യഹോവയുടെ സേവനത്തിലെധന്യവും പ്രതിഫലദായകവുമായ ഒരു ജീവിതം
ലെയോ കല്ലിയോ പറഞ്ഞപ്രകാരം
ആയിരത്തിത്തൊള്ളായിരത്തിപ്പതിനാല് എന്ന വർഷമായിരുന്നു അത്. ഫിൻലൻഡിലെ ഒരു നഗരമായ ടർക്കുവിന്റെ പ്രാന്തപ്രദേശത്തു വേനൽക്കാലാന്ത്യത്തിലെ മനോഹരമായ ഒരു ദിവസം പകലിനോട് വിടപറയുകയായിരുന്നു. പെട്ടെന്ന്, ഒരു വലിയ യുദ്ധം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു എന്ന വാർത്ത അവിടത്തെ പ്രശാന്തതയെ ഭഞ്ജിച്ചു. സംഭവങ്ങളുടെ അർഥത്തെക്കുറിച്ച് അന്വേഷണം നടത്തുന്നവരെക്കൊണ്ട് പെട്ടെന്നുതന്നെ തെരുവുകൾ നിറഞ്ഞു. മുതിർന്നവരുടെ ഗൗരവം മുററിയ മുഖങ്ങൾ കണ്ടപ്പോൾ എന്തു സംഭവിക്കുമെന്നു കുട്ടികളായ ഞങ്ങൾ അമ്പരന്നു. എനിക്ക് ഒമ്പത് വയസ്സു പ്രായമായിരുന്നു. കുട്ടികളുടെ സമാധാനപരമായ കളികൾ യുദ്ധകേളികളായി മാറിയതു ഞാൻ ഓർക്കുന്നു.
ഫിൻലൻഡ് ഒന്നാം ലോകമഹായുദ്ധത്തിൽനിന്നു (1914-18) വിട്ടുനിന്നെങ്കിലും, 1918-ലെ ആഭ്യന്തരയുദ്ധത്താൽ ആ രാജ്യം താറുമാറായി. വൈരുദ്ധ്യമാർന്ന രാഷ്ട്രീയ വീക്ഷണങ്ങൾ നിമിത്തം ബന്ധുക്കളും മുൻ സ്നേഹിതരും പരസ്പരം ആയുധങ്ങളേന്തി. ഏഴു പേരടങ്ങുന്ന ഞങ്ങളുടെ കുടുംബം ഈ വിദ്വേഷത്തിന്റെ രുചിയറിഞ്ഞു. അഭിപ്രായങ്ങൾ തുറന്നു പറയുന്ന പ്രകൃതക്കാരനായിരുന്ന എന്റെ പിതാവിനെ അറസ്ററു ചെയ്ത് ഏഴു വർഷത്തേക്കു തടവിലാക്കി. പിന്നീട് അദ്ദേഹം മോചിതനായി, എന്നാൽ അപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചുകഴിഞ്ഞിരുന്നു.
ഈ ഭയങ്കരമായ കാലയളവിൽ ഞങ്ങളുടെ കുടുംബം വിശപ്പിൽനിന്നും രോഗത്തിൽനിന്നും ദുരിതമനുഭവിച്ചു. എന്റെ ഇളയ സഹോദരിമാരിൽ മൂന്നു പേർ മൃതിയടഞ്ഞു. ഞങ്ങളുടെ കഷ്ടപ്പാടിനെക്കുറിച്ചറിഞ്ഞ, ടാമ്പറെ എന്ന നഗരത്തിൽ ജീവിച്ചിരുന്ന, എന്റെ പിതൃസഹോദരൻ പിതാവിനെയും മാതാവിനെയും ബാക്കിയുള്ള ഞങ്ങൾ രണ്ടുപേരെയും അദ്ദേഹത്തോടൊപ്പം താമസിക്കാൻ ക്ഷണിച്ചു.
വർഷങ്ങൾക്കുശേഷം, ടാമ്പറെയിൽ താമസിക്കവേ, സിൽവി എന്നു പേരുള്ള സുന്ദരിയായ ഒരു പെൺകുട്ടിയെ ഞാൻ കണ്ടുമുട്ടി. അവൾക്ക് എന്റേതിനോടു സമാനമായ ഒരു പശ്ചാത്തലമാണുണ്ടായിരുന്നത്. ആഭ്യന്തരയുദ്ധത്തിൽ അവളുടെ പിതാവ് കൊല്ലപ്പെട്ടു. അതിനുശേഷം, അവളുടെ കുടുംബത്തിന്റെ ഒരു അടുത്ത സുഹൃത്തായ, പോറി എന്ന പട്ടണത്തിൽനിന്നുള്ള കാർലോ (കാലെ) വെസാന്റോ അവളെയും സഹോദരിയെയും അമ്മയെയും തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. സിൽവിയുടെ അമ്മയ്ക്ക് ഒരു ജോലി കിട്ടുന്നതിനും പെൺകുട്ടികൾ സ്കൂളിൽ പോകുന്നതിനുമുള്ള ക്രമീകരണങ്ങൾ അദ്ദേഹം ചെയ്തുകൊടുത്തു. പിന്നീട്, സിൽവി ജോലി തേടി ടാമ്പറെയിലേക്കു പോയി. അവിടെവച്ചാണു ഞങ്ങൾ കണ്ടുമുട്ടിയത്.
എന്റെ ജീവിതത്തെ മാററിമറിച്ച ഒരു സായാഹ്നം
1928-ൽ സിൽവി എന്റെ പ്രതിശ്രുതവധുവായിത്തീർന്നു. കാലെ വെസാന്റോയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും സന്ദർശിക്കാൻ ഞങ്ങൾ ഒരു ദിവസം പോറിയിലേക്കു യാത്ര ചെയ്തു. മററു യാതൊരു സംഭവവും എന്റെ ജീവിതത്തെ അത്ര നിർണായകമായി ബാധിച്ചിട്ടില്ല. കാലെ ഓട്ടപ്പന്തയത്തിനുള്ള കുതിരകളെ വളർത്തുന്നയാളും അത്തരം കുതിരകളുടെ ഒരു ഉടമസ്ഥനുമായിരുന്നു, എന്നാൽ അദ്ദേഹം ആ ജോലി ഉപേക്ഷിച്ചിരുന്നു. അദ്ദേഹവും ഭാര്യയും ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്തയുടെ തീക്ഷ്ണതയുള്ള പ്രസാധകരായിക്കഴിഞ്ഞിരുന്നു. “ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കുകയില്ല” എന്ന വാക്കുകൾ തന്റെ രണ്ടുനില വീടിന്റെ പുറമേയുള്ള ഭിത്തിയിൽ പെയിൻറ് ചെയ്യാൻ അദ്ദേഹം ആളുകളെ കൂലിക്കെടുത്തതിനെക്കുറിച്ച് യഹോവയുടെ സാക്ഷികളുടെ 1990-ലെ വാർഷികപുസ്തകം [ഇംഗ്ലീഷ്] വിവരിക്കുന്നു. വളരെ വേഗം പാഞ്ഞുപോകുന്ന ട്രെയിനുകളിൽനിന്നുപോലും എളുപ്പത്തിൽ വായിക്കാൻ മാത്രം വലിപ്പമുള്ളതായിരുന്നു ആ എഴുത്തുകൾ.
അന്നു രാത്രി കാലെയും ഞാനും വെളുക്കുവോളം സംസാരിച്ചിരുന്നു. “എന്തുകൊണ്ട്? എന്തുകൊണ്ട്? എന്തുകൊണ്ട്?” എന്നു ഞാൻ ചോദിച്ചു, കാലെ വിശദീകരിച്ചു. ഞാൻ അക്ഷരാർഥത്തിൽ ഒററരാത്രികൊണ്ട് അടിസ്ഥാന ബൈബിൾസത്യങ്ങൾ പഠിച്ചെടുത്തു. വിവിധ ഉപദേശങ്ങൾ വിശദമാക്കിത്തന്ന തിരുവെഴുത്തുകൾ ഞാൻ എഴുതിയെടുത്തു. പിന്നീട് ഞാൻ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ഒരു നോട്ട്ബുക്കെടുത്ത് ആ വാക്യങ്ങളെല്ലാം പദാനുപദം എഴുതി. കാരണം എനിക്കു ബൈബിൾ പരിചിതമായിരുന്നില്ല. ജോലി ചെയ്തിരുന്ന കെട്ടിടനിർമാണ സ്ഥലത്തുള്ളവരോടു സാക്ഷീകരിക്കാൻ ഈ നോട്ട്ബുക്ക് ഞാൻ ഉപയോഗിച്ചു. വ്യാജമതത്തിന്റെ പഠിപ്പിക്കലുകളെ തുറന്നുകാട്ടവേ, കാലെയുടെ ഈ വാക്കുകൾ ഞാൻതന്നെ സ്വയം ആവർത്തിക്കുന്നതായി തിരിച്ചറിഞ്ഞു: “കൂട്ടരേ, നിങ്ങൾ യഥാർഥത്തിൽ വഞ്ചിക്കപ്പെട്ടിരിക്കുന്നു!”
30-ഓളം ബൈബിൾ വിദ്യാർഥികൾ യോഗങ്ങൾ നടത്തിക്കൊണ്ടിരുന്ന ടെമ്പറെയിലുള്ള ഒരു കൊച്ചു വീടിന്റെ അഡ്രസ്സ് കാലെ എനിക്കു തന്നു. ആ വീടിന്റെ ഉടമയായ ആൻഡേഴ്സൺ സഹോദരന്റെ അടുത്ത് വാതിലിനു സമീപമുള്ള ഒരു കോണിൽ ഞാൻ കൂനിക്കൂടി ഇരിക്കുമായിരുന്നു. എന്റെ യോഗഹാജർ മിക്കവാറും ക്രമമില്ലാത്തതായിരുന്നു, എന്നാൽ പ്രാർഥന സഹായകമായി. ജോലിയിൽ സാരമായ പ്രശ്നങ്ങളുണ്ടായിരുന്ന ഒരു സമയത്തു ഞാൻ ഇങ്ങനെ പ്രാർഥിച്ചു: “ദയവായി ദൈവമേ, ഈ പ്രയാസങ്ങൾ തരണം ചെയ്യാൻ അങ്ങ് എന്നെ സഹായിക്കുന്നെങ്കിൽ എല്ലാ യോഗത്തിനും സംബന്ധിക്കാമെന്നു ഞാൻ വാക്കു തരുന്നു.” എന്നാൽ കാര്യങ്ങൾ ഏറെ വഷളാകുകയാണു ചെയ്തത്. അപ്പോൾ യഹോവയുടെ മുമ്പാകെ ഞാൻ വ്യവസ്ഥകൾ വയ്ക്കുകയാണെന്നു ഞാൻ തിരിച്ചറിഞ്ഞു. അതുകൊണ്ട്, “എന്തു സംഭവിച്ചാലും, എല്ലാ യോഗത്തിനും സംബന്ധിക്കാമെന്നു ഞാൻ വാക്കു തരുന്നു” എന്നായി എന്റെ പ്രാർഥന. അപ്പോൾ എന്റെ വിഷമതകൾ കുറഞ്ഞു, ഞാൻ യോഗങ്ങൾക്കു ക്രമമുള്ള ഒരുവനായിത്തീരുകയും ചെയ്തു.—1 യോഹന്നാൻ 5:14.
പ്രാരംഭ വർഷങ്ങളിലെ ഞങ്ങളുടെ ശുശ്രൂഷ
1929-ൽ ഞാനും സിൽവിയും വിവാഹിതരായി. 1934-ൽ ജലസ്നാപനത്താൽ ഞങ്ങൾ രണ്ടുപേരും യഹോവക്കുള്ള ഞങ്ങളുടെ സമർപ്പണത്തെ പ്രതീകപ്പെടുത്തി. ഒരു ഫോണോഗ്രാഫും റെക്കോർഡുകളും ആളുകളുടെ വീടുതോറും കൊണ്ടുപോയി, സൗജന്യമായി ഒരു ബൈബിൾ പ്രസംഗം ഞങ്ങൾ അവതരിപ്പിക്കട്ടെയെന്നു വിനയപുരസ്സരം ചോദിക്കുകയായിരുന്നു ആ നാളുകളിൽ ഞങ്ങളുടെ ശുശ്രൂഷയിൽ ഉൾപ്പെട്ടിരുന്നത്. പലപ്പോഴും ആളുകൾ ഞങ്ങളെ സത്വരം സ്വാഗതം ചെയ്തു, ശബ്ദലേഖനം ചെയ്ത പ്രസംഗം ശ്രദ്ധിച്ചശേഷം അവർ സംഭാഷണത്തിൽ പങ്കുചേരുകയും ഞങ്ങളുടെ സാഹിത്യങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
അധികാരികളുടെ അനുവാദത്തോടെ ഞങ്ങൾ ഇതേ ബൈബിൾ പ്രസംഗങ്ങൾ ആംപ്ലിഫയർ മുഖാന്തരം പാർക്കുകളിൽ കേൾപ്പിച്ചു. അവയുടെ സമീപപ്രദേശങ്ങളിൽ ഒരു മേൽക്കൂരയുമായോ ചിമ്മിനിയുടെ മുകൾഭാഗവുമായോ ഞങ്ങൾ ഉച്ചഭാഷിണി ബന്ധിപ്പിക്കുമായിരുന്നു. മററു ചില സമയങ്ങളിൽ പട്ടണത്തിലെ ആളുകൾ വലിയ കൂട്ടങ്ങളായി കൂടിവന്നിരുന്ന തടാകക്കരയിൽ ഞങ്ങൾ അവ കേൾപ്പിക്കുമായിരുന്നു. ഞങ്ങൾ ഒരു ബോട്ടിൽ ആംപ്ലിഫയറുകൾ എടുത്തുവെച്ച് തീരത്തിനടുത്തുകൂടി സാവധാനം തുഴഞ്ഞുപോയിരുന്നു. ഞായറാഴ്ചകളിൽ ഞങ്ങളുടെ വിലപ്പെട്ട ആംപ്ലിഫയറുകളും ധാരാളം സാഹിത്യങ്ങളും കൊണ്ട് പ്രചരണപരിപാടിക്കായി ഞങ്ങൾ ബസിൽ ഗ്രാമപ്രദേശങ്ങളിലേക്കു യാത്ര ചെയ്തിരുന്നു.
ഒരു മാററം ഞങ്ങളുടെ വിശ്വാസത്തെ പരിശോധിക്കുന്നു
1938-ൽ ഒരു പയനിയർ എന്ന നിലയിൽ ഞാൻ മുഴുസമയ ശുശ്രൂഷയിൽ പ്രവേശിച്ചു, എന്നാൽ ചുടിഷ്ടിക ഉണ്ടാക്കുന്ന ഒരാളായി ഞാൻ ജോലി തുടരുകയും ചെയ്തു. ഇപ്പോൾ സർക്കിട്ട് മേൽവിചാരകൻ എന്നു വിളിക്കപ്പെടുന്ന സഞ്ചാരശുശ്രൂഷകനായിത്തീരാനുള്ള ക്ഷണം അടുത്തുവന്ന വസന്തത്തിൽ സൊസൈററിയുടെ ബ്രാഞ്ച് ഓഫീസിൽനിന്ന് എനിക്കു ലഭിച്ചു. ക്ഷണം സ്വീകരിക്കുക എന്നത് എളുപ്പമുള്ള ഒരു കാര്യമല്ലായിരുന്നു, കാരണം ടാമ്പറെയിലെ ഞങ്ങളുടെ സഭയോടൊത്തു പ്രവർത്തിക്കുന്നത് ഞാൻ ഇഷ്ടപ്പെട്ടിരുന്നു. കൂടാതെ ഞങ്ങൾക്കു സ്വന്തമായൊരു വീടുണ്ടായിരുന്നു; പെട്ടെന്നുതന്നെ സ്കൂൾ വിദ്യാഭ്യാസം തുടങ്ങാറായിരുന്ന ആറു വയസ്സുള്ള ആർട്ടോ എന്ന മകൻ ഞങ്ങൾക്കുണ്ടായിരുന്നു; ഇനിയും സിൽവി ഒരു കടയിലെ സെയിൽസ് ക്ലെർക്കായുള്ള അവളുടെ ജോലി ആസ്വദിച്ചിരുന്നു. എന്നിരുന്നാലും, ഒന്നിച്ചിരുന്ന് ചർച്ചചെയ്തശേഷം രാജ്യസേവനത്തിന്റെ കൂടുതലായ ഈ പദവി ഞാൻ സ്വീകരിച്ചു.—മത്തായി 6:33.
അപ്പോൾ ദുഷ്കരമായ മറെറാരു കാലഘട്ടം ആരംഭിച്ചു. സോവ്യററ് സേനകൾ ഫിൻലൻഡിലേക്കു മാർച്ചുചെയ്തപ്പോൾ 1939 നവംബർ 30-ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ശൈത്യകാല യുദ്ധം എന്നു വിളിക്കപ്പെട്ട ഈ യുദ്ധം 1940 മാർച്ച്വരെ നീണ്ടുനിന്നു. അപ്പോൾ ഫിൻലൻഡിന് ഒരു സമാധാന ഉടമ്പടിയിൽ ഒപ്പിടേണ്ടതായി വന്നു. പ്രകൃതിപോലും യുദ്ധത്തിനു പുറപ്പെട്ടതായി തോന്നി, കാരണം എനിക്ക് ഓർമിക്കാൻ കഴിയുന്ന ഏററവും തണുപ്പുള്ള ശൈത്യകാലം അതായിരുന്നു. താപനില പൂജ്യത്തിനും താഴെ 30° സെൻറിഗ്രേഡിലേക്കു താണ സമയങ്ങളിൽ സഭകൾതോറും ഞാൻ സഞ്ചരിച്ചത് സൈക്കിളിലായിരുന്നു!
ഫിൻലൻഡിലെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം 1940-ൽ നിരോധിക്കപ്പെട്ടു. അതിനുശേഷം, ഫിൻലൻഡിലെ ഒട്ടനവധി ചെറുപ്പക്കാരായ സാക്ഷികളെ തടവിലാക്കുകയും മനുഷ്യത്വരഹിതമായ അവസ്ഥകളിൽ അവിടെ കഴിയാൻ നിർബന്ധിക്കുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധകാലത്തുടനീളം, അതായത് 1939 മുതൽ 1945 വരെ, സഭകളെ സേവിക്കാൻ കഴിഞ്ഞതിൽ ഞാൻ കൃതജ്ഞതയുള്ളവനാണ്. സിൽവിയേയും ആർട്ടോയേയും വിട്ട് മാസങ്ങളോളം അടുപ്പിച്ച് ദൂരെയായിരിക്കുന്നതു മിക്കപ്പോഴും ആവശ്യമായി വന്നു. മാത്രമല്ല, നിയമവിരുദ്ധമായ ഒരു പ്രവർത്തനത്തിൽ ഏർപ്പെടുന്നതിന്റെ പേരിൽ അറസ്ററു ചെയ്യപ്പെടുമെന്ന നിരന്തര ഭീഷണിയുമുണ്ടായിരുന്നു.
ഒരു സ്യൂട്ട്കെയ്സും ഒരു ബാഗു നിറയെ സാഹിത്യങ്ങളും ഫോണോഗ്രാഫും റെക്കോർഡുകളും ലോഡു ചെയ്ത ഒരു സൈക്കിളിൽ ഞാൻ യാത്ര ചെയ്യുന്നത് ഒരു വിചിത്ര കാഴ്ചയായിരുന്നിരിക്കണം. അറസ്ററു ചെയ്യപ്പെടുന്നപക്ഷം, റഷ്യാക്കാർക്കു വേണ്ടി ചാരവൃത്തി ചെയ്യുന്ന ഒരു നിരീക്ഷണ പാരച്ച്യൂട്ട് സൈനികനല്ല എന്നു തെളിയിക്കാനായിരുന്നു ഈ ഫോണോഗ്രാഫ് റെക്കോർഡുകൾ ഞാൻ കൊണ്ടുനടന്നത്. നിങ്ങൾക്കൂഹിക്കാവുന്നതുപോലെ, ഞാനൊരു പാരച്ച്യൂട്ട് സൈനികനായിരുന്നെങ്കിൽ ചാട്ടത്തിനിടയിൽ റെക്കോർഡുകൾ തകർന്നുപോകുമെന്ന് എനിക്കു വാദിക്കാൻ കഴിയുമായിരുന്നു.
എന്നിരുന്നാലും, ഒരു ചാരനെക്കുറിച്ചു മുന്നറിയിപ്പു ലഭിച്ചിരുന്ന ഒരു അയൽപ്രദേശം സന്ദർശിക്കവേ, സാക്ഷികളുടെ ഒരു കുടുംബം ഞാൻ ഒരു ചാരനാണെന്ന് തെററിദ്ധരിച്ചു. ശൈത്യകാലത്തെ കൂരിരുട്ടുള്ള ഒരു രാത്രിയിൽ ഞാൻ അവരുടെ വാതിലിൽ മുട്ടി, എന്നാൽ വാതിൽ തുറക്കാൻ അവർക്കു വളരെ ഭയമായിരുന്നു. അതുകൊണ്ട് ആ രാത്രി ഞാൻ ഒരു വൈക്കോൽപ്പുരയിൽ ചെലവഴിച്ചു. തണുപ്പകററാൻ വൈക്കോൽക്കൊണ്ടു ഞാൻ എന്നെത്തന്നെ മൂടി. അടുത്ത ദിവസം രാവിലെ തെററിദ്ധാരണ മാറി, പിന്നീടുള്ള എന്റെ സന്ദർശനസമയത്തെല്ലാം ആ ഭവനത്തിലെ അംഗങ്ങൾ എന്നോട് അനിതരസാധാരണമായ ആതിഥ്യം കാണിച്ചു എന്നു ഞാൻ പറയേണ്ടിയിരിക്കുന്നു!
യുദ്ധവർഷങ്ങളിലെല്ലാം യോഹാന്നസ് കോസ്ക്കിനെൻ സഹോദരനും ഞാനും മാത്രമേ ഫിൻലൻഡിന്റെ മധ്യഭാഗത്തും വടക്കുഭാഗത്തുമുള്ള സഭകളെ സേവിച്ചിരുന്നുള്ളൂ. ഞങ്ങൾ ഓരോരുത്തർക്കും ഏതാണ്ട് 600 കിലോമീററർ ദൈർഘ്യമുള്ള വലിയ പ്രദേശങ്ങളുടെ ചുമതലയുണ്ടായിരുന്നു. ഞങ്ങൾക്ക് അനവധി സഭകൾ സന്ദർശിക്കേണ്ടിയിരുന്നു, അതുകൊണ്ട് ഓരോ സഭയിലും രണ്ടോ മൂന്നോ ദിവസങ്ങൾ മാത്രം ചെലവഴിക്കാനേ ഞങ്ങൾക്കു കഴിഞ്ഞുള്ളൂ. ട്രെയിനുകൾ അപൂർവമായേ സമയത്തിനോടിയുള്ളൂ, ബസുകൾ വളരെ ചുരുക്കവുമായിരുന്നു. അവ ആളുകളെക്കൊണ്ടു തിങ്ങിനിറഞ്ഞിരുന്നതിനാൽ ഞങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നതുതന്നെ ഒരു അത്ഭുതമായിരുന്നു.
കഷ്ടിച്ചുള്ള രക്ഷപെടലുകൾ
ശീതകാല യുദ്ധത്തിന്റെ പ്രാരംഭഘട്ടത്തിലൊരിക്കൽ സഭകൾക്കു വിതരണം ചെയ്യുന്നതിനായി എന്നോടൊപ്പം ട്രെയിനിൽ കൊണ്ടുവരുന്നതിനു ഹെൽസിങ്കിയിലുള്ള ബ്രാഞ്ച് ഓഫീസിൽ പോയി നിരോധിക്കപ്പെട്ട സാഹിത്യങ്ങളടങ്ങിയ ഭാരമേറിയ നാലു കാർട്ടണുകൾ ഞാൻ എടുത്തു. റീഹിമക്കി റെയിൽവേ സ്റേറഷനിൽ എത്തിയപ്പോൾ യുദ്ധസൈറൺ മുഴങ്ങി. ട്രെയിനിലുണ്ടായിരുന്ന പട്ടാളക്കാർ തങ്ങളുടെ ശൈത്യകാല വസ്ത്രങ്ങളെടുത്തണിഞ്ഞു, വേഗംതന്നെ ട്രെയിൻ വിട്ടു സ്റേറഷനെതിരെയുള്ള വിജനമായ ഒരു വയലിലേക്കു പോകാൻ യാത്രക്കാരോട് ആവശ്യപ്പെട്ടു.
എന്റെ കാർട്ടണുകളുടെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചുകൊണ്ട് അവ കൂടെ കൊണ്ടുപോകാൻ ഞാൻ പട്ടാളക്കാരോട് അഭ്യർഥിച്ചു. അവരിൽ നാലുപേർ ഓരോരുത്തരും ഓരോ കാർട്ടണുകൾ വീതം എടുത്തു. മഞ്ഞുമൂടിക്കിടന്ന വയലിലൂടെ ഞങ്ങൾ ഏതാണ്ട് 200 മീററർ ഓടി. ഞങ്ങൾ നിലത്തു കിടന്നു, ആരോ എന്നോട് ഇങ്ങനെ വിളിച്ചു പറഞ്ഞു: “ഹേയ് സിവിലിയൻ, ഒട്ടും അനങ്ങരുത്! എന്തെങ്കിലും അനക്കം കണ്ടാൽ ബോംബർ വിമാനങ്ങൾ നമ്മുടെമേൽ ബോംബു വർഷിക്കും.” ജിജ്ഞാസ അടക്കാനാവാതെ മുഖം മെല്ലെ ചരിച്ച് ഞാൻ ആകാശത്തേക്കു നോക്കി. ഞാൻ അവിടെ 28 വിമാനങ്ങൾ എണ്ണി!
ബോംബുകൾ പൊട്ടിയതുകൊണ്ട് പെട്ടെന്നു നിലം കുലുങ്ങി. സ്റേറഷനിൽ ബോംബിട്ടില്ലെങ്കിലും ഞങ്ങൾ വന്ന ട്രെയിനിൽ ബോംബു വന്നുപതിച്ചു. തകർന്ന ട്രെയിനും വളഞ്ഞൊടിഞ്ഞ പാളങ്ങളും എത്ര വിരൂപമായ കാഴ്ചയായിരുന്നു! അടുത്ത പ്രഭാതത്തിൽ കാർട്ടണുകളും കൊണ്ടുള്ള എന്റെ യാത്ര തുടരാൻ എനിക്കു കഴിഞ്ഞു, പട്ടാളക്കാർ മറെറാരു ട്രെയിനിലും പുറപ്പെട്ടു. യുദ്ധത്തിനുശേഷം അവരിലൊരാൾ ഒരു സാക്ഷിയായിത്തീർന്നു. കാർട്ടണുകളുമായി വന്ന അസാധാരണത്വം തോന്നിച്ച സിവിലിയനെക്കുറിച്ചു പട്ടാളക്കാർ പിന്നീടു സംസാരിച്ചിരുന്നതായി അദ്ദേഹം എന്നോടു പറഞ്ഞു.
കുറെ കാലത്തിനുശേഷം, ഫിൻലൻഡിന്റെ വടക്കുള്ള റോവനിയമിയിലെ ചെറിയ സഭയെ സേവിക്കാൻ യാത്ര ചെയ്യുകയായിരുന്ന കോസ്ക്കിനെൻ സഹോദരൻ ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനു മുമ്പായി അറസ്ററു ചെയ്യപ്പെട്ടു. അദ്ദേഹത്തെ ജയിലിലാക്കി, അവിടെവെച്ച് അദ്ദേഹത്തിനു വളരെ മോശമായ പെരുമാററമാണു ലഭിച്ചത്. അതേ സഭയെത്തന്നെ സേവിക്കുന്നതിനുള്ള എന്റെ ഊഴമായപ്പോൾ കൊയ്വു എന്ന ചെറിയൊരു സ്റേറഷനിൽ ഇറങ്ങാൻ ഞാൻ ക്രമീകരണങ്ങൾ ചെയ്തു. ഒരു പാൽവണ്ടിയിൽ ശേഷിച്ച ദൂരം യാത്ര ചെയ്യാനുള്ള ക്രമീകരണങ്ങൾ ഹെൽമി പല്ലാരി എന്ന സഹോദരി എനിക്കു ചെയ്തുതന്നു. റോവനിയമി സഭയിൽ ഞാൻ നടത്തിയ സന്ദർശനം ഒരു വിജയമായിരുന്നു. എന്നിരുന്നാലും, തിരിച്ചുപോരുമ്പോൾ എനിക്കു കുഴപ്പം നേരിട്ടു.
സ്റേറഷനിലേക്കുള്ള മാർഗമധ്യേ ഞാനും എന്റെ സ്നേഹിതനും, കടന്നുപോകുന്ന എല്ലാവരുടെയും രേഖകൾ പരിശോധിക്കുന്ന രണ്ടു സൈനിക ഉദ്യോഗസ്ഥൻമാരെ എതിർപ്പെട്ടു. ഞാൻ പറഞ്ഞു, “അവരെ നോക്കരുത്. മുന്നോട്ടുതന്നെ നോക്കുക.” അവർ അവിടെ ഉണ്ടായിരുന്നില്ല എന്നതുപോലെ ഞങ്ങൾ അവരുടെ ഇടയിലൂടെ നടന്നുപോയി. അപ്പോൾ അവർ ഞങ്ങളെ പിന്തുടരാൻ തുടങ്ങി. ഒടുവിൽ റെയിൽവേ സ്റേറഷനിൽ ആൾക്കൂട്ടത്തിനിടയിൽ മറഞ്ഞ് എനിക്ക് അവരെ ഒഴിവാക്കാനും നീങ്ങിക്കൊണ്ടിരുന്ന ഒരു ട്രെയിനിൽ കയറിപ്പററാനും കഴിഞ്ഞു. ആ നാളുകളിൽ സഞ്ചാരശുശ്രൂഷയിലെ ആശ്ചര്യാവേശങ്ങൾക്കു യാതൊരു കുറവും ഉണ്ടായിരുന്നില്ല!
ഒരിക്കൽ നിർബന്ധിത സൈനികസേവനത്തിന് ആളുകളെ തിരഞ്ഞെടുക്കുന്ന ഒരു വിഭാഗത്തിലേക്കു എന്നെ അറസ്ററു ചെയ്തുകൊണ്ടുപോയി. യുദ്ധനിരയിലേക്ക് എന്നെ അയയ്ക്കുക എന്നതായിരുന്നു ഉദ്ദേശ്യം. എന്നാൽ ഫോൺ ശബ്ദിച്ചപ്പോൾ എന്നെ ഇൻറർവ്യൂ ചെയ്യാനിരുന്ന പട്ടാള ഉദ്യോഗസ്ഥൻ മറുപടി പറഞ്ഞു. മറുതലയ്ക്കലെ ശബ്ദം ഇങ്ങനെ ഗർജിക്കുന്നതായി എനിക്കു കേൾക്കാൻ കഴിഞ്ഞു: “ഒന്നിനും കൊള്ളാത്ത ഈ രോഗം ബാധിച്ച മനുഷ്യരെ നിങ്ങൾ എന്തിനാണ് ഇങ്ങോട്ട് അയയ്ക്കുന്നത്? അവരെ തിരിച്ചയയ്ക്കുകയേ മാർഗമുള്ളൂ. പണിയെടുക്കാൻ കെൽപ്പുള്ള മനുഷ്യരെയാണു ഞങ്ങൾക്കു വേണ്ടത്!” ഏതായാലും എന്റെ ഒരു രോഗപ്രശ്നം വിശദമാക്കിയ ഒരു മെഡിക്കൽ സർട്ടിഫിക്കററ് എന്റെ പക്കലുണ്ടായിരുന്നത് അനുഗ്രഹമായി. ഞാനതു കാണിച്ചപ്പോൾ എന്നെ പോകാൻ അനുവദിച്ചു, അങ്ങനെ സഭകൾതോറും എന്റെ പ്രവർത്തനം നിർവിഘ്നം തുടരാൻ എനിക്കു കഴിഞ്ഞു!
ഒരു വിചാരണയിൽ സഹായിക്കുന്നു
തുടർന്നും യുദ്ധഭ്രാന്ത് കൊടുംപിരി കൊണ്ടിരുന്നു, എന്റെ സ്നേഹിതനായ ആഹ്തി ലാസ്ററ അറസ്ററു ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യ എന്നെ വിളിച്ചു. അവരുടെ വീട്ടിൽ ചെന്ന ഞാൻ അദ്ദേഹത്തിന്റെ പേപ്പറുകൾക്കിടയിൽ പ്രാദേശിക പൊലീസിൽനിന്നുള്ള ഒരു രേഖ കണ്ടെത്തി, നഗരത്തിലെ പൊതു പാർക്കുകളിൽ റെക്കോർഡു ചെയ്ത പ്രസംഗങ്ങൾ അവതരിപ്പിക്കാനുള്ള അനുവാദം നൽകുന്നതായിരുന്നു അത്. ആ രേഖയുമായി ഞങ്ങൾ കോടതിയിൽ എത്തി. അവർ കുററാരോപണം വായിച്ചുകഴിഞ്ഞശേഷം ഞാൻ ഈ പ്രമാണം ലാസ്ററ സഹോദരനു നൽകി. ഒരു ഫോണോഗ്രാഫും റെക്കോർഡു ചെയ്ത നിരവധി ബൈബിൾ പ്രസംഗങ്ങളും കോടതിക്കു കേൾക്കാൻ വേണ്ടി ജഡ്ജി ഒരു പട്ടാളക്കാരൻവശം വരുത്തിച്ചു. പ്രസംഗങ്ങളോരോന്നും ശ്രദ്ധിച്ചശേഷം പറയപ്പെട്ട കാര്യത്തിൽ അനുചിതമായി എന്തെങ്കിലും ഉള്ളതായി താൻ കാണുന്നില്ലെന്നു ജഡ്ജി പറഞ്ഞു.
അതിനുശേഷം ആഹ്തിയെയും ഭാര്യയെയും എന്നെയും കോടതിയുടെ തീരുമാനത്തിനുവേണ്ടി കാത്തിരിക്കാനായി ഒരു ഇടനാഴിയിലേക്കയച്ചു. ഞങ്ങൾ അവിടെ ആകാംക്ഷയോടെ കാത്തുനിന്നു. ഒടുവിൽ ഇങ്ങനെ പറയുന്ന ഒരു ശബ്ദം ഞാൻ കേട്ടു: “പ്രതിയെ ദയവായി കോടതിമുറിയിൽ കയററുക.” ലാസ്ററ സഹോദരൻ മോചിതനായി! ലാസ്ററ സഹോദരനും സഹോദരിയും പ്രാദേശിക സഭയിലെ അവരുടെ പ്രവർത്തനങ്ങളിലും ഞാൻ സഞ്ചാരവേലയിലെ എന്റെ പ്രവർത്തനത്തിലുമായി തുടർന്നപ്പോൾ യഹോവയോടുള്ള നന്ദിയാൽ ഞങ്ങളുടെ ഹൃദയം വാസ്തവത്തിൽ നിറഞ്ഞിരുന്നു.
യുദ്ധം അവസാനിക്കുന്നു—ഞങ്ങളുടെ സേവനം തുടരുന്നു
യുദ്ധം അവസാനിച്ചപ്പോൾ ഞങ്ങളുടെ പ്രസംഗപ്രവർത്തനത്തിൻമേലുള്ള നിരോധനം നീക്കം ചെയ്യപ്പെട്ടു, സഹോദരങ്ങൾ തടവിൽനിന്നു വിമുക്തരാക്കപ്പെട്ടു. രാജ്യവേലയിലും തങ്ങളുടെ ഭർത്താക്കൻമാരെ പിന്താങ്ങുന്നതിലും ക്രിസ്തീയ സഹോദരിമാർ വഹിച്ചിട്ടുള്ള പങ്ക് അനേക വർഷങ്ങളിലെ എന്റെ സേവനകാലത്ത് എന്നിൽ ആഴമായ മതിപ്പുളവാക്കിയിട്ടുണ്ട്. സിൽവിയുടെ ത്യാഗങ്ങളോടും പിന്തുണയോടും ഞാൻ പ്രത്യേകിച്ചും നന്ദിയുള്ളവനാണ്. അതിന്റെ ഫലമായി നിർവിഘ്നം 33 വർഷത്തോളം സഞ്ചാരവേലയിൽ തുടരാൻ എനിക്കു കഴിഞ്ഞു, പിന്നീട് ഒരു പ്രത്യേക പയനിയർ എന്ന നിലയിൽ സേവിക്കാനും.
സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോൾ പയനിയറിങ് തുടങ്ങാനും ഇംഗ്ലീഷ് പഠിക്കാനും ഐക്യനാടുകളിലെ വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിൽ സംബന്ധിക്കാനും ഞാനും സിൽവിയും ആർട്ടോയെ പ്രോത്സാഹിപ്പിച്ചു. 1953-ൽ അവൻ ഗിലെയാദിൽനിന്നു ബിരുദം നേടി. പിന്നീട് അവൻ ആവയെ വിവാഹം കഴിച്ചു. സർക്കിട്ട് വേലയും ബെഥേൽ സേവനവും പ്രത്യേക പയനിയറിങ്ങും ഉൾപ്പെടെ അവർ രണ്ടുപേരും മുഴുസമയ സേവനത്തിലെ വിവിധ മണ്ഡലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1988-ൽ സിൽവിയുടെയും എന്റെയും പരിപാലനത്തിൽ സഹായിക്കാൻ ഞങ്ങൾ താമസിച്ചിരുന്ന പട്ടണമായ ടാമ്പറെയിലേക്ക് അവർ മാറിപ്പാർത്തു, പ്രത്യേക പയനിയർമാർ എന്നനിലയിലുള്ള സേവനം തുടർന്നുകൊണ്ടുതന്നെ.
ഞാനും സിൽവിയും ധന്യവും അനുഗൃഹീതവുമായ ഒരു ജീവിതം ആസ്വദിച്ചിരിക്കുന്നു. ഇപ്പോൾ ഞങ്ങളുടെ ശക്തി വളരെയധികം കുറഞ്ഞുപോയിരിക്കുന്നെങ്കിലും ഞങ്ങൾക്കു പ്രോത്സാഹനമേകാൻ ധാരാളം ഓർമകളുണ്ട്. ഞങ്ങൾ കണ്ടിരിക്കുന്ന വളർച്ചയെക്കുറിച്ചു ചിന്തിക്കുന്നത് ഏററവും പ്രതിഫലദായകമാണ്. 1939-ൽ ഞാൻ സഭകൾ സന്ദർശിക്കാൻ തുടങ്ങിയപ്പോൾ ഫിൻലൻഡിൽ 865 രാജ്യപ്രസാധകരുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ 18,000-ത്തിലധികമുണ്ട്!
1938-ൽ മുഴുസമയ ശുശ്രൂഷ തുടങ്ങിവച്ചപ്പോൾ, 55 വർഷങ്ങൾക്കുശേഷം ഇപ്പോഴും അതിൽ ഒരു പങ്ക് ആസ്വദിക്കുമെന്നു ഞാനറിഞ്ഞിരുന്നില്ല. പ്രായമേറിവരുന്നെങ്കിലും യഹോവയുടെ ബലത്തിൽ ഞങ്ങൾ തുടരുന്നു. ഞങ്ങളുടെ വാഗ്ദത്തപ്രതിഫലത്തിനായി മുന്നിലേക്കു നോക്കിപ്പാർത്തുകൊണ്ട്. സങ്കീർത്തനക്കാരന്റെ പിൻവരുന്ന വാക്കുകളിൽ ഞങ്ങൾ ആശ്രയിക്കുന്നു: “യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു; അവന്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു.”—സങ്കീർത്തനം 100:5.
[21-ാം പേജിലെ ചിത്രം]
1934-ൽ ലെയോ കല്ലിയോയും സിൽവി കല്ലിയോയും യഹോവക്കുള്ള തങ്ങളുടെ സമർപ്പണം പ്രതീകപ്പെടുത്തി
[23-ാം പേജിലെ ചിത്രം]
ലെയോയുടെയും സിൽവിയുടെയും അടുത്തകാലത്തെ ഒരു ചിത്രം, അവർ സമർപ്പിത സേവനത്തിന്റെ 60-ാം വർഷത്തോടടുക്കുന്നു