പൊരുത്തപ്പെടുത്തലുകൾ വരുത്താൻ നിങ്ങൾ തയ്യാറാണോ?
1. ലോകത്തിലെ മാറ്റങ്ങൾ എന്തെല്ലാം പൊരുത്തപ്പെടുത്തലുകൾ ആവശ്യമാക്കിത്തീർക്കുന്നു?
1 രംഗങ്ങളും അഭിനേതാക്കളും സദാ മാറിക്കൊണ്ടിരിക്കുന്ന ഒരു അരങ്ങിനോടാണ് ഈ ലോകത്തെ 1 കൊരിന്ത്യർ 7:31 ഉപമിക്കുന്നത്. ഈ മാറ്റങ്ങൾ നമ്മുടെ സാക്ഷീകരണരീതിയിലും പട്ടികയിലും സമീപനത്തിലും സമയോചിതമായ പൊരുത്തപ്പെടുത്തലുകൾ ആവശ്യമാക്കിത്തീർക്കുന്നു. അങ്ങനെ ചെയ്യാൻ നിങ്ങൾ തയ്യാറാണോ?
2. സംഘടനയോടൊപ്പം നീങ്ങാൻ നാം പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടത് എന്തുകൊണ്ട്?
2 സാക്ഷീകരണരീതി: ക്രിസ്തീയസഭ എല്ലായ്പോഴും മാറ്റങ്ങൾക്കു വിധേയമാണ്. യേശു ശിഷ്യന്മാരെ ആദ്യമായി പ്രസംഗവേലയ്ക്ക് അയച്ചപ്പോൾ മടിശീലയിൽ പണമോ ഭക്ഷണസഞ്ചിയോ കരുതേണ്ടെന്നു നിർദേശിച്ചു. (മത്താ. 10:9, 10) എന്നാൽ, ഭാവിയിൽ ശിഷ്യന്മാർ വിദ്വേഷത്തിന് ഇരകളാകുമെന്നും പ്രസംഗവേല മറ്റു പ്രദേശങ്ങളിലേക്കു വ്യാപിക്കുമെന്നും മുൻകൂട്ടിക്കണ്ട യേശു തന്റെ നിർദേശങ്ങൾക്കു പിന്നീടു മാറ്റം വരുത്തി. (ലൂക്കോ. 22:36) ഓരോ സമയത്തിനും അനുയോജ്യമായ പ്രസംഗരീതികൾ യഹോവയുടെ സംഘടന കഴിഞ്ഞ നൂറ്റാണ്ടിലുടനീളം ഉപയോഗിച്ചിട്ടുണ്ട്. അവയിൽ ചിലതാണ് സാക്ഷ്യ കാർഡുകൾ, റേഡിയോ പ്രക്ഷേപണങ്ങൾ, ഉച്ചഭാഷിണി ഘടിപ്പിച്ച വാഹനങ്ങൾ എന്നിവ. ഇന്നു മിക്ക പ്രദേശങ്ങളിലും പകൽസമയത്ത് ആളുകൾ അപൂർവമായേ വീടുകളിൽ കാണുകയുള്ളൂ. അതുകൊണ്ട് വീടുതോറുമുള്ള വേലയോടൊപ്പം പരസ്യസാക്ഷീകരണത്തിലും അനൗപചാരികസാക്ഷീകരണത്തിലും ഏർപ്പെടേണ്ടതിന്റെ പ്രാധാന്യം നമ്മുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കൂടാതെ, ഇത്തരം പ്രദേശത്ത് വൈകുന്നേരങ്ങളിൽ വീടുതോറുമുള്ള വേലയിൽ ഏർപ്പെടുന്നതിനും നമ്മെ പ്രോത്സാഹിപ്പിച്ചിരുന്നു. യഹോവയുടെ സ്വർഗീയരഥത്തിന്റെ ഗതിയ്ക്കു മാറ്റം വരുത്തവെ അതിനൊപ്പം നീങ്ങാൻ നിങ്ങൾ തയ്യാറാണോ?—യെഹെ. 1:20, 21.
3. പൊരുത്തപ്പെടുത്തലുകൾ വരുത്തുന്നത് പ്രദേശത്ത് കൂടുതൽ ഫലപ്രദമായി സാക്ഷീകരിക്കാൻ സഹായിക്കുന്നത് എങ്ങനെ?
3 നിങ്ങളുടെ അവതരണം: നിങ്ങളുടെ പ്രദേശത്തെ ആളുകളെ ഉത്കണ്ഠപ്പെടുത്തുന്ന കാര്യങ്ങൾ എന്തൊക്കെയാണ്? സാമ്പത്തികപ്രശ്നങ്ങൾ? കുടുംബജീവിതം? യുദ്ധം? അനുയോജ്യമായ ഒരു അവതരണം തയ്യാറാകാൻ നമ്മുടെ പ്രദേശത്തുള്ള പൊതുവായ ചില പ്രശ്നങ്ങളും സാഹചര്യങ്ങളും അറിയുന്നതു പ്രയോജനം ചെയ്യും. (1 കൊരി. 9:20-23) വീട്ടുകാർ തങ്ങളുടെ പ്രശ്നങ്ങൾ പറയുമ്പോൾ വെറുതെ എന്തെങ്കിലും പറയുകയോ പഠിച്ചുവെച്ച ഏതെങ്കിലും ഒരു അവതരണം നടത്തുകയോ ചെയ്യുന്നതിനെക്കാൾ ഫലപ്രദമല്ലേ സാഹചര്യങ്ങൾക്ക് അനുസരിച്ച് അവതരണത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തുന്നത്?
4. പെട്ടെന്നുതന്നെ പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടത് എന്തുകൊണ്ട്?
4 വളരെപ്പെട്ടെന്ന് മഹാകഷ്ടം ആരംഭിക്കുകയും ഈ ലോകത്തിന്റെ അവസാന“രംഗം” അരങ്ങൊഴിയുകയും ചെയ്യും. “സമയം ചുരുങ്ങിയിരിക്കുന്നു.” (1 കൊരി. 7:29) താമസംവിനാ പൊരുത്തപ്പെടുത്തലുകൾ വരുത്തിക്കൊണ്ട് ശേഷിക്കുന്ന ചുരുങ്ങിയ സമയം പരമാവധി പ്രയോജനപ്പെടുത്തേണ്ടത് എത്ര പ്രധാനമാണ്!