അധ്യായം 48
അത്ഭുതങ്ങൾ ചെയ്യുന്നു, പക്ഷേ നസറെത്തിൽപ്പോലും സ്വീകരിക്കുന്നില്ല
മത്തായി 9:27-34; 13:54-58; മർക്കോസ് 6:1-6
യേശു അന്ധനെയും ഊമനെയും സുഖപ്പെടുത്തുന്നു
നസറെത്തിലെ ആളുകൾ യേശുവിനെ സ്വീകരിക്കുന്നില്ല
രാവിലെമുതൽ യേശു നല്ല തിരക്കിലാണ്. ദക്കപ്പൊലിയിൽനിന്ന് മടങ്ങി വന്ന യേശു രക്തസ്രാവമുള്ള സ്ത്രീയെ സുഖപ്പെടുത്തി. യായീറൊസിന്റെ മകളെ ഉയിർപ്പിച്ചു. പക്ഷേ, തീർന്നില്ല. യേശു യായീറൊസിന്റെ വീട്ടിൽനിന്ന് പോകുമ്പോൾ രണ്ട് അന്ധർ, “ദാവീദുപുത്രാ, ഞങ്ങളോടു കരുണ കാണിക്കണേ” എന്നു വിളിച്ചുപറഞ്ഞുകൊണ്ട് യേശുവിന്റെ പിന്നാലെ ചെല്ലുന്നു.—മത്തായി 9:27.
അവർ യേശുവിനെ “ദാവീദുപുത്രാ” എന്നു വിളിക്കുന്നു. അതിലൂടെ യേശു ദാവീദിന്റെ സിംഹാസനത്തിന് അവകാശിയാണെന്നും അതുകൊണ്ട് മിശിഹയാണെന്നും അവർ വിശ്വസിക്കുന്നെന്നു കാണിക്കുകയാണ്. അവർ എത്ര നേരം അങ്ങനെ വിളിക്കുമെന്നു കാണാനായിരിക്കാം യേശു ആദ്യമൊക്കെ അവരുടെ നിലവിളി അവഗണിക്കുന്നത്. പക്ഷേ അവർ നിറുത്തുന്നില്ല. യേശു ഒരു വീട്ടിൽ കയറുമ്പോൾ അവരുമുണ്ട് പുറകേ. യേശു അവരോട്, “എനിക്ക് ഇതു ചെയ്യാൻ കഴിയുമെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ” എന്നു ചോദിക്കുന്നു. “ഉണ്ട് കർത്താവേ, വിശ്വസിക്കുന്നുണ്ട് ” എന്ന് അവർ ഉറച്ച ബോധ്യത്തോടെ പറയുന്നു. അപ്പോൾ യേശു അവരുടെ കണ്ണുകളിൽ തൊട്ട് “നിങ്ങളുടെ വിശ്വാസംപോലെ സംഭവിക്കട്ടെ” എന്നു പറയുന്നു.—മത്തായി 9:28, 29.
പെട്ടെന്ന് അവർക്കു കാഴ്ച കിട്ടുന്നു. മുമ്പ് പലരോടും പറഞ്ഞിട്ടുള്ളതുപോലെ യേശു ഇവരോടും, താൻ ചെയ്തതു പരസ്യമാക്കരുത് എന്നു നിർദേശിക്കുന്നു. പക്ഷേ, സന്തോഷം അടക്കാനാകാതെ അവർ പിന്നീട് യേശുവിനെക്കുറിച്ച് എല്ലായിടത്തും പോയി പറയുന്നു.
ഈ രണ്ടു പേരും പോകുമ്പോൾ ഭൂതം ബാധിച്ചിട്ട് സംസാരിക്കാൻ കഴിയാത്ത ഒരാളെ ആളുകൾ അകത്ത് കൊണ്ടുവരുന്നു. യേശു ആ ഭൂതത്തെ പുറത്താക്കിയ ഉടനെ ആ മനുഷ്യൻ സംസാരിച്ചുതുടങ്ങുന്നു. ഇതെല്ലാം കണ്ട് അതിശയിക്കുന്ന ജനം, “ഇങ്ങനെയൊന്ന് ഇതിനു മുമ്പ് ഇസ്രായേലിൽ കണ്ടിട്ടില്ല” എന്നു പറയുന്നു. പരീശന്മാരും അവിടെയുണ്ട്. ഈ അത്ഭുതങ്ങൾ നടന്നു എന്ന കാര്യം അവർക്കു നിഷേധിക്കാനാകില്ല. അതുകൊണ്ട് പഴയ ആരോപണംതന്നെ അവർ വീണ്ടും ഉന്നയിക്കുന്നു: “ഭൂതങ്ങളുടെ അധിപനെക്കൊണ്ടാണ് ഇവൻ ഭൂതങ്ങളെ പുറത്താക്കുന്നത്.”—മത്തായി 9:33, 34.
അതുകഴിഞ്ഞ് അധികം വൈകാതെ യേശു സ്വന്തം നാടായ നസറെത്തിലേക്കു മടങ്ങുന്നു. ഇത്തവണ ശിഷ്യന്മാരുമുണ്ട് കൂടെ. ഏതാണ്ട് ഒരു വർഷം മുമ്പാണ് യേശു അവിടെയുള്ള സിനഗോഗിൽ പഠിപ്പിച്ചത്. യേശു പഠിപ്പിച്ചതു കേട്ട് ആദ്യം അവർ അതിശയിച്ചെങ്കിലും പിന്നീട് അവരുടെ മട്ട് മാറി, യേശുവിനെ കൊല്ലാൻ നോക്കി. ഇപ്പോൾ യേശു വീണ്ടും തന്റെ പഴയ അയൽക്കാരെ സഹായിക്കാനുള്ള ശ്രമത്തിലാണ്.
ശബത്തുദിവസം പഠിപ്പിക്കാൻവേണ്ടി യേശു വീണ്ടും സിനഗോഗിൽ ചെല്ലുന്നു. പലരും ആശ്ചര്യത്തോടെ, “ഈ ജ്ഞാനവും അത്ഭുതങ്ങൾ ചെയ്യാനുള്ള കഴിവും ഇയാൾക്ക് എവിടെനിന്ന് കിട്ടി” എന്നു ചോദിക്കുന്നു. അവർ പറയുന്നു: “ഇയാൾ ആ മരപ്പണിക്കാരന്റെ മകനല്ലേ? ഇയാളുടെ അമ്മയുടെ പേര് മറിയ എന്നല്ലേ? ഇയാളുടെ സഹോദരന്മാരല്ലേ യാക്കോബും യോസേഫും ശിമോനും യൂദാസും? ഇയാളുടെ സഹോദരിമാരെല്ലാം നമ്മുടെകൂടെയില്ലേ? പിന്നെ, ഇയാൾക്ക് ഇതൊക്കെ എവിടെനിന്ന് കിട്ടി?”—മത്തായി 13:54-56.
യേശുവിനെ ആ നാട്ടിലെ വെറും സാധാരണക്കാരനായ ഒരു മനുഷ്യനായിട്ടാണ് ആളുകൾ കാണുന്നത്. ‘ഇവനെ നമുക്കു കുട്ടിക്കാലം മുതലേ അറിയാവുന്നതല്ലേ? ഇവൻ എങ്ങനെ മിശിഹയാകും’ എന്നാണ് അവരുടെ ചിന്ത. അതുകൊണ്ട് യേശുവിന്റെ വലിയ ജ്ഞാനവും അത്ഭുതപ്രവർത്തനങ്ങളും ഉൾപ്പെടെ എല്ലാ തെളിവുകളും ഉണ്ടായിട്ടും അവർ യേശുവിനെ അംഗീകരിക്കാൻ തയ്യാറാകുന്നില്ല. യേശുവിനെ അടുത്ത് അറിയാവുന്നതുകൊണ്ട് സ്വന്തം ബന്ധുക്കൾപോലും യേശുവിൽ വിശ്വസിക്കുന്നില്ല. അതുകൊണ്ട് യേശു പറയുന്നു: “ഒരു പ്രവാചകനെ സ്വന്തം നാട്ടുകാരും വീട്ടുകാരും മാത്രമേ ആദരിക്കാതിരിക്കൂ.”—മത്തായി 13:57.
അവരുടെ വിശ്വാസമില്ലായ്മ യേശുവിന് ഒട്ടും ഉൾക്കൊള്ളാനാകുന്നില്ല. അതുകൊണ്ട് “ഏതാനും രോഗികളുടെ മേൽ കൈകൾ വെച്ച് അവരെ സുഖപ്പെടുത്തിയതല്ലാതെ മറ്റ് അത്ഭുതങ്ങളൊന്നും” യേശു അവിടെ ചെയ്യുന്നില്ല.—മർക്കോസ് 6:5, 6.