യേശുവിന്റെ ജീവിതവും ശുശ്രൂഷയും
വീണ്ടും കഫർന്നഹൂമിലെ ഭവനത്തിൽ
ഇതിനോടകം യേശുവിന്റെ പ്രശസ്തി വിപുലവ്യാപകമായി പരന്നുകഴിഞ്ഞിരിക്കുന്നു. അനേകമാളുകൾ അവനെ കാണുന്നതിനുവേണ്ടി ഉൾനാടുകൾ താണ്ടി സഞ്ചരിക്കുന്നു. എന്നാൽ കുറെ ദിവസങ്ങൾക്കുശേഷം ഗലീല കടലിലൂടെ അവൻ കഫർന്നഹൂമിലേക്കു മടങ്ങുന്നു. അവൻ വീണ്ടും ഭവനത്തിലുണ്ടെന്നുള്ള വാർത്ത പെട്ടെന്ന് നഗരം മുഴുവൻ പരക്കുന്നു. അവൻ താമസിക്കുന്ന വീട്ടിൽ ധാരാളമാളുകൾ എത്തുന്നു. പരീശരും ഉപദേഷ്ടാക്കളും യെരൂശലേമിൽനിന്നുപോലും വന്നുതുടങ്ങി.
ജനക്കൂട്ടം വളരെ വലുതാണ്. ആർക്കും ഉള്ളിൽ കടക്കാൻ കഴിയാതവണ്ണം അവർ വാതിൽക്കൽ തിങ്ങി നിൽക്കുന്നു. അവിടെ തികച്ചും ഗൗനാർഹമായ ഒരു സംഭവത്തിനുള്ള പശ്ചാത്തലമുണ്ട്. ഈ സന്ദർഭത്തിൽ അവിടെ നടക്കുന്നത് മർമ്മപ്രധാനമായ ഒരു സംഭവമാണ്. അത് യേശുവിന് മാനുഷ കഷ്ടപ്പാടുകളുടെ മൂലകാരണം നീക്കുന്നതിനും അവൻ ആഗ്രഹിക്കുന്നവരുടെയെല്ലാം ആരോഗ്യം പുനഃസ്ഥിതീകരിക്കുന്നതിനും ശക്തിയുണ്ടെന്ന് വിലമതിക്കാൻ നമ്മെ സഹായിക്കുന്നു.
യേശു ജനക്കൂട്ടത്തെ പഠിപ്പിക്കുമ്പോൾ നാല് മനുഷ്യർ തളർവാതം പിടിച്ച ഒരു മനുഷ്യനെ ഒരു കിടക്കയിൽ കൊണ്ടുവരുന്നു. തങ്ങളുടെ സുഹൃത്തിനെ യേശു സുഖപ്പെടുത്തണമെന്ന് അവർ ആഗ്രഹിക്കുന്നു. എന്നാൽ പുരുഷാരം നിമിത്തം അവർക്ക് അകത്തു കടക്കാൻ വയ്യ. എത്ര നിരാശാജനകം! എങ്കിലും അവർ നിരുത്സാഹപ്പെടുന്നില്ല. അവർ വീടിന്റെ പരന്ന മേൽപ്പുരയിൽ കയറി ഓട് നീക്കുന്നു. അങ്ങനെ ഒരു ദ്വാരമുണ്ടാക്കി. അതിലൂടെ കിടക്ക താഴേക്കിറക്കി പക്ഷവാതക്കാരനെ യേശുവിന്റെ തൊട്ടടുത്തെത്തിക്കുന്നു.
ഈ തടസ്സം നിമിത്തം യേശു രോഷാകുലനാണോ? ഒരിക്കലുമല്ല! അവരുടെ വിശ്വാസം നിമിത്തം അവന് ആഴമായ മതിപ്പ് തോന്നുന്നു. അവൻ പക്ഷവാതക്കാരനോട് ഇപ്രകാരം പറയുന്നു: “നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു.” എന്നാൽ വാസ്തവത്തിൽ യേശുവിന് പാപങ്ങൾ മോചിക്കാൻ കഴിയുമോ? പരീശരും ശാസ്ത്രിമാരും അതിനോട് യോജിക്കുന്നില്ല. അവർ തങ്ങളുടെ മനസ്സിൽ ഇപ്രകാരം ന്യായവാദം ചെയ്യുന്നു: “ദൈവം ഒരുവനല്ലാതെ ആർക്ക് പാപങ്ങൾ മോചിക്കാൻ കഴിയും?”
അവരുടെ ചിന്തകൾ മനസ്സിലാക്കിക്കൊണ്ട് യേശു അവരോടിങ്ങനെ പറയുന്നു: “പക്ഷവാതക്കാരനോട് ‘നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു’ എന്നു പറയുന്നതോ ‘എഴുന്നേററ് നിന്റെ കിടക്കയെടുത്ത് നടക്ക എന്നു പറയുന്നതോ ഏതാണ് എളുപ്പം?” അവരുടെ ഉത്തരത്തിനുവേണ്ടി കാത്തുനിൽക്കാതെ യേശു പക്ഷവാതക്കാരനിലേക്ക് തിരിഞ്ഞ് ഇപ്രകാരം പറയുന്നു: “എഴുന്നേററ് നിന്റെ കിടക്കയെടുത്ത് നിന്റെ വീട്ടിലേക്ക് പോക.” ഉടനടി അവൻ തന്റെ കിടക്കയെടുത്ത് സകലരുടെയും മുമ്പാകെ നടന്നുപോകുന്നു. വിസ്മയം പൂണ്ട് എല്ലാവരും ഇപ്രകാരം പറയുന്നു: “ഞങ്ങൾ ഒരുനാളും ഇങ്ങനെ കണ്ടിട്ടില്ല!”
രോഗത്തോടുള്ള ബന്ധത്തിൽ യേശു പാപങ്ങളെക്കുറിച്ച് പറയുന്നതും പാപങ്ങളുടെ മോചനം ആരോഗ്യം നേടുന്നതിനോട് ബന്ധപ്പെട്ടിരിക്കുന്നതിനെക്കുറിച്ച് പറയുന്നതും നിങ്ങൾ ശ്രദ്ധിച്ചോ? നമ്മുടെ ആദ്യപിതാവായ ആദാം പാപം ചെയ്തെന്നും അതുവഴി നാമെല്ലാം പാപത്തിന്റെ ഫലമായിരിക്കുന്ന രോഗവും മരണവും അവകാശമാക്കിയിരിക്കുന്നെന്നും ബൈബിൾ വിവരിക്കുന്നു. എന്നാൽ ദൈവരാജ്യഭരണത്തിൻ കീഴിൽ യേശു ദൈവത്തെ സേവിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന എല്ലാവരുടെയും പാപങ്ങൾ മോചിക്കുന്നതാണ്. അപ്പോൾ സകലവിധ വ്യാധികളും നീക്കം ചെയ്യപ്പെടും. അത് എത്ര മനോജ്ഞമായിരിക്കും! മർക്കോസ് 2:1-12; ലൂക്കോസ് 5:17-26; മത്തായി 9:1-8; റോമർ 5:12, 17-19.
◆ തികച്ചും ഗൗനാർഹമായ ഒരു സംഭവത്തിന്റെ പശ്ചാത്തലമെന്തായിരുന്നു?
◆ പക്ഷവാതക്കാരനെ യേശുവിന്റെയടുത്തെത്തിച്ചതെങ്ങനെ?
◆ നാമെല്ലാം പാപികളായിരിക്കുന്നതെന്തുകൊണ്ട്, യേശു പാപങ്ങളുടെ ക്ഷമയും പൂർണ്ണ ആരോഗ്യത്തിന്റെ പുനഃസ്ഥിതീകരണവും സാദ്ധ്യമാണെന്നുള്ളതിന്റെ പ്രത്യാശ നൽകിയതെങ്ങനെ? (w86 5/1)