയോസ് 1:12, 13) മററുളളവർക്ക് ഇത് അറിയാമെങ്കിലും ഇല്ലെങ്കിലും അവർക്ക് രാജ്യദൂത് ആവശ്യമാണ്. അതുകൊണ്ട് നാം അവരെ സംബന്ധിച്ച് താല്പര്യമുളളവരായിരിക്കുകയും അവരുടെ നിലനിൽക്കുന്ന ക്ഷേമത്തെ വർദ്ധിപ്പിക്കാൻ നമ്മെത്തന്നെ ചെലവിടുന്നതിന് സന്നദ്ധരായിരിക്കുകയും വേണം. (1 തെസ്സലോനീക്യർ 2:7, 8) അവർക്ക് രാജ്യദൂത് വേണമെന്നില്ലെങ്കിൽപോലും നൻമ ചെയ്യപ്പെടുന്നു. സാക്ഷ്യം കൊടുക്കപ്പെടുന്നു, യഹോവയുടെ നാമം മഹത്വീകരിക്കപ്പെടുന്നു, ആളുകളുടെ ഒരു ‘വേർതിരിക്കൽ’ വേല നിർവ്വഹിക്കപ്പെടുന്നു, നാം യഹോവയോടുളള നമ്മുടെ തന്നെ വിശ്വസ്തത പ്രകടമാക്കുന്നു.—മത്തായി 25:31-33.
നിങ്ങളുടെ സ്വന്തം കുടുംബത്തിന് ഭവിക്കുന്നതിൽ ശ്രദ്ധിക്കൽ
21. ഒരു കുടുംബത്തലവന് തന്റെ കുടുംബത്തിന്റെ ആത്മീയ ക്ഷേമം സംബന്ധിച്ച് എന്ത് ഉത്തരവാദിത്വം ഉണ്ട്?
21 യഹോവയുടെ സ്നേഹപൂർവ്വകമായ കരുതലിൽനിന്ന് പ്രയോജനം അനുഭവിക്കാൻ മററുളളവരെ സഹായിക്കുന്നതിനുളള നിങ്ങളുടെ ശ്രമം നിങ്ങളുടെ സ്വന്തം കുടുംബത്തിലേക്കുകൂടി തിരിച്ചുവിടപ്പെടണം. ഉദാഹരണത്തിന് തന്റെ കുടുംബത്തിന്റെ ആത്മീയ വളർച്ചക്ക് ഉത്തരവാദിയായിരിക്കുന്നത് ഒരു കുടുംബത്തലവനാണ്. ഇത് ദൈവവചനത്തിന്റെ കുടുംബ ചർച്ചയ്ക്കുവേണ്ടിയുളള അയാളുടെ ഏർപ്പാടിന്റെ ക്രമത്താൽ നേരിട്ട് സ്വാധീനിക്കപ്പെടുന്നു. കുടുംബത്തിനുവേണ്ടിയുളള ഒരു പിതാവിന്റെ പ്രാർത്ഥന ഭക്തിയുടെയും നന്ദിയുടെയും ആഴം പ്രകടമാക്കുമ്പോൾ അതിന് മുഴുകുടുംബത്തിന്റെയും മനോഭാവത്തെ രൂപപ്പെടുത്താൻ കഴിയും.
22. ഒരു പിതാവ് തന്റെ മക്കൾക്ക് ശിക്ഷണം കൊടുക്കുന്നത് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്, അതു ചെയ്യുന്നതിൽ അയാളെ പ്രേരിപ്പിക്കേണ്ടതെന്ത്?
22 അയാളുടെ ഉത്തരവാദിത്വത്തിൽ ശിക്ഷണം കൊടുക്കുന്നതും ഉൾപ്പെടുന്നു. പ്രശ്നങ്ങൾ പൊന്തിവരുമ്പോൾ അവയെ അവഗണിക്കുന്നത് കൂടുതൽ എളുപ്പമാണെന്ന് തോന്നിയേക്കാം. എന്നാൽ പിതാവ് പ്രകോപിതനാകുമ്പോൾ മാത്രമാണ് ശിക്ഷണം കൊടുക്കപ്പെടുന്നതെങ്കിൽ അല്ലെങ്കിൽ പ്രശ്നങ്ങൾ ഗുരുതരമാകുമ്പോൾ മാത്രമാണ് കൈകാര്യം ചെയ്യപ്പെടുന്നതെങ്കിൽ എന്തോ കുറവുണ്ട്. സദൃശവാക്യങ്ങൾ 13:24 ഇങ്ങനെ പറയുന്നു: ‘തന്റെ പുത്രനെ സ്നേഹിക്കുന്ന പിതാവാണ് അവനെ ശിക്ഷണത്തോടെ അന്വേഷിക്കുക തന്നെ ചെയ്യുന്നത്.’ അതുകൊണ്ട് സ്നേഹമുളള ഒരു പിതാവ് പൂർവ്വാപര വൈരുദ്ധ്യംകൂടാതെ ശിക്ഷണം നൽകുന്നു. അയാൾ തന്റെ കുട്ടികൾക്ക് ക്ഷമാപൂർവ്വം കാര്യങ്ങൾ വിശദീകരിച്ചുകൊടുക്കുകയും ഓരോരുത്തരുടെയും മാനസികവും വൈകാരികവും ശാരീരികവുമായ പരിമിതികളെ പരിഗണിക്കുകയും ചെയ്യുന്നു. (എഫേസ്യർ 6:4; കൊലോസ്യർ 3:21) നിങ്ങൾ ഒരു പിതാവാണെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ കുട്ടികളോട് അത്തരം സ്നേഹമുണ്ടോ? നിങ്ങളുടെ കുടുംബത്തിന്റെ ഇപ്പോഴത്തെ ക്ഷേമത്തിൽ മാത്രമല്ല ഭാവിയിലേതിലും ദൃഷ്ടിവച്ചുകൊണ്ട് ഈ ഉത്തരവാദിത്വം ചുമലിൽ ഏൽക്കാൻ നിങ്ങൾ സന്നദ്ധനാണോ?—സദൃശവാക്യങ്ങൾ 23:13, 14; 29:17.
23. ഒരു മാതാവിന് തന്റെ കുടുംബത്തിന്റെ ആത്മീയ ക്ഷേമത്തിന് എങ്ങനെ സംഭാവന ചെയ്യാൻ കഴിയും?
23 ഒരു ഭാര്യക്കും കുടുംബത്തിനുവേണ്ടി ഒരു വലിയ സംഭാവന ചെയ്യാൻ കഴിയും. ഭർത്താവിനോടുളള അവളുടെ സഹകരണവും ഒരു ദൈവിക വിധത്തിൽ അവരുടെ കുട്ടികളുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതിലെ അവളുടെ സമയത്തിന്റെ ജ്ഞാനപൂർവ്വകമായ ഉപയോഗവും സാധാരണയായി കുട്ടികളുടെ പെരുമാററത്തിലും മനോഭാവത്തിലും പ്രതിഫലിക്കുന്നു. (സദൃശവാക്യങ്ങൾ 29:15) ഒരു പിതാവില്ലാത്ത ഭവനത്തിൽ പോലും ബൈബിളിൽ നിന്നുളള ശ്രദ്ധാപൂർവ്വകമായ പഠിപ്പിക്കലും അതോടൊത്തുളള നല്ല ദൃഷ്ടാന്തവും സൽഫലങ്ങൾ കൈവരുത്തുന്നു.
24. (എ) ഒരുവന്റെ വിവാഹ ഇണയിൽ നിന്നുളള എതിർപ്പിനെ അഭിമുഖീകരിക്കുന്നുവെങ്കിൽ, വിശ്വാസി ഏതു വിവാദവിഷയത്തെ വ്യക്തമായി കാഴ്ചയിൽ നിർത്തേണ്ടതാണ്? (ബി) അങ്ങനെയുളള സാഹചര്യങ്ങളിൽ അവിശ്വാസിയായ ഇണയോട് എങ്ങനെ സ്നേഹം പ്രകടമാക്കപ്പെടാം?
24 എന്നാൽ ഭവനത്തിലുളള ഒരു പിതാവ് ദൈവവചനം സ്വീകരിക്കുന്നില്ലെങ്കിൽ അല്ലെങ്കിൽ ഭാര്യയെ പീഡിപ്പിക്കുക പോലും ചെയ്യുന്നെങ്കിലെന്ത്? അവൾ എന്തു ചെയ്യണം? അവൾ യഹോവയെ സ്നേഹിക്കുന്നുവെങ്കിൽ അവൾ തീർച്ചയായും അവനു നേരെ പുറംതിരിഞ്ഞു കളയുകയില്ല. ബുദ്ധിമുട്ടുകൾക്ക് വിധേയരാക്കപ്പെട്ടാൽ മനുഷ്യർ ദൈവത്തെ ഉപേക്ഷിച്ചുകളയുമെന്ന് കുററപ്പെടുത്തിയത് സാത്താനാണ്. അവൾ തീർച്ചയായും സാത്താൻ പറയുന്നത് ചെയ്യാൻ ആഗ്രഹിക്കുന്നില്ല. (ഇയ്യോബ് 2:1-5; സദൃശവാക്യങ്ങൾ 27:11) അതേ സമയം അവളുടെ ഭർത്താവിന്റെ നിലനിൽക്കുന്ന ക്ഷേമം അന്വേഷിക്കാൻ ബൈബിൾ അവളെ ശക്തമായി ബുദ്ധിയുപദേശിക്കുന്നു. സത്യമാണെന്ന് അറിയാവുന്നത് അവൾ ഉപേക്ഷിക്കുന്നത് അവർക്ക് രണ്ടുപേർക്കും നിത്യജീവന്റെ നഷ്ടത്തെ അർത്ഥമാക്കും. എന്നാൽ അവൾ തന്റെ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നുവെങ്കിൽ രക്ഷനേടാൻ അവൾ അയാളെ സഹായിച്ചേക്കാം. (1 കൊരിന്ത്യർ 7:10-16; 1 പത്രോസ് 3:1, 2) കൂടാതെ പ്രയാസത്തിൻകീഴിൽപോലും തന്റെ വിവാഹ പ്രതിജ്ഞകളെ തുടർന്നു മാനിക്കുന്നതിനാൽ അവൾ വിവാഹത്തിന്റെ കർത്താവായ യഹോവയാം ദൈവത്തോട് അഗാധമായ ആദരവ് പ്രകടമാക്കുന്നു.
25. പിതാവിന്റെ തീരുമാനം കുട്ടികളുടെ ജീവന്റെ പ്രതീക്ഷകളെ ബാധിക്കുന്നതെങ്ങനെ?
25 എതിർപ്പിനെ അഭിമുഖീകരിക്കുമ്പോൾ വിശ്വാസിയായ പിതാവോ മാതാവോ ദൈവത്തോട് വിശ്വസ്തരായിരിക്കുന്നതിനുളള മറെറാരു ശക്തമായ കാരണം മക്കളാണ്. ഭക്തരായ തന്റെ ദാസൻമാരുടെ കൊച്ചുകുട്ടികൾ വരാനിരിക്കുന്ന “മഹോപദ്രവ”ത്തിൽ സംരക്ഷിക്കപ്പെടുമെന്ന് ദൈവം ഉറപ്പു നൽകുന്നു. മാതാപിതാക്കളിൽ ഒരാൾ മാത്രമേ യഹോവയുടെ ഒരു ദാസനോ ദാസിയോ ആയിരിക്കുന്നുളളുവെങ്കിൽപോലും അവൻ അത്തരം കൊച്ചുകുട്ടികളെ “വിശുദ്ധരായി” എണ്ണുന്നു. (1 കൊരിന്ത്യർ 7:14) എന്നാൽ ആ പിതാവോ മാതാവോ ദൈവേഷ്ടം ചെയ്യുന്നതിൽ നിന്ന് “ഒഴിഞ്ഞുമാറുന്നു”വെങ്കിലെന്ത്? അത്തരം ഒരു പിതാവോ മാതാവോ തനിക്കു മാത്രമല്ല തന്റെ കൊച്ചു കുട്ടികൾക്കും കൂടെ ദൈവമുമ്പാകെയുളള അംഗീകൃത നില ഉപേക്ഷിച്ചു കളയുകയായിരിക്കും. (എബ്രായർ 12:25) അത് എന്തോരു ദുരന്ത നഷ്ടമായിരിക്കും!
26. നമുക്കും മററുളളവർക്കും യഥാർത്ഥ പ്രയോജനത്തോടെ പ്രവർത്തിക്കുന്നതിന് നാം എന്തു ചെയ്യേണ്ടയാവശ്യമുണ്ട്?
26 അപ്പോൾ നാം ജീവിതത്തിന്റെ ഏതു വശത്തെ വീക്ഷിച്ചാലും നമ്മെ മാത്രമല്ല മററുളളവരെയും നാം പരിഗണിക്കേണ്ട ആവശ്യമുണ്ടെന്ന് സ്പഷ്ടമാണ്. മററുളളവരോട് സ്നേഹം പ്രകടമാക്കുന്നത് നാം ഒരു ശീലമാക്കുന്നുവെങ്കിൽ നമുക്ക് സ്നേഹം ലഭിക്കും. (ലൂക്കോസ് 6:38) എന്നാൽ യഥാർത്ഥ സ്നേഹം പ്രകടമാക്കുന്നതിനും ഹ്രസ്വ ദൃഷ്ടിയോടുകൂടിയ മാനുഷ ന്യായവാദത്താൽ വഴിതെററിക്കപ്പെടാതിരിക്കുന്നതിനും നാം യഹോവയെ അറിയുകയും അവനുമായുളള ഒരു നല്ല ബന്ധം ആസ്വദിക്കുകയും ചെയ്യേണ്ടയാവശ്യമുണ്ട്. എന്നിരുന്നാലും നാം അങ്ങനെ ചെയ്യുന്നതിൽ നാം വ്യക്തിപരമായി നടത്തേണ്ട ഒരു തെരഞ്ഞെടുപ്പ് ഉൾപ്പെടുന്നുണ്ട്.
[171-ാം പേജിലെ ചിത്രം]
യഹോവയുടെ ദാസൻമാർക്കുണ്ടായിരിക്കേണ്ടതരം സ്നേഹം അവരെ ജാതിയോ ദേശീയത്വമോ ജീവിത നിലവാരമോ നോക്കാതെ മററുളളവരോട് യഥാർത്ഥ പരിഗണന കാണിക്കാൻ കടപ്പാടുളളവരാക്കിത്തീർക്കുന്നു