ഹൃദയപൂർവം ക്ഷമിക്കുക
“നിങ്ങൾ ഓരോരുത്തൻ സഹോദരനോടു ഹൃദയപൂർവ്വം ക്ഷമിക്കാഞ്ഞാൽ സ്വർഗ്ഗസ്ഥനായ എന്റെ പിതാവു അങ്ങനെതന്നേ നിങ്ങളോടും ചെയ്യും.”—മത്തായി 18:35.
1, 2. (എ) പാപിനിയായി പരക്കെ അറിയപ്പെട്ടിരുന്ന ഒരുവൾ എങ്ങനെയാണ് യേശുവിനോടു വിലമതിപ്പു കാട്ടിയത്? (ബി) അതിനോടുള്ള പ്രതികരണമായി യേശു ഏതു സംഗതി വ്യക്തമാക്കി?
അവൾ സാധ്യതയനുസരിച്ച് ഒരു വേശ്യ ആയിരുന്നു. അത്തരമൊരു സ്ത്രീയെ മതഭക്തിയുള്ള ഒരുവന്റെ വീട്ടിൽ കണ്ടുമുട്ടാൻ ആരും പ്രതീക്ഷിക്കുകയില്ല. അവളെ അവിടെ കണ്ടതു ചിലരെ അതിശയിപ്പിച്ചെങ്കിൽ, അവൾ അവിടെവെച്ചു ചെയ്തത് അതിനെക്കാൾ അതിശയകരമായിരുന്നു. അത്യുന്നത ധാർമിക നിലവാരമുള്ള ഒരു വ്യക്തിയെ സമീപിച്ചു തന്റെ കണ്ണുനീർ കൊണ്ട് അവന്റെ പാദങ്ങൾ കഴുകി, തലമുടി കൊണ്ടു തുടച്ച് അവന്റെ പ്രവർത്തനങ്ങളോട് അവൾ അങ്ങേയറ്റം വിലമതിപ്പു പ്രകടമാക്കി.
2 യേശു ആയിരുന്നു ആ വ്യക്തി. ‘ആ പട്ടണത്തിൽ പാപിനിയായി’ അറിയപ്പെട്ടിരുന്ന അവളോട് അവനു വെറുപ്പു തോന്നിയില്ല. എന്നാൽ, തന്റെ ഭവനത്തിൽ എത്തിയ ആ സ്ത്രീ പാപി ആണെന്നത് പരീശനായിരുന്ന ശിമോനെ അലോസരപ്പെടുത്തി. പ്രതികരണമായി യേശു, ഒരു വ്യക്തിയോടു പണം കടം വാങ്ങിയിരുന്ന രണ്ടു പേരെ കുറിച്ചു പറഞ്ഞു. ഒരുവൻ വളരെയധികം, ഒരു തൊഴിലാളിയുടെ ഏകദേശം രണ്ടു വർഷത്തെ വേതനം, കടപ്പെട്ടിരുന്നു. മറ്റവൻ അതിന്റെ പത്തിലൊന്ന് അതായത്, മൂന്നു മാസത്തെ വേതനത്തിൽ അൽപ്പം കുറവ്, കടപ്പെട്ടിരുന്നു. എന്നാൽ, ഇരുവർക്കും കടം വീട്ടാൻ കഴിയാഞ്ഞപ്പോൾ കടം കൊടുത്തയാൾ “ഇരുവരോടും സൗജന്യമായി ക്ഷമിച്ചു.” (NW) കൂടുതൽ ക്ഷമ ലഭിച്ചവനു സ്നേഹപൂർവം പ്രതികരിക്കാൻ കൂടുതൽ കാരണമുണ്ടായിരുന്നു എന്നതു വ്യക്തം. ആ സ്ത്രീയുടെ ദയാപ്രവൃത്തിയെ അതുമായി ബന്ധപ്പെടുത്തിയ ശേഷം യേശു ഈ തത്ത്വം ചൂണ്ടിക്കാട്ടി: “അല്പം മോചിച്ചുകിട്ടിയവൻ അല്പം സ്നേഹിക്കുന്നു.” എന്നിട്ട് അവൻ അവളോടു പറഞ്ഞു: “നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു.”—ലൂക്കൊസ് 7:36-48.
3. നാം നമ്മെ കുറിച്ചുതന്നെ എന്തു പരിചിന്തിക്കേണ്ടതുണ്ട്?
3 നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘ആ സ്ത്രീ ഞാനായിരുന്നു, അല്ലെങ്കിൽ ഞാൻ സമാനമായ ഒരു സ്ഥിതിയിൽ ആയിരുന്നു എങ്കിൽ എനിക്കു ക്ഷമ ലഭിക്കുന്നപക്ഷം മറ്റുള്ളവരോടു ഞാൻ നിർദയം ക്ഷമിക്കാതിരിക്കുമായിരുന്നോ?’ ‘ഒരിക്കലുമില്ല!’ എന്നു നിങ്ങൾ ഒരുപക്ഷേ പറഞ്ഞേക്കാം. എന്നുവരികിലും, ക്ഷമിക്കുന്ന പ്രകൃതമാണു നിങ്ങളുടേത് എന്നു നിങ്ങൾ കരുതുന്നുവോ? അതു നിങ്ങളുടെ അടിസ്ഥാന സ്വഭാവമാണോ? നിങ്ങൾ തെല്ലും മടി കൂടാതെ പല തവണ അപ്രകാരം ചെയ്തിട്ടുണ്ടോ? മറ്റുള്ളവർ നിങ്ങളെ ക്ഷമാശീലൻ എന്നു വിശേഷിപ്പിക്കുമോ? ഇതേക്കുറിച്ചു നാം ഓരോരുത്തരും തുറന്ന ആത്മപരിശോധന നടത്തേണ്ടത് എന്തുകൊണ്ടെന്നു നമുക്കു നോക്കാം.
ക്ഷമിക്കേണ്ടത് ആവശ്യം—നമുക്കും ക്ഷമ ലഭിച്ചിരിക്കുന്നു
4. നമ്മെ കുറിച്ചു നാം എന്തു വസ്തുത അംഗീകരിക്കേണ്ടതുണ്ട്?
4 നിങ്ങൾക്കു നന്നായി അറിയാവുന്നതു പോലെ, നിങ്ങൾ അപൂർണരാണ്. നിങ്ങളോടു ചോദിക്കുന്നപക്ഷം, നിങ്ങൾ അതു തുറന്നു സമ്മതിക്കും. ഒരുപക്ഷേ, 1 യോഹന്നാൻ 1:8-ലെ വാക്കുകൾ നിങ്ങളുടെ മനസ്സിലേക്കു വരും: “നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി.” (റോമർ 3:23; 5:12) ചിലരുടെ പാപഗ്രസ്തമായ അവസ്ഥ വെളിപ്പെടുന്നതു കൊടിയതും ഞെട്ടിപ്പിക്കുന്നതുമായ പാപങ്ങളിലൂടെ ആയിരിക്കാം. എന്നാൽ നിങ്ങൾ മനപ്പൂർവം അത്തരം പാപങ്ങൾ ചെയ്തിട്ടില്ലെങ്കിലും ദൈവത്തിന്റെ നിലവാരങ്ങളിൽ എത്തിച്ചേരാൻ വ്യത്യസ്ത വിധങ്ങളിൽ പരാജയപ്പെട്ടിട്ടുള്ള, പാപം ചെയ്തിട്ടുള്ള അനേകം സന്ദർഭങ്ങൾ ഉണ്ടായിരുന്നിട്ടുണ്ട് എന്നതു തീർച്ചയാണ്. ഇല്ലെന്നു പറയാനാകുമോ?
5. നാം ഏതു കാര്യത്തിനു ദൈവത്തോടു കൃതജ്ഞതയുള്ളവർ ആയിരിക്കണം?
5 ആ സ്ഥിതിക്ക്, നിങ്ങളുടെ സ്ഥിതിവിശേഷം പൗലൊസ് അപ്പൊസ്തലന്റെ പിൻവരുന്ന വിവരണത്തിനു ചേർച്ചയിൽ ആയിരുന്നേക്കാം: “നിങ്ങളുടെ അതിക്രമങ്ങളിലും പരിച്ഛേദനമേല്ക്കാത്ത പാപപ്രകൃതിയിലും മൃതരായിരുന്ന നിങ്ങളെ ദൈവം ക്രിസ്തുവിനോടൊപ്പം ഉയിർപ്പിച്ചു; നമ്മുടെ അതിക്രമങ്ങൾക്കെല്ലാം ദൈവം മാപ്പു തന്നിരിക്കുന്നു.” (കൊലൊസ്സ്യർ 2:13, ഓശാന ബൈബിൾ; എഫെസ്യർ 2:1-3) ‘നമ്മുടെ അതിക്രമങ്ങൾക്ക് എല്ലാം ദൈവം മാപ്പു തന്നിരിക്കുന്നു’ എന്ന പ്രയോഗം ശ്രദ്ധിക്കുക. അതേ, അതിൽ അനവധി അകൃത്യങ്ങൾ ഉൾപ്പെടുന്നു. ദാവീദിനെ പോലെ നമുക്കോരോരുത്തർക്കും പിൻവരുന്നപ്രകാരം കേണപേക്ഷിക്കാൻ നല്ല കാരണമുണ്ട്: “യഹോവേ, എന്റെ അകൃത്യം വലിയതു; നിന്റെ നാമംനിമിത്തം അതു ക്ഷമിക്കേണമേ.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.)—സങ്കീർത്തനം 25:11.
6. യഹോവയോടും അവന്റെ ക്ഷമയോടും ഉള്ള ബന്ധത്തിൽ നമുക്ക് എന്ത് ഉറപ്പുണ്ടായിരിക്കാനാകും?
6 നിങ്ങൾക്ക്—അല്ലെങ്കിൽ നമ്മിൽ ആർക്കെങ്കിലും—ക്ഷമ നേടാൻ എങ്ങനെ സാധിക്കും? യഹോവയാം ദൈവം ക്ഷമിക്കുന്നവനാണ് എന്നതാണ് ഒരു അടിസ്ഥാന സംഗതി. അവന്റെ വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകം തന്നെയാണത്. (പുറപ്പാടു 34:6, 7; സങ്കീർത്തനം 86:5) നാം പ്രാർഥനയിൽ ദൈവത്തിലേക്കു തിരിഞ്ഞു ക്ഷമ യാചിക്കാൻ അവൻ പ്രതീക്ഷിക്കുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കാവുന്നതേ ഉള്ളൂ. (2 ദിനവൃത്താന്തം 6:21; സങ്കീർത്തനം 103:3, 10, 14) അപ്രകാരം ക്ഷമിക്കുന്നതിനു നിയമപരമായ അടിസ്ഥാനം അവൻ ക്രമീകരിച്ചിരിക്കുന്നു—യേശുവിന്റെ മറുവിലയാഗം.—റോമർ 3:24; 1 പത്രൊസ് 1:18, 19; 1 യോഹന്നാൻ 4:9, 14.
7. ഏതു വിധത്തിൽ നിങ്ങൾ യഹോവയെ അനുകരിക്കേണ്ടതുണ്ട്?
7 ക്ഷമിക്കാനുള്ള ദൈവത്തിന്റെ മനസ്സൊരുക്കത്തിൽ നിന്ന്, മറ്റുള്ളവരോടു ക്ഷമിക്കുന്നതിനുള്ള ഒരു മാതൃക നിങ്ങൾ കാണേണ്ടതുണ്ട്. പിൻവരുന്ന പ്രകാരം എഴുതിയപ്പോൾ പൗലൊസ് അതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു: “നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ.” (എഫെസ്യർ 4:32) ദൈവത്തിന്റെ മാതൃകയിൽ നിന്നു നാം പഠിക്കണം എന്ന ആശയം പൗലൊസിന്റെ വാക്കുകളിൽ അടങ്ങിയിരിക്കുന്നു എന്നതിൽ സംശയമില്ല. കാരണം, തുടർന്നുള്ള വാക്യം ഇങ്ങനെ പറയുന്നു: “ആകയാൽ പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ.” (എഫെസ്യർ 5:1) അതു തമ്മിലുള്ള ബന്ധം നിങ്ങൾ കാണുന്നുണ്ടോ? യഹോവയാം ദൈവം നിങ്ങളോടു ക്ഷമിച്ചു. തന്മൂലം, നിങ്ങൾ ‘മനസ്സലിവുള്ളവരായി അന്യോന്യം ക്ഷമിച്ചു’കൊണ്ട് അവനെ അനുകരിക്കണം എന്നു പൗലൊസ് ശക്തിയുക്തം പറയുന്നു. നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാവുന്നതാണ്, ‘ഞാൻ അങ്ങനെ ചെയ്യുന്നുണ്ടോ? ക്ഷമിക്കുക എന്നത് എന്റെ അടിസ്ഥാന സ്വഭാവമല്ലെങ്കിൽ ദൈവത്തെ അനുകരിച്ചുകൊണ്ട് അപ്രകാരം ചെയ്യാൻ ഞാൻ ആത്മാർഥമായി ശ്രമിക്കുന്നുണ്ടോ?’
ക്ഷമിക്കുന്നതിനു നമ്മുടെ ഭാഗത്തു ശ്രമം ആവശ്യം
8. സഭയിൽ ഉള്ളവരെ കുറിച്ചു നാം എന്തു തിരിച്ചറിയണം?
8 ക്രിസ്തീയ സഭയിൽ, ക്ഷമ പ്രകടിപ്പിക്കുക എന്ന ദൈവിക ഗതി പിൻപറ്റേണ്ടി വരുന്ന സന്ദർഭങ്ങൾ ഒന്നുംതന്നെ ഉണ്ടായിരിക്കില്ല എന്നു ചിന്തിക്കുന്നതു നല്ലതുതന്നെ. എന്നാൽ, മറിച്ചാണു വസ്തുത. നമ്മുടെ ക്രിസ്തീയ സഹോദരങ്ങൾ യേശു പ്രകടിപ്പിച്ച സ്നേഹത്തിന്റെ മാതൃക പിൻപറ്റാൻ കഠിന ശ്രമം നടത്തുന്നു എന്നതു ശരിതന്നെ. (യോഹന്നാൻ 13:35; 15:12, 13; ഗലാത്യർ 6:2) ഈ ദുഷ്ടവ്യവസ്ഥിതിയുടെ ചിന്താഗതിയും സംസാരരീതിയും പെരുമാറ്റരീതിയും ഉപേക്ഷിക്കാൻ അവർ ദീർഘകാലമായി ശ്രമിച്ചിട്ടുണ്ട്, ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നു. പുതിയ വ്യക്തിത്വം പ്രകടിപ്പിക്കാൻ അവർ ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ട്. (കൊലൊസ്സ്യർ 3:9, 10, NW) എങ്കിലും, ആഗോള തലത്തിലായാലും പ്രാദേശിക തലത്തിലായാലും സഭകളിൽ അപൂർണ മനുഷ്യരാണ് ഉള്ളത് എന്ന വസ്തുത അവഗണിക്കാവതല്ല. മൊത്തത്തിൽ നോക്കിയാൽ, അവർ പണ്ട് ആയിരുന്നതിനെക്കാൾ തീർച്ചയായും വളരെ ഭേദമാണ്. എന്നിരുന്നാലും, അവർ ഇപ്പോഴും അപൂർണർ തന്നെ.
9, 10. സഹോദരങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായാൽ നാം അതിശയിക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്?
9 സഭയിലെ സഹോദരങ്ങൾക്കിടയിൽ നാം അപൂർണത പ്രതീക്ഷിക്കേണ്ടതാണെന്നു ബൈബിളിൽ ദൈവം വ്യക്തമായി പറയുന്നു. ഉദാഹരണത്തിന്, കൊലൊസ്സ്യർ 3:13-ൽ (NW) രേഖപ്പെടുത്തിയിരിക്കുന്ന പൗലൊസിന്റെ പിൻവരുന്ന വാക്കുകൾ പരിചിന്തിക്കുക: “ആർക്കെങ്കിലും മറ്റൊരുവന് എതിരെ പരാതിക്കു കാരണം ഉണ്ടെങ്കിൽ, പരസ്പരം സഹിക്കുകയും പരസ്പരം സൗജന്യമായി ക്ഷമിക്കുകയും ചെയ്യുന്നതിൽ തുടരുവിൻ. യഹോവ നിങ്ങളോടു സൗജന്യമായി ക്ഷമിച്ചതുപോലെ, നിങ്ങളും ചെയ്വിൻ.”
10 മറ്റുള്ളവരോടു ക്ഷമിക്കാനുള്ള നമ്മുടെ കടപ്പാടും അതിന്റെ ആവശ്യകതയും ദൈവം നമ്മോടു ക്ഷമിക്കുന്നു എന്ന സംഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു ബൈബിൾ ഇവിടെ നമ്മെ ഓർമിപ്പിക്കുന്നു എന്നതു ശ്രദ്ധേയമാണ്. അത് ഒരു വെല്ലുവിളി ആയിരിക്കുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ, ഒരുവനു “മറ്റൊരുവന് എതിരെ പരാതിക്കു കാരണം” ഉണ്ടായേക്കാം എന്നു പൗലൊസ് സമ്മതിച്ചു പറഞ്ഞു. അത്തരം കാരണങ്ങൾ നിലനിൽക്കുമെന്ന് അവൻ തിരിച്ചറിഞ്ഞു. അവ ഒന്നാം നൂറ്റാണ്ടിൽ, ‘സ്വർഗ്ഗത്തിൽ സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശ’യുള്ള “വിശുദ്ധ” ക്രിസ്ത്യാനികളുടെ ഇടയിൽ പോലും ഉണ്ടായിരുന്നിരിക്കണം. (കൊലൊസ്സ്യർ 1:1, 3) അങ്ങനെയെങ്കിൽ, ഇന്നു സത്യക്രിസ്ത്യാനികളിൽ ഭൂരിഭാഗം പേർക്കും “ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരു”മെന്ന നിലയിൽ ആത്മാവിന്റെ സാക്ഷ്യം ലഭിച്ചിട്ടില്ലാതിരിക്കെ സ്ഥിതിഗതികൾ വ്യത്യസ്തമായിരിക്കും എന്നു നമുക്കു ചിന്തിക്കാനാകുമോ? (കൊലൊസ്സ്യർ 3:12) തന്മൂലം, നമ്മുടെ സഭയിൽ പരാതിക്ക് എന്തെങ്കിലും കാരണം—യഥാർഥ കാരണത്താലോ തെറ്റിദ്ധാരണയാലോ വികാരങ്ങൾക്കു മുറിവേൽക്കുന്ന പ്രശ്നങ്ങൾ—ഉണ്ടെങ്കിൽ സഭയിൽ എന്തോ കാര്യമായ പ്രശ്നമുണ്ട് എന്നു നിഗമനം ചെയ്യരുത്.
11 ശിഷ്യനായ യാക്കോബ് എന്തിനെ കുറിച്ചാണു നമ്മെ ജാഗരൂകരാക്കുന്നത്?
11 സഹോദരങ്ങളോടു ക്ഷമിക്കേണ്ട ചില സന്ദർഭങ്ങളെ നാം ഇടയ്ക്കിടെയെങ്കിലും അഭിമുഖീകരിക്കേണ്ടി വരുമെന്ന് യേശുവിന്റെ അർധ സഹോദരനായ യാക്കോബിന്റെ വാക്കുകളും വ്യക്തമാക്കുന്നു: “നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൌമ്യതയോടെ നല്ലനടപ്പിൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ. എന്നാൽ നിങ്ങൾക്കു ഹൃദയത്തിൽ കൈപ്പുള്ള ഈർഷ്യയും ശാഠ്യവും ഉണ്ടെങ്കിൽ സത്യത്തിന്നു വിരോധമായി പ്രശംസിക്കയും ഭോഷ്കു പറകയുമരുതു.” (യാക്കോബ് 3:13, 14) സത്യക്രിസ്ത്യാനികളുടെ ഹൃദയങ്ങളിൽ “കൈപ്പുള്ള ഈർഷ്യയും ശാഠ്യവും” ഉണ്ടായേക്കുമെന്നോ? അതേ. ഒന്നാം നൂറ്റാണ്ടിലെ സഭയിൽ അത്തരം സ്ഥിതിവിശേഷം നിലവിലുണ്ടായിരുന്നെന്നും ഇന്നും അത് ഉണ്ടായിരിക്കുമെന്നും യാക്കോബിന്റെ വാക്കുകൾ വ്യക്തമായി സൂചിപ്പിക്കുന്നു.
12. പുരാതന ഫിലിപ്പി സഭയിൽ എന്തു പ്രശ്നം ഉയർന്നുവന്നു?
12 പൗലൊസിനോടൊപ്പം കഠിനാധ്വാനം ചെയ്തിരുന്നതിനു സത്കീർത്തിയുണ്ടായിരുന്ന രണ്ട് അഭിഷിക്ത ക്രിസ്ത്യാനികളുടെ യഥാർഥ ജീവിതാനുഭവം അതിനു ദൃഷ്ടാന്തമാണ്. ഫിലിപ്പി സഭയിലെ അംഗങ്ങളായിരുന്ന യുവൊദ്യയെയും സുന്തുകയെയും കുറിച്ചു വായിക്കുന്നതു നിങ്ങൾ ഓർമിക്കുന്നുണ്ടാകും. യഥാർഥ കാരണം വിശദമാക്കുന്നില്ലെങ്കിലും, അവരുടെ ഇടയിൽ എന്തോ പ്രശ്നം ഉണ്ടായിരുന്നതായി ഫിലിപ്പിയർ 4:2, 3 സൂചിപ്പിക്കുന്നു. ചിന്താശൂന്യവും ദയാരഹിതവുമായ അഭിപ്രായമോ ഒരു ബന്ധുവിനെ തുച്ഛീകരിച്ചു എന്ന ചിന്തയോ മത്സരാത്മക അസൂയയോ ആയിരിക്കുമോ അതിനു തിരികൊളുത്തിയത്? കാരണം എന്തുതന്നെ ആയിരുന്നാലും, റോമിൽ ആയിരുന്ന പൗലൊസ് അറിയാൻ ഇടയാകത്തക്കവണ്ണം പ്രശ്നം വളരെ ഗുരുതരമായിത്തീർന്നു. ആ ആത്മീയ സഹോദരിമാർ പരസ്പരം സംസാരിക്കാതായിരിക്കാം, യോഗങ്ങളിൽ മനപ്പൂർവം അന്യോന്യം അവഗണിക്കുന്നതിലേക്കു നയിച്ചിരിക്കാം അല്ലെങ്കിൽ മറ്റു സുഹൃത്തുക്കളോട് ഇരുവരും മറ്റേയാളെ കുറിച്ചു ദുഷി പറഞ്ഞിരിക്കാം.
13. യുവൊദ്യയും സുന്തുകയും എന്തു ചെയ്തിരിക്കാനാണു സാധ്യത, അതു നമുക്ക് എന്തു പാഠം നൽകുന്നു?
13 മേൽപ്പറഞ്ഞ സാഹചര്യം നിങ്ങളുടെ സഭയിൽ ചിലരുടെ ഇടയിൽ ഉണ്ടായിട്ടുള്ള അല്ലെങ്കിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുള്ള പ്രശ്നത്തിനു സമാനമായി തോന്നുന്നുണ്ടോ? ഒരു പരിധിവരെ ഇപ്പോഴും അത്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നേക്കാം. അങ്ങനെയെങ്കിൽ നമുക്ക് എന്തു ചെയ്യാനാകും? ആ പുരാതന സംഭവത്തിൽ ഉൾപ്പെട്ടിരുന്ന സമർപ്പിത സഹോദരിമാരോട്, “കർത്താവിൽ ഏകചിന്തയോടിരിപ്പാൻ” പൗലൊസ് ഉദ്ബോധിപ്പിച്ചു. ചർച്ച ചെയ്തു പ്രശ്നം പരിഹരിക്കാനും പരസ്പരം ക്ഷമിക്കാൻ മനസ്സൊരുക്കം കാട്ടാനും ക്ഷമിക്കുന്നതിനുള്ള യഹോവയുടെ മനോഭാവം അനുകരിക്കാനും അവർ തയ്യാറായിക്കാണണം. യുവൊദ്യയും സുന്തുകയും അതിൽ വിജയിച്ചില്ല എന്നു ചിന്തിക്കാൻ യാതൊരു കാരണവുമില്ല. നമുക്കും അക്കാര്യത്തിൽ വിജയിക്കാനാകും. ക്ഷമിക്കാനുള്ള അത്തരം മനോഭാവം ഇന്നും വിജയപ്രദമായി പ്രകടിപ്പിക്കാവുന്നതാണ്.
സമാധാനം സ്ഥാപിക്കുക—ക്ഷമിക്കുക
14. വ്യക്തിപരമായ ഭിന്നതകൾ കണക്കിലെടുക്കാതിരിക്കുന്നതു മിക്കപ്പോഴും സാധ്യവും ഏറ്റവും ഉത്തമവും ആയിരിക്കുന്നത് എന്തുകൊണ്ട്?
14 സഹക്രിസ്ത്യാനിയുമായി എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ ക്ഷമിക്കാൻ എന്താണ് ആവശ്യമായിരിക്കുന്നത്? തുറന്നുപറഞ്ഞാൽ, അതിന് ഒരു ഒറ്റമൂലിയില്ല. എന്നാൽ, ബൈബിൾ സഹായകമായ മാതൃകകളും പ്രായോഗികമായ ബുദ്ധിയുപദേശവും പ്രദാനം ചെയ്യുന്നു. സ്വീകരിക്കാനും ബാധകമാക്കാനും എളുപ്പമുള്ള ഒന്നല്ലെങ്കിലും, അതിനുള്ള ഒരു താക്കോൽ, പ്രശ്നം മറന്നു കളയുക അല്ലെങ്കിൽ അത് കണക്കിലെടുക്കാതിരിക്കുക എന്നതാണ്. ഒരു പ്രശ്നം ഉയർന്നുവരുമ്പോൾ, യുവൊദ്യയുടെയും സുന്തുകയുടെയും കാര്യത്തിൽ സംഭവിച്ചതുപോലെ, മറ്റേയാളാണു തെറ്റു ചെയ്തത് അല്ലെങ്കിൽ പ്രധാന കുറ്റക്കാരൻ എന്ന് ഇരുവരും ചിന്തിക്കുന്നു. അത്തരം ഒരു സാഹചര്യത്തിൽ, മറ്റേ ക്രിസ്ത്യാനിയെ ആണു മുഖ്യമായും കുറ്റപ്പെടുത്തേണ്ടത് അല്ലെങ്കിൽ അദ്ദേഹമാണ് ഏറ്റവും കൂടുതൽ ദ്രോഹം ചെയ്തിരിക്കുന്നത് എന്നു നിങ്ങൾ ചിന്തിക്കാൻ ഇടയുണ്ട്. എന്നുവരികിലും, ക്ഷമ പ്രകടിപ്പിച്ചുകൊണ്ടു നിങ്ങൾക്കു പ്രശ്നം പരിഹരിക്കാനാകുമോ? പ്രശ്നത്തിന്റെ മുഖ്യ കാരണക്കാരൻ അല്ലെങ്കിൽ മുഴു ഉത്തരവാദിയും മറ്റേ വ്യക്തിയാണെങ്കിൽ—അങ്ങനെ ആയിരിക്കാൻ ഒട്ടുംതന്നെ സാധ്യതയില്ല എന്നതാണു വസ്തുത—തെറ്റു ക്ഷമിച്ച് പ്രശ്നം അവസാനിപ്പിക്കാൻ പറ്റിയ സ്ഥാനത്തായിരിക്കുന്നതു നിങ്ങളാണ് എന്നതു തിരിച്ചറിയുക.
15, 16. (എ) യഹോവയെ മീഖാ വർണിച്ചത് എങ്ങനെ? (ബി) ദൈവം “അതിക്രമം കണക്കിലെടുക്കാതിരിക്കു”ന്നു എന്നത് എന്താണ് അർഥമാക്കുന്നത്?
15 ക്ഷമിക്കുന്നതിലുള്ള നമ്മുടെ മാതൃക ദൈവമാണെന്ന വസ്തുത നാം ഒരിക്കലും മറക്കരുത്. (എഫെസ്യർ 4:32-5:1) പിഴവുകൾ കണക്കിലെടുക്കാതിരിക്കുന്ന അവന്റെ രീതിയെ കുറിച്ചു മീഖാ പ്രവാചകൻ ഇങ്ങനെ എഴുതി: “അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും [“കണക്കിലെടുക്കാതിരിക്കുകയും,” NW] ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു? അവൻ എന്നേക്കും കോപം വെച്ചുകൊള്ളുന്നില്ല; ദയയിലല്ലോ അവന്നു പ്രസാദമുള്ളതു.”—മീഖാ 7:18.
16 “അതിക്രമം കണക്കിലെടുക്കാ”ത്തവൻ എന്ന് യഹോവയെ വർണിക്കുമ്പോൾ, എന്തോ ഓർമത്തകരാറു സംഭവിച്ചിരിക്കുന്നതുപോലെ, മറ്റുള്ളവരുടെ പിഴവുകൾ ഓർമിക്കാൻ അവനു കഴിവില്ലെന്നു ബൈബിൾ അർഥമാക്കുന്നില്ല. ശിംശോന്റെയും ദാവീദിന്റെയും കാര്യമെടുക്കുക. ഇരുവരും ഗുരുതരമായ പാപങ്ങൾ ചെയ്തിരുന്നു. ദീർഘകാലത്തിനു ശേഷവും അവരുടെ പാപങ്ങൾ ഓർത്തിരിക്കാൻ ദൈവത്തിനു കഴിഞ്ഞു. ബൈബിളിൽ അതു രേഖപ്പെടുത്താൻ യഹോവ ഇടയാക്കിയതുകൊണ്ട് അവരുടെ പാപങ്ങളിൽ ചിലതു നമുക്കുപോലും അറിയാം. എന്നാൽ, ക്ഷമാശീലനായ നമ്മുടെ ദൈവം അവർ ഇരുവരോടും കരുണ കാട്ടി, അവരെ അനുകരണാർഹരായ വിശ്വാസത്തിന്റെ മാതൃകകളായി നമ്മുടെ മുന്നിൽ വെച്ചിരിക്കുന്നു.—എബ്രായർ 11:32; 12:1.
17. (എ) ഏതു സമീപനം മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങൾ കണക്കിലെടുക്കാതിരിക്കാൻ നമ്മെ സഹായിച്ചേക്കാം? (ബി) അതു ചെയ്യാൻ ശ്രമിക്കുക വഴി നാം യഹോവയെ അനുകരിക്കുന്നത് എങ്ങനെ? (അടിക്കുറിപ്പു കാണുക.)
17 ദാവീദ് യഹോവയോട് ആവർത്തിച്ച് അപേക്ഷിച്ചതനുസരിച്ച്, അതിക്രമങ്ങൾ ‘കണക്കിലെടുക്കാതിരിക്കാൻ’a അവനു കഴിഞ്ഞു. (2 ശമൂവേൽ 12:13; 24:10) അപൂർണരായ സഹദാസരുടെ നിന്ദാപരമോ ദ്രോഹകരമോ ആയ പെരുമാറ്റത്തെ കണക്കിലെടുക്കാതിരിക്കാൻ മനസ്സൊരുക്കം കാട്ടിക്കൊണ്ട്, നമുക്ക് ദൈവത്തെ അനുകരിക്കാൻ കഴിയുമോ? പറന്നുയരാനായി ഒരു റൺവേയിലൂടെ അതിവേഗം പായുന്ന ഒരു വിമാനത്തിലാണു നിങ്ങൾ എന്നു സങ്കൽപ്പിക്കുക. പുറത്തേക്കു നോക്കവെ, റൺവേയുടെ അരുകിൽ നിന്ന് ഒരു പരിചയക്കാരി ചിറി കോട്ടുന്നതു നിങ്ങൾ കാണുന്നു. അവൾ അസ്വസ്ഥ ആയിരുന്നെന്ന് നിങ്ങൾക്കറിയാം, നിങ്ങളെ മനസ്സിൽ വെച്ചുകൊണ്ടായിരിക്കാം അവൾ ആ ഗോഷ്ടി കാട്ടിയത്. ഇനി, ഒരുപക്ഷേ അവൾ നിങ്ങളെ കുറിച്ചു ചിന്തിച്ചുപോലും കാണില്ല. സംഗതി എന്തുതന്നെയാണെങ്കിലും, വിമാനം വട്ടമിട്ടു മുകളിലേക്കു പറന്നുയരവെ, നിങ്ങൾ അവളിൽ നിന്നു വളരെ ഉയരത്തിലാകുന്നു, അവൾ ഒരു ചെറിയ പൊട്ടുപോലെ കാണപ്പെടുന്നു. ഒരു മണിക്കൂറിനുള്ളിൽ നിങ്ങൾ അവളിൽ നിന്നു നൂറുകണക്കിനു കിലോമീറ്റർ അകലെ ആകുന്നു, അവൾ കാട്ടിയ ഗോഷ്ടിയെ കുറിച്ചു നിങ്ങൾ ഓർക്കുന്നതേയില്ല. സമാനമായി, നാം യഹോവയെ പോലെ ആയിരിക്കാൻ ശ്രമിക്കുകയും മറ്റുള്ളവരുടെ പിഴവുകൾ ജ്ഞാനപൂർവം കണക്കിലെടുക്കാതിരിക്കുകയും ചെയ്യുന്നെങ്കിൽ മിക്കപ്പോഴും ക്ഷമ പ്രകടിപ്പിക്കാൻ അതു നമ്മെ സഹായിക്കും. (സദൃശവാക്യങ്ങൾ 19:11) പത്തു വർഷത്തിനു ശേഷം അല്ലെങ്കിൽ സഹസ്രാബ്ദ വാഴ്ചക്കാലത്ത് ഇരുന്നൂറു വർഷം പിന്നിട്ടു കഴിയുമ്പോൾ മറ്റുള്ളവരുടെ തെറ്റുകൾ അപ്രധാനമായി കാണപ്പെടില്ലേ? അതുകൊണ്ട് അവ അവഗണിച്ചുകൂടേ?
18. ഒരാളുടെ തെറ്റു ക്ഷമിക്കാൻ കഴിയാതെ വരുന്നതായി തോന്നുമ്പോൾ നമുക്ക് ഏതു ബുദ്ധിയുപദേശം ബാധകമാക്കാനാകും?
18 എന്നാൽ, അപൂർവം സന്ദർഭങ്ങളിൽ നിങ്ങൾ പ്രശ്നത്തെ കുറിച്ചു പ്രാർഥിക്കുകയും ക്ഷമിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടും നിങ്ങൾക്ക് അതിനു കഴിയാതെ വരുന്നതായി തോന്നിയേക്കാം. അപ്പോഴെന്ത്? സമാധാനം കൈവരിക്കുന്നതിനായി മറ്റേ വ്യക്തിയെ സ്വകാര്യമായി സമീപിച്ചു പ്രശ്നം പരിഹരിക്കാൻ യേശു ഉദ്ബോധിപ്പിച്ചു. “ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.”—മത്തായി 5:23, 24.
19. സഹോദരനുമായി സമാധാനത്തിലാകാൻ ശ്രമിക്കുമ്പോൾ നാം എന്തു മനോഭാവം പുലർത്തണം, ഏതു മനോഭാവം ഒഴിവാക്കണം?
19 സഹോദരനെ സന്ദർശിച്ച്, അയാളാണു തെറ്റു ചെയ്തതെന്നും നിങ്ങൾ തെറ്റു ചെയ്തില്ലെന്നും ബോധ്യപ്പെടുത്താൻ യേശു പറഞ്ഞില്ലെന്നതു ശ്രദ്ധേയമാണ്. ഒരുപക്ഷേ അയാളായിരിക്കാം തെറ്റുകാരൻ. എന്നാൽ, തെറ്റ് ഇരുവരുടെയും പക്ഷത്ത് ഉണ്ടായിരിക്കാനാണു കൂടുതൽ സാധ്യത. എന്തുതന്നെ ആയിരുന്നാലും, മറ്റെയാളെ തെറ്റു സമ്മതിപ്പിച്ച്, ആലങ്കാരികമായി പറഞ്ഞാൽ, മുട്ടുകുത്തിക്കുക ആയിരിക്കരുതു ലക്ഷ്യം. അങ്ങനെയാണു നിങ്ങൾ പ്രശ്നം കൈകാര്യം ചെയ്യാൻ പോകുന്നതെങ്കിൽ പ്രശ്നം പരിഹരിക്കപ്പെടാൻ യാതൊരു സാധ്യതയുമില്ല. മാത്രമല്ല, യഥാർഥത്തിൽ സംഭവിച്ച അല്ലെങ്കിൽ സംഭവിച്ചതായി സങ്കൽപ്പിക്കുന്ന പ്രശ്നം ‘തലനാരിഴ കീറി’ പരിശോധിക്കുകയും ആയിരിക്കരുതു ലക്ഷ്യം. ക്രിസ്തീയ സ്നേഹത്തിന്റെ ആത്മാവിലുള്ള ശാന്തമായ ചർച്ചയുടെ ഫലമായി, വെറും തെറ്റിദ്ധാരണ ആയിരുന്നു പ്രശ്നത്തിന്റെ പ്രധാന കാരണം എന്നു വ്യക്തമാകുമ്പോൾ ഇരുവർക്കും ഒത്തുചേർന്നു പ്രശ്നം പരിഹരിക്കാൻ സാധിക്കും. ഇനി, പൂർണമായ യോജിപ്പിൽ എത്തിച്ചേരാൻ ചർച്ച സഹായിക്കുന്നില്ലെങ്കിലോ? എല്ലായ്പോഴും അങ്ങനെ സംഭവിക്കുമെന്നു പ്രതീക്ഷിക്കാനാകുമോ? ക്ഷമിക്കുന്നവനായ നമ്മുടെ ദൈവത്തെ സേവിക്കാൻ ഇരുവരും ആത്മാർഥമായി ആഗ്രഹിക്കുന്നു എന്ന വസ്തുതയെങ്കിലും നിങ്ങൾക്കു സമ്മതിക്കാനാകുന്നതു മെച്ചമായിരിക്കില്ലേ? അങ്ങനെയാകുമ്പോൾ, ഇരുവർക്കും ഹൃദയപൂർവം ഇങ്ങനെ പറയാൻ കഴിഞ്ഞേക്കും: “ക്ഷമിക്കണം, നമ്മുടെ അപൂർണതയാണ് ഈ പ്രശ്നത്തിനു കാരണം. നമുക്കതു കണക്കിലെടുക്കാതിരിക്കാം.”
20. അപ്പൊസ്തലന്മാരുടെ ഉദാഹരണത്തിൽ നിന്നു നമുക്ക് എന്തു പഠിക്കാനാകും?
20 അപ്പൊസ്തലന്മാരുടെ ഇടയിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നത് ഓർക്കുക. ദൃഷ്ടാന്തത്തിന്, അവരിൽ ചിലർ കൂടുതൽ ഉയർന്ന സ്ഥാനം കാംക്ഷിച്ചു. (മർക്കൊസ് 10:35-39; ലൂക്കൊസ് 9:46; 22:24-26) അത് അവർക്കിടയിൽ പിരിമുറുക്കത്തിന്, ഒരുപക്ഷേ വ്രണിത വികാരങ്ങൾക്ക് അല്ലെങ്കിൽ വലിയ അനിഷ്ടത്തിനുതന്നെ കാരണമായി. എങ്കിലും അത്തരം ഭിന്നതകൾ കണക്കിലെടുക്കാതിരിക്കാനും ഒരുമിച്ചു പ്രവർത്തിക്കുന്നതിൽ തുടരാനും അവർക്കു സാധിച്ചു. അവരിലൊരാൾ പിന്നീട് ഇങ്ങനെ എഴുതി: “ജീവനെ ആഗ്രഹിക്കയും ശുഭകാലം കാണ്മാൻ ഇച്ഛിക്കയും ചെയ്യുന്നവൻ ദോഷം ചെയ്യാതെ തന്റെ നാവിനെയും വ്യാജം പറയാതെ അധരത്തെയും അടക്കിക്കൊള്ളട്ടെ. അവൻ ദോഷം വിട്ടകന്നു ഗുണം ചെയ്കയും സമാധാനം അന്വേഷിച്ചു പിന്തുടരുകയും ചെയ്യട്ടെ.”—1 പത്രൊസ് 3:10, 11.
21. ക്ഷമിക്കുന്നതു സംബന്ധിച്ച് യേശു എന്തു ശക്തമായ ബുദ്ധിയുപദേശമാണു നൽകിയത്?
21 ക്ഷമിക്കുന്നതിനോടുള്ള ബന്ധത്തിൽ നാം ഇപ്പോൾ പരിചിന്തിച്ചു കഴിഞ്ഞ വശം ഇതാണ്: പോയ കാലങ്ങളിൽ നാം ചെയ്തിട്ടുള്ള അനവധി പാപങ്ങൾ ദൈവം ക്ഷമിച്ചു; തന്മൂലം, അവനെ അനുകരിച്ചു നാം സഹോദരങ്ങളോടു ക്ഷമിക്കണം. (സങ്കീർത്തനം 103:12; യെശയ്യാവു 43:25) എന്നാൽ, മറ്റൊരു വശംകൂടി ഉണ്ട്. മാതൃകാ പ്രാർഥന നൽകിയ ശേഷം യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും.” ഒരു വർഷത്തിനു ശേഷം, തന്റെ ശിഷ്യന്മാരെ പ്രാർഥിക്കാൻ പഠിപ്പിച്ചുകൊണ്ട് അതിന്റെ അന്തസ്സത്ത അവൻ വീണ്ടും പ്രസ്താവിച്ചു: “ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങൾക്കു കടംപെട്ടിരിക്കുന്ന ഏവനോടും ഞങ്ങളും ക്ഷമിക്കുന്നു.” (മത്തായി 6:12, 14; ലൂക്കൊസ് 11:4) പിന്നീട്, തന്റെ മരണത്തിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് യേശു ഇങ്ങനെ കൂട്ടിച്ചേർത്തു: “നിങ്ങൾ പ്രാർത്ഥിപ്പാൻ നില്ക്കുമ്പോൾ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിന്നു നിങ്ങൾക്കു ആരോടെങ്കിലും വല്ലതും ഉണ്ടെങ്കിൽ അവനോടു ക്ഷമിപ്പിൻ.”—മർക്കൊസ് 11:25.
22, 23. ക്ഷമിക്കാനുള്ള മനസ്സൊരുക്കം നമ്മുടെ ഭാവിയെ എങ്ങനെ ബാധിച്ചേക്കാം?
22 അതേ, ദൈവത്തിന്റെ ക്ഷമ നേടുന്നതു കൂടുതലും, സഹോദരങ്ങളോടു ക്ഷമിക്കാൻ നാം എത്രമാത്രം മനസ്സൊരുക്കം കാട്ടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ക്രിസ്ത്യാനികൾക്കിടയിൽ വ്യക്തിപരമായ പ്രശ്നം ഉയർന്നു വരുമ്പോൾ ഇങ്ങനെ ചോദിക്കുക, ‘ഒരു നിസ്സാര കാര്യത്തിൽ അല്ലെങ്കിൽ മാനുഷ അപൂർണതയുടെ ഫലമായി ഒരു സഹോദരനോ സഹോദരിയോ ഒരു ചെറിയ തെറ്റു ചെയ്തെന്ന് തെളിയിക്കുന്നതിനെക്കാൾ വളരെയേറെ പ്രാധാന്യമുള്ളതല്ലേ ദൈവത്തിന്റെ ക്ഷമ നേടുന്നത്?’ ഉത്തരം നിങ്ങൾക്കുതന്നെ അറിയാം.
23 എന്നാൽ, വ്യക്തിപരമായ ഭിന്നതയെക്കാളോ പ്രശ്നത്തെക്കാളോ ഗുരുതരമാണു സംഗതി എങ്കിലോ? മത്തായി 18:15-18-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ ബുദ്ധിയുപദേശം എപ്പോഴാണു ബാധകമാകുന്നത്? അടുത്ത ലേഖനത്തിൽ നമുക്ക് അവ പരിചിന്തിക്കാം.
[അടിക്കുറിപ്പുകൾ]
a ഒരു പണ്ഡിതന്റെ അഭിപ്രായത്തിൽ, മീഖാ 7:8-ൽ ഉപയോഗിച്ചിരിക്കുന്ന എബ്രായ ആലങ്കാരികപ്രയോഗം, “ശ്രദ്ധ കൊടുക്കാൻ താൻ ആഗ്രഹിക്കാത്ത ഒരു വസ്തുവിനെ കണക്കിലെടുക്കാതെ കടന്നു പോകുന്ന ഒരു സഞ്ചാരിയുടെ പ്രകൃതത്തെ പരാമർശിക്കുന്നു. ഇതിന്റെ അർഥം, ദൈവം പാപം കാണുന്നില്ലെന്നോ കാര്യമായ അല്ലെങ്കിൽ ഒട്ടുംതന്നെ പ്രാധാന്യമില്ലാത്ത ഒരു സംഗതിയായി അതിനെ വീക്ഷിക്കുന്നുവെന്നോ അല്ല. മറിച്ച്, ശിക്ഷ നൽകുക എന്ന ഏക ലക്ഷ്യത്തിൽ അവൻ തെറ്റുകളെ വീക്ഷിക്കുന്നില്ല എന്നാണ്; അതായത്, അവൻ ശിക്ഷിക്കുന്നില്ല, ക്ഷമിക്കുകയാണ്.”—ന്യായാധിപന്മാർ 3:26; 1 ശമൂവേൽ 16:8, NW.
നിങ്ങൾ ഓർക്കുന്നുണ്ടോ?
□ ക്ഷമയുടെ കാര്യത്തിൽ യഹോവ നമുക്കു പിൻപറ്റാൻ മാതൃക വെക്കുന്നത് എങ്ങനെ?
□ സഭയിൽ ഉള്ളവരെ പറ്റി നാം എന്ത് ഓർത്തിരിക്കേണ്ടതാണ്?
□ നിന്ദാപരമോ ദ്രോഹകരമോ ആയ പെരുമാറ്റം സംബന്ധിച്ചു മിക്കപ്പോഴും നമുക്ക് എന്തു ചെയ്യാനാകും?
□ സഹോദരങ്ങളുമായി സമാധാനം സ്ഥാപിക്കേണ്ടത് ആവശ്യമായി വരുമ്പോൾ നമുക്ക് എന്തു ചെയ്യാനാകും?
[15-ാം പേജിലെ ചിത്രം]
ഒരു ക്രിസ്ത്യാനിയുമായി ഭിന്നതയുണ്ടാകുമ്പോൾ അതു കണക്കിലെടുക്കാതിരിക്കാൻ ശ്രമിക്കുക; കാലം കടന്നുപോകുന്നത് അനുസരിച്ചു ക്രമേണ പ്രശ്നവും നിസ്സാരമായിത്തീരും