രത്നങ്ങൾ മത്തായിയുടെ സുവിശേഷത്തിൽനിന്ന്
യേശുക്രിസ്തുവിന്റെ ജനനത്തെയും ജീവിതത്തെയും മരണത്തെയും പുനരുത്ഥാനത്തെയും കുറിച്ചുള്ള ഒരു പുളകപ്രദമായ വിവരണമെഴുതാൻ യഹോവയാം ദൈവം മുൻ നികുതിപിരിവുകാരനായിരുന്ന മത്തായിയെ നിശ്വസ്തനാക്കി. പത്താം നൂററാണ്ടിനുശേഷമുള്ള നിരവധി കൈയെഴുത്തുപ്രതികളുടെ അടിയിലെ കുറിപ്പുകൾ ഈ സുവിശേഷം യേശുവിന്റെ സ്വർഗ്ഗാരോഹണത്തിന്റെ എട്ടാം വർഷത്തിൽ എഴുതപ്പെട്ടുവെന്നു പറയുന്നു. (ഏകദേശം ക്രി.വ. 41) ഇത് ആഭ്യന്തര തെളിവിനു വിരുദ്ധമായിരിക്കുന്നില്ല, എന്തുകൊണ്ടെന്നാൽ വിവരണം ക്രി.വ. 33-ൽ യേശു കൊടുത്ത ശിഷ്യരാക്കൽനിയോഗത്തോടെ അവസാനിക്കുകയും ക്രി.വ. 70-ൽ റോമായാലുണ്ടായ യരുശലേമിന്റെ നാശത്തെക്കുറിച്ച് യാതൊന്നും പറയാതിരിക്കുകയുംചെയ്യുന്നു.
നാലാം നൂററാണ്ടിലെ ചരിത്രകാരനായ യൂസേബിയസ് തന്റെ ഹിസ്റേററിയാ എക്ലിസ്യാസ്ററക്കായിൽ രണ്ടാം നൂററാണ്ടിലെ പാപ്പിയാസിനെയും ഐറേനിയസിനെയും മൂന്നാം നൂററാണ്ടിലെ ഓറിജനെയും ഉദ്ധരിക്കുന്നു. അവരെല്ലാം ഈ സുവിശേഷം മത്തായി എബ്രായയിലെഴുതിയതാണെന്നു പറയുകയും ചെയ്യുന്നു. ഇത് യഥാർത്ഥത്തിൽ അരാമ്യയായിരുന്നോ? ജോർജിയാ യൂണിവേഴ്സിററിയിലെ മത പ്രൊഫസ്സറായ ജോർജ് ഹോവാർഡ് പറയുന്ന പ്രമാണങ്ങളനുസരിച്ച് അല്ല. അദ്ദേഹം ഇങ്ങനെ എഴുതി: “ഈ സങ്കൽപ്പം മുഖ്യമായി പലസ്തീനിൽ യേശുവിന്റെ നാളുകളിലെ എബ്രായക്കു പകരം അരാമ്യ പ്രബലപ്പെട്ടതുകൊണ്ട് അത് മേലാൽ ഉപയോഗത്തിലില്ലായിരുന്നുവെന്ന വിശ്വാസം നിമിത്തമാണ്. മിക്കതും എബ്രായ രചനകളായിരുന്ന ചാവുകടൽചുരുളുകളുടെ തുടർന്നുള്ള കണ്ടുപിടുത്തവും യേശുവിന്റെ പൊതു കാലഘട്ടത്തിലെ പലസ്തീനിൽനിന്നുള്ള മററു എബ്രായ പ്രമാണങ്ങളുടെ കണ്ടുപിടുത്തവും എബ്രായ ഒന്നാം നൂററാണ്ടിൽ സജീവമായി പ്രാബല്യത്തിലിരുന്നുവെന്ന് ഇപ്പോൾ തെളിയിക്കുന്നു.” തെളിവനുസരിച്ച്, എബ്രായരുടെ പ്രയോജനത്തിനുവേണ്ടിയാണ് മത്തായി തന്റെ സുവിശേഷം എഴുതിയത്, എന്നാൽ അത് സാധാരണ ഗ്രീക്കിലേക്ക് അവൻ വിവർത്തനംചെയ്തിരിക്കാം.
മത്തായിയുടെ സുവിശേഷം വായിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോൽസാഹിപ്പിക്കുകയാണ്. അതിൽ അടങ്ങിയിരിക്കുന്ന ഏതാനും ചില രത്നങ്ങളെ നാം വീക്ഷിക്കുമ്പോൾ ആ വിവരണത്തെ വ്യക്തമാക്കുന്ന പശ്ചാത്തല വിവരം ശ്രദ്ധിക്കുക.
ജനനവും പ്രാരംഭ ശുശ്രൂഷയും
യേശുവിന്റെ വംശാവലിയും ജനനവും വിവരിച്ചുകൊണ്ടാണ് മത്തായിയുടെ സുവിശേഷം തുടങ്ങുന്നത്. മറിയ ഗർഭിണിയാണെന്ന് കണ്ടെത്തപ്പെട്ടപ്പോൾ അവളുടെ പ്രതിശ്രുതനായ യോസേഫ് “അവളെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിച്ചു.” (മത്തായി 1:19) എന്നാൽ അവർ വിവാഹനിശ്ചയംചെയ്തിരിക്കമാത്രം ചെയ്തിരുന്നതുകൊണ്ട് അവന് അത് എങ്ങനെ ചെയ്യാൻ കഴിയും? ശരി, യഹൂദൻമാരെ സംബന്ധിച്ചിടത്തോളം വിവാഹനിശ്ചയംചെയ്തിരുന്ന സ്ത്രീക്ക് വിവാഹിതയുടെ അതേ കടപ്പാടുകൾ ഉണ്ടായിരുന്നു. അവൾ ആരെങ്കിലുമായി ലൈംഗികബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നെങ്കിൽ ഒരു വ്യഭിചാരിണിയെന്നപോലെ അവളെ കല്ലെറിഞ്ഞുകൊല്ലാൻ കഴിയുമായിരുന്നു. (ആവർത്തനം 22:23-29) വിവാഹനിശ്ചയത്തിന്റെ ബാദ്ധ്യത നിമിത്തം, യാതൊരു ചടങ്ങും അവരെ വിവാഹബന്ധത്തിൽ ഏകീകരിച്ചിരുന്നില്ലെങ്കിലും യോസേഫ് മറിയയെ ഉപേക്ഷിക്കാൻ പ്ലാൻചെയ്തു.
മത്തായിയുടെ സുവിശേഷത്തിന്റെ ആദ്യ അദ്ധ്യായങ്ങളിൽ യേശുവിന്റെ ഗിരിപ്രഭാഷണം അടങ്ങിയിരിക്കുന്നു. അതിൽ, ഒരു സഹോദരനെ “പറയാൻകൊള്ളാത്ത ഒരു നിന്ദാവാക്ക്” വിളിക്കുന്നവൻ “സുപ്രീം കോടതി”യിൽ കണക്കുബോധിപ്പിക്കേണ്ടിവരുമെന്ന് ക്രിസ്തു മുന്നറിയിപ്പുകൊടുത്തു. (5:22) അത്തരം സംസാരം ഒരുവന്റെ സഹോദരനെ ഒരു മരത്തലയൻ എന്നു വിളിക്കുന്നതുപോലെയായിരിക്കും.
എന്നാൽ “സുപ്രീം കോടതി” എന്താണ്? അത് യരുശലേമിലെ 71 അംഗ സന്നദ്രീമായിരുന്നു. അതിലെ അംഗത്വത്തിന് യോഗ്യനാകാൻ എന്തു പശ്ചാത്തലം ആവശ്യമായിരുന്നു? മക്ലിന്റോക്കിന്റെയും സ്ട്രോംഗിന്റെയും സൈക്ലോപ്പിഡിയാ പറയുന്നു: “അപേക്ഷകൻ ധാർമ്മികമായും ശാരീരികമായും നിർദ്ദോഷിയായിരിക്കണം. അയാൾ മദ്ധ്യവയസ്ക്കനായിരിക്കണമായിരുന്നു. പൊക്കമുള്ളവനും സുമുഖനും ധനികനും പഠിപ്പുള്ളവനുമായിരിക്കണമായിരുന്നു . . . അയാൾക്ക് പല ഭാഷകൾ അറിവുണ്ടായിരിക്കണമായിരുന്നു . . . വളരെ പ്രായമുള്ളവരും മതാനുസാരികളും ഷണ്ഡൻമാരും നെഥിനിമുകളും അവരുടെ സ്വഭാവവൈചിത്ര്യങ്ങൾ നിമിത്തം അയോഗ്യരായിരുന്നു; മക്കളില്ലാത്ത സ്ഥാനാർത്ഥികളെയും തെരഞ്ഞെടുക്കാൻ പാടില്ലായിരുന്നു, എന്തുകൊണ്ടെന്നാൽ അവർക്ക് കുടുംബകാര്യങ്ങളിൽ സഹതപിക്കാൻ കഴിയുമായിരുന്നില്ല . . . ; തങ്ങൾ ഒരു പുരോഹിതന്റെയോ ലേവ്യന്റെയോ ഇസ്രായേല്യന്റെയോ നിയമാനുസൃത സന്താനമാണെന്ന് തെളിയിക്കാൻ കഴിയാത്തവരെയും പാടില്ലായിരുന്നു. . . . മഹാ സന്നദ്രീമിലേക്കുള്ള ഒരു സ്ഥാനാർത്ഥി ഒന്നാമതായി തന്റെ സ്വന്ത പട്ടണത്തിൽ ന്യായാധിപതിയായിരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു; അവിടെ നിന്ന് ചെറിയ സന്നദ്രീമിലേക്ക് മാററപ്പെട്ടിരിക്കണമായിരുന്നു . . . . പിന്നീട് രണ്ടാമത്തെ ചെറിയ സന്നദ്രീമിലേക്ക് പുരോഗമിച്ചിരിക്കണമായിരുന്നു . . . എഴുപത്തൊന്നു പേരിൽ ഒരാളായിരിക്കുന്നതിനു മുമ്പ് ഇതൊക്കെ ആവശ്യമായിരുന്നു.”
അങ്ങനെ, “തന്റെ സഹോദരനെ പറയാൻകൊള്ളാത്ത ഒരു നിന്ദാവാക്കു വിളിക്കുന്ന ആരെ”യും യഹൂദ സുപ്രീം കോടതി കുററം വിധിച്ച് മരണശിക്ഷ വിധിച്ച ഒരാളോടു താരതമ്യപ്പെടുത്താവുന്നതാണെന്ന് യേശു അർത്ഥമാക്കി. നമ്മുടെ സഹോദരൻമാരെ താറടിക്കാതിരിക്കാൻ എന്തോരു മുന്നറിയിപ്പ്! അത്യുന്നതകോടതിയിൽ, “സർവഭൂമിയുടെയും ന്യായാധിപതി”യായ യഹോവയുടെ മുമ്പാകെ, നാം ഒരിക്കലും കുററവിധി അർഹിക്കാതിരിക്കത്തക്കവണ്ണം നമുക്കു നമ്മുടെ നാവിനു കടിഞ്ഞാണിടാം.—ഉൽപ്പത്തി 18:25; യാക്കോബ് 3:2-12.
യേശു ഫലപ്രദനായ ഒരു ഉപദേഷ്ടാവ്
ഈ സുവിശേഷം യേശുവിനെ ചോദ്യങ്ങൾക്ക് വിദഗ്ദ്ധമായി ഉത്തരം കൊടുക്കാൻ കഴിയുന്ന ഒരു ഉപദേഷ്ടാവായും ചിത്രീകരിക്കുന്നു. ദൃഷ്ടാന്തമായി, ഒരു ചോദ്യത്തിനുത്തരമായി അവൻ തന്റെ ശിഷ്യൻമാർ എന്തുകൊണ്ടു ഉപവസിക്കുന്നില്ലെന്ന് വിശദീകരിച്ചു. (9:14-17) അവൻ ജീവിച്ചിരുന്നപ്പോൾ ഉപവസിക്കാൻ അവർക്കു കാരണമില്ലായിരുന്നു. എന്നാൽ അവൻ മുൻകൂട്ടിപ്പറഞ്ഞതുപോലെ അവൻ മരിച്ചപ്പോൾ അവർ ഉപവസിക്കുകയും ദുഃഖിക്കുകയും ചെയ്തു, എന്തുകൊണ്ടെന്നാൽ അവന്റെ മരണത്തിന് അനുവദിക്കപ്പെട്ടതെന്തുകൊണ്ടെന്ന് അവർക്കറിയാൻ പാടില്ലായിരുന്നു. എന്നിരുന്നാലും, പെന്തെക്കോസ്തിൽ പരിശുദ്ധാത്മാവു ലഭിച്ചശേഷം അവർ പ്രകാശിതരാകുകയും മേലാൽ ദുഃഖത്തോടെ ഉപവസിക്കാതിരിക്കുകയുംചെയ്തു.
പിന്നെയും അതേവിഷയം ചർച്ചചെയ്തുകൊണ്ട് ആരും ഒരു പഴയ വസ്ത്രം ചുരുങ്ങാത്ത തുണിയോടു തുന്നിച്ചേർക്കുന്നില്ലെന്ന് യേശു കൂട്ടിച്ചേർത്തു, എന്തുകൊണ്ടെന്നാൽ അതിന്റെ ശക്തി ഒരു കീറലിനെ കുറേക്കൂടെ മോശമാക്കുന്നു. പുതിയ വീഞ്ഞ് പഴയ തുരുത്തികളിൽ ഒഴിക്കാറില്ലെന്നും അവൻ പറഞ്ഞു. ഒരു തുരുത്തി അഥവാ തോൽക്കുടം ഒരുപക്ഷേ ഒരു പാദത്തിൽ മാത്രം തയ്യലുള്ള ഊറക്കിട്ട മൃഗചർമ്മമായിരുന്നു. പുളിക്കുന്ന പുതുവീഞ്ഞ് സാധാരണയായി കാർബൺഡയോക്സൈഡ് ഉൽപ്പാദിപ്പിക്കുന്നു. അത് പഴയ ഉണങ്ങിയ തുരുത്തികളെ പൊട്ടിക്കാൻതക്ക മർദ്ദം ചെലുത്തുന്നു. സമാനമായി, ക്രിസ്തു പഠിപ്പിച്ച സത്യം അയവില്ലാഞ്ഞ പഴയ യഹൂദ മതത്തിന് വഹിക്കാൻ പാടില്ലാത്തവിധം ശക്തമായിരുന്നു. തന്നെയുമല്ല, അവൻ ഉപവാസാചാരങ്ങളോടും മററു കർമ്മങ്ങളോടുംകൂടെ ജീർണ്ണിച്ച ഏതെങ്കിലും മതവ്യവസ്ഥിതിയെ തുന്നിക്കൂട്ടാൻ അഥവാ നിലനിർത്താൻ ശ്രമിക്കുകയായിരുന്നില്ല. എന്നാൽ, ഒരു പുതിയ ആരാധനാവ്യവസ്ഥിതി ഏർപ്പെടുത്താൻ ദൈവം യേശുവിനെ ഉപയോഗിച്ചു. തീർച്ചയായും അപ്പോൾ മിശ്രവിശ്വാസപ്രസ്ഥാനങ്ങളെ പിന്താങ്ങാനോ വ്യാജമതത്തെ നിലനിർത്താനോ യാതൊന്നും നാം ചെയ്യാൻ പാടില്ല.
ദൈവപുത്രനിൽനിന്നുള്ള ബുദ്ധിയുപദേശം ശ്രദ്ധിക്കുക
മറുരൂപത്തെക്കുറിച്ചുള്ള മത്തായിയുടെ വിവരണമനുസരിച്ച്, ദൈവം യേശുവിനെ തന്റെ അംഗീകൃതപുത്രനെന്നു വിളിക്കുകയും നാം അവനെ ശ്രദ്ധിക്കണമെന്നു പറയുകയുംചെയ്തു. (17:5) അതുകൊണ്ട് നാം അവനിൽ വിശ്വാസമർപ്പിക്കുന്ന ഒരാളെ ഇടറിക്കുന്ന ഏതൊരാളെയും കഴുത്തിൽ ഒരു തിരികല്ലു കെട്ടി കടലിൽ താഴ്ത്തുന്നതാണ് മെച്ചമെന്നുള്ള മുന്നറിയിപ്പുൾപ്പെടെ ക്രിസ്തുവിന്റെ സകല ബുദ്ധിയുപദേശവും അനുസരിക്കേണ്ടതുതന്നെയാണ്. (18:6) ഇത് ഏതു തരം കല്ലായിരുന്നു? ചെറിയ ഒന്നല്ലായിരുന്നു, എന്തെന്നാൽ നാലോ അഞ്ചോ അടി വ്യാസമുള്ള ഒരു പിള്ളക്കല്ലിനെയാണ് യേശു അർത്ഥമാക്കിയത്. അത് അടിയിലെ ഒരു വലിയ കല്ലിൽ തിരിക്കുന്നതിന് ഒരു മൃഗത്തിന്റെ ശക്തി ആവശ്യമായിരുന്നു. കഴുത്തിൽ അത്ര വലിയ ഭാരത്തോടെ ആർക്കും കടലിൽ അതിജീവിക്കാൻ കഴികയില്ല. ഫലത്തിൽ, തന്റെ അനുഗാമികളിലാരെയെങ്കിലും ഇടറിക്കുന്നതിന്റെ കുററം ഒഴിവാക്കാൻ യേശു നമ്മെ ബുദ്ധിയുപദേശിക്കുകയായിരുന്നു. ഇതേ ഉദ്ദേശ്യത്തിൽ അപ്പോസ്തലനായ പൗലോസ് എഴുതി: “മാംസം തിന്നാതിരിക്കുന്നതും വീഞ്ഞു കുടിക്കാതിരിക്കുന്നതും നിന്റെ സഹോദരൻ ഇടറുന്ന യാതൊന്നും ചെയ്യാതിരിക്കുന്നതും നല്ലതാണ്.”—റോമർ 14:21.
ദൈവപുത്രൻ ശാസ്ത്രിമാരുടെമേലും പരീശൻമാരുടെമേലും കഷ്ടം ഉച്ചരിക്കുകയും അവർ വെള്ള തേച്ച ശവക്കല്ലറകളോട് സദൃശമാണെന്നു പറയുകയും ചെയ്തപ്പോൾ അവൻ പരോക്തമായ ബുദ്ധിയുപദേശം നൽകുകയായിരുന്നു. (23:27, 28) ആളുകൾ യാദൃച്ഛികമായി തൊട്ടിട്ട് അശുദ്ധരാകാതിരിക്കാൻ ശവക്കുഴികളും കല്ലറകളും വെള്ളതേക്കുന്ന പതിവുണ്ടായിരുന്നു. ഈ നടപടിയെ പരാമർശിച്ചതിനാൽ ശാസ്ത്രിമാരും പരീശൻമാരും ബാഹ്യമായി നീതിമാൻമാരായി കാണപ്പെട്ടെങ്കിലും “കപടഭക്തിയും അധർമ്മവും നിറഞ്ഞവരായിരുന്നു”വെന്ന് യേശു പ്രകടമാക്കി. ഈ സൂചിത ബുദ്ധിയുപദേശം ശ്രദ്ധിക്കുന്നത് നാം വക്രത ഒഴിവാക്കി “കപടഭാവം കൂടാതെ വിശ്വാസത്തിൽനിന്ന്” പ്രവർത്തിക്കാൻ ഇടയാക്കും.—1 തിമൊഥെയോസ് 1:5; സദൃശവാക്യങ്ങൾ 3:32; 2 തിമൊഥെയോസ് 1:5.
നമ്മുടെ മാതൃകാപുരുഷൻ ഒരു നിർമ്മലതാപാലകൻ
‘തന്റെ സാന്നിദ്ധ്യത്തിന്റെ അടയാളത്തെ’ സംബന്ധിച്ച യേശുവിന്റെ പ്രവചനം രേഖപ്പെടുത്തിയശേഷം മത്തായി ക്രിസ്തുവിന്റെ ഒററിക്കൊടുക്കലിനെയും അറസ്ററിനെയും വിസ്താരത്തെയും മരണത്തെയും പുനരുത്ഥാനത്തെയും കുറിച്ചു പറയുന്നു. സ്തംഭത്തിൽവെച്ച് യേശു മയക്കുമരുന്നിന്റെ ഫലമുള്ള ഒരു പദാർത്ഥമായ കൈപ്പു കലർത്തിയ വീഞ്ഞ് നിരസിച്ചു. (27:34) സാധാരണയായി സ്ത്രീകൾ തൂക്കിക്കൊലയുടെ വേദന ഇല്ലാതാക്കാൻ കുററപ്പുള്ളികൾക്കാണ് അത്തരം വീഞ്ഞ് കൊടുത്തിരുന്നത്. വീഞ്ഞിൽ “മീറാ ചേർത്ത് ലഹരിവരുത്തി”യിരുന്നുവെന്ന് മർക്കോസ് 15:23 പറയുന്നു, അതു സ്വാദു വർദ്ധിപ്പിക്കുമായിരുന്നു. പ്രത്യക്ഷത്തിൽ, ക്രിസ്തു നിരസിച്ച വീഞ്ഞിൽ കൈപ്പും മീറായും ഉണ്ടായിരുന്നു. അവൻ തന്റെ ഭൗമികഗതിയുടെ പരകോടിയിങ്കലെത്തിയപ്പോൾ അവൻ ലഹരിപിടിക്കാനോ മയങ്ങിപ്പോകാനോ ആഗ്രഹിച്ചില്ല. മരണത്തോളം വിശ്വസ്തനായിരിക്കാൻ തന്റെ ഇന്ദ്രിയങ്ങളുടെ പൂർണ്ണനിയന്ത്രണമുണ്ടായിരിക്കാൻ യേശു ആഗ്രഹിച്ചു. നമ്മുടെ മാതൃകാപുരുഷനെപ്പോലെ നാം എല്ലായ്പ്പോഴും യഹോവയാം ദൈവത്തോട് നിർമ്മലത പാലിക്കുന്നതിൽ തൽപ്പരരായിരിക്കട്ടെ.—സങ്കീർത്തനം 26:1, 11. (w89 7/15)