അധ്യായം 26
“നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു”
മത്തായി 9:1-8; മർക്കോസ് 2:1-12; ലൂക്കോസ് 5:17-26
യേശു ഒരു തളർവാതരോഗിയുടെ തെറ്റുകൾ ക്ഷമിക്കുന്നു, അയാളെ സുഖപ്പെടുത്തുന്നു
ദൂരദേശങ്ങളിലുള്ള ആളുകളും യേശുവിനെക്കുറിച്ച് കേൾക്കുന്നു. യേശു പഠിപ്പിക്കുന്നതു കേൾക്കാനും ചെയ്യുന്ന അത്ഭുതങ്ങൾ കാണാനും വേണ്ടി ആളുകൾ യാത്ര ചെയ്ത് യേശുവിന്റെ അടുത്ത് എത്തുന്നു. പക്ഷേ ഏതാനും ദിവസം കഴിഞ്ഞപ്പോൾ യേശു വീണ്ടും കഫർന്നഹൂമിലേക്കു പോകുന്നു. യേശുവിന്റെ പ്രവർത്തനം മുഖ്യമായും ആ പ്രദേശത്തെ കേന്ദ്രീകരിച്ചാണ്. യേശു എത്തിയെന്ന വാർത്ത ഗലീലക്കടലിന് അടുത്തുള്ള ഈ നഗരത്തിലെല്ലാമുള്ള ആളുകൾ പെട്ടെന്നുതന്നെ അറിയുന്നു. അങ്ങനെ അനേകർ യേശുവിനെ കാണാൻ വീട്ടിലേക്കു വരുന്നു. പരീശന്മാരും നിയമോപദേഷ്ടാക്കളും ഉണ്ട് അക്കൂട്ടത്തിൽ. ഗലീലയിൽ എല്ലായിടത്തുനിന്നും യഹൂദ്യയിൽനിന്നും യരുശലേമിൽനിന്നുപോലും വന്നവരാണ് അവർ.
‘വാതിൽക്കൽപ്പോലും നിൽക്കാൻ ഇടമില്ലാത്തവിധം ധാരാളം പേർ അവിടെ വന്നുകൂടുന്നു. യേശു അവരോടു ദൈവവചനം പ്രസംഗിക്കാൻതുടങ്ങുന്നു.’ (മർക്കോസ് 2:2) അപ്പോഴാണ് വളരെ അതിശയകരമായ ആ കാര്യം നടക്കുന്നത്. മനുഷ്യർ അനുഭവിക്കുന്ന കഷ്ടപ്പാടുകളുടെ കാരണം ഇല്ലാതാക്കാനും താൻ ആഗ്രഹിക്കുന്നവർക്കെല്ലാം ആരോഗ്യം തിരികെ നൽകാനും യേശുവിനു ശക്തിയുണ്ടെന്നു ബോധ്യപ്പെടുത്തുന്ന ഒരു കാര്യം!
ആളുകൾ തിങ്ങിനിറഞ്ഞ ആ മുറിയിൽ യേശു പഠിപ്പിക്കുമ്പോൾ നാലു പേർ ചേർന്ന് തളർന്നുപോയ ഒരു മനുഷ്യനെ കിടക്കയിൽ കിടത്തി എടുത്തുകൊണ്ടുവരുന്നു. ഈ സ്നേഹിതനെ യേശു സുഖപ്പെടുത്തണം, അതാണ് അവരുടെ ആഗ്രഹം. പക്ഷേ, ആൾക്കൂട്ടം കാരണം “അയാളെ യേശുവിന്റെ അടുത്ത് എത്തിക്കാൻ” കഴിയുന്നില്ല. (മർക്കോസ് 2:4) അവർക്ക് എത്ര വിഷമം തോന്നിക്കാണും! അതുകൊണ്ട് അവർ ആ വീടിന്റെ പരന്ന മേൽക്കൂരയിൽ കയറി, പാകിയിരിക്കുന്ന ഓട് ഇളക്കി മാറ്റി വലിയൊരു ദ്വാരമുണ്ടാക്കുന്നു. എന്നിട്ട് ആ മനുഷ്യനെ കിടക്കയോടെ താഴെ ഇറക്കുന്നു.
യേശുവിന് അതിൽ ദേഷ്യം തോന്നുന്നുണ്ടോ? ഒരിക്കലും ഇല്ല! അവരുടെ വിശ്വാസത്തിൽ യേശുവിന് വളരെയധികം മതിപ്പു തോന്നുന്നു. അതുകൊണ്ട് ആ തളർവാതരോഗിയോട് യേശു “നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു” എന്നു പറയുന്നു. (മത്തായി 9:2) എന്നാൽ യേശുവിനു ശരിക്കും പാപങ്ങൾ ക്ഷമിക്കാൻ സാധിക്കുമോ? പരീശന്മാർക്കും ശാസ്ത്രിമാർക്കും അതു തീരെ പിടിക്കുന്നില്ല. അവർ ഇങ്ങനെ ന്യായവാദം ചെയ്യുന്നു: “ഈ മനുഷ്യൻ എന്താ ഇങ്ങനെ പറയുന്നത്? ഇതു ദൈവനിന്ദയാണ്. ദൈവത്തിനല്ലാതെ ആർക്കെങ്കിലും പാപങ്ങൾ ക്ഷമിക്കാൻ കഴിയുമോ?”—മർക്കോസ് 2:7.
അവരുടെ ചിന്ത തിരിച്ചറിഞ്ഞ യേശു പറയുന്നു: “നിങ്ങൾ എന്തിനാണ് ഇങ്ങനെയൊക്കെ ആലോചിക്കുന്നത്? ഏതാണ് എളുപ്പം? തളർവാതരോഗിയോട്, ‘നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു’ എന്നു പറയുന്നതാണോ അതോ ‘എഴുന്നേറ്റ് നിന്റെ കിടക്ക എടുത്ത് നടക്കുക’ എന്നു പറയുന്നതാണോ?” (മർക്കോസ് 2:8, 9) താൻ അർപ്പിക്കാൻപോകുന്ന ബലിയുടെ അടിസ്ഥാനത്തിൽ യേശുവിന് ഈ വ്യക്തിയുടെ പാപങ്ങൾ ക്ഷമിക്കാൻ സാധിക്കുന്നു.
എന്നിട്ട് യേശു ഭൂമിയിൽ തനിക്കു പാപങ്ങൾ ക്ഷമിക്കാൻ അധികാരമുണ്ടെന്ന്, തന്റെ വിമർശകർ ഉൾപ്പെടെ, അവിടെ കൂടിയിരുന്ന എല്ലാവരെയും കാണിക്കുന്നു. യേശു ആ തളർവാതരോഗിയുടെ നേരെ തിരിഞ്ഞ് ഇങ്ങനെ കല്പിക്കുന്നു: “എഴുന്നേറ്റ് കിടക്ക എടുത്ത് വീട്ടിലേക്കു പോകൂ എന്നു ഞാൻ നിന്നോടു പറയുന്നു.” ഉടനെ ആ മനുഷ്യൻ, എല്ലാവരും നോക്കിനിൽക്കുമ്പോൾത്തന്നെ, തന്റെ കിടക്ക എടുത്ത് നടന്നുപോകുന്നു. ആളുകൾക്ക് അതിശയം അടക്കാനാകുന്നില്ല! “ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഭവം കാണുന്നത്” എന്നു പറഞ്ഞ് അവർ ദൈവത്തെ സ്തുതിക്കുന്നു.—മർക്കോസ് 2:11, 12.
രോഗത്തെ പാപത്തോടും ശാരീരികാരോഗ്യത്തെ പാപങ്ങളുടെ ക്ഷമയോടും ബന്ധപ്പെടുത്തി യേശു സംസാരിക്കുന്നതു ശ്രദ്ധേയമാണ്. നമ്മുടെ ആദ്യപിതാവായ ആദാം പാപം ചെയ്തെന്നും ആ പാപത്തിന്റെ ഫലങ്ങൾ നമ്മളെല്ലാം അവകാശപ്പെടുത്തിയെന്നും ബൈബിൾ പഠിപ്പിക്കുന്നു. അതാണു രോഗവും മരണവും. എന്നാൽ ദൈവരാജ്യത്തിൻകീഴിൽ ദൈവത്തെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്ന എല്ലാവരുടെയും പാപങ്ങൾ യേശു ക്ഷമിക്കും. അങ്ങനെ രോഗങ്ങൾ എന്നേക്കുമായി ഇല്ലാതാകും.—റോമർ 5:12, 18, 19.