‘വിശ്വസ്തനായ അടിമ’യും അതിന്റെ ഭരണസംഘവും
“യജമാനൻ തന്റെ വീട്ടുകാർക്ക് ഉചിതമായ സമയത്ത് അവരുടെ ആഹാരം കൊടുക്കേണ്ടതിന് അവരുടെ മേൽ നിയമിച്ച വിശ്വസ്തനും വിവേകിയുമായ അടിമ യഥാർത്ഥത്തിൽ ആരാണ്?”—മത്തായി 24:45.
1. യഹോവ അധികാരം ഏൽപ്പിച്ചുകൊടുക്കാൻ സന്നദ്ധനായിരിക്കുന്നതെന്തുകൊണ്ട്, അവൻ മുഖ്യമായി ആർക്കാണ് ഇതു ചെയ്തിരിക്കുന്നത്?
യഹോവ ക്രമത്തിന്റെ ഒരു ദൈവമാകുന്നു. അവൻ ന്യായമായ സകല അധികാരത്തിന്റെയും ഉറവുമാകുന്നു. തന്റെ വിശ്വസ്തസൃഷ്ടികളുടെ കൂറിലുള്ള ഉറപ്പുനിമിത്തം യഹോവ അധികാരം ഏല്പിച്ചുകൊടുക്കാൻ മനസ്സുള്ളവനാണ്. അവൻ ഏററവുമധികം അധികാരം ഏല്പിച്ചുകൊടുത്തിരിക്കുന്നവൻ അവന്റെ പുത്രനായ യേശുക്രിസ്തു ആണ്. തീർച്ചയായും, ദൈവം “സകലത്തെയും അവന്റെ പാദങ്ങളിൻകീഴിൽ കീഴ്പ്പെടുത്തുകയും അവനെ സഭക്കുള്ള സകലത്തിനും തലയാക്കുകയുംചെയ്തു.”—എഫേസ്യർ 1:22.
2. പൗലോസ് ക്രിസ്തീയസഭയെ എന്തു വിളിക്കുന്നു, ക്രിസ്തു ആർക്ക് അധികാരം ഏല്പിച്ചുകൊടുത്തിരിക്കുന്നു?
2 അപ്പോസ്തലനായ പൗലോസ് ക്രിസ്തീയ സഭയെ “ദൈവത്തിന്റെ ഭവനം” എന്നു വിളിക്കുകയും യഹോവയുടെ വിശ്വസ്തപുത്രനായ യേശുക്രിസ്തു അവന്റെ ഭവനത്തിൻമേൽ ആക്കിവെക്കപ്പെട്ടുവെന്ന് പറയുകയും ചെയ്യുന്നു. (1 തിമൊഥെയോസ് 3:15; എബ്രായർ 3:6) ക്രമത്തിൽ, ക്രിസ്തു ദൈവത്തിന്റെ ഭവനത്തിലെ അംഗങ്ങൾക്ക് അധികാരം ഏൽപ്പിച്ചുകൊടുക്കുന്നു. മത്തായി 24:45-47 വരെ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകളിൽനിന്ന് നമുക്കിതു കാണാൻ കഴിയും. അവൻ ഇങ്ങനെ പറഞ്ഞു: “യജമാനൻ തന്റെ വീട്ടുകാർക്ക് ഉചിതമായ സമയത്ത് അവരുടെ ആഹാരം കൊടുക്കേണ്ടതിന് അവരുടെമേൽ നിയമിച്ച വിശ്വസ്തനും വിവേകിയുമായ അടിമ യഥാർത്ഥത്തിൽ ആരാണ്? അടിമയുടെ യജമാനൻ വന്നെത്തുമ്പോൾ അവൻ അങ്ങനെ ചെയ്യുന്നതായി കാണുന്നുവെങ്കിൽ അവൻ സന്തുഷ്ടനാകുന്നു. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, അവൻ അവനെ തന്റെ സകല സ്വത്തുക്കളിൻമേലും നിയമിക്കും.”
ഒന്നാം നൂററാണ്ടിലെ ഗൃഹവിചാരകൻ
3. “വിശ്വസ്തനും വിവേകിയുമായ അടിമ”യായിരിക്കുന്നതാർ, വ്യക്തികളെന്ന നിലയിൽ അവർക്ക് ഏതു പദം പ്രയോഗിക്കപ്പെട്ടിരിക്കുന്നു?
3 ഏതു സമയത്തുമുള്ള ദൈവഭവനത്തിലെ ആത്മാഭിഷിക്തരായ അംഗങ്ങൾ കൂട്ടമായി “വിശ്വസ്തനും വിവേകിയുമായ അടിമ”യോ “ഗൃഹവിചാരക”നോ ആയിരിക്കുന്നുവെന്ന് തിരുവെഴുത്തുകളുടെ ശ്രദ്ധാപൂർവകമായ പഠനത്തിൽനിന്ന് നാം അറിയുന്നു. യഹോവയുടെ ഭവനത്തിലെ അംഗങ്ങൾ വ്യക്തിപരമായി “വീട്ടുകാർ” അഥവാ “സേവകൻമാരുടെ സംഘം” എന്നു വിളിക്കപ്പെട്ടിരിക്കുന്നു.—മത്തായി 24:45; ലൂക്കോസ് 12:42; റഫറൻസ ബൈബിൾ അടിക്കുറിപ്പ്.
4. യേശു തന്റെ മരണത്തിന് അല്പകാലം മുമ്പ് ഏതു ചോദ്യം ഉന്നയിച്ചു, അവൻ തന്നേത്തന്നെ ആരോടു ഉപമിച്ചു?
4 യേശു തന്റെ മരണത്തിനു ചില മാസങ്ങൾക്കുമുമ്പ് ലൂക്കോസ് 12:42ൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ ചോദ്യം ഉന്നയിച്ചു: “യജമാനൻ തന്റെ സേവകൻമാരുടെ സംഘത്തിന് ഉചിതമായ സമയത്ത് അവരുടെ ആഹാരവിഹിതം കൊടുത്തുകൊണ്ടിരിക്കുന്നതിന് അവരുടെമേൽ നിയമിക്കുന്ന വിശ്വസ്തഗൃഹവിചാരകൻ യഥാർത്ഥത്തിൽ ആരാണ്?” പിന്നീട് യേശു മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കുമുമ്പ് അവൻ വിദേശത്തേക്കു യാത്രപോകാനിരിക്കുന്ന ഒരു മനുഷ്യനോടു തന്നേത്തന്നെ ഉപമിച്ചു, അവൻ തന്റെ അടിമകളെ വിളിച്ചുവരുത്തി തന്റെ സ്വത്തുക്കൾ അവരെ ഏൽപ്പിച്ചു.—മത്തായി 25:14.
5. (എ) യേശു എപ്പോൾ തന്റെ സ്വത്തുക്കൾ പരിപാലിക്കാൻ മററുള്ളവരെ നിയമിച്ചു? (ബി) തന്റെ സംയുക്തഗൃഹവിചാരകന്റെ ഭാഗമായിത്തീരുന്നവർക്ക് യേശു വിപുലമായ ഏതു നിയമനം കൊടുത്തു?
5 യേശു തന്റെ സ്വത്തുക്കൾ പരിപാലിക്കാൻ മററുള്ളവരെ നിയോഗിച്ചതെപ്പോഴായിരുന്നു? ഇത് അവന്റെ പുനരുത്ഥാനശേഷമാണ് സംഭവിച്ചത്. മത്തായി 28:19, 20ൽ കാണപ്പെടുന്ന തന്റെ പരിചിതമായ വാക്കുകളിൽ ക്രിസ്തു തന്റെ സംയുക്ത ഗൃഹവിചാരകന്റെ ഭാഗമായിത്തീരാനുള്ളവർക്ക് പഠിപ്പിക്കാനും ശിഷ്യരെ ഉളവാക്കാനും ആദ്യമായി വിപുലമായ ഒരു നിയോഗം കൊടുത്തു. വ്യക്തിപരമായി “ഭൂമിയുടെ അതിവിദൂരഭാഗത്തോളം” സാക്ഷീകരിക്കുന്നതിനാൽ സേവകൻമാർ യേശു തന്റെ ഭൗമികശുശ്രൂഷക്കാലത്ത് കൃഷിചെയ്തുതുടങ്ങിയിരുന്ന മിഷനറിവയൽ വികസിപ്പിക്കുമായിരുന്നു. (പ്രവൃത്തികൾ 1:8) ഇതിൽ അവർ “ക്രിസ്തുവിനു പകരമുള്ള സ്ഥാനാപതികളാ”യി വർത്തിക്കുന്നത് ഉൾപ്പെട്ടിരുന്നു. “ദൈവത്തിന്റെ പാവനരഹസ്യങ്ങളുടെ ഗൃഹവിചാരകൻമാരെ”ന്ന നിലയിൽ അവർ ശിഷ്യരെ ഉളവാക്കുകയും അവർക്ക് ആത്മീയാഹാരം വിതരണംചെയ്യുകയും ചെയ്യുമായിരുന്നു.—2 കൊരിന്ത്യർ 5:20; 1 കൊരിന്ത്യർ 4:1, 2.
ഭവനത്തിന്റെ ഭരണസംഘം
6. ഒന്നാം നൂററാണ്ടിലെ ഗൃഹവിചാരകവർഗ്ഗം ഏന്തു പ്രദാനംചെയ്യാൻ നിശ്വസ്തരാക്കപ്പെട്ടു?
6 ആത്മാഭിഷിക്തക്രിസ്ത്യാനികൾ സമൂഹപരമായി യജമാനന്റെ ഗൃഹവിചാരകൻ ആയിരിക്കേണ്ടിയിരുന്നു, അവർ ദൈവത്തിന്റെ ഭവനത്തിലെ വ്യക്തികളായ അംഗങ്ങൾക്ക് സമയോചിതമായ ആത്മീയാഹാരം വിതരണംചെയ്യുന്നതിന് നിയമിക്കപ്പെട്ടു. ക്രി.വ. 41നും 98നു മിടക്ക് 5 ചരിത്രവിവരണങ്ങളും 21 ലേഖനങ്ങളും വെളിപ്പാടുപുസ്തകവും തങ്ങളുടെ സഹോദരൻമാരുടെ പ്രയോജനത്തിനുവേണ്ടി എഴുതാൻ ഒന്നാം നൂററാണ്ടിലെ ഗൃഹവിചാരകവർഗ്ഗത്തിലെ അംഗങ്ങൾ ദിവ്യമായി നിശ്വസ്തരാക്കപ്പെട്ടു. ഈ നിശ്വസ്തഎഴുത്തുകളിൽ വീട്ടുകാർക്കുള്ള, അതായത് ദൈവഭവനത്തിലെ വ്യക്തികളായ അഭിഷിക്തർക്കുള്ള, നല്ല ആത്മീയാഹാരം അടങ്ങിയിരിക്കുന്നു.
7. ക്രിസ്തു എന്തുദ്ദേശ്യത്തിൽ അടിമവർഗ്ഗത്തിൽനിന്ന് ഒരു ചെറിയ സംഖ്യ പുരുഷൻമാരെ തെരഞ്ഞെടുത്തു?
7 സകല അഭിഷിക്തക്രിസ്ത്യാനികളും സമൂഹപരമായി ദൈവത്തിന്റെ ഭവനമായിരിക്കെ, ഒരു ദൃശ്യഭരണസംഘമായി സേവിക്കാൻ ക്രിസ്തു പുരുഷൻമാരുടെ ഒരു ചെറിയ സംഖ്യയെ അടിമവർഗ്ഗത്തിൽനിന്ന് തെരഞ്ഞെടുത്തുവെന്നുള്ളതിന് ധാരാളം തെളിവുണ്ട്. മത്ഥിയാസ് ഉൾപ്പെടെയുള്ള 12 അപ്പോസ്തലൻമാർ ഒന്നാം നൂററാണ്ടിലെ ഭരണസംഘത്തിന്റെ അടിസ്ഥാനമായിരുന്നുവെന്ന് സഭയുടെ ആദിമചരിത്രം തെളിയിക്കുന്നു. പ്രവൃത്തികൾ 1:20-26 നമുക്ക് ഇതിന്റെ ഒരു സൂചന നൽകുന്നുണ്ട്. ഈസ്ക്കരിയോത്താ യൂദായിക്കു പകരം ഒരാളെ തെരഞ്ഞെടുക്കുന്നതിനോടുള്ള ബന്ധത്തിൽ അവിടെ “അവന്റെ മേൽവിചാരകപദവി”യെയും “ഈ ശുശ്രൂഷയെയും അപ്പോസ്തലികത്വത്തെയും” പരാമർശിച്ചിരിക്കുന്നു.
8. ഒന്നാം നൂററാണ്ടിലെ ഭരണസംഘത്തിന്റെ ഉത്തരവാദിത്തങ്ങളിൽ എന്തുൾപ്പെട്ടിരുന്നു?
8 അങ്ങനെയുള്ള മേൽവിചാരകപദവിയിൽ, സേവനസ്ഥാനങ്ങളിലേക്കും ശുശ്രൂഷ സംഘടിപ്പിക്കുന്നതിനുവേണ്ടിയും യോഗ്യരായ പുരുഷൻമാരെ നിയമിക്കാനുള്ള അപ്പോസ്തലൻമാരുടെ ഉത്തരവാദിത്തം ഉൾപ്പെട്ടിരുന്നു. എന്നാൽ അത് കൂടുതൽ അർത്ഥമാക്കി. അതിൽ ഉപദേശപരമായ ആശയങ്ങൾ പഠിപ്പിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നത് ഉൾപ്പെട്ടിരുന്നു. യോഹന്നാൻ 16:13-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാഗ്ദാനം നിറവേററിക്കൊണ്ട് “സത്യത്തിന്റെ ആത്മാവ്” ക്രിസ്തീയസഭയെ ക്രമാനുഗതമായി സകല സത്യത്തിലേക്കും വഴിനടത്തേണ്ടിയിരുന്നു. തുടക്കംമുതൽതന്നെ, വചനം സ്വീകരിക്കുകയും സ്നാപനമേൽക്കുകയുംചെയ്തവർ, അഭിഷിക്തക്രിസ്ത്യാനികൾ, “അപ്പോസ്തലൻമാരുടെ ഉപദേശങ്ങൾക്ക്” തങ്ങളേത്തന്നെ അർപ്പിക്കുന്നതിൽ തുടർന്നു. യഥാർത്ഥത്തിൽ, ശുപാർശചെയ്യപ്പെട്ട ഏഴു പുരുഷൻമാർ ഭൗതികാഹാരം വിതരണംചെയ്യുകയെന്ന “അവശ്യകാര്യ”ത്തിന് നിയമിക്കപ്പെട്ടത് “പന്തിരുവർക്ക്” ‘പ്രാർത്ഥനക്കും വചനശുശ്രൂഷക്കും തങ്ങളേത്തന്നെ അർപ്പിക്കാൻ’ കഴിയേണ്ടതിനായിരുന്നു.—പ്രവൃത്തികൾ 2:42; 6:1-6.
9. ആദിമ ഭരണസംഘം 11 അംഗങ്ങളായി കുറഞ്ഞതെങ്ങനെ, പ്രത്യക്ഷത്തിൽ എന്തുകൊണ്ടാണ് പെട്ടെന്നുതന്നെ എണ്ണം 12ലേക്കു തിരികെവരുത്തപ്പെടാഞ്ഞത്?
9 ആദ്യം ഭരണസംഘത്തിൽ യേശുവിന്റെ അപ്പോസ്തലൻമാർ മാത്രമാണ് ഉൾപ്പെട്ടിരുന്നതെന്നു തോന്നുന്നു. എന്നാൽ അത് ആ വിധത്തിൽ തുടരുമോ? ക്രി.വ. 44-ാം ആണ്ടോടടുത്ത് യോഹന്നാന്റെ സഹോദരനായ അപ്പോസ്തലനായ യാക്കോബ് ഹെരോദ് അഗ്രിപ്പാ ഒന്നാമനാൽ വധിക്കപ്പെട്ടു. (പ്രവൃത്തികൾ 12:1, 2) പ്രത്യക്ഷത്തിൽ യൂദായുടെ കാര്യത്തിൽ ചെയ്യപ്പെട്ടതുപോലെ ഒരു അപ്പോസ്തലനെന്ന നിലയിൽ യാക്കോബിനു പകരം മറെറാരാളെ നിയമിക്കാൻ യാതൊരു ശ്രമവും ചെയ്യപ്പെട്ടില്ല. എന്തുകൊണ്ട്? ഇതു യാക്കോബ് വിശ്വസ്തനായി മരിച്ചതുകൊണ്ടായിരിക്കുമെന്നുള്ളതിനു സംശയമില്ല, 12 അപ്പോസ്തലൻമാരിൽ ആദ്യം മരിച്ചവൻ അവനായിരുന്നു. മറിച്ച്, യൂദാ ദുഷ്ടനായ ഒരു വിമതനായിരുന്നു, ആത്മീയ ഇസ്രായേലിന്റെ അടിസ്ഥാനക്കല്ലുകളുടെ എണ്ണം 12ലേക്കു തിരികെ വരുത്താൻ പകരം ആൾ വേണമായിരുന്നു.—എഫേസ്യർ 2:20; വെളിപ്പാട് 21:14.
10. ഒന്നാം നൂററാണ്ടിലെ ഭരണസംഘം എപ്പോൾ എങ്ങനെ വികസിപ്പിക്കപ്പെട്ടു, ദൈവത്തിന്റെ ഭവനത്തെ നയിക്കാൻ ക്രിസ്തു അതിനെ എങ്ങനെ ഉപയോഗിച്ചു?
10 ഒന്നാം നൂററാണ്ടിലെ ഭരണസംഘത്തിലെ ആദ്യ അംഗങ്ങൾ അപ്പോസ്തലൻമാർ ആയിരുന്നു, യേശുവിനോടുകൂടെ നടന്നവരും അവന്റെ മരണത്തിനും പുനരുത്ഥാനത്തിനും സാക്ഷികളായിരുന്നവരുംതന്നെ. (പ്രവൃത്തികൾ 1:21, 22) എന്നാൽ ഈ സാഹചര്യത്തിനു മാററം വരുമായിരുന്നു. വർഷങ്ങൾ കടന്നുപോയതോടെ, മററു ക്രിസ്തീയ പുരുഷൻമാർ ആത്മീയ വളർച്ച നേടുകയും യരൂശലേം സഭയിൽ മൂപ്പൻമാരായി നിയമിക്കപ്പെടുകയുചെയ്തു. ഏററവും താമസിച്ചാൽ ക്രി.വ. 49-ാം ആണ്ടായതോടെ, ശേഷിച്ച അപ്പോസ്തലൻമാർ മാത്രമല്ല, യരൂശലേമിലെ പ്രായമുള്ള മററു പലരുംകൂടെ ഉൾപ്പെടത്തക്കവണ്ണം ഭരണസംഘം വികസിപ്പിക്കപ്പെട്ടു. (പ്രവൃത്തികൾ 15:2) അതുകൊണ്ട് ഭരണസംഘത്തിന്റെ ഘടന ഖണ്ഡിതമായി ഉറപ്പാക്കപ്പെട്ടിരുന്നില്ല, എന്നാൽ ദൈവം തന്റെ ജനത്തിന്റെ സാഹചര്യങ്ങൾക്കു യോജിക്കത്തക്കവണ്ണം അതിനു മാററമുണ്ടാകുമാറ് കാര്യങ്ങളെ നയിച്ചുവെന്നു തെളിവുണ്ട്. സഭയുടെ സജീവശിരസ്സായ ക്രിസ്തു യഹൂദേതര ക്രിസ്ത്യാനികൾ പരിച്ഛേദനയേൽക്കുന്നതിനെയും മോശയുടെ ന്യായപ്രമാണത്തിനു കീഴ്പ്പെടുന്നതിനെയും സംബന്ധിച്ച പ്രധാനപ്പെട്ട ഉപദേശസംഗതിക്കു തീരുമാനമുണ്ടാക്കുന്നതിന് ഈ വിപുലീകരിക്കപ്പെട്ട ഭരണസംഘത്തെ ഉപയോഗിച്ചു. ഭരണസംഘം അതിന്റെ തീരുമാനം വിശദീകരിച്ചുകൊണ്ട് ഒരു ലേഖനം എഴുതുകയും അനുഷ്ഠാനത്തിനായി കല്പനകൾ പുറപ്പെടുവിക്കുകയുംചെയ്തു.—പ്രവൃത്തികൾ 15:23-29.
ഗൃഹവിചാരകന് കണക്കുതീർക്കലിന്റെ ഒരു സമയം
11. ഭരണസംഘം ആദ്യമായി നൽകിയ നേതൃത്വത്തെ സഹോദരൻമാർ വിലമതിച്ചോ, യഹോവ ഈ ക്രമീകരണത്തെ അനുഗ്രഹിച്ചുവെന്ന് എന്തു പ്രകടമാക്കുന്നു?
11 ആദിമക്രിസ്ത്യാനികൾ വ്യക്തിപരമായും സഭകളെന്ന നിലയിലും, ഭരണസംഘം നൽകിയ ഈ ശക്തമായ നേതൃത്വത്തെ വിലമതിച്ചു. സിറിയൻ അന്ത്യോക്യയിലെ സഭ ഭരണസംഘത്തിൽനിന്നുള്ള ലേഖനം വായിച്ചശേഷം അവർ പ്രോൽസാഹനത്തെപ്രതി സന്തോഷിച്ചു. മററു സഭകൾക്ക് വിവരംകിട്ടുകയും കല്പനകൾ അനുഷ്ഠിക്കുകയും ചെയ്തപ്പോൾ അവർ “വിശ്വാസത്തിൽ സ്ഥിരപ്പെടുന്നതിലും അനുദിനം എണ്ണത്തിൽ പെരുകുന്നതിലും തുടർന്നു.” (പ്രവൃത്തികൾ 16:5) പ്രത്യക്ഷത്തിൽ, ദൈവം ഈ ക്രമീകരണത്തെ അനുഗ്രഹിച്ചു.—പ്രവൃത്തികൾ 15:30, 31.
12, 13. യേശു മൈനാകളെയും താലന്തുകളെയും സംബന്ധിച്ചുള്ള തന്റെ ഉപമകളിൽ എന്തു സംഭവങ്ങൾ മുൻകൂട്ടിപ്പറഞ്ഞു?
12 എന്നാൽ നമുക്ക് ഈ പ്രധാനപ്പെട്ട സംഗതിയുടെ മറെറാരു വശം പരിശോധിക്കാം. യേശു മൈനാകളെസംബന്ധിച്ച തന്റെ ദൃഷ്ടാന്തത്തിൽ രാജത്വംപ്രാപിക്കാൻ വിദൂരദേശത്തേക്കു യാത്രചെയ്യുകയും പിന്നീടു മടങ്ങിവരുകയുംചെയ്ത കുലീനജാതനായ ഒരു മനുഷ്യനോടു തന്നേത്തന്നെ ഉപമിച്ചു. (ലൂക്കോസ് 19:11, 12) ക്രി.വ. 33ലെ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഒരു ഫലമായി അവൻ ദൈവത്തിന്റെ വലത്തുഭാഗത്തേക്ക് ഉയർത്തപ്പെട്ടു, അവിടെ അവൻ തന്റെ ശത്രുക്കൾ തന്റെ പാദംപീഠംപോലെയാക്കപ്പെടുന്നതുവരെ ഇരിക്കേണ്ടതായിരുന്നു.—പ്രവൃത്തികൾ 2:33-35.
13 ഒരു സമാന്തരദൃഷ്ടാന്തത്തിൽ, താലന്തുകളുടെ ഉപമയിൽ, ദീർഘകാലത്തിനുശേഷം യജമാനൻ തന്റെ അടിമകളുമായി കണക്കുതീർക്കാൻ വന്നുവെന്ന് പ്രസ്താവിച്ചു. വിശ്വസ്തരെന്നു തെളിഞ്ഞ അടിമകളോട് യജമാനൻ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ചുരുക്കംചില കാര്യങ്ങളിൽ വിശ്വസ്തരായിരുന്നു. ഞാൻ നിങ്ങളെ അനേകം കാര്യങ്ങളുടെമേൽ നിയമിക്കും. നിങ്ങളുടെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്കുക.” എന്നാൽ അവിശ്വസ്ത അടിമയെ സംബന്ധിച്ച് അവൻ ഇങ്ങനെ പ്രഖ്യാപിച്ചു: “അവന് ഉള്ളതുപോലും അവനിൽനിന്ന് എടുക്കപ്പെടും. ഒന്നിനുംകൊള്ളാത്ത അടിമയെ പുറത്തെ ഇരുട്ടിലേക്ക് എറിഞ്ഞുകളയുക.”—മത്തായി 25:21-23, 29, 30.
14. യേശു തന്റെ ആത്മാഭിഷിക്തരായ അടിമകളിൽനിന്ന് എന്തു പ്രതീക്ഷിച്ചു?
14 ദീർഘകാലത്തിനുശേഷം—19ഓളം നൂററാണ്ടുകൾക്കുശേഷം—1914ൽ, “ജനതകളുടെ നിയമിത കാലങ്ങളുടെ” അവസാനത്തിൽ, ക്രിസ്തുവിന് രാജകീയ അധികാരം കൊടുക്കപ്പെട്ടു. (ലൂക്കോസ് 21:24) അതിനുശേഷം താമസിയാതെ, അവൻ മടങ്ങിവന്ന് ആത്മാഭിഷിക്തക്രിസ്ത്യാനികളായ തന്റെ അടിമകളുമായി “കണക്കുതീർത്തു.” (മത്തായി 25:19) യേശു വ്യക്തിപരമായും കൂട്ടമായും അവരിൽനിന്ന് എന്തു പ്രതീക്ഷിച്ചു? ഒന്നാം നൂററാണ്ടുമുതൽ ഗൃഹവിചാരകന്റെ നിയമനം പഴയതുപോലെ തുടർന്നു. ക്രിസ്തു വ്യക്തികൾക്ക്—“ഓരോരുത്തനും അവന്റെ സ്വന്തം പ്രാപ്തിയനുസരിച്ച്”—താലന്തുകൾ ഭരമേൽപ്പിച്ചിരുന്നു. അതുകൊണ്ട് യേശു ആനുപാതികമായ ഫലങ്ങൾ പ്രതീക്ഷിച്ചു. (മത്തായി 25:15) ഇവിടെ 1 കൊരിന്ത്യർ 4:2ലെ നിയമം ബാധകമാണ്, അതിങ്ങനെ പ്രസ്താവിക്കുന്നു: “ഗൃഹവിചാരകൻമാരിൽ നോക്കുന്നത് ഒരു മനുഷ്യൻ വിശ്വസ്തനായി കാണപ്പെടണമെന്നുള്ളതാണ്.” താലന്തുകൾ വിനിയോഗിക്കുന്നതിന്റെ അർത്ഥം ദൈവത്തിന്റെ സ്ഥാനപതികളായി വിശ്വസ്തമായി വർത്തിച്ചുകൊണ്ട് ശിഷ്യരെ ഉളവാക്കുകയും അവർക്ക് ആത്മീയസത്യങ്ങൾ വിതരണംചെയ്യുകയും ചെയ്യുകയെന്നാണ്.—2 കൊരിന്ത്യർ 5:20.
അന്ത്യകാലം അടുത്തുവരവേ “അടിമ”യും അതിന്റെ ഭരണസംഘവും
15. (എ) യേശു തന്റെ സമൂഹപരമായ ഗൃഹവിചാരകനിൽനിന്ന് എന്തു പ്രതീക്ഷിച്ചു? (ബി) ക്രിസ്തു തന്റെ ഭവനത്തെ പരിശോധിക്കാൻ വന്നെത്തുന്നതിനു മുമ്പുതന്നെ തന്റെ അടിമവർഗ്ഗം ഇതു ചെയ്യാൻ പ്രതീക്ഷിച്ചുവെന്ന് എന്തു സൂചിപ്പിക്കുന്നു?
15 അഭിഷിക്തക്രിസ്ത്യാനികൾ തന്റെ സേവകൻമാരുടെ സംഘത്തിന് “ഉചിതമായ സമയത്ത് അവരുടെ ആഹാരവിഹിതം” കൊടുക്കുന്ന ഒരു വിശ്വസ്ത ഗൃഹവിചാരകനായി വർത്തിക്കാൻ യേശു പ്രതീക്ഷിച്ചു. (ലൂക്കോസ്12:42) ലൂക്കോസ് 12:43 അനുസരിച്ച് ക്രിസ്തു ഇങ്ങനെ പറഞ്ഞു: “ആ അടിമയുടെ യജമാനൻ വന്നെത്തുമ്പോൾ അവൻ അങ്ങനെ ചെയ്യുന്നതായി കണ്ടെത്തുന്നുവെങ്കിൽ, അവൻ സന്തുഷ്ടനാകുന്നു!” ഇത് ക്രിസ്തു തന്റെ ആത്മാഭിഷിക്ത അടിമകളുമായി കണക്കുതീർക്കുന്നതിന് വന്നെത്തുന്നതിനു കുറേക്കാലം മുമ്പ ദൈവത്തിന്റെ ഭവനമായ ക്രിസ്തീയസഭയിലെ അംഗങ്ങൾക്ക് അവർ ആത്മീയാഹാരം വിതരണംചെയ്തുകൊണ്ടിരിക്കുമെന്ന് സൂചിപ്പിച്ചു. ക്രിസ്തു 1914ൽ രാജ്യാധികാരത്തോടെ മടങ്ങിവരുകയും 1918ൽ ദൈവഗൃഹത്തെ പരിശോധിക്കാൻ തുടങ്ങുകയുംചെയ്തപ്പോൾ ആർ അങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നതായി ക്രിസ്തു കണ്ടു?—മലാഖി 3:1-4; ലൂക്കോസ് 19:12; 1 പത്രോസ് 4:17.
16. ദൈവത്തിന്റെ ഭവനത്തെ പരിശോധിക്കാൻ ക്രിസ്തു 1918ൽ വന്നപ്പോൾ, ക്രൈസ്തവലോകത്തിലെ സഭകൾ ഉചിതമായ സമയത്ത് ആത്മീയാഹാരം വിതരണംചെയ്യുന്നതായി കണ്ടെത്താഞ്ഞതെന്തുകൊണ്ട്?
16 യഹോവയുടെ വലത്തുഭാഗത്തെ യേശുവിന്റെ ദീർഘമായ കാത്തിരിപ്പിൻകാലഘട്ടം അവസാനത്തോടടുത്തപ്പോൾ 1914നു മുമ്പത്തെ കാലഘട്ടത്തിൽപോലും ക്രിസ്തുവിന്റെ വീട്ടുകാർക്ക് ആത്മീയ ആഹാരവിഹിതം കൊടുത്തുകൊണ്ടിരുന്നത് ആരാണെന്ന് ക്രമേണ പ്രകടമായി. അത് ക്രൈസ്തവലോകത്തിലെ സഭകളാണെന്ന് നിങ്ങൾ വിചാരിക്കുന്നുവോ? തീർച്ചയായും അല്ലായിരുന്നു, എന്തുകൊണ്ടെന്നാൽ അവർ രാഷ്ട്രീയത്തിൽ ആഴത്തിൽ ഉൾപ്പെട്ടിരിക്കുകയായിരുന്നു. അവർ കൊളോണിയൽ വികസനത്തിന്റെ സന്നദ്ധ ഉപകരണങ്ങളായിരുന്നു. അവർ തങ്ങളുടെ ദേശസ്നേഹം തെളിയിക്കാൻ അന്യോന്യം മികച്ചുനിൽക്കാൻ ശ്രമിക്കുകയുംചെയ്തിരുന്നു, അങ്ങനെ ദേശീയത്വത്തെ പ്രോൽസാഹിപ്പിച്ചു. ഇതു പെട്ടെന്നുതന്നെ അവരുടെമേൽ ഭാരിച്ച രക്തപാതകം വരുത്തിക്കൂട്ടി, അതായത്, ഒന്നാം ലോകമഹായുദ്ധത്തിൽ ഉൾപ്പെട്ടിരുന്ന രാഷ്ട്രീയഗവൺമെൻറുകൾക്ക് അവർ സജീവ പിന്തുണ കൊടുത്തപ്പോൾ. ആത്മീയമായി അവരുടെ വിശ്വാസം ആധുനികത്വവാദത്താൽ ദുർബലമാക്കപ്പെട്ടിരുന്നു. അവരുടെ വൈദികരിലനേകരും അമിതകൃത്തിപ്പിന്റെയും പരിണാമത്തിന്റെയും അനായാസ ഇരകളായിത്തീർന്നതുകൊണ്ട് ഒരു പ്രതിസന്ധി ഉളവാക്കപ്പെട്ടു. ക്രൈസ്തവലോകത്തിലെ വൈദികരിൽനിന്ന് യാതൊരു ആത്മീയപോഷണവും പ്രതീക്ഷിക്കാൻ കഴികയില്ല!
17. ക്രിസ്തു ചില അഭിഷിക്തക്രിസ്ത്യാനികളെ തള്ളിക്കളഞ്ഞതെന്തുകൊണ്ട്, അവർക്ക് എന്ത് പരിണതഫലത്തോടെ?
17 സമാനമായി, യജമാനന്റെ താലന്തിനെ വിനിയോഗിക്കുന്നതിനെക്കാളുപരി തങ്ങളുടെ വ്യക്തിപരമായ രക്ഷയിൽ കൂടുതൽ ശ്രദ്ധാലുക്കളായിരുന്ന അഭിഷിക്തക്രിസ്ത്യാനികളിൽനിന്നും പോഷകഗുണമുള്ള ആത്മീയാഹാരം ലഭിക്കുന്നില്ലായിരുന്നു. അവർ യജമാനന്റെ സ്വത്തുക്കൾ പരിപാലിക്കാൻ അയോഗ്യരായ “മടിയൻമാർ” ആയിത്തീർന്നു. തന്നിമിത്തം അവർ ക്രൈസ്തവലോകത്തിലെ സഭകൾ ഇപ്പോഴും സ്ഥിതിചെയ്യുന്ന “പുറത്തെ ഇരുട്ടിലേക്ക്” എറിയപ്പെട്ടു.—മത്തായി 25:24-30.
18. തന്റെ സേവകരുടെ സംഘത്തിന് ഉചിതമായ സമയത്ത് ആർ ആത്മീയാഹാരം വിതരണംചെയ്യുന്നതായി യജമാനൻ കണ്ടു, ഇത് എന്തു തെളിയിക്കുന്നു?
18 അതുകൊണ്ട്, യജമാനനായ യേശുക്രിസ്തു തന്റെ അടിമകളെ പരിശോധിക്കാൻ 1918ൽ വന്നപ്പോൾ അവൻ തന്റെ സേവകൻമാരുടെ സംഘത്തിന് ആർ ഉചിതമായ സമയത്തെ ആഹാരവിഹിതം കൊടുത്തുകൊണ്ടിരിക്കുന്നതായിട്ടാണു കണ്ടത്? ശരി, അപ്പോഴേക്കും ആത്മാർത്ഥതയുള്ള സത്യാന്വേഷികൾക്ക് മറുവിലയാഗത്തെയും ദിവ്യനാമത്തെയും ക്രിസ്തുവിന്റെ സാന്നിദ്ധ്യത്തിന്റെ അദൃശ്യതയെയും 1914ന്റെ പ്രാധാന്യത്തെയും കുറിച്ചുള്ള ശരിയായ ഗ്രാഹ്യം കൊടുത്തിരുന്നതാരാണ്? ത്രിത്വത്തിന്റെയും മനുഷ്യദേഹിയുടെ അമർത്യതയുടെയും നരകാഗ്നിയുടെയും അബദ്ധം തുറന്നുകാട്ടിയിരുന്നത് ആരാണ്? പരിണാമത്തിന്റെയും ആത്മവിദ്യയുടെയും അപകടങ്ങളെക്കുറിച്ചു മുന്നറിയിപ്പുകൊടുത്തിരുന്നതാരാണ്? അത് ഇപ്പോൾ യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്ന വീക്ഷാഗോപുരം എന്നു വിളിക്കപ്പെടുന്ന സീയോന്റെ വീക്ഷാഗോപുരവും ക്രിസ്തുസാന്നിദ്ധ്യഘോഷകനും എന്ന മാസികയുടെ പ്രസാധകരോടു ബന്ധപ്പെട്ട അഭിഷിക്തക്രിസ്ത്യാനികളുടെ കൂട്ടമായിരുന്നുവെന്ന് വസ്തുതകൾ പ്രകടമാക്കുന്നു.
19. ഒരു വിശ്വസ്ത അടിമവർഗ്ഗം 1918നുമുമ്പ് എങ്ങനെ പ്രത്യക്ഷപ്പെട്ടു, അത് എന്തു മുഖേന ആത്മീയാഹാരവിഹിതം വിതരണംചെയ്തിരുന്നു, എപ്പോൾ മുതൽ?
19 വീക്ഷാഗോപുരം അതിന്റെ 1944 നവംബർ 1ലെ ലക്കത്തിൽ ഇങ്ങനെ പ്രസ്താവിച്ചു: “1918ൽ കർത്താവ് ആലയത്തിലേക്കു വരുന്നതിന് നാല്പതു വർഷം മുമ്പ് 1878ൽ പുരോഹിതാധിപത്യപരവും വൈദികപരവുമായ സ്ഥാപനങ്ങളിൽനിന്ന് വിട്ടുമാറിയവരും ക്രിസ്ത്യാനിത്വം ആചരിക്കാൻ ശ്രമിച്ചവരുമായ പ്രതിഷ്ഠിക്കപ്പെട്ട ആത്മാർത്ഥതയുള്ള ക്രിസ്ത്യാനികളുടെ ഒരു വർഗ്ഗം ഉണ്ടായിരുന്നു . . . അടുത്ത വർഷം, അതായത്, 1879 ജൂലൈയിൽ, ‘തക്ക കാലത്തെ ആഹാരം’ എന്ന നിലയിൽ ദൈവം ക്രിസ്തു മുഖേന പ്രദാനംചെയ്ത സത്യങ്ങൾ തന്റെ പ്രതിഷ്ഠിക്കപ്പെട്ട മക്കളുടെ സകല ഭവനത്തിനും ക്രമമായി വിതരണംചെയ്യപ്പെടേണ്ടതിന് വീക്ഷാഗോപുരം എന്ന ഈ മാസിക പ്രസിദ്ധപ്പെടുത്താൻ തുടങ്ങി.”
20. (എ) ഒരു ആധുനികകാല ഭരണസംഘം രംഗത്തു പ്രത്യക്ഷപ്പെട്ടതെങ്ങനെ? (ബി) ഭരണസംഘത്തിലെ അംഗങ്ങൾ എന്തു ചെയ്തുകൊണ്ടിരുന്നു, ആരുടെ മാർഗ്ഗനിർദ്ദേശത്തിൻ കീഴിൽ?
20 ആധുനികനാളിലെ ഭരണസംഘത്തിന്റെ വളർച്ച സംബന്ധിച്ച വിവരങ്ങൾ നൽകിക്കൊണ്ട് വീക്ഷാഗോപുരത്തിന്റെ 1971 ഡിസംബർ 15ലെ ലക്കം ഇങ്ങനെ വിശദീകരിച്ചു: “അഞ്ചു വർഷത്തിനു ശേഷം, [1884ൽ] സീയോന്റെ വാച്ച്ററവർ ട്രാക്ററ് സൊസൈററി സംഘടിപ്പിക്കപ്പെടുകയും ദൈവത്തെ അറിയാനും അവന്റെ വചനം മനസ്സിലാക്കാനും ശ്രമിക്കുന്ന ആത്മാർത്ഥതയുള്ള ആയിരക്കണക്കിനാളുകൾക്ക് ആത്മീയാഹാരം വിതരണംചെയ്യാനുള്ള ഒരു ‘ഏജൻസി’യായി സേവിക്കുകയും ചെയ്തു . . . സമർപ്പിതരും സ്നാപനമേററവരും അഭിഷിക്തരുമായ ക്രിസ്ത്യാനികൾ പെൻസിൽവേനിയായിലെ ഹെഡ്ക്വാർട്ടേഴ്സിൽ സൊസൈററിയോടു ബന്ധപ്പെട്ടു. ബോർഡ് ഓഫ് ഡയറക്ടേഴ്സിൽപെട്ടവരായിരുന്നാലും അല്ലെങ്കിലും അവർ ‘വിശ്വസ്തനും വിവേകിയുമായ അടിമ’വർഗ്ഗത്തിന്റെ പ്രത്യേകവേലക്ക് തങ്ങളേത്തന്നെ ലഭ്യമാക്കി. അവർ അടിമവർഗ്ഗത്തിന്റെ പോഷിപ്പിക്കലിലും നടത്തിപ്പിലും സഹായിക്കുകയും അങ്ങനെ ഒരു ഭരണസംഘം പ്രത്യക്ഷപ്പെടുകയും ചെയ്തു. പ്രസ്പഷ്ടമായി ഇത് യഹോവയുടെ പ്രവർത്തനനിരതമായ അദൃശ്യശക്തിയുടെ അഥവാ പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദ്ദേശത്തിൻകീഴിലായിരുന്നു. കൂടാതെ, ക്രിസ്തീയസഭയുടെ ശിരസ്സായ യേശുക്രിസ്തുവിന്റെ മാർഗ്ഗനിർദ്ദേശത്തിൻകീഴിലുമായിരുന്നു.”
21. (എ) ക്രിസ്തു ആർ ആത്മീയാഹാരം വിതരണംചെയ്തുകൊണ്ടിരിക്കുന്നതായി കണ്ടു, അവൻ അവർക്ക് എങ്ങനെ പ്രതിഫലം കൊടുത്തു? (ബി) വിശ്വസ്ത അടിമക്കും അതിന്റെ ഭരണസംഘത്തിനും എന്തു ലഭിക്കാനിരുന്നു?
21 യേശുക്രിസ്തു തന്റെ അടിമകളാണെന്ന് അവകാശപ്പെട്ടവരെ പരിശോധിച്ച 1918ൽ സഭക്കുള്ളിലെയും പുറത്തെ പ്രസംഗവേലയിലെയും ഉപയോഗത്തിന് ബൈബിൾസത്യങ്ങൾ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരിക്കുന്ന ക്രിസ്ത്യാനികളുടെ ഒരു സാർവദേശീയകൂട്ടത്തെ അവൻ കാണുകയുണ്ടായി. ക്രിസ്തു മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെതന്നെ 1919ൽ സംഭവിച്ചു: “ആ അടിമയുടെ യജമാനൻ വന്നെത്തുമ്പോൾ അവൻ അങ്ങനെ ചെയ്യുന്നതായി കാണുന്നുവെങ്കിൽ അവൻ സന്തുഷ്ടനാകുന്നു. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, അവൻ അവനെ തന്റെ സകല സ്വത്തുക്കളിൻമേലും നിയമിക്കും.” (മത്തായി 24:46, 47) ഈ സത്യക്രിസ്ത്യാനികൾ തങ്ങളുടെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിച്ചു. “ചുരുക്കം ചില കാര്യങ്ങളിൽ വിശ്വസ്തരെ”ന്ന് തങ്ങളെത്തന്നെ തെളിയിച്ചതിനാൽ അവർ യജമാനനാൽ “അനേകം കാര്യങ്ങളുടെ മേൽ” നിയമിക്കപ്പെട്ടു. (മത്തായി 25:21) വിശ്വസ്ത അടിമയും അതിന്റെ ഭരണസംഘവും വിപുലീകരിക്കപ്പെട്ട ഒരു നിയമനത്തിനു സജ്ജമായ ഒരു സ്ഥാനത്തായിരുന്നു. ഇതിങ്ങനെയായിരുന്നതിൽ നാം എത്ര സന്തുഷ്ടരായിരിക്കണം, എന്തുകൊണ്ടെന്നാൽ വിശ്വസ്തക്രിസ്ത്യാനികൾ വിശ്വസ്ത അടിമയുടെയും അതിന്റെ ഭരണസംഘത്തിന്റെയും അർപ്പണബോധത്തോടെയുള്ള വേലയിൽനിന്ന് സമൃദ്ധമായ പ്രയോജനമനുഭവിച്ചുകൊണ്ടിരിക്കുകയാണ്! (w90 3/15)
ഓർത്തിരിക്കേണ്ട മുഖ്യപോയിൻറുകൾ
◻ ദൈവഭവനത്തിന്റെ ശിരസ്സാരാണ്, ഈ ഒരുവൻ ആർക്ക് അധികാരം ഏൽപ്പിച്ചുകൊടുത്തിരിക്കുന്നു?
◻ ക്രിസ്തു അടിമവർഗ്ഗത്തിന് ഏതു കൂട്ടായ നിയമനം കൊടുത്തു?
◻ അടിമവർഗ്ഗത്തിനുള്ളിൽ വേറെ ഏതു സംയുക്തസംഘം സ്ഥിതിചെയ്തിരിക്കുന്നു, അതിന്റെ പ്രത്യേക ചുമതലകൾ എന്തൊക്കെയായിരുന്നു?
◻ ദൈവത്തിന്റെ ഭവനത്തെ പരിശോധിക്കാൻ ക്രിസ്തു വന്നപ്പോൾ, ആർ അതിന്റെ അംഗങ്ങൾക്ക് ആത്മീയാഹാരം പ്രദാനംചെയ്തുകൊണ്ടിരുന്നു?
◻ ഒരു ആധുനികകാല ഭരണസംഘം എങ്ങനെ പ്രത്യക്ഷപ്പെട്ടു?
[10-ാം പേജിലെ ചിത്രം]
ഒന്നാം നൂററാണ്ടിലെ “അടിമ”ക്ക് അപ്പോസ്തലൻമാരും യരൂശലേം സഭയിലെ മൂപ്പൻമാരും ഉൾപ്പെട്ട ഒരു ഭരണസംഘം ഉണ്ടായിരുന്നു