വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
12 അപ്പൊസ്തലന്മാരെ പ്രസംഗവേലയ്ക്ക് അയച്ചപ്പോൾ യേശുക്രിസ്തു അവരോട് വടി എടുക്കാനും ചെരിപ്പു ധരിക്കാനും പറഞ്ഞിരുന്നോ?
യേശു അപ്പൊസ്തലന്മാരെ പ്രസംഗവേലയ്ക്കായി അയയ്ക്കുന്നതിനെക്കുറിച്ചുള്ള മൂന്നു സുവിശേഷ വിവരണങ്ങളും പരസ്പരവിരുദ്ധമാണെന്നാണ് ചിലർ പറയുന്നത്. എന്നാൽ, ഈ വിവരണങ്ങൾ ഒന്നു താരതമ്യം ചെയ്തു നോക്കുന്നെങ്കിൽ നമുക്ക് ശരിയായ ഒരു നിഗമനത്തിൽ എത്താനാകും. ആദ്യം മർക്കോസിന്റെയും ലൂക്കോസിന്റെയും വാക്കുകൾ ഒന്ന് അടുത്തു പരിശോധിക്കാം. മർക്കോസ് വിവരിക്കുന്നത് ഇങ്ങനെയാണ്: “യാത്രയ്ക്ക് ഒരു വടിയല്ലാതെ അപ്പമോ സഞ്ചിയോ മടിശീലയിൽ പണമോ കരുതരുത് എന്നും ചെരിപ്പു ധരിക്കാം എന്നാൽ രണ്ടുവസ്ത്രം അരുത് എന്നും അവൻ (യേശു) അവരോടു കൽപ്പിച്ചു.” (മർക്കോ. 6:7-9) ലൂക്കോസ് എഴുതി: “യാത്രയ്ക്കു വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നും എടുക്കരുത്. ഒന്നിലധികം വസ്ത്രങ്ങളും അരുത്.” (ലൂക്കോ. 9:1-3) മർക്കോസിന്റെ സുവിശേഷമനുസരിച്ച് അവർക്ക് ഒരു വടി എടുക്കാമായിരുന്നു, ചെരിപ്പും ധരിക്കാമായിരുന്നു. എന്നാൽ ലൂക്കോസിന്റെ വിവരണമനുസരിച്ച് അവർ ഒന്നും എടുക്കരുതായിരുന്നു, വടിപോലും. ചെരിപ്പിന്റെ കാര്യം അവിടെ പരാമർശിക്കുന്നുമില്ല. ഇക്കാര്യങ്ങൾ വൈരുധ്യമെന്നു തോന്നിയേക്കാം.
മത്തായിയുടെയും മർക്കോസിന്റെയും ലൂക്കോസിന്റെയും സുവിശേഷത്തിൽ പൊതുവായി പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട്; യേശു ഉദ്ദേശിച്ചത് എന്താണെന്നു മനസ്സിലാക്കാൻ അതു നമ്മെ സഹായിക്കും. ‘രണ്ടുവസ്ത്രം’ എടുക്കരുതെന്ന് ഈ മൂന്നുവിവരണങ്ങളിലും പറഞ്ഞിരിക്കുന്നു. (മത്താ. 10:5-10) യേശു ഇതു പറയുമ്പോൾ അപ്പൊസ്തലന്മാർ എന്തായാലും ഒരു വസ്ത്രം ധരിച്ചിരുന്നു എന്നതിന് സംശയമില്ല. യാത്രയ്ക്കായി അവർ മറ്റൊരു വസ്ത്രംകൂടി എടുക്കരുതെന്നാണ് യേശു ഉദ്ദേശിച്ചതെന്ന് ഇതിൽനിന്നു വ്യക്തം. ആ സമയത്ത് അവർ ചെരിപ്പും ധരിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട്, “ചെരിപ്പു ധരിക്കാം” എന്ന കാര്യം പരാമർശിച്ചപ്പോൾ മർക്കോസ് ഉദ്ദേശിച്ചത് അവരുടെ കാലിൽ കിടന്ന ചെരിപ്പിനെക്കുറിച്ചാണ്. ഇനി വടിയുടെ കാര്യമോ? ഒരു യഹൂദ വിജ്ഞാനകോശം പറയുന്നത് ശ്രദ്ധിക്കുക: “ഒരു വടി കൈയിൽ ഉണ്ടായിരിക്കുന്നത് പണ്ടുകാലത്ത് എബ്രായർക്കിടയിൽ പതിവായിരുന്നു എന്നുവേണം കരുതാൻ.” (ഉല്പ. 32:10) അതുകൊണ്ട്, അപ്പൊസ്തലന്മാർ തങ്ങളുടെ കൈയിൽ ഉണ്ടായിരുന്ന വടിയല്ലാതെ മറ്റൊന്നും കരുതരുത് എന്നാണ് മർക്കോസ് എഴുതിയത്. ചുരുക്കിപ്പറഞ്ഞാൽ, ഇത്തരം സാധനങ്ങൾ സംഘടിപ്പിക്കാനായി അവർ യാത്ര വൈകിക്കരുത് എന്ന യേശുവിന്റെ നിർദേശമാണ് ഈ മൂന്നുസുവിശേഷങ്ങളും പ്രദീപ്തമാക്കുന്നത്.
യേശുവിന്റെ വാക്കുകൾ നേരിട്ടു കേട്ട മത്തായി ഇക്കാര്യം ശരിവെക്കുന്നു: “നിങ്ങളുടെ മടിശീലയിൽ പൊന്നോ വെള്ളിയോ ചെമ്പോ കരുതരുത്; യാത്രയ്ക്കു ഭക്ഷണസഞ്ചിയോ രണ്ടുവസ്ത്രമോ ചെരിപ്പോ വടിയോ എടുക്കുകയുമരുത്; വേലക്കാരൻ തന്റെ ആഹാരത്തിന് അർഹനാണല്ലോ.” (മത്താ. 10:9, 10) അപ്പൊസ്തലന്മാർ, തങ്ങൾ ധരിച്ചിരുന്ന ചെരിപ്പും കൈയിലുണ്ടായിരുന്ന വടിയും ഉപേക്ഷിച്ചിട്ട് പോകാൻ പറയുകയായിരുന്നോ യേശു? അല്ല. ഇത്തരം സാധനങ്ങൾ സംഘടിപ്പിക്കാനായി സമയം പാഴാക്കരുതെന്ന് പറയുകയായിരുന്നു അവൻ. എന്തുകൊണ്ടാണ് അവൻ ഇങ്ങനെയൊരു നിർദേശം നൽകിയത്? കാരണം ‘വേലക്കാരൻ തന്റെ ആഹാരത്തിന് അർഹനാണ്.’ അതായിരുന്നു യേശു പറഞ്ഞതിന്റെ സാരം. ‘എന്തു തിന്നും, എന്തു കുടിക്കും, എന്ത് ഉടുക്കും’ എന്നോർത്ത് വിചാരപ്പെടേണ്ടാ എന്ന ഗിരിപ്രഭാഷണത്തിലെ യേശുവിന്റെ ഉദ്ബോധനവും ഇതിനോടൊക്കുന്നു.—മത്താ. 6:25-32.
പരസ്പരവിരുദ്ധമെന്ന് ആദ്യം തോന്നിയേക്കാമെങ്കിലും ഈ മൂന്നു സുവിശേഷ വിവരണങ്ങളും ഒരേ കാര്യമാണ് പറയുന്നത്: കൂടുതൽ വസ്തുക്കൾ സംഘടിപ്പിക്കാൻ നിൽക്കാതെ അപ്പൊസ്തലന്മാർ കൈയിലുള്ളതുമായി പോകണം. കാരണം, യഹോവ അവരുടെ ആവശ്യങ്ങൾ നിറവേറ്റുമായിരുന്നു.