നാളെയെ മുന്നിൽക്കണ്ടുള്ള ജീവിതം
“നാളെക്കായി വിചാരപ്പെടരുത്,” ഗലീലയിലെ മലഞ്ചെരുവിൽവെച്ച് യേശുക്രിസ്തു നടത്തിയ വിഖ്യാതമായ പ്രസംഗത്തിലെ വാക്കുകളാണിവ. യേശു ഇങ്ങനെ കൂട്ടിച്ചേർത്തു: “നാളെ തന്നെ നാളെയുടെ കാര്യം നോക്കിക്കൊള്ളും.”—മത്തായി 6:34, ഓശാന ബൈബിൾ.
നിങ്ങളുടെ അഭിപ്രായമനുസരിച്ച്, “നാളെ തന്നെ നാളെയുടെ കാര്യം നോക്കിക്കൊള്ളും” എന്ന വാക്കുകളുടെ അർഥമെന്താണ്? നാളെയെക്കുറിച്ചുള്ള യാതൊരു ചിന്തയുമില്ലാതെ ഇന്നേക്കായിമാത്രം ജീവിക്കണമെന്നാണോ അതു സൂചിപ്പിക്കുന്നത്? യേശുവും ശിഷ്യന്മാരും വിശ്വസിച്ചതുമായി അത് ഒത്തുവരുന്നുണ്ടോ?
വ്യാകുലപ്പെടരുത്
ദയവായി നിങ്ങളുടെ ബൈബിൾ തുറന്ന് മത്തായി 6:25-32 വായിക്കുക. അതിലെ ഏതാനും ഭാഗങ്ങളാണു താഴെ കാണുന്നത്: “എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുത്; . . . ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല; എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു; . . . വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തോടു ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും? ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്തു? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല, നൂല്ക്കുന്നതുമില്ല. . . . ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു. ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ.”
യേശു തന്റെ പ്രസംഗത്തിന്റെ ഈ ഭാഗം രണ്ടു ഗുണപാഠങ്ങളോടെ ഉപസംഹരിക്കുന്നു. ആദ്യത്തേത്: ‘മുമ്പെ [ദൈവത്തിന്റെ] രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.’ രണ്ടാമത്തേത്: “അതുകൊണ്ടു നാളെക്കായി വിചാരപ്പെടരുതു; നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ; അതതു ദിവസത്തിന്നു അന്നന്നത്തെ ദോഷം മതി.”—മത്തായി 6:33, 34.
നിങ്ങൾക്ക് ആവശ്യമുള്ളത് എന്തെന്ന് പിതാവ് അറിയുന്നു
യേശു, കർഷകർ ഉൾപ്പെടെയുള്ള തന്റെ ശിഷ്യന്മാരോട് വിതയ്ക്കുകയോ കൊയ്യുകയോ കളപ്പുരയിൽ കൂട്ടിവെക്കുകയോ ചെയ്യേണ്ടതില്ലെന്നാണോ പറഞ്ഞത്? അതുമല്ലെങ്കിൽ, ഉടുപ്പിനായി ‘അധ്വാനിക്കുകയോ നൂൽക്കുകയോ’ ചെയ്യേണ്ടതില്ല എന്നായിരുന്നോ? (സദൃശവാക്യങ്ങൾ 21:5; 24:30-34; സഭാപ്രസംഗി 11:4) ഒരിക്കലുമല്ല. അധ്വാനിക്കുന്നത് നിറുത്തുന്നപക്ഷം, ഉണ്ണാനും ഉടുപ്പാനുമില്ലാതെ അവർ ‘കൊയ്ത്തുകാലത്തു ഇരക്കേണ്ടതായ’ ഗതികേടിൽ ചെന്നെത്താൻ സർവസാധ്യതയുമുണ്ടായിരുന്നു.—സദൃശവാക്യങ്ങൾ 20:4.
വിചാരപ്പെടുന്നത് അല്ലെങ്കിൽ വ്യാകുലപ്പെടുന്നത് സംബന്ധിച്ചോ? തന്റെ സദസ്സിലുള്ളവർക്ക് വ്യാകുലപ്പെടുന്നതു പൂർണമായും ഒഴിവാക്കാനാകുമെന്നാണോ യേശു അർഥമാക്കിയത്? അത് മിഥ്യാസങ്കൽപ്പം ആയിരിക്കുമായിരുന്നു. യേശുപോലും ആഴമായ മാനസിക സമ്മർദവും വ്യാകുലതയും അനുഭവിച്ചു എന്നാണ് അവന്റെ അറസ്റ്റും മരണവും നടന്ന രാത്രിയിലെ സംഭവങ്ങൾ സൂചിപ്പിക്കുന്നത്.—ലൂക്കൊസ് 22:44.
യേശു കേവലം പൊതുവായ ഒരു തത്ത്വം അവതരിപ്പിക്കുകയായിരുന്നു. നിങ്ങൾ അഭിമുഖീകരിക്കുന്നത് ഏതുതരം പ്രശ്നമായാലും ശരി അതിരുകവിഞ്ഞ വ്യാകുലത അതു പരിഹരിക്കാൻ നിങ്ങളെ യാതൊരുവിധത്തിലും സഹായിക്കില്ല. ഉദാഹരണത്തിന്, നിങ്ങൾക്കതു ദീർഘായുസ്സ് ഏകുകയില്ല. അത് നിങ്ങളുടെ ആയുസ്സിന്റെ “നീളത്തോടു ഒരു മുഴം”പോലും കൂട്ടുകയില്ലെന്ന് യേശു പറഞ്ഞു. (മത്തായി 6:27) തീവ്രമായ, നീണ്ടുനിൽക്കുന്ന വ്യാകുലത ആയുസ്സു കുറയ്ക്കാനാണ് ഏറെ സാധ്യത.
യേശു പഠിപ്പിച്ച ആ ഗുണപാഠം തികച്ചും പ്രായോഗികമായിരുന്നു. വ്യാകുലപ്പെടുന്നതുപോലെയൊന്നും പലപ്പോഴും സംഭവിക്കാറില്ലെന്നതാണു സത്യം. ആ വസ്തുത ബ്രിട്ടീഷ് രാജ്യതന്ത്രജ്ഞനായ വിൻസ്റ്റൺ ചർച്ചിൽ തിരിച്ചറിയുകയുണ്ടായി. രണ്ടാം ലോക മഹായുദ്ധത്തിന്റെ ഇരുണ്ട കാലഘട്ടത്തിൽ അദ്ദേഹത്തിനുണ്ടായ ചില വ്യാകുലതകളെപ്പറ്റി പിന്നീട് ഇങ്ങനെ എഴുതി: “‘ജീവിതകാലം മുഴുവൻ പലതിനെക്കുറിച്ചും ചിന്തിച്ച് ആകുലപ്പെട്ടെങ്കിലും അവയൊന്നുംതന്നെ വാസ്തവത്തിൽ സംഭവിച്ചില്ല’ എന്നു പറഞ്ഞ ഒരു വൃദ്ധന്റെ കഥയാണ് എന്റെ മനസ്സിലേക്കുവരുന്നത്.” ഓരോ ദിവസത്തെയും പ്രശ്നങ്ങളെ അതു വരുന്ന മുറയ്ക്ക് നേരിടുന്നതാണ് വാസ്തവത്തിൽ ജ്ഞാനപൂർവകമായ ഗതി; പ്രത്യേകിച്ചും സമ്മർദങ്ങളും പ്രശ്നങ്ങളും നമ്മെ വീർപ്പുമുട്ടിക്കുമ്പോൾ.
‘മുമ്പെ ദൈവത്തിന്റെ രാജ്യം അന്വേഷിപ്പിൻ’
യേശുവിന്റെ മനസ്സിൽ തന്റെ ശ്രോതാക്കളുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തെക്കാൾ അധികം ഉണ്ടായിരുന്നു. ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനെക്കുറിച്ചുള്ള വ്യാകുലതകളും വസ്തുവകകൾക്കും ഉല്ലാസപ്രവർത്തനങ്ങൾക്കും വേണ്ടിയുള്ള തീവ്രമായ ആഗ്രഹവും അതിനെക്കാൾ പ്രാധാന്യമർഹിക്കുന്ന സംഗതികളിൽനിന്ന് ഒരുവനെ വ്യതിചലിപ്പിച്ചേക്കുമെന്ന് യേശുവിന് അറിയാമായിരുന്നു. (ഫിലിപ്പിയർ 1:10) ‘ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനെക്കാൾ പ്രധാനമായി എന്താണുള്ളത്?’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. ആരാധനയുമായി ബന്ധപ്പെട്ട ആത്മീയ കാര്യങ്ങൾ എന്നതാണ് അതിനുള്ള ഉത്തരം. നമ്മുടെ ജീവിതത്തിലെ പരമപ്രധാന സംഗതി ‘ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കുന്നതായിരിക്കണം’ എന്ന് യേശു വ്യക്തമാക്കുകയുണ്ടായി.—മത്തായി 6:33.
യേശുവിന്റെ നാളിലെ അനേകരുടെയും വ്യഗ്രത ഭൗതിക വസ്തുക്കൾ വാരിക്കൂട്ടാനായിരുന്നു. ധനസമ്പാദനം കഴിഞ്ഞേ മറ്റെന്തിനും അവരുടെ ജീവിതത്തിൽ സ്ഥാനമുണ്ടായിരുന്നുള്ളൂ. എന്നാൽ, അതിൽനിന്നു വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ഉണ്ടായിരിക്കാനായിരുന്നു യേശു തന്റെ ശ്രോതാക്കളെ ഉദ്ബോധിപ്പിച്ചത്. ദൈവത്തിന്റെ സമർപ്പിത ജനത്തിന്റെ ഭാഗമെന്ന നിലയിൽ അവരുടെ “സർവധർമവും” [ഓശാന] “ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണി”ക്കുക എന്നതായിരുന്നു.—സഭാപ്രസംഗി 12:13.
ഭൗതിക വസ്തുക്കളുടെ പിന്നാലെയുള്ള പരക്കംപാച്ചൽ, അതായത് “ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും” യേശുവിന്റെ ശ്രോതാക്കളെ ആത്മീയമായി നശിപ്പിക്കുമായിരുന്നു. (മത്തായി 13:22) അപ്പൊസ്തലനായ പൗലൊസ് എഴുതി: “ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു.” (1 തിമൊഥെയൊസ് 6:9) ഈ ‘കെണി’ ഒഴിവാക്കാൻ അവരെ സഹായിക്കുന്നതിനുവേണ്ടി യേശു അവരെ ഇങ്ങനെ ഓർമിപ്പിച്ചു: നിങ്ങളുടെ സ്വർഗീയ പിതാവ് ഇതൊക്കെയും നിങ്ങൾക്ക് ആവശ്യം എന്ന് അറിയുന്നു. “ആകാശത്തിലെ പറവകളെ” പുലർത്തുന്നതുപോലെ ദൈവം അവരെയും പുലർത്തുമായിരുന്നു. (മത്തായി 6:26, 32) വ്യാകുലതകളാൽ അമിതമായി ഭാരപ്പെടുന്നതിനുപകരം, ഭൗതിക ആവശ്യങ്ങൾ നിറവേറ്റാൻ തങ്ങളാലാകുന്നതെല്ലാം ചെയ്തശേഷം ഉറച്ച ബോധ്യത്തോടെ ബാക്കിയുള്ളവ യഹോവയുടെ കരങ്ങളിൽ അർപ്പിക്കുകയാണ് അവർ ചെയ്യേണ്ടിയിരുന്നത്.—ഫിലിപ്പിയർ 4:6, 7.
“നാളെ തന്നെ നാളെയുടെ കാര്യം നോക്കിക്കൊള്ളും” എന്ന് യേശു പറഞ്ഞതിനർഥം എന്താണ്? നാളെ എന്തു സംഭവിക്കുമെന്ന് അമിതമായി വ്യാകുലപ്പെട്ട് ഇന്നുള്ള പ്രശ്നങ്ങളോട് അവയെ ചേർക്കരുത് എന്നാണ്. പ്രസ്തുത വാക്കുകൾ മറ്റൊരു ഭാഷാന്തരത്തിൽ നാം ഇങ്ങനെയാണു വായിക്കുന്നത്: “അതിനാൽ നാളയെക്കുറിച്ച് നിങ്ങൾ ആകുലരാകരുത്. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിന്റെ ക്ലേശം മതി.”—മത്തായി 6:34, പി.ഒ.സി. ബൈബിൾ.
“നിന്റെ രാജ്യം വരേണമേ”
എന്നുവരികിലും, നാളെയെക്കുറിച്ച് അമിതമായി വ്യാകുലപ്പെടാതിരിക്കുന്നതും നാളെയെ പാടേ അവഗണിക്കുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. നാളെയെ അവഗണിച്ചുകളയാൻ യേശു ശിഷ്യന്മാരെ ഒരിക്കലും പ്രോത്സാഹിപ്പിച്ചില്ല. പകരം, ഭാവിയെക്കുറിച്ച് അതിയായ താത്പര്യമുള്ളവരായിരിക്കാനാണ് യേശു അവരെ ഉദ്ബോധിപ്പിച്ചത്. അനുദിന ആവശ്യങ്ങൾക്കായി, അതായത് അന്നന്നുള്ള അപ്പത്തിനായി അവർ പ്രാർഥിക്കേണ്ടിയിരുന്നു എന്നതു ശരിയാണ്. പക്ഷേ, ആദ്യമേ അവർ പ്രാർഥിക്കേണ്ടിയിരുന്നത് ഭാവിയിൽ സംഭവിക്കാനിരിക്കുന്നതിനു വേണ്ടിയായിരുന്നു. അതേ, ദൈവരാജ്യം സമാഗതമാകുന്നതിനും ദൈവേഷ്ടം ഭൂമിയിൽ നിർവഹിക്കപ്പെടുന്നതിനും വേണ്ടിത്തന്നെ.—മത്തായി 6:9-11.
നോഹയുടെ നാളിലെ ആളുകളെപ്പോലെയായിരിക്കരുത് നാം. സംഭവിക്കാനിരുന്നതു സംബന്ധിച്ച് ‘അറിയാൻ,’ അല്ലെങ്കിൽ ഗൗനിക്കാൻ സമയമില്ലാത്തവിധം അവർ “തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും” അങ്ങേയറ്റം തിരക്കിലായിരുന്നു. ഫലമോ? “ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കള”ഞ്ഞു. (മത്തായി 24:36-42) നാളെയെ മുന്നിൽക്കണ്ടുകൊണ്ടു ജീവിക്കേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്നതിന് അപ്പൊസ്തലനായ പത്രൊസ് ആ ചരിത്ര വിവരണം ഉപയോഗിക്കുകയുണ്ടായി. അദ്ദേഹം ഇങ്ങനെ എഴുതി: “ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാൽ . . . ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു [“മനസ്സിൽ അടുപ്പിച്ചു നിറുത്തിക്കൊണ്ട്,” NW] നിങ്ങൾ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം.”—2 പത്രൊസ് 3:5-7, 11, 12.
“സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ”
അതേ, യഹോവയുടെ ദിവസം നമുക്കു ‘മനസ്സിൽ അടുപ്പിച്ചു നിറുത്താം.’ അപ്രകാരം ചെയ്യുന്നത് നമ്മുടെ സമയം, ഊർജം, പ്രാപ്തികൾ, വിഭവങ്ങൾ, കഴിവുകൾ എന്നിവ നാം ഉപയോഗിക്കുന്ന വിധത്തെ ശക്തമായി സ്വാധീനിക്കും. ദൈവിക “ഭക്തി”യനുസരിച്ചു പ്രവർത്തിക്കാൻ സമയമില്ലാത്തവിധം നാം ഭൗതിക വസ്തുക്കളെക്കുറിച്ച് അമിതമായി വ്യാകുലപ്പെടുന്നത്, അല്ലെങ്കിൽ ദൈനംദിന ആവശ്യങ്ങളിലോ ഉല്ലാസപ്രവർത്തനങ്ങളിലോ ആമഗ്നരാകുന്നത്, ഒഴിവാക്കണം. ഇന്നത്തെ ദിവസത്തിൽമാത്രം ശ്രദ്ധപതിപ്പിക്കുന്നതിനാൽ ഉടൻതന്നെ ഫലം ലഭിക്കുമെന്നു നമുക്കു തോന്നിയേക്കാം. പക്ഷേ, അങ്ങേയറ്റം പോയാൽ അത് ക്ഷണികമായ പ്രയോജനങ്ങളേ കൈവരുത്തൂ. ഭൂമിയിലേതിനെക്കാൾ “സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപി”ക്കുന്നതാണു ബുദ്ധി എന്നാണ് യേശു പറഞ്ഞത്.—മത്തായി 6:19, 20.
ഭാവിക്കായി മഹത്തായ പദ്ധതിയിട്ട ഒരു മനുഷ്യനെക്കുറിച്ചു പറയവേ യേശു പ്രസ്തുത ആശയം ഊന്നിപ്പറഞ്ഞു. അദ്ദേഹത്തിന്റെ പദ്ധതികൾ ദൈവത്തെ ഉൾപ്പെടുത്തിക്കൊണ്ടുള്ളവ അല്ലായിരുന്നു. ആ മനുഷ്യന്റെ നിലം വളരെ ഫലഭൂയിഷ്ഠമായിരുന്നു. തിന്നും കുടിച്ചും വളരെ ആയാസരഹിതമായ ഒരു ജീവിതം നയിക്കുന്നതിനായി അദ്ദേഹം തന്റെ കളപ്പുരകൾ പൊളിച്ച് അതിലും വലിയവ പണിയാൻ തീരുമാനിച്ചു. അതിലുള്ള പ്രശ്നം എന്തായിരുന്നു? തന്റെ അധ്വാനഫലം അനുഭവിക്കുന്നതിനു മുമ്പായി അദ്ദേഹം മരണമടഞ്ഞു. ദൈവവുമായി അദ്ദേഹം ഒരു ബന്ധം സ്ഥാപിച്ചില്ല എന്നതാണ് ഏറെ സങ്കടകരം. യേശു ഇപ്രകാരം ഉപസംഹരിക്കുന്നു: “ദൈവവിഷയമായി സമ്പന്നനാകാതെ തനിക്കു തന്നേ നിക്ഷേപിക്കുന്നവന്റെ കാര്യം ഇങ്ങനെ ആകുന്നു.”—ലൂക്കൊസ് 12:15-21; സദൃശവാക്യങ്ങൾ 19:21.
നിങ്ങൾക്ക് എന്തു ചെയ്യാനാകും?
യേശു വിവരിച്ച ആ മനുഷ്യനു പറ്റിയ തെറ്റ് നിങ്ങൾക്കു സംഭവിക്കാതിരിക്കട്ടെ. ദൈവം നാളെക്കായി കരുതിയിരിക്കുന്നത് എന്താണെന്നു കണ്ടെത്തുകയും അതിനെ ചുറ്റിപ്പറ്റി ജീവിതം പടുത്തുയർത്തുകയും ചെയ്യുവിൻ. താൻ ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്താണെന്നതു സംബന്ധിച്ച് ദൈവം മനുഷ്യരെ അജ്ഞതയിൽ വിട്ടിരിക്കുകയല്ല. പുരാതന നാളിലെ പ്രവാചകനായ ആമോസ് ഇപ്രകാരം എഴുതി: “യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.” (ആമോസ് 3:7) യഹോവ തന്റെ പ്രവാചകന്മാരിലൂടെ വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ ദൈവത്തിന്റെ നിശ്വസ്ത വചനമായ ബൈബിളിന്റെ ഏടുകളിൽ ഇന്നു നിങ്ങൾക്കു ലഭ്യമാണ്.—2 തിമൊഥെയൊസ് 3:16, 17.
സമീപഭാവിയിൽ അത്ഭുതാവഹമായ അളവിൽ മുഴുഭൂമിയിലും സംഭവിക്കാനിരിക്കുന്ന ഒരു കാര്യം ബൈബിൾ വെളിപ്പെടുത്തുന്നു. “ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നു ഉണ്ടാകും” എന്ന് യേശു പറഞ്ഞു. (മത്തായി 24:21) ആർക്കും ആ സംഭവം തടയാനാകില്ല. ഇനി, അതു തടയാൻ സത്യാരാധകർക്ക് യാതൊരു കാരണവുമില്ല എന്നതാണു വാസ്തവം. എന്തുകൊണ്ട്? ആ സംഭവം ഭൂമിയിലെ സകല ദുഷ്ടതയും തുടച്ചു നീക്കി അതിന്റെ സ്ഥാനത്ത് ‘പുതിയൊരു ആകാശവും പുതിയൊരു ഭൂമിയും,’ അതായത്, പുതിയൊരു സ്വർഗീയ ഗവൺമെന്റും പുതിയൊരു മാനവ സമുദായവും സ്ഥാപിക്കും. ആ പുതിയ ലോകത്തിൽ ദൈവം മനുഷ്യരുടെ “കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല.”—വെളിപ്പാടു 21:1-5.
ആ സ്ഥിതിക്ക്, പ്രസ്തുത സംഭവവികാസങ്ങളെക്കുറിച്ചു ബൈബിൾ പറയുന്നത് പരിശോധിക്കുന്നതല്ലേ ജ്ഞാനമാർഗം? നിങ്ങൾക്ക് അതിനു സഹായം ആവശ്യമാണോ? എങ്കിൽ ദയവായി യഹോവയുടെ സാക്ഷികളെ സമീപിക്കൂ. അതുമല്ലെങ്കിൽ ഈ മാസികയുടെ പ്രസാധകർക്ക് എഴുതൂ. അതേ, ഇന്നേക്കായി മാത്രമല്ല മഹത്തായ നാളെക്കായിക്കൂടെ ജീവിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ ആവതു ചെയ്യുക.
[7-ാം പേജിലെ ചിത്രങ്ങൾ]
“വിചാരപ്പെടരുതു; നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ”