അധ്യായം 98
അപ്പോസ്തലന്മാർ വീണ്ടും പ്രാമുഖ്യത തേടുന്നു
മത്തായി 20:17-28; മർക്കോസ് 10:32-45; ലൂക്കോസ് 18:31-34
യേശു വീണ്ടും തന്റെ മരണത്തെക്കുറിച്ച് പറയുന്നു
പ്രാമുഖ്യത തേടുന്ന അപ്പോസ്തലന്മാരെ യേശു തിരുത്തുന്നു
യേശുവും ശിഷ്യന്മാരും യരുശലേമിനെ ലക്ഷ്യമാക്കി പെരിയയിലൂടെ തെക്കോട്ട് യാത്ര തുടരുന്നു. യേശു ഇപ്പോൾ യരീഹൊയ്ക്ക് അടുത്തുവെച്ച് യോർദാൻ നദി കടക്കുന്നു. എ.ഡി. 33-ലെ പെസഹ ആഘോഷിക്കുന്നതിനായി മറ്റു ചിലരും യേശുവിനോടൊപ്പം യാത്രയിലുണ്ട്.
പെസഹയ്ക്ക് സമയത്ത് എത്തണമെന്നു യേശുവിന് നിർബന്ധമുണ്ട്. അതുകൊണ്ട് യേശു ശിഷ്യന്മാർക്കു മുമ്പേ നടക്കുന്നു. എന്നാൽ ശിഷ്യന്മാർക്ക് ഇപ്പോൾ അൽപ്പം ഭയമുണ്ട്. കാരണം യരുശലേമിലേക്കു പോകുന്നത് അപകടകരമായിരുന്നു. മുമ്പ് ലാസർ മരിച്ച സമയത്ത് യേശു പെരിയയിൽനിന്ന് യഹൂദയിലേക്ക് പോയപ്പോൾ തോമസ് മറ്റുള്ളവരോട് ഇങ്ങനെ പറഞ്ഞായിരുന്നു: “വാ, നമുക്കും പോകാം. എന്നിട്ട് യേശുവിന്റെകൂടെ മരിക്കാം.” (യോഹന്നാൻ 11:16, 47-53) അതുകൊണ്ടുതന്നെ ശിഷ്യന്മാരുടെ ഭയം നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ.
അപ്പോസ്തലന്മാരെ മാനസികമായി തയ്യാറാക്കുന്നതിനായി യേശു അവരെ തന്റെ അടുക്കലേക്കു വിളിച്ച് ഇങ്ങനെ പറയുന്നു: “നമ്മൾ ഇപ്പോൾ യരുശലേമിലേക്കു പോകുകയാണ്. മനുഷ്യപുത്രനെ മുഖ്യപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കൈയിൽ ഏൽപ്പിച്ചുകൊടുക്കും. അവർ അവനെ മരണത്തിനു വിധിച്ച് ജനതകളിൽപ്പെട്ടവരുടെ കൈയിൽ ഏൽപ്പിക്കും. അവർ അവനെ പരിഹസിക്കുകയും ചാട്ടയ്ക്ക് അടിക്കുകയും സ്തംഭത്തിലേറ്റി കൊല്ലുകയും ചെയ്യും. എന്നാൽ മൂന്നാം ദിവസം അവൻ ഉയിർത്തെഴുന്നേൽക്കും.”—മത്തായി 20:18, 19.
യേശു തന്റെ മരണത്തെക്കുറിച്ചും പുനരുത്ഥാനത്തെക്കുറിച്ചും ശിഷ്യന്മാരോട് പറയുന്നത് ഇത് മൂന്നാം തവണയാണ്. (മത്തായി 16:21; 17:22, 23) എന്നാൽ ഇപ്രാവശ്യം, തന്നെ സ്തംഭത്തിലേറ്റിയായിരിക്കും കൊല്ലുകയെന്ന കാര്യംകൂടി യേശു പറയുന്നു. പക്ഷേ അവർക്ക് ഇതിന്റെ അർഥം മനസ്സിലായില്ല. കാരണം ഇസ്രായേൽ രാജ്യം ഭൂമിയിൽ പുനഃസ്ഥാപിതമാകുമെന്നും അവിടെ ക്രിസ്തുവിനോടൊപ്പം രാജ്യത്തിന്റെ മഹത്ത്വവും പദവിയും തങ്ങൾക്ക് ആസ്വദിക്കാനാകുമെന്നും ആയിരിക്കാം അവർ വിചാരിച്ചിരുന്നത്.
യാക്കോബിന്റെയും യോഹന്നാന്റെയും അമ്മയും ഈ യാത്രയിലുണ്ട്. ഒരുപക്ഷേ അത് ശലോമയായിരിക്കാം. ആ ശിഷ്യന്മാരുടെ പെട്ടെന്നു കോപിക്കുന്ന പ്രകൃതം കാരണം യേശു അവർക്ക് “ഇടിമുഴക്കത്തിന്റെ മക്കൾ” എന്ന് അർഥമുള്ള ഒരു പേര് നൽകി. (മർക്കോസ് 3:17; ലൂക്കോസ് 9:54) ക്രിസ്തുവിന്റെ രാജ്യത്തിൽ ഒരു പ്രമുഖസ്ഥാനം വേണമെന്ന് അവർ ആഗ്രഹിച്ചിരുന്നു. ഇത് അവരുടെ അമ്മയ്ക്ക് അറിയാം. അതുകൊണ്ട് അവർ തന്റെ മക്കൾക്കുവേണ്ടി യേശുവിന്റെ അടുത്ത് വന്ന് വണങ്ങിയിട്ട് തനിക്ക് ഒരു അപേക്ഷയുണ്ടെന്നു പറയുന്നു. അതിന് ഉത്തരമായി യേശു ചോദിക്കുന്നു: “എന്താണു വേണ്ടത്?” അപ്പോൾ അവർ പറഞ്ഞു: “അങ്ങയുടെ രാജ്യത്തിൽ എന്റെ ഈ രണ്ടു പുത്രന്മാരിൽ ഒരാളെ അങ്ങയുടെ വലത്തും ഒരാളെ ഇടത്തും ഇരുത്താമെന്നു വാക്കു തരണേ.”—മത്തായി 20:20, 21.
ഈ അപേക്ഷ ശരിക്കും യാക്കോബിന്റെയും യോഹന്നാന്റെയും തന്നെയായിരുന്നു. താൻ അനുഭവിക്കാനിരിക്കുന്ന നിന്ദയെയും അപമാനത്തെയും കുറിച്ച് യേശു അവരോടു പറഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് യേശു അവരോട് ഇങ്ങനെ ചോദിക്കുന്നു: “നിങ്ങൾ ചോദിക്കുന്നത് എന്താണെന്നു നിങ്ങൾക്ക് അറിയില്ല. ഞാൻ കുടിക്കാനിരിക്കുന്ന പാനപാത്രം കുടിക്കാൻ നിങ്ങൾക്കു കഴിയുമോ?” “ഞങ്ങൾക്കു കഴിയും” എന്ന് അവർ പറഞ്ഞു. (മത്തായി 20:22) എന്നാൽ യേശു പറഞ്ഞതിന്റെ അർഥമൊന്നും അവർക്ക് ഇപ്പോഴും മനസ്സിലായില്ലെന്നു തോന്നുന്നു.
എങ്കിലും യേശു അവരോടു പറഞ്ഞു: “നിങ്ങൾ തീർച്ചയായും എന്റെ പാനപാത്രം കുടിക്കും. എന്നാൽ എന്റെ വലത്തോ ഇടത്തോ ഇരുത്തുന്നതു ഞാനല്ല. ആ സ്ഥാനങ്ങൾ എന്റെ പിതാവ് ആർക്കുവേണ്ടിയാണോ ഒരുക്കിയിരിക്കുന്നത് അവർക്കുള്ളതാണ്.” (മത്തായി 20:23)
യാക്കോബിന്റെയും യോഹന്നാന്റെയും ഈ അപേക്ഷയെക്കുറിച്ച് അറിഞ്ഞപ്പോൾ മറ്റു പത്ത് അപ്പോസ്തലന്മാർക്കും അവരോട് അമർഷം തോന്നി. തങ്ങളുടെ ഇടയിൽ ഏറ്റവും വലിയവൻ ആരാണ് എന്നതിനെച്ചൊല്ലി അവർ മുമ്പ് തർക്കിച്ചപ്പോൾ യാക്കോബും യോഹന്നാനും എന്തെങ്കിലുമൊക്കെ പറഞ്ഞിട്ടുണ്ടാകുമോ? (ലൂക്കോസ് 9:46-48) എന്തൊക്കെയാണെങ്കിലും, തന്നെത്തന്നെ ചെറിയവനായി കരുതുന്നതിനെക്കുറിച്ചുള്ള യേശുവിന്റെ ഉപദേശം ഈ 12 അപ്പോസ്തലന്മാരും ബാധകമാക്കിയില്ലെന്നാണ് ഈ അപേക്ഷ കാണിക്കുന്നത്. അവർ ഇപ്പോഴും പ്രാമുഖ്യത ആഗ്രഹിക്കുന്നു.
ഇപ്പോഴുണ്ടായ പ്രശ്നവും അവർക്ക് ഇടയിലെ അമർഷവും കൈകാര്യം ചെയ്യാൻ യേശു തീരുമാനിക്കുന്നു. അതുകൊണ്ട് തന്റെ 12 ശിഷ്യന്മാരെയും വിളിച്ച് യേശു സ്നേഹപൂർവം ഉപദേശിക്കുന്നു: “ജനതകൾ ഭരണാധികാരികളായി കാണുന്നവർ അവരുടെ മേൽ ആധിപത്യം നടത്തുന്നെന്നും അവർക്കിടയിലെ ഉന്നതർ അവരുടെ മേൽ അധികാരം പ്രയോഗിക്കുന്നെന്നും നിങ്ങൾക്ക് അറിയാമല്ലോ. എന്നാൽ നിങ്ങൾക്കിടയിൽ അങ്ങനെയായിരിക്കരുത്. നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങൾക്കു ശുശ്രൂഷ ചെയ്യുന്നവനായിരിക്കണം. നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ അടിമയായിരിക്കണം.”—മർക്കോസ് 10:42-44.
തന്നെ അനുകരിക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ട് യേശു ശിഷ്യന്മാരോടു പറയുന്നു: “മനുഷ്യപുത്രൻ വന്നതും ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകർക്കുവേണ്ടി തന്റെ ജീവൻ മോചനവിലയായി കൊടുക്കാനും ആണ്.” (മത്തായി 20:28) മൂന്ന് വർഷത്തിലധികമായി യേശു മറ്റുള്ളവർക്കുവേണ്ടി ശുശ്രൂഷ ചെയ്തുവരികയായിരുന്നു. ഇനി മനുഷ്യവർഗത്തിനുവേണ്ടി തന്റെ ജീവൻ കൊടുത്തുകൊണ്ടുപോലും യേശു അത് ചെയ്യും. യേശുവിന്റെ അതേ മനോഭാവം ശിഷ്യന്മാർക്കും ഉണ്ടായിരിക്കണം: ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനുള്ള മനോഭാവം. അതുപോലെ തന്നെത്തന്നെ വലിയവനായല്ല ചെറിയവനായാണ് അവർ കരുതേണ്ടത്.