മഹാകഷ്ടം എന്നാൽ എന്താണ്?
ബൈബിൾ നൽകുന്ന ഉത്തരം
മാനവരാശി ഇതേവരെ കണ്ടിട്ടില്ലാത്ത പ്രയാസകരമായ സമയമാണു മഹാകഷ്ടത്തിൽ വരാൻപോകുന്നത്. ബൈബിൾപ്രവചനമനുസരിച്ച്, അതു സംഭവിക്കുന്നത് ‘അന്ത്യകാലത്ത്’ അല്ലെങ്കിൽ ‘അവസാനദിവസത്തിലായിരിക്കും.’ (2 തിമൊഥെയൊസ് 3:1; ദാനിയേൽ 12:4, പി.ഒ.സി.) ‘ദൈവം ലോകത്തെ സൃഷ്ടിച്ചതുമുതൽ അന്നുവരെ സംഭവിച്ചിട്ടില്ലാത്തതും മേലാൽ സംഭവിക്കുകയില്ലാത്തതുമായ കഷ്ടമായിരിക്കും’ അത്.—മർക്കോസ് 13:19; ദാനിയേൽ 12:1; മത്തായി 24:21, 22.
മഹാകഷ്ടത്തിന്റെ സമയത്ത് നടക്കുന്ന സംഭവങ്ങൾ
വ്യാജമതങ്ങൾ നശിപ്പിക്കപ്പെടും. അതിശയിപ്പിക്കുന്ന വേഗതയിൽ വ്യാജമതങ്ങൾ നശിപ്പിക്കപ്പെടും. (വെളിപാട് 17:1, 5; 18:9, 10, 21) ഐക്യരാഷ്ട്രസംഘടനയാൽ പ്രതിനിധീകരിക്കപ്പെടുന്ന രാഷ്ട്രീയശക്തികളാണ് ഈ ദൈവേഷ്ടം നടപ്പാക്കുന്നത്.—വെളിപാട് 17:3, 15-18.a
സത്യമതം ആക്രമിക്കപ്പെടും. യഹസ്കേലിന്റെ ദർശനത്തിൽ ‘മാഗോഗ്ദേശത്തിലെ ഗോഗ്’ എന്നു പറഞ്ഞിരിക്കുന്ന രാഷ്ട്രങ്ങളുടെ കൂട്ടം സത്യമതം ആചരിക്കുന്ന ആളുകളെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കും. എന്നാൽ ദൈവം തന്റെ ആരാധകരെ നാശത്തിൽനിന്ന് സംരക്ഷിക്കും.—യഹസ്കേൽ 38:1, 2, 9-12, 18-23.
ഭൂവാസികളെ ന്യായം വിധിക്കും. യേശു എല്ലാ മനുഷ്യരെയും ന്യായം വിധിക്കും. യേശു ‘അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിക്കും.’ (മത്തായി 25:31-33) സ്വർഗത്തിൽ യേശുവിനോടൊപ്പം ഭരിക്കാനിരിക്കുന്ന, യേശുവിന്റെ ‘സഹോദരന്മാരെ’ പിന്തുണച്ചോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലാണ് ഓരോരുത്തരെയും ന്യായം വിധിക്കുന്നത്.—മത്തായി 25:34-46.
ദൈവരാജ്യഭരണാധികാരികളെ കൂട്ടിച്ചേർക്കും. ക്രിസ്തുവിനോടൊപ്പം ഭരിക്കാനായി തിരഞ്ഞെടുക്കപ്പെട്ട വിശ്വസ്തരുടെ ഭൂമിയിലെ ജീവിതം അവസാനിക്കുകയും സ്വർഗീയജീവനിലേക്ക് ഉയിർപ്പിക്കപ്പെടുകയും ചെയ്യും.—മത്തായി 24:31; 1 കൊരിന്ത്യർ 15:50-53; 1 തെസ്സലോനിക്യർ 4:15-17.
അർമഗെദോൻ. ‘സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധമായ’ ഇതിനെ “യഹോവയുടെ ദിവസം” എന്നും വിളിച്ചിരിക്കുന്നു. (വെളിപാട് 16:14, 16; യശയ്യ 13:9; 2 പത്രോസ് 3:12) ക്രിസ്തു പ്രതികൂലമായി ന്യായം വിധിക്കുന്നവർ നശിപ്പിക്കപ്പെടും. (സെഫന്യ 1:18; 2 തെസ്സലോനിക്യർ 1:6-10) ഏഴു തലയുള്ള കാട്ടുമൃഗമായി ബൈബിൾ വരച്ചുകാണിച്ചിരിക്കുന്ന രാഷ്ട്രീയവ്യവസ്ഥിതിയെ നശിപ്പിക്കുന്നതും ഇതിൽപ്പെടും.—വെളിപാട് 19:19-21.
മഹാകഷ്ടത്തിനുശേഷം അരങ്ങേറുന്ന സംഭവങ്ങൾ
സാത്താനെയും അവന്റെ ഭൂതങ്ങളെയും ബന്ധനത്തിലാക്കും. ശക്തനായ ഒരു ദൂതൻ സാത്താനെയും അവന്റെ ഭൂതങ്ങളെയും അഗാധത്തിലേക്ക്, മരണത്തിനു തുല്യമായ നിഷ്ക്രിയാവസ്ഥയിലേക്ക്, എറിയും. (വെളിപാട് 20:1-3) അപ്പോൾ സാത്താൻ ജയിലിലായിരിക്കുന്നതുപോലെ ആയിരിക്കും, മറ്റൊരിടത്തെയും കാര്യങ്ങളെ സ്വാധീനിക്കാൻ അവനു കഴിയില്ല.—വെളിപാട് 20:7.
ആയിരവർഷക്കാലം ആരംഭിക്കുന്നു. ദൈവരാജ്യം ആയിരംവർഷഭരണം ആരംഭിക്കുകയും മനുഷ്യകുടുംബത്തിനു മഹത്തായ അനുഗ്രഹങ്ങൾ കൊണ്ടുവരുകയും ചെയ്യും. (വെളിപാട് 5:9, 10; 20:4, 6) എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത ഒരു “മഹാപുരുഷാരം” “മഹാകഷ്ടത്തിൽനിന്ന്” പുറത്തുവരുകയും ആയിരംവർഷക്കാലത്തെ ഭരണം ഭൂമിയിൽ ആരംഭിക്കുന്നതു കാണുകയും ചെയ്യും.—വെളിപാട് 7:9, 14; സങ്കീർത്തനം 37:9-11.
a വെളിപാട് പുസ്തകത്തിൽ വ്യാജമതങ്ങളെ പ്രതീകാത്മകമായി മഹതിയാം ബാബിലോൺ എന്നാണു വിളിച്ചിരിക്കുന്നത്. അതായത്, അവളെ ഒരു “മഹാവേശ്യ” ആയിട്ടാണു ചിത്രീകരിച്ചിരിക്കുന്നത്. (വെളിപാട് 17:2, 5) ലോകത്തിലെ രാജ്യങ്ങളെയെല്ലാം ഒന്നിപ്പിക്കാനും പ്രതിനിധീകരിക്കാനും ഉള്ള ഉദ്ദേശ്യത്തിൽ സ്ഥാപിച്ചിരിക്കുന്ന സംഘടനയുടെ പ്രതീകമാണു കടുഞ്ചുവപ്പുനിറമുള്ള കാട്ടുമൃഗം. ഈ കാട്ടുമൃഗമാണു മഹതിയാം ബാബിലോണിനെ നശിപ്പിക്കുന്നത്. ഇത് ആദ്യം സർവരാജ്യ സഖ്യമെന്ന പേരിൽ അറിയപ്പെട്ടു, ഇപ്പോൾ അത് ഐക്യരാഷ്ട്ര സംഘടനയെന്നാണ്.