മത്തായി എഴുതിയത്
20 “മുന്തിരിത്തോട്ടത്തിലേക്കു പണിക്കാരെ കൂലിക്കു വിളിക്കാൻ അതിരാവിലെ ഇറങ്ങിയ ഒരു വീട്ടുകാരനെപ്പോലെയാണു സ്വർഗരാജ്യം.+ 2 പണിക്കാരോടു ദിവസം ഒരു ദിനാറെ കൂലി പറഞ്ഞൊത്ത് അയാൾ അവരെ മുന്തിരിത്തോട്ടത്തിലേക്ക് അയച്ചു. 3 ഏകദേശം മൂന്നാം മണി നേരത്ത് അയാൾ വീണ്ടും പുറത്ത് പോയപ്പോൾ മറ്റു ചിലർ പണിയില്ലാതെ ചന്തസ്ഥലത്ത് നിൽക്കുന്നതു കണ്ടു. 4 അയാൾ അവരോടു പറഞ്ഞു: ‘നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു പൊയ്ക്കോ; ന്യായമായ കൂലി തരാം.’ 5 അങ്ങനെ, അവർ പോയി. അയാൾ പിന്നെയും ഏകദേശം ആറാം മണി നേരത്തും ഒൻപതാം മണി നേരത്തും പുറത്ത് പോയി അങ്ങനെതന്നെ ചെയ്തു. 6 ഒടുവിൽ, ഏകദേശം 11-ാം മണി നേരത്ത് അയാൾ പുറത്ത് പോയപ്പോൾ വേറെ ചിലർ അവിടെ നിൽക്കുന്നതു കണ്ട് അവരോട്, ‘നിങ്ങൾ പണിക്കു പോകാതെ ദിവസം മുഴുവൻ ഇവിടെ നിന്നത് എന്താണ് ’ എന്നു ചോദിച്ചു. 7 ‘ആരും ഞങ്ങളെ പണിക്കു വിളിച്ചില്ല’ എന്ന് അവർ പറഞ്ഞു. അപ്പോൾ അയാൾ അവരോട്, ‘നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ല് ’ എന്നു പറഞ്ഞു.
8 “വൈകുന്നേരമായപ്പോൾ, മുന്തിരിത്തോട്ടത്തിന്റെ ഉടമ കാര്യസ്ഥനോടു പറഞ്ഞു: ‘പണിക്കാരെ വിളിച്ച് കൂലി കൊടുക്ക്.+ അവസാനം വന്നവർതൊട്ട് വേണം കൂലി കൊടുക്കാൻ. ആദ്യം വന്നവർക്ക് അവസാനവും.’ 9 11-ാം മണി നേരത്ത് വന്നവർക്ക് ഓരോ ദിനാറെ കിട്ടി. 10 അതു കണ്ടപ്പോൾ ആദ്യം വന്നവർ കൂടുതൽ കിട്ടുമെന്നു പ്രതീക്ഷിച്ചു. പക്ഷേ അവർക്കും ഓരോ ദിനാറെയാണു കിട്ടിയത്. 11 അപ്പോൾ അവർ വീട്ടുകാരനു നേരെ ഇങ്ങനെ പിറുപിറുത്തു: 12 ‘ഒടുവിൽ വന്ന ഇവർ ഒരു മണിക്കൂറേ പണിയെടുത്തുള്ളൂ. ഞങ്ങളാകട്ടെ പൊള്ളുന്ന ചൂടും സഹിച്ച് ദിവസം മുഴുവൻ അധ്വാനിച്ചു. എന്നിട്ടും താങ്കൾ ഇവരെ ഞങ്ങളോടു തുല്യരാക്കിയല്ലോ.’ 13 അയാൾ അവരിൽ ഒരാളോടു പറഞ്ഞു: ‘സ്നേഹിതാ, ഞാൻ നിന്നോട് അന്യായമൊന്നും ചെയ്യുന്നില്ലല്ലോ. ഒരു ദിനാറെയല്ലേ ഞാൻ നിന്നോടു പറഞ്ഞൊത്തത്?+ 14 നിനക്കുള്ളതു വാങ്ങി പൊയ്ക്കൊള്ളുക. നിനക്കു തന്നതുപോലെതന്നെ ഒടുവിൽ വന്ന ഇയാൾക്കും കൊടുക്കാനാണ് എനിക്ക് ഇഷ്ടം. 15 എനിക്കുള്ളതുകൊണ്ട് എന്റെ ഇഷ്ടംപോലെ ചെയ്യാൻ എനിക്ക് അവകാശമില്ലേ? അതോ ഞാൻ നല്ലവനായതുകൊണ്ടുള്ള അസൂയയാണോ+ നിനക്ക്?’ 16 ഇതുപോലെ, പിമ്പന്മാർ മുമ്പന്മാരും മുമ്പന്മാർ പിമ്പന്മാരും ആകും.”+
17 യരുശലേമിലേക്കു പോകുംവഴി യേശു 12 ശിഷ്യന്മാരെ ഒറ്റയ്ക്കു മാറ്റിനിറുത്തി അവരോടു പറഞ്ഞു:+ 18 “നമ്മൾ ഇപ്പോൾ യരുശലേമിലേക്കു പോകുകയാണ്. മനുഷ്യപുത്രനെ മുഖ്യപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കൈയിൽ ഏൽപ്പിച്ചുകൊടുക്കും. അവർ അവനെ മരണത്തിനു വിധിച്ച്+ 19 ജനതകളിൽപ്പെട്ടവരുടെ കൈയിൽ ഏൽപ്പിക്കും. അവർ അവനെ പരിഹസിക്കുകയും ചാട്ടയ്ക്ക് അടിക്കുകയും സ്തംഭത്തിലേറ്റി കൊല്ലുകയും ചെയ്യും.+ എന്നാൽ മൂന്നാം ദിവസം അവൻ ഉയിർത്തെഴുന്നേൽക്കും.”+
20 പിന്നെ സെബെദിപുത്രന്മാരുടെ അമ്മ+ തന്റെ പുത്രന്മാരോടൊപ്പം യേശുവിന്റെ അടുത്ത് വന്ന് വണങ്ങിയിട്ട് ഒരു അപേക്ഷയുണ്ടെന്ന് അറിയിച്ചു.+ 21 “എന്താണു വേണ്ടത് ” എന്നു യേശു ചോദിച്ചപ്പോൾ അവർ പറഞ്ഞു: “അങ്ങയുടെ രാജ്യത്തിൽ എന്റെ ഈ രണ്ടു പുത്രന്മാരിൽ ഒരാളെ അങ്ങയുടെ വലത്തും ഒരാളെ ഇടത്തും ഇരുത്താമെന്നു വാക്കു തരണേ.”+ 22 അപ്പോൾ യേശു പറഞ്ഞു: “നിങ്ങൾ ചോദിക്കുന്നത് എന്താണെന്നു നിങ്ങൾക്ക് അറിയില്ല. ഞാൻ കുടിക്കാനിരിക്കുന്ന പാനപാത്രം കുടിക്കാൻ നിങ്ങൾക്കു കഴിയുമോ?”+ “ഞങ്ങൾക്കു കഴിയും” എന്ന് അവർ പറഞ്ഞു. 23 യേശു അവരോടു പറഞ്ഞു: “നിങ്ങൾ തീർച്ചയായും എന്റെ പാനപാത്രം കുടിക്കും.+ എന്നാൽ എന്റെ വലത്തോ ഇടത്തോ ഇരുത്തുന്നതു ഞാനല്ല. ആ സ്ഥാനങ്ങൾ എന്റെ പിതാവ് ആർക്കുവേണ്ടിയാണോ ഒരുക്കിയിരിക്കുന്നത് അവർക്കുള്ളതാണ്.”+
24 എന്നാൽ ഇതെക്കുറിച്ച് കേട്ടപ്പോൾ മറ്റു പത്തു പേർക്കും ആ രണ്ടു സഹോദരന്മാരോട് അമർഷം തോന്നി.+ 25 എന്നാൽ യേശു അവരെ അടുത്ത് വിളിച്ച് അവരോടു പറഞ്ഞു: “ജനതകളുടെ മേൽ അവരുടെ ഭരണാധികാരികൾ ആധിപത്യം നടത്തുന്നെന്നും ഉന്നതർ അവരുടെ മേൽ അധികാരം പ്രയോഗിക്കുന്നെന്നും നിങ്ങൾക്ക് അറിയാമല്ലോ.+ 26 എന്നാൽ നിങ്ങൾക്കിടയിൽ അങ്ങനെയായിരിക്കരുത്.+ നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങൾക്കു ശുശ്രൂഷ ചെയ്യുന്നവനായിരിക്കണം.+ 27 നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ അടിമയായിരിക്കണം.+ 28 മനുഷ്യപുത്രൻ വന്നതും ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും+ അനേകർക്കുവേണ്ടി തന്റെ ജീവൻ മോചനവിലയായി കൊടുക്കാനും ആണ്.”+
29 അവർ യരീഹൊ വിട്ട് പോകുമ്പോൾ, ഒരു വലിയ ജനക്കൂട്ടം യേശുവിന്റെ പിന്നാലെ ചെന്നു. 30 യേശു അതുവഴി പോകുന്നെന്നു കേട്ട്, വഴിയരികെ ഇരുന്ന രണ്ട് അന്ധന്മാർ, “കർത്താവേ, ദാവീദുപുത്രാ, ഞങ്ങളോടു കരുണ കാണിക്കണേ” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.+ 31 മിണ്ടാതിരിക്കാൻ പറഞ്ഞ് ജനക്കൂട്ടം അവരെ ശകാരിച്ചെങ്കിലും, “കർത്താവേ, ദാവീദുപുത്രാ, ഞങ്ങളോടു കരുണ കാണിക്കണേ” എന്ന് അവർ കൂടുതൽ ഉറക്കെ വിളിച്ചുപറഞ്ഞു. 32 യേശു നിന്നിട്ട് അവരെ വിളിച്ച് അവരോട്, “ഞാൻ എന്താണു ചെയ്തുതരേണ്ടത് ” എന്നു ചോദിച്ചു. 33 അവർ യേശുവിനോടു പറഞ്ഞു: “കർത്താവേ, ഞങ്ങളുടെ കണ്ണു തുറന്നുതരണേ!” 34 യേശു മനസ്സ് അലിഞ്ഞ്+ അവരുടെ കണ്ണുകളിൽ തൊട്ടു;+ ഉടനെ അവർക്കു കാഴ്ച തിരിച്ചുകിട്ടി. അവർ യേശുവിനെ അനുഗമിച്ചു.