യഹോവയുടെ ഭയങ്കരനാൾ അടുത്തിരിക്കുന്നു
“യഹോവാഭക്തൻമാർക്കും അവന്റെ നാമത്തെ സ്മരിക്കുന്നവർക്കും വേണ്ടി അവന്റെ സന്നിധിയിൽ ഒരു സ്മരണപുസ്തകം എഴുതിവെച്ചിരിക്കുന്നു.”—മലാഖി 3:16.
1, 2. ഏതു ഭയങ്കര നാളിനെക്കുറിച്ചാണു മലാഖി മുൻകൂട്ടിപ്പറയുന്നത്?
ഭയങ്കരം! നിമിഷങ്ങൾക്കുള്ളിൽ ഒരു മഹാനഗരം തരിപ്പണമാക്കപ്പെട്ടു. 1945 ആഗസ്ററ് 6-ലെ പ്രഭാതം പൊട്ടിവിടർന്നത് അങ്ങനെയായിരുന്നു. മരിച്ചത് ഏതാണ്ട് 80,000 പേർ! മാരകമായി പരിക്കേററ പതിനായിരങ്ങൾ! ആളിപ്പടരുന്ന തീ! ന്യൂക്ലിയർ ബോംബ് അതിന്റെ വേല നിർവഹിക്കുകയായിരുന്നു. ആ വിപത്തു യഹോവയുടെ സാക്ഷികളെ ബാധിച്ചതെങ്ങനെയായിരുന്നു? ഹിരോഷിമയിൽ ഒരൊററ സാക്ഷിയേ ഉണ്ടായിരുന്നുള്ളു. ക്രിസ്തീയ നിർമലത നിമിത്തം ജയിലിന്റെ സംരക്ഷണാത്മക ഭിത്തികൾക്കുള്ളിൽ തടവിലായിരുന്നു അദ്ദേഹം അപ്പോൾ. ജയിൽ തകർന്നു തരിപ്പണമായി, എന്നാൽ നമ്മുടെ സഹോദരനു പരിക്കേററില്ല. അദ്ദേഹം പ്രസ്താവിച്ച പ്രകാരം, അദ്ദേഹത്തെ ‘ആററംബോംബിട്ടു തടവിൽനിന്നിറക്കി’—ഒരുപക്ഷേ, ബോംബ് ഉളവാക്കിയ ഒരേ ഒരു സൽഫലം.
2 ആ ബോംബുസ്ഫോടനം ഭയജനകമായിരുന്നെങ്കിലും, ആസന്നമായിരിക്കുന്ന, ‘യഹോവയുടെ വലുതും ഭയങ്കരവുമായ നാളി’നോടു താരതമ്യപ്പെടുത്തുമ്പോൾ അത് അപ്രധാനമായി മങ്ങിപ്പോകുന്നു. (മലാഖി 4:5) ഉവ്വ്, കഴിഞ്ഞകാല ചരിത്രത്തിൽ ഭയങ്കരനാളുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ യഹോവയുടെ ഈ നാൾ അവയെയെല്ലാം കടത്തിവെട്ടുന്നതായിരിക്കും.—മർക്കൊസ് 13:19.
3. ജലപ്രളയംവരെ “സകല ജഡ”ത്തിനും നോഹയുടെ കുടുംബത്തിനും ഇടയിൽ ഏതു വൈരുദ്ധ്യം പ്രകടമായിരുന്നു?
3 നോഹയുടെ നാളിൽ “സകല ജഡവും ഭൂമിയിൽ തന്റെ വഴി വഷളാക്കിയിരുന്നു,” തന്നിമിത്തം, “ഭൂമി അവരാൽ അതിക്രമംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞാൻ അവരെ ഭൂമിയോടുകൂടെ നശിപ്പിക്കും” എന്നു ദൈവം പ്രഖ്യാപിച്ചു. (ഉല്പത്തി 6:12, 13) മത്തായി 24:39-ൽ [NW] രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം, “പ്രളയം വന്ന് അവരെയെല്ലാം തുടച്ചുനീക്കിയതുവരെ” ആളുകൾ “ഗൗനിച്ചില്ല” എന്നു യേശു പറഞ്ഞു. എന്നാൽ “നീതിപ്രസംഗി”യായിരുന്ന വിശ്വസ്തനായ നോഹ ദൈവഭയമുള്ള തന്റെ കുടുംബത്തോടൊപ്പം ആ പ്രളയത്തെ അതിജീവിച്ചു.—2 പത്രോസ് 2:5, NW.
4. സോദോമും ഗൊമോറയും നൽകുന്ന മുന്നറിയിപ്പിൻ ദൃഷ്ടാന്തമെന്ത്?
4 “അതുപോലെ സൊദോമും ഗൊമോരയും ചുററുമുള്ള പട്ടണങ്ങളും അവർക്കു സമമായി ദുർന്നടപ്പു ആചരിച്ചു അന്യജഡം മോഹിച്ചു നടന്നതിനാൽ നിത്യാഗ്നിയുടെ ശിക്ഷാവിധി സഹിച്ചുകൊണ്ടു ദൃഷ്ടാന്തമായി കിടക്കുന്നു” എന്നു യൂദാ 7 വിവരിക്കുന്നു. അറപ്പുളവാക്കുംവിധം മലിനമായ ജീവിതരീതി പിൻപററിയതുകൊണ്ടായിരുന്നു അഭക്തരായ ആ ആളുകൾ നശിച്ചത്. ലൈംഗികതയ്ക്കുവേണ്ടി പരക്കംപായുന്ന ഈ ആധുനിക ലോകത്തിലെ ആളുകൾക്ക് ഇത് ഒരു മുന്നറിയിപ്പാകട്ടെ! എന്നിരുന്നാലും, ദൈവഭയമുണ്ടായിരുന്ന ലോത്തും അദ്ദേഹത്തിന്റെ പുത്രിമാരും ആ മഹാവിപത്തിൽ ജീവനോടെ സംരക്ഷിക്കപ്പെട്ടുവെന്നതു ശ്രദ്ധിക്കുക. അതുപോലെ, അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന മഹാകഷ്ടത്തിൽ യഹോവയുടെ ആരാധകരും സംരക്ഷിക്കപ്പെടും.—2 പത്രൊസ് 2:6-9.
5. യെരുശലേമിനുമേൽ നടപ്പാക്കിയ ന്യായവിധിയിൽനിന്നു നമുക്ക് എന്തു പഠിക്കാനാവും?
5 ഇനി, ഒരു കാലത്തു “സർവ്വഭൂമിയുടെയും ആനന്ദ”മായിരുന്ന, പ്രതാപനഗരമായിരുന്ന, യെരുശലേമിനെ തുടച്ചുനീക്കാൻ യഹോവ ആക്രമണ സൈന്യങ്ങളെ ഉപയോഗിച്ചതുവഴി പ്രദാനം ചെയ്ത മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക. (സങ്കീർത്തനം 48:2) ആദ്യം പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്) 607-ലും പിന്നെ പൊ.യു. (പൊതുയുഗം) 70-ലുമായിരുന്നു ഈ ദുരന്ത സംഭവങ്ങൾ അരങ്ങേറിയത്. ദൈവജനമെന്ന് അവകാശപ്പെട്ടിരുന്ന ആളുകൾ സത്യാരാധന ഉപേക്ഷിച്ചതായിരുന്നു കാരണം. സന്തോഷകരമെന്നു പറയട്ടെ, യഹോവയുടെ വിശ്വസ്ത ദാസൻമാർ അതിജീവിച്ചു. പൊ.യു. 70-ലെ വിനാശത്തെ (അടുത്ത പേജുകളിൽ ചിത്രീകരിച്ചിരിക്കുന്നു) “ദൈവം സൃഷ്ടിച്ച സൃഷ്ടിയുടെ ആരംഭംമുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ കഷ്ടകാലം” എന്നു വർണിച്ചിരിക്കുന്നു. അതു വിശ്വാസത്യാഗ യഹൂദ വ്യവസ്ഥിതിയെ പരിപൂർണമായി നീക്കിക്കളഞ്ഞു. അതിനാൽ തീർച്ചയായും ഈ അർഥത്തിൽ അത് ‘ഇനിമേൽ സംഭവിക്കി’ല്ല. (മർക്കൊസ് 13:19) എന്നാൽ ഈ ദിവ്യന്യായവിധി നിർവഹണംപോലും മുഴുലോക വ്യവസ്ഥിതിയുടെയുംമേൽ ഇപ്പോൾ വരുമെന്നു ഭയപ്പെടുന്ന “മഹോപദ്ര”വത്തിന്റെ കേവലമൊരു നിഴലേ ആയിരുന്നുള്ളു.—വെളിപാട് 7:14, NW.
6. യഹോവ ദുരന്തങ്ങൾ അനുവദിക്കുന്നത് എന്തുകൊണ്ട്?
6 വളരെയധികം ആളുകളുടെ ജീവനൊടുക്കുന്ന ഭയങ്കര ദുരന്തങ്ങൾ ദൈവം അനുവദിക്കുന്നത് എന്തുകൊണ്ട്? നോഹയുടെയും സോദോമിന്റെയും ഗൊമോറയുടെയും യെരുശലേമിന്റെയും കാര്യത്തിൽ, ഭൂമിയിൽ തങ്ങളുടെ വഴി വഷളാക്കിയവരുടെമേൽ ന്യായവിധി നടപ്പാക്കുകയായിരുന്നു യഹോവ. അക്ഷരീയമായ മലിനീകരണത്താലും ധാർമിക അധഃപതനത്താലും ഈ മനോഹര ഗ്രഹത്തെ ദുഷിപ്പിച്ച അവർ സത്യാരാധന വിട്ടുകളയുകയോ തിരസ്കരിക്കുകയോ ചെയ്തിരുന്നു. നാം ഇപ്പോൾ നിൽക്കുന്നതു മുഴുലോകത്തെയും ബാധിക്കുന്ന, സകലത്തെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ന്യായവിധി നിർവഹണത്തിന്റെ വക്കത്താണ്.—2 തെസ്സലൊനീക്യർ 1:6-9.
‘അന്ത്യകാലത്ത്’
7. (എ) എന്തു സംബന്ധിച്ചു പ്രാവചനിക സ്വഭാവമുള്ളവയായിരുന്നു പുരാതന ന്യായവിധികൾ? (ബി) തൊട്ടു മുന്നിൽ മഹത്തായ എന്തു പ്രതീക്ഷയുണ്ട്?
7 രണ്ടു പത്രൊസ് 3:3-13-ൽ വർണിച്ചിരിക്കുന്ന ഭയങ്കര മഹാകഷ്ടത്തോടുള്ള ബന്ധത്തിൽ പ്രാവചനിക സ്വഭാവമുള്ളവയായിരുന്നു പുരാതന നാളിലെ ആ നാശങ്ങൾ. അപ്പോസ്തലൻ പറയുന്നു: “സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു വിശേഷാൽ അറിഞ്ഞുകൊൾവിൻ.” പിന്നെ നോഹയുടെ നാളിലേക്കു ശ്രദ്ധതിരിച്ചുകൊണ്ട് പത്രോസ് എഴുതുന്നു: “അന്നുള്ള ലോകം ജലപ്രളയത്തിൽ മുങ്ങി നശിച്ചു എന്നും ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു.” സകല കഷ്ടങ്ങളിലുംവെച്ച് ഏററവും വലിയ കഷ്ടത്തെത്തുടർന്ന്, ദീർഘനാളായി നോക്കിപ്പാർത്തിരിക്കുന്ന മിശിഹായുടെ രാജ്യഭരണം പുതിയ മാനങ്ങൾ കൈവരിക്കും—‘നീതി വസിക്കുന്ന ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും.’ എന്തൊരു സന്തുഷ്ട പ്രത്യാശ!
8. ലോകസംഭവങ്ങൾ ഒരു പാരമ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നതെങ്ങനെ?
8 20-ാം നൂററാണ്ടിൽ, ലോകസംഭവങ്ങൾ ക്രമാനുഗതമായി ഒരു പാരമ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഹിരോഷിമയുടെ ശൂന്യമാക്കൽ ഒരു ദൈവിക പരിശോധനയുടെ ഫലമല്ലെങ്കിലും അന്ത്യകാലത്തേക്കായി യേശു മുൻകൂട്ടിപ്പറഞ്ഞ “ഭയങ്കരകാഴ്ചകളു”ടെ കൂട്ടത്തിൽ ഇതിനെ പെടുത്താം. (ലൂക്കൊസ് 21:11) അത് ഉയർത്തിവിട്ട ആണവഭീഷണി മനുഷ്യവർഗത്തിനുമേൽ ഉരുണ്ടുകൂടിയിരിക്കുന്ന ഒരു കൊടുങ്കാററിനെപ്പോലെയാണ്. അതുകൊണ്ട്, 1993 നവംബർ 29-ലെ ദ ന്യൂയോർക്കു ടൈംസിലെ ഒരു തലക്കെട്ട് ഇങ്ങനെയായിരുന്നു: “തോക്കുകൾ ഒരുപക്ഷേ കുറച്ചൊക്കെ തുരുമ്പിച്ചിരിക്കാം, എന്നാൽ ആണവായുധങ്ങൾ ഇപ്പോഴും മിനുങ്ങിത്തന്നെയാണിരിക്കുന്നത്.” അതിനിടെ രാഷ്ട്രങ്ങൾ തമ്മിലും വംശങ്ങൾ തമ്മിലും ഗോത്രങ്ങൾ തമ്മിലുമുള്ള യുദ്ധങ്ങൾ ഭയാനക കൊയ്ത്തു തുടരുകയാണ്. പണ്ടൊക്കെ മരിക്കുന്നത് ഏറിയപങ്കും പട്ടാളക്കാരായിരുന്നു. ഇന്ന്, മരണം 80 ശതമാനവും സാധാരണക്കാരുടെ ഇടയിലാണെന്നാണ് റിപ്പോർട്ട്. സ്വദേശം വിട്ട് അഭയാർഥികളായി പലായനം ചെയ്യുന്ന ലക്ഷക്കണക്കിനാളുകളുടെ കാര്യം പറയാനുമില്ല.
9. മതനേതാക്കൻമാർ ലോകത്തോടു സൗഹൃദം കാട്ടിയിരിക്കുന്നതെങ്ങനെ?
9 യുദ്ധങ്ങളിലും രക്തരൂക്ഷിത വിപ്ലവങ്ങളിലും സജീവമായി ഉൾപ്പെട്ടുകൊണ്ട് മതനേതാക്കൻമാർ പലപ്പോഴും “ലോകത്തോടു സൗഹൃദം” കാട്ടിയിരിക്കുന്നു, ഇപ്പോഴും അങ്ങനെ ചെയ്യുന്നുണ്ട്. (യാക്കോബ് 4:4, NW) മാരകമായ ആയുധങ്ങൾ വൻതോതിൽ ഉത്പാദിപ്പിക്കുകയും മയക്കുമരുന്നു സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കുകയും ചെയ്യുന്ന വ്യാപാരലോകത്തിലെ അത്യാഗ്രഹികളായ വൻതോക്കുകളുമായി സഹകരിച്ചിട്ടുള്ളവരാണ് അവരിൽ ചിലർ. ഉദാഹരണത്തിന്, തെക്കേ അമേരിക്കയിലെ ഒരു മയക്കുമരുന്നു നേതാവിന്റെ വധത്തെക്കുറിച്ചു റിപ്പോർട്ടു ചെയ്യവേ ദ ന്യൂയോർക്കു ടൈംസ് പ്രസ്താവിച്ചു: “നിയമാനുസൃത ബിസിനസിലൂടെ നേടിയ സമ്പത്താണെന്നും താൻ ധർമിഷ്ഠനാണെന്നുമുള്ള അവകാശവാദങ്ങളുടെ മറപിടിച്ചായിരുന്നു അദ്ദേഹത്തിന്റെ മയക്കുമരുന്ന് ഇടപാടുകൾ. അദ്ദേഹത്തിന്റെ ചെലവിൽ നടത്തിയിരുന്ന പല റേഡിയോ പരിപാടികളിലും റോമൻ കത്തോലിക്കാ പുരോഹിതൻമാരുണ്ടായിരുന്നു.” മയക്കുമരുന്നിന് അടിമകളായിത്തീർന്ന ലക്ഷക്കണക്കിനാളുകളുടെ ജീവിതം തകർത്തതിനു പുറമേ, ആയിരക്കണക്കിനു കൊലപാതകങ്ങളാണ് ഈ മയക്കുമരുന്നു നേതാവിന്റെ വ്യക്തിപരമായ നിർദേശത്തിൻകീഴിൽ നടന്നതെന്ന് ദ വാൾ സ്ട്രീററ് ജേർണൽ റിപ്പോർട്ടു ചെയ്യുന്നു. “കൃതജ്ഞതയെന്നോണം ഘാതകർ പ്രത്യേക കുർബാനയ്ക്കു പണംകൊടുക്കുന്നു. . . . അതേസമയം വധിക്കപ്പെട്ടയാളുടെ ശവസംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട കുർബാന മററ് എവിടെയെങ്കിലും നടക്കുകയായിരിക്കും,” ലണ്ടനിലെ ദ ടൈംസ് രേഖപ്പെടുത്തി. എന്തൊരു ദുഷ്ടത!
10. വഷളായിക്കൊണ്ടിരിക്കുന്ന ലോകാവസ്ഥകളെ നാം എങ്ങനെ വീക്ഷിക്കണം?
10 ആർക്കറിയാം ഭൂതനിവേശിത മനുഷ്യർ ഈ ഭൂമിയിൽ ഇനിയും എന്തെല്ലാം നാശങ്ങൾ വരുത്തിവെക്കുമെന്ന്? 1 യോഹന്നാൻ 5:19 പ്രസ്താവിക്കുന്നതുപോലെ, “സർവ്വലോകവും ദുഷ്ടന്റെ,” പിശാചായ സാത്താന്റെ, “അധീനതയിൽ കിടക്കുന്നു.” ഇന്ന് “ഭൂമിക്കും സമുദ്രത്തിന്നും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.” (വെളിപ്പാടു 12:12) എന്നുവരികിലും, സന്തോഷകരമെന്നു പറയട്ടെ, “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടു”മെന്നു റോമർ 10:13 [NW] നമുക്ക് ഉറപ്പുതരുന്നു.
ദൈവം ന്യായവിധിക്കായി അടുത്തുവരുന്നു
11. ഇസ്രായേലിലെ ഏത് അവസ്ഥയാണു മലാഖിയുടെ പ്രവചനത്തിനു നിദാനമായത്?
11 മനുഷ്യവർഗത്തിന്റെ ആസന്ന ഭാവിയെ സംബന്ധിച്ചടത്തോളം, സംഭവിക്കാൻ പോകുന്നതിൻമേൽ മലാഖിയുടെ പ്രവചനം വെളിച്ചം വീശുന്നുണ്ട്. പുരാതന നാളിലെ എബ്രായ പ്രവാചകൻമാരുടെ നീണ്ട നിരയിൽ ഏററവും ഒടുവിലായാണു മലാഖിയെ പട്ടികപ്പെടുത്തിയിരിക്കുന്നത്. പൊ.യു.മു. 607-ൽ യെരുശലേമിന്റെ ശൂന്യമാക്കൽ ഇസ്രായേൽ കണ്ടറിഞ്ഞിരുന്നു. എന്നാൽ 70 വർഷങ്ങൾക്കുശേഷം ആ ജനതയെ സ്വദേശത്തേക്കു വരുത്തിക്കൊണ്ട് യഹോവ കരുണാപൂർവകമായ സ്നേഹദയ കാട്ടിയിരുന്നു. എന്നുവരികിലും, നൂറു വർഷത്തിനുള്ളിൽ ഇസ്രായേൽ വിശ്വാസത്യാഗത്തിലേക്കും ദുഷ്ടതയിലേക്കും വീണ്ടും വഴുതിപ്പോകുകയായിരുന്നു. ആളുകൾ യഹോവയുടെ നാമത്തോട് അനാദരവു കാട്ടുകയും അവന്റെ നീതിനിഷ്ഠമായ നിയമങ്ങൾ അവഗണിക്കുകയും കണ്ണുപൊട്ടിയതും മുടന്തുള്ളതും രോഗംപിടിച്ചതുമായ മൃഗങ്ങളെ യാഗംകഴിക്കാൻ കൊണ്ടുവന്നുകൊണ്ട് അവന്റെ ആലയത്തെ മലിനപ്പെടുത്തുകയും ചെയ്യുകയായിരുന്നു. അന്യസ്ത്രീകളെ വിവാഹം കഴിക്കാൻവേണ്ടി അവർ തങ്ങളുടെ യൗവനത്തിലെ ഭാര്യമാരെ ഉപേക്ഷിക്കുകയായിരുന്നു.—മലാഖി 1:6-8; 2:13-16.
12, 13. (എ) അഭിഷിക്ത പുരോഹിതഗണത്തിന് ഏതു ശുദ്ധീകരണം ആവശ്യമായിരുന്നു? (ബി) ശുദ്ധീകരണത്തിൽനിന്നു മഹാപുരുഷാരത്തിനും പ്രയോജനം ലഭിക്കുന്നതെങ്ങനെ?
12 ഒരു ശുദ്ധീകരണവേലയുടെ ആവശ്യമുണ്ടായിരുന്നു. അതിനെക്കുറിച്ച് മലാഖി 3:1-4-ൽ വർണിക്കുന്നുണ്ട്. പുരാതനനാളിലെ ഇസ്രായേലിനെപ്പോലെ, യഹോവയുടെ ആധുനികനാളിലെ സാക്ഷികൾക്കു ശുദ്ധീകരണം ആവശ്യമായിരുന്നു. അതിനാൽ മലാഖി വർണിക്കുന്ന ശുദ്ധീകരണവേല അവർക്കു ബാധകമാക്കാവുന്നതാണ്. ഒന്നാം ലോകമഹായുദ്ധം അവസാനിക്കാറായ സമയം. അന്നൊക്കെ ചില ബൈബിൾ വിദ്യാർഥികൾ—യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്—ലൗകിക കാര്യങ്ങളിൽ കർശനമായ നിഷ്പക്ഷത പാലിച്ചിരുന്നില്ല. ലൗകിക കറകളിൽനിന്നു തന്റെ ആരാധകരുടെ ചെറിയ കൂട്ടത്തെ ശുദ്ധീകരിക്കാൻ 1918-ൽ യഹോവ തന്റെ ആത്മീയ ആലയ ക്രമീകരണത്തിലേക്കു തന്റെ “നിയമദൂത”നെ, യേശുക്രിസ്തുവിനെ, അയച്ചു. പ്രാവചനികമായി യഹോവ ഇങ്ങനെ ചോദിച്ചിരുന്നു: “അവൻ [ദൂതൻ] വരുന്ന ദിവസത്തെ ആർക്കു സഹിക്കാം? അവൻ പ്രത്യക്ഷനാകുമ്പോൾ ആർ നിലനില്ക്കും? അവൻ ഊതിക്കഴിക്കുന്നവന്റെ തീ പോലെയും അലക്കുന്നവരുടെ ചാരവെള്ളംപോലെയും ആയിരിക്കും. അവൻ ഊതിക്കഴിക്കുന്നവനെപ്പോലെയും വെള്ളി ശുദ്ധിവരുത്തുന്നവനെപ്പോലെയും ഇരുന്നുകൊണ്ടു ലേവിപുത്രൻമാരെ [അഭിഷിക്ത പുരോഹിതഗണത്തെ] ശുദ്ധീകരിച്ചു പൊന്നുപോലെയും വെള്ളിപോലെയും നിർമ്മലീകരിക്കും; അങ്ങനെ അവർ നീതിയിൽ യഹോവെക്കു വഴിപാടു അർപ്പിക്കും.” ശുദ്ധീകരിക്കപ്പെട്ട ജനതയെന്ന നിലയിൽ അവർ അതുതന്നെ ചെയ്തിരിക്കുന്നു!
13 ആ അഭിഷിക്ത പുരോഹിത ഗണത്തിൽ 1,44,000 പേരേയുള്ളു. (വെളിപ്പാടു 7:4-8; 14:1, 3) എങ്കിലും, ഇന്നുള്ള മററു സമർപ്പിത ക്രിസ്ത്യാനികളുടെ കാര്യമോ? ഇപ്പോൾ ലക്ഷങ്ങളായി വർധിച്ചിരിക്കുന്ന ഇവർ “ഒരു മഹാപുരുഷാര”മായിരിക്കുന്നു. ‘കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചു’കൊണ്ട് ലോകത്തിന്റെ വഴികളിൽനിന്ന് ഇവരും ശുദ്ധിചെയ്യപ്പെടേണ്ടതുണ്ട്. (വെളിപ്പാടു 7:9, 14) അങ്ങനെ, കുഞ്ഞാടായ യേശുക്രിസ്തുവിന്റെ മറുവിലയാഗത്തിൽ വിശ്വാസമർപ്പിക്കുന്നതുകൊണ്ട്, അവർക്കു യഹോവയുടെ മുമ്പാകെ നിർമലമായ ഒരു നില കാത്തുസൂക്ഷിക്കാൻ സാധിക്കുന്നു. യഹോവയുടെ ഭയങ്കര നാളായ മഹാകഷ്ടത്തിൽ ഉടനീളം അവർക്ക് അതിജീവനം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു.—സെഫന്യാവു 2:2, 3.
14. പുതിയ വ്യക്തിത്വം നട്ടുവളർത്തുന്നതിൽ തുടരവേ, ദൈവജനം ഇന്ന് ഏതു വാക്കുകൾക്കു ചെവികൊടുക്കണം?
14 പുരോഹിത ശേഷിപ്പിനോടൊപ്പം ഈ മഹാപുരുഷാരം ദൈവത്തിന്റെ കൂടുതലായ ഈ വാക്കുകൾ ചെവിക്കൊള്ളണം: ‘ഞാൻ ന്യായവിധിക്കായി നിങ്ങളോടു അടുത്തുവരും; ഞാൻ ക്ഷുദ്രക്കാർക്കും വ്യഭിചാരികൾക്കും കള്ളസ്സത്യം ചെയ്യുന്നവർക്കും കൂലിയുടെ കാര്യത്തിൽ കൂലിക്കാരനെയും വിധവയെയും അനാഥനെയും പീഡിപ്പിക്കുന്നവർക്കും എന്നെ ഭയപ്പെടാതിരുന്നവർക്കും . . . വിരോധമായി ഒരു ശീഘ്രസാക്ഷിയായിരിക്കും. . . . യഹോവയായ ഞാൻ മാറാത്തവൻ.’ (മലാഖി 3:5, 6) ഇല്ല, യഹോവയുടെ നിലവാരങ്ങൾക്കു മാററമില്ല. അതുകൊണ്ട് അവർ ക്രിസ്തീയ വ്യക്തിത്വം നട്ടുവളർത്തുന്നതിൽ തുടരവേ, ഇന്ന് അവന്റെ ജനം യഹോവാഭയത്തോടെ സകലതരം വിഗ്രഹാരാധനയും വെടിഞ്ഞ് സത്യസന്ധരും പരമാർഥരും ഔദാര്യമാനസരുമാകണം.—കൊലൊസ്സ്യർ 3:9-14.
15. (എ) കരുണാപൂർവകമായ ഏതു ക്ഷണം യഹോവ നീട്ടിത്തരുന്നു? (ബി) നമുക്കു യഹോവയിൽനിന്നു “മോഷ്ടിക്കുന്നത്” എങ്ങനെ ഒഴിവാക്കാം?
15 യഹോവയുടെ നീതിനിഷ്ഠമായ വഴികളിൽനിന്നു പിൻമാറിപ്പോയിട്ടുള്ള ഏതൊരാൾക്കും “എന്റെ അടുക്കലേക്കു മടങ്ങിവരുവിൻ” എന്നു പറഞ്ഞുകൊണ്ട് അവൻ ക്ഷണം നീട്ടിക്കൊടുക്കുകയാണ്. എന്നാൽ “ഏതിൽ ഞങ്ങൾ മടങ്ങിവരേണ്ടു” എന്ന് അവർ ചോദിക്കുന്നെങ്കിൽ അവൻ ഇങ്ങനെ മറുപടി പറയുന്നു: “നിങ്ങൾ എന്നെ തോല്പിക്കുന്നു [“എന്നിൽനിന്നു മോഷ്ടിക്കുന്നു,” NW].” “ഏതിൽ ഞങ്ങൾ നിന്നെ തോല്പിക്കുന്നു [“നിന്നിൽനിന്നു മോഷ്ടിക്കുന്നു,” NW] എന്ന കൂടുതലായ ചോദ്യത്തിനുള്ള ഉത്തരമായി, ആലയസേവനത്തിൽ തങ്ങളുടെ ഏററവും നല്ലതു കാണിക്കയായി കൊണ്ടുവരാതെ അവർ അവനിൽനിന്നു മോഷ്ടിച്ചിരിക്കുന്നുവെന്നു യഹോവ പ്രസ്താവിക്കുന്നു. (മലാഖി 3:7, 8) യഹോവയുടെ ജനത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്ന നാം നമ്മുടെ ഊർജം, കഴിവുകൾ, ഭൗതികസ്വത്ത് എന്നിവയുടെ ഏററവും നല്ലതു യഹോവയുടെ സേവനത്തിൽ അർപ്പിക്കാൻ തീർച്ചയായും ആഗ്രഹിക്കണം. അങ്ങനെ, ദൈവത്തിൽനിന്നു മോഷ്ടിക്കുന്നതിനുപകരം നാം ‘മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിച്ചുകൊണ്ടേയിരിക്കും.’—മത്തായി 6:33.
16. മലാഖി 3:10-12-ൽ നാം എന്തു പ്രോത്സാഹനം കാണുന്നു?
16 ലോകത്തിന്റെ സ്വാർഥപരവും ഭൗതികാത്മകവുമായ രീതികൾ ഉപേക്ഷിക്കുന്ന സകലർക്കും ഒരു മഹത്തായ പ്രതിഫലമുണ്ട്. മലാഖി 3:10-12 അതിങ്ങനെ സൂചിപ്പിക്കുന്നു: “ഞാൻ നിങ്ങൾക്കു ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷിപ്പിൻ.” വിലമതിപ്പുള്ള സകലർക്കും യഹോവ ആത്മീയ അഭിവൃദ്ധിയും ഫലസമ്പുഷ്ടിയും വാഗ്ദാനം ചെയ്യുന്നു. “നിങ്ങൾ മനോഹരമായോരു ദേശം ആയിരിക്കയാൽ സകലജാതികളും നിങ്ങളെ ഭാഗ്യവാൻമാർ [“സന്തുഷ്ടർ,” NW] എന്നു പറയും,” അവൻ കൂട്ടിച്ചേർക്കുന്നു. ഇന്നു ഭൂമിയിലുടനീളമുള്ള, കൃതാർഥരായ ദശലക്ഷക്കണക്കിനു ദൈവജനതയുടെ കാര്യത്തിൽ അതങ്ങനെതന്നെയാണെന്നു തെളിഞ്ഞിട്ടില്ലേ?
ജീവന്റെ പുസ്തകത്തിലെ നിർമലതാപാലകർ
17-19. (എ) റുവാണ്ടയിലെ കുഴപ്പങ്ങൾ അവിടെയുള്ള നമ്മുടെ സഹോദരങ്ങളെ എങ്ങനെ ബാധിച്ചിരിക്കുന്നു? (ബി) ഏതു ബോധ്യത്തോടെയാണ് ഈ വിശ്വസ്തർ മുന്നേറിയിരിക്കുന്നത്?
17 ഇത്തരുണത്തിൽ, നമ്മുടെ റുവാണ്ടൻ സഹോദരീസഹോദരൻമാരുടെ നിർമലതയെക്കുറിച്ചു നമുക്കു പ്രതിപാദിക്കാവുന്നതാണ്. യഹോവയുടെ ആരാധനയുടെ ആത്മീയ ഭവനത്തിലേക്ക് ഏററവും നല്ല ആത്മീയ കാണിക്കകളാണ് അവർ എല്ലായ്പോഴും കൊണ്ടുവന്നിരിക്കുന്നത്. ഉദാഹരണത്തിന്, 1993 ഡിസംബറിൽ അവരുടെ “ദിവ്യ ബോധന” ഡിസ്ട്രിക്ററ് കൺവെൻഷനിൽ 2,080 രാജ്യപ്രസാധകരുള്ള അവരുടെ മൊത്തം ഹാജർ 4,075 ആയിരുന്നു. പുതിയ സാക്ഷികളായി സ്നാപനമേററതാകട്ടെ 230 പേരും. ഇവരിൽ ഏതാണ്ടു 150 പേർ പിറേറ മാസം സഹായ പയനിയർമാരായി പേർ ചാർത്തി.
18 1994 ഏപ്രിൽ മാസം വംശീയ പക കൊടുമ്പിരിക്കൊണ്ടപ്പോൾ തലസ്ഥാനമായ കിഗാളിയിലെ നഗര മേൽവിചാരകനും അദ്ദേഹത്തിന്റെ മുഴുകുടുംബവും ഉൾപ്പെടെ 180 സാക്ഷികളെങ്കിലും കൊല്ലപ്പെട്ടു. കിഗാളിയിലെ വാച്ച് ടവർ സൊസൈററിയുടെ ഓഫീസിലെ ആറു പരിഭാഷകർ—നാലു പേർ ഹൂട്ടൂകളും രണ്ടു പേർ ടൂട്സികളും—കനത്ത ഭീഷണിയിലാണ് ആഴ്ചകളോളം തങ്ങളുടെ വേലയിൽ തുടർന്നത്. പിന്നെ ടൂട്സികൾ പലായനം ചെയ്യേണ്ടിവന്നെങ്കിലും ഒരു ചെക്ക്പോയിൻറിൽവെച്ച് അവർ കൊല്ലപ്പെടുകയാണുണ്ടായത്. അവസാനം, അവശേഷിച്ച തങ്ങളുടെ കമ്പ്യൂട്ടറും എടുത്തുകൊണ്ട് ശേഷിച്ച നാലു പേർ സയിറിലെ ഗൊമയിലേക്കു പലായനം ചെയ്തു. അവിടെ അവർ വീക്ഷാഗോപുരം കിനിയാർവാണ്ട ഭാഷയിലേക്കു പരിഭാഷപ്പെടുത്തുന്നതിൽ വിശ്വസ്തതയോടെ തുടർന്നും ഏർപ്പെട്ടു.—യെശയ്യാവു 54:17.
19 അഭയാർഥികളായ ഈ സാക്ഷികൾ കടുത്ത ദാരിദ്ര്യത്തിലായിരുന്നിട്ടും എല്ലായ്പോഴും ആദ്യം ആവശ്യപ്പെട്ടതു ഭൗതിക ഭക്ഷണമല്ലായിരുന്നു, ആത്മീയ ഭക്ഷണമായിരുന്നു. പല രാജ്യങ്ങളിൽനിന്നുള്ള, സ്നേഹമുള്ള സഹോദരങ്ങൾ വലിയ ത്യാഗങ്ങൾ സഹിച്ച് അവശ്യ സാധനങ്ങൾ അവർക്ക് എത്തിച്ചുകൊടുത്തു. സമ്മർദപൂരിത സാഹചര്യത്തിലായിരുന്നപ്പോൾ വാക്കിനാലും അടുക്കും ചിട്ടയമുള്ള പ്രവർത്തനത്താലും ഈ അഭയാർഥികൾ വിസ്മയാവഹമായ സാക്ഷ്യം കൊടുത്തു. യഹോവയുടെ ആരാധനയിലേക്കു തങ്ങളുടെ ഏററവും മികച്ചതു കൊണ്ടുവരാൻ അവർ തീർച്ചയായും തുടർന്നും പ്രവർത്തിച്ചിരിക്കുന്നു. “ജീവിക്കുന്നു എങ്കിൽ നാം കർത്താവിന്നായി ജീവിക്കുന്നു; മരിക്കുന്നു എങ്കിൽ കർത്താവിന്നായി മരിക്കുന്നു; അതുകൊണ്ടു ജീവിക്കുന്നു എങ്കിലും മരിക്കുന്നു എങ്കിലും നാം കർത്താവിന്നുള്ളവർ തന്നേ” എന്ന റോമർ 14:8-ൽ പ്രകടിപ്പിച്ചിരിക്കുന്ന പൗലോസിന്റേതുപോലെയുള്ള ബോധ്യം അവർ പ്രകടിപ്പിച്ചിരിക്കുന്നു.
20, 21. (എ) യഹോവയുടെ സ്മരണപുസ്തകത്തിൽ ആരുടെ പേരുകൾ എഴുതിയിട്ടില്ല? (ബി) ആ പുസ്തകത്തിൽ ആരുടെ പേരുകൾ കാണപ്പെടുന്നു, എന്തുകൊണ്ട്?
20 തന്നെ നിർമലതയിൽ സേവിക്കുന്ന സകലരെയും കുറിച്ചുള്ള രേഖ യഹോവ സൂക്ഷിക്കുന്നു. മലാഖിയുടെ പ്രവചനം ഇങ്ങനെ തുടരുന്നു: “യഹോവാഭക്തൻമാർ അന്നു തമ്മിൽ തമ്മിൽ സംസാരിച്ചു; യഹോവ ശ്രദ്ധവെച്ചു കേട്ടു; യഹോവാഭക്തൻമാർക്കും അവന്റെ നാമത്തെ സ്മരിക്കുന്നവർക്കും വേണ്ടി അവന്റെ സന്നിധിയിൽ ഒരു സ്മരണപുസ്തകം എഴുതിവെച്ചിരിക്കുന്നു.”—മലാഖി 3:16.
21 യഹോവയുടെ നാമത്തെ ബഹുമാനിക്കുന്നതിൽ നാം ദൈവഭയം പ്രകടമാക്കണമെന്നത് ഇന്ന് എത്ര പ്രധാനമാണ്! അങ്ങനെ ചെയ്യുന്നെങ്കിൽ, ഈ ലോക വ്യവസ്ഥിതിയെ പുകഴ്ചയോടെ പിന്തുണയ്ക്കുന്നവർക്കു ലഭിക്കാൻ പോകുന്നതുപോലൊരു പ്രതികൂല ന്യായവിധി നമുക്ക് അനുഭവിക്കേണ്ടിവരില്ല. ‘ജീവപുസ്തകത്തിൽ അവരുടെ പേരുകൾ എഴുതിയിട്ടില്ല,’ എന്നു വെളിപ്പാടു 17:8 പറയുന്നു. സയുക്തികമായി, യഹോവയുടെ ജീവപുസ്തകത്തിൽ എഴുതിയിരിക്കുന്ന ഏററവും പ്രമുഖ നാമം ജീവന്റെ മുഖ്യ കാര്യസ്ഥനായ, ദൈവത്തിന്റെ സ്വന്തം പുത്രനായ യേശുക്രിസ്തുവിന്റേതാണ്. “അവന്റെ നാമത്തിൽ ജാതികൾ പ്രത്യാശവെക്കു”മെന്നു മത്തായി 12:20 പ്രഖ്യാപിക്കുന്നു. യേശുവിന്റെ മറുവിലയാഗത്തിൽ വിശ്വസിക്കുന്ന സകലർക്കും അതു നിത്യജീവന്റെ ഉറപ്പുകൊടുക്കുന്നു. നമ്മുടെ ഓരോരുത്തരുടെയും പേരുകൾ യേശുവിന്റെ പേരിനോടൊപ്പം ആ പുസ്തകത്തിൽ ചേർക്കപ്പെടുന്നത് എന്തൊരു പദവിയാണ്!
22. യഹോവ ന്യായവിധി നടപ്പാക്കുമ്പോൾ ഏതു വ്യത്യാസം വ്യക്തമായിത്തീരും?
22 ന്യായവിധി ദൈവദാസൻമാരെ എങ്ങനെയായിരിക്കും ബാധിക്കുക? മലാഖി 3:17, 18-ൽ യഹോവ ഉത്തരം നൽകുന്നു: “ഒരു മനുഷ്യൻ തനിക്കു ശുശ്രൂഷ ചെയ്യുന്ന മകനെ ആദരിക്കുന്നതുപോലെ ഞാൻ അവരെ ആദരിക്കും. അപ്പോൾ നിങ്ങൾ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുള്ള വ്യത്യാസം വീണ്ടും കാണും.” നിത്യച്ഛേദനത്തിനുവേണ്ടി വേർതിരിക്കപ്പെടുന്ന ദുഷ്ടൻമാരും രാജ്യമണ്ഡലത്തിൽ നിത്യജീവനുവേണ്ടി അംഗീകാരം ലഭിക്കുന്ന നീതിമാൻമാരും തമ്മിലുള്ള വ്യത്യാസം സകലർക്കും വ്യക്തമായിത്തീരും. (മത്തായി 25:31-46) അങ്ങനെ യഹോവയുടെ വലുതും ഭയങ്കരവുമായ ദിവസത്തെ ചെമ്മരിയാടുതുല്യരായ വ്യക്തികളുടെ ഒരു മഹാപുരുഷാരം അതിജീവിക്കും.
നിങ്ങൾ ഓർമിക്കുന്നുവോ?
◻ ബൈബിൾകാലങ്ങളിൽ യഹോവ ഏതെല്ലാം ന്യായവിധികൾ നിർവഹിച്ചു?
◻ ഇന്നത്തെ അവസ്ഥകൾ പുരാതന നാളുകളുടേതിനോടു സമാന്തരമായിരിക്കുന്നതെങ്ങനെ?
◻ മലാഖിയുടെ പ്രവചനത്തിന്റെ നിവൃത്തിയായി ഏതു ശുദ്ധീകരണം നടന്നിരിക്കുന്നു?
◻ ദൈവത്തിന്റെ സ്മരണപുസ്തകത്തിൽ ആരുടെ പേരുകൾ എഴുതിയിരിക്കുന്നു?