യേശുവിന്റെ ജീവിതവും ശുശ്രൂഷയും
പ്രാർത്ഥനയും ദൈവത്തിലുള്ള ആശ്രയവും
യേശു തന്റെ പ്രഭാഷണം തുടരവേ തങ്ങളുടെ സാങ്കൽപ്പിക ദൈവഭക്തിയുടെ ഒരു പ്രകടനം നടത്തുന്നവരുടെ കപടഭക്തിയെ അവൻ കുററം വിധിക്കുന്നു. “നിങ്ങൾ ദാനങ്ങൾ കൊടുക്കുമ്പോൾ കപടഭക്തിക്കാർ ചെയ്യുന്നതുപോലെ നിങ്ങളുടെ മുമ്പിൽ ഒരു കാഹളമൂതരുത്” എന്ന് അവൻ പറയുന്നു.
യേശു തുടരുന്നു: “നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ നിങ്ങൾ കപടഭക്തിക്കാരെപ്പോലെ ആയിരിക്കരുത്; എന്തുകൊണ്ടെന്നാൽ അവർ മനുഷ്യരാൽ കാണപ്പെടുന്നതിന് സിനഗോഗുകളിലും വിശാലവീഥികളുടെ കോണുകളിലും നിന്നു പ്രാർത്ഥിക്കാൻ ഇഷ്ടപ്പെടുന്നു.” എന്നാൽ അവൻ ഉദ്ബോധിപ്പിക്കുകയാണ്: “നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ നിങ്ങളുടെ രഹസ്യമുറിയിലേക്കു പോകുകയും നിങ്ങളുടെ വാതിൽ അടച്ചശേഷം രഹസ്യത്തിലുള്ള നിങ്ങളുടെ പിതാവിനോടു പ്രാർത്ഥിക്കുകയും ചെയ്യുക.” യേശുതന്നെ പരസ്യപ്രാർത്ഥനകൾ നടത്തിയിട്ടുണ്ട്, അതുകൊണ്ട് അവൻ അവയെ കുററം വിധിക്കുകയല്ല. ശ്രോതാക്കളിൽ മതിപ്പുളവാക്കാനും അവരുടെ ആദരാഭിനന്ദനങ്ങൾ ലഭിക്കാനും നടത്തുന്ന പ്രാർത്ഥനകളെയാണ് അവൻ കുററം വിധിക്കുന്നത്.
യേശു കൂടുതലായി ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “പ്രാർത്ഥിക്കുമ്പോൾ ജനതകളിലെ ആളുകൾ ചെയ്യുന്നതുപോലെ ഒരേ കാര്യങ്ങൾ വീണ്ടും വീണ്ടും പറയരുത്.” ആവർത്തനം അതിൽത്തന്നെ തെററാണെന്ന് യേശു അർത്ഥമാക്കുന്നില്ല. ഒരിക്കൽ, പ്രാർത്ഥിച്ചപ്പോൾ അവൻതന്നെ ആവർത്തിച്ച് “ഒരേ വാക്ക്” ഉപയോഗിച്ചു. എന്നാൽ അവൻ അംഗീകരിക്കാത്തത് ഓർമ്മയിൽ വെച്ചിരിക്കുന്ന പദസംഹിതകൾ “വീണ്ടും വീണ്ടും” പറയുന്നതാണ്, കാണാപ്പാഠം പഠിച്ച് അർത്ഥമറിയാതെ ഉരുവിടുമ്പോൾ ജപമാലയിലെ മണികൾ എണ്ണുന്നവർ ചെയ്യുന്നതുപോലെതന്നെ.
പ്രാർത്ഥിക്കാൻ തന്റെ ശ്രോതാക്കളെ സഹായിക്കുന്നതിന് യേശു ഒരു മാതൃകാപ്രാർത്ഥന നൽകുന്നു, അതിൽ ഏഴ് അപേക്ഷകൾ ഉൾക്കൊണ്ടിരിക്കുന്നു. ആദ്യത്തെ മൂന്നെണ്ണം ഉചിതമായി ദൈവത്തിന്റെ പരമാധികാരത്തിനും അവന്റെ ഉദ്ദേശ്യങ്ങൾക്കും അംഗീകാരം കൊടുക്കുന്നു. അവ ദൈവനാമം വിശുദ്ധീകരിക്കപ്പെടുന്നതിനും അവന്റെ രാജ്യം വരുന്നതിനും അവന്റെ ഇഷ്ടം ചെയ്യപ്പെടുന്നതിനുമുള്ള അപേക്ഷകളാണ്. ശേഷിച്ച നാലെണ്ണം വ്യക്തിപരമായ അപേക്ഷകളാണ്, അതായത്, ദിവസേനയുള്ള ആഹാരത്തിനും പാപങ്ങളുടെ മോചനത്തിനും ഒരുവന്റെ സഹനത്തിനതീതമായി പരീക്ഷിക്കപ്പെടാതിരിക്കുന്നതിനും ദുഷ്ടനിൽനിന്നു വിടുവിക്കപ്പെടുന്നതിനുംതന്നെ.
തുടർന്ന് യേശു ഭൗതികസ്വത്തുക്കൾക്ക് അനുചിതമായ പ്രാധാന്യം കൊടുക്കുന്നതിലെ കെണിയെ കൈകാര്യം ചെയ്യുന്നു. അവൻ ഇങ്ങനെ പ്രോൽസാഹിപ്പിക്കുന്നു: “പുഴുവും തുരുമ്പും തിന്നുകളയുന്നടവും കള്ളൻമാർ ഭേദിച്ചുകടന്ന് മോഷ്ടിക്കുന്നടവുമായ ഭൂമിയിൽ നിങ്ങൾക്കായി നിക്ഷേപങ്ങൾ സ്വരൂപിക്കരുത്.” അങ്ങനെയുള്ള നിക്ഷേപങ്ങൾ നശ്വരമാണെന്നുമാത്രമല്ല, അവ ദൈവമുമ്പാകെ മൂല്യം വർദ്ധിപ്പിക്കുന്നുമില്ല.
അതുകൊണ്ട് യേശു പറയുന്നു: “എന്നാൽ നിങ്ങൾക്കുവേണ്ടി സ്വർഗ്ഗത്തിൽ നിക്ഷേപങ്ങൾ സ്വരൂപിക്കുക.” നിങ്ങളുടെ ജീവിതത്തിൽ ദൈവസേവനത്തെ ഒന്നാമതായി വെക്കുന്നതിനാൽ ഇതു ചെയ്യപ്പെടുന്നു. ദൈവത്തിങ്കൽ അങ്ങനെ വർദ്ധിക്കുന്ന മൂല്യത്തെയോ അതിന്റെ മഹത്തായ പ്രതിഫലത്തെയോ ആർക്കും എടുത്തുകളയാൻ കഴികയില്ല. അനന്തരം “നിന്റെ നിക്ഷേപം ഉള്ളടത്ത് നിന്റെ ഹൃദയവും ഇരിക്കും” എന്ന് യേശു കൂട്ടിച്ചേർക്കുന്നു.
ഭൗതികത്വത്തിന്റെ കെണിയെ കൂടുതലായി കൈകാര്യംചെയ്തുകൊണ്ട് യേശു ഈ ഉപമ പറയുന്നു: “ശരീരത്തിന്റെ വിളക്ക് കണ്ണാകുന്നു. അപ്പോൾ നിന്റെ കണ്ണ് ലഘുവെങ്കിൽ നിന്റെ മുഴു ശരീരവും ശോഭനമായിരിക്കും; എന്നാൽ നിന്റെ കണ്ണ് ദുഷ്ടമാണെങ്കിൽ നിന്റെ മുഴു ശരീരവും ഇരുണ്ടതായിരിക്കും.” ഉചിതമായി പ്രവർത്തിക്കുന്ന കണ്ണ് ശരീരത്തിന് ഇരുണ്ട സ്ഥലത്ത് കത്തിച്ച ഒരു വിളക്കുപോലെയാണ്. എന്നാൽ ശരിയായി കാണുന്നതിന് കണ്ണ് ലഘുവായിരിക്കണം, അതായത്, അത് ഒരു വസ്തുവിൽ കേന്ദ്രീകരിക്കണം. കേന്ദ്രീകരണം പിഴച്ച കണ്ണ് കാര്യങ്ങളെക്കുറിച്ചുള്ള തെററായ വിലയിരുത്തലിലേക്ക്, ഭൗതികകാര്യങ്ങളെ ദൈവസേവനത്തിനുപരി കരുതുന്നതിലേക്ക് നയിക്കുന്നു. “മുഴുശരീര”വും ഇരുണ്ടുപോകുന്നുവെന്നതാണ് അതിന്റെ ഫലം.
യേശു ഈ സംഗതിയെ ശക്തമായ ദൃഷ്ടാന്തത്തോടെ പരകോടിയിലെത്തിക്കുന്നു: “ആർക്കും രണ്ടു യജമാനൻമാരെ സേവിക്കാൻ കഴികയില്ല; എന്തെന്നാൽ അയാൾ ഒരാളെ വെറുക്കുകയും മറേറയാളെ സ്നേഹിക്കുകയും ചെയ്യും, അല്ലെങ്കിൽ അയാൾ ഒരാളോടു പററിനിൽക്കുകയും മറേറയാളെ നിന്ദിക്കുകയും ചെയ്യും. നിങ്ങൾക്ക് ദൈവത്തിനുവേണ്ടിയും ധനത്തിനുവേണ്ടിയും അടിമവേല ചെയ്യാൻ കഴികയില്ല.”
ഈ ബുദ്ധിയുപദേശം കൊടുത്ത ശേഷം തന്റെ ശ്രോതാക്കൾ ദൈവസേവനത്തെ ഒന്നാമതു കരുതുന്നുവെങ്കിൽ ഭൗതികാവശ്യങ്ങൾസംബന്ധിച്ച് അവർ ഉൽക്കൺഠപ്പെടേണ്ടതില്ലെന്ന് അവൻ ഉറപ്പുകൊടുത്തു. “ആകാശത്തിലെ പക്ഷികളെ ഏകാഗ്രമായി നിരീക്ഷിക്കുക, എന്തുകൊണ്ടെന്നാൽ അവ വിത്തു വിതക്കുകയോ കൊയ്യുകയോ കളപ്പുരകളിൽ ശേഖരിച്ചുവെക്കുകയോ ചെയ്യുന്നില്ല; എന്നിട്ടും നിങ്ങളുടെ സ്വർഗ്ഗീയ പിതാവ് അവയെ പോഷിപ്പിക്കുന്നു.” അനന്തരം “നിങ്ങൾ അവയെക്കാളധികം വിലയുള്ളവരല്ലേ?” എന്ന് അവൻ ചോദിക്കുന്നു.
അടുത്തതായി, യേശു വയലിലെ ലില്ലകളിലേക്കു വിരൽചൂണ്ടുകയും “ശലോമോൻ പോലും തന്റെ സകല മഹത്വത്തിലും ഇവയിലൊന്നിനെപ്പോലെ ചമഞ്ഞിരുന്നില്ല” എന്ന് കുറിക്കൊള്ളുകയും ചെയ്യുന്നു. അവൻ തുടരുന്നു: “ഇപ്പോൾ, ദൈവം വയലിലെ സസ്യത്തെ ഇങ്ങനെ വസ്ത്രമണിയിക്കുന്നുവെങ്കിൽ, . . . അൽപ്പവിശ്വാസികളേ, നിങ്ങളെ അവൻ വളരെയധികമായി വസ്ത്രം ധരിപ്പിക്കുകയില്ലേ?”
അതുകൊണ്ടു യേശു ഇങ്ങനെ ഉപസംഹരിക്കുന്നു: “ഒരിക്കലും ഉൽക്കൺഠപ്പെട്ടുകൊണ്ട് ‘നാം എന്തു തിന്നാനാണ്’ അല്ലെങ്കിൽ ‘നാം എന്തു കുടിക്കാനാണ്?’ ‘അല്ലെങ്കിൽ നാം എന്തു ധരിക്കാനാണ്?’ എന്നു പറയരുത് . . . എന്തുകൊണ്ടെന്നാൽ നിങ്ങൾക്ക് ഈ കാര്യങ്ങളെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ സ്വർഗ്ഗീയ പിതാവിനറിയാം. അപ്പോൾ, ഒന്നാമതായി രാജ്യവും അവന്റെ നീതിയും അന്വേഷിച്ചുകൊണ്ടിരിക്കുക, ഈ മററുള്ളവയെല്ലാം നിങ്ങൾക്കു കൂട്ടപ്പെടും.” മത്തായി 6:1-34; 26: 36-45.
◆ യേശു പ്രാർത്ഥനസംബന്ധിച്ച് എന്തു നിർദ്ദേശങ്ങൾ നൽകി?
◆ സ്വർഗ്ഗീയ നിക്ഷേപങ്ങൾ മേത്തരമായിരിക്കുന്നതെന്തുകൊണ്ട്, അവ ലഭിക്കുന്നതെങ്ങനെ?
◆ ഭൗതികത്വം ഒഴിവാക്കാൻ ഒരുവനെ സഹായിക്കുന്നതിന് ഏത് ഉപമകൾ പറയപ്പെട്ടു?
◆ ഉൽക്കൺഠപ്പെടേണ്ട ആവശ്യമില്ലെന്ന് യേശു പറഞ്ഞതെന്തുകൊണ്ട്? (w86 11/1)