മാതാപിതാക്കളേ—ശൈശവം മുതൽ നിങ്ങളുടെ കുട്ടിയുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുക
“[നിങ്ങളുടെ മക്കളെ] യഹോവയുടെ ശിക്ഷണത്തിലും മാനസികക്രമവൽക്കരണത്തിലും വളർത്തുക.”—എഫേസ്യർ 6:4.
1.യേശുവിന്റെ ജീവിതത്തിലെ വിശേഷാൽ പരിശോധനാകരമായ ഒരു ഘട്ടത്തിൽ എന്തു സംഭവിച്ചു?
യേശുക്രിസ്തുവും അവന്റെ ശിഷ്യൻമാരും യരുശലേമിലേക്കു പോകുകയായിരുന്നു. അതിനു കുറച്ചുനാൾമുമ്പ് താൻ അനേകം കഷ്ടങ്ങളനുഭവിക്കുകയും ആ നഗരത്തിൽവച്ച് വധിക്കപ്പെടുകയും ചെയ്യുമെന്ന് യേശു തന്റെ ശിഷ്യൻമാരോട് രണ്ട് വ്യത്യസ്ത സന്ദർഭങ്ങളിൽ പറഞ്ഞിരുന്നു. (മർക്കോസ് 8:31; 9:31) യേശുവിന് വിശേഷാൽ പരിശോധനാകരമായിരുന്ന ഈ ഘട്ടത്തിൽ “അവൻ തൊടേണ്ടതിന് ജനം തങ്ങളുടെ ശിശുക്കളെയും അവന്റെ അടുക്കൽ കൊണ്ടുവന്നുതുടങ്ങി”യെന്ന് ബൈബിൾവിവരണം പറയുന്നു.—ലൂക്കോസ് 18:15.
2.(എ) ശിഷ്യൻമാർ ആളുകളെ തിരിച്ചുവിടാൻ ശ്രമിച്ചതെന്തുകൊണ്ടായിരിക്കാം? (ബി) യേശു ഈ സാഹചര്യത്തോട് എങ്ങനെ പ്രതികരിച്ചു?
2 ഇതിനോട് എന്ത് പ്രതികരണമുണ്ടായി? ശിഷ്യൻമാർ ജനത്തെ ശകാരിക്കുകയും അവരെ പറഞ്ഞയക്കാൻ ശ്രമിക്കുകയും ചെയ്തു. തങ്ങൾ അനാവശ്യമായ ശല്യത്തിൽനിന്നും സമ്മർദ്ദത്തിൽനിന്നും യേശുവിനെ സംരക്ഷിച്ചുകൊണ്ട് അവന് ഒരു ഉപകാരംചെയ്യുകയാണെന്നു വിശ്വസിച്ചുകൊണ്ട് അവരിതു ചെയ്തുവെന്നതിനു സംശയമില്ല. എന്നാൽ യേശു ഇങ്ങനെ പറഞ്ഞുകൊണ്ട് തന്റെ ശിഷ്യൻമാരോടു കോപിച്ചു: “‘കൊച്ചുകുട്ടികൾ എന്റെ അടുക്കൽ വരട്ടെ; അവരെ തടയാൻ ശ്രമിക്കരുത്’ . . . അവൻ കുട്ടികളെ തന്റെ ഭുജത്തിൽ എടുത്ത് അവരെ അനുഗ്രഹിച്ചുതുടങ്ങി.” (മർക്കോസ് 10:13-16) അതെ, തന്റെ മനസ്സിലും ഹൃദയത്തിലുമുണ്ടായിരുന്ന എന്തിനെയും ഗണ്യമാക്കാതെ യേശു ശിശുക്കൾക്കുവേണ്ടി സമയമെടുത്തു.
മാതാപിതാക്കൾക്ക് എന്ത് പാഠം?
3.ഈ സംഭവത്തിൽനിന്ന് മാതാപിതാക്കൻമാർ എന്തു പാഠം പഠിക്കണം?
3 മാതാപിതാക്കൾക്ക് ഇതിൽനിന്നുള്ള ഒരു പാഠം ഇതായിരിക്കണം: നിങ്ങൾക്ക് മററു കടപ്പാടുകളുണ്ടെങ്കിലും അല്ലെങ്കിൽ നിങ്ങൾ കുഴപ്പങ്ങളെ അഭിമുഖീകരിക്കുന്നുവെങ്കിലും നിങ്ങളുടെ കുട്ടികളോടൊത്ത് സമയംചെലവഴിക്കുന്നതിന് മുൻഗണന കൊടുക്കേണ്ടതുണ്ട്. ഒരുമിച്ചു ചെലവഴിക്കുന്ന സമയം നിങ്ങളുടെ കുട്ടികളുടെ ഹൃദയങ്ങളെ കാത്തുരക്ഷിക്കുന്നതും അവരെ ശരിയായ മാർഗ്ഗത്തിൽ നിർത്തുന്നതുമായ ആത്മീയമൂല്യങ്ങൾ ഉദ്ബോധിപ്പിക്കുന്നതിന് നിങ്ങളെ അനുവദിക്കും. (ആവർത്തനം 6:4-9; സദൃശവാക്യങ്ങൾ 4:23-27) യഥാക്രമം തിമൊഥെയോസിന്റെ അമ്മയും വല്യമ്മയുമായിരുന്ന യൂനിക്കയും ലോവീസും അവന്റെ കൊച്ചു ഹൃദയത്തെ സ്പർശിച്ചതും അവന്റെ ജീവിതത്തെ രൂപപ്പെടുത്തിയതുമായ പ്രബോധനം കൊടുക്കാൻ സമയമെടുത്തു. തന്നിമിത്തം അവൻ ദൈവത്തിന്റെ ഒരു അർപ്പിതദാസനായി വളർന്നുവന്നു.—2 തിമൊഥെയോസ് 1:5; 3:15.
4.കുട്ടികൾ എത്ര വിലപ്പെട്ടവരാണ്, അവരെ തങ്ങൾ വിലമതിക്കുന്നുവെന്ന് മാതാപിതാക്കൾ എങ്ങനെ പ്രകടമാക്കണം?
4 ക്രിസ്തീയമാതാപിതാക്കൾക്ക് യഹോവയാം ദൈവം കൊടുത്തിരിക്കുന്ന കുട്ടികളെ അവർക്ക് അവഗണിക്കാവുന്നതല്ല. അതെ, കുട്ടികൾ യഹോവയിൽനിന്നുള്ള വിലയേറിയ ഒരു ദാനമാണ്. (സങ്കീർത്തനം 127:3) അതുകൊണ്ട് അവരോടൊത്ത് സമയം ചെലവഴിക്കുക—അവരുടെ ഹൃദയങ്ങളിലേക്കിറങ്ങിച്ചെല്ലുക, തിമൊഥെയോസിന്റെ അമ്മയും വല്യമ്മയും മാതൃക വെച്ചതുപോലെതന്നെ. നിങ്ങൾ നിങ്ങളുടെ കുട്ടികളോട് അവരുടെ നടത്തയെക്കുറിച്ച് സംസാരിച്ചുകൊണ്ടും അവർക്കു ശിക്ഷണംകൊടുത്തുകൊണ്ടും സമയം ചെലവഴിക്കണമെന്നു മാത്രമല്ല, നിങ്ങൾ അവരോടൊത്ത് ഭക്ഷണംകഴിക്കയും അവരോടൊത്തു വായിക്കുകയും അവരോടൊത്തു കളിക്കുകയും രാത്രിയിൽ കിടക്കാൻ ഒരുങ്ങുന്നതിന് അവരെ സഹായിക്കുകയും ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ കുട്ടികളോടൊത്തു ചെലവഴിക്കുന്ന ഈ സമയമെല്ലാം മർമ്മപ്രധാനമാണ്.
5.തന്റെ പിതൃത്വ ഉത്തരവാദിത്വങ്ങളോടു വിലമതിപ്പു കാണിച്ച ഒരു ദൃഷ്ടാന്തം നൽകുക.
5 യഹോവയുടെ സാക്ഷികളിലൊരാളായിത്തീർന്ന ഒരു ജാപ്പനീസ് വ്യാപാരി ഈ വസ്തുത തിരിച്ചറിഞ്ഞു. “ഉന്നത ജെ. എൻ. ആർ. കാര്യനിർവ്വാഹക ഉദ്യോഗസ്ഥൻ കുടുംബത്തോടൊത്തായിരിക്കാൻ ജോലി വിടുന്നു” എന്ന ശീർഷകത്തിൻകീഴിൽ 1986 ഫെബ്രുവരി 10-ലെ മെയ്നിച്ചി ഡെയ്ലി ന്യൂസ് ഇങ്ങനെ റിപ്പോർട്ടുചെയ്തു: “ജാപ്പനീസ് നാഷനൽ റയിൽവേയുടെ (ജെ. എൻ. ആർ) ഒരു ഉന്നത കാര്യനിർവഹണ ഉദ്യോഗസ്ഥൻ തന്റെ കുടുംബത്തിൽനിന്നുള്ള വേർപാടിനു പകരം രാജിയെ തെരഞ്ഞെടുത്തു . . . എന്ന് ററമുറാ പറയുന്നു, ‘ഡയറക്ടർ ജനറലിന്റെ ജോലി ആർക്കും സ്വീകരിക്കാം. എന്നാൽ ഞാൻ എന്റെ കുട്ടികളുടെ ഏക പിതാവാണ്.’” നിങ്ങൾ നിങ്ങളുടെ പിതൃത്വ ഉത്തരവാദിത്വങ്ങൾ ഇത്ര ഗൗരവത്തോടെ സ്വീകരിക്കുന്നുവോ?
ഇപ്പോൾ പ്രത്യേകശ്രമം ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
6.ഇക്കാലത്ത് മക്കളെ ശരിയായി വളർത്തുന്നത് വളരെ പ്രയാസമായിരിക്കുന്നതെന്തുകൊണ്ട്?
6 മനുഷ്യചരിത്രത്തിൽ മുമ്പൊരിക്കലും ദൈവവചനം ഉദ്ബോധിപ്പിക്കുന്ന വിധത്തിൽ “യഹോവയുടെ ശിക്ഷണത്തിലും മാനസികക്രമവൽക്കരണത്തിലും” മക്കളെ വളർത്തുന്നത് ഇത്ര പ്രയാസമായിത്തീർന്നിരിക്കാനിടയില്ല. (എഫേസ്യർ 6:4) നാം “അന്ത്യനാളുകളിൽ” ജീവിക്കുന്നുവെന്നതാണ് ഇതിന്റെ കാരണം, സാത്താനും അവന്റെ ഭൂതങ്ങൾക്കും അൽപ്പകാലം മാത്രമേ ഉള്ളുവെന്നറിഞ്ഞുകൊണ്ട് കുപിതരായിരിക്കുന്നതിനാൽ അവർ വലിയ ദുരിതം വരുത്തിക്കൊണ്ടിരിക്കുകയാണ്. (2 തിമൊഥെയോസ് 3:1-5; വെളിപ്പാട് 12:7-12) അങ്ങനെ തങ്ങളുടെ മക്കളെ ദൈവികവിധത്തിൽ വളർത്താനുള്ള മാതാപിതാക്കളുടെ ശ്രമങ്ങളെ സാത്താന്റെ അധികാരത്തിലുള്ള പ്രതികാത്മക “വായു” തകിടം മറിക്കുകയാണ്. ആ “വായു” അഥവാ സ്വാർത്ഥതയുടെയും അനുസരണക്കേടിന്റെയും ആത്മാവ് നാം ശ്വസിക്കുന്ന അക്ഷരീയ വായു പോലെ വ്യാപകമാണ്.—എഫേസ്യർ 2:2.
7, 8.(എ) റെറലിവിഷന് വീട്ടിലേക്ക് എന്തിനെ ആനയിക്കാൻകഴിയും, എന്നിരുന്നാലും അനേകം മാതാപിതാക്കൾ എന്തു ചെയ്യുന്നു? (ബി) റെറലിവിഷനെ ഒരു ആയ ആയി ഉപയോഗിക്കുന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്വത്തിന്റെ ഒരു പരിതാപകരമായ അവഗണനയായിരിക്കുന്നതെന്തുകൊണ്ട്?
7 വിശേഷിച്ച് റെറലിവിഷൻ ഈ “ലോകത്തിന്റെ ആത്മാവിനെ,” ഈ വിഷ“വായു”വിനെ, വീട്ടിലേക്കെത്തിക്കുകയാണ്. (1 കൊരിന്ത്യർ 2:12) യഥാർത്ഥത്തിൽ റെറലിവിഷനിൽ പ്രത്യക്ഷപ്പെടുന്നതിനെ വിനോദമണ്ഡലത്തിലെ ശക്തവും അസാൻമാർഗ്ഗികവുമായ ഒരു സ്വവർഗ്ഗരതിവിഭാഗം മിക്കപ്പോഴും സ്വാധീനിക്കുന്നുണ്ട്. (റോമർ 1:24-32) നിങ്ങളുടെ കുട്ടികൾ അക്ഷരീയ വായുമലിനീകരണത്തിനെന്നപോലെ, അവതരിപ്പിക്കപ്പെടുന്ന ഭക്തികെട്ട ചിന്തക്കും ധാർമ്മികമാലിന്യത്തിനും വിശേഷാൽ വശംവദരാണ്. എന്നാൽ അനേകം മാതാപിതാക്കൾ എന്താണ് ചെയ്യുന്നത്?
8 അവർ റെറലിവിഷനെ ഒരു ആയ ആയി ഉപയോഗിക്കുന്നു. “മോനേ, ഇപ്പോൾ വേണ്ട. എനിക്ക് സമയമില്ല. പോയി റെറലിവിഷൻ കണ്ടുകൊള്ളുക” എന്ന് അവർ കുട്ടികളോടു പറയുന്നു. ഇവയാണ് “അനേകം അമേരിക്കൻ ഭവനങ്ങളിൽ ഒട്ടുമിക്കപ്പോഴും പറയപ്പെടുന്ന വാക്കുകൾ” എന്ന് ഒരു പ്രമുഖ റെറലിവിഷൻ പ്രക്ഷേപകൻ പറയുന്നു. എന്നിരുന്നാലും റെറലിവിഷനിൽ എന്തും കാണാൻ കുട്ടികളെ അയക്കുന്നത് ഫലത്തിൽ അവരെ കയറൂരി വിടുകയാണ്. (സദൃശവാക്യങ്ങൾ 29:15) അത് മാതാപിതാക്കളുടെ ഉത്തരവാദിത്വത്തിന്റെ പരിതാപകരമായ അവഗണനയാണ്. മക്കളെ വളർത്തുന്നതുസംബന്ധിച്ച് ഈ പ്രക്ഷേപകൻ പറഞ്ഞതുപോലെ: “മാതാപിതാക്കളായിരിക്കുന്നത് സമയമെടുക്കുന്ന ഒരു വലിയ ഉത്തരവാദിത്തമാണ്, അത് മററാരെയും ഏൽപ്പിക്കാവുന്നതല്ല, തീർച്ചയായും റെറലിവിഷൻ സെററിനെ ഏൽപ്പിക്കാവുന്നതല്ല.”
9.കുട്ടികൾക്ക് വിശേഷാൽ ഏത് മലിനീകരണത്തിൽനിന്ന് സംരക്ഷണം ആവശ്യമാണ്?
9 എന്നിരുന്നാലും, നാം ജീവിക്കുന്ന കാലത്തിന്റെ സമ്മർദ്ദംനിമിത്തം, ശിഷ്യൻമാർ ചെയ്തതുപോലെ കൂടുതൽ പ്രധാനപ്പെട്ടതെന്നു വിചാരിക്കുന്ന കാര്യത്തിൽ നിങ്ങൾക്ക് ശ്രദ്ധിക്കാൻ കഴിയുന്നതിന് കുട്ടികളെ പറഞ്ഞുവിടാൻ നിങ്ങൾ ചായ്വുള്ളവരായിരുന്നേക്കാം. എന്നാൽ നിങ്ങളുടെ സ്വന്തം കുട്ടികളെക്കാൾ പ്രധാനപ്പെട്ടവരായി എന്തുണ്ട്? അവരുടെ ആത്മീയ ജീവിതം അപകടത്തിലാണ്! 1986-ൽ സോവ്യററ് യൂണിയനിൽ ചെർനോബിൽ ന്യൂക്ലിയർ അപകടം സംഭവിച്ചപ്പോൾ കുട്ടികളെ മലിനീകരണത്തിൽനിന്ന് സംരക്ഷിക്കുന്നതിന് അവരെ അവിടെനിന്ന് മാററിയ കാര്യം നിങ്ങൾ ഓർക്കുന്നുണ്ടായിരിക്കും. അതുപോലെതന്നെ, നിങ്ങൾ നിങ്ങളുടെ ആത്മീയ ആരോഗ്യം കാത്തുസൂക്ഷിക്കാനാഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ അവരെ ലോകത്തിലെ വിഷ “വായു”വിൽനിന്ന് സംരക്ഷിക്കേണ്ട ആവശ്യമുണ്ട്, അതാണ് മിക്കപ്പോഴും റെറലിവിഷൻ സെററിൽനിന്ന് പുറത്തു വരുന്നത്.—സദൃശവാക്യങ്ങൾ 13:20.
10.വേറെ ഏത് വിഷവായുവിന്റെ ഉറവുകൾ കുട്ടികൾക്ക് ഒരു അപകടമാണ്, ഏത് ബൈബിൾദൃഷ്ടാന്തം ഇത് വിശദമാക്കുന്നു?
10 എന്നിരുന്നാലും, ധാർമ്മികമൂല്യങ്ങളെ നശിപ്പിക്കാനും ഇളം മനസ്സുകളെ കഠിനപ്പെടുത്താനും കഴിയുന്ന വിഷ “വായു”വിന്റെ മററ് ഉറവുകളുണ്ട്. അയൽവക്കത്തും സ്കൂളിലുമുള്ള കുട്ടികളുമായുള്ള അനുചിതമായ സഹവാസത്തിനും ഇളംഹൃദയങ്ങളിൽ നട്ടിരിക്കുന്ന ബൈബിൾസത്യങ്ങളെ പുറന്തള്ളാൻകഴിയും. (1 കൊരിന്ത്യർ 15:33) യാക്കോബിന്റെ ഇളയ പുത്രിയായിരുന്ന ദീനായിൽനിന്ന് ഒരു പാഠം സ്വീകരിക്കാൻകഴിയും. അവൾ “ദേശത്തിലെ പുത്രിമാരെ കാണാൻ പോകുക പതിവായിരുന്നു.” തൽഫലമായി, ചെറുപ്പക്കാരിലൊരാളാൽ അവൾ ബലാൽസംഗം ചെയ്യപ്പെട്ടു. (ഉൽപ്പത്തി 34:1, 2) കുട്ടികൾ അന്നത്തേതിലും അധഃപതിച്ച ഇന്നത്തെ ലോകത്തിലെ ധാർമ്മിക കെണികളെ ഒഴിവാക്കാൻ നന്നായി പ്രബോധിപ്പിക്കപ്പെടുകയും പരിശീലിപ്പിക്കപ്പെടുകയുംചെയ്യേണ്ടതുണ്ട്.
ശൈശവംമുതൽ പരിശീലിപ്പി ക്കേണ്ടതെന്തുകൊണ്ട്?
11.(എ) മാതാപിതാക്കളാലുള്ള പരിശീലനം എപ്പോൾ തുടങ്ങണം? (ബി) ഏതു നല്ല ഫലങ്ങൾ പ്രതീക്ഷിക്കാൻ കഴിയും?
11 എന്നാൽ മാതാപിതാക്കളാലുള്ള പരിശീലനം എപ്പോൾ തുടങ്ങണം? തിമൊഥെയോസിന് “ശൈശവം മുതൽ” പരിശീലനം കിട്ടിയെന്ന് ബൈബിൾ പറയുന്നു. (2 തിമൊഥെയോസ് 3:15) ഇവിടത്തെ ഗ്രീക്ക്പദമായ ബ്രെഫോസ് ലൂക്കോസ് 1:41, 44-ലേതുപോലെ, മിക്കപ്പോഴും ഒരു അജാതശിശുവിന്റെ കാര്യത്തിലുപയോഗിക്കപ്പെടുന്നുവെന്നത് താത്പര്യജനകമാണ്. അവിടെ ശിശുവായിരുന്ന യോഹന്നാൻ അവന്റെ അമ്മയുടെ ഗർഭാശയത്തിൽ തുള്ളിയതായി പറയപ്പെട്ടു. എന്നാൽ മോശ ജനിച്ച കാലത്ത് ഈജിപ്ററിൽ ജീവനു ഭീഷണിയുണ്ടായ നവജാത യിസ്രായേല്യശിശുക്കളുടെ കാര്യത്തിലും ബ്രെഫോസ് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. (പ്രവൃത്തികൾ 7:19, 20) തിമൊഥെയോസിന്റെ കാര്യത്തിൽ, ആ വാക്ക് കേവലം ഒരു കുഞ്ഞിനെ അഥവാ ശിശുവിനെ വ്യക്തമായി പരാമർശിക്കുന്നു, കേവലം ഒരു കൊച്ചുകുട്ടിയെ അല്ല. തിമൊഥെയോസ് ഒരു ശിശുമാത്രമായിരുന്ന കാലം മുതൽ, അവന് ഓർമ്മ വെച്ച കാലം മുതൽ, വിശുദ്ധതിരുവെഴുത്തുകളിൽനിന്നുള്ള പ്രബോധനം അവനു ലഭിച്ചിരുന്നു. എന്തു നല്ല ഫലങ്ങളാണുണ്ടായത്! (ഫിലിപ്യർ 2:19-22) എന്നിരുന്നാലും നവജാതശിശുക്കൾക്ക് അത്തരം പ്രാരംഭപഠിപ്പിക്കലിൽനിന്ന് യഥാർത്ഥത്തിൽ പ്രയോജനം കിട്ടുമോ?
12.(എ) ശിശുക്കൾ എപ്പോൾ ധാരണകളും വിവരങ്ങളും ആഗിരണം ചെയ്തുതുടങ്ങിയേക്കാം? (ബി) മാതാപിതാക്കൻമാർ എപ്പോൾ, എങ്ങനെ തങ്ങളുടെ മക്കൾക്ക് ആത്മീയപ്രബോധനം കൊടുത്തു തുടങ്ങണം?
12 “മുഴു മനഃശാസ്ത്രമണ്ഡലത്തിലെയും അത്യന്തം ആവേശകരമായ വികാസങ്ങളിലൊന്ന് ശിശുവിന്റെ വലിയ പഠനപ്രാപ്തിയെക്കുറിച്ചുള്ള നമ്മുടെ പുതിയ ഗ്രാഹ്യമാണ്” എന്ന് 1984-ൽ യേൽ യൂണിവേഴ്സിററിയിലെ ഒരു പ്രൊഫസ്സറായ ഡോ. എഡ്വേർഡ് സിഗ്ലർ റിപ്പോർട്ടുചെയ്തു. യഥാർത്ഥത്തിൽ ഹെൽത്ത് മാസിക പറയുന്നു: “ഗർഭസ്ഥശിശുക്കൾക്ക് അപ്പോഴും കാണാനും കേൾക്കാനും രുചിക്കാനും—വികാരങ്ങൾ ‘അനുഭവിക്കാനും’ കഴിഞ്ഞേക്കും എന്ന് പുതിയ ഗവേഷണം സൂചിപ്പിക്കുന്നു.” തെളിവനുസരിച്ച്, മാതാപിതാക്കൾ തങ്ങളുടെ കുട്ടിയെ പ്രബോധിപ്പിക്കാൻ എത്ര നേരത്തെ തുടങ്ങിയാലും അത് വളരെ നേരത്തെ ആയിരിക്കയില്ല. (ആവർത്തനം 31:12) തങ്ങളുടെ കുട്ടികളെ പുസ്തകങ്ങളിൽനിന്നുള്ള ചിത്രങ്ങൾ കാണിച്ചും കഥകൾ പറഞ്ഞുകേൾപ്പിച്ചുംകൊണ്ട് അവർക്ക് തുടങ്ങാവുന്നതാണ്. കിൻറർഗാർട്ടൻ വളരെ താമസിക്കുന്നു എന്ന പുസ്തകത്തിൽ “ജനനം മുതൽ മൂന്നു വയസ്സുവരെയുള്ള വർഷങ്ങളാണ് നിർണ്ണായകവർഷങ്ങൾ” എന്ന് മസാറു ഇബുക്ക പറയുന്നു. കാരണം ഇളംമനസ്സ് വിശേഷാൽ വിവരങ്ങൾ അനായാസം ആഗിരണം ചെയ്യുന്നതും രൂപപ്പെടുത്താവുന്നതുമാണ്. അതിന്റെ തെളിവാണ് ഒരു ശിശു പെട്ടെന്ന് ഒരു ഭാഷ വശമാക്കുന്നത്. “മാതാപിതാക്കൾ ശിശുക്കളെ ആശുപത്രിയിൽനിന്ന് വീട്ടിൽ കൊണ്ടുവരുന്ന നിമിഷം മുതൽ അവരെ വായിക്കാൻ പഠിപ്പിക്കേണ്ടതാണ്” എന്നുപോലും ന്യൂയോർക്ക് യൂണിവേഴ്സിററിയിലെ ഒരു പ്രാരംഭ ശൈശവവിദ്യാഭ്യാസ പ്രൊഫസ്സർ പറയുകയുണ്ടായി!
13.പഠിക്കാനുള്ള ശിശുക്കളുടെ പ്രാപ്തിയെ വിശദമാക്കുന്നതെന്ത്?
13 പഠിക്കാനുള്ള തന്റെ കുട്ടിയുടെ പ്രാപ്തിയെക്കുറിച്ച് കാനഡായിൽനിന്നുള്ള ഒരു മാതാവ് എഴുതുന്നു: “ഒരു ദിവസം ഞാൻ നാലര വയസ്സുള്ള എന്റെ പുത്രൻ ഷാണിനെ എന്റെ ബൈബിൾകഥാപുസ്തകത്തിൽനിന്ന് ഒരു കഥ വായിച്ചുകേൾപ്പിക്കുകയായിരുന്നു. ഞാൻ ഒരു ഘട്ടത്തിൽ നിർത്തിയപ്പോൾ അവൻ ബൈബിൾകഥാ പുസ്തകത്തിൽ കാണുന്ന പ്രകാരം പദാനുപദം കഥ തുടർന്നുപറഞ്ഞുതുടങ്ങിയപ്പോൾ ഞാൻ അതിശയിച്ചുപോയി. . . . ഞാൻ മറെറാന്നും, പിന്നീടു മറെറാന്നും പരീക്ഷിച്ചു, അവൻ എല്ലാം ഓർമ്മയിൽ വെച്ചിരുന്നു. . . . യഥാർത്ഥത്തിൽ അവൻ സ്ഥലങ്ങളുടെയും ആളുകളുടെയും പ്രയാസമുള്ള പേരുകൾ ഉൾപ്പെടെ ആദ്യത്തെ 33 കഥകൾ പദാനുപദം മനഃപാഠമാക്കിയിരിക്കുന്നു.”a
14.(എ) ശിശുക്കളുടെ നേട്ടങ്ങളിൽ ആർ അത്ഭുതപ്പെടുന്നില്ല? (ബി) ക്രിസ്തീയമാതാപിതാക്കളുടെ ലക്ഷ്യം എന്തായിരിക്കണം? (സി) കുട്ടികളെ എന്തിന് ഒരുക്കേണ്ട ആവശ്യമുണ്ട്, എന്തുകൊണ്ട്?
14 പഠിക്കാനുള്ള ശിശുക്കളുടെ പ്രാപ്തി സുപരിചിതമായവർ അങ്ങനെയുള്ള അഭ്യാസങ്ങളിൽ അതിശയിച്ചുപോകുന്നില്ല. “നാം കുട്ടികൾക്കു പകരം ശിശുക്കളെ പഠിപ്പിക്കുകയാണെങ്കിൽ ലോകത്തിന് ഐൻസ്ററിൻ, ഷെയിക്സ്പിയർ, ബീഥോവൻ, ലേണാർഡോ ഡാവിഞ്ചി എന്നിവരെപ്പോലെയുള്ള ബുദ്ധിരാക്ഷസൻമാരെക്കൊണ്ടു നിറയാൻകഴിയും” എന്ന് മനുഷ്യസാദ്ധ്യതയുടെ നേട്ടത്തിനുവേണ്ടിയുള്ള ഇൻസ്ററിററ്യൂട്ടിന്റെ ഡയറക്ടറായ ഡോ. ഗ്ലെൻ ഡോമൻ അവകാശപ്പെടുന്നു. തീർച്ചയായും ക്രിസ്തീയ മാതാപിതാക്കൻമാരുടെ ലക്ഷ്യം ബുദ്ധിരാക്ഷസൻമാരെ ഉളവാക്കുകയെന്നതല്ല, പിന്നെയൊ, കുട്ടികൾ ദൈവത്തെ സേവിക്കുന്നതിൽനിന്ന് ഒരിക്കലും വിട്ടുമാറാത്തവിധം അവരുടെ ഹൃദയങ്ങളിലേക്കിറങ്ങിച്ചെല്ലുകയെന്നതാണ്. (സദൃശവാക്യങ്ങൾ 22:6) കുട്ടി സ്കൂളിൽ അഭിമുഖീകരിക്കുന്ന പരിശോധനകൾക്കുവേണ്ടി അവനെ ഒരുക്കുന്നതിന് അവൻ സ്കൂളിൽ ചേരുന്നതിന് ദീർഘനാൾ മുമ്പേ അത്തരം ശ്രമം ചെയ്യേണ്ടതുണ്ട്. ദൃഷ്ടാന്തമായി, കിൻറർഗാർട്ടനോ ഡേ കെയർ പരിപാടികളോ കുട്ടികൾക്കു രസമായിരിക്കാവുന്ന ജൻമദിനത്തിന്റെയും വിശേഷദിനത്തിന്റെയും പാർട്ടികളെ വിശേഷവൽക്കരിക്കുന്നു. അതുകൊണ്ട് യഹോവയുടെ ദാസൻമാർ എന്തുകൊണ്ട് പങ്കെടുക്കുന്നില്ലെന്ന് കുട്ടി മനസ്സിലാക്കേണ്ടതുണ്ട്. അതല്ലെങ്കിൽ അവൻ വളരുമ്പോൾ തന്റെ മാതാപിതാക്കളുടെ മതത്തെ വെറുത്തേക്കാം.
ഒരു കുട്ടിയുടെ ഹൃദയത്തിലേക്ക് എങ്ങനെ ഇറങ്ങിച്ചെല്ലാം
15, 16.തങ്ങളുടെ കുട്ടിയുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ തങ്ങളെ സഹായിക്കുന്നതിന് മാതാപിതാക്കൾക്ക് എന്തു ഉപയോഗിക്കാൻ കഴിയും, ഈ കരുതലുകളെ ഫലകരമായി എങ്ങനെ ഉപയോഗിക്കാൻ കഴിയും?
15 തങ്ങളുടെ കുട്ടിയുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ മാതാപിതാക്കളെ സഹായിക്കുന്നതിന് യഹോവയുടെ സാക്ഷികൾ മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ പോലെയുള്ള പ്രസിദ്ധീകരണങ്ങൾ നൽകിയിട്ടുണ്ട്. ഈ പുസ്തകം “ജൻമദിനങ്ങൾ ആഘോഷിച്ച രണ്ടു മനുഷ്യർ” എന്ന അദ്ധ്യായത്തിൽ പാർട്ടികളെ സംബന്ധിച്ചും അവ “വലിയ വിനോദമായിരിക്കാവുന്ന”തെങ്ങനെയെന്നും പറയുന്നു. എന്നിരുന്നാലും ബൈബിളിൽ പറഞ്ഞിരിക്കുന്ന വെറും രണ്ടു ജൻമദിന പാർട്ടികൾ യഹോവയെ ആരാധിക്കാഞ്ഞ പുറജാതികൾ ആഘോഷിച്ചവയാണെന്നും ഓരോ പാർട്ടിയിലും ‘ഒരാളുടെ തല വെട്ടി’യെന്നും ആ അദ്ധ്യായം വിശദീകരിക്കുന്നു. (മർക്കോസ് 6:17-29; ഉല്പത്തി 40:20-22) നിങ്ങളുടെ കുട്ടിയുടെ ഹൃദയത്തിലേക്കിറങ്ങിച്ചെല്ലാൻ നിങ്ങൾക്ക് എങ്ങനെ ഈ വിവരം ഉപയോഗിക്കാൻകഴിയും?
16 നിങ്ങൾക്ക് മഹദ്ഗുരു പുസ്തകത്തിലെ ആകർഷകമായ രീതി ഉപയോഗിച്ചുകൊണ്ട് ഇങ്ങനെ പറയാൻകഴിയും “ഇപ്പോൾ, ബൈബിളിലുള്ളതിനെല്ലാം ഒരു കാരണമുണ്ടെന്ന് നമുക്കറിയാം.” ഇനി ചോദിക്കുക: “അതുകൊണ്ട് ജൻമദിനപാർട്ടികളെ സംബന്ധിച്ച് ദൈവം എന്തു പറയുന്നുവെന്നു നീ പറയുന്നു?” അങ്ങനെ ഈ കാര്യം സംബന്ധിച്ചു ചിന്തിക്കാനും ശരിയായ നിഗമനങ്ങളിലെത്താനും നിങ്ങളുടെ കുട്ടി സഹായിക്കപ്പെടുന്നു. മഹദ്ഗുരു പുസ്തകത്തിനു പുറമേ മാതാപിതാക്കൻമാരുടെ ഉപയോഗത്തിന് മററ് സാഹിത്യവും നൽകപ്പെട്ടിട്ടുണ്ട്. അവയിൽ എന്റെ ബൈബിൾ കഥാപുസ്തകവും 1986 ജനുവരിമുതൽ വീക്ഷാഗോപുരത്തിന്റെ ഓരോ ലക്കത്തിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള “യേശുവിന്റെ ജീവിതവും ശുശ്രൂഷയും” എന്ന പരമ്പരയും ഉൾപ്പെടുന്നു. നിങ്ങളുടെ കുട്ടികളെയും നിങ്ങളെത്തന്നെയും പഠിപ്പിക്കുന്നതിന് നിങ്ങൾ ഈ ലേഖനങ്ങൾ ഉപയോഗിക്കുന്നുണ്ടായിരുന്നോ?
17.ഇവിടെ മാതാപിതാക്കൾക്ക് ഏത് പ്രായോഗികനിർദ്ദേശങ്ങൾ കൊടുക്കപ്പെടുന്നു?
17 നിങ്ങളുടെ കുട്ടിയുടെ കാര്യത്തിൽ, അവൻ സ്കൂളിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെയും സാഹചര്യങ്ങളെയും കൈകാര്യംചെയ്യുന്ന വിവരങ്ങൾ വീണ്ടും വീണ്ടും പരിചിന്തിക്കേണ്ടതുണ്ട്. നിങ്ങൾ ഇരുവരും യഹോവയോടു കണക്കുബോധിപ്പിക്കേണ്ടവരാണെന്ന് നിങ്ങളുടെ കുട്ടി അറിയട്ടെ. (റോമർ 14:12) യഹോവ നമുക്കുവേണ്ടി ചെയ്യുന്ന നല്ല കാര്യങ്ങളെ ഊന്നിപ്പറയുകയും അങ്ങനെ യഹോവയെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നതിന് കുട്ടിയുടെ കൊച്ചു ഹൃദയത്തെ പ്രേരിപ്പിക്കുകയും ചെയ്യുക. (പ്രവൃത്തികൾ 14:17) പഠനസമയങ്ങളെ ഒരു ഉല്ലാസവേളയാക്കുക. കുട്ടികൾക്ക് കഥകൾ ഇഷ്ടമാണ്. അതുകൊണ്ട് നിങ്ങളുടെ കുട്ടിയുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു സജീവവിധത്തിൽ പ്രബോധനം കൊടുക്കാൻ യഥാർത്ഥമായി ശ്രമിക്കുക. ക്രമമായി ഒന്നിച്ചു ഭക്ഷണംകഴിക്കുന്നതിൽ പരാജയപ്പെടുന്നതിനാൽ അനേകം കുടുംബങ്ങൾക്ക് അങ്ങനെയുള്ള അത്ഭുതകരമായ അവസരം നഷ്ടമാകുന്നു. നിങ്ങൾ ഒരു കുടുംബമെന്ന നിലയിൽ ഒന്നിച്ചു ഭക്ഷണംകഴിക്കുന്നുവോ? ഇല്ലെങ്കിൽ ആ സ്ഥിതിവിശേഷത്തെ തിരുത്താൻ നിങ്ങൾക്കു കഴിയുമോ?—പ്രവൃത്തികൾ 2:42, 46, 47 എന്നിവ താരതമ്യപ്പെടുത്തുക.
18, 19.(എ) മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നതിന് എങ്ങനെ പട്ടിക ഉണ്ടാക്കണം, എന്തിനെ ഊന്നിപ്പറയുന്നത് അധികമാകുകയില്ല? (ബി മാതാപിതാക്കളാലുള്ള പരിശീലനത്തിന്റെ ഒരു ആധുനികദൃഷ്ടാന്തത്തിന്റെ ഏതു വശങ്ങൾ നിങ്ങളിൽ മതിപ്പുളവാക്കുന്നു, ഒരു പിതാവ് അവ ഉപയോഗിക്കുകയാണെങ്കിൽ എന്തു ഫലമുണ്ടാകുമെന്ന് നിങ്ങൾ വിശ്വസിക്കുന്നു?
18 പഠനസമയം കുട്ടിയുടെ പ്രായത്തിനു തക്കപോലെ ക്രമീകരിക്കേണ്ടതാണ്. അതുകൊണ്ട് ശ്രദ്ധാദൈർഘ്യം കുറവുള്ള ഒരു ശിശുവിനുവേണ്ടി ദിനന്തോറും പല ഹ്രസ്വ സന്ദർഭങ്ങൾ ക്രമീകരിക്കുക. പിന്നീട് പടിപടിയായി അവയെ ദീർഘിപ്പിക്കുകയും ഉള്ളടക്കത്തെ വികസിപ്പിക്കുകയുംചെയ്യുക. നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കുന്നതിന് ക്രമമായ സമയങ്ങളുണ്ടായിരിക്കുന്നതിന്റെ പ്രാധാന്യം എത്ര ഊന്നിപ്പറഞ്ഞാലും അധികമാകുകയില്ല. (ഉൽപ്പത്തി 18:19; ആവർത്തനം 11:18-21) ഇപ്പോൾ എഴുപതുകളിലായിരിക്കുന്ന ഒരു പിതാവ് തന്റെ പുത്രനെ വളർത്തുന്നതിൽ നല്ല മാതൃക വെച്ചു. അവൻ ഇപ്പോൾ ഒരു മൂപ്പനാണ്. വർഷങ്ങൾക്കുമുമ്പ് അയാൾ തന്റെ പരിപാടി വർണ്ണിച്ചുകൊണ്ട് ഇങ്ങനെ വിശദീകരിച്ചു:
19 “ഞങ്ങളുടെ കുട്ടിക്ക് ഒരു വയസ്സുണ്ടായിരുന്നപ്പോൾ കിടക്കാൻനേരത്ത് ഞാൻ അവനോട് ഒരു വ്യക്തമായ ധാരണ ഉണ്ടാകത്തക്കവണ്ണം നിറം പകർന്ന് വികസിപ്പിച്ച് ബൈബിൾ കഥകൾ പറഞ്ഞുതുടങ്ങി. അവൻ രണ്ടാം വയസ്സിൽ സംസാരിക്കാൻ തുടങ്ങിയ ഉടനെ ഞങ്ങൾ അവന്റെ കിടക്കക്കരികിൽ മുട്ടുകുത്തി ‘കർത്താവിന്റെ പ്രാർത്ഥന’ പദാനുപദം അവനെക്കൊണ്ട് എന്റെ പിന്നാലെ ആവർത്തിപ്പിക്കുമായിരുന്നു. . . . അവനു മൂന്നു വയസ്സായപ്പോൾ ഞാൻ അവനുമായി ഒരു നിരന്തര ബൈബിളദ്ധ്യയനം തുടങ്ങി . . . അവൻ അവന്റെ പുസ്തകത്തിൽ ഞാൻ പറയുന്നതുകേട്ട് വാക്കുകൾ ആവർത്തിക്കുമായിരുന്നു. അങ്ങനെ അവൻ വാക്കുകൾ നന്നായി ഉച്ചരിക്കാനിടയാകുകയും വലിയ വാക്കുകൾ പോലും വ്യക്തമായി പറയാൻ പഠിക്കുകയുംചെയ്തു. . . . അവന്റെ ഹൃദയത്തിലേക്ക് ബൈബിൾസത്യങ്ങൾ ആണ്ടിറങ്ങാൻ സഹായിക്കുന്നതിന് അവന് മൂന്നു വയസ്സുണ്ടായിരുന്നപ്പോൾ അവനെക്കൊണ്ട് ലളിതമായ ബൈബിൾ വാക്യങ്ങൾ മനഃപാഠമാക്കിച്ചു. അവൻ കിൻറർഗാർട്ടനിൽ ചേർന്നപ്പോഴേക്ക് അവന് ഏതാണ്ട് മുപ്പതു വാക്യങ്ങൾ അറിയാമായിരുന്നു. കഴിഞ്ഞ സെപ്ററംബറിൽ അവൻ ഒന്നാം ഗ്രേഡിൽ ചേർന്നപ്പോൾ അവന് എഴുപതു വാക്യങ്ങൾ ഓർമ്മയിലുണ്ടായിരുന്നു. . . . ഞങ്ങളുടെ കുട്ടി കിടക്കാൻ പോകുന്നതിനുമുമ്പ് ഞാൻ അവനെക്കൊണ്ട് ചില തിരുവെഴുത്തുകൾ ആവർത്തിപ്പിക്കുമായിരുന്നു. അതുപോലെതന്നെ അവൻ രാവിലെ എഴുന്നേൽക്കുമ്പോൾ മിക്കപ്പോഴും അന്നത്തേക്കുള്ള അവന്റെ അഭിവാദനങ്ങളുടെ ഭാഗമായി അവൻ ചുരുക്കംചില ബൈബിൾവാക്യങ്ങൾ ഉരുവിടുന്നു.”
20.ഒരു പഠിപ്പിക്കൽ പരിപാടിയിൽ എന്തുൾപ്പെടുത്തണം, ഒരു കുട്ടിക്ക് വീടുതോറുമുള്ള ശുശ്രൂഷ എങ്ങനെ ആസ്വദിക്കാൻകഴിയും?
20 അങ്ങനെയുള്ള ഒരു ക്രമാനുഗത പഠിപ്പിക്കൽപരിപാടിയും ഒപ്പം ഉചിതമായ മാതാപിതാക്കളുടെ ദൃഷ്ടാന്തവും പൊരുത്തമുള്ള ശിക്ഷണത്തിന്റെ ബാധകമാക്കലും അവന് ഇട്ടുകൊടുക്കുന്ന ജീവിതാരംഭത്തിന് അവൻ എക്കാലവും നന്ദിയുള്ളവനായിരിക്കും. (സദൃശവാക്യങ്ങൾ 22:15; 23:13, 14) പരിപാടിയുടെ മർമ്മപ്രധാനമായ ഒരു ഭാഗം ഇളംപ്രായം മുതലുള്ള പരസ്യശുശ്രൂഷയുടെ പരിശീലനമായിരിക്കണം. ഒരു അർത്ഥവത്തായ പങ്കു വഹിക്കാൻ നിങ്ങളുടെ കുട്ടിയെ ഒരുക്കിക്കൊണ്ട് അത് ഉല്ലാസപ്രദമായ ഒരു അനുഭവമാക്കിത്തീർക്കുക. മേൽപറഞ്ഞ പിതാവ് തന്റെ പുത്രനെസംബന്ധിച്ച് കൂടുതലായി ഇങ്ങനെ പറഞ്ഞു: “തിരുവെഴുത്തുകൾ ഉദ്ധരിക്കാനുള്ള അവന്റെ പ്രാപ്തി അവനെ വീടുതോറുമുള്ള ശുശ്രൂഷയിൽ വളരെ ഫലപ്രദനാക്കുന്നു. കാരണം അനേകം വീട്ടുകാർ അത്ഭുതപ്പെടുകയും അവൻ സമർപ്പിക്കുന്ന ബൈബിൾമാസികകൾ നിരസിക്കാൻ കഴിയാത്തവരായിത്തീരുകയും ചെയ്യുന്നു. അവന് മൂന്നു വയസ്സായിരുന്നപ്പോൾ മുതൽ അവൻ ഈ ക്രിസ്തീയശുശ്രൂഷയിൽ പങ്കെടുത്തിരിക്കുന്നു. ഇപ്പോൾ [6-ാം വയസ്സിൽ] ബൈബിൾ സാഹിത്യം ആളുകൾക്കു സമർപ്പിക്കുന്നതിൽ എന്റെ ഭാര്യയെയും എന്നെയുംകാൾ ഫലപ്രദനുമാണ്.”—എവേക്ക് ജനുവരി 22, 1965, പേജ് 3-4.
21.(എ) മാതാപിതാക്കൾക്ക് തങ്ങളുടെ മക്കൾക്ക് കൊടുക്കാൻകഴിയുന്ന അതിമഹത്തായ ദാനമെന്താണ്? (ബി മാതാപിതാക്കൾക്ക് ഏത് ബുദ്ധിയുപദേശം കൊടുക്കപ്പെടുന്നു, കൊച്ചുകുട്ടികളുള്ള മാതാപിതാക്കൾക്കെല്ലാം എന്തുണ്ടായിരിക്കണം?
21 സത്യമായി, ക്രിസ്തീയമാതാപിതാക്കൾക്ക് തങ്ങളുടെ മക്കൾക്ക് വിട്ടേക്കാൻ യഹോവയെക്കുറിച്ചുള്ള പരിജ്ഞാനമാകുന്ന അത്ഭുതകരമായ ഒരു അവകാശമുണ്ട്, അതോടൊപ്പം മഹത്തായ പുതിയ ലോകത്തിലെ അനന്തജീവന്റെയും സമാധാനത്തിന്റെയും സന്തുഷ്ടിയുടെയും പ്രതീക്ഷകളും. (സദൃശവാക്യങ്ങൾ 3:1-6, 13-18; 13:22) എല്ലാററിനുമുപരിയായി, ആ മഹത്തായ ഭാവിയുടെ യാഥാർത്ഥ്യത്തിലുള്ള വിശ്വാസവും യഹോവയെ സേവിക്കാനുള്ള ആഗ്രഹവും നിങ്ങളുടെ കുഞ്ഞുങ്ങളുടെ ഹൃദയങ്ങളിൽ കെട്ടുപണി ചെയ്യുക. സത്യാരാധനയെ അവർക്ക് സ്വാഭാവികവും സന്തുഷ്ടവുമായ ഒരു അനുഭവമാക്കുക. (1 തിമൊഥെയോസ് 1:11) ശൈശവംമുതൽ യഹോവയിലുള്ള ആശ്രയം പഠിപ്പിക്കുക. അവരുമായുള്ള നിരന്തര പഠനസമയങ്ങളെ ഒരിക്കലും അവഗണിക്കരുത്! നിങ്ങളുടെ കുട്ടികൾക്ക് ഏത് വിവരങ്ങൾ ആവശ്യമുണ്ടെന്നും അതുമായി അവരുടെ ഹൃദയത്തിലേക്ക് ഏററം നന്നായി എങ്ങനെ ഇറങ്ങിച്ചെല്ലാമെന്നും തുടർച്ചയായി പുനഃപരിശോധിച്ചുകൊണ്ട് അവക്ക് ഏററം ഉയർന്ന മുൻഗണന കൊടുക്കുക. നിങ്ങൾ തിരക്കിലാണ്, സമ്മർദ്ദത്തിൻകീഴിലുമാണ്; സാത്താനും അവന്റെ ലോകവും അങ്ങനെയാക്കുന്നതിൽ ശ്രദ്ധിക്കുന്നു. എന്നാൽ യേശുവിന്റെ ദൃഷ്ഷാന്തം ഓർക്കുക! നിങ്ങളുടെ കുട്ടികളുമായി ക്രമമായ ഒരു അദ്ധ്യയനം നടത്താൻ പാടില്ലാത്തവണ്ണം ഒരിക്കലും അത്ര തിരക്കിലായിരിക്കരുത്! (w88 8/1)
[അടിക്കുറിപ്പുകൾ]
a അവന് വായിക്കാൻകഴിയുന്നതിന് ദീർഘനാൾ മുമ്പേ റക്കോർഡു ചെയ്ത കാസററുകൾ ശ്രദ്ധിച്ചതിനാൽമാത്രമാണ് അവൻ ആ കഥകൾ പഠിച്ചത്
നിങ്ങൾ എങ്ങനെ പ്രതിവചിക്കും?
□ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ ആവശ്യങ്ങൾക്ക് മുൻഗണന കൊടുക്കണമെന്ന് ഏത് ബൈബിൾ തെളിവ് പ്രകടമാക്കുന്നു?
□ തങ്ങളുടെ കുട്ടികളെ സംരക്ഷിക്കുന്നതിന് മാതാപിതാക്കളാലുള്ള പ്രത്യേകശ്രമങ്ങൾ ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
□ കുട്ടികളെ ശൈശവംമുതൽ പരിശീലിപ്പിക്കുന്നത് വളരെ മർമ്മപ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
□ തങ്ങളുടെ കുട്ടിയുടെ ഹൃദയത്തിലേക്കിറങ്ങിച്ചെല്ലുന്നതിന് മാതാപിതാക്കൾക്കായുള്ള ചില പ്രായോഗികനിർദ്ദേശങ്ങളേവ?
□ ക്രിസ്തീയ മാതാപിതാക്കൻമാർ ഒരിക്കലും എന്തു അവഗണിക്കരുത്?
[12-ാം പേജിലെ ചിത്രം]
മാതാപിതാക്കളാലുള്ള പരിശീലനം എത്ര നേരത്തെ തുടങ്ങുന്നതും വളരെ നേരത്തെ ആയിരിക്കയില്ല