“ഞങ്ങളോടു പറയൂ, ഇതെപ്പോൾ സംഭവിക്കും?”
“ഞാൻ പുതിയതു അറിയിക്കുന്നു; അതു ഉത്ഭവിക്കുമ്മുമ്പെ ഞാൻ നിങ്ങളെ കേൾപ്പിക്കുന്നു.”—യെശയ്യാവു 42:9.
1, 2. (എ) ഭാവിയെക്കുറിച്ചു യേശുവിന്റെ അപ്പോസ്തലൻമാർ എന്താണു ചോദിച്ചത്? (ബി) ഒരു സംയുക്ത അടയാളത്തെക്കുറിച്ചുള്ള യേശുവിന്റെ മറുപടി അതിന്റെ നിവൃത്തി കണ്ടതെങ്ങനെ?
ദിവ്യ ബോധനം ഉത്ഭൂതമാകുന്നത് ‘ആരംഭത്തിങ്കൽ തന്നേ അവസാനം പ്രസ്താവിക്കു’ന്നവനായ യഹോവയാം ദൈവത്തിൽനിന്നാണ്. (യെശയ്യാവു 46:10) മുൻ ലേഖനം പ്രകടമാക്കിയപ്രകാരം “അതു എപ്പോൾ സംഭവിക്കും? അതിന്നു എല്ലാം നിവൃത്തി വരുന്ന കാലത്തിന്റെ ലക്ഷണം എന്തു എന്നു ഞങ്ങളോടു പറഞ്ഞാലും” എന്ന് ആവശ്യപ്പെട്ടുകൊണ്ട് അപ്പോസ്തലൻമാർ യേശുവിൽനിന്ന് ഇത്തരം ബോധനം തേടി.—മർക്കൊസ് 13:4.
2 മറുപടിയായി, യഹൂദവ്യവസ്ഥിതി പെട്ടെന്നുതന്നെ നശിക്കാനിരിക്കുന്നുവെന്നതിന്റെ തെളിവു നൽകുന്ന സംഭവങ്ങൾ അടങ്ങുന്ന ഒരു സംയുക്ത “അടയാളം” യേശു വിവരിച്ചു. ഇതു പൊ.യു. 70-ലെ യരുശലേമിന്റെ നാശത്തോടെ നിവൃത്തിയേറി. എന്നാൽ യേശുവിന്റെ പ്രവചനത്തിനു കാലത്തിന്റെ നീരൊഴുക്കിൽ ഒരു വലിയ നിവൃത്തിയുണ്ടാകേണ്ടിയിരുന്നു. “ജാതികളുടെ നിയമിതകാലങ്ങൾ” 1914-ൽ അവസാനിച്ചുകഴിഞ്ഞപ്പോൾ, ഇപ്പോഴത്തെ ദുഷ്ട വ്യവസ്ഥിതി “മഹോപദ്രവ”ത്തിൽ ചെന്നവസാനിക്കുമെന്നു പ്രകടമാക്കിക്കൊണ്ട് ഒരു അടയാളം വ്യാപകമായ തോതിൽ ലഭ്യമായിവരുമായിരുന്നു.a (ലൂക്കോസ് 21:24, NW) ഈ അടയാളം ലോകമഹായുദ്ധങ്ങളിലും 20-ാം നൂററാണ്ടിലെ നിർണായകമായ മററു സംഭവങ്ങളിലും നിവൃത്തിയേറിയെന്ന് ഇന്നു ജീവിക്കുന്ന ലക്ഷങ്ങൾക്കു സാക്ഷ്യപ്പെടുത്താൻ കഴിയും. പൊ.യു. 33 മുതൽ 70 വരെ സംഭവിച്ച കാര്യങ്ങൾ ദൃഷ്ടാന്തീകരിച്ചതുപോലെയുള്ള ആധുനികനാളിലെ ഈ നിവൃത്തി യേശുവിന്റെ പ്രവചനങ്ങളുടെ മുഖ്യ നിവൃത്തിയെയും അടയാളപ്പെടുത്തുന്നു.
3. മറെറാരു അടയാളത്തെക്കുറിച്ചു സംസാരിക്കവേ ഏതു കൂടുതലായ സംഭവവികാസങ്ങളാണ് യേശു മുൻകൂട്ടിപ്പറഞ്ഞത്?
3 ജാതികളുടെ നിയമിതകാലങ്ങളെക്കുറിച്ചു ലൂക്കോസ് സൂചിപ്പിച്ചതിനുശേഷം ‘വ്യവസ്ഥിതിയുടെ സമാപനത്തിന്റെ’ സംയുക്ത ‘അടയാള’ത്തിനു പുറമേ സംഭവവികാസങ്ങളുടെ കൂടുതലായ പരമ്പര മത്തായിയുടെയും മർക്കോസിന്റെയും ലൂക്കോസിന്റെയും സമാന്തരമായ വിവരണങ്ങൾ വർണിക്കുന്നു. (മത്തായി 24:3) (15-ാം പേജിൽ വിവരണത്തിലെ ഈ ആശയം ഇരട്ട വരകൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു.) മത്തായി പറയുന്നു: “ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങൾ ആകാശത്തുനിന്നു വീഴും; ആകാശത്തിലെ ശക്തികൾ ഇളകിപ്പോകും. അപ്പോൾ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു വിളങ്ങും; അന്നു ഭൂമിയിലെ സകല ഗോത്രങ്ങളും പ്രലാപിച്ചുംകൊണ്ടു, മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിൻമേൽ മഹാശക്തിയോടും തേജസ്സോടും കൂടെ വരുന്നതു കാണും. അവൻ തന്റെ ദൂതൻമാരെ മഹാ കാഹളധ്വനിയോടുംകൂടെ അയക്കും; അവർ അവന്റെ വൃതൻമാരെ ആകാശത്തിന്റെ അറുതിമുതൽ അറുതിവരെയും നാലു ദിക്കിൽനിന്നും കൂട്ടിച്ചേർക്കും.” (തടിച്ച അക്ഷരത്തിലുള്ള ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—മത്തായി 24:29-31.
കഷ്ടവും സ്വർഗീയ പ്രതിഭാസങ്ങളും
4. യേശു സൂചിപ്പിച്ച സ്വർഗീയ പ്രതിഭാസങ്ങളെക്കുറിച്ച് എന്തു ചോദ്യങ്ങൾ ഉയർന്നുവരുന്നു?
4 അവ എപ്പോൾ നിറവേറുമായിരുന്നു? മൂന്നു സുവിശേഷ വിവരണങ്ങളും സ്വർഗീയ പ്രതിഭാസങ്ങളെന്നു വിളിക്കാവുന്ന സൂര്യനും ചന്ദ്രനും ഇരുണ്ടു പോകുന്നതിനെയും നക്ഷത്രങ്ങൾ വീഴുന്നതിനെയും കുറിച്ചു സൂചിപ്പിക്കുന്നു. ഇതു “കഷ്ട”ത്തിനു ശേഷമായിരിക്കും എന്നു യേശു പറഞ്ഞു. പൊ.യു. 70-ൽ പാരമ്യത്തിലെത്തിയ കഷ്ടമായിരുന്നോ യേശുവിന്റെ മനസ്സിൽ ഉണ്ടായിരുന്നത്, അതോ നമ്മുടെ ആധുനിക നാളിൽ ഇനിയും സംഭവിക്കാനിരിക്കുന്ന മഹോപദ്രവത്തെക്കുറിച്ചാണോ യേശു സംസാരിച്ചത്?—മത്തായി 24:29; മർക്കൊസ് 13:24.
5. ആധുനിക നാളുകളിലെ ഉപദ്രവത്തെക്കുറിച്ച് ഒരു കാലഘട്ടത്തിൽ എന്തു വീക്ഷണമാണു പുലർത്തിയിരുന്നത്?
5 ജാതികളുടെ നിയമിത കാലങ്ങൾ 1914-ൽ അവസാനിച്ചതുമുതൽ ദൈവത്തിന്റെ ജനം ആ “മഹാകഷ്ടത്തിൽ” അതീവ തത്പരരായിരുന്നിട്ടുണ്ട്. (വെളിപ്പാടു 7:14) ആധുനികകാലത്തെ മഹോപദ്രവത്തിന് ഒന്നാം ലോകമഹായുദ്ധത്തിന്റെ സമയത്ത് സമുചിതമായ തുടക്കമുണ്ടാകും, അതിനുശേഷം വിഘ്നമുണ്ടാക്കുന്ന ഇടവേളയും, അവസാനഭാഗമായി “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”വും സംഭവിക്കുമെന്ന് അവർ വിചാരിച്ചു. അത് അപ്രകാരമായിരുന്നെങ്കിൽ “വ്യവസ്ഥിതിയുടെ സമാപന”ത്തിനു തൊട്ടുമുമ്പുള്ള ദശകങ്ങളിൽ എന്തു സംഭവിക്കുമായിരുന്നു?—വെളിപ്പാടു 16:14; മത്തായി 13:39; 24:3, NW; 28:20.
6. സ്വർഗീയ പ്രതിഭാസങ്ങളെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനത്തിന്റെ നിവൃത്തി എന്താണെന്നാണു വിചാരിച്ചിരുന്നത്?
6 കൊള്ളാം, ഈ ഇടവേളയിൽ ദൈവത്തിന്റെ കൂട്ടിവരുത്തപ്പെട്ട ജനങ്ങളാൽ നടത്തപ്പെടുന്ന പ്രസംഗവേല ഉൾപ്പെടെ സംയുക്ത അടയാളം നിവൃത്തിയേറുന്നതു കാണുമെന്നു വിചാരിച്ചു. മുൻകൂട്ടിപ്പറയപ്പെട്ട സ്വർഗീയ പ്രതിഭാസങ്ങളും 1914-18-ന്റെ പ്രാരംഭഘട്ടത്തിനുശേഷമുള്ള ഇടവേളയിൽ പ്രതീക്ഷിക്കാവുന്നതാണെന്നു വിചാരിച്ചിരുന്നു. (മത്തായി 24:29; മർക്കൊസ് 13:24, 25; ലൂക്കൊസ് 21:25) ആകാശങ്ങളിൽ നടക്കുന്ന അക്ഷരീയ സംഗതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടു—ശൂന്യാകാശ ഗവേഷണം, റോക്കററുകൾ, കോസ്മിക്ക് അല്ലെങ്കിൽ ഗാമ രശ്മികൾ, ചന്ദ്രനിൽ കാലുകുത്തൽ അഥവാ താവളമുണ്ടാക്കൽ എന്നീ സംഗതികളിൽത്തന്നെ.
7. മഹോപദ്രവത്തെക്കുറിച്ചുള്ള ഏതു മാററംവന്ന ഗ്രാഹ്യമാണു പ്രദാനം ചെയ്യപ്പെട്ടിരിക്കുന്നത്?
7 എന്നിരുന്നാലും, 1970 ജനുവരി 15-ലെ ദ വാച്ച്ടവർ യേശുവിന്റെ പ്രവചനം, വിശേഷിച്ചും മഹോപദ്രവത്തിന്റെ വരവ്, പുനഃപരിശോധിച്ചു. ഒന്നാം നൂററാണ്ടിൽ സംഭവിച്ചതിന്റെ വീക്ഷണത്തിൽ ആധുനിക കഷ്ടത്തിന് 1914-18-ലെ കാലഘട്ടത്തിൽ ഒരു തുടക്കവും ദശകങ്ങൾ നീണ്ടുനിൽക്കുന്ന ഇടവേളയും പിന്നീട് ഒരു പുനരാരംഭവും ഉണ്ടാകാനിടയില്ല എന്ന് അതു പ്രകടമാക്കി. ആ മാസിക ഇങ്ങനെ ഉപസംഹരിച്ചു: “ഇനിമേൽ സംഭവിക്കുകയില്ലാത്ത ‘മഹോപദ്രവം’ മുന്നിൽ കിടക്കുന്നതേയുള്ളൂ കാരണം (ക്രൈസ്തവലോകം ഉൾപ്പെടെ) ലോക മതസാമ്രാജ്യത്തിന്റെ നാശത്തെതുടർന്നുള്ള അർമഗെദോനിലെ ‘സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ’ത്തെയാണ് അത് അർഥമാക്കുന്നത്.”
8. ആധുനികകാല ഉപദ്രവത്തെക്കുറിച്ചുള്ള വീക്ഷണത്തിനു മാററംവന്നിരിക്കെ മത്തായി 24:29 എങ്ങനെ വിശദീകരിക്കപ്പെട്ടു?
8 എന്നാൽ സ്വർഗീയ പ്രതിഭാസം ഉണ്ടാകുന്നതു “കഷ്ടം കഴിഞ്ഞ ഉടനെ” ആയിരിക്കുമെന്നു മത്തായി 24:29 പറയുന്നു. (ചെരിച്ചെഴുത്ത് ഞങ്ങളുടേത്.) അതെങ്ങനെയായിരിക്കും? ഇവിടെ, പൊ.യു. 70-ൽ പാരമ്യത്തിലെത്തിയ “കഷ്ട”ത്തെയാണ് അർഥമാക്കിയതെന്ന് 1975 മേയ് 1-ലെ ദ വാച്ച്ടവർ അഭിപ്രായപ്പെട്ടു. എന്നാൽ നമ്മുടെ കാലത്തെ സ്വർഗീയ പ്രതിഭാസം പൊ.യു. 70-ലെ ഒരു സംഭവത്തിനു ശേഷം “ഉടനെ”യായിരുന്നു സംഭവിച്ചതെന്ന് ഏതർഥത്തിൽ പറയാൻ കഴിയും? ഇടയിലുള്ള നൂററാണ്ടുകൾ ദൈവദൃഷ്ടിയിൽ ചുരുങ്ങിയതായിരിക്കുമെന്നു ന്യായവാദം ചെയ്യപ്പെട്ടു. (റോമർ 16:20; 2 പത്രൊസ് 3:8) എന്നിരുന്നാലും, ഈ പ്രവചനത്തിന്റെ, വിശേഷിച്ചും മത്തായി 24:29-31-ന്റെ ഒരു ഗഹനമായ പരിശോധന തീർത്തും വ്യത്യസ്തമായ ഒരു വിശദീകരണത്തിലേക്കു വിരൽ ചൂണ്ടുന്നു. “പൂർണതയുള്ള നാൾ വരുന്നതുവരെ” പ്രകാശം ശോഭിച്ചു വരുന്നത് എങ്ങനെയെന്ന് ഇത് ചിത്രീകരിക്കുന്നു. (സദൃശവാക്യങ്ങൾ 4:18, അമേരിക്കൻ പ്രമാണ ഭാഷാന്തരം)b പുതിയ അഥവാ മാററംവരുത്തിയ ഒരു വിശദീകരണം ഉചിതമായിരിക്കുന്നത് എന്തുകൊണ്ടെന്നു നമുക്കു പരിചിന്തിക്കാം.
9. ആകാശങ്ങളിൽ നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ചുള്ള യേശുവിന്റെ വചനങ്ങൾക്ക് എബ്രായ തിരുവെഴുത്തുകൾ പശ്ചാത്തലമൊരുക്കുന്നതെങ്ങനെ?
9 ‘സൂര്യൻ ഇരുണ്ടുപോകുന്നതിനെക്കുറിച്ചും ചന്ദ്രൻ വെളിച്ചം തരാതിരിക്കുന്നതിനെക്കുറിച്ചും നക്ഷത്രങ്ങൾ വീഴുന്നതിനെക്കുറിച്ചും’ ഉള്ള പ്രവചനം യേശു തന്റെ നാല് അപ്പോസ്തലൻമാർക്കു നൽകി. യഹൂദൻമാർ എന്നനിലയിൽ അവർ അത്തരം ഭാഷ എബ്രായ തിരുവെഴുത്തുകളിൽനിന്നു തിരിച്ചറിയുമായിരുന്നു. ദൃഷ്ടാന്തത്തിന്, സെഫന്യാവു 1:15-ൽ ദൈവത്തിന്റെ ന്യായവിധിസമയത്തെ “ആ ദിവസം ക്രോധദിവസം, കഷ്ടവും സങ്കടവും ഉള്ള ദിവസം, ശൂന്യതയും നാശവും ഉള്ള ദിവസം, ഇരുട്ടും അന്ധകാരവും ഉള്ള ദിവസം, മേഘവും മൂടലും ഉള്ള ദിവസം” എന്നു വിളിച്ചിട്ടുണ്ട്. വ്യത്യസ്ത എബ്രായ പ്രവാചകൻമാരും സൂര്യൻ ഇരുണ്ടുപോകുന്നതിനെക്കുറിച്ചും ചന്ദ്രൻ പ്രകാശിക്കാതിരിക്കുന്നതിനെക്കുറിച്ചും നക്ഷത്രങ്ങൾ വെളിച്ചം തരാതിരിക്കുന്നതിനെക്കുറിച്ചും വർണിച്ചു. ബാബിലോൻ, ഏദോം, ഈജിപ്ത്, ഇസ്രായേലിന്റെ വടക്കേ രാജ്യം എന്നിവക്കെതിരെയുള്ള ദിവ്യ സന്ദേശങ്ങളിൽ ഇത്തരം ഭാഷ നിങ്ങൾക്കു കാണാവുന്നതാണ്.—യെശയ്യാവു 13:9, 10; 34:4, 5; യിരെമ്യാവു 4:28; യെഹെസ്കേൽ 32:2, 6-8; ആമോസ് 5:20; 8:2, 9.
10, 11. (എ) ആകാശങ്ങളിലെ സംഗതികളെക്കുറിച്ചു യോവേൽ പ്രവചിച്ചതെന്താണ്? (ബി) പൊ.യു. 33-ൽ യോവേലിന്റെ പ്രവചനത്തിന്റെ ഏതു ഭാഗങ്ങൾ നിവൃത്തിയേറി, ഏതു നിവൃത്തിയേറിയില്ല?
10 യേശു പറഞ്ഞതു കേട്ടപ്പോൾ പത്രോസും മററുള്ള മൂന്നുപേരും യോവേൽ 2:28-31-ലും 3:15-ലും നൽകിയിരിക്കുന്ന പ്രവചനം മിക്കവാറും അനുസ്മരിച്ചുകാണും: “അതിന്റെ ശേഷമോ ഞാൻ സകല ജഡത്തിൻമേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രൻമാരും പുത്രിമാരും പ്രവചിക്കും; . . . ഞാൻ ആകാശത്തിലും ഭൂമിയിലും അത്ഭുതങ്ങളെ കാണിക്കും; രക്തവും തീയും പുകത്തൂണുംതന്നെ. യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം വരുംമുമ്പെ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും.” “സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും; നക്ഷത്രങ്ങൾ പ്രകാശം നൽകുകയുമില്ല.”
11 പ്രവൃത്തികൾ 2:1-4-ലും 14-21-ലും വിശദീകരിച്ചിരിക്കുന്നതുപോലെ പൊ.യു. 33-ലെ പെന്തക്കോസ്തുദിവസം സ്ത്രീകളും പുരുഷൻമാരുമടങ്ങിയ 120 ശിഷ്യരുടെമേൽ ദൈവം പരിശുദ്ധാത്മാവിനെ പകർന്നു. ഇതു യോവേൽ മുൻകൂട്ടിപ്പറഞ്ഞതായിരുന്നുവെന്ന് അപ്പോസ്തലനായ പത്രോസ് വെളിപ്പെടുത്തി. എന്നാൽ ‘സൂര്യൻ ഇരുണ്ടുപോകുന്നതിനെക്കുറിച്ചും ചന്ദ്രൻ രക്തമായിത്തീരുന്നതിനെക്കുറിച്ചും നക്ഷത്രങ്ങൾ പ്രകാശം തരാതിരിക്കുന്നതിനെ’ക്കുറിച്ചുമുള്ള യോവേലിന്റെ വാക്കുകൾ സംബന്ധിച്ചെന്ത്? ഇതു പൊ.യു. 33-ലോ യഹൂദ വ്യവസ്ഥിതിയുടെ സമാപനത്തിന്റെ 30-ലധികം വർഷക്കാലത്തോ നിവൃത്തിയേറിയതായി ഒന്നും സൂചിപ്പിക്കുന്നില്ല.
12, 13. യോവേൽ മൂൻകൂട്ടിപ്പറഞ്ഞ സ്വർഗീയ പ്രതിഭാസങ്ങൾ നിവൃത്തിയേറിയതെങ്ങനെ?
12 യോവേൽ പ്രവചനത്തിന്റെ അവസാനഭാഗം “യഹോവയുടെ വലുതും ഭയങ്കരവുമായ ദിവസത്തിന്റെ വരവി”നോടു—യരുശലേമിന്റെ നാശത്തോടു—കൂടുതൽ അടുത്തു ബന്ധപ്പെട്ടിരുന്നു എന്നതു വ്യക്തമാണ്. പൊ.യു. 70-ൽ യരുശലേമിനു വന്നുഭവിച്ച കഷ്ടത്തെക്കുറിച്ച് 1966 നവംബർ 15-ലെ ദ വാച്ച്ടവർ ഇങ്ങനെ പറഞ്ഞു: “യരുശലേമിനോടും അവളുടെ സന്തതികളോടുമുള്ള ബന്ധത്തിൽ അതു തീർച്ചയായും ‘യഹോവയുടെ ഒരു ദിവസ’മായിരുന്നു. ആ ദിവസത്തോടുള്ള ബന്ധത്തിൽ വളരെയധികം ‘രക്തവും തീയും പുകമഞ്ഞും’ ഉണ്ടായിരുന്നു, കൂടാതെ, സൂര്യൻ പകൽ സമയത്തു നഗരത്തിലെ മൂടൽ മാററിയതുമില്ല, ചന്ദ്രൻ രാത്രിയിൽ പ്രശാന്തമായ വെള്ളിനിലാവിനെയല്ല, ചിന്തപ്പെട്ട രക്തത്തെയാണ് അനുസ്മരിപ്പിച്ചത്.”c
13 അതേ, നാം ശ്രദ്ധിച്ച മററു പ്രവചനങ്ങളെപ്പോലെ, യോവേൽ മുൻകൂട്ടിപ്പറഞ്ഞ സ്വർഗീയ പ്രതിഭാസങ്ങളും യഹോവ വിധി നടപ്പാക്കിയപ്പോൾ നിവൃത്തിയേറേണ്ടിയിരുന്നു. യഹൂദ വ്യവസ്ഥിതിയുടെ സമാപനത്തിന്റെ മുഴുകാലഘട്ടത്തിലും നീണ്ടുകിടക്കാതെ, സൂര്യന്റെയും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും ഇരുൾച്ച സംഭവിച്ചതു യരുശലേമിനെതിരെ വധാധികൃത ശക്തികൾ വന്നപ്പോഴായിരുന്നു. യുക്ത്യാനുസൃതം, ഈ വ്യവസ്ഥിതിയുടെമേൽ ദൈവത്തിന്റെ വിധിനിർവഹണം സംഭവിച്ചുതുടങ്ങുമ്പോൾ യോവേലിന്റെ ആ പ്രവചനഭാഗത്തിന്റെ ഒരു വലിയ നിവൃത്തി നമുക്കു പ്രതീക്ഷിക്കാൻ കഴിയും.
സ്വർഗീയ പ്രതിഭാസത്തിനുമുമ്പ് ഏത് ഉപദ്രവം?
14, 15. മത്തായി 24:29-നെ സംബന്ധിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തിൻമേൽ യോവേലിന്റെ പ്രവചനത്തിന് എന്തു ഫലമാണുള്ളത്?
14 യോവേലിന്റെ പ്രവചനത്തിന്റെ നിവൃത്തി മത്തായി 24:29-ലെ വാക്കുകൾ (സമാനമായ ഭാഷ ഉപയോഗിക്കുന്ന മററു പ്രവചനങ്ങളോടുള്ള ചേർച്ചയിൽ) ഗ്രഹിക്കാൻ നമ്മെ സഹായിക്കുന്നു. വ്യക്തമായും, ‘സൂര്യൻ ഇരുണ്ടുപോകുന്നതിനെക്കുറിച്ചും ചന്ദ്രൻ വെളിച്ചം തരാതിരിക്കുന്നതിനെക്കുറിച്ചും നക്ഷത്രങ്ങൾ വീഴുന്ന’തിനെക്കുറിച്ചും യേശു പറഞ്ഞത് ഈ വ്യവസ്ഥിതിയുടെ സമാപനത്തിന്റെ അനേകദശകങ്ങളിൽ സംഭവിക്കുന്ന ശൂന്യാകാശ റോക്കററ് വിക്ഷേപണങ്ങളെയോ ചന്ദ്രനിലെ കാലുകുത്തലിനെയോ അതുപോലെ എന്തിനെയെങ്കിലുമോ പരാമർശിക്കുന്നില്ല. മറിച്ച്, “യഹോവയുടെ വലുതും ഭയങ്കരവുമായ ദിവസ”ത്തോട്, ഇനി സംഭവിക്കാനിരിക്കുന്ന വിനാശത്തോട്, ബന്ധപ്പെട്ട സംഭവങ്ങളിലേക്കാണ് അവിടുന്ന് വിരൽ ചൂണ്ടിയത്.
15 സ്വർഗീയ പ്രതിഭാസങ്ങൾ “കഷ്ടം കഴിഞ്ഞ ഉടനെ” സംഭവിക്കുന്നതെങ്ങനെയെന്നുള്ള നമ്മുടെ അറിവുമായി ഇതു ബന്ധപ്പെട്ടിരിക്കുന്നു. യേശു പൊ.യു. 70-ൽ പരകോടിയിലെത്തിയ കഷ്ടത്തെ പരാമർശിക്കുകയല്ലായിരുന്നു. മറിച്ച്, തന്റെ വാഗ്ദത്ത ‘സാന്നിധ്യത്തെ’ പാരമ്യത്തിൽ എത്തിച്ചുകൊണ്ട്, ഭാവിയിൽ ലോകവ്യവസ്ഥിതിയുടെമേൽ വന്നുഭവിക്കാനിരിക്കുന്ന മഹോപദ്രവത്തിന്റെ തുടക്കത്തിലേക്കു വിരൽ ചൂണ്ടുകയായിരുന്നു. (മത്തായി 24:3) ആ കഷ്ടം ഇപ്പോഴും നമ്മുടെ ഭാവിയിലാണ്.
16. മർക്കൊസ് 13:24 ഏത് ഉപദ്രവത്തിലേക്കാണു വിരൽചൂണ്ടിയത്, എന്തുകൊണ്ട്?
16 മർക്കൊസ് 13:24-ലെ [NW] “ആ ഉപദ്രവത്തിനുശേഷം ആ നാളുകളിൽ സൂര്യൻ ഇരുണ്ടുപോകയും ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കയും . . . ചെയ്യും” എന്ന വാക്കുകളെ സംബന്ധിച്ചെന്ത്? ഇവിടെ “ആ” എന്ന പദം വിദൂരഭാവിയിലെ എന്തിനെയെങ്കിലും കുറിക്കുന്നതിനുള്ള ഗ്രീക്കിലെ നിർദേശക സർവനാമമായ ഇക്കെയിനോസിന്റെ വിവിധ രൂപങ്ങളുടെ പരിഭാഷയാണ്. വളരെക്കാലങ്ങൾക്കു മുമ്പു സംഭവിച്ചതോ (മുമ്പു പ്രസ്താവിച്ചതോ) ആയ എന്തിനെയെങ്കിലുമോ അല്ലെങ്കിൽ വളരെ വിദൂര ഭാവിയിലെ എന്തിനെയെങ്കിലുമോ പ്രതിപാദിക്കുന്നതിന് ഇക്കെയിനോസ് എന്ന പദം ഉപയോഗിക്കാവുന്നതാണ്. (മത്തായി 3:1; 7:22; 10:19; 24:38; മർക്കൊസ് 13:11, 17, 32; 14:25; ലൂക്കൊസ് 10:12; 2 തെസ്സലൊനീക്യർ 1:10) അതുകൊണ്ട്, റോമാക്കാർ ഇളക്കിവിട്ട കഷ്ടത്തെയല്ല, മറിച്ച് ഇപ്പോഴത്തെ വ്യവസ്ഥിതിയുടെ അന്ത്യത്തിലുള്ള യഹോവയുടെ ശക്തമായ നടപടിയെ പരാമർശിച്ചുകൊണ്ടു മർക്കൊസ് 13:24 “ആ ഉപദ്രവ”ത്തിലേക്കു വിരൽ ചൂണ്ടി.
17, 18. മഹോപദ്രവം എങ്ങനെ വികാസംപ്രാപിക്കും എന്നതു സംബന്ധിച്ചു വെളിപ്പാട് എന്തു വെളിച്ചം വീശുന്നു?
17 വെളിപ്പാടിന്റെ 17 മുതൽ 19 വരെയുള്ള അധ്യായങ്ങൾ മത്തായി 24:29-31-ലെയും മർക്കൊസ് 13:24-27-ലെയും ലൂക്കൊസ് 21:25-28-ലെയും ഈ പുതിയ ഗ്രാഹ്യത്തോടു യോജിക്കുകയും അതിനു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. എങ്ങനെ? ഈ ഉപദ്രവം പെട്ടെന്ന് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുകയില്ലെന്നു സുവിശേഷങ്ങൾ പ്രകടമാക്കുന്നു. അതു തുടങ്ങിയതിനുശേഷം “മനുഷ്യപുത്രന്റെ അടയാളം കാണു”ന്നതിനും പ്രതികരിക്കുന്നതിനും—പ്രലാപിക്കുന്നതിനും ലൂക്കൊസ് 21:26 പറയുന്നതുപോലെ “ഭൂലോകത്തിനു എന്തു ഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാർത്തുംകൊണ്ടു മനുഷ്യർ നിർജ്ജീവൻമാർ ആകാ”നും—അനുസരണംകെട്ട മനുഷ്യവർഗത്തിൽ കുറെപ്പേർ അപ്പോഴും ഭൂമിയിൽ ജീവനോടെയുണ്ടാകും. ആകുലീകരിക്കുന്ന ആ ഭയം തങ്ങളുടെ ആസന്നമായ നാശത്തെ കുറിക്കുന്ന “അടയാളം” കാണുന്നതുകൊണ്ടായിരിക്കും.
18 സാർവദേശീയ “കാട്ടുമൃഗ”ത്തിന്റെ സൈന്യവത്കൃത “കൊമ്പുകൾ” മഹാബാബിലോനായ “മഹാവേശ്യ”ക്കെതിരെ തിരിയുമ്പോൾ ഭാവിയിലെ മഹോപദ്രവം ആരംഭിക്കുമെന്നു വെളിപ്പാടു വിവരണം കാണിക്കുന്നു.d (വെളിപ്പാടു 17:1, 10-16) എന്നാൽ അനേകമാളുകൾ അവശേഷിക്കും, കാരണം രാജാക്കൻമാരും വ്യാപാരികളും കപ്പിത്താൻമാരും വ്യാജമതത്തിന്റെ നാശംകണ്ടു വിലപിക്കുന്നു. തങ്ങളുടെ ന്യായവിധിയാണ് അടുത്തതെന്ന് അനേകർ തിരിച്ചറിയുമെന്നതിൽ സംശയമില്ല.—വെളിപ്പാടു 18:9-19.
എന്താണു സംഭവിക്കാൻ പോകുന്നത്?
19. മഹോപദ്രവം തുടങ്ങുമ്പോൾ നമുക്ക് എന്തു പ്രതീക്ഷിക്കാവുന്നതാണ്?
19 പെട്ടെന്നുതന്നെ സംഭവിക്കാൻ പോകുന്നതിൽ ഗണ്യമായ പ്രകാശം ചൊരിയുന്നതിനു മത്തായിയുടെയും മർക്കോസിന്റെയും ലൂക്കോസിന്റെയും സുവിശേഷഭാഗങ്ങൾ വെളിപ്പാടിന്റെ 17 മുതൽ 19 വരെയുള്ള അധ്യായങ്ങളോടു ചേരുന്നു. ദൈവത്തിന്റെ നിയമിത സമയത്തു (മഹാബാബിലോനായ) വ്യാജമതലോകസാമ്രാജ്യത്തിനെതിരെ ഉള്ള ഒരാക്രമണത്തോടെ മഹോപദ്രവം ആരംഭിക്കും. ഇത് അവിശ്വസ്ത യരുശലേമിനു സമാനമായ ക്രൈസ്തവലോകത്തിനെതിരെ വിശേഷിച്ചും തീവ്രമായിരിക്കും. ഉപദ്രവത്തിന്റെ ഈ ഘട്ടത്തിനു “ശേഷം ഉടനെ” “സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ലക്ഷ്യങ്ങളും ഭൂമിയിലെ ജാതികൾക്കു (മുമ്പുണ്ടായിട്ടില്ലാത്ത) പരിഭ്രമ”വും ഉണ്ടാകും.—മത്തായി 24:29; ലൂക്കൊസ് 21:25.
20. ഭാവിയിൽ നമുക്കു പ്രതീക്ഷിക്കാവുന്ന സ്വർഗീയ പ്രതിഭാസങ്ങളെന്ത്?
20 ‘സൂര്യൻ ഇരുണ്ടുപോകുന്നതും ചന്ദ്രൻ വെളിച്ചം തരാതിരിക്കുന്നതും നക്ഷത്രങ്ങൾ ആകാശത്തുനിന്നും വീഴുന്നതും ആകാശത്തിലെ ശക്തികൾ ഇളകിപ്പോകുന്നതും’ ഏതർഥത്തിൽ ആയിരിക്കും? നിസ്സംശയമായും മഹോപദ്രവത്തിന്റെ ആദ്യഭാഗത്ത് അനേകം പ്രകാശഗോളങ്ങളെ—മതമണ്ഡലത്തിലെ ഉന്നത പുരോഹിതരെ—വെളിപ്പാടു 17:16-ൽ സൂചിപ്പിച്ചിരിക്കുന്ന “പത്തു കൊമ്പുകൾ” നഗ്നമാക്കുകയും തുടച്ചുനീക്കുകയും ചെയ്തിരിക്കും. രാഷ്ട്രീയ ശക്തികളും ഇളക്കപ്പെടുമെന്നതിൽ സംശയം വേണ്ട. ഭൗതിക ആകാശങ്ങളിലും ഭീതിപ്പെടുത്തുന്ന സംഭവങ്ങൾ ഉണ്ടായിരിക്കുമോ? അതിനുള്ള നല്ല സാധ്യതയുണ്ട്, മാത്രമല്ല, അത് യഹൂദ വ്യവസ്ഥിതിയുടെ സമാപനത്തോടടുത്തു സംഭവിച്ചതായി ജോസീഫസ് വർണിച്ചതിനെക്കാൾ പലമടങ്ങു ഭീതിപ്പെടുത്തുന്നതുമായിരിക്കും. പുരാതന കാലങ്ങളിൽ ഇത്തരം അത്യാപത്തുകൾക്കിടയാക്കാൻ ദൈവം തന്റെ ശക്തി ഉപയോഗിച്ചിട്ടുണ്ടെന്നു നമുക്കറിയാം, അവിടുത്തേക്കു വീണ്ടും അങ്ങനെ ചെയ്യാൻ കഴിയും.—പുറപ്പാടു 10:21-23; യോശുവ 10:12-14; ന്യായാധിപൻമാർ 5:20; ലൂക്കൊസ് 23:44, 45.
21. ഒരു ഭാവി “അടയാളം” എങ്ങനെ സംഭവിക്കും?
21 ഈ ഘട്ടത്തിൽ, മൂന്നു സുവിശേഷ എഴുത്തുകാരും അടുത്ത സംഭവവികാസം അവതരിപ്പിക്കുന്നതിനു ടോട്ടെ (അപ്പോൾ) എന്ന ഗ്രീക്കു പദമാണ് ഉപയോഗിക്കുന്നത്. “അപ്പോൾ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു വിളങ്ങും.” (മത്തായി 24:30; മർക്കൊസ് 13:26; ലൂക്കൊസ് 21:27) ഒന്നാം ലോകമഹായുദ്ധത്തിനുശേഷം യേശുവിന്റെ യഥാർഥ ശിഷ്യൻമാർ അവിടുത്തെ അദൃശ്യ സാന്നിധ്യത്തിന്റെ സംയുക്ത അടയാളം തിരിച്ചറിഞ്ഞിരിക്കുന്നു, എന്നാൽ അനേകരും അതു തിരിച്ചറിഞ്ഞിട്ടില്ല. എന്നാൽ മത്തായി 24:30 “മനുഷ്യപുത്രന്റെ” മറെറാരു “അടയാളം” ഭാവിയിൽ പ്രത്യക്ഷപ്പെടുന്നതിലേക്കു വിരൽ ചൂണ്ടുന്നു. അതു ശ്രദ്ധിക്കാൻ സകല ജാതികളും നിർബന്ധിതരാകും. യേശു അദൃശ്യതയുടെ “മേഘങ്ങളിൽ വരു”മ്പോൾ, അവിടുത്തെ രാജകീയ ശക്തിയുടെ അമാനുഷികമായ പ്രകടനം നിമിത്തം ലോകവ്യാപകമായുള്ള മത്സരികളായ മനുഷ്യർ ആ “വരവു” [ഗ്രീക്ക്, എർക്കോമെനൻ] തിരിച്ചറിയേണ്ടിവരും.—വെളിപ്പാടു 1:7.
22. മത്തായി 24:30-ലെ “അടയാളം” കാണുന്നതിന്റെ പരിണതഫലം എന്തായിരിക്കും?
22 അടുത്തതായി സംഭവിക്കുന്നത് അറിയിക്കാൻ മത്തായി 24:30 ടോട്ടെ വീണ്ടും ഉപയോഗിക്കുന്നു. തങ്ങളുടെ അവസ്ഥയുടെ പരിണതഫലം വിവേചിച്ചറിഞ്ഞുകൊണ്ടു ജനതകൾ മാറത്തടിക്കുകയും വിലപിക്കുകയും ചെയ്യും, ഒരുപക്ഷേ, തങ്ങളുടെ നാശം ആസന്നമാണെന്ന് അവർ തിരിച്ചറിഞ്ഞുകൊണ്ടുതന്നെ. ദൈവത്തിന്റെ ദാസരുടെകാര്യം എത്രയോ വിഭിന്നം, എന്തെന്നാൽ നമ്മുടെ വിടുതൽ അടുത്തിരിക്കുന്നെന്നറിഞ്ഞു നമുക്കു തലകൾ ഉയർത്താൻ കഴിയും! (ലൂക്കൊസ് 21:28) സ്വർഗത്തിലും ഭൂമിയിലും ഉള്ള സത്യാരാധകർ മഹാവേശ്യയുടെ നാശത്തിൽ സന്തോഷിക്കുന്നതായി വെളിപ്പാടു 19:1-6-ഉം പ്രകടമാക്കുന്നു.
23. (എ) തിരഞ്ഞെടുക്കപ്പെട്ടവർക്കുവേണ്ടി യേശു എന്തു നടപടി സ്വീകരിക്കും? (ബി) ശേഷിപ്പിനെ സ്വർഗത്തിലേക്ക് എടുക്കുന്നതിനെക്കുറിച്ച് എന്തു പറയാൻ കഴിയും?
23 മർക്കൊസ് 13:27-ൽ യേശുവിന്റെ പ്രവചനം തുടർന്നു പറയുന്നു: “അന്നു [ടോട്ടെ] അവൻ തന്റെ ദൂതൻമാരെ അയച്ചു, തന്റെ വൃതൻമാരെ [തിരഞ്ഞെടുക്കപ്പെട്ടവരെ, NW] ഭൂമിയുടെ അറുതിമുതൽ ആകാശത്തിന്റെ അറുതിവരെയും നാലു ദിക്കിൽനിന്നും കൂട്ടിച്ചേർക്കും.” ഇവിടെ യേശു ഭൂമിയിൽ അപ്പോഴും ജീവിച്ചിരിക്കുന്ന “തിരഞ്ഞെടുക്കപ്പെട്ട”വരായ 1,44,000-ന്റെ ശേഷിപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വ്യവസ്ഥിതിയുടെ സമാപനത്തിന്റെ ആരംഭത്തിൽ യേശുവിന്റെ ഈ അഭിഷിക്ത ശിഷ്യൻമാർ ദിവ്യാധിപത്യ ഐക്യത്തിലേക്കു കൂട്ടിച്ചേർക്കപ്പെട്ടു. എന്നിരുന്നാലും, ഇവിടെ നൽകിയിരിക്കുന്ന ക്രമം അനുസരിച്ച്, മർക്കൊസ് 13:27-ഉം മത്തായി 24:31-ഉം വേറെ ചിലതു വർണിക്കുന്നു. അവശേഷിക്കുന്ന “വൃതൻമാരെ” [തിരഞ്ഞെടുക്കപ്പെട്ടവരെ, NW] “മഹാ കാഹള ധ്വനിയോടെ” ഭൂമിയുടെ അററങ്ങളിൽനിന്നു ശേഖരിക്കപ്പെടും. അവർ എങ്ങനെ ശേഖരിക്കപ്പെടും? നിസ്സന്ദേഹമായി, യഹോവ അവരെ അന്തിമമായി “മുദ്ര കുത്തു”കയും “വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായ”വരുടെ ഭാഗമായി തിരിച്ചറിയിക്കുകയും ചെയ്യും. രാജാക്കൻമാരും പുരോഹിതൻമാരും ആയിരിക്കേണ്ടതിനു ദൈവത്തിന്റെ നിയമിതസമയത്ത് അവർ സ്വർഗത്തിലേക്കു കൂട്ടിച്ചേർക്കപ്പെടുകയും ചെയ്യും.e ഇത് അവർക്കും അവരുടെ വിശ്വസ്ത സഹകാരികളായ “മഹാപുരുഷാര”ത്തിനും സന്തോഷം കൈവരുത്തും, കാരണം മഹാപുരുഷാരം പറുദീസാ ഭൂമിയിലെ നിത്യജീവൻ ആസ്വദിക്കാൻ “മഹോപദ്രവത്തിൽനിന്നു പുറത്തു” വരുന്നതിന് അടയാളമിടപ്പെടും.—മത്തായി 24:22; വെളിപ്പാടു 7:3, 4, 9-17; 17:14; 20:6; യെഹെസ്കേൽ 9:4, 6.
24. വരാൻ പോകുന്ന സംഭവവികാസങ്ങളുടെ എന്ത് അനുക്രമത്തെയാണു മത്തായി 24:29-31 വെളിപ്പെടുത്തുന്നത്?
24 “ഞങ്ങളോടു പറയൂ” എന്ന് അപ്പോസ്തലൻമാർ ആവശ്യപ്പെട്ടപ്പോൾ യേശുവിന്റെ മറുപടിയിൽ അവർക്കു ഗ്രഹിക്കാവുന്നതിൽ അധികം കാര്യങ്ങൾ അടങ്ങി. എന്നിട്ടും തങ്ങളുടെ ജീവിതകാലത്ത് അവിടുത്തെ പ്രവചനത്തിന്റെ മാതൃകാപരമായ ഒരു നിവൃത്തി കാണാൻ കഴിഞ്ഞതിൽ അവർ സന്തോഷിച്ചു. യേശുവിന്റെ മറുപടിയെക്കുറിച്ചുള്ള നമ്മുടെ പഠനം ആസന്ന ഭാവിയിൽ നടക്കാൻപോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള അവിടുത്തെ പ്രവചനഭാഗത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. (മത്തായി 24:29-31; മർക്കൊസ് 13:24-27; ലൂക്കൊസ് 21:25-28) നമ്മുടെ വിടുതൽ അടുത്തുകൊണ്ടിരിക്കയാണെന്ന് ഇപ്പോൾത്തന്നെ നമുക്കു കാണാൻ കഴിയുന്നുണ്ട്. നമുക്കു മഹോപദ്രവത്തിന്റെ തുടക്കത്തിലേക്കും അതിനുശേഷം മനുഷ്യപുത്രന്റെ അടയാളത്തിലേക്കും അതിനുശേഷം ദൈവം തിരഞ്ഞെടുക്കപ്പെട്ടവരെ കൂട്ടിച്ചേർക്കുന്നതിലേക്കും നോക്കിപ്പാർത്തിരിക്കാൻ കഴിയും. ഒടുവിൽ യഹോവയുടെ വധാധികൃതനെന്നനിലയിൽ അർമഗെദോനിൽ നമ്മുടെ യോദ്ധാവാം രാജാവായ സിംഹാസനസ്ഥനായ യേശു “തന്റെ ജയിച്ചടക്കൽ പൂർത്തീ”കരിക്കും. (വെളിപ്പാടു 6:2) 1914 മുതൽ ഇങ്ങോട്ടു കർത്താവായ യേശുവിന്റെ നാളിനെ അടയാളപ്പെടുത്തിയിട്ടുള്ള “വ്യവസ്ഥിതിയുടെ സമാപന”ത്തിന്റെ മഹത്തായ പരമാന്ത്യം എന്നനിലയിലും യഹോവയുടെ ദിവസം വരും. അന്നു യഹോവ പ്രതികാരം ചെയ്യും.
25. ലൂക്കൊസ് 21:28-ന്റെ ഭാവി നിവൃത്തിയിൽ നമുക്കെങ്ങനെ പങ്കുപററാവുന്നതാണ്?
25 “ഇതു സംഭവിച്ചു തുടങ്ങുമ്പോൾ നിങ്ങളുടെ വീണ്ടെടുപ്പു അടുത്തുവരുന്നതുകൊണ്ടു നിവിർന്നു തല പൊക്കുവിൻ” എന്ന യേശുവിന്റെ വാക്കുകളുടെ ഭാവിനിവൃത്തിയോടു പ്രതികരിക്കേണ്ടതിനു ദിവ്യ ബോധനത്തിൽനിന്നു നിങ്ങൾ പ്രയോജനം അനുഭവിക്കുന്നതിൽ തുടരട്ടെ. (ലൂക്കൊസ് 21:28) യഹോവ തന്റെ പരിശുദ്ധ നാമം വിശുദ്ധമാക്കാൻ നടപടി എടുക്കവേ, തിരഞ്ഞെടുക്കപ്പെട്ടവർക്കും മഹാപുരുഷാരത്തിനും എന്തൊരു മഹത്തായ ഭാവിയാണു മുമ്പിൽ സ്ഥിതിചെയ്യുന്നത്!
[അടിക്കുറിപ്പുകൾ]
a നമ്മുടെ നാളിലെ ഭൗതിക വസ്തുക്കൾ ബൈബിൾ പ്രവചനങ്ങളെ എങ്ങനെ നിവർത്തിക്കുന്നുവെന്നു കാണിച്ചുകൊണ്ട് ഇതിനു തെളിവു നൽകാൻ യഹോവയുടെ സാക്ഷികൾക്കു സന്തോഷമുണ്ട്.
b കൂടുതലായ വിശദാംശങ്ങൾ 1973-ൽ വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ച ആയിരംവർഷത്തെ ദൈവരാജ്യം സമീപിച്ചിരിക്കുന്നു [ഇംഗ്ലീഷ്] എന്ന പുസ്തകത്തിന്റെ 296-323 പേജുകളിലും 1982 സെപ്ററംബർ 15-ലെ ദ വാച്ച്ടവർ മാസികയുടെ 17-22 പേജുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
c യരുശലേമിനെതിരെയുള്ള റോമൻ സൈന്യത്തിന്റെ ആദ്യത്തെ ആക്രമണത്തിനും (പൊ.യു. 66) അതിന്റെ നാശത്തിനുമിടയ്ക്കുള്ള സംഭവവികാസങ്ങളെക്കുറിച്ചു ജോസീഫസ് ഇങ്ങനെ എഴുതുന്നു: “രാത്രിയിൽ ശൂന്യമാക്കുന്ന ഒരു കൊടുങ്കാററു വീശി, ഒരു ചുഴലിക്കാററ് ആഞ്ഞടിച്ചു, മഴ കോരിച്ചൊരിഞ്ഞു, മിന്നൽ തുടർച്ചയായി വെളിച്ചം വിതറി, ഇടിമുഴക്കം ഭീതിപ്പെടുത്തുന്നതായിരുന്നു, കാതടപ്പിക്കുന്ന അലർച്ചയോടെ ഭൂമിക്കു കമ്പനമുണ്ടായി. ഈ മുഴു അടിസ്ഥാന സംഗതികളുടെയും പതനം മനുഷ്യവർഗത്തിന്റെ നാശത്തെ വളരെ വ്യക്തമായി മുൻനിഴലാക്കി. ഈ ദുർലക്ഷണങ്ങൾ അസമാന്തരമായ ഒരു വിനാശത്തിന്റെ ദുസ്സൂചന നൽകുന്നത് അകാരണമായിട്ടാണെന്ന് ആർക്കും സംശയിക്കാനാകില്ലായിരുന്നു.”
d “മഹോപദ്രവം” എന്നും “ഒരു ഉപദ്രവം” എന്നും യേശു പറഞ്ഞതിന്റെ പ്രാരംഭ ബാധകമാക്കൽ യഹൂദ വ്യവസ്ഥിതിയുടെ നാശമായിരുന്നു. എന്നാൽ നമ്മുടെ നാളുകളിൽ മാത്രം ബാധകമാകുന്ന വാക്യങ്ങളിൽ അവിടുന്ന് “ആ ഉപദ്രവം” എന്നു പറഞ്ഞുകൊണ്ട് നിശ്ചയോപപദമായ “ആ” ഉപയോഗിക്കുന്നു. (മത്തായി 24:21, 29, NW; മർക്കോസ് 13:19, 24, NW) വെളിപ്പാടു 7:14 [NW] ഈ ഭാവി സംഭവത്തെ “ആ മഹോപദ്രവം” അക്ഷരീയമായി “വലിയ ആ ഉപദ്രവം” എന്നു പരാമർശിച്ചിരിക്കുന്നു.
e 1990 ഓഗസ്ററ് 15-ലെ ദ വാച്ച്ടവറിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.
നിങ്ങൾ ഓർക്കുന്നുണ്ടോ?
◻ യോവേൽ 2:28-31-ന്റെയും 3:15-ന്റെയും ഭാഗങ്ങൾ ഒന്നാം നൂററാണ്ടിൽ നിവൃത്തിയേറിയതെങ്ങനെ?
◻ മത്തായി 24:29 പരാമർശിക്കുന്ന ഉപദ്രവം ഏത്, നാം അങ്ങനെ നിഗമനം ചെയ്യുന്നതെന്തുകൊണ്ട്?
◻ ഏതു സ്വർഗീയ പ്രതിഭാസങ്ങളിലേക്കാണു മത്തായി 24:29 വിരൽചൂണ്ടുന്നത്, ഇതു മഹോപദ്രവത്തിനുശേഷം ഉടനടിയായിരിക്കാവുന്നത് എങ്ങനെ?
◻ ലൂക്കൊസ് 21:26, 28 ഭാവിയിൽ എങ്ങനെ നിവൃത്തിയേറുന്നതായിരിക്കും?
[16, 17 പേജിലെ ചിത്രം]
ആലയ പ്രദേശം
[കടപ്പാട്]
Pictorial Archive (Near Eastern History) Est.