യേശുവിന്റെ ജീവിതവും ശുശ്രൂഷയും
ആരാണ് യഥാർത്ഥത്തിൽ സന്തുഷ്ടർ?
എല്ലാവരും സന്തുഷ്ടരായിരിക്കാനാഗ്രഹിക്കുന്നു. ഇത് മനസ്സിലാക്കിക്കൊണ്ട് യേശു തന്റെ മലമ്പ്രസംഗം യഥാർത്ഥത്തിൽ സന്തുഷ്ടരായവരെ വർണ്ണിച്ചുകൊണ്ട് തുടങ്ങുന്നു. നമുക്കു സങ്കൽപ്പിക്കാൻ കഴിയുന്നതുപോലെ ഇത് പെട്ടെന്നുതന്നെ തന്റെ ബൃഹത്തായ സദസ്സിന്റെ ശ്രദ്ധ പിടിച്ചെടുക്കുന്നു. എന്നിരുന്നാലും അവന്റെ പ്രാരംഭവാക്കുകൾ അനേകർക്ക് പരസ്പരവിരുദ്ധമെന്നു തോന്നിയിരിക്കണം.
തന്റെ പ്രസ്താവനകൾ തന്റെ ശിഷ്യൻമാരിലേക്കു തിരിച്ചുവിട്ടുകൊണ്ട് യേശു തുടങ്ങുന്നു: “ദരിദ്രരായ നിങ്ങൾ സന്തുഷ്ടരാകുന്നു, എന്തുകൊണ്ടെന്നാൽ ദൈവരാജ്യം നിങ്ങളുടേതാകുന്നു. ഇപ്പോൾ വിശക്കുന്ന നിങ്ങൾ സന്തുഷ്ടരാകുന്നു, എന്തുകൊണ്ടെന്നാൽ നിങ്ങൾക്കു നിറയും. ഇപ്പോൾ കരയുന്ന നിങ്ങൾ സന്തുഷ്ടരാകുന്നു, എന്തുകൊണ്ടെന്നാൽ നിങ്ങൾ ചിരിക്കും. മനുഷ്യർ നിങ്ങളെ വെറുക്കുമ്പോഴൊക്കെയും നിങ്ങൾ സന്തുഷ്ടരാകുന്നു . . . അന്ന് സന്തോഷിച്ചു തുള്ളിച്ചാടുക, എന്തുകൊണ്ടെന്നാൽ നോക്കൂ! നിങ്ങളുടെ പ്രതിഫലം സ്വർഗ്ഗത്തിൽ വലുതാകുന്നു.”
ഇത് യേശുവിന്റെ പ്രഭാഷണത്തിന്റെ മുഖവുരയെക്കുറിച്ചുള്ള ലൂക്കോസിന്റെ വിവരണമാണ്. എന്നാൽ മത്തായിയുടെ രേഖയനുസരിച്ച് സൗമ്യ പ്രകൃതരും കരുണയുള്ളവരും ഹൃദയശുദ്ധിയുള്ളുവരും, സമാധാനമുള്ളവരുംകൂടെ സന്തുഷ്ടരാണെന്ന് യേശു പറയുന്നു. അവർ ഭൂമിയെ അവകാശമാക്കുന്നതുകൊണ്ടും അവരോടു കരുണ കാണിക്കപ്പെടുമെന്നുള്ളതുകൊണ്ടും അവർ ദൈവത്തെ കാണുമെന്നുള്ളതുകൊണ്ടും അവർ ദൈവപുത്രൻമാരെന്നു വിളിക്കപ്പെടുമെന്നുള്ളതുകൊണ്ടുമാണ് അവർ സന്തുഷ്ടരായിരിക്കുന്നത് എന്ന് യേശു പ്രസ്താവിക്കുന്നു.
ഏതായാലും സന്തുഷ്ടരായിരിക്കുകയെന്നതുകൊണ്ട് യേശു അർത്ഥമാക്കുന്നത് കേവലം ഒരുവന് വിനോദമനുഭവപ്പെടുമ്പോഴത്തെപ്പോലെ ആഹ്ലാദമോ ഉല്ലാസമോ ഉണ്ടായിരിക്കുകയെന്നല്ല. യഥാർത്ഥസന്തുഷ്ടി ഏറെ അഗാധമാണ്, ജീവിതത്തിൽ സംതൃപ്തിയും ചാരിതാർത്ഥ്യവും ഉണ്ടായിരിക്കുക എന്ന ആശയം അതുൾക്കൊള്ളുന്നു.
അതുകൊണ്ട് യഥാർത്ഥസന്തുഷ്ടർ തങ്ങളുടെ ആത്മീയാവശ്യത്തെ തിരിച്ചറിയുന്നവരും തങ്ങളുടെ പാപാവസ്ഥയിൽ ദുഃഖിക്കുന്നവരും ദൈവത്തെ അറിയാനും സേവിക്കാനും ഇടയാകുന്നവരും ആണെന്ന് യേശു പ്രകടമാക്കുന്നു. അപ്പോൾ ദൈവേഷ്ടം ചെയ്യുന്നതുനിമിത്തം അവർ വെറുക്കപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്താലും തങ്ങൾ ദൈവത്തെ പ്രസാദിപ്പിക്കുന്നുവെന്നും നിത്യജീവന്റെ പ്രതിഫലം അവനിൽനിന്നു ലഭിക്കുമെന്നും അവർക്കറിയാവുന്നതുകൊണ്ട് അവർ സന്തുഷ്ടരാണ്.
എന്നിരുന്നാലും, ഇന്നത്തെ ചിലരേപ്പോലെ യേശുവിന്റെ ശ്രോതാക്കളിലനേകർ സമ്പൽസമൃദ്ധിയോടെ ഉല്ലാസമനുഭവിക്കുന്നതാണ് ഒരുവനെ സന്തുഷ്ടനാക്കുന്നതെന്ന് വിശ്വസിക്കുന്നു. അങ്ങനെയല്ലെന്ന് യേശുവിനറിയാം. തന്റെ ശ്രോതാക്കളിലനേകരെയും അതിശയിപ്പിക്കുമാറ് ഒരു വൈപരീത്യം വരച്ചുകാട്ടിക്കൊണ്ട് അവൻ പറയുന്നു:
“ധനികരേ, നിങ്ങൾക്കു മഹാകഷ്ടം, എന്തുകൊണ്ടെന്നാൽ നിങ്ങൾക്ക് പൂർണ്ണമായി നിങ്ങളുടെ ആശ്വാസം ലഭിക്കുകയാണ്. ഇപ്പോൾ നിറഞ്ഞിരിക്കുന്ന നിങ്ങൾക്ക് മഹാകഷ്ടം, എന്തുകൊണ്ടെന്നാൽ നിങ്ങൾക്കു വിശക്കും. ഇപ്പോൾ ചിരിക്കുന്നവരേ മഹാകഷ്ടം, എന്തുകൊണ്ടെന്നാൽ നിങ്ങൾ വിലപിക്കുകയും കരയുകയും ചെയ്യും. സകല മനുഷ്യരും നിങ്ങളെക്കുറിച്ച് പ്രശംസിച്ചുപറയുമ്പോഴെല്ലാം മഹാകഷ്ടം, എന്തെന്നാൽ അവരുടെ പൂർവപിതാക്കൻമാർ കള്ളപ്രവാചകൻമാരോട് ഇങ്ങനെയുള്ള കാര്യങ്ങളാണ് ചെയ്തത്.”
യേശു എന്താണർത്ഥമാക്കുന്നത്? സമ്പത്തുണ്ടായിരിക്കുന്നതും ചിരി സഹിതം ഉല്ലാസങ്ങളിലേർപ്പെടുന്നതും മനുഷ്യരുടെ പ്രശംസ നേടുന്നതും കഷ്ടം വരുത്തിക്കൂട്ടുന്നതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ഒരു വ്യക്തിക്ക് ആ കാര്യങ്ങൾ ഉണ്ടായിരിക്കുകയും അവയെ വിലമതിക്കുകയും ചെയ്യുമ്പോൾ യഥാർത്ഥസന്തുഷ്ടി കൈവരുത്തുന്ന ഏകസംഗതിയായ ദൈവസേവനം അയാളുടെ ജീവിതത്തിൽ നിന്ന് പുറന്തള്ളപ്പെടുന്നു. അതേസമയം, കേവലം ദരിദ്രനോ പട്ടിണിക്കാരനോ വിലപിക്കുന്നവനോ ആയിരിക്കുന്നതുകൊണ്ട് ഒരാൾ സന്തുഷ്ടനാകുമെന്ന് യേശു അർത്ഥമാക്കിയില്ല. എന്നിരുന്നാലും, അങ്ങനെയുള്ള പ്രാതികൂല്യങ്ങളനുഭവിക്കുന്ന ആളുകൾ യേശുവിന്റെ ഉപദേശങ്ങൾക്കു ചെവികൊടുത്തേക്കാം, അവർ അങ്ങനെ യഥാർത്ഥസന്തുഷ്ടിയാൽ അനുഗ്രഹിക്കപ്പെടുന്നു.
അടുത്തതായി തന്റെ ശിഷ്യൻമാരെ സംബോധന ചെയ്തുകൊണ്ട് യേശു പറയുന്നു: “നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു.” തീർച്ചയായും അവർ അക്ഷരീയമായി ഉപ്പാണെന്ന് അവൻ അർത്ഥമാക്കുന്നില്ല. എന്നാൽ ഉപ്പ് ഒരു സംരക്ഷകവസ്തുവാണ്. യഹോവയുടെ ആലയത്തിലെ യാഗപീഠത്തിനരികെ ധാരാളം ഉപ്പു കൂട്ടിയിട്ടിരുന്നു. ഔദ്യോഗികകൃത്യങ്ങൾ നിർവഹിച്ചിരുന്ന പുരോഹിതൻമാർ യാഗങ്ങൾക്ക് ഉപ്പുചേർക്കാൻ അതുപയോഗിച്ചിരുന്നു.
യേശുവിന്റെ ശിഷ്യൻമാർക്ക് ആളുകളുടെമേൽ ഒരു സംരക്ഷകസ്വാധീനമുണ്ടെന്നുള്ള അർത്ഥത്തിൽ അവർ “ഭൂമിയുടെ ഉപ്പാണ്.” തീർച്ചയായും അവർ വഹിക്കുന്ന ദൂതിന് ചെവികൊടുക്കുന്ന സകലരുടെയും ജീവനെ അതു സംരക്ഷിക്കും! അത് അങ്ങനെയുള്ള ആളുകളുടെ ജീവിതത്തിൽ സ്ഥിരത, ഭക്തി, വിശ്വസ്തത, എന്നിങ്ങനെയുളുള ഗുണങ്ങൾ കൈവരുത്തുകയും അവരിലെ ആത്മീയവും ധാർമ്മികവുമായ ഏത് അധഃപതനത്തെയും തടയുകയും ചെയ്യും.
“നിങ്ങൾ ലോകത്തിന്റെ വെളിച്ചമാകുന്നു”വെന്ന് യേശു തന്റെ ശിഷ്യൻമാരോടു പറയുന്നു. ഒരു വിളക്ക് ഒരു കുട്ടക്കീഴിൽ വെക്കാതെ ഒരു വിളക്കുതണ്ടിൻമേൽ വെക്കുന്നതുകൊണ്ട് “അതുപോലെ നിങ്ങളുടെ വെളിച്ചം മനുഷ്യരുടെ മുമ്പാകെ പ്രകാശിപ്പിക്കുക” എന്ന് യേശു പറയുന്നു. തങ്ങളുടെ പരസ്യസാക്ഷീകരണത്താലും ബൈബിൾതത്വങ്ങൾക്കനുയോജ്യമായ നടത്തയുടെ തിളക്കമുള്ള മാതൃകകളായി സേവിച്ചുകൊണ്ടും യേശുവിന്റെ ശിഷ്യൻമാർ അതു ചെയ്യുന്നു. ലൂക്കോസ് 6:20-26; മത്തായി 5:3-16.
◆ യഥാർത്ഥത്തിൽ സന്തുഷ്ടർ ആരാണ്, എന്തുകൊണ്ട്?
◆ ആർക്ക് മഹാകഷ്ടമുണ്ടാകുന്നു, എന്തുകൊണ്ട്?
◆ യേശുവിന്റെ ശിഷ്യൻമാർ “ഭൂമിയുടെ ഉപ്പും” “ലോകത്തിന്റെ വെളിച്ചവും” ആയിരിക്കുന്നതെങ്ങനെ? (w86 10/1)