അധ്യായം 57
യേശു ഒരു പെൺകുട്ടിയെയും ബധിരനെയും സുഖപ്പെടുത്തുന്നു
മത്തായി 15:21-31; മർക്കോസ് 7:24-37
യേശു ഒരു ഫൊയ്നിക്യക്കാരിയുടെ മകളെ സുഖപ്പെടുത്തുന്നു
ബധിരനും ഊമനും ആയ ഒരാളെ യേശു സുഖപ്പെടുത്തുന്നു
സ്വാർഥതാത്പര്യങ്ങളെ മുൻനിറുത്തിയുള്ള പരീശന്മാരുടെ പാരമ്പര്യങ്ങളെ കുറ്റപ്പെടുത്തിയശേഷം യേശു ശിഷ്യന്മാരുടെകൂടെ അവിടെനിന്ന് പോകുന്നു. അങ്ങ് വടക്കുപടിഞ്ഞാറുള്ള ഫൊയ്നിക്യയിലെ സോർ, സീദോൻ എന്നീ പ്രദേശങ്ങളിലേക്കാണ് അവർ പോകുന്നത്.
താമസിക്കാൻ യേശു ഒരു വീടു കണ്ടെത്തുന്നു. താൻ അവിടെയുണ്ടെന്ന് ആരും അറിയരുതെന്നാണു യേശുവിന്റെ ആഗ്രഹം. പക്ഷേ, അവിടെപ്പോലും യേശുവിനു രക്ഷയില്ല. ആ പ്രദേശത്തുനിന്നുള്ള ഗ്രീക്കുകാരിയായ ഒരു സ്ത്രീ യേശുവിനെ കണ്ട് ഇങ്ങനെ അപേക്ഷിക്കുന്നു: “കർത്താവേ, ദാവീദുപുത്രാ, എന്നോടു കരുണ കാണിക്കണേ. എന്റെ മകൾക്കു കടുത്ത ഭൂതോപദ്രവം ഉണ്ടാകുന്നു.”—മത്തായി 15:22; മർക്കോസ് 7:26.
കുറച്ച് കഴിയുമ്പോൾ ശിഷ്യന്മാർ യേശുവിനോട്, “ആ സ്ത്രീ അതുതന്നെ പറഞ്ഞുകൊണ്ട് നമ്മുടെ പിന്നാലെ വരുന്നു; അവരെ പറഞ്ഞയയ്ക്കണേ” എന്ന് അപേക്ഷിക്കുന്നു. അതിനു മറുപടിയായി ആ സ്ത്രീയെ അവഗണിക്കുന്നതിന്റെ കാരണം യേശു വിശദീകരിക്കുന്നു: “ഇസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുത്തേക്കു മാത്രമാണ് എന്നെ അയച്ചിരിക്കുന്നത്.” പക്ഷേ, സ്ത്രീ വിടാൻ ഭാവമില്ല. അവർ യേശുവിന്റെ അടുത്ത് വന്ന് താണുവണങ്ങിക്കൊണ്ട്, “കർത്താവേ, എന്നെ സഹായിക്കണേ” എന്നു യാചിക്കുന്നു.—മത്തായി 15:23-25.
ഒരുപക്ഷേ, ആ സ്ത്രീയുടെ വിശ്വാസം പരിശോധിക്കാൻവേണ്ടി യേശു പറയുന്നു: “മക്കളുടെ അപ്പം എടുത്ത് നായ്ക്കുട്ടികൾക്ക് ഇട്ടുകൊടുക്കുന്നതു ശരിയല്ലല്ലോ.” ആ വാക്കുകളിലൂടെ മറ്റു ദേശക്കാരോടു ജൂതന്മാർക്കു പൊതുവേയുള്ള മനോഭാവം പ്രതിഫലിപ്പിക്കുകയാണു യേശു. (മത്തായി 15:26) “നായ്ക്കുട്ടികൾ” അഥവാ പട്ടിക്കുട്ടികൾ എന്നു പറയുന്നതിലൂടെ ജൂതന്മാരല്ലാത്തവരോടുള്ള യേശുവിന്റെ മൃദുലവികാരങ്ങളാണു വെളിപ്പെടുന്നത്. യേശുവിന്റെ മുഖഭാവത്തിലും അനുകമ്പയോടെയുള്ള സ്വരത്തിലും ആ വികാരങ്ങൾ നിഴലിക്കുന്നുണ്ട്.
എന്തായാലും യേശുവിന്റെ വാക്കുകളിൽ നീരസപ്പെടുന്നതിനു പകരം ജൂതന്മാരുടെ മുൻവിധിയെക്കുറിച്ച് യേശു പറഞ്ഞതിന്റെ ചുവടുപിടിച്ച് ആ സ്ത്രീ പറയുന്നു: “അങ്ങ് പറഞ്ഞതു ശരിയാണു കർത്താവേ. പക്ഷേ നായ്ക്കുട്ടികളും യജമാനന്റെ മേശയിൽനിന്ന് വീഴുന്ന അപ്പക്കഷണങ്ങൾ തിന്നാറുണ്ടല്ലോ.” യേശു ആ സ്ത്രീയുടെ നല്ല ആന്തരം മനസ്സിലാക്കിക്കൊണ്ട് പറയുന്നു: “നിന്റെ വിശ്വാസം അപാരം! നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു സംഭവിക്കട്ടെ.” (മത്തായി 15:27, 28) മകൾ അവിടെ ഇല്ലാഞ്ഞിട്ടും യേശു പറഞ്ഞതുപോലെതന്നെ സംഭവിക്കുന്നു! ആ സ്ത്രീ വീട്ടിൽ ചെല്ലുമ്പോൾ മകൾ പൂർണസുഖം പ്രാപിച്ച് കിടക്കയിൽ കിടക്കുന്നതാണു കാണുന്നത്. “ഭൂതം അവളെ വിട്ട് പോയിരുന്നു.”—മർക്കോസ് 7:30.
ഫൊയ്നിക്യ പ്രദേശത്തുനിന്ന് യേശുവും ശിഷ്യന്മാരും നേരെ യോർദാൻ നദി ലക്ഷ്യമാക്കി നീങ്ങുന്നു. അവർ ഗലീലക്കടലിന്റെ വടക്കുഭാഗത്തുവെച്ച് നദി കുറുകെ കടന്ന് ദക്കപ്പൊലി പ്രദേശത്ത് എത്തുന്നു. അവർ ഒരു മലയിലേക്കു പോയെങ്കിലും ജനക്കൂട്ടം അവരെ കണ്ടുപിടിക്കുന്നു. ആളുകൾ അവിടെ യേശുവിന്റെ അടുത്ത് മുടന്തർ, അംഗവൈകല്യമുള്ളവർ, അന്ധർ, ഊമർ എന്നിവരെയെല്ലാം കൊണ്ടുവരുന്നു. അവർ ഈ രോഗികളെ യേശുവിന്റെ കാൽക്കൽ കിടത്തുന്നു, യേശു അവരെ സുഖപ്പെടുത്തുകയും ചെയ്യുന്നു. ഇതെല്ലാം കണ്ട് അതിശയിച്ചിട്ട് ആളുകൾ ഇസ്രായേലിന്റെ ദൈവത്തെ മഹത്ത്വപ്പെടുത്തുന്നു.
സംസാരവൈകല്യമുള്ള ബധിരനായ ഒരാളെ യേശു പ്രത്യേകം ശ്രദ്ധിക്കുന്നു. ഒരു വലിയ ജനക്കൂട്ടത്തിന്റെ നടുവിലായിരിക്കുമ്പോൾ അയാൾക്ക് എത്ര വിഷമം തോന്നുമെന്നോ! അയാളുടെ പേടിയും വെപ്രാളവും കണ്ടിട്ടായിരിക്കാം യേശു അയാളെ ജനക്കൂട്ടത്തിൽനിന്ന് മാറ്റിക്കൊണ്ടുപോകുന്നു. അവർ തനിച്ചായിരിക്കുമ്പോൾ താൻ അയാൾക്കുവേണ്ടി എന്താണു ചെയ്യാൻ പോകുന്നതെന്നു യേശു സൂചിപ്പിക്കുന്നു. യേശു അയാളുടെ ചെവികളിൽ വിരൽ ഇടുന്നു. പിന്നെ തുപ്പിയിട്ട് അയാളുടെ നാവിൽ തൊടുന്നു. എന്നിട്ട് സ്വർഗത്തിലേക്കു നോക്കി “എഫഥാ” എന്നു പറയുന്നു. ഈ വാക്കിന്റെ അർഥം “തുറക്കട്ടെ” എന്നാണ്. അങ്ങനെ അയാൾക്കു കേൾവിശക്തി കിട്ടുന്നു. സാധാരണപോലെ സംസാരിക്കാനും കഴിയുന്നു. ഇതിനു വലിയ പ്രചാരം കൊടുക്കാനൊന്നും യേശു ആഗ്രഹിക്കുന്നില്ല. കാരണം ആളുകൾ നേരിട്ട് കാണുകയും കേൾക്കുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ തന്നിൽ വിശ്വസിക്കുന്നതാണു യേശുവിന് ഇഷ്ടം.—മർക്കോസ് 7:32-36.
സുഖപ്പെടുത്താനുള്ള യേശുവിന്റെ ഈ കഴിവ് കണ്ട ആളുകളുടെ “അതിശയം പറഞ്ഞറിയിക്കാൻ പറ്റാത്ത”ത്രയാണ്. അവർ പറയുന്നു: “എത്ര നല്ല കാര്യങ്ങളാണു യേശു ചെയ്യുന്നത്! യേശു ബധിരർക്കു കേൾവിശക്തിയും ഊമർക്കു സംസാരശേഷിയും കൊടുക്കുന്നു.”—മർക്കോസ് 7:37.