നിങ്ങൾ ‘സദാ ജാഗരൂകരായിരിക്കുമോ?’
“ആകയാൽ സദാ ജാഗരൂകരായിരിക്കുവിൻ; ആ ദിവസവും സമയവും നിങ്ങൾ അറിയുന്നില്ലല്ലോ.”—മത്താ. 25:13.
1, 2. (എ) അന്ത്യനാളുകളെക്കുറിച്ച് യേശു എന്തു വെളിപ്പെടുത്തി? (ബി) നമ്മൾ ഏതു ചോദ്യങ്ങൾ ചർച്ച ചെയ്യും?
യെരുശലേമിലെ ആലയത്തെ നോക്കിക്കൊണ്ട് യേശു ഒലിവു മലയിൽ ഇരിക്കുകയാണ്. യേശുവിനോടൊപ്പം ശിഷ്യന്മാരായ പത്രോസ്, അന്ത്രെയാസ്, യാക്കോബ്, യോഹന്നാൻ എന്നിവരുമുണ്ട്. ഭാവിയെക്കുറിച്ചുള്ള പുളകംകൊള്ളിക്കുന്ന ഒരു പ്രവചനത്തെക്കുറിച്ച് യേശു വിവരിക്കുമ്പോൾ അവർ ശ്രദ്ധയോടെ കേട്ടിരിക്കുന്നു. യേശു സ്വർഗത്തിൽ രാജാവായി വാഴുമ്പോൾ, ഈ ദുഷ്ടലോകത്തിന്റെ അവസാനനാളുകളിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ആ പ്രവചനം വെളിപ്പെടുത്തുന്നത്. ആവേശകരമായ ആ നാളുകളിൽ, തന്നെ പ്രതിനിധാനം ചെയ്യുന്ന “വിശ്വസ്തനും വിവേകിയുമായ അടിമ” ഭൂമിയിൽ ഉണ്ടായിരിക്കുമെന്നും ആ അടിമ തന്റെ അനുഗാമികൾക്ക് തക്കസമയത്ത് ആത്മീയാഹാരം നൽകുമെന്നും യേശു അവരോട് പറയുന്നു.—മത്താ. 24:45-47.
2 അതിനു ശേഷം, അതേ പ്രവചനത്തിൽത്തന്നെയാണ് യേശു പത്തു കന്യകമാരെക്കുറിച്ചുള്ള ഉപമ പറയുന്നത്. (മത്തായി 25:1-13 വായിക്കുക.) ഈ ലേഖനത്തിൽ നമ്മൾ പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തും: (1) ഈ ഉപമ നൽകുന്ന അടിസ്ഥാനസന്ദേശം എന്താണ്? (2) വിശ്വസ്തരായ അഭിഷിക്തർ ഈ ഉപമയിലെ ബുദ്ധിയുപദേശം ബാധകമാക്കിയിരിക്കുന്നത് എങ്ങനെ, എന്താണ് അതിന്റെ ഫലം? (3) യേശുവിന്റെ ഉപമയിൽനിന്ന് നമുക്ക് ഓരോരുത്തർക്കും ഇന്ന് എങ്ങനെ പ്രയോജനം നേടാം?
ഉപമയുടെ സന്ദേശം എന്താണ്?
3. നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ പത്തു കന്യകമാരെക്കുറിച്ചുള്ള യേശുവിന്റെ ഉപമ എങ്ങനെയാണ് വിശദീകരിച്ചിരുന്നത്, അതുകൊണ്ടുള്ള പ്രശ്നം എന്തായിരുന്നു?
3 ഏതാനും പതിറ്റാണ്ടുകളായി, വിശ്വസ്തനായ അടിമ ചില ബൈബിൾവിവരണങ്ങൾ വിശദീകരിക്കുന്ന വിധത്തിൽ ഭേദഗതി വരുത്തിയതായി കഴിഞ്ഞ ലേഖനത്തിൽ നമ്മൾ മനസ്സിലാക്കി. പ്രതീകാത്മകമോ പ്രാവചനികമോ ആയ അർഥങ്ങളേക്കാൾ അധികം ആ വിവരണത്തിലെ ഗുണപാഠങ്ങൾക്കാണ് അടിമ ഇപ്പോൾ പ്രാധാന്യം കൊടുക്കുന്നത്. പത്തു കന്യകമാരെക്കുറിച്ചുള്ള യേശുവിന്റെ ഉപമ ഉദാഹരണമായെടുക്കാം. ഈ ഉപമയിലെ വിളക്കുകൾ, എണ്ണ, പാത്രം എന്നിവ ഓരോന്നും ആരെയെങ്കിലും അല്ലെങ്കിൽ എന്തിനെയെങ്കിലും പ്രതീകപ്പെടുത്തുന്നതായി നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഉപമയിലെ നിസ്സാരമായ വിശദാംശങ്ങളിലേക്ക് ശ്രദ്ധകൊടുക്കുമ്പോൾ അതിലെ ലളിതവും അടിയന്തിരപ്രാധാന്യമുള്ളതും ആയ സന്ദേശം നഷ്ടപ്പെട്ടുപോകാനുള്ള സാധ്യതയുണ്ടോ? ആ ചോദ്യത്തിനുള്ള ഉത്തരം പ്രാധാന്യം അർഹിക്കുന്നു.
4. (എ) ഉപമയിലെ മണവാളൻ ആരാണെന്ന് നമുക്ക് എങ്ങനെ തിരിച്ചറിയാം? (ബി) ഉപമയിലെ കന്യകമാർ ആരാണെന്ന് നമുക്ക് എങ്ങനെ തിരിച്ചറിയാം?
4 യേശുവിന്റെ ഉപമയിലെ അടിസ്ഥാനസന്ദേശം എന്താണെന്ന് നമുക്കു നോക്കാം. ആദ്യമായി, പത്തു കന്യകമാരുടെ ഉപമയിലെ കഥാപാത്രങ്ങളെക്കുറിച്ച് ചിന്തിക്കുക. ആരാണ് മണവാളൻ? അത് യേശുവാണ്. കാരണം, താനാണ് മണവാളനെന്ന് യേശുതന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്. (ലൂക്കോ. 5:34, 35) കന്യകമാർ ആരാണ്? അവർ അഭിഷിക്തക്രിസ്ത്യാനികളായ “ചെറിയ ആട്ടിൻകൂട്ട”മാണ്. അത് നമുക്ക് എങ്ങനെ അറിയാം? മണവാളൻ വരുമ്പോൾ ഉപമയിലെ കന്യകമാർ വിളക്കു കത്തിച്ച് ഒരുങ്ങിയിരിക്കേണ്ടതുണ്ടായിരുന്നു. ഇതിനു സമാനമായ വാക്കുകളാണ് യേശു അഭിഷിക്തരായ തന്റെ അനുഗാമികളോട് പറഞ്ഞതെന്ന് ശ്രദ്ധിക്കുക: “നിങ്ങളുടെ അര കെട്ടിയും വിളക്കു കത്തിയും ഇരിക്കട്ടെ. വിവാഹത്തിനു പോയിട്ടു മടങ്ങിവരുന്ന തങ്ങളുടെ യജമാനൻ വാതിലിൽ മുട്ടുമ്പോൾത്തന്നെ അവനു വാതിൽ തുറന്നുകൊടുക്കാൻ കാത്തിരിക്കുന്നവരെപ്പോലെ ആയിരിക്കണം നിങ്ങൾ.” (ലൂക്കോ. 12:32, 35, 36) കൂടാതെ, അപ്പൊസ്തലന്മാരായ പൗലോസും യോഹന്നാനും ക്രിസ്തുവിന്റെ അഭിഷിക്തരായ അനുഗാമികളെ നിർമലകന്യകമാരോടാണ് ഉപമിച്ചത്. (2 കൊരി. 11:2; വെളി. 14:4) അതുകൊണ്ട്, മത്തായി 25:1-13-ലെ യേശുവിന്റെ ബുദ്ധിയുപദേശവും മുന്നറിയിപ്പും അഭിഷിക്തരായ അനുഗാമികൾക്കുള്ളതാണെന്ന് നമുക്കു മനസ്സിലാക്കാം.
5. പത്തു കന്യകമാരെക്കുറിച്ചുള്ള ഉപമ ബാധകമാകുന്ന കാലഘട്ടം ഏതാണെന്ന് യേശു വെളിപ്പെടുത്തിയത് എങ്ങനെ?
5 അടുത്തതായി, ഈ ഉപമയിലെ ബുദ്ധിയുപദേശം ബാധകമാകുന്ന കാലഘട്ടം ഏതാണെന്നു നോക്കാം. ഉപമയുടെ അവസാനഭാഗത്തായി യേശു പറഞ്ഞ പിൻവരുന്ന വാക്കുകൾ ആ കാലഘട്ടം മനസ്സിലാക്കാൻ നമ്മെ സഹായിക്കും: “മണവാളൻ എത്തി.” (മത്താ. 25:10) മത്തായി 24, 25 അധ്യായങ്ങളിലെ പ്രവചനത്തിൽ യേശുവിന്റെ ‘വരവി’നെക്കുറിച്ചു പറയുന്ന എട്ടു പരാമർശങ്ങൾ 2013 ജൂലൈ 15 വീക്ഷാഗോപുരം ചർച്ച ചെയ്തിരുന്നു. തന്റെ ‘വരവ്’ എന്നു പറഞ്ഞതിലൂടെ യേശു ഉദ്ദേശിച്ചത്, മഹാകഷ്ടത്തിന്റെ സമയത്ത് ഈ ദുഷ്ടലോകത്തെ ന്യായം വിധിച്ച് അതിനെ നശിപ്പിക്കാൻ താൻ വരുന്നതിനെയാണ്. അതുകൊണ്ട്, പത്തു കന്യകമാരെക്കുറിച്ചുള്ള ഉപമ ബാധകമാകുന്നത് അന്ത്യനാളുകളിലാണ്. എന്നാൽ യേശു വരുന്നത് മഹാകഷ്ടത്തിന്റെ സമയത്തായിരിക്കും.
6. ഈ ഉപമയിലെ അടിസ്ഥാനസന്ദേശം എന്ത്?
6 ഈ ഉപമയിൽനിന്ന് നമുക്കു പഠിക്കാൻ കഴിയുന്ന അടിസ്ഥാനസന്ദേശം എന്താണ്? ഈ ബൈബിൾവിവരണത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് ഒന്ന് ചിന്തിക്കുക. മത്തായി 24-ാം അധ്യായത്തിൽ, വിശ്വസ്തനും വിവേകിയും ആയ അടിമയെക്കുറിച്ച് യേശു വിശദീകരിച്ചു. അന്ത്യനാളുകളിൽ ക്രിസ്തുവിന്റെ അനുഗാമികളെ നയിക്കുന്ന അഭിഷിക്തരായ പുരുഷന്മാരുടെ ഒരു ചെറിയ കൂട്ടമായിരിക്കുമായിരുന്നു ആ അടിമ. വിശ്വസ്തരായി തുടരണമെന്ന് യേശു അവർക്കു മുന്നറിയിപ്പും നൽകി. അടുത്ത അധ്യായത്തിൽ, അന്ത്യനാളുകളിൽ ജീവിക്കുന്ന തന്റെ അഭിഷിക്തരായ എല്ലാ അനുഗാമികൾക്കും ബുദ്ധിയുപദേശം നൽകാനായി, യേശു പത്തു കന്യകമാരെക്കുറിച്ചുള്ള ഉപമ പറഞ്ഞു. സ്വർഗീയപ്രതിഫലം നഷ്ടപ്പെട്ടുപോകാതിരിക്കാൻ അവർ “സദാ ജാഗരൂകരായിരിക്ക”ണം എന്നതായിരുന്നു അതിലെ സന്ദേശം. (മത്താ. 25:13) ഇനി നമുക്ക് ഈ ഉപമ വിശദമായി വിശകലനം ചെയ്ത് അഭിഷിക്തർ ഈ ബുദ്ധിയുപദേശം എങ്ങനെ ബാധകമാക്കിയിരിക്കുന്നു എന്നു പരിശോധിക്കാം.
ഉപമയിലെ ബുദ്ധിയുപദേശം അഭിഷിക്തർ ബാധകമാക്കിയിരിക്കുന്നത് എങ്ങനെ?
7, 8. (എ) വിവേകമതികളായ കന്യകമാർ ഒരുങ്ങിയിരുന്നത് എന്തുകൊണ്ട്? (ബി) ഇന്ന് അഭിഷിക്തർ തയ്യാറായിരിക്കുന്നത് എങ്ങനെ?
7 വിവേകഹീനരായ കന്യകമാരിൽനിന്ന് വ്യത്യസ്തരായി, വിവേകമതികളായ കന്യകമാർ മണവാളൻ വന്നപ്പോൾ ഒരുങ്ങിയിരിക്കുകയായിരുന്നെന്ന് ഉപമയിൽ യേശു ഊന്നിപ്പറഞ്ഞു. എന്തുകൊണ്ട്? അവർ തയ്യാറായിരുന്നു, ജാഗ്രതയുള്ളവരുമായിരുന്നു. പത്തു കന്യകമാരും രാത്രിയിൽ വിളക്ക് കെടാതെ സൂക്ഷിച്ചുകൊണ്ട് ജാഗ്രത പാലിക്കണമായിരുന്നു. വിളക്കുകളോടൊപ്പം പാത്രങ്ങളിൽ അധികം എണ്ണയുംകൂടെ കരുതിക്കൊണ്ട് വിവേകമതികളായ അഞ്ചു കന്യകമാർ തങ്ങൾ തയ്യാറാണെന്ന് തെളിയിച്ചു. വിശ്വസ്തരായ അഭിഷിക്തക്രിസ്ത്യാനികൾ യേശുവിന്റെ വരവിനായി തയ്യാറായിരിക്കുന്നത് എങ്ങനെയാണ്?
8 അവസാനത്തോളം തങ്ങളുടെ നിയമനം പൂർത്തീകരിക്കാൻ അഭിഷിക്തർ തയ്യാറായിരിക്കുന്നു. ദൈവത്തെ സേവിക്കുന്നതിന് സാത്താന്റെ ലോകത്തിൽ ലഭിച്ചേക്കാവുന്ന ഭൗതികനേട്ടങ്ങൾ വേണ്ടെന്നുവെക്കണമെന്ന് അവർ തിരിച്ചറിയുന്നു. അവർ അത് മനസ്സോടെയാണ് ചെയ്യുന്നത്. യഹോവയ്ക്കു തങ്ങളെത്തന്നെ അർപ്പിക്കാനും യഹോവയെ വിശ്വസ്തമായി സേവിക്കാനും അവർ ദൃഢചിത്തരാണ്. അന്ത്യം അടുത്തെത്തിയിരിക്കുന്നതുകൊണ്ടല്ല, പിന്നെയോ അവർ യഹോവയെയും പുത്രനെയും സ്നേഹിക്കുന്നതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. അവർ നിർമലത കാത്തുസൂക്ഷിക്കുന്നു. ലോകത്തിന്റെ ഭൗതികത്വം നിറഞ്ഞതും അധാർമികവും സ്വാർഥവും ആയ മനോഭാവങ്ങൾ തങ്ങളെ ബാധിക്കാൻ അവർ അനുവദിക്കുന്നില്ല. വിളക്കുമായി ഒരുങ്ങിയിരുന്ന വിവേകമതികളായ കന്യകമാരെപ്പോലെ, മണവാളന്റെ വരവിനായി ക്ഷമയോടെ കാത്തിരുന്നുകൊണ്ട് അഭിഷിക്തർ ആത്മീയപ്രകാശം പരത്തിക്കൊണ്ടേയിരിക്കുന്നു—മണവാളൻ വൈകുന്നുവെന്ന് തോന്നുന്നെങ്കിലും.—ഫിലി. 2:15.
9. (എ) ആത്മീയമായ മയക്കം സംബന്ധിച്ച് എന്ത് മുന്നറിയിപ്പാണ് യേശു നൽകിയത്? (ബി) “ഇതാ, മണവാളൻ വരുന്നു!” എന്ന ആർപ്പുവിളിയോട് അഭിഷിക്തർ എങ്ങനെയാണ് പ്രതികരിച്ചത്? (അടിക്കുറിപ്പ് കൂടെ കാണുക.)
9 വിവേകമതികളായ കന്യകമാർ ജാഗ്രത പാലിച്ചുകൊണ്ടും മണവാളന്റെ വരവിനായി ഒരുങ്ങിയിരിക്കുന്നുവെന്ന് തെളിയിച്ചു. മണവാളൻ വരാൻ വൈകിയെന്ന് തോന്നിയപ്പോൾ പത്തു കന്യകമാർക്കും “മയക്കം വന്നു; അവർ ഉറക്കമായി” എന്ന് ഉപമയിൽ പറയുന്നു. ഏതെങ്കിലും അഭിഷിക്തക്രിസ്ത്യാനി ഇന്ന് ‘ഉറങ്ങിപ്പോകാൻ’ അതായത്, യേശുവിന്റെ വരവിനായി കാത്തിരിക്കവെ ശ്രദ്ധ വ്യതിചലിച്ചുപോകാൻ, സാധ്യതയുണ്ടോ? ഉണ്ട്. തന്റെ വരവിനായി കാത്തിരിക്കവെ മനസ്സൊരുക്കവും താത്പര്യവും ഉള്ള ഒരു വ്യക്തി പോലും, ക്ഷീണിതനാകാനോ അദ്ദേഹത്തിന്റെ ശ്രദ്ധ വ്യതിചലിക്കാനോ സാധ്യതയുണ്ടെന്ന് യേശുവിന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ വിശ്വസ്തരായ അഭിഷിക്തക്രിസ്ത്യാനികൾ ജാഗരൂകരായിരിക്കാൻ മുമ്പെന്നത്തെക്കാളും ശ്രമം ചെയ്തിരിക്കുന്നു. എങ്ങനെ? “ഇതാ, മണവാളൻ വരുന്നു!” എന്ന ആർപ്പുവിളിയുണ്ടായപ്പോൾ ഉപമയിലെ പത്തു കന്യകമാരും അതിനോട് അനുകൂലമായി പ്രതികരിച്ചു. എന്നാൽ വിവേകമതികളായ കന്യകമാർ മാത്രമാണ് ജാഗ്രത നിലനിറുത്തിയത്. (മത്താ. 25:5, 6; 26:41) സമാനമായി, അന്ത്യനാളുകളിൽ വിശ്വസ്തരായ അഭിഷിക്തക്രിസ്ത്യാനികൾ യേശു ഉടൻ വരുന്നു എന്നതിനുള്ള ശക്തമായ തെളിവുകൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നു. ഈ തെളിവുകൾ ആലങ്കാരികമായി പറഞ്ഞാൽ, “ഇതാ, മണവാളൻ വരുന്നു!” എന്ന ആർപ്പുവിളി പോലെയാണ്. യേശുവിന്റെ ആ വരവിനായി അവർ ഒരുങ്ങിയിരിക്കുന്നു.a യേശുവിന്റെ ഉപമയിലെ അവസാനഭാഗം ഒരു പ്രത്യേക കാലഘട്ടത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു. അടുത്തതായി നമുക്ക് അത് പരിശോധിക്കാം.
വിവേകമതികൾക്ക് പ്രതിഫലം, വിവേകഹീനർക്ക് ശിക്ഷ
10. വിവേകമതികളും വിവേകഹീനരും ആയ കന്യകമാരുടെ സംഭാഷണത്തെക്കുറിച്ച് നമുക്ക് എന്തു സംശയം തോന്നിയേക്കാം?
10 ഉപമയുടെ അവസാനഭാഗത്ത് വിവേകഹീനരായ കന്യകമാർ വിവേകമതികളായ കന്യകമാരോട് തങ്ങളുടെ വിളക്ക് കെട്ടുപോകാതിരിക്കാൻ എണ്ണ ചോദിക്കുന്നു. എന്നാൽ വിവേകമതികളായ കന്യകമാർ അവരെ സഹായിക്കുന്നില്ല. (മത്തായി 25:8, 9 വായിക്കുക.) അഭിഷിക്തക്രിസ്ത്യാനികൾ എപ്പോഴാണ് സഹായം ആവശ്യമുള്ള ആർക്കെങ്കിലും അത് കൊടുക്കാതിരുന്നിട്ടുള്ളത്? ഈ ഉപമ ബാധകമാകുന്ന കാലഘട്ടം ഏതാണെന്ന് ഓർക്കുക. മഹാകഷ്ടത്തിന്റെ അവസാനത്തോടടുത്ത് ന്യായം വിധിക്കാനാണ് മണവാളനായ യേശു വരുന്നത്. അതുകൊണ്ട് ഈ സംഭാഷണം നടക്കുന്നത് മഹാകഷ്ടം അവസാനിക്കുന്നതിന് തൊട്ടുമുമ്പായിരിക്കാനാണ് സാധ്യത. അങ്ങനെ പറയാൻ കാരണം എന്താണ്? കാരണം, അപ്പോഴേക്കും അഭിഷിക്തക്രിസ്ത്യാനികൾക്ക് അവരുടെ അന്തിമമുദ്ര ലഭിച്ചിട്ടുണ്ടായിരിക്കും
11. (എ) മഹാകഷ്ടം തുടങ്ങുന്നതിനു തൊട്ടു മുമ്പ് എന്തു സംഭവിക്കും? (ബി) വിവേകമതികളായ കന്യകമാർ, വിവേകഹീനരായ കന്യകമാരെ എണ്ണ വാങ്ങാൻ പറഞ്ഞുവിടുന്നതിന്റെ അർഥം എന്താണ്?
11 അതായത്, മഹാകഷ്ടം ആരംഭിക്കുന്നതിനു മുമ്പ്, ഭൂമിയിലുള്ള എല്ലാ വിശ്വസ്തരായ അഭിഷിക്തർക്കും അന്തിമമുദ്ര ലഭിച്ചിട്ടുണ്ടാകും. (വെളി. 7:1-4) അവർ സ്വർഗത്തിൽ പോകുമെന്ന് അപ്പോൾമുതൽ തീർച്ചയാകും. എന്നാൽ മഹാകഷ്ടം തുടങ്ങുന്നതിനു മുമ്പുള്ള വർഷങ്ങളെക്കുറിച്ച് ചിന്തിക്കുക. ജാഗ്രത പാലിക്കാതെ അവിശ്വസ്തരായിത്തീരുന്ന അഭിഷിക്തർക്ക് എന്തായിരിക്കും സംഭവിക്കുക? അവർക്ക് സ്വർഗീയപ്രതിഫലം നഷ്ടമാകും. വ്യക്തമായും, അവർക്ക് അന്തിമമുദ്ര ലഭിക്കുകയില്ല. അപ്പോഴേക്കും വിശ്വസ്തരായ മറ്റു ക്രിസ്ത്യാനികളെ അവർക്കു പകരം അഭിഷേകം ചെയ്തിട്ടുണ്ടാകും. മഹാകഷ്ടം ആരംഭിച്ചുകഴിയുമ്പോൾ, വിവേകഹീനരായവർ മഹാബാബിലോൺ നശിക്കുന്നതു കണ്ട് അമ്പരന്നുപോയേക്കാം. യേശുവിന്റെ വരവിനായി തങ്ങൾ ഒരുങ്ങിയിട്ടില്ലെന്ന് അവർ തിരിച്ചറിയുന്നത് അപ്പോൾ മാത്രമായിരിക്കാം. ആ വൈകിയ വേളയിൽ അവർ സഹായത്തിനായി കേണപേക്ഷിച്ചാൽ എന്തായിരിക്കും സംഭവിക്കുന്നത്? ഉപമ അതിന് ഉത്തരം നൽകുന്നു. വിവേകമതികളായ കന്യകമാർ തങ്ങളുടെ കൈയിലുള്ള എണ്ണ വിവേകഹീനരായ കന്യകമാർക്ക് കൊടുത്തില്ല. പകരം, പോയി എണ്ണ വാങ്ങാൻ അവരോട് ആവശ്യപ്പെട്ടു. ആ “അർധരാത്രി”യിൽ, അവർക്ക് എങ്ങുനിന്നും എണ്ണ വാങ്ങാൻ കഴിയുമായിരുന്നില്ല. സമയം ഏറെ വൈകിപ്പോയിരുന്നു!
12. (എ) അഭിഷിക്തരിൽപ്പെട്ട ആരെങ്കിലും അന്തിമമുദ്രയിടലിനു മുമ്പ് അവിശ്വസ്തരായിത്തീരുന്നെങ്കിൽ, മഹാകഷ്ടത്തിന്റെ സമയത്ത് അവർ എന്തു തിരിച്ചറിയും? (ബി) വിവേകഹീനരായ കന്യകമാരെപ്പോലെയുള്ളവർക്ക് എന്തു സംഭവിക്കും?
12 മഹാകഷ്ടത്തിന്റെ സമയത്ത്, അവിശ്വസ്തരായിത്തീർന്നവരെ സഹായിക്കാൻ വിശ്വസ്തരായ അഭിഷിക്തർക്ക് കഴിയില്ല. അപ്പോഴേക്കും ഏറെ വൈകിയിരിക്കും. അവിശ്വസ്തർക്ക് എന്തു സംഭവിക്കും? എണ്ണ വാങ്ങാൻ പോയ വിവേകഹീനരായ കന്യകമാർക്ക് എന്തു സംഭവിച്ചെന്ന് ശ്രദ്ധിക്കുക. വിവരണം പറയുന്നു: “മണവാളൻ എത്തി. ഒരുങ്ങിയിരുന്ന കന്യകമാർ അവനോടൊപ്പം വിവാഹവിരുന്നിനായി അകത്തു പ്രവേശിച്ചു. വാതിൽ അടയ്ക്കപ്പെട്ടു.” മഹാകഷ്ടത്തിന്റെ അവസാനത്തിൽ മഹിമയോടെ വരുമ്പോൾ, യേശു തന്റെ വിശ്വസ്തരായ അഭിഷിക്തരെ സ്വർഗത്തിലേക്കു കൂട്ടിച്ചേർക്കും. (മത്താ. 24:31; 25:10; യോഹ. 14:1-3; 1 തെസ്സ. 4:17) എന്നാൽ, വിവേകഹീനരായ കന്യകമാരെപ്പോലെയുള്ള അവിശ്വസ്തരുടെ മുമ്പിൽ വാതിൽ തീർച്ചയായും അടയ്ക്കപ്പെടും. അപ്പോൾ അവർ ഇങ്ങനെ വിലപിച്ചേക്കാം: “യജമാനനേ, യജമാനനേ, ഞങ്ങൾക്കു വാതിൽ തുറന്നുതരേണമേ!” അപ്പോൾ യേശു എങ്ങനെയായിരിക്കും അവരോടു പ്രതികരിക്കുക? ദുഃഖകരമായ സത്യം ഇതാണ്: കോലാടുതുല്യരായ അനേകരോട് പറയുന്ന അതേ വാക്കുകൾ യേശു ഇവരോടും ഉച്ചരിക്കും: “ഞാൻ നിങ്ങളെ അറിയുന്നില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”—മത്താ. 7:21-23; 25:11, 12.
13. (എ) അഭിഷിക്തരിൽ പലരും അവിശ്വസ്തരാകുമെന്ന് നമ്മൾ നിഗമനം ചെയ്യേണ്ടതില്ലാത്തത് എന്തുകൊണ്ട്? (ബി) അഭിഷിക്തരിൽ യേശുവിന് നല്ല ബോധ്യമുണ്ടായിരുന്നെന്ന് യേശുവിന്റെ ഉപമ വെളിപ്പെടുത്തുന്നത് എങ്ങനെ? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
13 അഭിഷിക്തരിൽ പലരും അവിശ്വസ്തരാകുമെന്നും അവർക്കു പകരക്കാരെ കണ്ടെത്തേണ്ടിവരുമെന്നും ആയിരുന്നോ യേശു ഉദ്ദേശിച്ചത്? അല്ല. മത്തായി 24-ാം അധ്യായത്തിൽ, വിശ്വസ്തനും വിവേകിയും ആയ അടിമയോട് ഒരു ദുഷ്ടനായ അടിമയാകാതിരിക്കാൻ യേശു മുന്നറിയിപ്പു കൊടുത്തതായി നാം വായിക്കുന്നു. അങ്ങനെ സംഭവിക്കുമെന്ന് യേശു പ്രതീക്ഷിച്ചുവെന്നല്ല അതിന്റെ അർഥം. സമാനമായി, പത്തു കന്യകമാരെക്കുറിച്ചുള്ള ഉപമയും ഒരു മുന്നറിയിപ്പാണ്. അഞ്ചു കന്യകമാർ വിവേകഹീനരും അഞ്ചുപേർ വിവേകമതികളും ആയിരുന്നതുപോലെ, ഓരോ അഭിഷിക്തക്രിസ്ത്യാനിയും തയ്യാറായിരിക്കാനും ജാഗ്രതയോടെയിരിക്കാനും സ്വയം തീരുമാനിക്കണം. ആരെങ്കിലും അങ്ങനെ ചെയ്യാത്തപക്ഷം ആ വ്യക്തി വിവേകഹീനനും അവിശ്വസ്തനും ആയിത്തീർന്നേക്കാം. അഭിഷിക്തരായ സഹോദരീസഹോദരന്മാർക്ക് പൗലോസ് ഇതുപോലൊരു ശക്തമായ മുന്നറിയിപ്പു കൊടുത്തിട്ടുണ്ട്. (എബ്രായർ 6:4-9 വായിക്കുക; ആവർത്തനപുസ്തകം 30:19 താരതമ്യം ചെയ്യുക.) എന്നാൽ തന്റെ സഹോദരീസഹോദരന്മാർക്ക് തങ്ങളുടെ പ്രതിഫലം ലഭിക്കുമെന്ന് പൗലോസിനുണ്ടായിരുന്ന ബോധ്യം ആ വാക്കുകളിൽ പ്രകടമാണ്. പത്തു കന്യകമാരെക്കുറിച്ചുള്ള ഉപമയിലെ മുന്നറിയിപ്പ് യേശുവിന് അഭിഷിക്തരെക്കുറിച്ച് സമാനമായ ബോധ്യമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തുന്നു. വിശ്വസ്തത പാലിക്കാനും ഒടുവിൽ വിസ്മയകരമായ പ്രതിഫലം സ്വീകരിക്കാനും തന്റെ ഓരോ അഭിഷിക്തദാസനും കഴിയുമെന്ന് യേശുവിന് അറിയാം!
ക്രിസ്തുവിന്റെ ‘വേറെ ആടുകൾക്ക്’ എങ്ങനെ പ്രയോജനം നേടാം?
14. പത്തു കന്യകമാരെക്കുറിച്ചുള്ള ഉപമയിൽനിന്ന് ‘വേറെ ആടുകൾക്കും’ പ്രയോജനം നേടാൻ കഴിയുന്നത് എന്തുകൊണ്ട്?
14 യേശുവിന്റെ ഉപമ പ്രധാനമായും അഭിഷിക്തരെ ഉദ്ദേശിച്ചുള്ളതാണ്. എന്നാൽ ഈ ഉപമയിൽനിന്ന് ‘വേറെ ആടുകൾക്ക്’ പ്രയോജനം നേടാനാകുമോ? (യോഹ. 10:16) തീർച്ചയായും! ഉപമയുടെ സന്ദേശം ലളിതമാണ്: ‘സദാ ജാഗരൂകരായിരിക്കുക.’ യേശു ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “എന്നാൽ നിങ്ങളോടു പറയുന്നതുതന്നെ ഞാൻ എല്ലാവരോടും പറയുന്നു: സദാ ജാഗരൂകരായിരിക്കുവിൻ.” (മർക്കോ. 13:37) തന്റെ ശിഷ്യന്മാരെല്ലാം തയ്യാറായിരിക്കാനും ജാഗ്രതയോടെയിരിക്കാനും യേശു ആവശ്യപ്പെടുന്നു. ശുശ്രൂഷ ജീവിതത്തിൽ ഒന്നാമതു വെക്കുന്ന അഭിഷിക്തരുടെ മികച്ച മാതൃക എല്ലാ ക്രിസ്ത്യാനികൾക്കും പകർത്താൻ കഴിയും. വിവേകഹീനരായ കന്യകമാർ വിവേകമതികളായ കന്യകമാരോട് അവരുടെ പക്കലുള്ള എണ്ണയിൽനിന്ന് കുറച്ചു ചോദിച്ചത് ഓർക്കുക. എന്നാൽ അവർക്ക് സഹായം ലഭിച്ചില്ല. അതിൽനിന്ന് നമുക്ക് എന്തു പഠിക്കാം? ദൈവത്തോടു വിശ്വസ്തരായിരിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. നമുക്കുവേണ്ടി തയ്യാറായിരിക്കാനും ജാഗ്രതയോടെയിരിക്കാനും മറ്റാർക്കും കഴിയില്ല. അതെ, നീതിയുള്ള ന്യായാധിപനായി വേഗത്തിൽ വരുന്ന യേശുക്രിസ്തുവിനോട് നമ്മൾ ഓരോരുത്തരും വ്യക്തിപരമായി കണക്കുബോധിപ്പിക്കേണ്ടതാണ്. അതുകൊണ്ട് നമുക്ക് ഏവർക്കും ഒരുങ്ങിയിരിക്കാം!
നമുക്കുവേണ്ടി മറ്റൊരാൾക്ക് വിശ്വസ്തത പാലിക്കാനോ ജാഗരൂകനായിരിക്കാനോ കഴിയില്ല എന്ന് എണ്ണയ്ക്കു വേണ്ടിയുള്ള അഭ്യർഥന നമ്മെ ഓർമിപ്പിക്കുന്നു
15. ക്രിസ്തുവിന്റെയും അവന്റെ മണവാട്ടിയുടെയും വിവാഹം സത്യക്രിസ്ത്യാനികളെല്ലാം അത്യാകാംക്ഷയോടെ കാത്തിരിക്കുന്നത് എന്തുകൊണ്ട്?
15 യേശുവിന്റെ ഉപമയിൽ പറഞ്ഞിരിക്കുന്ന വിവാഹത്തിനായി എല്ലാ ക്രിസ്ത്യാനികളും അത്യാകാംക്ഷയോടെ കാത്തിരിക്കുന്നു. ഭാവിയിൽ, അർമ്മഗെദ്ദോൻ യുദ്ധത്തിനു ശേഷം അഭിഷിക്തക്രിസ്ത്യാനികൾ ക്രിസ്തുവിന്റെ മണവാട്ടിയായിത്തീരും. (വെളി. 19:7-9) സ്വർഗത്തിൽ നടക്കുന്ന ആ വിവാഹത്തിൽനിന്ന് അപ്പോൾ ഭൂമിയിലുള്ള സകലരും പ്രയോജനം നേടും. എന്തുകൊണ്ട്? കാരണം, മനുഷ്യവർഗത്തിന് അതിലൂടെ ലഭിക്കുന്നത് എല്ലാം തികഞ്ഞ ഒരു ഭരണമാണ്. നമ്മുടെ നിത്യജീവന്റെ പ്രത്യാശ സ്വർഗത്തിലായാലും ഭൂമിയിലായാലും, തയ്യാറായിരിക്കാനും ജാഗ്രതയോടെയിരിക്കാനും നമുക്കെല്ലാം ദൃഢചിത്തരായിരിക്കാം. നമ്മൾ അങ്ങനെ ചെയ്യുന്നെങ്കിൽ, യഹോവ നമുക്കായി കരുതിവെച്ചിരിക്കുന്ന വിസ്മയകരമായ ഭാവി നിശ്ചയമായും നമുക്ക് ആസ്വദിക്കാൻ കഴിയും.
a ഉപമയിൽ, “ഇതാ, മണവാളൻ വരുന്നു!” എന്ന ആർപ്പുവിളിക്കും (6-ാം വാക്യം) “മണവാളൻ എത്തി” എന്നു പറയുന്നതിനും (10-ാം വാക്യം) ഇടയ്ക്കുള്ള ഒരു കാലഘട്ടമുണ്ട്. “ഇതാ മണവാളൻ വരുന്നു” എന്ന പ്രയോഗം യേശു സ്വർഗത്തിൽ രാജാവായി ഭരണം തുടങ്ങിയതിനെ അർഥമാക്കുന്നു. അഭിഷിക്തർ യേശുവിന്റെ സാന്നിധ്യത്തിന്റെ അടയാളത്തിലൂടെ അത് തിരിച്ചറിഞ്ഞു. അതുകൊണ്ട്, അന്ത്യനാളുകളിൽ ഉടനീളം അവർ ജാഗ്രത പാലിച്ചുകൊണ്ടിരിക്കുന്നു. എങ്കിലും, ‘മണവാളൻ എത്തുന്നതുവരെ’ അവർ ജാഗരൂകരായിരിക്കേണ്ടതുണ്ട്.