അധ്യായം 3
നിങ്ങളുടെ മതം യഥാർഥത്തിൽ പ്രാധാന്യമർഹിക്കുന്നു
1. ചിലർ മതത്തെ സംബന്ധിച്ച് എന്തു വിശ്വസിക്കുന്നു?
1 ‘എല്ലാ മതങ്ങളും നല്ലതാണ്. അവ ഒരേ സ്ഥലത്തേക്കു നയിക്കുന്ന വ്യത്യസ്ത പാതകൾ മാത്രമാണ്’ എന്ന് അനേകർ പറയുന്നു. ഇതു സത്യമാണെങ്കിൽ നിങ്ങളുടെ മതം യഥാർഥത്തിൽ പ്രാധാന്യമർഹിക്കുന്നില്ല, കാരണം എല്ലാ മതങ്ങളും ദൈവത്തിനു സ്വീകാര്യമാണെന്നാണ് അതിന്റെ അർഥം. എന്നാൽ അങ്ങനെയാണോ?
2. (എ) പരീശൻമാർ യേശുവിനോട് എങ്ങനെ പെരുമാറി? (ബി) പരീശൻമാർ ആർ തങ്ങളുടെ പിതാവാണെന്ന് അവകാശപ്പെട്ടു?
2 യേശുക്രിസ്തു ഭൂമിയിലായിരുന്നപ്പോൾ, പരീശൻമാർ എന്ന് അറിയപ്പെട്ട ഒരു മതസമൂഹം ഉണ്ടായിരുന്നു. അവർ ഒരു ആരാധനാസമ്പ്രദായം കെട്ടിപ്പടുത്തിരുന്നു. അതിന് ദൈവാംഗീകാരമുണ്ടെന്ന് അവർ വിശ്വസിക്കുകയും ചെയ്തിരുന്നു. എന്നാൽ അതേസമയത്തുതന്നെ പരീശൻമാർ യേശുവിനെ കൊല്ലാൻ ശ്രമിക്കുകയായിരുന്നു! അതുകൊണ്ടു “നിങ്ങൾ നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികൾ ചെയ്യുന്നു” എന്നു യേശു അവരോടു പറഞ്ഞു. മറുപടിയായി “ഞങ്ങൾക്ക് ഒരു പിതാവേയുളളു, ദൈവം തന്നെ” എന്ന് അവർ പറഞ്ഞു.—യോഹന്നാൻ 8:41.
3. പരീശൻമാരുടെ പിതാവിനെക്കുറിച്ചു യേശു എന്തു പറഞ്ഞു?
3 ദൈവം യഥാർഥത്തിൽ അവരുടെ പിതാവായിരുന്നോ? ദൈവം അവരുടെ മതത്തെ അംഗീകരിച്ചിരുന്നോ? അശേഷമില്ല! പരീശൻമാർക്കു തിരുവെഴുത്തുകളുണ്ടായിരുന്നു; അവർ അവ അനുസരിക്കുന്നുണ്ടെന്നു വിചാരിക്കയും ചെയ്തിരുന്നു. എന്നിട്ടും അവർ പിശാചിനാൽ വഴിതെററിക്കപ്പെട്ടിരുന്നു. യേശു അവരോട് അങ്ങനെതന്നെ പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ പിതാവായ പിശാചിൽനിന്നുളളവരാണ്, നിങ്ങൾ നിങ്ങളുടെ പിതാവിന്റെ മോഹങ്ങൾ ചെയ്യാനാഗ്രഹിക്കുന്നു. അവൻ തുടങ്ങിയപ്പോൾ ഒരു അവൻ മാനുഷഘാതകനായിരുന്നു, അവൻ സത്യത്തിൽ ഉറച്ചുനിന്നില്ല, . . .അവൻ വ്യാജം പറയുന്നവനും വ്യാജത്തിന്റെ പിതാവുമാകുന്നു.”—യോഹന്നാൻ 8:44.
4. യേശു പരീശൻമാരുടെ മതത്തെ എങ്ങനെ വീക്ഷിച്ചു?
4 പരീശൻമാരുടെ മതം വ്യാജമായിരുന്നുവെന്നു വ്യക്തമാണ്. അതു ദൈവത്തിന്റെയല്ല, പിശാചിന്റെ താല്പര്യങ്ങൾക്കാണു പ്രയോജകീഭവിച്ചത്. അതുകൊണ്ട് അവരുടെ മതത്തെ നല്ലതെന്നു വീക്ഷിക്കാതെ യേശു അതിനെ കുററം വിധിക്കുകയാണു ചെയ്തത്. ആ മതപരീശൻമാരോട് അവൻ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ മനുഷ്യരുടെ മുമ്പാകെ സ്വർഗരാജ്യം അടച്ചുകളയുന്നു; എന്തെന്നാൽ നിങ്ങൾതന്നെ കടക്കുന്നില്ല, അകത്തേക്കു പോകുന്നവരെ നിങ്ങൾ കടക്കാൻ അനുവദിക്കുന്നുമില്ല.” (മത്തായി 23:13) പരീശൻമാരുടെ വ്യാജാരാധന നിമിത്തം യേശു അവരെ കപടഭക്തരെന്നും വിഷപ്പാമ്പുകളെന്നും വിളിച്ചു. അവരുടെ ദുഷിച്ച ഗതി നിമിത്തം അവർ നാശത്തിലേക്കു പോകുകയാണെന്ന് അവൻ പറയുകയുണ്ടായി.—മത്തായി 23:25-33.
5. അനേകം മതങ്ങൾ കേവലം ഒരേ സ്ഥലത്തേക്കു നയിക്കുന്ന വ്യത്യസ്ത പാതകളല്ലെന്നു യേശു പ്രകടമാക്കിയതെങ്ങനെ?
5 അതുകൊണ്ട് എല്ലാ മതങ്ങളും രക്ഷയുടെ ഒരേ സ്ഥലത്തേക്കു പോകുന്ന വ്യത്യസ്ത പാതകൾ മാത്രമാണെന്നു യേശുക്രിസ്തു പഠിപ്പിച്ചില്ല. തന്റെ പ്രസിദ്ധമായ ഗിരിപ്രഭാഷണത്തിൽ യേശു പറഞ്ഞു: “ഇടുങ്ങിയ പടിവാതിലിലൂടെ കടക്കുക; എന്തുകൊണ്ടെന്നാൽ നാശത്തിലേക്കു നയിക്കുന്ന പാത വീതിയുളളതും വിശാലവുമാകുന്നു; അതിലെ കടക്കുന്നവർ അനേകരാകുന്നു; അതേസമയം ജീവനിലേക്കു നയിക്കുന്ന പടിവാതിൽ ഇടുങ്ങിയതും വഴി ഞെരുക്കമുളളതുമാകുന്നു, അതു കണ്ടെത്തുന്നവർ ചുരുക്കമാകുന്നു.” (മത്തായി 7:13, 14) മിക്കയാളുകളും ദൈവത്തെ ശരിയായ വിധത്തിൽ ആരാധിക്കാത്തതിനാൽ അവർ നാശത്തിലേക്കുളള പാതയിലാണ്. ചുരുക്കംപേർ മാത്രമേ ജീവനിലേക്കു നയിക്കുന്ന പാതയിലുളളു.
6. ഇസ്രയേൽ ജനതയുടെ ആരാധനയുടെ ഒരു പരിശോധനയിൽനിന്നു നമുക്ക് എന്തു പാഠം പഠിക്കാൻ കഴിയും?
6 ദൈവം ഇസ്രയേൽ ജനതയോട് ഇടപെട്ട വിധത്തിന്റെ ഒരു പരിശോധന അവൻ അംഗീകരിക്കുന്ന വിധത്തിൽ അവനെ ആരാധിക്കുന്നത് എത്ര പ്രധാനമാണെന്നു വ്യക്തമാക്കുന്നു. ഇസ്രയേല്യരുടെ ചുററുമുണ്ടായിരുന്ന ജനതകളുടെ വ്യാജമതത്തിൽനിന്ന് അകന്നുനിൽക്കാൻ ദൈവം അവർക്കു മുന്നറിയിപ്പു കൊടുത്തു. (ആവർത്തനം 7:25) ആ ജനങ്ങൾ തങ്ങളുടെ മക്കളെ അവരുടെ ദൈവങ്ങൾക്കു ബലികഴിച്ചു. അവർ അശുദ്ധമായ ലൈംഗിക നടപടികളിലേർപ്പെട്ടു. അവയിൽ സ്വവർഗസംഭോഗവും ഉൾപ്പെട്ടിരുന്നു. (ലേവ്യപുസ്തകം 18:20-30) ഈ നടപടികൾ ഒഴിവാക്കാൻ ദൈവം ഇസ്രയേല്യരോടു കല്പിച്ചു. അവർ അനുസരിക്കാതിരിക്കയും മററു ദൈവങ്ങളെ ആരാധിക്കുകയും ചെയ്തപ്പോൾ അവൻ അവരെ ശിക്ഷിച്ചു. (യോശുവാ 24:20; യെശയ്യാവ് 63:10) അതുകൊണ്ട് അവരുടെ മതം യഥാർഥത്തിൽ പ്രാധാന്യമർഹിക്കുന്നതായിരുന്നു.
ഇന്നു വ്യാജമതമുണ്ടോ?
7, 8. (എ) ലോകമഹായുദ്ധങ്ങളുടെ കാലത്തു മതം ഏതു നിലപാടു സ്വീകരിച്ചു? (ബി) യുദ്ധകാലത്തു മതം ചെയ്തതിനെക്കുറിച്ചു ദൈവം എങ്ങനെ വിചാരിക്കുന്നുവെന്നു നിങ്ങൾ കരുതുന്നു?
7 ഇന്നത്തെ ശതക്കണക്കിനു മതങ്ങളെ സംബന്ധിച്ചെന്ത്? മതത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന പല കാര്യങ്ങളെയും ദൈവം അംഗീകരിക്കുന്നില്ലെന്നുളളതിനോടു നിങ്ങൾ യോജിക്കാനിടയുണ്ട്. അടുത്ത കാലത്തെ ലോകമഹായുദ്ധങ്ങളെ അതിജീവിച്ച ദശലക്ഷക്കണക്കിനാളുകൾ ഇന്നു ജീവിച്ചിരുപ്പുണ്ട്. ആ യുദ്ധകാലത്ത് ഇരുപക്ഷങ്ങളിലുമുളള മതങ്ങൾ കൊല്ലാൻ തങ്ങളുടെ ആൾക്കാരെ പ്രോത്സാഹിപ്പിച്ചു. “ജർമൻകാരെ കൊല്ലുക—അവരെ കൊല്ലുകതന്നെ ചെയ്യുക” എന്നു ലണ്ടനിലെ ബിഷപ്പ് ആഹ്വാനം ചെയ്യുകയുണ്ടായി. മറുപക്ഷത്തു കൊളോണിലെ ആർച്ച് ബിഷപ്പ്: “രാജ്യത്തിന്റെ മാന്യതക്കും മഹത്വത്തിനുംവേണ്ടി നിങ്ങളുടെ അവസാനത്തെ തുളളി രക്തം ചിന്തുന്നതുവരെയും യുദ്ധംചെയ്യാൻ നാം നിങ്ങളോടു ദൈവനാമത്തിൽ കല്പിക്കുന്നു” എന്നു ജർമൻകാരോടു പറഞ്ഞു.
8 അങ്ങനെ തങ്ങളുടെ മതനേതാക്കൻമാരുടെ അംഗീകാരത്തോടെ കത്തോലിക്കർ കത്തോലിക്കരെ കൊന്നു. പ്രോട്ടസ്ററൻറുകാരും അതുതന്നെ ചെയ്തു. വൈദികനായ ഹാരി എമേഴ്സൻ ഫോസ്ഡിക്ക് ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “നമ്മുടെ പളളികളിൽപോലും നാം യുദ്ധപതാകകൾ ഉയർത്തി. . . നമ്മുടെ വായുടെ ഒരു കോണുകൊണ്ടു നാം സമാധാനപ്രഭുവിനെ സ്തുതിച്ചിരിക്കുന്നു, മറേറ കോണുകൊണ്ടു നാം യുദ്ധത്തെ പ്രകീർത്തിച്ചിരിക്കുന്നു.” തന്റെ ഇഷ്ടം ചെയ്യുന്നതായി അവകാശപ്പെടുന്നതും എന്നാൽ യുദ്ധത്തെ പ്രകീർത്തിച്ചിരിക്കുന്നതുമായ ഒരു മതത്തെക്കുറിച്ചു ദൈവം എന്തു വിചാരിക്കുന്നുവെന്നാണു നിങ്ങൾ ചിന്തിക്കുന്നത്?
9. (എ) വ്യത്യസ്ത മതങ്ങളിലെ അംഗങ്ങൾ ചെയ്യുന്ന കുററകൃത്യങ്ങളെക്കുറിച്ച് അനേകർ എങ്ങനെ വിചാരിച്ചിരിക്കുന്നു? (ബി) മതം അതിനെത്തന്നെ ലോകത്തിന്റെ ഭാഗമാക്കിത്തീർക്കുമ്പോൾ നാം എന്തു നിഗമനം ചെയ്യണം?
9 ചരിത്രത്തിലുടനീളം വ്യത്യസ്തങ്ങളായ അനേകം മതങ്ങളിലെ അംഗങ്ങൾ ദൈവനാമത്തിൽ ചെയ്ത കുററകൃത്യങ്ങൾ നിമിത്തം ഇന്നു ദശലക്ഷക്കണക്കിനാളുകൾ ദൈവത്തിൽനിന്നും ക്രിസ്തുവിൽനിന്നും അകന്നുപോയിരിക്കയാണ്. കത്തോലിക്കരും മുസ്ലീങ്ങളും തമ്മിൽ നടത്തിയ കുരിശുയുദ്ധങ്ങളും മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിലുളള യുദ്ധങ്ങളും കത്തോലിക്കരും പ്രോട്ടസ്ററൻറുകാരും തമ്മിലുളള യുദ്ധങ്ങളും പോലെയുളള മതപരമായ ഭയങ്കര യുദ്ധങ്ങൾക്ക് അവർ ദൈവത്തെയാണു കുററപ്പെടുത്തുന്നത്. ക്രിസ്തുവിന്റെ പേരിൽ യഹൂദൻമാരെ കൊലചെയ്യുന്നതിലേക്കും കത്തോലിക്കർ ക്രൂരമായി നടത്തിയ മതദണ്ഡനങ്ങളിലേക്കും അവർ വിരൽചൂണ്ടുന്നു. എന്നിരുന്നാലും, അത്തരം ഭീകരമായ കുററകൃത്യങ്ങൾക്കുത്തരവാദികളായ മതനേതാക്കൻമാർ തങ്ങളുടെ പിതാവു ദൈവമാണെന്ന് അവകാശപ്പെട്ടെങ്കിലും യേശു കുററം വിധിച്ച പരീശൻമാരെപ്പോലെ അവർ പിശാചിന്റെ മക്കളായിരുന്നില്ലേ? ഈ ലോകത്തിന്റെ ദൈവം സാത്താനായിരിക്കുന്നതുകൊണ്ട്, ലോകത്തിലെ ആളുകളുടെ മതങ്ങളെയും അവൻ നിയന്ത്രിക്കുന്നുണ്ടെന്നു നാം പ്രതീക്ഷിക്കേണ്ടതല്ലേ?—2 കൊരിന്ത്യർ 4:4; വെളിപ്പാട് 12:9.
10. മതത്തിന്റെ നാമത്തിൽ ചെയ്യുന്ന ഏതു ചില കാര്യങ്ങളെ നിങ്ങൾ അംഗീകരിക്കുന്നില്ല?
10 നിസ്സംശയമായി, ശരിയെന്നു നിങ്ങൾ വിചാരിക്കാത്ത അനേകം കാര്യങ്ങൾ ഇന്നു മതത്തിന്റെ പേരിൽ ചെയ്യപ്പെടുന്നുണ്ട്. മിക്കപ്പോഴും വളരെ ദുർമാർഗികളായ ആളുകളെക്കുറിച്ചു നിങ്ങൾ കേൾക്കാറുണ്ട്, എന്നാൽ അവർ പളളികളിലെ ബഹുമാന്യരായ അംഗങ്ങളാണ്. വളരെ ദുഷിച്ചജീവിതരീതിയുളള മതനേതാക്കൻമാരെക്കുറിച്ചുപോലും നിങ്ങൾക്കറിവുണ്ടായിരിക്കാം, എന്നാൽ ഇപ്പോഴും അവർ തങ്ങളുടെ സഭകളിൽ നല്ല മതനേതാക്കൻമാരായി സ്വീകരിക്കപ്പെടുന്നു. സ്വവർഗസംഭോഗവും വിവാഹംകൂടാതെയുളള ലൈംഗികബന്ധങ്ങളും തെററല്ലെന്നു ചില മതനേതാക്കൻമാർ പറഞ്ഞിട്ടുണ്ട്. എന്നാൽ ബൈബിൾ അതു പറയുന്നില്ലെന്നു നിങ്ങൾക്കറിയാമായിരിക്കാം. യഥാർഥത്തിൽ, ഇത്തരം കാര്യങ്ങൾ ചെയ്തതുകൊണ്ടു ദൈവം തന്റെ ജനമായ ഇസ്രായേലിനു മരണശിക്ഷ കൊടുക്കുകയുണ്ടായി. ഇതേ കാരണത്താൽ അവൻ സോദോമിനെയും ഗോമോറയെയും നശിപ്പിച്ചു. (യൂദാ 7) പെട്ടെന്നുതന്നെ അവൻ ആധുനികനാളിലെ വ്യാജമതങ്ങളോടെല്ലാം അതുതന്നെ ചെയ്യും. “ഭൂമിയിലെ രാജാക്കൻമാരോടുളള” അസാൻമാർഗിക ബന്ധങ്ങൾ നിമിത്തം അത്തരം മതം ബൈബിളിൽ ഒരു വേശ്യയായിട്ടാണു പ്രതിനിധാനം ചെയ്യപ്പെടുന്നത്.—വെളിപ്പാട് 17:1, 2, 16.
ദൈവം അംഗീകരിക്കുന്ന ആരാധന
11. നമ്മുടെ ആരാധന ദൈവത്തിനു സ്വീകാര്യമായിരിക്കുന്നതിന് എന്താവശ്യമാണ്?
11 ദൈവം എല്ലാ മതങ്ങളെയും അംഗീകരിക്കുന്നില്ലാത്തതിനാൽ ‘ദൈവം അംഗീകരിക്കുന്ന വിധത്തിലാണോ ഞാൻ അവനെ ആരാധിക്കുന്നത്’ എന്നു നാം ചോദിക്കേണ്ട ആവശ്യമുണ്ട്. നാം അങ്ങനെയാണോ ആരാധിക്കുന്നതെന്നു നമുക്ക് എങ്ങനെ അറിയാൻ കഴിയും? ഏതെങ്കിലും മനുഷ്യനല്ല, പിന്നെയോ ദൈവമാണു സത്യാരാധന എന്തെന്നു വിധിക്കുന്നവൻ. അതുകൊണ്ടു നമ്മുടെ ആരാധന ദൈവത്തിനു സ്വീകാര്യമായിരിക്കണമെങ്കിൽ അതു ദൈവത്തിന്റെ സത്യവചനമായ ബൈബിളിൽ ദൃഢമായി വേരൂന്നിയിട്ടുളളതായിരിക്കണം. “ഏതു മനുഷ്യനും നുണയൻ എന്നു കണ്ടെത്തപ്പെട്ടാലും ദൈവം സത്യവാനെന്നു കണ്ടെത്തപ്പെടട്ടെ” എന്നു പറഞ്ഞ ബൈബിളെഴുത്തുകാരനെപ്പോലെതന്നെയായിരിക്കണം നാം വിചാരിക്കേണ്ടത്.—റോമർ 3:3, 4.
12. പരീശൻമാരുടെ ആരാധനയെ ദൈവം അംഗീകരിക്കുന്നില്ലെന്നു യേശു പറഞ്ഞതെന്തുകൊണ്ട്?
12 ഒന്നാം നൂററാണ്ടിലെ പരീശൻമാർ അങ്ങനെ വിചാരിച്ചില്ല. അവർ സ്വന്തം വിശ്വാസങ്ങളും പാരമ്പര്യങ്ങളും ഏർപ്പെടുത്തുകയും ദൈവവചനത്തിനു പകരം അവ അനുസരിക്കുകയും ചെയ്തു. ഫലമെന്തായിരുന്നു? യേശു അവരോടിങ്ങനെ പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ പാരമ്പര്യം നിമിത്തം ദൈവവചനത്തെ അസാധുവാക്കിയിരിക്കുന്നു. കപടഭക്തരേ, യെശയ്യാവ് നിങ്ങളെക്കുറിച്ച് ഇങ്ങനെ പ്രവചിച്ചുപറഞ്ഞത് എത്രയോ ഉചിതം: ‘ഈ ജനം അധരങ്ങൾകൊണ്ട് എന്നെ ബഹുമാനിക്കുന്നു, എന്നിരുന്നാലും അവരുടെ ഹൃദയം എന്നിൽനിന്നു വളരെ അകന്നിരിക്കുന്നു. ഉപദേശങ്ങളെന്ന നിലയിൽ മാനുഷകല്പനകൾ പഠിപ്പിക്കുന്നതുകൊണ്ട് അവർ എന്നെ ആരാധിച്ചുകൊണ്ടിരിക്കുന്നതു വ്യർഥമായിട്ടാണ്.’” (മത്തായി 15:1-9; യെശയ്യാവ് 29:13) അതുകൊണ്ട് നമുക്കു ദൈവാംഗീകാരം വേണമെങ്കിൽ നമ്മുടെ വിശ്വാസം ബൈബിളിലെ ഉപദേശങ്ങളോടു യോജിപ്പിലാണെന്നു നാം ഉറപ്പുവരുത്തേണ്ടതാവശ്യമാണ്.
13. ദൈവാംഗീകാരം ലഭിക്കുന്നതിനു നാം എന്തു ചെയ്യേണ്ടതാണെന്ന് യേശു പറഞ്ഞു?
13 നാം ക്രിസ്തുവിൽ വിശ്വസിക്കുന്നുവെന്നു പറയുകയും അനന്തരം നമുക്ക് ശരിയെന്നു തോന്നുന്നതു ചെയ്യുകയും ചെയ്താൽ പോരാ. ഒരു സംഗതി സംബന്ധിച്ചു ദൈവത്തിന്റെ ഇഷ്ടം എന്താണെന്നു നാം കണ്ടുപിടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. “എന്നോടു ‘കർത്താവേ, കർത്താവേ’ എന്നു പറയുന്ന ഏവനുമല്ല, പിന്നെയോ സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനാണു സ്വർഗരാജ്യത്തിൽ കടക്കുന്നത്” എന്നു പറഞ്ഞപ്പോൾ തന്റെ ഗിരിപ്രഭാഷണത്തിൽ യേശു ഇതു പ്രകടമാക്കുകയുണ്ടായി.—മത്തായി 7:21.
14. നാം “സൽപ്രവൃത്തികൾ” ചെയ്താലും യേശു നമ്മെ “അധർമം പ്രവർത്തിക്കുന്നവർ” എന്നു കരുതിയേക്കാവുന്നതെന്തുകൊണ്ട്?
14 “സൽപ്രവൃത്തികൾ” എന്നു നാം വിശ്വസിക്കുന്നതു നാം ചെയ്യുന്നുണ്ടായിരിക്കാം, ക്രിസ്തുവിന്റെ നാമത്തിൽപോലുമായിരിക്കാം നാം അവ ചെയ്യുന്നത്. എന്നാൽ നാം ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നില്ലെങ്കിൽ ഇവയെല്ലാം വ്യർഥമായിരിക്കും. നാം ക്രിസ്തു അടുത്തതായി ഇങ്ങനെ പറയുന്നവരുടെ അവസ്ഥയിലായിരിക്കും: “അനേകർ അന്ന് ‘കർത്താവേ, കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ പ്രവചിക്കുകയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ അനേകം വീര്യപ്രവൃത്തികൾ ചെയ്യുകയും ചെയ്തില്ലയോ’ എന്ന് എന്നോടു പറയും. എന്നിരുന്നാലും, അന്നു ഞാൻ അവരോട്: ‘ഞാൻ ഒരിക്കലും നിങ്ങളെ അറിഞ്ഞിട്ടില്ല! അധർമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിൻ’ എന്നു തുറന്നു പറയും.” (മത്തായി 7:22, 23) അതെ, നല്ലതെന്നു നാം വിചാരിക്കുന്ന കാര്യങ്ങൾ നാം ചെയ്തേക്കാം. മററുളളവർ അതിനു നമുക്കു നന്ദി നൽകുക മാത്രമല്ല, നമ്മെ പ്രശംസിക്കുകപോലും ചെയ്തേക്കാം. എന്നാൽ ശരിയെന്നു ദൈവം പറയുന്നതു നാം ചെയ്യുന്നില്ലെങ്കിൽ യേശുക്രിസ്തു നമ്മെ “അധർമം പ്രവർത്തിക്കുന്നവർ” ആയി കരുതുന്നതാണ്.
15. പുരാതന ബരോവയിലെ ആളുകൾ സ്വീകരിച്ച പ്രവർത്തനഗതി നാം അനുകരിക്കുന്നത് ജ്ഞാനപൂർവകമായിരിക്കുന്നതെന്തുകൊണ്ട്?
15 അനേകം മതങ്ങൾ ഇന്നു ദൈവേഷ്ടം ചെയ്യുന്നില്ലാത്തതിനാൽ നാം ഉൾപ്പെട്ടുനില്ക്കുന്ന മതസ്ഥാപനത്തിന്റെ ഉപദേശങ്ങൾ ദൈവവചനത്തോടു ചേർച്ചയിലാണെന്നു നമുക്കു കേവലം സങ്കല്പിക്കാവുന്നതല്ല. ഒരു മതം ബൈബിളുപയോഗിക്കുന്നുണ്ടെന്നുളള വെറും വസ്തുത അതിൽത്തന്നെ അതു പഠിപ്പിക്കുന്നതും ആചരിക്കുന്നതുമായ എല്ലാ കാര്യങ്ങളും ബൈബിളിലുണ്ടെന്നുളളതിനു തെളിവായിരിക്കുന്നില്ല. അവ ബൈബിളിലുണ്ടോ ഇല്ലയോ എന്നു നാം തന്നെ പരിശോധിക്കുന്നതു പ്രധാനമാണ്. ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് ബരോവാ നഗരവാസികളോടു പ്രസംഗിച്ചശേഷം അവൻ പറഞ്ഞ കാര്യങ്ങൾ ശരിയാണോയെന്നു തിട്ടപ്പെടുത്താൻ അവർ തിരുവെഴുത്തുകൾ പരിശോധിച്ചതുകൊണ്ട് അവർ പ്രശംസിക്കപ്പെടുകയുണ്ടായി. (പ്രവൃത്തികൾ 17:10, 11) ദൈവം അംഗീകരിക്കുന്ന മതം എല്ലാവിധത്തിലും ബൈബിളിനോടു യോജിക്കേണ്ടതാണ്; അതു ബൈബിളിന്റെ ചില ഭാഗങ്ങളെ സ്വീകരിക്കുകയും മററു ഭാഗങ്ങളെ തളളിക്കളയുകയുമില്ല.—2 തിമൊഥെയോസ് 3:16.
ആത്മാർഥത മാത്രം പോരാ
16. ഒരു വ്യക്തി ദൈവത്താൽ അംഗീകരിക്കപ്പെടുന്നതിന് ആത്മാർഥത മാത്രം പോരെന്നു പ്രകടമാക്കാൻ യേശു എന്തു പറഞ്ഞു?
16 എന്നാൽ ‘ഒരു വ്യക്തി തന്റെ വിശ്വാസങ്ങളിൽ ആത്മാർഥതയുളളവനായിരുന്നാൽ അയാളുടെ മതം തെററാണെങ്കിൽപോലും ദൈവം അയാളെ അംഗീകരിക്കുകയില്ലേ?’ എന്നു ചിലർ ചോദിച്ചേക്കാം. തങ്ങൾ ചെയ്തുവരുന്നതു ശരിയാണെന്ന് അവർ വിശ്വസിച്ചാലും “അധർമം പ്രവർത്തിക്കുന്നവരെ” താൻ അംഗീകരിക്കുകയില്ലെന്നു യേശു പറയുകയുണ്ടായി. (മത്തായി 7:22, 23) അതുകൊണ്ട് ദൈവവും ആത്മാർഥതയെ മാത്രമായി അംഗീകരിക്കുകയില്ല. ഒരിക്കൽ യേശു തന്റെ അനുഗാമികളോട് “നിങ്ങളെ കൊല്ലുന്ന ഏവനും താൻ ദൈവത്തിന് ഒരു വിശുദ്ധസേവനം അർപ്പിച്ചിരിക്കുന്നുവെന്നു വിചാരിക്കുന്ന നാഴിക വരുന്നു” എന്നു പറഞ്ഞു. (യോഹന്നാൻ 16:2) അങ്ങനെ ക്രിസ്ത്യാനികളെ കൊല്ലുന്നവർ ആ വിധത്തിൽ ദൈവത്തെ സേവിക്കുകയാണെന്ന് ആത്മാർഥമായി വിശ്വസിച്ചേക്കാമെങ്കിലും, അതു സത്യമല്ലെന്നു വ്യക്തമാണ്. അവർ ചെയ്യുന്നതിനെ ദൈവം അംഗീകരിക്കുന്നില്ല.
17. പൗലോസ് ആത്മാർഥതയുളളയാളായിരുന്നെങ്കിലും ഒരു ക്രിസ്ത്യാനിയായിത്തീരുന്നതിനു മുമ്പ് അവൻ എന്തു ചെയ്തിരുന്നു?
17 അപ്പോസ്തലനായ പൗലോസ് ഒരു ക്രിസ്ത്യാനിയായിത്തീരുന്നതിനുമുമ്പു സ്തേഫാനോസിന്റെ കൊലക്കു സഹായിച്ചിരുന്നു. പിന്നീടു കൂടുതൽ ക്രിസ്ത്യാനികളെ കൊല്ലാൻ അവൻ മാർഗങ്ങൾ ആരാഞ്ഞു. (പ്രവൃത്തികൾ 8:1; 9:1, 2) പൗലോസ് ഇങ്ങനെ വിശദീകരിച്ചു: “ഞാൻ ദൈവത്തിന്റെ സഭയെ അത്യധികം പീഡിപ്പിച്ചുകൊണ്ടും മുടിച്ചുകൊണ്ടുമിരുന്നു, യഹൂദമതകാര്യങ്ങളിൽ എന്റെ വർഗത്തിൽപ്പെട്ട എന്റെ സമപ്രായക്കാരിൽ പലരെക്കാളും വർധിച്ച പുരോഗതി നേടിക്കൊണ്ടുമിരുന്നു, കാരണം ഞാൻ എന്റെ പിതാക്കൻമാരുടെ പാരമ്പര്യങ്ങൾ സംബന്ധിച്ചു വളരെ കൂടുതൽ തീക്ഷ്ണതയുളളവനായിരുന്നു.” (ഗലാത്യർ 1:13, 14) അതെ, പൗലോസ് ആത്മാർഥതയുളളയാളായിരുന്നു, എന്നാൽ അത് അവന്റെ മതത്തെ ശരിയാക്കിത്തീർത്തില്ല.
18. (എ) പൗലോസ് ക്രിസ്ത്യാനികളെ പീഡിപ്പിച്ചുകൊണ്ടിരുന്നപ്പോൾ അവന്റെ മതം എന്തായിരുന്നു? (ബി) പൗലോസും അവന്റെ കാലത്തെ മററുളളവരും മതം മാറേണ്ടിയിരുന്നതെന്തുകൊണ്ട്?
18 പൗലോസ് ആ സമയത്തു യഹൂദമതവ്യവസ്ഥിതിയിലെ ഒരു അംഗമായിരുന്നു. ആ മതവ്യവസ്ഥിതി യേശുക്രിസ്തുവിനെ തളളിക്കളഞ്ഞിരുന്നു; തന്നിമിത്തം ദൈവം അതിനെയും തളളിക്കളഞ്ഞു. (പ്രവൃത്തികൾ 2:36, 40; സദൃശവാക്യങ്ങൾ 14:12) അതുകൊണ്ട് ദൈവത്തിന്റെ അംഗീകാരം നേടുന്നതിനു പൗലോസ് തന്റെ മതം മാറേണ്ടിയിരുന്നു. അവൻ “ദൈവത്തിനുവേണ്ടി തീക്ഷ്ണത”യുണ്ടായിരുന്ന മററുളളവരെക്കുറിച്ചും എഴുതി—അവർ ആത്മാർഥതയുളളവരായിരുന്നെങ്കിലും അവരുടെ മതം ദൈവോദ്ദേശ്യങ്ങളെക്കുറിച്ചുളള സൂക്ഷ്മപരിജ്ഞാനത്തിലധിഷ്ഠിതമല്ലാഞ്ഞതിനാൽ അവർക്കു ദൈവാംഗീകാരം ലഭിച്ചില്ല.—റോമർ 10:2, 3.
19. സത്യം വ്യത്യസ്തതരം മതോപദേശം അനുവദിക്കുകയില്ലെന്ന് എന്തു പ്രകടമാക്കുന്നു?
19 സത്യം ലോകത്തിലെ വ്യത്യസ്ത മതോപദേശങ്ങളെല്ലാം അനുവദിക്കുകയില്ല. ദൃഷ്ടാന്തമായി, മനുഷ്യർക്ക് ഒന്നുകിൽ ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്ന ഒരു ദേഹിയുണ്ട്, അല്ലെങ്കിൽ ഇല്ല. ഒന്നുകിൽ ഭൂമി എന്നേക്കും നിലനിൽക്കും, അല്ലെങ്കിൽ നിലനിൽക്കുകയില്ല. ഒന്നുകിൽ ദൈവം ദുഷ്ടതക്ക് അറുതിവരുത്തും, അല്ലെങ്കിൽ വരുത്തുകയില്ല. ഇവയും മററനേകം വിശ്വാസങ്ങളും ഒന്നുകിൽ ശരിയാണ്, അല്ലെങ്കിൽ തെററാണ്. ഒന്നു മറേറതിനോടു യോജിക്കാത്തപ്പോൾ രണ്ടുകൂട്ടം സത്യം ഉണ്ടായിരിക്കാവുന്നതല്ല. ഒന്നല്ലെങ്കിൽ മറേറതു സത്യമാണ്, എന്നാൽ രണ്ടുംകൂടെ സത്യമായിരിക്കയില്ല. എന്തെങ്കിലും യഥാർഥത്തിൽ തെററാണെങ്കിൽ, അത് ആത്മാർഥമായി വിശ്വസിക്കുന്നതും അനുഷ്ഠിക്കുന്നതും അതിനെ ശരിയാക്കിത്തീർക്കുകയില്ല.
20. മതം സംബന്ധിച്ചു നമുക്കു ശരിയായ “വഴികാട്ടിപ്പടം” എങ്ങനെ പിന്തുടരാൻ കഴിയും?
20 നിങ്ങൾ വിശ്വസിക്കുന്നതു തെററാണെന്നു തെളിവു നൽകിയാൽ നിങ്ങൾക്ക് എന്തു തോന്നും? ദൃഷ്ടാന്തമായി, നിങ്ങൾ ആദ്യമായി ഒരു പ്രത്യേക സ്ഥലത്തേക്കു കാറിൽ സഞ്ചരിക്കുകയാണെന്നിരിക്കട്ടെ. നിങ്ങളുടെ കൈവശം വഴികാണിക്കുന്ന ഒരു പടമുണ്ട്. എന്നാൽ അതു ശ്രദ്ധാപൂർവം പരിശോധിക്കാൻ നിങ്ങൾ സമയമെടുത്തിട്ടില്ല. ഏതു വഴിയെ പോകണമെന്ന് ആരോ നിങ്ങളോടു പറഞ്ഞു. അയാൾ നിങ്ങളെ തിരിച്ചുവിട്ട വഴി ശരിയാണെന്ന് ആത്മാർഥമായി വിശ്വസിച്ചുകൊണ്ടു നിങ്ങൾ അയാളെ ആശ്രയിക്കുന്നു. എന്നാൽ ആ വഴി ശരിയല്ലെന്നിരിക്കട്ടെ. അതിലെ തെററു മറെറാരാൾ ചൂണ്ടിക്കാണിക്കുന്നുവെങ്കിലോ? നിങ്ങളുടെ സ്വന്തം പടം ചൂണ്ടിക്കാട്ടിക്കൊണ്ടു നിങ്ങൾ തെററായ വഴിയിലാണെന്ന് അയാൾ കാണിച്ചുതന്നാലോ? അഹങ്കാരമോ ശാഠ്യമോ നിങ്ങൾ തെററായ വഴിയിലാണെന്നു സമ്മതിക്കുന്നതിൽനിന്നു നിങ്ങളെ തടയുമോ? ശരി, അങ്ങനെയെങ്കിൽ, ബൈബിളിന്റെ ഒരു പരിശോധനയിൽനിന്ന്, നിങ്ങൾ തെററായ ഒരു മതവഴിയിലൂടെയാണു സഞ്ചരിക്കുന്നതെന്നു മനസ്സിലാക്കുന്നുവെങ്കിൽ മാററം വരുത്താൻ സന്നദ്ധനായിരിക്കുക. നാശത്തിലേക്കുളള വിശാലമായ വഴി ഒഴിവാക്കുക; ജീവനിലേക്കുളള ഇടുങ്ങിയ വഴിയിൽ പ്രവേശിക്കുക!
ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതാവശ്യം
21. (എ) സത്യം അറിയുന്നതിനു പുറമേ, എന്താവശ്യമാണ്? (ബി) നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ ദൈവം അംഗീകരിക്കുന്നില്ലെന്നു മനസ്സിലാക്കുമ്പോൾ നിങ്ങൾ എന്തു ചെയ്യും?
21 ബൈബിളിലെ സത്യങ്ങൾ അറിയുന്നതു പ്രധാനമാണ്. എന്നാൽ നിങ്ങൾ ദൈവത്തെ സത്യത്തിൽ ആരാധിക്കുന്നില്ലെങ്കിൽ ഈ അറിവ് വിലയില്ലാത്തതാണ്. (യോഹന്നാൻ 4:24) സത്യം ആചരിക്കുന്നത്, ദൈവേഷ്ടം ചെയ്യുന്നത്, ആണ് ഗണ്യമായിട്ടുളളത്. “പ്രവൃത്തികളില്ലാത്ത വിശ്വാസം മൃത”മാണെന്നു ബൈബിൾ പറയുന്നു. (യാക്കോബ് 2:26) അപ്പോൾ ദൈവത്തെ പ്രസാദിപ്പിക്കുന്നതിന്, നിങ്ങളുടെ മതം ബൈബിളിനോടു പൂർണമായി യോജിക്കണമെന്നു മാത്രമല്ല ജീവിതത്തിലെ എല്ലാ പ്രവർത്തനത്തിലും ബാധകമാക്കപ്പെടുകയും വേണം. അതുകൊണ്ട്, ദൈവം തെററാണെന്നു പറയുന്നതു നിങ്ങൾ ചെയ്യുന്നുണ്ടെന്നു മനസ്സിലാക്കുന്നുവെങ്കിൽ മാററം വരുത്താൻ നിങ്ങൾ സന്നദ്ധനായിരിക്കുമോ?
22. നാം സത്യമതം ആചരിക്കുന്നുവെങ്കിൽ ഇപ്പോഴും ഭാവിയിലും നമുക്ക് എന്തു പ്രയോജനങ്ങൾ അനുഭവിക്കാം?
22 നിങ്ങൾ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നുവെങ്കിൽ നിങ്ങൾക്കുവേണ്ടി വലിയ അനുഗ്രഹങ്ങൾ കരുതിവെച്ചിട്ടുണ്ട്. ഇപ്പോൾപോലും നിങ്ങൾക്കു പ്രയോജനം കിട്ടും. സത്യമതത്തിന്റെ ആചരണം നിങ്ങളെ ഒരു മെച്ചപ്പെട്ട വ്യക്തി—ഒരു മെച്ചപ്പെട്ട പുരുഷനോ ഭർത്താവോ പിതാവോ, ഒരു മെച്ചപ്പെട്ട സ്ത്രീയോ ഭാര്യയോ മാതാവോ, ഒരു മെച്ചപ്പെട്ട കുട്ടിയോ—ആക്കിത്തീർക്കും. നിങ്ങൾ ശരിയായതു ചെയ്യുന്നതുകൊണ്ട് മററുളളവരുടെ ഇടയിൽ നിങ്ങൾ മികച്ചുനിൽക്കാനിടയാക്കുന്ന ദൈവികഗുണങ്ങൾ അതു നിങ്ങളിൽ ഉളവാക്കും. അതിലുപരി, ദൈവത്തിന്റെ പുതിയ പറുദീസാഭൂമിയിൽ സന്തോഷത്തിലും പൂർണാരോഗ്യത്തിലുമുളള നിത്യജീവന്റെ അനുഗ്രഹങ്ങൾ പ്രാപിക്കാൻ നിങ്ങൾ യോഗ്യരാകുമെന്ന് അത് അർഥമാക്കുന്നതാണ്. (2 പത്രോസ് 3:13) അതു സംബന്ധിച്ചു സംശയമില്ല—നിങ്ങളുടെ മതം പ്രാധാന്യമർഹിക്കുന്നു!
[25-ാം പേജിലെ ചിത്രം]
യേശുവിനെ കൊല്ലാൻ ശ്രമിച്ചുകൊണ്ടിരുന്ന മതനേതാക്കൻമാർ ദൈവത്തെ സേവിക്കുകയായിരുന്നോ?
[26, 27 പേജുകളിലെ ചിത്രം]
മിക്കയാളുകളും നാശത്തിലേക്കുളള വീതിയുളള വഴിയിലാണെന്നു യേശു പറഞ്ഞു. ചുരുക്കം ചിലർ മാത്രമേ ജീവനിലേക്കുളള ഇടുങ്ങിയ വഴിയിൽ ഉളളു
[28, 29 പേജുകളിലെ ചിത്രം]
“തങ്ങൾ ദൈവത്തെ അറിയുന്നുവെന്ന് അവർ പരസ്യമായി പ്രഖ്യാപിക്കുന്നു, എന്നാൽ അവർ തങ്ങളുടെ പ്രവൃത്തികളാൽ അവനെ ത്യജിക്കുന്നു.”—തീത്തോസ് 1:16.
വാക്കിൽ
പ്രവൃത്തിയിൽ
[30-ാം പേജിലെ ചിത്രം]
മതവ്യത്യാസം നിമിത്തം പൗലോസ് ക്രിസ്തുവിന്റെ ശിഷ്യനായ സ്തേഫാനോസിനെ കല്ലെറിയുന്നതിൽ പങ്കെടുത്തു
[33-ാം പേജിലെ ചിത്രം]
നിങ്ങൾ തെററായ വഴിയിലാണെങ്കിൽ അതു സമ്മതിക്കുന്നതിൽനിന്ന് അഹങ്കാരമോ ശാഠ്യമോ നിങ്ങളെ തടയുമോ?