അന്ത്യനാളുകൾ—അടുത്തതായി എന്ത്?
“ഞാൻ നിങ്ങളോടു സത്യം പറയുന്നു, ഈ കാര്യങ്ങളെല്ലാം സംഭവിക്കുന്നതുവരെ തീർച്ചയായും ഈ തലമുറ നീങ്ങിപ്പോകുകയില്ല.”—യേശുക്രിസ്തു, മത്തായി 24:34, ന്യൂ ഇൻറർനാഷനൽ വേർഷൻ.
യേശു “വ്യവസ്ഥിതിയുടെ . . . സമാപനത്തിന്റെ അടയാളം” വിശദീകരിച്ചുകൊണ്ടിരുന്നപ്പോൾ വിസ്മയാധീനരായ തന്റെ ശിഷ്യൻമാരോട് പറഞ്ഞതാണ് മേലുദ്ധരിച്ച വാക്കുകൾ. (മത്തായി 24:3) ഇപ്പോൾ, “തലമുറ” എന്ന വാക്കിനാൽ യേശു എന്താണ് അർത്ഥമാക്കിയത്? ഏതു സംഭവങ്ങൾ വ്യവസ്ഥിതിയുടെ അവസാനത്തിലേക്കു നയിക്കും? മററു വാക്കുകളിൽ പറഞ്ഞാൽ, സത്വരഭാവിയിലെ ഏതു സംഭവങ്ങൾക്കാണ് നാം കാത്തിരിക്കേണ്ടത്?
ഒരു തലമുറക്ക് എന്തു നീളമുണ്ടാകാം?
ഒന്നാം ലോകമഹായുദ്ധത്തിൽ 47,43,826 യു.എസ്. സ്ത്രീപുരുഷൻമാർ പങ്കെടുത്തെന്ന് ദി അമേരിക്കൻ ലീജിയൻ മാഗസിൻ ചൂണ്ടിക്കാട്ടി. എന്നാൽ 1984-ൽ അവരിൽ 2,72,000 പേർ മാത്രമേ ജീവിച്ചിരുന്നുള്ളു. അവർ ഓരോ മണിക്കൂറിലും ശരാശരി ഒൻപതുപേർ വീതം മരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ 1914-ലെ ആ തലമുറ ഇപ്പോൾത്തന്നെ അപ്രത്യക്ഷപ്പെട്ടുകഴിഞ്ഞുവെന്ന് അതിനർത്ഥമുണ്ടോ?
യേശുവിന്റെ വാക്കുകളെക്കുറിച്ചുള്ള തങ്ങളുടെ വിവരണങ്ങളിൽ മത്തായിയും മർക്കോസും ലൂക്കോസും തലമുറക്ക് ഉപയോഗിച്ച ഗ്രീക്ക്പദം ജനിയാ ആണ്. സന്ദർഭമനുസരിച്ച് അതിന് വ്യത്യസ്ത പ്രായോഗികതകളുണ്ടായിരിക്കാൻ കഴിയും. എന്നിരുന്നാലും, പുതിയനിയമ ദൈവശാസ്ത്രത്തിന്റെ പുതിയ അന്തർദ്ദേശീയ നിഘണ്ടു അതിനെ ഇങ്ങനെ നിർവചിക്കുന്നു: “ഒരേ കാലത്തു ജനിച്ചവർ . . . ഒരുവന്റെ സമകാലീനരുടെ സമൂഹം, ഒരു യുഗം എന്ന അർത്ഥവും അതിനോടു ബന്ധപ്പെട്ടിരിക്കുന്നു.” പുതിയ നിയമത്തിന്റെ ഒരു ഗ്രീക്ക്-ഇംഗ്ലീഷ് ലക്സിക്കൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “ഒരേ കാലത്തു ജനിച്ചവരുടെ ആകെ മൊത്തം, ഒരു നിശ്ചിതകാല തലമുറയിൽ ജീവിക്കുന്ന എല്ലാവരെയും, സമകാലീനരെ, ഉൾപ്പെടുത്താൻ വികസിതമായത്.” ഈ നിർവചനങ്ങൾ ഒരു ചരിത്രപ്രധാന സംഭവകാലത്ത് ജനിച്ച എല്ലാവരെയും, ആ കാലത്ത് ജീവിച്ചിരുന്ന എല്ലാവരെയും, ഉൾപ്പെടുത്താൻ അനുവദിക്കുന്നു.
ജെ. ഏ. ബംഗൽ തന്റെ പുതിയ നിയമ പദ പഠനങ്ങളിൽ ഇങ്ങനെ പ്രസ്താവിക്കുന്നു: “എബ്രായർ ഒരു തലമുറയായി കണക്കാക്കുന്നത് 75 വർഷത്തെയാണ്. നീങ്ങിപ്പോകുകയില്ല, എന്ന വാക്കുകൾ സകലവും നിവൃത്തിയാകുന്നതിനു മുമ്പ് തീർച്ചയായും [യേശുവിന്റെ നാളിലെ] ആ തലമുറ മുഴുവനുമല്ല, അധികപങ്കും നീങ്ങിപ്പോയിരിക്കണമെന്ന് സൂചിപ്പിക്കുന്നു.” യരുശലേം നശിപ്പിക്കപ്പെട്ട ക്രി. വ. 70-ാം ആണ്ടോടെ അതു സത്യമായിത്തീർന്നു.
അതുപോലെ, ഇന്ന്, 1914-ലെ തലമുറയിൽ അധികപങ്കും നീങ്ങിപ്പോയിരിക്കുകയാണ്. എന്നിരുന്നാലും, ആ വർഷമോ അതിനുമുമ്പോ ജനിച്ച ദശലക്ഷങ്ങൾ ഇപ്പോഴും ഭൂമിയിലുണ്ട്. അവരുടെ സംഖ്യ കുറഞ്ഞുവരുകയാണെങ്കിലും യേശുവിന്റെ വാക്കുകൾ നിവർത്തിക്കും, “ഈ കാര്യങ്ങളെല്ലാം സംഭവിക്കുന്നതുവരെ തീർച്ചയായും ഈ തലമുറ നീങ്ങിപ്പോകുകയില്ല.” ഇത് കള്ളനെപ്പോലെയുള്ള, യഹോവയുടെ ദിവസം ആസന്നമായിരിക്കുന്നുവെന്ന് വിശ്വസിക്കുന്നതിന് മറെറാരു കാരണമാണ്. അതുകൊണ്ട് ഏതു സംഭവങ്ങൾ ക്രിസ്ത്യാനികളെ ഉണർന്നിരിക്കാൻ ജാഗരൂകരാക്കണം?
“സമാധാനവും സുരക്ഷിതത്വവും” പെട്ടെന്ന്?
“യഹോവയുടെ ദിവസം കൃത്യമായി രാത്രിയിലെ ഒരു കള്ളനെപ്പോലെ വരുന്നുവെന്ന് നിങ്ങൾക്കുതന്നെ നന്നായി അറിയാം. അവർ ‘സമാധാനവും സുരക്ഷിതത്വവും!’ എന്നു പറയുന്നതെപ്പോഴായാലും അപ്പോൾ അവരുടെമേൽ പെട്ടെന്നുള്ള നാശം ക്ഷണത്തിൽ വരാനിരിക്കുകയാണ്.”—1 തെസ്സലോനീക്യർ 5:2, 3.
രണ്ടാം ലോകമഹായുദ്ധത്തിന്റെ 1945-ലെ അവസാനംമുതൽ രണ്ട് എതിർശക്തികളായ ഐക്യനാടുകളും സോവ്യററ് യൂണിയനും അന്യോന്യം മത്സരിക്കവേ മനുഷ്യവർഗ്ഗം യുദ്ധത്തിന്റെ വക്കിൽ ആടിനിന്നിരിക്കുന്നു. 1962-ലെ ക്യൂബൻ മിസൈൽ പ്രതിസന്ധി അപകടകരമായ ഒരു നേരിട്ടുള്ള ഏററുമുട്ടലായിരുന്നു. എന്നാൽ സോവ്യററ് യൂണിയൻ അതിന്റെ മിസൈലുകൾ ക്യൂബായിൽനിന്നു പിൻവലിച്ചു. ഐക്യനാടുകൾ ഒതുക്കത്തിൽ അതിന്റെ മിസൈലുകൾ ടർക്കിയിൽ നിന്നു നീക്കം ചെയ്തു. ഇത് ശീതസമരത്തിന്റെ അനേകം പ്രത്യക്ഷതകളിൽ ഒന്നു മാത്രമായിരുന്നു.
നിരായുധീകരണം ദശാബ്ദങ്ങളിൽ വാദപ്രതിവാദത്തിനുള്ള ഒരു വിഷയമായിരിക്കുന്നു, അത് ഇരു രാജ്യങ്ങൾക്കും ഒരു പ്രചാരണവ്യായാമമായി കലാശിച്ചിരിക്കുന്നു. ഇപ്പോൾ, സെക്രട്ടറി ഗോർബച്ചേവിന്റെ ഗ്ലാസ്നസ്ത് (തുറന്ന ഇടപെടൽ) നയത്തിന്റെ ശീതളാന്തരീക്തത്തിൽ ന്യൂക്ലിയർ ആയുധസാഹചര്യത്തെ ലഘൂകരിക്കുന്നതിനെക്കുറിച്ച് ഗൗരവമായ സംസാരമുള്ളതായി കാണപ്പെടുന്നു. ഇത് പൊതുലോകത്തിന് ഒരു സാങ്കൽപ്പികസമാധാനവും സുരക്ഷിതത്വവും കൈവരുത്തുന്നതിന്റെ നാന്ദിയാണോയെന്ന് നമുക്ക് മുൻകൂട്ടിക്കാണാൻ കഴികയില്ല. എന്നാൽ ബൈബിൾപ്രവചനമനുസരിച്ച് ഇതിനുവേണ്ടിയാണ് ക്രിസ്ത്യാനികൾ നോക്കിയിരിക്കുന്നത്. അത് സംഭവിക്കുമ്പോൾ, പിന്നെയെന്ത്?
“അവർ ‘സമാധാനവും സുരക്ഷിതത്വവും’ എന്നു പറയുന്നതെപ്പോഴായാലും അപ്പോൾ” ബൈബിളിന്റെ സൂക്ഷ്മപഠിതാക്കൾ കബളിപ്പിക്കപ്പെടുകയില്ല—അത് ഐക്യരാഷ്ട്രങ്ങളിൽനിന്നോ വൻശക്തികളിൽനിന്നുതന്നെ സ്വതന്ത്രമായോ പുറപ്പെട്ടാലും അങ്ങനെ തന്നെ. ക്രിസ്തു മൂലമുള്ള രാജ്യഗവൺമെൻറാകുന്ന നീതിയുള്ള ഭരണാധിപത്യത്തിൽനിന്നുമാത്രമേ യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും വരാൻ കഴികയുള്ളുവെന്ന് ബൈബിൾ വ്യക്തമായി പ്രകടമാക്കുന്നു.
ആ കാരണത്താൽ, ലോകനേതാക്കൻമാർ ഭാവിയിൽ നടത്തുന്ന സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ഒരു സുപ്രധാന പ്രഖ്യാപനം ദൈവം പ്രവർത്തനത്തിലേക്കു നീങ്ങാനുള്ള ഒരു അടയാളമായിരിക്കും, “കൃത്യമായി രാത്രിയിലെ ഒരു കള്ളനെപ്പോലെ”തന്നെ വിശ്വാസരഹിത ലോകത്തെ അതിശയിപ്പിച്ചുകൊണ്ട്. അതെ, യഹോവയെയും അവന്റെ സാക്ഷികളെയും പുച്ഛിച്ചിരിക്കുന്ന സഭാപരവും രാഷ്ട്രീയവുമായ ശക്തികളുടെമേൽ “പെട്ടെന്നുള്ള നാശം” നിപതിക്കും. നമുക്കിത് എങ്ങനെ അറിയാം?
വെള്ളക്കുതിരപ്പുറത്തിരിക്കുന്നവന്റെ നിർണ്ണായക പ്രവർത്തനം
അപ്പോക്കലിപ്സിലെ നാലു കുതിരക്കാരുടെ ദർശനത്തിലേക്ക് മടങ്ങിപ്പോകുമ്പോൾ നാം പരാമർശിക്കാത്ത ഒരു കുതിരക്കാരനുണ്ട്—വെള്ളക്കുതിരപ്പുറത്തിരിക്കുന്ന ആദ്യത്തവൻ. ബൈബിളെഴുത്തുകാരൻ അവനെ ഇങ്ങനെ വർണ്ണിക്കുന്നു: “ഞാൻ കണ്ടു, നോക്കൂ! ഒരു വെളുത്ത കുതിര; അതിൻമേൽ ഇരിക്കുന്നവന് ഒരു വില്ലുണ്ടായിരുന്നു; അവന് ഒരു കിരീടം കൊടുക്കപ്പെട്ടു, അവൻ ജയിച്ചടക്കാനും തന്റെ ജയിച്ചടക്കൽ പൂർത്തിയാക്കാനും പുറപ്പെട്ടു.” ഇത് വെളിപ്പാട് 19-ാം അദ്ധ്യായത്തിൽ വർണ്ണിക്കപ്പെട്ടിരിക്കുന്നവൻതന്നെയാണ്: “നോക്കൂ! ഒരു വെളുത്ത കുതിര. അതിൻമേൽ ഇരിക്കുന്നവൻ വിശ്വസ്തനും സത്യവാനും എന്നു വിളിക്കപ്പെടുന്നു, അവൻ ന്യായംവിധിക്കുകയും നീതിയോടെ യുദ്ധംനടത്തുകയും ചെയ്യുന്നു. . . .അവൻ ജനതകളെ വെട്ടേണ്ടതിന് അവന്റെ വായിൽനിന്ന് മൂർച്ചയുള്ള ഒരു നീണ്ട വാൾ പുറപ്പെടുന്നു, അവൻ അവരെ ഒരു ഇരുമ്പുകോൽകൊണ്ടു മേയിക്കും.” ഈ ഒരുവൻ ആരാണ്? ഇതേ വിവരണം അവന് “രാജാക്കൻമാരുടെ രാജാവും കർത്താക്കൻമാരുടെ കർത്താവും” എന്ന എഴുതപ്പെട്ട ഒരു നാമമുണ്ടെന്ന് നമ്മോടു പറയുന്നു. അത് പുനരുത്ഥാനം പ്രാപിച്ച ദൈവപുത്രനായ ക്രിസ്തുയേശു ആണ്.—വെളിപ്പാട് 6:2; 19:11-16.
അപ്പോൾ ഈ “രാജാക്കൻമാരുടെ രാജാവിൽനിന്ന്” യുദ്ധം ആവശ്യമാക്കിത്തീർക്കുന്നതെന്താണ്? ദാനിയേൽ 11-ാം അദ്ധ്യായത്തിൽ പ്രദീപ്തമാക്കപ്പെട്ടിരിക്കുന്ന “വടക്കിന്റെ രാജാവും” (മുതലാളിത്തവിരുദ്ധ പാളയം) “തെക്കിന്റെ രാജാവും” (ഐക്യനാടുകളുടെ കുടക്കീഴിലുള്ള മുതലാളിത്തരാഷ്ട്രങ്ങൾ) ഒരു നിശ്ചലാവസ്ഥയിലായിത്തീരുന്നു. (മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെ “വടക്കിന്റെ രാജാവ്” ഇപ്പോൾത്തന്നെ, വിശേഷിച്ച് 1945 മുതൽ, അനേകം രാജ്യങ്ങളിലേക്ക് കവിഞ്ഞൊഴുകിയിരിക്കുന്നു.)a
അതുകൊണ്ട്, ഇപ്പോഴത്തെ വ്യവസ്ഥിതിക്ക് അറുതി വരുത്തുന്നതിനുള്ള ദൈവത്തിന്റെ നിർണ്ണായക ഇടപെടലിനുമുമ്പ് എന്തുകൂടെ നടക്കണം?
ഒരു ഘട്ടത്തിൽ ഐക്യരാഷ്ട്രങ്ങളിലെ സമൂലപരിഷ്ക്കരണവാദികളായ രാഷ്ട്രീയ ഘടകങ്ങൾ ലോകത്തിലെ രാഷ്ട്രീയത്തിലിടപെടുന്ന മതങ്ങൾക്കെതിരെ തിരിയുകയും അവരുടെ മുഖംമൂടി നീക്കുകയും അന്ധവിശ്വാസികളായ ആളുകളുടെമേലുള്ള അവരുടെ ശക്തിയും നിയന്ത്രണവും നശിപ്പിക്കുകയുംചെയ്യും.—വെളിപ്പാട് 17:16, 17.b
ലോകത്തിലെ വ്യാജമതഘടകങ്ങളുടെ ഈ നാശം ഒരു അനന്തരഫലമെന്ന നിലയിൽ യഹോവയുടെ സാക്ഷികളുടെമേൽ ആക്രമണം വരുത്തുമെന്നുള്ളതിന് സംശയമില്ല. ക്രമത്തിൽ ഇത് യഹോവയുടെ രാജാവായി വെള്ളക്കുതിരപ്പുറത്തു സവാരിചെയ്യുന്നവനാലുള്ള ഒരു പ്രത്യാക്രമണത്തിന്റെ കാഞ്ചി വലിച്ചുവിടും. (യെഹെസ്ക്കേൽ 38:10-12, 21-23) ഇതിന്റെ ഫലത്തെക്കുറിച്ച് ദാനിയേൽ 2:44 എന്തു പറയുന്നു? “ആ രാജാക്കൻമാരുടെ [ഇപ്പോഴത്തെ രാഷ്ട്രീയശക്തികളുടെ] കാലത്ത് സ്വർഗ്ഗത്തിലെ ദൈവം ഒരിക്കലും നശിപ്പിക്കപ്പെടുകയില്ലാത്ത ഒരു രാജ്യം സ്ഥാപിക്കും. . . . അത് ഈ രാജ്യങ്ങളെയെല്ലാം തകർത്തവസാനിപ്പിക്കുകയും അതുതന്നെ അനിശ്ചിതകാലങ്ങളോളം നിലനിൽക്കുകയും ചെയ്യും.” അതെ, സാത്താന്റെ ഭൂമിയിലെ ദൃശ്യരാഷ്ട്രീയഘടകങ്ങൾക്കെതിരായുള്ള ദൈവത്തിന്റെ അർമ്മഗെദ്ദോൻയുദ്ധം യഹോവക്കും അവന്റെ രാജാധിരാജാവിനും സമ്പൂർണ്ണവിജയത്തിൽ കലാശിക്കും.—വെളിപ്പാട് 16:14-16; 19:17-21.
പിന്നീടെന്തുണ്ടാകും? സമാധാനകാംക്ഷികളും ദൈവഭയമുള്ളവരുമായ ക്രിസ്ത്യാനികളുടെ ചിരകാല അഭിലാഷം—അനുസരണമുള്ള മനുഷ്യവർഗ്ഗത്തിൻമേലുള്ള സഹസ്രാബ്ദ ദൈവരാജ്യഗവൺമെൻറിന്റെ ഭരണം! അന്ന് വെളിപ്പാട് 21:3, 4-ലെ മഹത്തായ വാഗ്ദത്തങ്ങൾ നിറവേറും: “നോക്കൂ! ദൈവത്തിന്റെ കൂടാരം മനുഷ്യവർഗ്ഗത്തോടുകൂടെയാകുന്നു, അവൻ അവരോടുകൂടെ വസിക്കും, അവർ അവന്റെ ജനങ്ങളായിരിക്കും. ദൈവം തന്നെ അവരോടുകൂടെ ഉണ്ടായിരിക്കും. അവൻ അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും, മരണം മേലാൽ ഉണ്ടായിരിക്കുകയില്ല, വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കയില്ല. മുൻകാര്യങ്ങൾ നീങ്ങിപ്പോയിരിക്കുന്നു.”
ആ ശ്രദ്ധേയമായ ബൈബിൾപ്രവചനങ്ങളെക്കുറിച്ചും അവ വ്യക്തിപരമായി നമുക്ക് എന്തർത്ഥമാക്കുന്നുവെന്നതിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ദയവായി നിങ്ങളുടെ പ്രദേശത്തെ യഹോവയുടെ സാക്ഷികളെ സമീപിക്കുക. അല്ലെങ്കിൽ നിങ്ങളുടെ രാജ്യത്തെ ഈ മാസികയുടെ പ്രസാധകർക്കെഴുതുക. (g88 4/8)
[അടിക്കുറിപ്പുകൾ]
a ഈ പോരാട്ടത്തിന്റെ വിശദമായ ഒരു ചർച്ചക്ക് വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ന്യൂയോർക്ക് പ്രസിദ്ധപ്പെടുത്തിയ “നിന്റെ ഇഷ്ടം ഭൂമിയിൽ ചെയ്യപ്പെടേണമേ” [ഇംഗ്ലീഷ്] എന്ന പുസ്തകത്തിലെ “അന്ത്യനിയമിത കാലം” എന്ന 11-ാം അദ്ധ്യായം കാണുക.
b ഈ പ്രവചനത്തിന്റെ വിശദമായ ഒരു പരിചിന്തനത്തിന് “മഹാബാബിലോൻ വീണിരിക്കുന്നു!” ദൈവരാജ്യം ഭരിക്കുന്നു! എന്ന വാച്ച്ടവർ സൊസൈററി തന്നെ പ്രസിദ്ധീകരിച്ചിരിക്കുന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണത്തിലെ “മഹാവേശ്യയുടെമേലുള്ള ന്യായവിധി” എന്ന 26-ാം അദ്ധ്യായം കാണുക.
[14-ാം പേജിലെ ആകർഷകവാക്യം]
തലമുറ—“ഒരേ കാലത്തു ജനിച്ചവരുടെ ആകെ മൊത്തം, ഒരു നിശ്ചിതകാലത്ത് ജീവിക്കുന്ന എല്ലാവരെയും, . . . ഉൾപ്പെടുത്താൻ വികസിതമായത്.”—“പുതിയ നിയമത്തിന്റെ ഒരു ഗ്രീക്ക്-ഇംഗ്ലീഷ് ലെക്സിക്കൻ”
[16-ാം പേജിലെ ആകർഷകവാക്യം]
ഐക്യരാഷ്ട്രങ്ങളിലെ സമൂലപരിഷ്ക്കരണവാദികളായ രാഷ്ട്രീയഘടകങ്ങൾ ലോകത്തിലെ രാഷ്ട്രീയത്തിലിടപെടുന്ന മതങ്ങൾക്കെതിരെ തിരിയുമെന്ന് ബൈബിൾപ്രവചനം സൂചിപ്പിക്കുന്നു.
[15-ാം പേജിലെ ചിത്രം]
അർമ്മഗെദ്ദോനുശേഷം ദൈവത്തിന്റെ സമാധാനത്തിന്റെയും നീതിയുടെയും പുതിയ ലോകത്തിൽ ‘മുൻകാര്യങ്ങൾ നീങ്ങിപ്പോയിരിക്കും.’—വെളിപ്പാട് 21:3, 4