രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
രാജ്യവർദ്ധനയ്ക്കു ചേരുന്ന വിപുലമായ സൗകര്യങ്ങൾ
കരീബിയൻ ദ്വീപായ ജമൈക്കയിലെ യഹോവയുടെ സാക്ഷികളുടെ വിപുലീകരിച്ച ബ്രാഞ്ച് കെട്ടിടങ്ങളുടെ സമർപ്പണദിനം വളരെ സന്തോഷകരമായ ഒന്നായിരുന്നു. ഉഷ്ണമേഖലയിലുള്ള ഈ മനോഹരമായ ദ്വീപിലെ സുവാർത്താ പ്രസംഗത്തിലുള്ള സഹോദരൻമാരുടെ ആത്മാർത്ഥമായ ശ്രമങ്ങളുടെമേൽ യഹോവയുടെ അനുഗ്രഹം നിമിത്തം ഈ വികസനം ആവശ്യമായി വന്നു.
1946-ൽ ജമൈക്കയിൽ ഒരു മിഷനറി ഭവനം സ്ഥാപിച്ചു. മിഷനറിമാരുടെ പ്രവർത്തനം നിമിത്തം പ്രസാധകരുടെ വർദ്ധനവ് ത്വരിതഗതിയിലായിരുന്നു. അങ്ങനെ പത്തു വർഷത്തിനുള്ളിൽ പ്രതിമാസം റിപ്പോർട്ടു ചെയ്യുന്ന സാക്ഷികളുടെ ശരാശരി എണ്ണം 732-ൽ നിന്ന് 3,216 ആയി ഉയർന്നു. ഈ വർദ്ധനവ് നിമിത്തം പുതിയ സൗകര്യങ്ങൾ ക്രമീകരിക്കേണ്ടതാവശ്യമായിത്തീർന്നു.
1954-ൽ കിംഗ്സ്ററൺ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് അനുയോജ്യമായ ഒരു സ്ഥലം വാങ്ങി ബലിഷ്ഠമായ ഒരു പുതിയ രണ്ടുനിലകെട്ടിടം പണിതു തുടങ്ങി. അത് 1958-ൽ പൂർത്തിയായി. ആ വർഷത്തെ പ്രസാധകരുടെ അത്യുച്ചം 4,367 ആയി ഉയർന്നു.
‘നടീലും’ ‘നനയ്ക്ക’ലും തുടർന്നു. യഹോവ ‘അത് വളരുമാറാക്കുക’യും ചെയ്തു. അതുകൊണ്ട് 1983-ൽ പ്രസാധകരുടെ എണ്ണം 7000-ൽ കവിഞ്ഞു. അത് കൂടുതൽ വികസനം ആവശ്യമാക്കിത്തീർത്തു. (1 കൊരിന്ത്യർ 3:6) ഭരണസംഘത്തിന്റെ അംഗീകാരത്തോടെ ബ്രാഞ്ച് കമ്മിററി ഇപ്പോഴത്തെ സൗകര്യങ്ങൾ വികസിപ്പിക്കാൻ തീരുമാനിച്ചു. ദ്വീപിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമായി 250-ലധികം സഹോദരൻമാർ സഹായത്തിനെത്തി. വിദഗ്ദ്ധരും അല്ലാത്തവരുമായ വേലക്കാർ കല്ലാശാരിമാരും മരയാശാരിമാരും ഇലക്ട്രീഷൻമാരും പൈപ്പു പണിക്കാരുമെന്നനിലയിൽ തങ്ങളുടെ സേവനം സ്വമേധയാ അർപ്പിച്ചു. 10 മുതൽ 86 വരെ വയസ്സുള്ളവർ അതിൽ പങ്കുപററി. ചിലർ സാമ്പത്തികമായി സംഭാവന ചെയ്തു. മററുചിലർ വേലക്കാർക്ക് ഭക്ഷണം നൽകി. മററുള്ളവർ ദൂരത്തുനിന്നുവന്ന സ്വമേധയാ സേവകർക്ക് തങ്ങളുടെ ഭവനങ്ങളിൽ താമസസൗകര്യം നൽകി. ഒരു വർഷത്തിനുള്ളിൽ അഞ്ച് മുറികളും ഒരു വിശ്രമസ്ഥാനവുമുള്ള മൂന്നാം നിലയും രണ്ടാം നിലയിൽ മറെറാരു മുറിയും 400 ചതുരശ്ര അടി (37 ചതുരശ്ര മീ.) വരുന്ന ഒരു പണ്ടകശാലയും പണിതുതീർത്തു. അങ്ങനെ അത് ബെഥേൽ കുടുംബത്തിലെ 11 പേർക്ക് ഉപയോഗിക്കുന്നതിന് സജ്ജമായി.
1986 ഫെബ്രുവരി 22-ന് യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരംഗമായ മിൽററൺ ഹെൻഷൽ സമർപ്പണപ്രസംഗം നടത്തി. അദ്ദേഹം “ജൈത്രഘോഷയാത്ര” എന്ന വിഷയത്തെക്കുറിച്ച് പ്രസംഗിച്ചു. (2 കൊരിന്ത്യർ 2:14) മൊത്തം 2,949 പേർ സമർപ്പണ പരിപാടി ശ്രദ്ധിച്ചു. ഇവരിൽ 380 പേർ രാജ്യഹോളിലും കെട്ടിടത്തിന്റെ മററ് ഭാഗങ്ങളിലും മററുള്ളവർ ഒരു സ്കൂൾ ഓഡിറേറാറിയത്തിലും നഗരത്തിലെ മററ് രാജ്യഹോളുകളിലുമായി ടെലിഫോണിലൂടെയും റേഡിയോയിലൂടെയും പരിപാടി ശ്രദ്ധിച്ചു.
ബ്രാഞ്ചിലെ രാജ്യഹോളിലേക്ക് ക്ഷണിക്കപ്പെട്ടവരിൽ മിക്കവരും 30 വർഷത്തിലധികമായി വിശ്വാസത്തിലുള്ള സഹോദരീസഹോദരൻമാരായിരുന്നു. കെട്ടിടത്തിന്റെ നല്ല വികസനത്തിൽ പലരും വളരെ വിലമതിപ്പ് പ്രകടിപ്പിച്ചു. പുതിയ ബ്രാഞ്ച് സൗകര്യങ്ങൾ ജമൈക്കയിലെ രാജ്യ വർദ്ധനയ്ക്കുവേണ്ടി ഉപയോഗിക്കുമ്പോൾ “വേറെയാടുകളു”ടെ “മഹാപുരുഷാര”ത്തിൽപ്പെട്ടിരിക്കുന്ന നിരവധിപേർ ജൈത്രഘോഷയാത്രയിൽ പങ്കുചേരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. (w87 3/1)