പഠനലേഖനം 51
യേശു പറയുന്നതു തുടർന്നും ശ്രദ്ധിക്കുക
“ഇവൻ എന്റെ പ്രിയപുത്രൻ. ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു. ഇവൻ പറയുന്നതു ശ്രദ്ധിക്കണം.”—മത്താ. 17:5.
ഗീതം 54 ‘വഴി ഇതാണ്’
പൂർവാവലോകനംa
1-2. (എ) യേശുവിന്റെ മൂന്ന് അപ്പോസ്തലന്മാർക്ക് എന്തു കല്പനയാണു കിട്ടിയത്, അവർ എന്തു ചെയ്തു? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
എ.ഡി. 32-ലെ പെസഹയ്ക്കു ശേഷം, അപ്പോസ്തലന്മാരായ പത്രോസും യാക്കോബും യോഹന്നാനും ഉയരമുള്ള ഒരു മലയിൽവെച്ച് അത്ഭുതകരമായ ഒരു കാഴ്ച കണ്ടു. സാധ്യതയനുസരിച്ച്, ഹെർമോൻപർവതത്തിന്റെ ഒരു ഭാഗത്തായിരുന്നിരിക്കാം അവർ അപ്പോൾ. അവിടെ അവരുടെ മുന്നിൽ യേശു രൂപാന്തരപ്പെട്ടു. “യേശുവിന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി. വസ്ത്രങ്ങൾ വെളിച്ചംപോലെ പ്രകാശിച്ചു.” (മത്താ. 17:1-4) ആ ദർശനം തീരുന്നതിനു മുമ്പായി അവർ ദൈവത്തിന്റെ ശബ്ദവും കേട്ടു: “ഇവൻ എന്റെ പ്രിയപുത്രൻ. ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു. ഇവൻ പറയുന്നതു ശ്രദ്ധിക്കണം.” (മത്താ. 17:5) തങ്ങൾ യേശുവിന്റെ വാക്കുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരാണെന്ന് ആ മൂന്ന് അപ്പോസ്തലന്മാരും അവരുടെ ജീവിതത്തിലൂടെ തെളിയിച്ചു. അവരുടെ മാതൃക നമുക്കും അനുകരിക്കാം.
2 കഴിഞ്ഞ ലേഖനത്തിൽ ചില കാര്യങ്ങൾ ചെയ്യാതിരിക്കുന്നതിലൂടെ നമുക്കു യേശുവിന്റെ വാക്കു കേട്ടനുസരിക്കാമെന്നു കണ്ടു. ഈ ലേഖനത്തിൽ യേശു നമ്മളോടു ചെയ്യാൻ പറഞ്ഞ രണ്ടു കാര്യങ്ങളെക്കുറിച്ചാണു പഠിക്കാൻപോകുന്നത്.
“ഇടുങ്ങിയ വാതിലിലൂടെ അകത്ത് കടക്കുക”
3. മത്തായി 7:13, 14 അനുസരിച്ച് നമ്മൾ എന്തു ചെയ്യണം?
3 മത്തായി 7:13, 14 വായിക്കുക. യേശു ഇവിടെ രണ്ടു വാതിലുകളെക്കുറിച്ച് പറഞ്ഞു. ഒന്നു ‘വിശാലമായ’ വഴിയിലേക്കു നയിക്കുന്നതും മറ്റേതു “ഞെരുക്കമുള്ള” വഴിയിലേക്കു നയിക്കുന്നതും. മൂന്നാമതൊരു വഴിയില്ല. ഇതിൽ ഏതു വഴിയേ പോകുമെന്നു തീരുമാനിക്കേണ്ടതു നമ്മളാണ്. നമ്മൾ ജീവിതത്തിലെടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണ് അത്. കാരണം, നമ്മുടെ നിത്യജീവൻ അതിനെ ആശ്രയിച്ചാണിരിക്കുന്നത്.
4. ‘വിശാലമായ’ വഴിയെക്കുറിച്ച് നിങ്ങൾക്ക് എന്തു പറയാനാകും?
4 ആ രണ്ടു വഴികളും തമ്മിലുള്ള വ്യത്യാസം നമ്മൾ തിരിച്ചറിയണം. ‘വിശാലമായ’ വഴിയിലൂടെയാണു കൂടുതൽ പേരും പോകുന്നത്. കാരണം അത് എളുപ്പമാണ്. അവരിൽ മിക്കവരും ആ വഴിയിൽത്തന്നെ തുടരാനും ആ വഴിയേ പോകുന്ന മറ്റുള്ളവരെ അനുകരിക്കാനും ഇഷ്ടപ്പെടുന്നു എന്നുള്ളതാണു സങ്കടകരമായ കാര്യം. കഴിയുന്നത്ര ആളുകളെ ഈ വഴിയിലൂടെ തള്ളിവിടുന്നതു സാത്താനാണെന്നും ആ വഴി ചെന്ന് അവസാനിക്കുന്നതു മരണത്തിലാണെന്നും അവർ തിരിച്ചറിയുന്നില്ല.—1 കൊരി. 6:9, 10; 1 യോഹ. 5:19.
5. “ഞെരുക്കമുള്ള” വഴി കണ്ടെത്താനും അതിലൂടെ നടന്നുതുടങ്ങാനും ചിലർ എന്തൊക്കെ ചെയ്യാൻ തയ്യാറായിരിക്കുന്നു?
5 എന്നാൽ ‘വിശാലമായ’ വഴിയിൽനിന്ന് വ്യത്യസ്തമായി മറ്റേ വഴി ‘ഞെരുക്കമുള്ളതാണ്,’ കുറച്ച് പേരേ അതു കണ്ടെത്തുകയുള്ളൂ എന്നും യേശു പറഞ്ഞു. അത് എന്തുകൊണ്ടാണ്? തൊട്ടടുത്ത വാക്യം അതിന്റെ കാരണം മനസ്സിലാക്കാൻ നമ്മളെ സഹായിക്കും. അവിടെ കള്ളപ്രവാചകന്മാരെക്കുറിച്ച് യേശു മുന്നറിയിപ്പു നൽകി. (മത്താ. 7:15) ഇന്നു ലോകത്ത് ആയിരക്കണക്കിനു മതങ്ങളുള്ളതായി ചിലർ പറയുന്നു. അവരെല്ലാവരുംതന്നെ തങ്ങൾ പഠിപ്പിക്കുന്നതു സത്യമാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. ഇത്രയേറെ മതങ്ങളുള്ളതുകൊണ്ട് പലരും ഇന്ന് ആശയക്കുഴപ്പത്തിലാണ്. അതുകൊണ്ടുതന്നെ നിത്യജീവനിലേക്കു നയിക്കുന്ന വഴി കണ്ടെത്തുന്നതിന് ഒരു ശ്രമം ചെയ്യാൻപോലും പലരും മടിക്കുന്നു. പക്ഷേ ആ വഴി നമുക്കു കണ്ടെത്താനാകും. യേശു പറഞ്ഞു: “നിങ്ങൾ എപ്പോഴും എന്റെ വചനത്തിൽ നിലനിൽക്കുന്നെങ്കിൽ നിങ്ങൾ ശരിക്കും എന്റെ ശിഷ്യന്മാരാണ്. നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” (യോഹ. 8:31, 32) എന്തായാലും, കൂടുതൽ പേരും പോകുന്ന വഴിയേ പോകാതെ സത്യം അന്വേഷിച്ച് കണ്ടെത്താൻ നിങ്ങൾ തയ്യാറായത് എത്ര നന്നായി! നിങ്ങൾ ബൈബിൾ പഠിക്കാൻതുടങ്ങിയപ്പോൾ യഹോവ നമ്മളിൽനിന്ന് എന്താണ് ആവശ്യപ്പെടുന്നതെന്നും യേശു പഠിപ്പിച്ച കാര്യങ്ങൾ എന്തൊക്കെയാണെന്നും നിങ്ങൾക്കു മനസ്സിലായി. മറ്റു പല കാര്യങ്ങളോടുമൊപ്പം വ്യാജമതവുമായി ബന്ധമുള്ള ഉപദേശങ്ങളും ആഘോഷങ്ങളും ആചാരങ്ങളും ഒക്കെ നമ്മൾ പൂർണമായി ഉപേക്ഷിക്കാൻ യഹോവ പ്രതീക്ഷിക്കുന്നെന്നും നിങ്ങൾ തിരിച്ചറിഞ്ഞു. (മത്താ. 10:34-36) യഹോവയെ പ്രസാദിപ്പിക്കാനായി ജീവിതത്തിൽ ഇത്തരത്തിലുള്ള മാറ്റങ്ങളൊക്ക വരുത്തുന്നതു നിങ്ങൾക്ക് അത്ര എളുപ്പമായിരുന്നില്ല. എന്നിട്ടും, ഇത്തരം മാറ്റങ്ങൾ വരുത്താൻ നിങ്ങൾ കഠിനശ്രമം ചെയ്തു. കാരണം നിങ്ങൾ നിങ്ങളുടെ സ്വർഗീയപിതാവിനെ സ്നേഹിക്കുന്നു, ദൈവത്തിന്റെ പ്രീതി നേടാൻ ആഗ്രഹിക്കുന്നു. അതൊക്കെ കാണുമ്പോൾ യഹോവയ്ക്ക് എത്ര സന്തോഷം തോന്നുന്നുണ്ടാകും!—സുഭാ. 27:11.
ഞെരുക്കമുള്ള വഴിയിലൂടെ യാത്ര തുടരാൻ എന്തു ചെയ്യാം?
6. സങ്കീർത്തനം 119:9, 10, 45, 133 അനുസരിച്ച് ഞെരുക്കമുള്ള വഴിയിലൂടെ യാത്ര തുടരാൻ എന്തു നമ്മളെ സഹായിക്കും?
6 ഞെരുക്കമുള്ള വഴിയിലൂടെ യാത്ര തുടങ്ങിയ നമുക്ക് എങ്ങനെ അതു തുടരാം? അതു മനസ്സിലാക്കാൻ നമുക്കൊരു ദൃഷ്ടാന്തം നോക്കാം. മലയിലൂടെയുള്ള വീതി കുറഞ്ഞ വഴിയുടെ അരികിൽ പിടിപ്പിച്ചിരിക്കുന്ന ഇരുമ്പുകമ്പികൾ ഡ്രൈവർക്കും വണ്ടിക്കും ഒരു സംരക്ഷണമാണ്. അരികിലേക്ക് ഒരുപാടു ചേർന്നുപോകാതിരിക്കാനോ കൊക്കയിലേക്കു മറിയാതിരിക്കാനോ അതു സഹായിക്കും. ‘ആ കമ്പിവേലി അവിടെയുള്ളത് ഒരു തടസ്സമാണ്, അതുകൊണ്ട് മര്യാദയ്ക്കു വണ്ടി ഓടിക്കാൻ പറ്റുന്നില്ല’ എന്ന് ഒരു ഡ്രൈവറും പരാതിപ്പെടില്ല. യഹോവ വെച്ചിരിക്കുന്ന നിയമങ്ങൾ ആ കമ്പിവേലിപോലെയാണെന്നു പറയാം. ഞെരുക്കമുള്ള വഴിയിലൂടെ യാത്ര തുടരാൻ അവ നമ്മളെ സഹായിക്കുന്നു.—സങ്കീർത്തനം 119:9, 10, 45, 133 വായിക്കുക.
7. ചെറുപ്പക്കാർ ഏതു രീതിയിൽ ഇടുങ്ങിയ വഴിയെ കാണണം?
7 ചെറുപ്പക്കാരേ, യഹോവ കുറെ നിയമങ്ങൾ വെച്ചിരിക്കുന്നതുകൊണ്ട് ഇഷ്ടമുള്ളതൊന്നും ചെയ്യാൻ പറ്റുന്നില്ലെന്നു നിങ്ങൾക്കു ചിലപ്പോഴൊക്കെ തോന്നാറുണ്ടോ? നിങ്ങൾ അങ്ങനെ ചിന്തിക്കാനാണു സാത്താൻ ആഗ്രഹിക്കുന്നത്. വിശാലമായ വഴിയിലൂടെ പോകുന്നവരിലേക്കും അവർ ചെയ്യുന്ന കാര്യങ്ങളിലേക്കും നിങ്ങളുടെ ശ്രദ്ധ തിരിക്കാൻ സാത്താൻ നോക്കുന്നു. സ്കൂളിലെ കൂട്ടുകാരോ സോഷ്യൽ മീഡിയയിൽ കാണുന്ന ആളുകളോ ചെയ്യുന്ന കാര്യങ്ങളൊക്കെ ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ ജീവിതം ഒരു രസവുമില്ലെന്നു നിങ്ങൾ ചിന്തിക്കാൻ സാത്താൻ ഇടയാക്കിയേക്കാം.b എന്നാൽ ഒരു കാര്യം ഓർക്കുക: തന്റെ വഴിയേ പോകുന്നവർ നാശത്തിലേക്കാണു പോകുന്നതെന്ന കാര്യം സാത്താൻ അവരിൽനിന്ന് മറച്ചുവെച്ചിരിക്കുകയാണ്. അതേസമയം ജീവനിലേക്കുള്ള വഴിയേ പോയാൽ നിങ്ങളുടെ ജീവിതം എത്ര സന്തോഷമുള്ളതായിരിക്കും, നിങ്ങൾക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ കിട്ടും എന്നൊക്കെ യഹോവ നിങ്ങൾക്കു വ്യക്തമായി പറഞ്ഞുതന്നിരിക്കുന്നു.—സങ്കീ. 37:29; യശ. 35:5, 6; 65:21-23.
8. ഒലാഫിന്റെ മാതൃകയിൽനിന്ന് ചെറുപ്പക്കാർക്ക് എന്തു പഠിക്കാം?
8 ഒലാഫ്c എന്ന ചെറുപ്പക്കാരന്റെ അനുഭവത്തിൽനിന്ന് നിങ്ങൾക്ക് എന്തു പഠിക്കാമെന്നു നോക്കുക. അധാർമികപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ക്ലാസിലെ കുട്ടികൾ അവനെ നിർബന്ധിച്ചു. ഇത്തരം കാര്യങ്ങൾ സംബന്ധിച്ച് ബൈബിൾ പറയുന്നത് അനുസരിച്ചാണ് യഹോവയുടെ സാക്ഷികൾ ജീവിക്കുന്നതെന്ന് അവൻ അവരോടു പറഞ്ഞു. അതെക്കുറിച്ച് കേട്ടപ്പോൾ അവന്റെ ക്ലാസിലെ ചില പെൺകുട്ടികൾ അവനെക്കൊണ്ട് അതു ചെയ്യിച്ചേ തീരൂ എന്ന വാശിയോടെ അതിനുള്ള ശ്രമം തുടങ്ങി. പക്ഷേ ഒലാഫ് അതിലൊന്നും വീഴാതെ ഉറച്ചുനിന്നു. എന്നാൽ ഇതു മാത്രമായിരുന്നില്ല അവനു നേരിട്ട പ്രശ്നം. ഒലാഫ് പറയുന്നു: “ഞാൻ ഉന്നതവിദ്യാഭ്യാസത്തിനു പോകണമെന്ന് എന്റെ ടീച്ചർമാർ നിർബന്ധിച്ചു. അപ്പോഴേ ആളുകളുടെ മുന്നിൽ ഒരു നിലയും വിലയും ഒക്കെ ഉണ്ടായിരിക്കുകയുള്ളൂ, നല്ലൊരു ജോലിയും സന്തോഷമുള്ള ജീവിതവും ഒക്കെ കിട്ടണമെങ്കിൽ അതു വേണമെന്ന് അവർ പറഞ്ഞു.” ആ സമ്മർദത്തെ ചെറുത്തുനിൽക്കാൻ ഒലാഫിന് എങ്ങനെയാണു കഴിഞ്ഞത്? അവൻ പറയുന്നു: “എന്റെ സഭയിലുള്ളവരുമായി ഞാൻ നല്ല കൂട്ടായി. അവർ എനിക്കൊരു കുടുംബംപോലെയായിരുന്നു. മാത്രമല്ല ഞാൻ കുറെക്കൂടി നന്നായി ബൈബിൾ പഠിക്കാനും തുടങ്ങി. ഞാൻ എത്ര അധികമായി പഠിച്ചോ അതനുസരിച്ച് ഇതാണു സത്യമെന്ന് എനിക്കു ബോധ്യമായി. അങ്ങനെ സ്നാനമേൽക്കാനും ഞാൻ തീരുമാനിച്ചു.”
9. ഞെരുക്കമുള്ള വഴിയിലൂടെതന്നെ യാത്ര തുടരാൻ ആഗ്രഹിക്കുന്നവർ എന്തു ചെയ്യണം?
9 ജീവനിലേക്കു നയിക്കുന്ന വഴിയിൽനിന്ന് നമ്മളെ എങ്ങനെയെങ്കിലും പുറത്ത് ചാടിക്കാനാണു സാത്താൻ നോക്കുന്നത്. ‘നാശത്തിലേക്കുള്ള വിശാലമായ വഴിയിലൂടെ’ പോകുന്ന ഭൂരിപക്ഷം ആളുകളോടൊപ്പം നിങ്ങളും ചേരാൻ അവൻ ആഗ്രഹിക്കുന്നു. (മത്താ. 7:13) പക്ഷേ ഞെരുക്കമുള്ള വഴിയിലൂടെ നമുക്കു യാത്ര തുടരാനാകും. അതിനു നമ്മൾ യേശു പറഞ്ഞതു കേട്ടനുസരിക്കുകയും ഞെരുക്കമുള്ള വഴി നമുക്ക് ഒരു സംരക്ഷണമാണെന്നു ചിന്തിക്കുകയും വേണം. അടുത്തതായി, നമ്മൾ ചെയ്യണമെന്നു യേശു പറഞ്ഞ മറ്റൊരു കാര്യത്തെക്കുറിച്ച് നോക്കാം.
“നിന്റെ സഹോദരനുമായി സമാധാനത്തിലാകുക”
10. മത്തായി 5:23, 24 അനുസരിച്ച് നമ്മൾ എന്തു ചെയ്യണമെന്നാണു യേശു പറഞ്ഞത്?
10 മത്തായി 5:23, 24 വായിക്കുക. യേശുവിനെ ശ്രദ്ധിച്ചുകൊണ്ടിരുന്ന ആ ജൂതന്മാരുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തെക്കുറിച്ചാണു യേശു ഇവിടെ പറയുന്നത്. ഒരാൾ ദേവാലയത്തിൽ ചെന്ന് താൻ ബലിയർപ്പിക്കാൻ കൊണ്ടുവന്ന മൃഗത്തെ പുരോഹിതനെ ഏൽപ്പിക്കാനായി നിൽക്കുന്ന ആ രംഗം ഒന്നു ഭാവനയിൽ കാണുക. ആ സമയത്ത് തന്റെ സഹോദരനു തന്നോട് എന്തോ പിണക്കമുണ്ടെന്ന് അയാൾക്ക് ഓർമ വന്നാൽ ആ കാഴ്ച അവിടെ വെച്ചിട്ട് അയാൾ ‘പോകണമായിരുന്നു.’ എന്തുകൊണ്ട്? കാരണം യഹോവയ്ക്ക് ഒരു കാഴ്ച അർപ്പിക്കുന്നതിനു മുമ്പ് ചെയ്യേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ടായിരുന്നു. അത് എന്താണെന്നു യേശു വ്യക്തമായി പറഞ്ഞു. “ആദ്യം പോയി നിന്റെ സഹോദരനുമായി സമാധാനത്തിലാകുക.”
11. ഏശാവുമായി സമാധാനത്തിലാകാൻ യാക്കോബ് എന്തെല്ലാം ചെയ്തു?
11 ഗോത്രപിതാവായ യാക്കോബിന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവം നമുക്ക് ഇപ്പോൾ നോക്കാം. അതിൽനിന്ന്, മറ്റുള്ളവരുമായി സമാധാനത്തിലാകുന്നതിനെക്കുറിച്ച് പ്രധാനപ്പെട്ട പലതും നമുക്കു പഠിക്കാനാകും. യാക്കോബ് തന്റെ ജന്മനാട്ടിൽനിന്ന് പോയിട്ട് ഏതാണ്ട് 20 വർഷം കഴിഞ്ഞിരുന്നു. അപ്പോൾ യഹോവ തന്റെ ദൂതനിലൂടെ യാക്കോബിനോട് അങ്ങോട്ട് തിരിച്ചുപോകാൻ ആവശ്യപ്പെട്ടു. (ഉൽപ. 31:11, 13, 38) പക്ഷേ ഒരു പ്രശ്നമുണ്ടായിരുന്നു. ചേട്ടനായ ഏശാവ് യാക്കോബിനെ കൊല്ലാൻ തീരുമാനിച്ചിട്ടുണ്ടായിരുന്നു. (ഉൽപ. 27:41) ചേട്ടൻ ഇപ്പോഴും തന്നോടു പകവെച്ചുകൊണ്ടിരിക്കുകയാണോ തന്നെ കൊല്ലുമോ എന്നൊക്കെ ചിന്തിച്ച് യാക്കോബിന് ‘നല്ല പേടി തോന്നി.’ (ഉൽപ. 32:7) ചേട്ടനുമായി സമാധാനത്തിലാകാൻ യാക്കോബ് എന്താണു ചെയ്തത്? ആദ്യംതന്നെ അദ്ദേഹം യഹോവയോട് അതെക്കുറിച്ച് ഉള്ളുരുകി പ്രാർഥിച്ചു. അടുത്തതായി, ഏശാവിന് ഒരുപാടു സമ്മാനങ്ങൾ കൊടുത്തയച്ചു. (ഉൽപ. 32:9-15) അവസാനം, തന്നോടു ദേഷ്യത്തിലായിരുന്ന ചേട്ടനെ വർഷങ്ങൾക്കു ശേഷം നേരിൽ കണ്ടപ്പോൾ യാക്കോബ് അദ്ദേഹത്തോടു സ്നേഹവും ബഹുമാനവും കാണിച്ചു. ഏശാവിന്റെ മുന്നിൽ യാക്കോബ് നിലംവരെ കുനിഞ്ഞ് നമസ്കരിച്ചു. ഒന്നോ രണ്ടോ തവണയല്ല, ഏഴു തവണ! അങ്ങനെ ചേട്ടനോടു താഴ്മയോടെ, ബഹുമാനം കാണിച്ചതുകൊണ്ട് യാക്കോബിന് അദ്ദേഹവുമായി സമാധാനത്തിലാകാൻ കഴിഞ്ഞു.—ഉൽപ. 33:3, 4.
12. യാക്കോബിന്റെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
12 ചേട്ടനെ കാണുന്നതിനു മുമ്പ് യാക്കോബ് ചെയ്ത ഒരുക്കങ്ങളിൽനിന്നും അവർ തമ്മിൽ കണ്ടപ്പോൾ യാക്കോബ് ചെയ്ത കാര്യങ്ങളിൽനിന്നും നമുക്കു പലതും പഠിക്കാനാകും. ആദ്യംതന്നെ യാക്കോബ് താഴ്മയോടെ സഹായത്തിനായി യഹോവയോട് അപേക്ഷിച്ചു. തുടർന്ന്, എങ്ങനെയും ചേട്ടനുമായി സമാധാനത്തിലാകാൻ വേണ്ടതെല്ലാം ചെയ്തുകൊണ്ട് ആ പ്രാർഥനയ്ക്കു ചേർച്ചയിൽ പ്രവർത്തിച്ചു. അവർ തമ്മിൽ കണ്ടപ്പോഴാകട്ടെ, ആരുടെ ഭാഗത്താണു ശരി, ആരാണു തെറ്റുകാരൻ എന്നതിനെക്കുറിച്ചൊന്നും യാക്കോബ് തർക്കിച്ചില്ല. ചേട്ടനുമായി സമാധാനത്തിലാകുക എന്നതു മാത്രമായിരുന്നു യാക്കോബിന്റെ ലക്ഷ്യം. നമുക്ക് എങ്ങനെ യാക്കോബിന്റെ മാതൃക അനുകരിക്കാം?
മറ്റുള്ളവരുമായി എങ്ങനെ സമാധാനത്തിലാകാം?
13-14. സഹോദരങ്ങളിൽ ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ നമ്മൾ എന്തു ചെയ്യണം?
13 ജീവനിലേക്കുള്ള വഴിയേ യാത്ര ചെയ്യുന്നതിനു നമ്മൾ സഹോദരങ്ങളുമായി സമാധാനത്തിലായിരിക്കേണ്ടതുണ്ട്. (റോമ. 12:18) നമ്മൾ സഹോദരങ്ങളിൽ ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെന്നു മനസ്സിലായാൽ എന്തു ചെയ്യണം? യാക്കോബിനെപ്പോലെ, അതെക്കുറിച്ച് യഹോവയോട് ആത്മാർഥമായി പ്രാർഥിക്കുക. സഹോദരനുമായി സമാധാനത്തിലാകാനുള്ള നമ്മുടെ ശ്രമത്തെ അനുഗ്രഹിക്കണേ എന്നു നമുക്ക് യഹോവയോട് അപേക്ഷിക്കാനാകും.
14 ഇനി, സഹോദരനുമായി സമാധാനത്തിലാകാൻ നമ്മൾ എന്തൊക്കെ ചെയ്യേണ്ടതുണ്ടെന്നും ചിന്തിക്കുക. അതിനുവേണ്ടി ഈ ചോദ്യങ്ങൾ നമുക്കു നമ്മളോടുതന്നെ ചോദിക്കാനാകും: ‘തെറ്റ് എന്റെ ഭാഗത്താണെന്നു സമ്മതിക്കാനും താഴ്മയോടെ ക്ഷമ ചോദിക്കാനും സമാധാനത്തിലാകാനും ഞാൻ തയ്യാറാണോ? എന്റെ സഹോദരനുമായോ സഹോദരിയുമായോ വീണ്ടും സമാധാനത്തിലാകാൻ ഞാൻ ശ്രമിക്കുന്നതു കാണുമ്പോൾ യഹോവയ്ക്കും യേശുവിനും എന്തായിരിക്കും തോന്നുന്നത്?’ ഇങ്ങനെയൊക്കെ ചിന്തിക്കുന്നതു യേശുവിന്റെ വാക്കു കേട്ടനുസരിക്കാനും താഴ്മയോടെ സഹോദരങ്ങളുമായി സമാധാനത്തിലാകാനും നമ്മളെ പ്രേരിപ്പിക്കും. ഇക്കാര്യത്തിൽ യാക്കോബിന്റെ മാതൃക നമുക്ക് അനുകരിക്കാം.
15. എഫെസ്യർ 4:2, 3-ലെ തത്ത്വം പ്രാവർത്തികമാക്കുന്നതു സഹോദരനുമായി സമാധാനത്തിലാകാൻ നമ്മളെ എങ്ങനെ സഹായിക്കും?
15 ചേട്ടനുമായി കണ്ടപ്പോൾ യാക്കോബ് താഴ്മ കാണിക്കാൻ തയ്യാറായില്ലായിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നെന്ന് ഒന്നു ചിന്തിക്കുക. സാധ്യതയനുസരിച്ച് കാര്യങ്ങൾ കൂടുതൽ വഷളായേനെ. അതു കാണിക്കുന്നതു സഹോദരനുമായുള്ള ഒരു പ്രശ്നം പരിഹരിക്കാൻ ചെല്ലുമ്പോൾ നമ്മൾ താഴ്മ കാണിക്കണം എന്നാണ്. (എഫെസ്യർ 4:2, 3 വായിക്കുക.) സുഭാഷിതങ്ങൾ 18:19 പറയുന്നു: “കോട്ടമതിലുള്ള ഒരു നഗരം കീഴടക്കുന്നതിനെക്കാൾ പരിഭവിച്ചിരിക്കുന്ന സഹോദരനെ അനുനയിപ്പിക്കാൻ പ്രയാസം; ചില വഴക്കുകൾ കോട്ടയുടെ ഓടാമ്പലുകൾപോലെ.” താഴ്മയോടെ ക്ഷമ ചോദിക്കാൻ തയ്യാറാകുന്നെങ്കിൽ നമുക്ക് ആ ‘കോട്ടയ്ക്കുള്ളിൽ’ പ്രവേശിക്കാനായേക്കും.
16. നമ്മൾ ഏതു കാര്യം ചിന്തിക്കണം, എന്തുകൊണ്ട്?
16 പരിഭവിച്ചിരിക്കുന്ന സഹോദരനോട് എന്തു പറയും, എങ്ങനെ പറയും എന്നതിനെക്കുറിച്ച് നമ്മൾ നന്നായി ചിന്തിക്കുകയും വേണം. എന്നിട്ട് അദ്ദേഹത്തിന്റെ മനസ്സിലെ വിഷമം മാറ്റുക എന്ന ലക്ഷ്യത്തിലാകണം നമ്മൾ അവിടെ ചെല്ലാൻ. തുടക്കത്തിൽ അദ്ദേഹം നമ്മളെ വിഷമിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലുമൊക്കെ പറഞ്ഞേക്കാം. അപ്പോൾ ദേഷ്യപ്പെടാനും നമ്മുടെ ഭാഗം ന്യായീകരിക്കാനും ഒക്കെയായിരിക്കും തോന്നുന്നത്. പക്ഷേ അങ്ങനെ ചെയ്യുന്നതു ശരിക്കും പ്രശ്നം പരിഹരിക്കുമോ? ഒരിക്കലുമില്ല. കുറ്റം ആരുടെ ഭാഗത്താണെന്നു തെളിയിക്കുന്നതിനെക്കാൾ പ്രധാനം സഹോദരനുമായി സമാധാനത്തിലാകുന്നതാണെന്ന കാര്യം ഓർക്കുക.—1 കൊരി. 6:7.
17. ഗിൽബർട്ട് സഹോദരന്റെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
17 ഒരു അടുത്ത കുടുംബാംഗവുമായി കുറെ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അതു പരിഹരിച്ച് അവർക്കിടയിലെ ബന്ധം പഴയതുപോലെ ആക്കാൻവേണ്ടി ഗിൽബർട്ട് സഹോദരൻ എന്താണു ചെയ്തതെന്നു നമുക്കു നോക്കാം. സഹോദരൻ പറയുന്നു: “ഞങ്ങൾക്കിടയിലുണ്ടായ പ്രശ്നത്തെക്കുറിച്ച് ശാന്തതയോടെ, സത്യസന്ധമായി സംസാരിക്കാനും അങ്ങനെ വീണ്ടും സമാധാനത്തിലാകാനും രണ്ടു വർഷത്തിലേറെ ഞാൻ നല്ല ശ്രമം ചെയ്തു.” സഹോദരൻ വേറെ എന്താണു ചെയ്തത്? “ഓരോ തവണ സംസാരിക്കുന്നതിനു മുമ്പും ഞാൻ പ്രാർഥിക്കുകയും, ഇനി മറ്റേ വ്യക്തി മോശമായി എന്തെങ്കിലും പറഞ്ഞാൽത്തന്നെ അതിൽ വിഷമിക്കരുതെന്ന് എന്നെത്തന്നെ ഓർമിപ്പിക്കുകയും ചെയ്യുമായിരുന്നു. ഞാൻ ക്ഷമിക്കാൻ മനസ്സുകാണിക്കണമായിരുന്നു. എന്റെ ഭാഗത്താണു ശരിയെന്നു തെളിയിക്കാൻ ശ്രമിക്കുന്നതിനു പകരം ആ വ്യക്തിയുമായി സമാധാനത്തിലാകുകയാണ് എന്റെ ഉത്തരവാദിത്വമെന്നു ഞാൻ തിരിച്ചറിഞ്ഞു.” അങ്ങനെയൊക്കെ ചെയ്തതിന്റെ ഫലമെന്തായിരുന്നു? ഗിൽബർട്ട് സഹോദരൻ പറയുന്നു: “എല്ലാ കുടുംബാംഗങ്ങളുമായി നല്ലൊരു ബന്ധമുള്ളതുകൊണ്ട് എനിക്ക് ഇന്നു മനസ്സമാധാനമുണ്ട്.”
18-19. നമ്മൾ ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ എന്തു ചെയ്യണം, എന്തുകൊണ്ട്?
18 നമ്മൾ ഇപ്പോൾ പഠിച്ചതനുസരിച്ച് സഹോദരങ്ങളിൽ ആരെയെങ്കിലും വിഷമിപ്പിച്ചതായി മനസ്സിലായാൽ എന്തു ചെയ്യാനാണു നിങ്ങളുടെ തീരുമാനം? മറ്റുള്ളവരുമായി സമാധാനത്തിലാകാനുള്ള യേശുവിന്റെ ഉപദേശം അനുസരിക്കുക. ആ പ്രശ്നത്തെക്കുറിച്ച് യഹോവയോടു പറയുക. പരിശുദ്ധാത്മാവിന്റെ സഹായത്തിനായി യാചിക്കുക. അങ്ങനെ സമാധാനത്തിലാകുന്നെങ്കിൽ നമുക്കു സന്തോഷമുണ്ടാകും. മാത്രമല്ല യേശുവിന്റെ വാക്കുകൾ ശ്രദ്ധിക്കുന്നെന്നു നമ്മൾ തെളിയിക്കുകയുമാണ്.—മത്താ. 5:9.
19 ‘സഭയുടെ തലയായ’ യേശുക്രിസ്തുവിലൂടെ യഹോവ സ്നേഹത്തോടെ നമുക്ക് ആവശ്യമായ നിർദേശങ്ങൾ തരുന്നതിൽ നമുക്ക് എത്ര നന്ദിയുള്ളവരായിരിക്കാം! (എഫെ. 5:23) അപ്പോസ്തലന്മാരായ പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവരെപ്പോലെ നമുക്കും ‘യേശു പറയുന്നതു ശ്രദ്ധിക്കാം.’ (മത്താ. 17:5) നമുക്കു ജീവനിലേക്കു നയിക്കുന്ന ഞെരുക്കമുള്ള വഴിയിലൂടെ യാത്ര തുടരാം. അതുപോലെ സഹോദരങ്ങളിൽ ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ അവരുമായി സമാധാനത്തിലാകാം. അങ്ങനെയൊക്കെ ചെയ്യുന്നെങ്കിൽ നമുക്ക് ഇപ്പോൾത്തന്നെ ധാരാളം അനുഗ്രഹങ്ങൾ കിട്ടും. മാത്രമല്ല ഭാവിയിൽ നിത്യമായ സന്തോഷവും ആസ്വദിക്കാനാകും.
ഗീതം 130 ക്ഷമിക്കുന്നവരായിരിക്കുക
a ജീവനിലേക്കുള്ള വഴിയിൽ എത്താനുള്ള ഇടുങ്ങിയ വാതിലിലൂടെ അകത്ത് കടക്കാൻ യേശു നമ്മളോടു പറയുന്നു. നമ്മുടെ സഹോദരങ്ങളുമായി സമാധാനത്തിലായിരിക്കാനും യേശു ആവശ്യപ്പെടുന്നു. യേശുവിന്റെ ഉപദേശം അനുസരിക്കാൻ ശ്രമിക്കുമ്പോൾ നമുക്ക് എന്തെല്ലാം ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം? അവയെ എങ്ങനെ മറികടക്കാം?
b യുവജനങ്ങൾ ചോദിക്കുന്ന 10 ചോദ്യങ്ങളും ഉത്തരങ്ങളും എന്ന ലഘുപത്രികയിലെ “കൂട്ടുകാർ നിർബന്ധിച്ചാൽ എന്തു ചെയ്യണം?” എന്ന 6-ാമത്തെ ചോദ്യവും www.jw.org-ൽ ബോർഡിലെ രേഖാചിത്രീകരണം എന്നതിനു കീഴിലുള്ള സമപ്രായക്കാരുടെ സമ്മർദം ചെറുക്കുക! എന്ന വീഡിയോയും കാണുക. (ബൈബിൾപഠിപ്പിക്കലുകൾ > കൗമാരക്കാർ എന്നതിനു കീഴിൽ നോക്കുക.)
c ഈ ലേഖനത്തിലെ ചില പേരുകൾ യഥാർഥമല്ല.
d ചിത്രക്കുറിപ്പ്: യഹോവ പറഞ്ഞിരിക്കുന്നത് അനുസരിക്കുമ്പോൾ നമ്മൾ കമ്പിവേലി കെട്ടി സുരക്ഷിതമാക്കിയ “ഞെരുക്കമുള്ള” വഴിയിലൂടെ യാത്ര ചെയ്യുന്നതുപോലെയാണ്. അങ്ങനെ ചെയ്യുന്നതിലൂടെ അശ്ലീലവും മോശമായ കൂട്ടുകെട്ടും ഉന്നതവിദ്യാഭ്യാസത്തിനു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കാനുള്ള സമ്മർദവും നമുക്ക് ഒഴിവാക്കാനാകും.
e ചിത്രക്കുറിപ്പ്: ചേട്ടനുമായി സമാധാനത്തിലാകാൻവേണ്ടി യാക്കോബ് പല പ്രാവശ്യം അദ്ദേഹത്തിന്റെ മുന്നിൽ നിലംവരെ കുനിഞ്ഞ് നമസ്കരിച്ചു.