നിങ്ങളുടെ പ്രാർത്ഥനകൾ എത്ര അർത്ഥവത്താണ്?
“ഞാൻ എന്റെ മുഴുഹൃദയത്തോടെ വിളിച്ചിരിക്കുന്നു. യഹോവേ, എനിക്ക് ഉത്തരമരുളേണമേ.”—സങ്കീർത്തനങ്ങൾ 119:145.
1, 2. (എ) യേശുവിന്റെ ഏത് ഉപമ പ്രാർത്ഥന കൈകാര്യംചെയ്തു? (ബി) ഈ രണ്ടു പ്രാർത്ഥനകളിൽനിന്ന് യേശു എന്തു നിഗമനങ്ങളിലെത്തി, ഇത് നമുക്ക് എന്തു കാണിച്ചുതരേണ്ടതാണ്?
സ്രഷ്ടാവായ യഹോവയാം ദൈവം ഏതു തരം പ്രാർത്ഥനകളാണ് കേൾക്കുന്നത്? യേശുക്രിസ്തു പറഞ്ഞ ഒരു ഉപമ ദൈവം പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നതിനുള്ള അടിസ്ഥാന വ്യവസ്ഥകളിലൊന്നിനെ സൂചിപ്പിക്കുന്നു. രണ്ടു മനുഷ്യർ യെരൂശലേമിലെ ആലയത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നതായി യേശു പറഞ്ഞു. ഒരാൾ അത്യന്തം ബഹുമാനിക്കപ്പെട്ടിരുന്ന ഒരു പരീശനായിരുന്നു, മറേറത് ഒരു നിന്ദിതനായ നികുതിപിരിവുകാരനായിരുന്നു. പരീശൻ ഇങ്ങനെ പ്രാർത്ഥിച്ചു: “ദൈവമേ, ഞാൻ ശേഷിച്ച മനുഷ്യരെപ്പോലെയോ ഈ നികുതിപിരിവുകാരനെപ്പോലെ പോലുമോ അല്ലാത്തതിൽ ഞാൻ നിനക്കു നന്ദി പറയുന്നു. ഞാൻ വാരത്തിൽ രണ്ടു പ്രാവശ്യം ഉപവസിക്കുന്നു, ഞാൻ നേടുന്ന എല്ലാററിന്റെയും ദശാംശം കൊടുക്കുന്നു.” എന്നാൽ എളിയ നികുതിപിരിവുകാരൻ “‘ദൈവമേ, ഒരു പാപിയായ എന്നോട് കൃപ കാണിക്കേണമേ’ എന്നു പറഞ്ഞ് മാറത്തടിച്ചുകൊണ്ടിരുന്നു.”—ലൂക്കോസ് 18:9-13.
2 ഈ രണ്ട് പ്രാർത്ഥനകളേക്കുറിച്ച് അഭിപ്രായം പറഞ്ഞപ്പോൾ യേശു ഇങ്ങനെ പറഞ്ഞു: “ഈ മനുഷ്യൻ [നികുതിപിരിവുകാരൻ] ആ മനുഷ്യനെക്കാൾ [പരീശൻ] കൂടുതൽ നീതിമാനെന്നു തെളിയിക്കപ്പെട്ടവനായി തന്റെ വീട്ടിലേക്കു തിരിച്ചുപോയി; എന്തുകൊണ്ടെന്നാൽ തന്നേത്തന്നെ ഉയർത്തുന്ന ഏവനും താഴ്ത്തപ്പെടും, എന്നാൽ തന്നേത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും.” (ലൂക്കോസ് 18:14) വ്യക്തമായും, കേവലം സ്വർഗ്ഗീയ പിതാവിനോട് പ്രാർത്ഥിക്കുന്നതുമാത്രം മതിയാകുകയില്ലെന്ന് യേശു പ്രകടമാക്കി. നമ്മൾ എങ്ങനെ പ്രാർത്ഥിക്കുന്നുവെന്നതും—നമ്മുടെ മനോഭാവവും—പ്രധാനമാണ്.
3. (എ) പ്രാർത്ഥനയെ ഭരിക്കുന്ന ചില അടിസ്ഥാന ചട്ടങ്ങൾ ഉദ്ധരിക്കുക. (ബി) പ്രാർത്ഥനകൾ ഏതു രൂപങ്ങളിലാകാം?
3 തീർച്ചയായും പ്രാർത്ഥന വിലപ്പെട്ട, ഘനമുള്ള, ഗൗരവമുള്ള, ഒരു പദവിയാണ്. നല്ല അറിവുള്ള ക്രിസ്ത്യാനികൾക്ക് അതിനെ ഭരിക്കുന്ന അടിസ്ഥാനചട്ടങ്ങൾ പരിചിതമാണ്. ഏകസത്യദൈവമായ യഹോവയോടാണ് പ്രാർത്ഥിക്കേണ്ടത്. അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിലാണ് പ്രാർത്ഥിക്കേണ്ടത്. അവ സ്വീകാര്യമായിരിക്കുന്നതിന് വിശ്വാസത്തോടെ അർപ്പിക്കേണ്ടതാണ്. അതെ, “ദൈവത്തെ സമീപിക്കുന്നവൻ അവൻ ഉണ്ടെന്ന് വിശ്വസിക്കേണ്ടതാണ്.” മാത്രവുമല്ല, ഒരുവന്റെ പ്രാർത്ഥനകൾ ദൈവേഷ്ടത്തോടു യോജിപ്പിലായിരിക്കണം. (എബ്രായർ 11:6; സങ്കീർത്തനം 65:2; മത്തായി 17: 20; യോഹന്നാൻ 14:6, 14; 1 യോഹന്നാൻ 5:14) പ്രാർത്ഥനകൾ സ്തുതിയുടെയും നന്ദിയുടെയും അപേക്ഷയുടെയും അഭ്യർത്ഥനയുടെയും രൂപത്തിലായിരിക്കാമെന്ന് തിരുവെഴുത്തുദൃഷ്ടാന്തങ്ങളിൽനിന്ന് നാം മനസ്സിലാക്കുന്നു.—ലൂക്കോസ് 10:21; എഫേസ്യർ 5: 20; ഫിലിപ്യർ 4:6; എബ്രായർ 5:7.
അർത്ഥവത്തായ പ്രാർത്ഥനകളുടെ ദൃഷ്ടാന്തങ്ങൾ
4. (എ) മോശയും യോശുവായും അർത്ഥവത്തായ പ്രാർത്ഥനകളുടെ ഏതു ദൃഷ്ടാന്തങ്ങൾ നൽകി? (ബി) ദാവീദും ഹിസ്ക്കിയാവ് രാജാവും എന്തു ദൃഷ്ടാന്തങ്ങൾ നൽകി? (സി) ഈ പ്രാർത്ഥനകളിൽ പലതിനും ഏതു പൊതു സ്വഭാവങ്ങളുണ്ടായിരുന്നു?
4 ഭാരിച്ച പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോഴോ ഗൗരവമുള്ള തീരുമാനങ്ങൾ ആവശ്യമായിരിക്കുമ്പോഴോ ഗൗരവമായ തെററുകൾ ചെയ്യുമ്പോഴോ നമ്മുടെ ജീവനു ഭീഷണിയുണ്ടാകുമ്പോഴോ നമ്മുടെ പ്രാർത്ഥനകൾ വിശേഷാൽ ആത്മാർത്ഥവും അർത്ഥവത്തുമായിത്തീരുന്നു. അവിശ്വസ്തരായ പത്ത് ചാരൻമാരുടെ നിഷേധാത്മക റിപ്പോർട്ടു കേട്ടശേഷം യിസ്രായേല്യർ മത്സരിച്ചതുകൊണ്ട് ജനം തുടച്ചുനീക്കപ്പെടാൻ അർഹരാണെന്ന് യഹോവ മോശയോടു പറഞ്ഞു. യഹോവയുടെ നാമം ഉൾപ്പെട്ടിരുന്നതുകൊണ്ട് ഈ നടപടി സ്വീകരിക്കരുതെന്ന് ഒരു ആത്മാർത്ഥവും അർത്ഥവത്തുമായ പ്രാർത്ഥനയിൽ മോശ യഹോവയോടു അപേക്ഷിച്ചു. (സംഖ്യാപുസ്തകം 14:11-19) ആഖാന്റെ അത്യാഗ്രഹം നിമിത്തം യിസ്രായേൽ ഹായിയിൽ പരാജയപ്പെട്ടപ്പോൾ യോശുവായും യഹോവയുടെ നാമത്തിന്റെ അടിസ്ഥാനത്തിൽ അത്യന്തം വികാരനിർഭരമായ ഒരു അപേക്ഷ കഴിച്ചു. (യോശുവാ 7:6-9) ദാവീദിന്റെ സങ്കീർത്തനങ്ങളിലനേകവും ആത്മാർത്ഥമായ പ്രാർത്ഥനകളുടെ രൂപത്തിലാണ്. വിശേഷാൽ ശ്രദ്ധേയമായ ഒരു ദൃഷ്ടാന്തമാണ് സങ്കീർത്തനം 51. അശ്ശൂർരാജാവായ സെൻഹെരീബ് യഹൂദയെ ആക്രമിച്ച സമയത്തെ ഹിസ്ക്കിയാവ്രാജാവിന്റെ പ്രാർത്ഥന അർത്ഥവത്തായ പ്രാർത്ഥനയുടെ മറെറാരു നല്ല ദൃഷ്ടാന്തമാണ്. വീണ്ടും യഹോവയുടെ നാമമാണ് ഉൾപ്പെട്ടിരുന്നത്.—യെശയ്യാവ് 37:14-20.
5. യഹോവയുടെ ചില ദാസൻമാർ അർപ്പിച്ച അർത്ഥവത്തായ പ്രാർത്ഥനകളുടെ വേറെ ഏതു ദൃഷ്ടാന്തങ്ങൾ നമുക്കുണ്ട്?
5 വിലാപങ്ങളുടെ പുസ്തകം തന്റെ ജനത്തിനുവേണ്ടിയുള്ള യിരെമ്യാവിന്റെ ഒരു സുദീർഘവും ആത്മാർത്ഥവുമായ പ്രാർത്ഥനയാണെന്നു പറയാവുന്നതാണ്, കാരണം അതിൽ യഹോവയെ ആവർത്തിച്ച് സംബോധന ചെയ്തിരിക്കുന്നു. (വിലാപങ്ങൾ 1:20; 2:20; 3:40-45, 55-66; 5:1-22) എസ്രായും ദാനിയേലും തങ്ങളുടെ ജനത്തിന്റെ തെററുകൾ ഏററുപറഞ്ഞുകൊണ്ടും ക്ഷമായാചനം ചെയ്തുകൊണ്ടും അവർക്കുവേണ്ടി അർത്ഥവത്തും ആത്മാർത്ഥവുമായ പ്രാർത്ഥനകളർപ്പിച്ചു. (എസ്രാ 9:5-15; ദാനിയേൽ 9:4-19) യോനാ വലിയ മത്സ്യത്തിന്റെ വയററിലായിരുന്നപ്പോൾ അർപ്പിച്ച പ്രാർത്ഥന ആത്മാർത്ഥവും അർത്ഥവത്തുമായിരുന്നുവെന്ന് നമുക്കുറപ്പുണ്ടായിരിക്കാൻ കഴിയും.—യോനാ 2:1-9.
6. (എ) യേശു അർത്ഥവത്തായ പ്രാർത്ഥനകളുടെ ഏതു ദൃഷ്ടാന്തങ്ങൾ നമുക്കു നൽകി? (ബി) നമ്മുടെ പ്രാർത്ഥനകളെ അർത്ഥവത്താക്കുന്നതിന് ഏത് അടിസ്ഥാനഘടകം ആവശ്യമാണ്?
6 യേശു തന്റെ 12 അപ്പോസ്തലൻമാരെ തെരഞ്ഞെടുക്കുന്നതിനു മുമ്പ് തെരഞ്ഞെടുപ്പിൽ തന്റെ പിതാവിന്റെ ഇഷ്ടം ചെയ്യപ്പെടേണ്ടതിന് മുഴു രാത്രിയും പ്രാർത്ഥനയിൽ ചെലവഴിച്ചു. (ലൂക്കോസ് 6:12-16) യോഹന്നാൻ 17-ാം അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ ഒററിക്കൊടുക്കലിന്റെ രാത്രിയിലെ അർത്ഥവത്തായ പ്രാർത്ഥനയുമുണ്ട്. ഈ പ്രാർത്ഥനകളെല്ലാം അവ നടത്തിയവർക്ക് യഹോവയാം ദൈവത്തോടുണ്ടായിരുന്ന നല്ല ബന്ധത്തിന്റെ വാചാലമായ സാക്ഷ്യം നൽകുന്നു. സംശയലേശമെന്യേ, നമ്മുടെ പ്രാർത്ഥനകൾ അർത്ഥവത്തായിരിക്കണമെങ്കിൽ ഇത് അവയിലെ ഒരു അടിസ്ഥാനഘടകമായിരിക്കണം. അവ യഹോവയാം ദൈവത്തിങ്കൽ ‘ശക്തമായിരിക്കണമെങ്കിൽ’ അവ ആത്മാർത്ഥവും അർത്ഥവത്തുമായിരിക്കണം.—യാക്കോബ് 5:16, ദി ജറൂസലം ബൈബിൾ.
മാനുഷാപൂർണ്ണത നിമിത്തമുള്ള ന്യൂനതകൾ
7. നമ്മുടെ പ്രാർത്ഥനകൾ സംബന്ധിച്ച് ഏതു ചോദ്യങ്ങൾ നമുക്കു നമ്മോടുതന്നെ ചോദിക്കാവുന്നതാണ്?
7 കണ്ടുകഴിഞ്ഞതുപോലെ, സമ്മർദ്ദാവസ്ഥകളിൽ നമ്മുടെ പ്രാർത്ഥനകൾ വിശേഷാൽ ആത്മാർത്ഥവും അർത്ഥവത്തുമായിരിക്കാനിടയുണ്ട്. എന്നാൽ നമ്മുടെ അനുദിന പ്രാർത്ഥനകൾ സംബന്ധിച്ചെന്ത്? അവ നമ്മുടെ സ്വർഗ്ഗീയ പിതാവായ യഹോവയാം ദൈവത്തോട് നമുക്കുള്ള ഊഷ്മളമായ അടുത്ത ബന്ധത്തിന്റെ തെളിവു നൽകുന്നുണ്ടോ? “പ്രാർത്ഥന ദൈവത്തിന് ഏതെങ്കിലും വിധത്തിൽ അർത്ഥവത്തായിരിക്കണമെങ്കിൽ അതു നമുക്കു അൽപ്പമെങ്കിലും അർത്ഥവത്തായിരിക്കണം” എന്ന് ശരിയായിത്തന്നെ പറയപ്പെട്ടിരിക്കുന്നു. നമ്മുടെ പ്രാർത്ഥനകൾക്ക് അവ അർഹിക്കുന്ന ചിന്ത നാം കൊടുക്കുകയും അവ യഥാർത്ഥത്തിൽ നമ്മുടെ ആലങ്കാരിക ഹൃദയത്തിൽനിന്നു വരുന്നുവെന്ന് തിട്ടപ്പെടുത്തുകയും ചെയ്യുന്നുണ്ടോ?
8. മാനുഷാപൂർണ്ണത നിമിത്തം നമ്മുടെ പ്രാർത്ഥനകൾക്ക് എന്ത് കുറവുകളുണ്ടായേക്കാം?
8 ഈ കാര്യങ്ങളിൽ നമ്മുടെ പ്രാർത്ഥന അധഃപതിക്കാൻ അനുവദിക്കുക എളുപ്പമാണ്. നമ്മുടെ അവകാശപ്പെടുത്തിയ അപൂർണ്ണചായ്വുകൾ നിമിത്തം നമ്മുടെ പ്രാർത്ഥനകൾക്കുണ്ടായിരിക്കേണ്ട ഗുണങ്ങൾ ഇല്ലാതാക്കിക്കൊണ്ട് നമ്മുടെ ഹൃദയത്തിന് നമ്മെ അനായാസം കബളിപ്പിക്കാൻ കഴിയും. (യിരെമ്യാവ് 17:9) മിക്ക സന്ദർഭങ്ങളിലും നാം പ്രാർത്ഥിക്കുന്നതിനുമുമ്പ് നിന്നു ചിന്തിക്കുന്നില്ലെങ്കിൽ നമ്മുടെ പ്രാർത്ഥനകൾ യാന്ത്രികവും നിരർത്ഥകവും പതിവിൻപടിയുള്ളതും ആയിത്തീരാനാണ് ചായ്വെന്ന് നാം കണ്ടെത്തിയേക്കാം. അല്ലെങ്കിൽ അവ ആവർത്തനമായിത്തീർന്നേക്കാം, അത് ‘ജാതികളിലെ ജനങ്ങൾ പ്രാർത്ഥിക്കുന്ന’ അനുചിത രീതിയെക്കുറിച്ച് യേശു പറഞ്ഞത് അനുസ്മരിപ്പിക്കുന്നു. (മത്തായി 6: 7, 8) അല്ലെങ്കിൽ നമ്മുടെ പ്രാർത്ഥനകൾ പ്രത്യേകകാര്യങ്ങളെക്കുറിച്ചോ ആളുകളെക്കുറിച്ചോ ആയിരിക്കാതെ സാമാന്യകാര്യങ്ങളെ മാത്രം കൈകാര്യം ചെയ്തേക്കാം.
9. നമ്മുടെ പ്രാർത്ഥനകൾ സംബന്ധിച്ച് വേറെ ഏത് കെണികളുണ്ടായേക്കാം, നിസ്സംശയമായി ഈ കെണികളുടെ ഒരു കാരണമെന്താണ്?
9 ചില സമയങ്ങളിൽ നാം ധൃതഗതിയിൽ പ്രാർത്ഥിക്കാൻ ചായ്വുകാട്ടിയേക്കാം. “പ്രാർത്ഥിക്കാൻ കഴിയാത്ത വിധം നിങ്ങൾ തിരക്കിലാണെങ്കിൽ നിങ്ങൾ അമിത തിരക്കിലാണ്” എന്നുള്ള നിരീക്ഷണം ശ്രദ്ധാർഹമാണ്. ചില വാക്കുകൾ ഓർമ്മയിൽ വെച്ചുകൊണ്ട്, നാം പ്രാർത്ഥിക്കുന്ന ഓരോ പ്രാവശ്യവും അവ കേവലം ആവർത്തിക്കാൻ നാമാഗ്രഹിക്കരുത്; ഒരു പൊതു സമ്മേളനത്തിലെന്നപോലെ യഹോവയുടെ സാക്ഷി തന്റെ പ്രാർത്ഥന വായിക്കേണ്ടയാവശ്യവുമുണ്ടായിരിക്കരുത്. നാം ആരോടു പ്രാർത്ഥിക്കുന്നുവോ ആ യഹോവയാം ദൈവത്തെ നമുക്കു ഭൗതികമായി കാണാൻ കഴിയാത്തതുകൊണ്ട് ഭാഗികമായിട്ടെങ്കിലും ഈ കെണികളെല്ലാം ഉയർന്നുവരാറുണ്ട്. എന്നിരുന്നാലും അത്തരം പ്രാർത്ഥനകളിൽ അവൻ പ്രസാദിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാവതല്ല. അവ അർപ്പിച്ചതുകൊണ്ടു നമുക്കു പ്രയോജനവും കിട്ടുന്നില്ല.
ന്യൂനതകളെ തരണം ചെയ്യൽ
10. (എ) ഏതു മനോഭാവം പ്രാർത്ഥനയുടെ പ്രാധാന്യത്തോടുള്ള ഒരു വിലമതിപ്പുകുറവിനെ വെളിപ്പെടുത്തും? (ബി) തിരുവെഴുത്തുപരമായ ഏതു ഉദാഹരണം ശ്രദ്ധിക്കപ്പെടുന്നു?
10 നമ്മുടെ അനുദിന പ്രാർത്ഥനകളുടെ പ്രാധാന്യത്തെ നാം വിലമതിക്കുകയും നമ്മുടെ സ്വർഗ്ഗീയ പിതാവിനോട് നല്ല ബന്ധം പുലർത്തുകയും ചെയ്യുന്ന അളവോളം മേൽപ്പറഞ്ഞ കെണികൾക്കെതിരെ ജാഗരിക്കാൻ നാം പ്രാപ്തരാകും. അങ്ങനെയുള്ള വിലമതിപ്പ് നാം കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങളിൽ ഏർപ്പെടേണ്ടതുണ്ടെന്നുള്ളതുപോലെ തിടുക്കത്തിൽ പ്രാർത്ഥിച്ചുതീർക്കുന്നതിനെതിരെ ജാഗരിക്കാൻ നമ്മെ സഹായിക്കുമെന്നുള്ളത് ഒരു വസ്തുതയാണ്. സാർവ്വത്രികപരമാധികാരിയായ യഹോവയാം ദൈവത്തോട് സംസാരിക്കുന്നതിനെക്കാൾ പ്രധാനമായി യാതൊന്നുമുണ്ടായിരിക്കാവുന്നതല്ല. സമയം പരിമിതമായിരിക്കുന്ന സന്ദർഭങ്ങളുണ്ടായിരിക്കാമെന്നതു സത്യം തന്നെ. ദൃഷ്ടാന്തമായി അർത്ഥഹ്ശഷ്ടാവുരാജാവ് തന്റെ പാനപാത്രവാഹകനായ നെഹെമ്യാവിനോട് “നീ എന്തു നേടാനാണ് ശ്രമിക്കുന്നത്?” എന്നു ചോദിച്ചപ്പോൾ ‘അവൻ സ്വർഗ്ഗത്തിലെ ദൈവത്തോട് ഉടനെ പ്രാർത്ഥിച്ചു.’ (നെഹെമ്യാവ് 2:4) രാജാവ് പെട്ടെന്നുള്ള ഒരു മറുപടി പ്രതീക്ഷിച്ചതുകൊണ്ട് നെഹെമ്യാവിന് ആ പ്രാർത്ഥന നീട്ടാൻ കഴിയുമായിരുന്നില്ല. എന്നാൽ യഹോവ പെട്ടെന്ന് അതിനുത്തരം കൊടുത്തതുകൊണ്ട് അത് അർത്ഥവത്തായിരുന്നുവെന്നും അവന്റെ ഹൃദയത്തിൽനിന്നു വന്നതായിരുന്നുവെന്നും നമുക്കുറപ്പുണ്ടായിരിക്കാൻ കഴിയും. (നെഹെമ്യാവ് 2:5, 6) എന്നിരുന്നാലും അത്തരം അപൂർവസന്ദർഭങ്ങളല്ലാത്തപ്പോൾ നാം പ്രാർത്ഥനക്കു സമയമെടുക്കുകയും മററു കാര്യങ്ങൾ മാററിവെക്കുകയും ചെയ്യണം. നമ്മുടെ പ്രാർത്ഥനകൾ ധൃതഗതിയിലായിരിക്കാൻ ചായ്വു കാട്ടുന്നുവെങ്കിൽ നാം പ്രാർത്ഥനയുടെ പ്രാധാന്യത്തെ പൂർണ്ണമായി വിലമതിക്കുന്നില്ല.
11. നാം സൂക്ഷിക്കേണ്ട മറെറാരു കെണി എന്താണ്, ഈ കാര്യത്തിൽ ഏതു നല്ല ദൃഷ്ടാന്തം യേശു നൽകി?
11 നാം ഒഴിവാക്കേണ്ട ആവശ്യമുള്ള മറെറാരു കെണി സാമാന്യ കാര്യങ്ങളുടെ ആവർത്തനമാണ്. അങ്ങനെയുള്ള പ്രാർത്ഥനകളും പ്രാർത്ഥനയുടെ വിലയേറിയ പദവിയോട് നീതി കാട്ടുന്നില്ല. യേശു തന്റെ മാതൃകാപ്രാർത്ഥനയിൽ ഈ കാര്യത്തിൽ നമുക്കു നല്ല ഒരു മാതൃകവെച്ചു. അവൻ ഏഴു വ്യത്യസ്ത അപേക്ഷകൾ പറഞ്ഞു: മൂന്നെണ്ണം നീതിയുടെ വിജയത്തെക്കുറിച്ചും ഒന്ന് നമ്മുടെ അനുദിന ശാരീരിക ആവശ്യത്തെക്കുറിച്ചും മൂന്നെണ്ണം നമ്മുടെ ആത്മീയക്ഷേമത്തെക്കുറിച്ചുമായിരുന്നു.—മത്തായി 6:9-13.
12. നമ്മുടെ പ്രാർത്ഥനകൾ പ്രത്യേകമായിരിക്കുന്നതുസംബന്ധിച്ച് പൗലോസ് എന്തു നല്ല ദൃഷ്ടാന്തങ്ങൾ നൽകുന്നു?
12 അപ്പോസ്തലനായ പൗലോസും ഈ കാര്യങ്ങളിൽ നമുക്കു നല്ല ദൃഷ്ടാന്തം വെച്ചു. ‘ധൈര്യത്തോടെ സംസാരിക്കാനുള്ള പ്രാപ്തി തനിക്ക് നൽകപ്പെടാൻ മററുള്ളവർ തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ’ അവരോട് അവൻ അപേക്ഷിച്ചു. (എഫേസ്യർ 6:18-20) അവൻ മററുള്ളവർക്കുവേണ്ടിയുള്ള സ്വന്തം പ്രാർത്ഥനകളിൽ അതുപോലെതന്നെ പ്രത്യേകത കാട്ടി. “നിങ്ങളുടെ സ്നേഹം സൂക്ഷ്മപരിജ്ഞാനത്തോടും പൂർണ്ണവിവേചനയോടുംകൂടെ അധികമധികം പെരുകി നിങ്ങൾ അധികം പ്രധാനപ്പെട്ട കാര്യങ്ങളെ തിട്ടപ്പെടുത്തേണ്ടതിന്, നിങ്ങൾ അവികലരായി ക്രിസ്തുവിന്റെ നാളിലേക്ക് മററുള്ളവരെ ഇടറിക്കാതിരിക്കേണ്ടതിനും യേശുക്രിസ്തുമൂലം ദൈവമഹത്വത്തിനും സ്തുതിക്കുമായുള്ള നീതിഫലം നിറഞ്ഞവരായിത്തീരേണ്ടതിനും ഞാൻ തുടർന്നു പ്രാർത്ഥിക്കുന്നു” എന്ന് പൗലോസ് പറഞ്ഞു.—ഫിലിപ്യർ 1:9-11.
13. യഹോവക്കായുള്ള നമ്മുടെ വിവിധതരം സേവനങ്ങൾസംബന്ധിച്ച് നമുക്ക് അർത്ഥവത്തായ പ്രാർത്ഥനകൾ എങ്ങനെ നടത്താം?
13 അതെ, നമ്മുടെ പ്രാർത്ഥനകൾ പ്രത്യേകകാര്യങ്ങളെക്കുറിച്ചായിരിക്കണം. ഇത് നമ്മുടെ പ്രാർത്ഥനകൾക്ക് ചിന്ത കൊടുക്കേണ്ടതാവശ്യമാക്കിത്തീർക്കുന്നു. (സദൃശവാക്യങ്ങൾ 15:28 താരതമ്യപ്പെടുത്തുക.) വയൽശുശ്രൂഷയിലായിരിക്കുമ്പോൾ നമ്മുടെ ശ്രമങ്ങളിൻമേലുള്ള അവന്റെ അനുഗ്രഹത്തിനു മാത്രമല്ല, ജ്ഞാനത്തിനും നയത്തിനും ഹൃദയവിശാലതക്കും സംസാരസ്വാതന്ത്ര്യത്തിനുംവേണ്ടിയും അല്ലെങ്കിൽ സാക്ഷീകരണത്തിലുള്ള നമ്മുടെ ഫലപ്രദത്വത്തിനു തടസ്സമായിരിക്കാവുന്ന ഏതു ദൗർബല്യത്തിനുമെതിരായ സഹായത്തിനായും നമുക്ക് ദൈവത്തോടപേക്ഷിക്കാവുന്നതാണ്. കൂടാതെ, നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവരുടെ അടുക്കലേക്ക് നമ്മെ നയിക്കാൻ നമുക്ക് ദൈവത്തോട് അപേക്ഷിക്കാൻ കഴികയില്ലേ? ഒരു പബ്ലിക്ക് പ്രസംഗം നടത്തുന്നതിനു തൊട്ടുമുൻപോ അല്ലെങ്കിൽ ഒരു സേവനയോഗത്തിലോ ദിവ്യാധിപത്യശുശ്രൂഷാ സ്ക്കൂളിലോ ഏതെങ്കിലും ഭാഗം കൈകാര്യം ചെയ്യുന്നതിനു മുൻപോ യഹോവയുടെ പരിശുദ്ധാത്മാവിനെ നമ്മുടെ മേൽ സമൃദ്ധമായി വസിപ്പിക്കാൻ നമുക്കവനോട് അപേക്ഷിക്കാൻ കഴിയും. എന്തുകൊണ്ട്? ദൈവനാമത്തിനു ബഹുമാനം കൈവരുത്താനും നമ്മുടെ സഹോദരൻമാരെ കെട്ടുപണിചെയ്യാനും നമുക്ക് ആത്മധൈര്യവും സമചിത്തതയും ഉണ്ടായിരിക്കേണ്ടതിനും ആത്മാർത്ഥതയോടും ബോദ്ധ്യത്തോടും കൂടെ സംസാരിക്കേണ്ടതിനുംതന്നെ. അങ്ങനെയുള്ള പ്രാർത്ഥനകളെല്ലാം സംസാരിക്കുമ്പോൾ നമുക്കു ശരിയായ മനഃസ്ഥിതിയുണ്ടായിരിക്കുന്നതിനും സഹായകമാണ്.
14. തരണം ചെയ്യാൻ പ്രയാസമുള്ള ജഡികദൗർബല്യങ്ങൾസംബന്ധിച്ച നമ്മുടെ മനോഭാവം എന്തായിരിക്കണം?
14 നമ്മുടെ ആത്മീയതക്കെതിരെ പോരാടുന്നതും തരണം ചെയ്യാൻ പ്രയാസമായി തോന്നുന്നതുമായ ഒരു ജഡികദൗർബല്യം നമുക്കുണ്ടോ? നാം നമ്മുടെ പ്രാർത്ഥനകളിൽ അത് പ്രത്യേകം കൈകാര്യം ചെയ്യാൻ ആഗ്രഹിക്കണം. ഒട്ടും നിരാശപ്പെടാതെ, നമ്മെ സഹായിക്കാനും ക്ഷമ കിട്ടാനും വിനീതവും ആത്മാർത്ഥവുമായി ദൈവത്തോട് അപേക്ഷിക്കുന്നതിൽ നാം ഒരിക്കലും മടുത്തുപോകരുത്. അതെ, അങ്ങനെയുള്ള സാഹചര്യങ്ങളിൽ, ഒരു കുട്ടി കുഴപ്പത്തിലകപ്പെടുമ്പോൾ പിതാവിന്റെ അടുക്കലേക്കു പോകുന്നതുപോലെ യഹോവയുടെ അടുക്കലേക്കു പോകാൻ നാമാഗ്രഹിക്കണം, ഒരേ ദൗർബല്യത്തെക്കുറിച്ചു എത്ര കൂടെക്കൂടെ നാം പ്രാർത്ഥിച്ചാലും ഇതു സത്യമാണ്. നാം ആത്മാർത്ഥതയുള്ളവരാണെങ്കിൽ യഹോവ നമുക്കു സഹായം നൽകും, അവൻ നമ്മോടു ക്ഷമിച്ചുവെന്നുള്ള തിരിച്ചറിവും നൽകും. അങ്ങനെയുള്ള സാഹചര്യങ്ങളിൽ, തനിക്ക് ഒരു പ്രശ്നമുണ്ടെന്നുള്ള അപ്പോസ്തലനായ പൗലോസിന്റെ സമ്മതത്തിൽനിന്നും നമുക്ക് ആശ്വാസം കൈക്കൊള്ളാവുന്നതുമാണ്.—റോമർ 7:21-25.
അർത്ഥവത്തായ പ്രാർത്ഥനകൾ നടത്തുന്നതിനുള്ള സഹായങ്ങൾ
15. ഏതു മനോഭാവത്തോടെ നാം യഹോവയാം ദൈവത്തെ പ്രാർത്ഥനയിൽ സമീപിക്കണം?
15 നമ്മുടെ പ്രാർത്ഥനകൾ യഥാർത്ഥത്തിൽ അർത്ഥവത്തായിരിക്കണമെങ്കിൽ സകല ബാഹ്യപരിചിന്തനങ്ങളും തള്ളിക്കളയാനും നാം മഹാദൈവമായ യഹോവയുടെ സന്നിധിയിലേക്കു വരുകയാണെന്നുള്ള വസ്തുതയിൽ ശ്രദ്ധകേന്ദ്രീകരിക്കാനും നാം ശ്രമിക്കേണ്ടതാണ്. നാം അവന്റെ ഭയങ്കരത്വത്തെ വിലമതിച്ചുകൊണ്ട് ആഴമായ ആദരവോടെ അവനെ സമീപിക്കേണ്ടതുണ്ട്. യഹോവ മോശയോടു പറഞ്ഞതുപോലെ യാതൊരു മനുഷ്യനും ദൈവത്തെ കണ്ടിട്ടു ജീവിച്ചിരിക്കാൻ കഴികയില്ല. (പുറപ്പാട് 33:20) അതുകൊണ്ട് നാം യഹോവയെ തക്ക താഴ്മയോടും എളിമയോടും കൂടെ സമീപിക്കേണ്ടതുണ്ട്. പരീശനേയും നികുതിപിരിവുകാരനെയും കുറിച്ചുള്ള തന്റെ ഉപമയിൽ യേശു ഊന്നിപ്പറഞ്ഞ ഒരു ആശയമാണത്. (മീഖാ 6:8; ലൂക്കോസ് 18:9-14) യഹോവ നമുക്ക് വളരെ യഥാർത്ഥമായിരിക്കണം. മോശക്കുണ്ടായിരുന്ന അതേ മനോഭാവം നമുക്കുണ്ടായിരിക്കണം. “അവൻ അദൃശ്യനായവനെ കാണുന്നതുപോലെ ഉറപ്പോടെ തുടർന്നു.” (എബ്രായർ 11:27) അങ്ങനെയുള്ള സ്വഭാവ വിശേഷങ്ങൾ നമ്മുടെ സ്വർഗ്ഗീയ പിതാവിനോട് നമുക്ക് നല്ല ബന്ധമുണ്ടെന്ന് സാക്ഷ്യം വഹിക്കുന്നു.
16. അർത്ഥവത്തായ പ്രാർത്ഥനകൾ നടത്തുന്നതിൽ നമ്മുടെ ഹൃദയങ്ങൾ എന്തു പങ്കു വഹിക്കുന്നു?
16 യഹോവയോടുള്ള സ്നേഹവും പ്രിയവും നിറഞ്ഞ ഹൃദയത്തോടെ നാം യഹോവയിങ്കലേക്കു ചെല്ലുന്നുവെങ്കിൽ നമ്മുടെ പ്രാർത്ഥനകൾ അർത്ഥവത്തായിരിക്കും. ഉദാഹരണത്തിന്, 23, 103 എന്നീ സങ്കീർത്തനങ്ങളിൽ സങ്കീർത്തനക്കാരനായ ദാവീദ് യഹോവയാം ദൈവത്തോടുള്ള എന്തോരു വിലമതിപ്പും സ്നേഹവുമാണ് പ്രകടമാക്കിയത്! ദാവീദിന് തന്റെ വലിയ ഇടയനായ യഹോവയാം ദൈവത്തോട് ഒരു നല്ല ബന്ധമുണ്ടായിരുന്നുവെന്നതിനു സംശയമില്ല. ദിവ്യാധിപത്യശുശ്രൂഷാസ്കൂളിൽ ഊഷ്മളതയോടും വികാരാനുഭവത്തോടുംകൂടെ സംസാരിക്കാൻ നാം ബുദ്ധിയുപദേശിക്കപ്പെടുന്നു. നാം തിരുവെഴുത്തുകൾ വായിക്കുമ്പോൾ ഇതു വിശേഷാൽ ഇങ്ങനെയായിരിക്കണം, നമ്മുടെ സ്വർഗ്ഗീയ പിതാവിനോടു പ്രാർത്ഥിക്കുമ്പോൾ ഏറെയും അങ്ങനെയായിരിക്കണം. അതെ, “യഹോവേ, എന്നെ നിന്റെ സ്വന്തം വഴികൾ അറിയിക്കേണമേ; നിന്റെ സ്വന്തം പാതകൾ എന്നെ പഠിപ്പിക്കേണമേ. നിന്റെ സത്യത്തിൽ എന്നെ നടത്തി പഠിപ്പിക്കേണമേ, എന്തെന്നാൽ നീ എന്റെ രക്ഷയുടെ ദൈവമല്ലോ” എന്ന് ദാവീദ് പ്രാർത്ഥിച്ചപ്പോൾ അവൻ വിചാരിച്ചതുപോലെ വിചാരിക്കാൻ നാം ആഗ്രഹിക്കുന്നു. മറെറാരു സങ്കീർത്തനക്കാരന്റെ ഈ വാക്കുകളും നാം എങ്ങനെ വിചാരിക്കണമെന്ന് സൂചിപ്പിക്കുന്നവയാണ്: “ഞാൻ എന്റെ മുഴു ഹൃദയത്തോടെ വിളിച്ചിരിക്കുന്നു. യഹോവേ, എനിക്ക് ഉത്തരമരുളേണമേ.”—സങ്കീർത്തനങ്ങൾ 25:4, 5; 119:145.
17. നമ്മുടെ പ്രാർത്ഥനകൾ ആവർത്തനമാകാതെ എങ്ങനെ തടയാം?
17 നമ്മുടെ പ്രാർത്ഥനകളെ അർത്ഥവത്താക്കുന്നതിനും അവയെ ആവർത്തനമാക്കുന്നതൊഴിവാക്കുന്നതിനുമായി അവയുടെ ഉള്ളടക്കത്തെ വ്യത്യാസപ്പെടുത്തുന്നത് നല്ലതാണ്. ദിനവാക്യമോ നാം വായിച്ചുകൊണ്ടിരുന്ന ഏതെങ്കിലും ക്രിസ്തീയ പ്രസിദ്ധീകരണമോ ഒരു ആശയം നൽകിയേക്കാം. നാം സംബന്ധിക്കുന്ന വീക്ഷാഗോപുര അദ്ധ്യയനപാഠത്തിന്റെയോ പബ്ലിക്ക് പ്രസംഗത്തിന്റെയോ സമ്മേളനത്തിന്റെയോ കൺവെൻഷന്റെയൊ ചർച്ചാവിഷയം ആ ഉദ്ദേശ്യത്തിന് പ്രയോജകീഭവിച്ചേക്കാം.
18. നമ്മുടെ പ്രാർത്ഥനകളെ കൂടുതൽ അർത്ഥവത്താക്കുന്നതിന് ബൈബിൾവചനത്തിനും മാതൃകകൾക്കും ചേർച്ചയിൽ നമുക്കെന്തു ചെയ്യാം?
18 പ്രാർത്ഥനയുടെ മനോവികാരത്തിലേക്കു കൂടുതലായി പ്രവേശിക്കാനും നമ്മുടെ പ്രാർത്ഥനകളെ കൂടുതൽ അർത്ഥവത്താക്കാനും നമ്മെ സഹായിക്കുന്നതിന് നമ്മുടെ ശാരീരികനിലക്കു മാററം വരുത്തുന്നത് നല്ലതാണ്. പൊതു പ്രാർത്ഥനകൾക്ക് നാം സ്വാഭാവികമായി നമ്മുടെ തലകൾ വണക്കുന്നു. എന്നാൽ കൂടുതൽ വ്യക്തിപരമായ പ്രാർത്ഥനകളിൽ ഒററക്കു പ്രാർത്ഥിക്കുമ്പോൾ അല്ലെങ്കിൽ കുടംബപരമായി പ്രാർത്ഥിക്കുമ്പോൾ യഹോവയുടെ മുമ്പാകെ മുട്ടുകുത്തുന്നത് നല്ലതാണെന്ന് ചിലർ കണ്ടെത്തിയിരിക്കുന്നു, എന്തുകൊണ്ടെന്നാൽ ആ നില ഒരു വിനീതമനോഭാവം ഉണ്ടായിരിക്കുന്നതിനു സഹായകമാണെന്ന് അവർ കണ്ടെത്തുന്നു. സങ്കീർത്തനം 95:6-ൽ നാം ഇങ്ങനെ പ്രോൽസാഹിപ്പിക്കപ്പെട്ടിരിക്കുന്നു: “വരുവിൻ, നമുക്ക് ആരാധിക്കുകയും കുമ്പിടുകയും ചെയ്യാം; നമ്മുടെ നിർമ്മാതാവായ യഹോവയുടെ മുമ്പാകെ നമുക്കു മുട്ടുകുത്താം.” ശലോമോൻ യഹോവയുടെ ആലയത്തിന്റെ സമർപ്പണസമയത്ത് പ്രാർത്ഥിച്ചപ്പോൾ മുട്ടുകുത്തി. പ്രാർത്ഥിക്കുമ്പോൾ മുട്ടുകുത്തുന്നത് ദാനിയേൽ ഒരു ശീലമാക്കിയിരുന്നു.—2 ദിനവൃത്താന്തം 6:13; ദാനിയേൽ 6:10.
19. പൊതു പ്രാർത്ഥനകളുടെ ഉത്തരവാദിത്തമുള്ളവർ ഏതു വസ്തുതകൾ മനസ്സിൽ പിടിക്കുന്നത് നല്ലതാണ്?
19 പ്രാർത്ഥനയുടെ പ്രാധാന്യത്തിന്റെ വീക്ഷണത്തിൽ സഭക്കുവേണ്ടി പൊതു പ്രാർത്ഥന നടത്താൻ ആരെ വിളിക്കുന്നുവെന്നതിൽ നിയമിത മൂപ്പൻമാർ നല്ല വിവേചന ഉപയോഗിക്കണം. സഭയെ പ്രതിനിധാനം ചെയ്യുന്ന സ്നാനപ്പെട്ട പുരുഷൻ ഒരു പക്വതയുള്ള ക്രിസ്തീയശുശ്രൂഷകൻ ആയിരിക്കണം. അയാളുടെ പ്രാർത്ഥന തനിക്ക് ദൈവവുമായി നല്ല ഒരു ബന്ധമുണ്ടെന്ന് വെളിപ്പെടുത്തേണ്ടതാണ്. അങ്ങനെയുള്ള പ്രാർത്ഥന നടത്താൻ പദവിയുള്ളവർ ഉച്ചത്തിൽ പ്രാർത്ഥിക്കാൻ ശ്രദ്ധിക്കണം, കാരണം അവർ തങ്ങൾക്കുവേണ്ടിമാത്രമല്ല, മുഴുസഭക്കുവേണ്ടിയുംകൂടെയാണ് പ്രാർത്ഥിക്കുന്നത്. അങ്ങനെയല്ലെങ്കിൽ, സഭയിലെ ശേഷിച്ചവർക്ക് പ്രാർത്ഥനയുടെ ഒടുവിൽ “ആമേൻ” പറയുന്നതിൽ എങ്ങനെ ഒത്തുചേരാൻ കഴിയും? (1 കൊരിന്ത്യർ 14:16) തീർച്ചയായും ശേഷിച്ചവർ അർത്ഥവത്തായ ഒരു “ആമേൻ” പറയണമെങ്കിൽ അവർ സൂക്ഷ്മമായി ശ്രദ്ധിക്കുകയും തങ്ങളുടെ മനസ്സിനെ അലഞ്ഞുതിരിയാൻ അനുവദിക്കാതെ വാസ്തവമായി പ്രാർത്ഥനയെ തങ്ങളുടെ സ്വന്തമാക്കുകയും വേണം. ഈ കൂട്ടത്തിൽ പറയാൻ കഴിയുന്ന ജാഗ്രതയുടെ മറെറാരു വാക്ക് അങ്ങനെയുള്ള പ്രാർത്ഥനകൾ യഹോവയാം ദൈവത്തോടു നടത്തുന്നതിനാൽ കേൾവിക്കാരോടു പ്രസംഗിക്കുന്നതിനുള്ള ഒരു ഒഴികഴിവായോ ശുദ്ധമേ വ്യക്തിപരമായ എന്തെങ്കിലും ആശയങ്ങൾ അവതരിപ്പിക്കുന്നതിനോ അവ ഉപയോഗിക്കരുതെന്നുള്ളതാണ്.
20. ഉച്ചത്തിലുള്ള അർത്ഥവത്തായ പ്രാർത്ഥനകൾ കേൾവിക്കാർക്ക് അനുഗ്രഹപ്രദമായിരിക്കുന്നതിനാൽ എന്തു നിർദ്ദേശം നൽകിയിരിക്കുന്നു?
20 ഉച്ചത്തിലുള്ള നമ്മുടെ പ്രാർത്ഥനകൾ യഥാർത്ഥത്തിൽ അർത്ഥവത്തായിരിക്കുമ്പോൾ അവ കേൾവിക്കാർക്ക് അനുഗ്രഹപ്രദമായിത്തീരുന്നു. ഇതിങ്ങനെയായിരിക്കുന്നതിനാൽ, വിവാഹിത ഇണകളും കുടുംബങ്ങളും ദിവസവും കുറഞ്ഞപക്ഷം ഒരു പൊതുപ്രാർത്ഥനയെങ്കിലും നടത്തുന്നതു നന്നായിരിക്കും. അതിൽ കുടുംബനാഥനോ മറേറാ ആയ ഒരാൾ മററുള്ളവർക്കുവേണ്ടി അഥവാ ശേഷിച്ചവർക്കുവേണ്ടി സംസാരിക്കും.
21. നമ്മുടെ പ്രാർത്ഥനകൾ അർത്ഥവത്തായിരിക്കുന്നതിന് പരിചിന്തനമർഹിക്കുന്ന മറെറാരു സംഗതി എന്താണ്?
21 നമ്മുടെ പ്രാർത്ഥനകൾ യഥാർത്ഥത്തിൽ അർത്ഥവത്തായിരിക്കുന്നതിന് നാം ശ്രദ്ധിക്കേണ്ട മറെറാരു സംഗതികൂടെയുണ്ട്. നാം നമ്മുടെ പ്രാർത്ഥനകളിൽ പൊരുത്തമുള്ളവരായിരിക്കണമെന്നുള്ള വസ്തുതയാണത്. എന്താണതിന്റെയർത്ഥം? നമ്മുടെ പ്രാർത്ഥനകൾക്കനുയോജ്യമായി നാം ജീവിക്കണമെന്നും നാം പ്രാർത്ഥിക്കുന്നതിനുവേണ്ടി പ്രവർത്തിക്കണമെന്നുംതന്നെ. നമ്മുടെ പ്രാർത്ഥനയുടെ ഈ വശം അടുത്ത ലേഖനത്തിൽ പരിചിന്തിക്കപ്പെടും. (w87 7/15)
നിങ്ങൾ എങ്ങനെ പ്രതിവർത്തിക്കുന്നു?
□ തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില അർത്ഥവത്തായ പ്രാർത്ഥനകളേവ?
□ മാനുഷികാപൂർണ്ണതനിമിത്തം നമ്മുടെ പ്രാർത്ഥനകൾക്ക് എങ്ങനെ ന്യൂനതയുണ്ടാകാം?
□ നമുക്ക് നമ്മുടെ പ്രാർത്ഥനകളിലെ ചില ന്യൂനതകളെ എങ്ങനെ തരണംചെയ്യാം?
□ അർത്ഥവത്തായി പ്രാർത്ഥിക്കുന്നതിന് നമുക്കു ലഭിക്കുന്ന ചില സഹായങ്ങളേവ?