യേശുവിനു നിങ്ങളുടെ ജീവിതത്തിന് എങ്ങനെ മാറ്റം വരുത്താനാകും?
ഏകദേശം 2,000 വർഷം മുമ്പ് പാലസ്തീനിൽ ജീവിച്ചിരുന്ന ഒരു മഹാ ഉപദേഷ്ടാവാണ് യേശുക്രിസ്തു. അവന്റെ ബാല്യകാലത്തെ കുറിച്ച് വളരെ കുറച്ചു മാത്രമേ അറിവുള്ളൂ. എങ്കിലും, ഏകദേശം 30 വയസ്സായപ്പോൾ അവൻ ‘സത്യത്തിന്നു സാക്ഷ്യം’ നൽകാനായി തന്റെ ശുശ്രൂഷ തുടങ്ങി എന്നതു സ്ഥിരീകരിക്കപ്പെട്ട സംഗതിയാണ്. (യോഹന്നാൻ 18:37; ലൂക്കൊസ് 3:21-23) തുടർന്നുവന്ന മൂന്നര വർഷത്തെ കുറിച്ചാണ് അവന്റെ ജീവിത വൃത്താന്തങ്ങൾ എഴുതിയ നാലു ശിഷ്യന്മാരും മുഖ്യമായി പ്രതിപാദിക്കുന്നത്.
തന്റെ ശുശ്രൂഷക്കാലത്ത് യേശു, ലോകത്തെ ബാധിച്ചിരിക്കുന്ന പല രോഗങ്ങൾക്കും പ്രത്യൗഷധം ആയിരിക്കാവുന്ന ഒരു കൽപ്പന ശിഷ്യന്മാർക്കു നൽകി. അത് എന്തായിരുന്നു? യേശു പറഞ്ഞു: “നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ.” (യോഹന്നാൻ 13:34) അതേ, മനുഷ്യവർഗത്തിന്റെ ഒട്ടനവധി പ്രശ്നങ്ങളുടെയും പരിഹാരമാണു സ്നേഹം. മറ്റൊരു സന്ദർഭത്തിൽ, ഏറ്റവും വലിയ കൽപ്പന ഏതാണെന്ന് ഒരാൾ യേശുവിനോടു ചോദിച്ചപ്പോൾ അവൻ ഇങ്ങനെ മറുപടി നൽകി: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന. രണ്ടാമത്തേതു അതിനോടു സമം: കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം.”—മത്തായി 22:37-40.
ദൈവത്തെയും സഹ മനുഷ്യരെയും എങ്ങനെ സ്നേഹിക്കണം എന്നു വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും യേശു പ്രകടമാക്കി. അതിന്റെ ചില ഉദാഹരണങ്ങൾ പരിചിന്തിച്ച്, അവയിൽ നിന്നു നമുക്ക് എന്തു പഠിക്കാനാകും എന്നു നോക്കാം.
അവന്റെ പഠിപ്പിക്കലുകൾ
ചരിത്രത്തിലേക്കും ഏറ്റവും വിഖ്യാതമായ ഒരു പ്രഭാഷണത്തിൽ യേശുക്രിസ്തു തന്റെ അനുഗാമികളോട് ഇങ്ങനെ പറഞ്ഞു: “രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കും കഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മററവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പററിച്ചേർന്നു മററവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും [“ധനത്തെയും,” NW] സേവിപ്പാൻ കഴികയില്ല.” (മത്തായി 6:24) പണത്തിനു സകലവിധ പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കും എന്ന് അനേകരും വിശ്വസിക്കുന്ന ഇക്കാലത്ത്, ജീവിതത്തിൽ ദൈവത്തിന് ഒന്നാം സ്ഥാനം നൽകുക എന്ന യേശുവിന്റെ പഠിപ്പിക്കൽ പ്രായോഗികമാണോ? ഉപജീവനത്തിനു പണം ആവശ്യമാണെന്നതു ശരിതന്നെ. (സഭാപ്രസംഗി 7:12) എങ്കിലും, “ധനത്തെ” യജമാനൻ ആയിരിക്കാൻ അനുവദിക്കുന്ന പക്ഷം “ദ്രവ്യാഗ്രഹം” നമ്മുടെ മുഴു ജീവിതത്തിന്മേലും അധീശത്വം പുലർത്തും. (1 തിമൊഥെയൊസ് 6:9, 10) ഈ കെണിയിൽ അകപ്പെട്ടിട്ടുള്ള അനേകർക്കും കുടുംബവും ആരോഗ്യവും ജീവൻ പോലും നഷ്ടമായിട്ടുണ്ട്.
നേരെമറിച്ച്, ദൈവത്തെ നമ്മുടെ യജമാനനായി കണക്കാക്കുന്നതു ജീവിതത്തിന് അർഥം പകരുന്നു. സ്രഷ്ടാവ് എന്ന നിലയിൽ അവനാണു ജീവന്റെ ഉറവിടം. തന്നിമിത്തം, അവൻ മാത്രമാണു നമ്മുടെ ആരാധന അർഹിക്കുന്നത്. (സങ്കീർത്തനം 36:9; വെളിപ്പാടു 4:11) അവന്റെ ഗുണങ്ങളെ കുറിച്ച് അറിഞ്ഞ് അവനെ സ്നേഹിക്കുന്നവർ അവന്റെ കൽപ്പനകൾ അനുസരിക്കാൻ പ്രേരിതരാകുന്നു. (സഭാപ്രസംഗി 12:13; 1 യോഹന്നാൻ 5:3) അങ്ങനെ ചെയ്യുന്നതിലൂടെ നമുക്കു തന്നെയാണു പ്രയോജനം ലഭിക്കുക.—യെശയ്യാവു 48:17.
ഗിരിപ്രഭാഷണത്തിൽ യേശു, സഹമനുഷ്യരോട് എങ്ങനെ സ്നേഹം പ്രകടമാക്കണം എന്നും ശിഷ്യന്മാരെ പഠിപ്പിച്ചു. അവൻ ഇങ്ങനെ പറഞ്ഞു: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്വിൻ.” (മത്തായി 7:12) യേശു ഇവിടെ ഉപയോഗിച്ച “മനുഷ്യർ” എന്ന പദത്തിൽ ശത്രുക്കളും ഉൾപ്പെടുന്നു. അതേ പ്രഭാഷണത്തിൽ, അവൻ പറഞ്ഞു: “നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ.” (മത്തായി 5:43, 44) അത്തരം സ്നേഹം ഇന്നു നാം അഭിമുഖീകരിക്കുന്ന അനേകം പ്രശ്നങ്ങളും പരിഹരിക്കുകയില്ലേ? മോഹൻദാസ് ഗാന്ധി അങ്ങനെയാണു കരുതിയത്. “ഈ ഗിരിപ്രഭാഷണത്തിൽ ക്രിസ്തു വെച്ച ഉപദേശങ്ങൾ [നാം] ഒത്തൊരുമിച്ചു പിൻപറ്റുമ്പോൾ . . . മുഴു ലോകത്തിന്റെയും പ്രശ്നങ്ങൾ നാം പരിഹരിച്ചിരിക്കും” എന്ന് അദ്ദേഹം പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നു. സ്നേഹത്തെ കുറിച്ചുള്ള യേശുവിന്റെ പഠിപ്പിക്കലുകൾ ബാധകമാക്കുന്നപക്ഷം, മനുഷ്യവർഗത്തിന്റെ പല പ്രശ്നങ്ങളും പരിഹരിക്കാനാകും.
അവന്റെ പ്രവൃത്തികൾ
യേശു, സ്നേഹം എങ്ങനെ പ്രകടിപ്പിക്കണം എന്നതു സംബന്ധിച്ചുള്ള മഹത്തായ സത്യങ്ങൾ പഠിപ്പിക്കുക മാത്രമല്ല, അവയനുസരിച്ചു പ്രവർത്തിക്കുകയും ചെയ്തു. ദൃഷ്ടാന്തത്തിന്, മറ്റുള്ളവരുടെ താത്പര്യങ്ങൾക്ക് അവൻ മുന്തിയ സ്ഥാനം നൽകി. ഒരു ദിവസം, ആളുകളെ സഹായിക്കുന്നതിന്റെ തിരക്കിൽ യേശുവിനും ശിഷ്യന്മാർക്കും ഭക്ഷണം കഴിക്കാൻ പോലും സമയം കിട്ടിയില്ല. ശിഷ്യന്മാർക്കു വിശ്രമം ആവശ്യമാണ് എന്നു തിരിച്ചറിഞ്ഞ യേശു അവരെ ഒരു ഏകാന്ത സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി. എന്നാൽ, ആ സ്ഥലത്ത് എത്തിയപ്പോൾ, ഒരു കൂട്ടം ആളുകൾ തങ്ങളെയും കാത്ത് അവിടെ നിൽക്കുന്നതാണ് അവർ കണ്ടത്. അൽപ്പം വിശ്രമം അത്യാവശ്യമാണെന്നു നിങ്ങൾക്കു തോന്നുന്ന സമയത്ത് ഒരു കൂട്ടം ആളുകൾ നിങ്ങളുടെ സഹായവും പ്രതീക്ഷിച്ച് എത്തുകയാണെങ്കിൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും? കൊള്ളാം, യേശു “അവരിൽ മനസ്സലിഞ്ഞു പലതും ഉപദേശിച്ചുതുടങ്ങി.” (മർക്കൊസ് 6:34) മറ്റുള്ളവരോടുള്ള ഇത്തരം പരിഗണന എല്ലായ്പോഴും അവരെ സഹായിക്കുന്നതിന് യേശുവിനെ പ്രേരിപ്പിച്ചു.
യേശു ജനങ്ങളെ പഠിപ്പിക്കുക മാത്രമല്ല ചെയ്തത്. അവൻ പ്രായോഗികമായ സഹായവും അവർക്കു വെച്ചുനീട്ടി. ഉദാഹരണത്തിന്, ഒരു ദിവസം വൈകും വരെ തന്റെ പ്രസംഗം കേട്ടുകൊണ്ടിരുന്ന 5,000-ത്തിലധികം ആളുകൾക്ക് അവൻ ഭക്ഷണം നൽകി. അതിനുശേഷം അധികം നാൾ കഴിയുംമുമ്പേ, മറ്റൊരു വലിയ ജനക്കൂട്ടത്തിനും—4,000-ത്തിലധികം പേർക്ക്—അവൻ ഭക്ഷണം നൽകി. മൂന്നു ദിവസമായി അവന്റെ വാക്കുകൾ കേട്ടുകൊണ്ടിരുന്ന അവരുടെ പക്കൽ ഭക്ഷണമൊന്നും അവശേഷിച്ചിരുന്നില്ല. ആദ്യ സന്ദർഭത്തിൽ അഞ്ച് അപ്പവും രണ്ടു മീനും രണ്ടാമത്തെ സന്ദർഭത്തിൽ ഏഴ് അപ്പവും ഏതാനും ചെറുമീനും ഉപയോഗിച്ചാണ് അവൻ അതു ചെയ്തത്. (മത്തായി 14:14-22; 15:32-38) അത്ഭുതങ്ങളോ? അതേ, അവൻ അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഒരുവനായിരുന്നു.
യേശു നിരവധി രോഗികളെ സൗഖ്യമാക്കി. അവൻ അന്ധരെയും മുടന്തരെയും കുഷ്ഠരോഗികളെയും ബധിരരെയും സുഖപ്പെടുത്തി. എന്തിന്, അവൻ മരിച്ചവരെ ഉയിർപ്പിക്കുക പോലും ചെയ്തു! (ലൂക്കൊസ് 7:22; യോഹന്നാൻ 11:30-45) ഒരിക്കൽ ഒരു കുഷ്ഠരോഗി അവനോടു കേണപേക്ഷിച്ചു: “നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും.” യേശു എങ്ങനെയാണു പ്രതികരിച്ചത്? ‘യേശു മനസ്സലിഞ്ഞു കൈ നീട്ടി അവനെ തൊട്ടു: മനസ്സുണ്ടു, ശുദ്ധമാക എന്നു പറഞ്ഞു.’ (മർക്കൊസ് 1:40-42) അത്തരം അത്ഭുതങ്ങളിലൂടെ യാതന അനുഭവിക്കുന്നവരോടുള്ള തന്റെ സ്നേഹം യേശു പ്രകടമാക്കി.
യേശുവിന്റെ അത്ഭുതങ്ങളിൽ വിശ്വസിക്കുക പ്രയാസമാണെന്നു നിങ്ങൾക്കു തോന്നാറുണ്ടോ? ചിലർക്ക് അങ്ങനെ തോന്നാറുണ്ട്. യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചതു പരസ്യമായിട്ടാണ് എന്ന കാര്യം ഓർക്കുക. അവനിൽ സദാ കുറ്റം കണ്ടെത്താൻ കച്ചകെട്ടി ഇറങ്ങിയ അവന്റെ എതിരാളികൾ പോലും അവൻ അത്ഭുതം പ്രവർത്തിക്കുന്ന ഒരുവനാണ് എന്ന വസ്തുത തള്ളിക്കളഞ്ഞില്ല. (യോഹന്നാൻ 9:1-34) അവൻ ചെയ്ത അത്ഭുതങ്ങളുടെ പിന്നിൽ ഒരു ഉദ്ദേശ്യമുണ്ടായിരുന്നു. അവൻ ദൈവത്താൽ അയയ്ക്കപ്പെട്ടവനാണ് എന്നു തിരിച്ചറിയാൻ അവ ആളുകളെ സഹായിച്ചു.—യോഹന്നാൻ 6:14.
അത്ഭുതങ്ങൾ പ്രവർത്തിക്കുക വഴി അവൻ തന്നിലേക്കുതന്നെ ശ്രദ്ധ ആകർഷിക്കുക ആയിരുന്നില്ല. മറിച്ച്, തന്റെ ശക്തിയുടെ സ്രോതസ്സ് എന്ന നിലയിൽ അവൻ ദൈവത്തെ മഹത്ത്വപ്പെടുത്തി. ഒരിക്കൽ അവൻ കഫർന്നഹൂമിൽ ആളുകൾ തിങ്ങിനിറഞ്ഞ ഒരു വീട്ടിൽ ഇരിക്കുകയായിരുന്നു. ഒരു പക്ഷവാതക്കാരനു സുഖം പ്രാപിക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഉള്ളിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട്, സുഹൃത്തുക്കൾ അയാളെ മേൽക്കൂര പൊളിച്ച് കിടക്കയോടെ താഴേക്കിറക്കി. അവരുടെ വിശ്വാസം കണ്ട് യേശു ആ പക്ഷവാതക്കാരനെ സുഖപ്പെടുത്തി. തത്ഫലമായി ജനങ്ങൾ, “ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.” (മർക്കൊസ് 2:1-4, 11, 12) യേശുവിന്റെ അത്ഭുതങ്ങൾ തന്റെ ദൈവമായ യഹോവയ്ക്കു സ്തുതി കൈവരുത്തി, ഒപ്പം മറ്റുള്ളവർക്കു സഹായവും.
എന്നുവരികിലും, രോഗികളെ അത്ഭുതകരമായി സുഖപ്പെടുത്തുക എന്നതായിരുന്നില്ല യേശുവിന്റെ ശുശ്രൂഷയുടെ കാതലായ വശം. അവന്റെ ജീവചരിത്രം എഴുതിയ ഒരാൾ ഇങ്ങനെ വിശദീകരിച്ചു: “യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.” (യോഹന്നാൻ 20:31) വിശ്വാസികളായ മനുഷ്യർക്കു ജീവൻ ലഭിക്കേണ്ടതിനാണ് യേശു ഭൂമിയിലേക്കു വന്നത്.
അവന്റെ ബലി
‘യേശു ഭൂമിയിലേക്കു വന്നുവെന്നോ?’ നിങ്ങൾ ചോദിച്ചേക്കാം. ‘എവിടെ നിന്നാണ് അവൻ വന്നത്?’ യേശുതന്നെ ഇങ്ങനെ പറഞ്ഞു: “ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്വാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നതു.” (യോഹന്നാൻ 6:38) ദൈവത്തിന്റെ ഏകജാത പുത്രൻ എന്ന നിലയിൽ അവനു മനുഷ്യപൂർവ അസ്തിത്വം ഉണ്ടായിരുന്നു. അങ്ങനെയെങ്കിൽ, അവനെ ഭൂമിയിലേക്ക് അയച്ചവന്റെ ഉദ്ദേശ്യം എന്തായിരുന്നു? സുവിശേഷ എഴുത്തുകാരിൽ ഒരാളായ യോഹന്നാൻ പറയുന്നു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹന്നാൻ 3:16) അത് എങ്ങനെ സാധിക്കുമായിരുന്നു?
മരണം മനുഷ്യവർഗത്തിന് ഒഴിവാക്കാനാകാത്ത ഒന്നായിത്തീർന്നത് എങ്ങനെ എന്നു ബൈബിൾ വെളിപ്പെടുത്തുന്നു. ആദ്യ മനുഷ്യ ദമ്പതികൾക്കു ദൈവത്തിൽ നിന്നു ജീവൻ ലഭിച്ചത് നിത്യമായി ജീവിക്കാനുള്ള പ്രത്യാശ സഹിതമാണ്. എന്നുവരികിലും, തങ്ങളുടെ നിർമാതാവിനെതിരെ അവർ മത്സരിച്ചു. (ഉല്പത്തി 3:1-19) ആദ്യ മനുഷ്യരുടെ ഈ പാപം, ആദാമിന്റെയും ഹവ്വായുടെയും സന്തതികൾക്കു തങ്ങൾ ആഗ്രഹിക്കാത്ത മരണം പാരമ്പര്യമായി ലഭിക്കുന്നതിൽ കലാശിച്ചു. (റോമർ 5:12) മനുഷ്യവർഗത്തിന് യഥാർഥ ജീവൻ നൽകുന്നതിനു പാപവും മരണവും നീക്കം ചെയ്യപ്പെടണം.
ഏതെങ്കിലും ജനിതക സാങ്കേതിക വിദ്യയിലൂടെ മരണത്തെ ഇല്ലായ്മ ചെയ്യാൻ ഒരു ശാസ്ത്രജ്ഞനും സാധിക്കുകയില്ല. എന്നാൽ, അനുസരണയുള്ള മനുഷ്യർക്ക് എന്നേക്കും ജീവിക്കാൻ കഴിയത്തക്കവണ്ണം അവരെ പൂർണതയിൽ എത്തിക്കാനുള്ള മാർഗം മനുഷ്യവർഗത്തിന്റെ സ്രഷ്ടാവിന്റെ പക്കലുണ്ട്. ബൈബിളിൽ ഈ കരുതലിനെ മറുവില എന്നാണു വിളിക്കുന്നത്. ആദ്യ മനുഷ്യ ദമ്പതികൾ തങ്ങളെയും തങ്ങളുടെ സന്തതികളെയും പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിലേക്കു വിറ്റു. തെറ്റും ശരിയും സ്വയം തീരുമാനിച്ചുകൊണ്ട് ദൈവത്തിൽ നിന്നു സ്വതന്ത്രമായ ഒരു ജീവിതം നയിക്കാൻ സാധിക്കേണ്ടതിന്, ദൈവത്തെ അനുസരിക്കുന്ന പൂർണ മനുഷ്യർ എന്ന നിലയിലുള്ള ജീവിതം അവർ നഷ്ടപ്പെടുത്തി. പൂർണ മനുഷ്യ ജീവൻ തിരികെ വാങ്ങുന്നതിനു നമ്മുടെ ആദ്യ മാതാപിതാക്കൾ നഷ്ടപ്പെടുത്തിയ പൂർണ ജീവനു തുല്യമായ വില നൽകേണ്ടതുണ്ടായിരുന്നു. പാരമ്പര്യസിദ്ധമായ അപൂർണത നിമിത്തം ആ വില പ്രദാനം ചെയ്യാൻ മനുഷ്യർ യോഗ്യരല്ലായിരുന്നു.—സങ്കീർത്തനം 49:7, 8.
തന്നിമിത്തം, സഹായാർഥം യഹോവ മുന്നോട്ടുവന്നു. തന്റെ ഏകജാത പുത്രന്റെ പൂർണ ജീവൻ കന്യകയായ മറിയയുടെ ഗർഭാശയത്തിലേക്കു ദൈവം മാറ്റി. അവൾ യേശുവിനു ജന്മം നൽകി. ദശകങ്ങൾക്കു മുമ്പായിരുന്നെങ്കിൽ, ഒരു കന്യക പ്രസവിക്കുക എന്ന ആശയത്തെ നിങ്ങൾ ഒരുപക്ഷേ നിരാകരിക്കുമായിരുന്നു. എന്നാൽ, ശാസ്ത്രജ്ഞന്മാർ ഇന്നു സസ്തനികളെ ക്ലോൺ ചെയ്യുകയും ജീനുകളെ ഒരു മൃഗത്തിൽ നിന്നു മറ്റൊരു മൃഗത്തിലേക്കു മാറ്റുകയും ചെയ്തിരിക്കുന്നു. ആ സ്ഥിതിക്ക്, സാധാരണ പ്രത്യുത്പാദന പ്രക്രിയിൽ നിന്നു വ്യത്യസ്തമായ ഒരു രീതി അവലംബിക്കാനുള്ള സ്രഷ്ടാവിന്റെ പ്രാപ്തിയെ ഉചിതമായി ചോദ്യം ചെയ്യാൻ ആർക്കാണു സാധിക്കുക?
പൂർണ ജീവനുള്ള ഒരു മനുഷ്യൻ അസ്തിത്വത്തിൽ വന്നതോടെ മനുഷ്യവർഗത്തെ പാപത്തിൽ നിന്നും മരണത്തിൽ നിന്നും മോചിപ്പിക്കാനുള്ള വില ലഭ്യമായി. എങ്കിലും, യേശുവായി ഭൂമിയിൽ പിറന്ന കുട്ടി, മനുഷ്യവർഗത്തിന്റെ രോഗാവസ്ഥ “ഭേദമാക്കാൻ” പ്രാപ്തനായ “ചികിത്സകൻ” ആയി വളരേണ്ടിയിരുന്നു. പൂർണവും പാപരഹിതവുമായ ജീവിതം നയിച്ചുകൊണ്ട് അവൻ അതു ചെയ്തു. അവൻ പാപികളായ മനുഷ്യവർഗത്തിന്റെ യാതനകൾ കാണുക മാത്രമല്ല, മനുഷ്യനായി പിറക്കുന്നതിന്റെ ശാരീരിക പരിമിതികൾ അനുഭവിച്ചറിയുകയും ചെയ്തു. അതവനെ കൂടുതൽ അനുകമ്പയുള്ള ചികിത്സകനാക്കി. (എബ്രായർ 4:15) ഭൂമിയിൽ ആയിരുന്നപ്പോൾ അവൻ ചെയ്ത അത്ഭുത രോഗശാന്തി, അവനു രോഗികളെ ചികിത്സിക്കാനുള്ള ഇച്ഛയും ശക്തിയും ഉണ്ടെന്നു തെളിയിച്ചു.—മത്തായി 4:23.
യേശുവിന്റെ മൂന്നര വർഷക്കാലത്തെ ഭൗമിക ശുശ്രൂഷയ്ക്കു ശേഷം, ശത്രുക്കൾ അവനെ കൊന്നു. കൊടിയ പരിശോധനകളിൻ കീഴിലും ഒരു പൂർണ മനുഷ്യനു സ്രഷ്ടാവിനോട് അനുസരണമുള്ളവൻ ആയിരിക്കാനാകും എന്ന് അവൻ പ്രകടമാക്കി. (1 പത്രൊസ് 2:22) ബലിയായി അർപ്പിക്കപ്പെട്ട അവന്റെ പൂർണ മനുഷ്യ ജീവൻ, മനുഷ്യവർഗത്തെ പാപത്തിൽ നിന്നും മരണത്തിൽ നിന്നും വീണ്ടെടുക്കാനുള്ള മറുവിലയായി ഉതകി. യേശുക്രിസ്തു ഇങ്ങനെ പറഞ്ഞു: “സ്നേഹിതൻമാർക്കു വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല.” (യോഹന്നാൻ 15:13, 14) മരിച്ചതിന്റെ മൂന്നാം നാൾ യേശു ആത്മീയ ജീവനിലേക്ക് ഉയിർപ്പിക്കപ്പെട്ടു. തുടർന്ന്, ഏതാനും ആഴ്ചകൾക്കു ശേഷം, യഹോവയാം ദൈവത്തിനു മുമ്പാകെ യാഗമൂല്യം സമർപ്പിക്കാൻ അവൻ സ്വർഗത്തിലേക്ക് ആരോഹണം ചെയ്തു. (1 കൊരിന്ത്യർ 15:3, 4; എബ്രായർ 9:11-14) അങ്ങനെ ചെയ്യുകവഴി, തന്നെ അനുഗമിക്കുന്നവർക്കുവേണ്ടി മറുവില യാഗത്തിന്റെ മൂല്യം പ്രയോഗിക്കാൻ യേശുവിനു സാധിച്ചു.
ആത്മീയവും വൈകാരികവും ശാരീരികവുമായ രോഗങ്ങൾ ഈ വിധത്തിൽ ഭേദമാക്കുന്നതിൽ നിന്നു പ്രയോജനം അനുഭവിക്കാൻ നിങ്ങൾ മനസ്സൊരുക്കം കാട്ടുമോ? അതിന് യേശുക്രിസ്തുവിൽ വിശ്വാസം അർപ്പിക്കേണ്ടത് ആവശ്യമാണ്. നിങ്ങൾക്കുതന്നെ ആ ചികിത്സകന്റെ അടുക്കൽ ചെന്നുകൂടേ? യേശുക്രിസ്തുവിനെ കുറിച്ചും വിശ്വസ്ത മനുഷ്യവർഗത്തെ രക്ഷിക്കുന്നതിലുള്ള അവന്റെ പങ്കിനെ കുറിച്ചും പഠിച്ചുകൊണ്ട് നിങ്ങൾക്ക് അതു ചെയ്യാവുന്നതാണ്. നിങ്ങളെ സഹായിക്കുന്നതിൽ യഹോവയുടെ സാക്ഷികൾക്കു സന്തോഷമേ ഉള്ളൂ.
[5-ാം പേജിലെ ചിത്രം]
യേശുവിന് രോഗികളെ സൗഖ്യമാക്കാനുള്ള ഇച്ഛയും ശക്തിയും ഉണ്ട്
[7-ാം പേജിലെ ചിത്രം]
യേശുവിന്റെ മരണം നിങ്ങളെ എങ്ങനെ ബാധിക്കുന്നു?