മനുഷ്യന് എങ്ങനെ ദൈവത്തിന്റെ പ്രതിച്ഛായയിൽ ആയിരിക്കാൻ കഴിയും?
“ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ [“പ്രതിച്ഛായയിൽ,” NW] മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.” നിശ്വസ്തരേഖ പറയുന്നത് അപ്രകാരമാണ്, എന്നാൽ എന്താണിതിന്റെ അർഥം? ആദ്യ മനുഷ്യനും സ്ത്രീയും ദൈവത്തിന്റെ പ്രതിച്ഛായയിൽ എങ്ങനെ സൃഷ്ടിക്കപ്പെട്ടു?—ഉല്പത്തി 1:27.
അവർ ശാരീരികമായി ദൈവത്തെപ്പോലെ ആയിരുന്നോ? ഇല്ല, അത് അസാധ്യമാണ്. മനുഷ്യൻ മാംസമുള്ള, ഭൂമിയിൽ ജീവിക്കാൻ രൂപകൽപ്പന ചെയ്യപ്പെട്ട നരനാണ്. ഒരു മനുഷ്യനും സമീപിച്ചു കൂടാനാവാത്ത അചിന്തനീയമായ സ്വർഗീയ മഹത്ത്വത്തിൽ വസിക്കുന്ന ആത്മാവാണു ദൈവം. (പുറപ്പാടു 33:18-20; 1 കൊരിന്ത്യർ 15:50) അപ്പോൾ, ഏതു വിധത്തിലാണു മനുഷ്യൻ ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്? ദൈവത്തിന്റെ പ്രമുഖ ഗുണങ്ങളായ സ്നേഹം, നീതി, ജ്ഞാനം, ശക്തി തുടങ്ങിയവയും അതുപോലെതന്നെ മററുള്ള ഗുണങ്ങളും പ്രയോഗിക്കാനുള്ള പ്രാപ്തി മനുഷ്യനു നൽകപ്പെട്ടിരിക്കുന്നു എന്നതിൽ തന്നെ.
യഹോവയുടെ ഗുണങ്ങൾ
യഹോവയാം ദൈവത്തിന്റെ ഗുണങ്ങൾ അവിടുത്തെ സകല സൃഷ്ടിയിലും പ്രതിഫലിച്ചു കാണുന്നു. എന്നാൽ, ആദ്യ മാനുഷ ഇണകളായ ആദാമിനോടും ഹവ്വായോടുമുള്ള അവിടുത്തെ ഇടപെടലുകളിൽ അവ പ്രയോഗരൂപത്തിൽ ദൃശ്യമായി. (റോമർ 1:20) മനുഷ്യനു ജീവിക്കാൻ ഏററവും പരുവമായ വിധത്തിൽ അവിടുന്ന് ഭൂമിയെ സൃഷ്ടിച്ചതിൽ അവിടുത്തെ സ്നേഹം കാണപ്പെട്ടു. മനുഷ്യനു തന്റെ സഖിയും തന്റെ കുട്ടികളുടെ മാതാവുമായിരിക്കാൻ പൂർണതയുള്ള ഒരു സ്ത്രീയെ യഹോവ സൃഷ്ടിച്ചു. അവിടുന്ന് അവരെ വശ്യമനോഹരമായ ഒരു തോട്ടത്തിലാക്കി വയ്ക്കുകയും തുടർന്നു ജീവിക്കാനും സന്തുഷ്ടരായിരിക്കാനും ആവശ്യമായ സർവവും സമൃദ്ധമായി നൽകുകയും ചെയ്തു. അതിൽ ഏററവും അത്ഭുതകരമായി, എന്നേക്കും ജീവിക്കാനുള്ള അവസരം ദൈവം അവർക്കു നൽകി.—ഉല്പത്തി 2:7-9, 15-24.
ആദ്യ മാനുഷ ഇണകളെ ദൈവം പരീക്ഷിച്ചതിൽ അവിടുത്തെ ജ്ഞാനം കാണപ്പെട്ടു. അവർ യഹോവയുടെ സാർവത്രിക കുടുംബത്തിന്റെ ഭാഗമായി നിലകൊള്ളുകയും മനുഷ്യജാതിയുടെ മാതാപിതാക്കളായി എന്നേക്കും ജീവിക്കുകയും ചെയ്യണമെങ്കിൽ വിശ്വസ്തതയിലും സത്യാരാധനയിലും അവർ മാതൃകകൾ ആയിരിക്കേണ്ടിയിരുന്നു. അതുകൊണ്ട്, ഉചിതമായ ഒരു പരിശോധനയിൻ കീഴിൽ തങ്ങളുടെ ഹൃദയനില പ്രകടമാക്കാനുള്ള അവസരം യഹോവ അവർക്കു നൽകി—നൻമതിൻമകളെ സംബന്ധിച്ച അറിവിന്റെ വൃക്ഷത്തിൽനിന്ന് അവർ ഭക്ഷിക്കരുതായിരുന്നു. തന്റെ മനസ്സിലുണ്ടായിരുന്ന അത്ഭുതാവഹമായ പദവികൾ അവർക്കു നൽകുന്നതിനു മുമ്പായി യഹോവയോടുള്ള അവരുടെ അനുസരണവും സ്നേഹവും തെളിയിക്കാൻ മനുഷ്യരെ അനുവദിക്കുന്നതു ദൈവത്തിന്റെ പക്ഷത്ത് ജ്ഞാനമായിരുന്നു!
തന്റെ സൃഷ്ടികളിൽ ദൈവം ഉയർന്ന നിലവാരങ്ങൾ നിഷ്കർഷിച്ചതിലും ആ നിലവാരങ്ങളിൽ വിട്ടുവീഴ്ച വരുത്താത്തതിലും അവിടുത്തെ നീതി കാണപ്പെട്ടു. ശരിയായിരുന്നതു ചെയ്യാൻ ആദാമിനും ഹവ്വായ്ക്കും എല്ലാ അവസരവും അവിടുന്ന് കൊടുത്തതിലും അതു കാണപ്പെട്ടു. അവർ ശരി ചെയ്യാൻ പരാജയപ്പെട്ടപ്പോൾ മത്സരത്തിന്റെ പ്രസ്താവിത ശിക്ഷ അനുഭവിക്കാൻ അവിടുന്ന് അവരെ വിധിച്ചതിലും അവിടുത്തെ നീതി കാണപ്പെട്ടു.
തന്റെ ശിക്ഷാവിധി നടപ്പാക്കുന്ന കാര്യത്തിൽ യഹോവയുടെ ശക്തി കാണപ്പെട്ടു. യഹോവ ഒരു ഭോഷ്കാളിയാണെന്നു വൻമത്സരിയായ സാത്താൻ വ്യംഗ്യമായി ധ്വനിപ്പിച്ചു. ഹവ്വാ ദൈവത്തോട് അനുസരണക്കേടു കാണിച്ചാൽ വലിയ സംഗതികൾ അവൾക്കു നൽകുമെന്നു സാത്താൻ വാഗ്ദാനം ചെയ്തു. (ഉല്പത്തി 3:1-7) എന്നാൽ സാത്താനു തന്റെ വാഗ്ദാനം നിറവേററാൻ കഴിഞ്ഞില്ല. ആദാമിനെയും ഹവ്വായെയും ഏദൻതോട്ടത്തിൽനിന്നു പുറത്താക്കുന്നതിൽനിന്നു യഹോവയെ തടയാൻ അവനു കഴിഞ്ഞില്ല. “നീ പൊടിയാകുന്നു; പൊടിയിൽ തിരികെ ചേരും” എന്ന ദൈവത്തിന്റെ വാക്കുകളുടെ നിവൃത്തിയെ തടയാനും അവനു കഴിഞ്ഞില്ല. (ഉല്പത്തി 3:19) എന്നിരുന്നാലും, യഹോവ ഉടൻതന്നെ മരണശിക്ഷ നടപ്പാക്കിയില്ല, ഈ കാര്യത്തിൽ അവിടുന്ന് തന്റെ സ്നേഹം കൂടുതലായി പ്രകടമാക്കി. മക്കളെ ഉളവാക്കാൻ അവിടുന്ന് ആദാമിനെയും ഹവ്വായെയും അനുവദിച്ചു. അതു മുഖാന്തരം മനുഷ്യവർഗത്തെ സംബന്ധിച്ച അവിടുത്തെ ആദിമോദ്ദേശ്യം ഒടുവിൽ നിവർത്തിക്കപ്പെടുമായിരുന്നു.—ഉല്പത്തി 1:28.
സാത്താന്റെ പ്രവൃത്തികളെ നശിപ്പിക്കുകയും ദിവ്യ പരമാധികാരത്തിനെതിരെയുള്ള ആ ആദിമ മത്സരത്തിന്റെ സങ്കടകരമായ ഫലങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്ന ഒരു സന്തതിയെ നൽകാനുള്ള തന്റെ വാഗ്ദത്തത്തിൽ യഹോവയാം ദൈവത്തിന്റെ നീതിയും സ്നേഹവും ശക്തിയും ജ്ഞാനവും പ്രകടമാക്കപ്പെട്ടു. (ഉല്പത്തി 3:15) എന്തൊരു അത്ഭുതവാനായ സ്രഷ്ടാവാണു നമുക്കുള്ളത്!
ദൈവത്തെ അനുകരിക്കാനുള്ള ശ്രമങ്ങൾ
മേലാലൊരിക്കലും പൂർണരല്ലെങ്കിലും മനുഷ്യർക്ക് ഇപ്പോഴും ദൈവത്തിന്റെ ഗുണങ്ങൾ പ്രകടിപ്പിക്കാൻ കഴിയും. അതുകൊണ്ട് പൗലോസ് തന്റെ നാളിലെ ക്രിസ്ത്യാനികളെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ.” (എഫെസ്യർ 5:1) എന്നിരുന്നാലും, ചരിത്രത്തിലുടനീളം മിക്കവരും ദൈവത്തിന്റെ ഗുണങ്ങളോടു കടുത്ത അനാദരവാണു പ്രകടമാക്കിയിരിക്കുന്നത്. നോഹയുടെ കാലമായപ്പോഴേക്കും മനുഷ്യർ വളരെയധികം വഷളായിത്തീർന്നിരുന്നു, അതുകൊണ്ട് നോഹയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ഒഴിച്ച് മുഴു മനുഷ്യവർഗത്തെയും നശിപ്പിച്ചുകളയാൻ യഹോവ ദൃഢനിശ്ചയം ചെയ്തു. നോഹ “നീതിമാനും [ന്യായമുള്ളവനും] തന്റെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു.” ദൈവത്തിന്റെ കൽപ്പനകൾ അനുസരിച്ചുകൊണ്ട് അവിടുത്തോടുള്ള സ്നേഹം അദ്ദേഹം പ്രകടമാക്കി.a “ദൈവം തന്നോടു കല്പിച്ചതൊക്കെയും നോഹ ചെയ്തു; അങ്ങനെ തന്നേ അവൻ ചെയ്തു.” (ഉല്പത്തി 6:9, 22) നോഹ തന്റെ സഹമനുഷ്യനോടുള്ള സ്നേഹവും “നീതിപ്രസംഗി” ആയിരിക്കുകവഴി നീതിയോടുള്ള തന്റെ അടുത്ത ബന്ധവും പ്രകടമാക്കി. (2 പത്രൊസ് 2:5) ബൃഹത്തായ ഒരു പെട്ടകം പണിയാനും അതിൽ ഭക്ഷണം ശേഖരിക്കാനും മൃഗങ്ങളെ കൂട്ടിവരുത്താനും യഹോവയുടെ കൽപ്പനപ്രകാരം പെട്ടകത്തിനുള്ളിൽ കയറാനുമുള്ള മാർഗനിർദേശത്തെ പിൻപററുകവഴി അദ്ദേഹം ജ്ഞാനം പ്രകടമാക്കുകയും തന്റെ ശാരീരിക ബലം ഉചിതമായി ഉപയോഗിക്കുകയും ചെയ്തു. ദുഷ്ടരായ അയൽക്കാർ തന്നെ ദുഷിപ്പിക്കാൻ അനുവദിക്കാഞ്ഞതിലും അദ്ദേഹം നീതിയോടുള്ള തന്റെ സ്നേഹം പ്രകടമാക്കി.
സമാനമായി ദൈവിക ഗുണങ്ങൾ പ്രകടമാക്കിയ മററു പലരെക്കുറിച്ചും ബൈബിൾ വർണിക്കുന്നു. അവരിൽ അഗ്രഗണ്യനായ വ്യക്തിയായിരുന്നു യേശുക്രിസ്തു, പൂർണമായും ദൈവത്തിന്റെ പ്രതിച്ഛായയിലായിരുന്ന യേശുവിന് ഇപ്രകാരം പറയാൻ കഴിഞ്ഞു: “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു.” (യോഹന്നാൻ 14:9) യേശു പ്രകടമാക്കിയ ഗുണങ്ങളിൽ മികച്ചുനിന്നതു സ്നേഹമായിരുന്നു. തന്റെ പിതാവിനോടും മനുഷ്യവർഗത്തോടുമുള്ള സ്നേഹം, തന്റെ സ്വർഗീയ ഭവനം ഉപേക്ഷിച്ച് ഭൂമിയിൽ ഒരു മനുഷ്യനായി ജീവിക്കാൻ അവിടുത്തെ പ്രേരിപ്പിച്ചു. നീതിനിഷ്ഠമായ നടത്തയിലൂടെ തന്റെ പിതാവിനെ മഹത്ത്വപ്പെടുത്താനും രക്ഷയുടെ സുവാർത്ത മനുഷ്യവർഗത്തോടു പ്രസംഗിക്കാനും അത് അവിടുത്തെ പ്രേരിപ്പിച്ചു. (മത്തായി 4:23; യോഹന്നാൻ 13:31) പിന്നീട് മനുഷ്യവർഗത്തിന്റെ രക്ഷക്കായിട്ടും, അതിലും പ്രധാനമായി, ദൈവനാമത്തിന്റെ വിശുദ്ധീകരണത്തിനായിട്ടും തന്റെ പൂർണതയുള്ള ജീവൻ അർപ്പിക്കാൻ സ്നേഹം യേശുവിനെ പ്രേരിപ്പിച്ചു. (യോഹന്നാൻ 13:1) ദൈവത്തെ അനുകരിക്കാൻ കഠിനശ്രമം ചെയ്യുന്നതിൽ യേശുവിനെക്കാൾ നല്ല ഒരു മാതൃകയുണ്ടോ?—1 പത്രൊസ് 2:21.
നമുക്കിന്നു കൂടുതലായി ദൈവത്തെപ്പോലെ ആയിരിക്കാൻ എങ്ങനെ കഴിയും?
ഇന്നു നമുക്കെങ്ങനെ ദൈവത്തിന്റെ ഗുണങ്ങൾ പ്രകടമാക്കാനും അങ്ങനെ ദൈവത്തിന്റെ പ്രതിച്ഛായയിൽ പ്രവർത്തിക്കാനും കഴിയും? കൊള്ളാം, ഒന്നാമതായി സ്നേഹം എന്ന ഗുണംതന്നെയെടുക്കുക. യേശു പറഞ്ഞു: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കേണം.” ദൈവത്തോടുള്ള സ്നേഹം നാം എങ്ങനെയാണു കാണിക്കുന്നത്? അപ്പോസ്തലനായ യോഹന്നാൻ മറുപടി നൽകുന്നു: “അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകൾ ഭാരമുള്ളവയല്ല.”—മത്തായി 22:37; 1 യോഹന്നാൻ 5:3.
യഹോവയുടെ കൽപ്പനകൾ അനുസരിക്കുന്നതിനു നാം അവ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതുണ്ട്. ദൈവവചനമായ ബൈബിൾ, ബൈബിൾ സാഹിത്യങ്ങൾ എന്നിവ വായിക്കുന്നതും പഠിക്കുന്നതും അവയെക്കുറിച്ചു ധ്യാനിക്കുന്നതും അതിൽ ഉൾപ്പെടുന്നു. സങ്കീർത്തനക്കാരനെപ്പോലെ “നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം; ഇടവിടാതെ അതു എന്റെ ധ്യാനമാകുന്നു” എന്നു പറയാൻ നാം പ്രാപ്തരായിരിക്കണം. (സങ്കീർത്തനം 119:97) ദൈവവചനത്തെക്കുറിച്ചു കൂടുതൽ കൂടുതൽ ആഴമായ ഗ്രാഹ്യം നമുക്കു കിട്ടുമ്പോൾ ദൈവത്തിന്റെ ചിന്താരീതിയാൽ നാം നിറയുന്നു. നാം നീതിയെ സ്നേഹിക്കാനും അധർമത്തെ വെറുക്കാനും ഇടയായിത്തീരുന്നു. (സങ്കീർത്തനം 45:7) അവിടെയാണ് ആദാമിനു തെററുപററിയത്. യഹോവയുടെ നിയമം അദ്ദേഹത്തിന് അറിയാമായിരുന്നു, എന്നാൽ അതിനോടു പററിനിൽക്കാൻതക്ക സ്നേഹം അദ്ദേഹം കാട്ടിയില്ല. ദൈവവചനം വായിക്കുമ്പോൾ ‘ഇത് എനിക്ക് എങ്ങനെ ബാധകമാകുന്നു? എന്റെ നടത്ത ദൈവത്തിന്റെ ഗുണങ്ങളോടു കൂടുതൽ ചേർച്ചയിൽ വരുത്താൻ എനിക്ക് എന്തു ചെയ്യാനാകും?’ എന്നിങ്ങനെ നാം നിരന്തരം ചോദിക്കണം.
യേശു ഇങ്ങനെയും പറഞ്ഞു: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം.” (മത്തായി 22:39) സുബോധമുള്ള ഏതൊരു വ്യക്തിയും തന്നെത്തന്നെ സ്നേഹിക്കുകയും തനിക്കായിത്തന്നെ ഏററവും ഉത്തമ കാര്യങ്ങൾ ആഗ്രഹിക്കുകയും ചെയ്യുന്നു. അതു തെററല്ല. എന്നാൽ സമാനമായ സ്നേഹം നാം നമ്മുടെ അയൽവാസിയോടു കാണിക്കുന്നുണ്ടോ? “നൻമ ചെയ്യാൻ നിനക്കു പ്രാപ്തിയുള്ളപ്പോൾ അതിന്നു യോഗ്യൻമാരായിരിക്കുന്നവർക്കു ചെയ്യാതിരിക്കരുതു” എന്ന ബൈബിൾ കൽപ്പന നാം പിൻപററുന്നുണ്ടോ?—സദൃശവാക്യങ്ങൾ 3:27; ഗലാത്യർ 6:10.
ജ്ഞാനം എന്ന ഗുണം സംബന്ധിച്ചോ? ഈ ഗുണം പ്രകടമാക്കാനുള്ള നമ്മുടെ പ്രയത്നം ബൈബിൾ പഠിക്കുന്നതിലേക്കു നമ്മെ നയിക്കുന്നു. കാരണം ദിവ്യ ജ്ഞാനത്തിന്റെ കലവറ അതാണ്. സങ്കീർത്തനം 119:98-100 ഇങ്ങനെ വായിക്കുന്നു: “നിന്റെ കല്പനകൾ എന്നെ എന്റെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു; അവ എപ്പോഴും എന്റെ പക്കൽ ഉണ്ടു. നിന്റെ സാക്ഷ്യങ്ങൾ എന്റെ ധ്യാനമായിരിക്കകൊണ്ടു എന്റെ സകലഗുരുക്കൻമാരിലും ഞാൻ ബുദ്ധിമാനാകുന്നു. നിന്റെ പ്രമാണങ്ങളെ അനുസരിക്കയാൽ ഞാൻ വയോധികൻമാരിലും വിവേകമേറിയവനാകുന്നു.” സദൃശവാക്യങ്ങൾ 3:18-ൽ ജ്ഞാനത്തെ “ജീവവൃക്ഷ”മായി വർണിച്ചിരിക്കുന്നു. നാം ജ്ഞാനം സമ്പാദിച്ച് അതു പ്രാവർത്തികമാക്കിയാൽ നമുക്കു ദൈവത്തിന്റെ അംഗീകാരവും നിത്യജീവൻ എന്ന പ്രതിഫലവും ലഭിക്കും.—സഭാപ്രസംഗി 7:12.
നീതി സംബന്ധിച്ചോ? ഈ ദുഷ്ടലോകത്തിൽ ദൈവത്തെ പ്രസാദിപ്പിക്കാനാഗ്രഹിക്കുന്നവർക്ക് അത്യന്താപേക്ഷിതമായ ഒരു ഗുണമാണ് നീതി. യേശു നീതിയെ (ന്യായത്തെ) സ്നേഹിക്കുകയും അധർമത്തെ വെറുക്കുകയും ചെയ്തു. (എബ്രായർ 1:9) ഇന്നു ക്രിസ്ത്യാനികൾ അതുതന്നെ ചെയ്യുന്നു. യോഗ്യമായ ഗുണങ്ങളെ വിലമതിക്കാൻ നീതി അവരെ പ്രേരിപ്പിക്കുന്നു. അവർ ഈ ലോകത്തിന്റെ നീതിരഹിതമായ മാർഗങ്ങളെ ഒഴിവാക്കുകയും ദൈവേഷ്ടം ചെയ്യുന്നത് തങ്ങളുടെ ജീവിതത്തിലെ പരമപ്രധാന സംഗതിയാക്കുകയും ചെയ്യുന്നു.—1 യോഹന്നാൻ 2:15-17.
ശക്തി സംബന്ധിച്ചാണെങ്കിൽ, നമുക്കെല്ലാവർക്കും അത് ഒരളവിലുണ്ട്. നമുക്കു സ്വാഭാവികമായി ശാരീരികവും ബുദ്ധിപരവുമായ ശക്തിയുണ്ട്. കൂടാതെ നാം ക്രിസ്ത്യാനികളെന്ന നിലയിൽ വളർന്നുവരുമ്പോൾ ഒരു ആത്മീയ അർഥത്തിൽ നാം ശക്തി വികസിപ്പിച്ചെടുക്കുന്നു. യഹോവയുടെ ഇഷ്ടം ചെയ്യാൻ നമുക്കു കഴിയുന്ന അളവോളം തന്റെ പരിശുദ്ധാത്മാവിനെ ഉപയോഗിച്ച് യഹോവ നമ്മുടെ ശക്തിയെ വർധിപ്പിക്കുന്നു. പൗലോസ് ഇങ്ങനെ പറഞ്ഞു: “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.” (ഫിലിപ്പിയർ 4:13) യഹോവയുടെ ആത്മാവിനായി നാം പ്രാർഥിക്കുന്നെങ്കിൽ അതേ ശക്തി നമുക്കു ലഭ്യമാണ്.
സുവാർത്ത പ്രസംഗിക്കൽ
നാം ദൈവത്തിന്റെ പ്രമുഖ ഗുണങ്ങൾ പ്രദർശിപ്പിക്കുന്നത് പിൻവരുന്ന കൽപ്പന അനുസരിക്കുന്നതിൽ നന്നായി പ്രകടമാകുന്നു: “നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു.” (മത്തായി 28:19, 20) അത്തരമൊരു വിദ്യാഭ്യാസവേലയോടു പ്രതികരിക്കുന്നവർക്ക് അതു ജീവൻ കൈവരുത്തുന്നു. തുടക്കത്തിൽ ഏറിയപങ്കും നമുക്കു തികച്ചും അപരിചിതരായവരോടുള്ള സ്നേഹത്തിന്റെ എന്തൊരു നല്ല പ്രകടനം!
കൂടുതലായി, അത്തരം പ്രബോധനം ജ്ഞാനമാർഗമാണ്. അതു നിലനിൽക്കുന്ന ഫലം കൈവരുത്തുന്നു. മററുള്ള ഏതു ജോലിയെക്കുറിച്ചാണ്, “അങ്ങനെ ചെയ്താൽ നീ നിന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും” എന്നു പറയാൻ കഴിയുക? (1 തിമൊഥെയൊസ് 4:16) ശിഷ്യരാക്കൽവേലയിൽ നഷ്ടം നേരിടുന്ന ആരുമില്ല. ശ്രദ്ധിക്കുന്നവരും പഠിപ്പിക്കുന്നവരും നിത്യാനുഗ്രഹങ്ങൾ പ്രാപിക്കും.
നീതിയെ സംബന്ധിച്ചാണെങ്കിൽ, ക്രിസ്ത്യാനികൾ തങ്ങളുടെ ബൈബിൾ വിദ്യാർഥികളെ പഠിപ്പിക്കുന്നത് ന്യായവും നീതിയുമുള്ള ബൈബിൾ തത്ത്വങ്ങളാണ്. “നീതിയുടെ ദൈവ”മായ യഹോവയെ സേവിക്കാൻ നാം അവരെ സഹായിക്കുകയാണ്. (മലാക്കി 2:17, പി.ഒ.സി. ബൈബിൾ) യഹോവയെ സേവിക്കാൻ തങ്ങളുടെ ജീവിതത്തെ സമർപ്പിക്കുകയും വിശ്വസ്തമായി തുടരുകയും ചെയ്യുന്നവർ നീതിമാൻമാരും ന്യായമുള്ളവരും ആയി പ്രഖ്യാപിക്കപ്പെടുന്നു. അത് അർമഗെദോനിലെ അവരുടെ അതിജീവനത്തിലേക്കു നയിക്കുന്നു.—റോമർ 3:24; യാക്കോബ് 2:24-26.
ലോകവ്യാപകമായി സുവാർത്ത പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് ശക്തിയുടെ എന്തൊരു പ്രകടനമാണ്! (മത്തായി 24:14) ഭൂരിഭാഗമാളുകളും കേൾക്കാൻ ആഗ്രഹിക്കാത്ത പ്രദേശങ്ങളിൽ തുടർച്ചയായി പ്രസംഗിക്കുന്നതിനു സഹിഷ്ണുത ആവശ്യമാണ്. എന്നാൽ അവസാനത്തോളം സഹിച്ചുനിൽക്കാൻ ആവശ്യമായ ശക്തി യഹോവ തന്റെ പരിശുദ്ധാത്മാവിലൂടെ നൽകുന്നു.—യെശയ്യാവു 40:30, 31; മത്തായി 24:13; ലൂക്കൊസ് 11:13.
ആദാമിന്റെ അപൂർണ സന്തതികളെന്ന നിലയിൽ നമുക്ക് ഈ നല്ല ഗുണങ്ങൾ പൂർണമായി ബാധകമാക്കാൻ കഴിയില്ല എന്നതു സത്യംതന്നെ. എന്നാൽ ഓർക്കുക, മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ദൈവത്തിന്റെ പ്രതിച്ഛായയിലാണ്. നാം ദൈവത്തെപ്പോലെ ആയിരിക്കാൻ കൂടുതൽ കൂടുതൽ കഠിനശ്രമം ചെയ്യുന്നെങ്കിൽ നമ്മുടെ നിലനിൽപ്പിന്റെ കാരണം നാം ഭാഗികമായി നിവർത്തിക്കുകയാണ്. (സഭാപ്രസംഗി 12:13) നമുക്കു ചെയ്യാൻ കഴിയുന്ന ഏററവും മെച്ചമായതു ചെയ്യാൻ നാം കഠിനശ്രമം ചെയ്യുകയും നമുക്കു വീഴ്ച സംഭവിക്കുമ്പോൾ ക്ഷമയ്ക്കായി അപേക്ഷിക്കുകയും ചെയ്യുന്നെങ്കിൽ ദൈവത്തിന്റെ നീതിയുള്ള പുതിയ ലോകത്തിലേക്ക് അതിജീവിക്കാൻ നമുക്കു പ്രത്യാശിക്കാവുന്നതാണ്. അവിടെവച്ച് നമുക്കു ക്രമേണ പൂർണത ലഭിച്ചേക്കാം. എല്ലാവരും യഹോവയാം ദൈവത്തിന്റെ ഗുണങ്ങൾ പൂർണമായി പ്രകടമാക്കുന്ന, പൂർണതയുള്ള ആളുകൾ അധിവസിക്കുന്ന ഒരു പറുദീസാ ഭൂമിയിലായിരിക്കും നാമപ്പോൾ. എന്തൊരു സന്തോഷം! അന്തിമമായി, മനുഷ്യർ ദൈവത്തിന്റെ പ്രതിച്ഛായയിൽ ആയിരിക്കും, ആ പദപ്രയോഗത്തിന്റെ പൂർണമായ അർഥത്തിൽത്തന്നെ.
[അടിക്കുറിപ്പ്]
a “നീതിയുള്ള,” “ന്യായമുള്ള” എന്നീ പ്രയോഗങ്ങൾ വളരെ അടുത്തു ബന്ധപ്പെട്ട പദങ്ങളാണ്. ഗ്രീക്കു തിരുവെഴുത്തുകളിൽ ഡയ്ക്കെയോസ് എന്ന ഒരു വാക്ക് അവയെ പ്രതിനിധാനം ചെയ്യുന്നു.
[25-ാം പേജിലെ ചിത്രം]
യഹോവയാം ദൈവത്തിന്റെ ഗുണങ്ങൾ എങ്ങനെ നട്ടുവളർത്താമെന്നു യേശു നമുക്കു കാട്ടിത്തന്നു
[26-ാം പേജിലെ ചിത്രം]
അന്തിമമായി പൂർണമായ അർഥത്തിൽത്തന്നെ മനുഷ്യർ ദൈവത്തിന്റെ പ്രതിച്ഛായയിൽ ആയിത്തീരും