നിങ്ങൾ സത്യദൈവത്തിനുവേണ്ടിയുള്ള ഒരു സാക്ഷിയായിരിക്കുമോ?
“‘നിങ്ങൾ എന്റെ സാക്ഷികളാകുന്നു’ എന്നാണ് യഹോവയുടെ അരുളപ്പാട്, ‘ഞാൻ ദൈവമാകുന്നു.’”—യെശയ്യാവ് 43:12.
1. നാം സത്യദൈവത്തെ ബഹുമാനിക്കേണ്ടതെന്തുകൊണ്ട്?
യേശു മരിക്കുന്നതിനു തൊട്ടു മുമ്പ് അവൻ പ്രാർത്ഥിക്കുന്നതിന് ‘തന്റെ കണ്ണുകൾ സ്വർഗ്ഗത്തിലേക്കുയർത്തി.’ താൻ ആരോടു പ്രാർത്ഥിച്ചുവോ അവനെ അവൻ “ഏകസത്യദൈവം” എന്നു സംബോധന ചെയ്തു. (യോഹന്നാൻ 17:1, 3) ന്യായയുക്തമായി, അഖിലാണ്ഡ പരമാധികാരിയായ സ്രഷ്ടാവായ ജീവനുള്ള ഒരു സത്യദൈവം മാത്രമേ ഉണ്ടായിരിക്കാൻ കഴികയുള്ളു. നാം നമ്മുടെ അസ്തിത്വത്തിന് സത്യദൈവത്തോടു കടപ്പെട്ടിരിക്കുന്നതിനാൽ അവൻ അർഹിക്കുന്ന ബഹുമതി നാം അവനു കൊടുക്കേണ്ടതാണ്. വെളിപ്പാട് 4:11 പ്രസ്താവിക്കുന്ന പ്രകാരം: “ഞങ്ങളുടെ ദൈവം തന്നെയായ യഹോവേ, നീ സകലവും സൃഷ്ടിച്ചതുകൊണ്ടും നിന്റെ ഇഷ്ടം ഹേതുവായി അവ സ്ഥിതിചെയ്യുകയും സൃഷ്ടിക്കപ്പെടുകയും ചെയ്തതുകൊണ്ടും മഹത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കാൻ നീ യോഗ്യനാകുന്നു.”
2. (എ) സത്യദൈവത്തെക്കുറിച്ചു എന്തു വിശ്വസിക്കുന്നതു യുക്തിയുക്തമാണ്? (ബി) അവൻ തന്നെ ആരാധിക്കാനാഗ്രഹിക്കുന്നവരോട് ആശയവിനിയമം ചെയ്യുന്നതെങ്ങനെ?
2 സത്യദൈവം തന്റെ ഭൗമിക സൃഷ്ടികളെ കളങ്കപ്പെടുത്തിയിരിക്കുന്ന ദുരവസ്ഥകളെ എന്നേക്കും പൊറുക്കുകയില്ലെന്ന് പ്രതീക്ഷിക്കുന്നത് യുക്തിയുക്തമായിരിക്കും. അവൻ തന്റെ ന്യായവിധികൾ നിർവ്വഹിക്കുന്നതിനു മുൻപ് താൻ എന്തു ചെയ്യുമെന്നും തന്റെ ആരാധകർ എന്തു ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്നും അവരെ അറിയിച്ചുകൊണ്ടിരിക്കുമെന്ന് വിശ്വസിക്കുന്നതും യുക്തിയുക്തമാണ്. (ആമോസ് 3:7) അവൻ യഥാർത്ഥ സത്യാന്വേഷികളുമായി ആശയവിനിയമം ചെയ്യുന്നതെങ്ങനെയാണ്? അവൻ സന്നദ്ധതയുള്ള മനുഷ്യരെ തന്റെ വക്താക്കളായി ഉപയോഗിക്കുന്നു. “‘നിങ്ങൾ എന്റെ സാക്ഷികളാകുന്നു’ എന്നാണ് യഹോവയുടെ അരുളപ്പാട് . . . ‘എനിക്കു മുമ്പ് ദൈവം ഉണ്ടാക്കപ്പെട്ടില്ല, എനിക്കുശേഷം ആരുമില്ലാതെ തുടർന്നു. ഞാൻ—ഞാൻ യഹോവയാകുന്നു, എനിക്കു പുറമേ രക്ഷകനില്ല.’” (യെശയ്യാവ് 43:10, 11) എന്നാൽ സത്യദൈവം തന്റെ സാക്ഷികളായി ഉപയോഗിക്കുന്നവരെ ഒരുവന് എങ്ങനെ തിരിച്ചറിയാൻ കഴിയും? അവരും അവരുടെ സന്ദേശവും മററു ദൈവങ്ങളുടെ ആരാധകരിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നതെങ്ങനെ?
മററ ദൈവങ്ങളോടുള്ള വെല്ലുവിളി
3. യഹോവ മറെറല്ലാ ദൈവങ്ങളോടും എന്തു വെല്ലുവിളി പുറപ്പെടുവിക്കുന്നു?
3 മറെറല്ലാ ദൈവങ്ങളോടുമുള്ള ഈ വെല്ലുവിളി രേഖപ്പെടുത്താൻ യഹോവ യെശയ്യാവിനെ നിശ്വസ്തനാക്കി: “ഇത് [കൃത്യമായ പ്രവചനം] പറയാൻ കഴിയുന്നവനായി അവരുടെ [ജനതകളുടെയും ജനങ്ങളുടെയും ദൈവങ്ങളുടെ] ഇടയിൽ ആരുണ്ട്? അല്ലെങ്കിൽ [ഭാവിയിൽ സംഭവിക്കുന്ന] ആദ്യകാര്യങ്ങൾപോലും നമ്മെ കേൾപ്പിക്കാൻ അവർക്കു കഴിയുമോ? അവർ [ദൈവങ്ങളെന്നനിലയിൽ] നീതിനിഷ്ഠരായി പ്രഖ്യാപിക്കപ്പെടേണ്ടതിന് അവർ [ദൈവങ്ങളെന്ന നിലയിൽ] തങ്ങളുടെ സാക്ഷികളെ കൊണ്ടുവരട്ടെ, അല്ലെങ്കിൽ അവർ (ജനതകളിലെ ആളുകൾ) കേട്ടിട്ട് ‘ഇതാണു സത്യം!’ എന്നു പറയട്ടെ.” (യെശയ്യാവ് 43:9) അങ്ങനെ തങ്ങൾ ദൈവങ്ങളാണെന്നു തെളിയിക്കാൻ ആളുകൾ ആരാധിക്കുന്ന സകല ദൈവങ്ങളെയും യഹോവ വെല്ലുവിളിക്കുന്നു. തങ്ങളുടെ ദൈവങ്ങൾ വിശ്വാസ്യതയുള്ളവരും ആരാധിക്കപ്പെടാൻ യോഗ്യരുമാണെന്നുള്ളതിന് ദൈവങ്ങളുടെ സാക്ഷികൾ തെളിവ് ഹാജരാക്കേണ്ടതാണ്.
4. പുരാതന ജനതകളിലെ ദൈവങ്ങൾ വിലയില്ലാത്തവരായിരുന്നുവെന്ന് നാം എങ്ങനെ അറിയുന്നു?
4 എന്നാൽ ആ ദൈവങ്ങളും അവരുടെ ആരാധകരും എന്താണ് ഹാജരാക്കിയിരിക്കുന്നത്? അവർ യഥാർത്ഥ സമാധാനത്തിലേക്കും ഐശ്വര്യത്തിലേക്കും ആരോഗ്യത്തിലേക്കും ജീവിതത്തിലേക്കും നമ്മെ നയിച്ചിട്ടുണ്ടോ? പുരാതന ജനതകളുടെ അനേകം ദൈവങ്ങൾ വിലയില്ലാത്തവരും ശക്തിയില്ലാത്തവരുമെന്നു തെളിഞ്ഞതായി ചരിത്രം സാക്ഷ്യം വഹിക്കുന്നു. ആരാധനാ ലക്ഷ്യങ്ങളെന്ന നിലയിൽ നിലനിൽക്കാൻ പോലും അവർക്കു കഴിഞ്ഞില്ല, കാരണം അവർ ഇന്ന് ആസ്തിക്യത്തിലില്ല. പുരാതന ഈജിപ്ററിന്റെയും അശൂറിന്റെയും ബാബിലോനിന്റെയും മററു ജനതകളുടെയും അനേകം ദൈവങ്ങൾ വ്യാജരെന്നു തെളിഞ്ഞു. ചരിത്രപ്പുസ്തകങ്ങളിലോ കാഴ്ചബംഗ്ലാവുകളിലോ മാത്രമേ അവർ സ്ഥിതിചെയ്യുന്നുള്ളു, അവിടെ അവരുടെ പ്രതിമകൾ കേവലം ജിജ്ഞാസയുളവാക്കുന്ന വസ്തുക്കളാണ്.
5. ആധുനിക കാലങ്ങളിലെ ദൈവങ്ങളെക്കുറിച്ച് നമുക്ക് എന്തു ചോദിക്കാവുന്നതാണ്?
5 എന്നിരുന്നാലും, ആധുനിക ദൈവങ്ങളും അവരുടെ ആരാധകരും പുരാതന ദൈവങ്ങളെക്കാൾ അല്പമെങ്കിലും മെച്ചമാണോ? ഹിന്ദുമതത്തിനുതന്നെ ദശലക്ഷക്കണക്കിനു ദൈവങ്ങളുണ്ട്. ബുദ്ധമതക്കാർക്കും കത്തോലിക്കർക്കും കൺഫ്യൂഷ്യസ് മതക്കാർക്കും യഹൂദൻമാർക്കും മുസ്ലീങ്ങൾക്കും പ്രോട്ടസ്ററൻറുകാർക്കും ഷിന്റോമതക്കാർക്കും തായോ മതക്കാർക്കും മററനേകർക്കും അവരുടെ സ്വന്തം ദൈവങ്ങളുണ്ട്. ആഫ്രിക്കയിലും ഏഷ്യയിലും മററു ചിലടങ്ങളിലും പ്രകൃതിശക്തികളും മൃഗങ്ങളും വസ്തുക്കളും ദൈവങ്ങളായി ആരാധിക്കപ്പെടുന്നു. ദേശീയത്വവും ഭൗതികത്വവും ഒരു വ്യക്തിയുടെ സ്വത്വം പോലും ദൈവങ്ങളായിത്തീർന്നിട്ടുണ്ട്, അവയ്ക്കു അനേകർ തങ്ങളുടെ മുഖ്യഭക്തി കൊടുക്കുന്നതുകൊണ്ടുതന്നെ. “ഞാൻ യഹോവയാകുന്നു, മറെറാരുത്തനുമില്ല. എന്നെകൂടാതെ ദൈവമില്ല” എന്നു പ്രഖ്യാപിക്കുന്ന ഏകനെ യഥാർത്ഥമായി പ്രതിനിധാനം ചെയ്യുന്നത് ഏത് ആരാധനാരീതിയാണ്?—യെശയ്യാവ് 45:5.
“അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ തിരിച്ചറിയും”
6. നമുക്ക് വ്യാജാരാധനയിൽനിന്ന് സത്യാരാധനയെ എങ്ങനെ തിരിച്ചറിയാൻ കഴിയും?
6 മതം സംബന്ധിച്ച് സത്യത്തെ അല്ലെങ്കിൽ വ്യാജത്തെ തിരിച്ചറിയുന്നതിനുള്ള ആശ്രയയോഗ്യമായ ഒരു ചട്ടം യേശു വെക്കുകയുണ്ടായി. അവൻ പറഞ്ഞു: “അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ തിരിച്ചറിയും . . . ഏതു നല്ല വൃക്ഷവും നല്ല ഫലം ഉല്പാദിപ്പിക്കുന്നു, എന്നാൽ ഏത് ചീത്ത വൃക്ഷവും വിലകെട്ട ഫലം ഉല്പാദിപ്പിക്കുന്നു . . . നല്ലഫലം ഉല്പാദിപ്പിക്കാത്ത ഏതു ഫലവും വെട്ടി തീയിലിടുന്നു.” (മത്തായി 7:16-19) അങ്ങനെ, വ്യാജദൈവങ്ങളിൽനിന്ന് സത്യദൈവത്തെയും വ്യാജാരാധകരിൽനിന്ന് സത്യാരാധകരെയും നിർണ്ണയിക്കുന്നതിന് അവർ ഉല്പാദിപ്പിക്കുന്നതെന്തെന്ന് നാം പരിശോധിക്കേണ്ടതുണ്ട്. അവരുടെ ഫലം “നല്ലതോ” അതോ “വിലകെട്ടതോ”?
7. ഈ നൂററാണ്ടിലെ ചരിത്രം ഈ ലോകത്തിലെ മതങ്ങളെക്കുറിച്ച് നമ്മോട് എന്തു പറയുന്നു?
7 ദൃഷ്ടാന്തത്തിന്, ലോകമതങ്ങളിൽ ഏത് ഭൂവ്യാപകമായുള്ള അതിന്റെ അനുയായികളുടെ ഇടയിൽ യഥാർത്ഥസമാധാനം സ്ഥാപിച്ചിട്ടുണ്ട്? തീർച്ചയായും, സത്യമതത്തിലെ അംഗങ്ങൾ, ആത്മീയസഹോദരൻമാർ, അന്യോന്യം കൊല്ലരുത്. എന്നാൽ ഈ 20-ാം നൂററാണ്ടിലെ യുദ്ധങ്ങളിൽ പത്തുകോടി ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ആ യുദ്ധങ്ങളെയെല്ലാം ഈ ലോകത്തിലെ മതങ്ങൾ പിന്താങ്ങിയിട്ടുമുണ്ട്. തത്ഫലമായി, മതഭക്തർ മററു മതഭക്തരെ കൊന്നിരിക്കുന്നു. ഒട്ടു മിക്കപ്പോഴും അവർ സ്വന്തം മതത്തിലെ ആളുകളെ കൊന്നിരിക്കുന്നു. കത്തോലിക്കർ കത്തോലിക്കരെ കൊന്നിരിക്കുന്നു, പ്രോട്ടസ്ററൻറുകാർ പ്രോട്ടസ്ററൻറുകാരെ കൊന്നിരിക്കുന്നു, മുസ്ലീങ്ങൾ മുസ്ലീങ്ങളെ കൊന്നിരിക്കുന്നു, മററു മതങ്ങളിൽ പെട്ടവർ ഇതേ ഗതി പിന്തുടർന്നിരിക്കുന്നു.
8. നമ്മുടെ കാലത്തെ മതപരമായ പരാജയത്തെക്കുറിച്ച് നിരീക്ഷകർ എങ്ങനെ അഭിപ്രായം പറയുന്നു?
8 “ദൈവ നാമത്തിൽ ചെയ്യപ്പെടുന്ന അക്രമം” എന്ന ശീർഷകത്തിലുള്ള ഒരു മുഖപ്രസംഗത്തിൽ മൈക്ക് റോയ്ക്കോ ദൈവത്തെ സംബോധന ചെയ്യുന്ന മട്ടിൽ ഈ ലോകത്തിലെ മതങ്ങളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ശതക്കണക്കിനാളുകളെ പരസ്പരം കൊന്നുകൊണ്ടു അവ നിന്നോടുള്ള അവയുടെ ഭക്തി പ്രകടമാക്കുന്നു. ഒരു പക്ഷത്തിന് മറുപക്ഷത്തെ തുടച്ചുനീക്കാൻ കഴിയുമെങ്കിൽ, നിന്നെ ആരാധിക്കുന്നതിനുള്ള തങ്ങളുടെ വഴി ശരിയാണെന്ന് അവർ സങ്കൽപ്പിക്കുന്നതായി ഞാൻ ഊഹിക്കുന്നു.” പാപ്പാ സ്വയം ഒരു സമാധാനപുരുഷനായി വരച്ചുകാട്ടുന്നുവെന്നിരിക്കെ, “അദ്ദേഹത്തിന്റെ അനുഗാമികൾ കുപിതരാകുമ്പോൾ ചുരുക്കംചില ശതലക്ഷക്കണക്കിനു ഗ്യാലൻ രക്തം ചൊരിയുന്നതായി അറിയപ്പെടുന്നു” വെന്ന് അയാൾ പറയുകയുണ്ടായി. കൂടാതെ, “ലോകത്തിന് ഭ്രാന്തു പിടിച്ചിരിക്കുന്നു”വെന്ന് ഐക്യനാടുകളിലെ മുൻ പ്രസിഡണ്ട് കാർട്ടർ പ്രസ്താവിച്ചപ്പോൾ, “ആളുകളെ സ്നേഹത്താൽ ബന്ധിക്കേണ്ട അഗാധമായ മതബോദ്ധ്യം മിക്കപ്പോഴും ഭ്രാന്തിന്റെയും കൊലപാതകത്തിന്റെയും ഭാഗമാണെന്ന് കാണപ്പെടുന്നു.”
9. നാം “വിലയില്ലാത്ത ദൈവങ്ങളെ” പിന്തുടരരുതാത്തതെന്തുകൊണ്ട്?
9 അത്തരം വിലകെട്ട ഫലം സത്യദൈവത്തെ ആരാധിക്കുന്നവർ ഉളവാക്കേണ്ട ഫലത്തിന് വിപരീതമാണ്. (ഗലാത്യർ 5:19-23) അതുകൊണ്ട്, യുദ്ധത്തിലേർപ്പെടുന്ന മതങ്ങളെയും തത്വശാസ്ത്രങ്ങളെയും പിന്താങ്ങുന്നവർ “സംസാരിക്കാത്ത വിലയില്ലാത്ത ദൈവങ്ങളി”ലേക്കു നോക്കിയ പുരാതന ഈജിപ്ററുകാരെയും അശൂര്യരെയും മററുള്ളവരെയും പോലെതന്നെ തീർച്ചയായി വ്യാജാരാധനയുടെ ഭാഗമാണ്. (ഹബക്കൂക്ക് 2:18) സത്യദൈവത്തിന്റെ പ്രാവചനിക വചനം പുരാതന വ്യാജാരാധനയുടെമേൽ നിവൃത്തിയായതുപോലെ നമ്മുടെ കാലത്തും നിവൃത്തിയാകും: “വിലയില്ലാത്ത ദൈവങ്ങൾതന്നെ പൂർണ്ണമായും നീങ്ങിപ്പോകും.” (യെശയ്യാവ് 2:18) “വിലയില്ലാത്ത ദൈവങ്ങളിലേക്ക് തിരിയരുത്” എന്ന മുന്നറിയിപ്പ് വിശ്വാസയോഗ്യമാണ്.—ലേവ്യപുസ്തകം 19:4.
യഹോവക്കുവേണ്ടി ആർ സാക്ഷി പറയുന്നു?
10. ഈ ലോകത്തിലെ മതങ്ങളുടെ അനുയായികൾ സത്യദൈവത്തിന്റെ സാക്ഷികളാണോ?
10 സത്യദൈവത്തിനുവേണ്ടിയുള്ള ഒരു സാക്ഷി അവനെക്കുറിച്ചു സാക്ഷ്യം വഹിക്കുന്ന ഒരാളായിരിക്കണം. ഈ ലോകമതങ്ങളുടെ അനുയായികൾ അങ്ങനെയുള്ള സാക്ഷ്യം വഹിക്കുന്നുണ്ടോ? ഈ മതങ്ങളിൽ പെട്ട ആളുകൾ തങ്ങളുടെ ആരാധനയെക്കുറിച്ച് നിങ്ങളോട് എത്ര കൂടെക്കൂടെ സംസാരിക്കുന്നു? അവർ തങ്ങളുടെ ദൈവത്തെക്കുറിച്ചു സാക്ഷ്യം വഹിക്കാൻ നിങ്ങളുടെ വീട്ടിൽ എപ്പോൾ സന്ദർശനം നടത്തിയിട്ടുണ്ട്? സത്യദൈവം വ്യാജദൈവങ്ങളോടായി പുറപ്പെടുവിച്ച വെല്ലുവിളി ചെവിക്കൊള്ളാതെ പോകുകയാണ്. ഈ ലോകത്തിലെ മതങ്ങളിലുള്ള ആളുകൾ അങ്ങനെയുള്ള സാക്ഷ്യം വഹിക്കുന്നില്ല. സത്യദൈവം ആരാണെന്ന് അല്ലെങ്കിൽ അവന്റെ ഉദ്ദേശ്യങ്ങൾ എന്താണെന്ന് അവർക്ക് നിങ്ങളോടു പറയാൻ കഴികയില്ല. അവയിലെ വൈദികർ അവരെ സത്യം പഠിപ്പിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. “അവർ കുരുടരായ വഴികാട്ടികളാണ്. അപ്പോൾ ഒരു കുരുടനായ മനുഷ്യൻ ഒരു കുരുടനായ മനുഷ്യനെ വഴിനടത്തുന്നുവെങ്കിൽ ഇരുവരും ഒരു കുഴിയിൽ വീഴും.”—മത്തായി 15:14.
11. ആർ മാത്രമേ സത്യദൈവത്തിന്റെ നാമത്തിനു സാക്ഷ്യം വഹിക്കുന്നുള്ളു?
11 സത്യദൈവത്തിനുവേണ്ടി സാക്ഷി പറയാൻ തങ്ങളുടെ സമയവും ഭൗതിക വിഭവങ്ങളും തങ്ങളുടെ ജീവൻപോലും ബലി ചെയ്യാൻ മനസ്സുള്ളവർ ആരാണ്? “ഞാൻ യഹോവയാകുന്നു. അതാണ് എന്റെ പേർ” എന്ന് സത്യദൈവം പ്രഖ്യാപിക്കുന്നതായി ആളുകളോടു പറയുന്നതാരാണ്? (യെശയ്യാവ് 42:8) “യഹോവയെന്നു നാമമുള്ള നീ, നീ മാത്രം സർവ്വഭൂമിക്കും മീതെ അത്യുന്നതനാകുന്നു”വെന്ന് പഠിപ്പിക്കുന്നതാരാണ്? (സങ്കീർത്തനം 83:18) യേശുവിന്റെ കാലത്ത് അവന് “ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു”വെന്ന് പറയാൻ കഴിഞ്ഞു. (യോഹന്നാൻ 17:6) നമ്മുടെ കാലത്ത് യഹോവയുടെ സാക്ഷികൾക്കു മാത്രമേ അതു പറയാൻ കഴികയുള്ളു. അവരുടെ നാമം എത്ര ഉചിതമാണ്—യഹോവയുടെ സാക്ഷികൾ!
രാജ്യത്തെക്കുറിച്ചു സാക്ഷീകരിക്കുന്നു
12. സത്യസാക്ഷികൾ ഏതു മർമ്മപ്രധാനമായ പഠിപ്പിക്കലിനെക്കുറിച്ച് മററുള്ളവരോടു പറയണം?
12 സത്യദൈവത്തിന്റെ നാമത്തെ അറിയിക്കുന്നതിനു പുറമേ, അവന്റെ സാക്ഷികൾ അവന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് വിശേഷാൽ എന്തു പറയുന്നതായിരിക്കും? സത്യദൈവത്തോട് “നിന്റെ രാജ്യം വരേണമേ” എന്ന് പ്രാർത്ഥിക്കാൻ തന്റെ അനുഗാമികളെ പഠിപ്പിച്ചുകൊണ്ട് യേശു മാതൃകവെച്ചു. (മത്തായി 6:10) ദൈവത്തിന്റെ സ്വർഗ്ഗീയ രാജ്യമാണ് അന്തിമമായി മുഴു ഭൂമിയെയും ഭരിക്കുന്ന ഗവൺമെൻറ്. (ദാനിയേൽ 2:44) യേശുവിന്റെ പഠിപ്പിക്കലിന്റെ വിഷയം അതായിരുന്നു. (മത്തായി 4:23) മനുഷ്യവർഗ്ഗത്തിന്റെ കുഴപ്പങ്ങളുടെ ഏകപരിഹാരം രാജ്യമായതുകൊണ്ട് “അപ്പോൾ, ഒന്നാമതായി രാജ്യവും അവന്റെ നീതിയും അന്വേഷിച്ചുകൊണ്ടേയിരിക്കുക” എന്ന് അവൻ ശക്തമായി ഉപദേശിച്ചു.—മത്തായി 6:33.
13. (എ) ദൈവരാജ്യം സംബന്ധിച്ച യഹോവയുടെ സാക്ഷികളുടെ പ്രസംഗത്തെ സംബന്ധിച്ച് വസ്തുതകൾ എന്തു പ്രകടമാക്കുന്നു? (ബി) സത്യപ്രവചനത്തിന്റെ ഏകദൈവം യഹോവയാണെന്നുള്ളതിന് രാജ്യപ്രസംഗം ഒരു തെളിവായിരിക്കുന്നതെങ്ങനെ?
13 ഇന്ന് ആരാണ് ദൈവരാജ്യത്തിനു സാക്ഷ്യം വഹിക്കുന്നത്? ലോകമതങ്ങളുടെ ഒരു സൂക്ഷ്മ പഠിതാവായ പ്രൊഫസ്സർ സി. എസ്. ബ്രേഡൻ ഇങ്ങനെ പറഞ്ഞു: “യഹോവയുടെ സാക്ഷികൾ തങ്ങളുടെ സാക്ഷീകരണത്താൽ മുഴു ഭൂമിയെയും അക്ഷരീയമായി നിറച്ചിരിക്കുകയാണ്. ലോകത്തിലെ മററു യാതൊരു മതസംഘടനയും രാജ്യത്തിന്റെ സുവാർത്ത പരത്താൻ യഹോവയുടെ സാക്ഷികളെക്കാളധികം തീക്ഷ്ണതയും സ്ഥിരോദ്യമവും പ്രദർശിപ്പിച്ചിട്ടില്ലെന്ന് സത്യമായി പറയാവുന്നതാണ്.” എന്നാൽ അദ്ദേഹം 40-ഓളം വർഷങ്ങൾക്കു മുമ്പാണ് അത് എഴുതിയത്! ഇന്ന് വളരെ വലിയ രാജ്യസാക്ഷ്യം നിർവ്വഹിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്, എന്തെന്നാൽ ഇപ്പോൾ അന്നത്തേതിന്റെ പത്തിലധികം ഇരട്ടി സാക്ഷികളുണ്ട്! ഭൂവ്യാപകമായി 54,900-ത്തിലധികം വരുന്ന സഭകളിൽ ഏതാണ്ട് മുപ്പത്തഞ്ചുലക്ഷം വരുന്ന അവർ രാജ്യത്തിനു സാക്ഷ്യം പറഞ്ഞുകൊണ്ടിരിക്കുന്നു. അവരുടെ സംഖ്യകൾ സത്വരം പെരുകുകയാണ്. ഈ നല്ല ഫലം യഹോവ സത്യപ്രവചനത്തിന്റെ ദൈവമാകുന്നുവെന്നതിന്റെ തെളിവാണ്. നമ്മുടെ കാലത്തെക്കുറിച്ച് ഇങ്ങനെ മുൻകൂട്ടിപ്പറയാൻ തന്റെ പുത്രനായ യേശുവിനെ നിശ്വസ്തനാക്കിയത് അവനായിരുന്നു: “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യമായി നിവസിത ഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.”—മത്തായി 24:14; യോഹന്നാൻ 8:28.
ദൈവസ്നേഹത്തെ അനുകരിക്കൽ
14. ദൈവത്തിന്റെ സത്യസാക്ഷികൾ ഏതു ഗുണത്തെ അനുകരിക്കേണ്ടതാണ്, അവർ അനുകരിക്കുന്നില്ലെങ്കിൽ അതിന്റെ അർത്ഥമെന്ത്?
14 ദൈവത്തിന്റെ യഥാർത്ഥ സാക്ഷികൾ അവന്റെ പ്രമുഖ ഗുണത്തെ—സ്നേഹത്തെ—അനുകരിക്കേണ്ടതാണ്. “സ്നേഹിക്കാത്തവൻ ദൈവത്തെ അറിയാനിടയായിട്ടില്ല, എന്തുകൊണ്ടെന്നാൽ ദൈവം സ്നേഹമാകുന്നു.” (1 യോഹന്നാൻ 4:8) തീർച്ചയായും, “ഈ വസ്തുതയാൽ ദൈവത്തിന്റെ മക്കളും പിശാചിന്റെ മക്കളും ആരെന്ന് തെളിയുന്നു: നീതി പ്രവർത്തിക്കാത്ത ഏതൊരുവനും ദൈവത്തിൽനിന്ന് ഉത്ഭവിക്കുന്നില്ല, തന്റെ സഹോദരനെ സ്നേഹിക്കാത്തവനും. . . . നമുക്ക് പരസ്പരം സ്നേഹമുണ്ടായിരിക്കണം; ദുഷ്ടനായവനിൽനിന്ന് ഉത്ഭവിക്കുകയും തന്റെ സഹോദരനെ കൊല്ലുകയും ചെയ്ത കയീനെപ്പോലെയല്ല.”—1 യോഹന്നാൻ 3:10-12.
15. യഹോവയുടെ സാക്ഷികൾ യഥാർത്ഥസ്നേഹം പ്രകടമാക്കുന്നുണ്ടെന്ന് നമുക്കു പറയാൻ കഴിയുന്നതെന്തുകൊണ്ട്?
15 യഹോവയുടെ സാക്ഷികൾക്കു മാത്രമാണ് അത്തരം സ്നേഹമുള്ളത്. അവർ യുദ്ധവും ദേശീയത്വവും വർഗ്ഗീയതയുമാകുന്ന ദൈവങ്ങൾക്കു കീഴ്പ്പെടുന്നില്ല. അവർ ഈ ലോകത്തിലെ ഏതെങ്കിലും യുദ്ധങ്ങളെ പിന്താങ്ങുന്നില്ല, തന്നിമിത്തം അവർ ഒരിക്കലും ലോകത്തിന്റെ മററു ഭാഗങ്ങളിലെ തങ്ങളുടെ ആത്മീയ സഹോദരൻമാരെ കൊല്ലുന്നതിന് പിന്തുണകൊടുക്കുന്ന സാഹചര്യത്തിലായിരിക്കുന്നില്ല. യേശു പറഞ്ഞതുപോലെ, അവർ “ലോകത്തിന്റെ ഭാഗമല്ല,” പിന്നെയോ, അവർ ‘വാൾ താഴെ വെച്ചിരിക്കുന്നു.’—യോഹന്നാൻ 17:14; മത്തായി 26:52.
16. ദൈവത്തിന്റെ യഥാർത്ഥസാക്ഷികളെ തിരിച്ചറിയാൻ മററുള്ളവർ സഹായിക്കുന്നതെങ്ങനെ?
16 “അക്രമത്തെ ന്യായീകരിക്കുന്നതിനെക്കുറിച്ചു കൂടുതൽ” എന്ന അഭിധാനത്തിലുള്ള പഠനം ഇങ്ങനെ പറഞ്ഞു: “യഹോവയുടെ സാക്ഷികൾ തങ്ങളുടെ അക്രമരഹിത ‘ക്രിസ്തീയ നിഷ്പക്ഷത’യുടെ നിലപാട് സ്ഥിരമായി നിലനിർത്തിയിരിക്കുന്നു . . . സൈനികമോ പൗരസംബന്ധമോ ആയി ഏതെങ്കിലും രൂപത്തിലുള്ള ദേശീയ സേവനത്തിനെതിരായ അവരുടെ തുടർച്ചയായ നിലപാടും ദേശീയ താദാത്മ്യത്തിന്റെ പ്രതീകങ്ങളെ ബഹുമാനിക്കാനുള്ള അവരുടെ വിസമ്മതവും അനേകം രാജ്യങ്ങളിൽ പീഡനത്തിന്റെയും തടവിന്റെയും കൂട്ടപ്രക്ഷോഭണത്തിന്റെയും കാലഘട്ടങ്ങളിൽ കലാശിച്ചു . . . എന്നിരുന്നാലും, സാക്ഷികൾ ഒരിക്കലും അക്രമത്തോടെ പ്രതിവർത്തിച്ചിട്ടില്ല.” ബ്രസീലിയൻ വർത്തമാനപ്പത്രമായ ഒ റെറമ്പോ അവരെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ഗോളത്തിന്റെ എല്ലാ ഭാഗങ്ങളിലും മതിപ്പുളവാക്കുന്ന അനേകം മതങ്ങൾ അവയുടെ പ്രചാരണം സഹിതം നിലവിലുണ്ടെങ്കിലും അതേ സ്നേഹം പ്രകടമാക്കുന്ന ഒരൊററ മതവും ഭൂമുഖത്ത് ഇന്നില്ല.” ഈ യഥാർത്ഥസ്നേഹമാണ് ദൈവത്തിന്റെ യഥാർത്ഥ സാക്ഷികളെ തിരിച്ചറിയിക്കുന്നതെന്ന് യേശു പ്രഖ്യാപിച്ചു. “നിങ്ങൾക്ക് നിങ്ങളുടെ ഇടയിൽതന്നെ സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാരാണെന്ന് അതിനാൽ എല്ലാവരും അറിയും.”—യോഹന്നാൻ 13:35.
പീഡനം സാക്ഷികളെ വർദ്ധിപ്പിക്കുന്നു
17, 18. പീഡനത്തിന് രാജ്യസാക്ഷ്യത്തെ വിപുലമാക്കാൻ കഴിയുമെന്ന് അടുത്ത കാലത്തെ ഏതു ദൃഷ്ടാന്തം പ്രകടമാക്കുന്നു?
17 പീഡനത്തിന് ഏറെ വ്യാപകമായ രാജ്യസാക്ഷ്യത്തിൽ കലാശിക്കാൻപോലും കഴിയും. ദൃഷ്ടാന്തമായി, ഇൻഡ്യയിൽ ഏതാണ്ട് 8000 യഹോവയുടെ സാക്ഷികൾ മാത്രമേയുള്ള. എന്നിരുന്നാലും, ഈയിടെ “ഞങ്ങൾ മനുഷ്യരെക്കാൾ ദൈവത്തെ അധിപതിയായി അനുസരിക്കേണ്ടതാണ്” എന്ന് ഒരു കോടതിയോടു പറഞ്ഞ ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികളെ അനുകരിച്ചുകൊണ്ട് 11 സാക്ഷിക്കുട്ടികൾ ചെയ്ത സംഗതിയാൽ ഈ രാജ്യത്ത് യഹോവയുടെ നാമത്തിനും ഉദ്ദേശ്യങ്ങൾക്കും വിപുലമായ പ്രസിദ്ധി കൊടുക്കപ്പെടുകയുണ്ടായി. (പ്രവൃത്തികൾ 5:29) ഈ ഇൻഡ്യൻ കുട്ടികൾ ദേശീയഗാനം പാടാത്തതു നിമിത്തം സ്കൂളിൽനിന്ന് ബഹിഷ്ക്കരിക്കപ്പെട്ടിരുന്നു. എന്നാൽ ബാംഗ്ലൂരിലെ ഡക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്ത പ്രകാരം “ഈ രാജ്യത്ത് ദേശീയഗാനം പാടാൻ കടപ്പാടില്ല” എന്ന് ഇൻഡ്യയിലെ സുപ്രീം കോടതി വിധിച്ചു. ഈ കുട്ടികൾ “ഉചിതമായ ആദരവു പ്രകടിപ്പിച്ചിരുന്നു”വെന്നും അവർ പാടാത്തത് “യാതൊരു പ്രകാരത്തിലും കീഴ്വഴക്കമില്ലായ്മ ആയിരുന്നില്ല” എന്നും കോടതി നിരീക്തിക്കുകയുണ്ടായി. കുട്ടികളെ വീണ്ടും സ്കൂളിൽ പ്രവേശിപ്പിക്കാൻ കോടതി ആജ്ഞാപിച്ചു.
18 അതേ വർത്തമാനപ്പത്രം ഇങ്ങനെയും പ്രസ്താവിച്ചു: “യഹോവയുടെ സാക്ഷികൾ തങ്ങളേത്തന്നെ ക്രിസ്ത്യാനികളെന്നും ദൈവരാജ്യത്തിന് മുഴുവനായി സമർപ്പിതരെന്നും പരിഗണിക്കുന്നതുകൊണ്ടാണ് ഈ കുട്ടികൾ ദേശീയഗാനം പാടാൻ വിസമ്മതിച്ചത് . . . തന്നിമിത്തം അവർ സംസ്ഥാനത്തെ യാതൊരു രാഷ്ട്രീയ പ്രവർത്തനത്തിലും പങ്കെടുക്കുന്നില്ല.” കൂടാതെ ദ ടെലഗ്രാഫ് ഓഫ് കൽക്കട്ട ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “ഈ സ്കൂൾ കുട്ടികളുടെ പ്രവർത്തനം നമ്മുടെ രാജ്യത്ത് അടുത്ത കാലംവരെ ഏറെയും അറിയപ്പെടാതെ സ്ഥിതിചെയ്തിരുന്ന യഹോവയുടെ സാക്ഷികളെ . . . പ്രാമുഖ്യതയിലേക്ക് കൊണ്ടുവരികയും ചെയ്തു.” അതെ, അവസാനം വരുന്നതിനു മുമ്പ് ‘രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യമായി പ്രസംഗിക്കപ്പെടും.’—മത്തായി 24:14.
സത്യദൈവത്തിനുവേണ്ടി സാക്ഷികളെ കൂട്ടിച്ചേർക്കൽ
19. പരമാർത്ഥഹൃദയമുള്ള ആളുകൾ സത്യദൈവത്തെ ആരാധിക്കാനാഗ്രഹിക്കുന്നുവെങ്കിൽ അവർ എന്തു ചെയ്യേണ്ടതുണ്ട്?
19 ഇന്ന്, സത്യദൈവമായ യഹോവ തന്റെ ജനത്തെക്കൊണ്ട് തന്റെ പരമാധികാരത്തിനും ഉദ്ദേശ്യങ്ങൾക്കും സാക്ഷ്യം വഹിപ്പിക്കുകയാണ്. പൂർവ്വാധികം ശക്തിയോടെ അവർ അവന്റെ സന്ദേശം പ്രഖ്യാപിക്കുമ്പോൾ അവൻ സകല ജനതകളിലും നിന്ന് പരമാർത്ഥഹൃദയികളായ ആളുകളുടെ വർദ്ധിച്ചുവരുന്ന സംഖ്യകളെ അവന്റെ ആരാധകരോടുള്ള സഹവാസത്തിൽ കൂട്ടിച്ചേർക്കുന്നു. (യെശയ്യാവ് 2:2-4) അവർ തങ്ങളുടെ വ്യാജദൈവങ്ങളെ ഉപേക്ഷിക്കുകയും സത്യദൈവത്തിന്റെ ആരാധനയിലേക്കു തിരിയുകയും ചെയ്യുന്നു, പുരാതന ബാബിലോനിലെ അടിമത്തത്തിൽനിന്ന് യഹോവയെ ആരാധിക്കാനാഗ്രഹിച്ചവർ വിമോചിതരായതുപോലെതന്നെ—അവിടെ വ്യാജദൈവങ്ങളുടെ ആരാധന പ്രബലപ്പെട്ടിരുന്നു.—യെശയ്യാവ് 43:14.
20, 21. ഇപ്പോൾ വ്യാജദൈവങ്ങളെ ഉപേക്ഷിക്കേണ്ടതും വെറും അനുഭാവികളായിരിക്കരുതാത്തതും അടിയന്തിരമായിരിക്കുന്നതെന്തുകൊണ്ട്?
20 നിങ്ങൾ സത്യദൈവത്തിനുവേണ്ടിയുള്ള ഒരു സാക്ഷിയായിരിക്കുമോ? നിങ്ങൾ സത്യാരാധനക്കുവേണ്ടി നിലയുറപ്പിക്കുകയും ഈ ലോകത്തിന്റെയും അതിന്റെ ദൈവങ്ങളുടെയും രക്തപാതകത്തിലും ധാർമ്മിക വീഴ്ചയിലും പങ്കുപററുന്നത് ഒഴിവാക്കുകയും ചെയ്യുമോ? ദൈവവചനം ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: “എന്റെ ജനമേ, നിങ്ങൾ അവളുടെ [ബാബിലോന്യ വ്യാജാരാധനയുടെ] പാപങ്ങളിൽ പങ്കുപററാനാഗ്രഹിക്കുന്നില്ലെങ്കിൽ, നിങ്ങൾ അവളുടെ ബാധകളുടെ ഓഹരി ലഭിക്കാനാഗ്രഹിക്കുന്നില്ലെങ്കിൽ അവളെ വിട്ടുപോരുക.” (വെളിപ്പാടു 18:4) അതെ, തീരെ വൈകുന്നതിനു മുമ്പ് “വിട്ടുപോരുക,” നടപടി സ്വീകരിക്കുക! തന്റെ മതപരമായ മുൻഗണനയെക്കുറിച്ച് ഒരു കത്തോലിക്കാ മാസിക ചോദിച്ചപ്പോൾ “ഞാൻ യഹോവയുടെ ഒരു അനുഭാവിയാണെന്ന് ഞാൻ സങ്കൽപ്പിക്കുന്നു. ഞാൻ യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നതാണ് അധികമായും വിശ്വസിക്കുന്നത്—എന്നാൽ ഞാൻ ഉൾപ്പെടാനാഗ്രഹിക്കുന്നില്ല” എന്നു പറഞ്ഞ മനുഷ്യനെപ്പോലെയായിരിക്കരുത്.
21 എന്നിരുന്നാലും, യഹോവ ഈ ലോകത്തിലെ ദൈവങ്ങളെയും അവരുടെ ആരാധകരെയും സംഹരിക്കുമ്പോൾ ഭൂമിയിലെ ഓരോ ആളും പെട്ടെന്ന് ഉൾപ്പെടും: “ആകാശങ്ങളെയും ഭൂമിയെയും തന്നെ സൃഷ്ടിക്കാത്ത ദൈവങ്ങളായിരിക്കും ഭൂമിയിൽ നിന്നും ഈ ആകാശങ്ങളിൻ കീഴിൽനിന്നും നശിച്ചുപോകുന്നത്.” (യിരെമ്യാവ് 10:11) അന്ന് അനുഭാവികൾ ഉണ്ടായിരിക്കുകയില്ല. സത്യദൈവത്തിന് സാക്ഷികളായിരിക്കുന്നവരും അല്ലാത്തവരും മാത്രമേ ഉണ്ടായിരിക്കുകയുള്ളു. (മത്തായി 24:37-39; 2 പത്രോസ് 2:5; വെളിപ്പാട് 7:9-15) നിങ്ങൾ സത്യദൈവത്തിനുവേണ്ടിയുള്ള ഒരു സാക്ഷിയായിരിക്കുമോ? നിങ്ങൾ ആയിരിക്കണം, എന്തെന്നാൽ “സത്യദൈവം നമുക്ക് രക്ഷാപ്രവർത്തനങ്ങളുടെ ഒരു ദൈവമാകുന്നു; പരമാധികാരിയാം കർത്താവിനുള്ളതാണ് മരണത്തിൽ നിന്നുള്ള പോംവഴികൾ.”—സങ്കീർത്തനം 68:20. (w88 2/1)
പുനരവലോകന ചോദ്യങ്ങൾ
◻ സത്യദൈവം വ്യാജദൈവങ്ങളോട് എന്തു വെല്ലുവിളി പുറപ്പെടുവിക്കുന്നു?
◻ ഏതു ആശ്രയയോഗ്യമായ ചട്ടത്താൽ നമുക്ക് സത്യാരാധനയെ വ്യാജാരാധനയിൽനിന്ന് തിരിച്ചറിയാൻ കഴിയും?
◻ ഈ ലോകത്തിന്റെ ദൈവങ്ങൾ പുരാതന ദൈവങ്ങളെപ്പോലെ വിലയില്ലാത്തവരാണെന്ന് ഏതു ഫലം പ്രകടമാക്കുന്നു?
◻ സത്യദൈവത്തിനുവേണ്ടിയുള്ള സാക്ഷികൾ ഏതു നല്ല ഫലം ഉല്പാദിപ്പിക്കേണ്ടതാണ്, അത് ആർ പ്രകടമാക്കുന്നു?
◻ ഇപ്പോൾ വ്യാജാരാധനയെ ഉപേക്ഷിക്കാൻ നടപടിയെടുക്കുന്നത് അടിയന്തിരമായിരിക്കുന്നതെന്തുകൊണ്ട്?
[17-ാം പേജിലെ ചിത്രങ്ങൾ]
പുരാതന ജനതകളിലെ വിലയില്ലാത്ത ദൈവങ്ങൾക്ക് ആരാധനാലക്ഷ്യങ്ങളെന്നനിലയിൽ നിലനിൽപ്പില്ലാതെയായി
[18-ാം പേജിലെ ചിത്രങ്ങൾ]
നമ്മുടെ നൂററാണ്ടിൽ ഈ ലോകത്തിലെ മതങ്ങളാൽ പിന്താങ്ങപ്പെട്ട യുദ്ധങ്ങളിൽ ഏതാണ്ട് പത്തു കോടി ആളുകൾ കൊല്ലപ്പെട്ടു
[19-ാം പേജിലെ ചിത്രങ്ങൾ]
സത്യസാക്ഷികൾ അവരുടെ ഇടയിൽത്തന്നെയുള്ള സ്നേഹത്താൽ അറിയപ്പെടുമെന്ന് യേശു പറഞ്ഞു