രത്നങ്ങൾ മർക്കോസിന്റെ സുവിശേഷത്തിൽനിന്ന്
യേശുവിന്റെ ഭൗമികജീവിതത്തെയും ശുശ്രൂഷയെയും കുറിച്ച് പ്രവർത്തനബഹുലമായ ഒരു വിവരണമെഴുതാൻ യഹോവയുടെ ആത്മാവ് മർക്കോസിനെ നിശ്വസ്തനാക്കി. ഇതിന്റെ എഴുത്തുകാരൻ മർക്കോസാണെന്ന് ഈ സുവിശേഷം പറയുന്നില്ലെങ്കിലും പാപ്പിയാസിന്റെയും ജസ്ററിൻ മാർട്ടെറുടെയും തെർത്തുല്യന്റെയും ഓറിജന്റെയും യൂസേബിയസിന്റെയും ജറോമിന്റെയും നമ്മുടെ പൊതുയുഗത്തിന്റെ ആദ്യത്തെ നാലു നൂററാണ്ടുകളിൽ എഴുതിയ മററുള്ളവരുടെയും കൃതികളിൽ ഇതിന്റെ തെളിവുണ്ട്.
പാരമ്പര്യമനുസരിച്ച് ഈ സുവിശേഷത്തിനുള്ള അടിസ്ഥാനവിവരങ്ങൾ കൊടുത്തത് അപ്പോസ്തലനായ പത്രോസായിരുന്നു. ദൃഷ്ടാന്തമായി, “പത്രോസിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായി” മർക്കോസ് അതെഴുതിയെന്ന് ഓറിജൻ പറഞ്ഞു. എന്നാൽ പ്രത്യക്ഷത്തിൽ മററ് ഉറവുകളും മർക്കോസിന് ലഭ്യമായിരുന്നു, എന്തുകൊണ്ടെന്നാൽ ശിഷ്യൻമാർ അവന്റെ അമ്മയുടെ വീട്ടിൽ കൂടിവന്നിരുന്നു. യഥാർത്ഥത്തിൽ, യേശുവിനെ അറസ്ററുചെയ്യാൻ വന്നവരെ ഒഴിഞ്ഞുപോയ “ചെറുപ്പക്കാരൻ” മർക്കോസായിരിക്കാനിടയുള്ളതുകൊണ്ട് അവന് ക്രിസ്തുവുമായി വ്യക്തിപരമായ സമ്പർക്കമുണ്ടായിരുന്നിരിക്കണം.—മർക്കോസ് 14:51, 52; പ്രവൃത്തികൾ 12:12.
ആർക്കുവേണ്ടി എഴുതപ്പെട്ടു?
പ്രത്യക്ഷത്തിൽ മുഖ്യമായി വിജാതീയ വായനക്കാർക്കുവേണ്ടിയാണ് മർക്കോസ് എഴുതിയത്. ഉദാഹരണത്തിന്, അവന്റെ സംക്ഷിപ്ത രീതി റോമൻ പ്രകൃതത്തിന് യോജിച്ചതായിരുന്നു. അവൻ “കൊർബാനെ” “ദൈവത്തിന് അർപ്പിക്കപ്പെട്ട ഒരു വഴിപാട്” എന്ന് നിർവചിച്ചു. (7:11) ഒലിവുമലയിൽനിന്ന് ആലയം കാണാമെന്ന് അവൻ സൂചിപ്പിച്ചു. (13:3) പരീശൻമാർ “ഉപവാസം ആചരിച്ചു”വെന്നും സദൂക്യർ “പുനരുത്ഥാനമില്ലെന്ന് പറയുന്നു”വെന്നും മർക്കോസ് വിശദീകരിച്ചു. (2:18; 12:18) യഹൂദ വായനക്കാർക്ക് അത്തരം പ്രസ്താവനകൾ അനാവശ്യമായിരിക്കും.
തീർച്ചയായും, മർക്കോസിന്റെ സുവിശേഷത്തിന്റെ വായന ഏതൊരാൾക്കും പ്രയോജനംചെയ്യും. എന്നാൽ അതിലെ ചില രത്നങ്ങളെ വിലമതിക്കുന്നതിന് ഏതു പശ്ചാത്തലസവിശേഷതകൾക്ക് നമ്മെ സഹായിക്കാൻ കഴിയും?
ദൈവപുത്രൻ അത്ഭുതം പ്രവർത്തിക്കുന്ന ഒരുവൻ
ദൈവത്തിന്റെ ശക്തിയാൽ യേശു ചെയ്ത അത്ഭുതങ്ങൾ മർക്കോസ് വിവരിക്കുന്നു. ഉദാഹരണത്തിന്, ഒരു സന്ദർഭത്തിൽ ഒരു വീട്ടിൽ വലിയ ആൾത്തിരക്കായിരുന്നതുകൊണ്ട് തളർവാതം പിടിപെട്ട ഒരു മനുഷ്യന് സൗഖ്യംപ്രാപിക്കാൻ ഒരു മേൽക്കൂരയിലെ ദ്വാരത്തിലൂടെ യേശുവിന്റെ അടുക്കലേക്ക് ഇറക്കേണ്ടിവന്നു. (2:4) വീട്ടിൽ ആൾത്തിരക്കായിരുന്നതുകൊണ്ട് ആ മനുഷ്യനെ ഒരു ഗോവണയിലൂടെയോ പുറത്തെ ഗോവണിപ്പടികളിലൂടെയോ മുകളിൽ കയററിയിരിക്കാം. എന്നാൽ മേൽക്കൂരയിൽ ദ്വാരമുണ്ടാക്കിയതെന്തിന്? ശരി, മിക്ക മേൽക്കൂരകളും പരന്നതും ഭിത്തികളിൽ വെച്ചിരിക്കുന്ന തുലാങ്ങളിൽ നിൽക്കുന്നതുമായിരുന്നു. തുലാങ്ങൾക്കു കുറുകെ കൊമ്പുകളും മുളകളും മററുംകൊണ്ട് മൂടിയ കഴുക്കോലുകൾ ഉണ്ടായിരുന്നു. മുകളിൽ കളിമണ്ണോ കളിമണ്ണും കുമ്മായവും ചേർത്ത കൂട്ടോ തേച്ച കനത്ത ഒരു പാളി ഉണ്ടായിരുന്നു. അതുകൊണ്ട് തളർവാതക്കാരനെ യേശുവിന്റെ സന്നിധിയിലേക്കിറക്കുന്നതിന് ആളുകൾ മൺമേൽക്കൂരയിൽ ഒരു ദ്വാരം ഉണ്ടാക്കണമായിരുന്നു. അങ്ങനെ ചെയ്തുകഴിഞ്ഞപ്പോൾ എന്തോരനുഗ്രഹം! ക്രിസ്തു ആ മനുഷ്യനെ സൗഖ്യമാക്കുകയും എല്ലാവരും ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്തു. (2:1-12) യഹോവയുടെ പുത്രൻ പുതിയ ലോകത്തിൽ അത്ഭുതകരമായ സൗഖ്യമാക്കലുകൾ നടത്തുമെന്നുള്ളതിന് എന്തോരുറപ്പ്!
ഗലീലക്കടലിൽവെച്ച് ഒരു വള്ളത്തിൽ “ഒരു തലയിണ”മേൽ യേശു ഉറങ്ങിക്കിടന്നപ്പോൾ ഉണർത്തപ്പെട്ടശേഷം ഒരു കൊടുങ്കാററിനെ ശമിപ്പിച്ചുകൊണ്ടാണ് അവൻ തന്റെ അത്ഭുതങ്ങളിലൊന്നു ചെയ്തത്. (4:35-41) പ്രത്യക്ഷത്തിൽ, തലയിണ ഇക്കാലത്ത് ഒരു കിടക്കയിൽ തലക്കീഴിൽ താങ്ങായി വെക്കുന്ന മൃദുലമായ ഇനമല്ലായിരുന്നു. അത് തുഴയുന്നവർ ഇട്ട് ഇരിക്കുന്നതോ അമരത്തിങ്കൽ ഒരു ഇരിപ്പിടമായി ഉതകുന്ന ഒരു താങ്ങോ കുഷ്യനോ ആയിരുന്നു. എങ്ങനെയായാലും, “ശമിക്കൂ! ശാന്തമാകൂ!” എന്ന് യേശു പറഞ്ഞപ്പോൾ സ്ഥലത്തുണ്ടായിരുന്നവർക്ക് പ്രവർത്തനത്തിലിരിക്കുന്ന വിശ്വാസത്തിന്റെ തെളിവുണ്ടായിരുന്നു, എന്തെന്നാൽ “കാററു ശമിച്ചു, വലിയ പ്രശാന്തത വ്യാപിച്ചു.”
ദക്കപ്പൊലീസിലെ ശുശ്രൂഷ
യേശു ഗലീലക്കടൽ കടന്ന് ദക്കപ്പൊലീസിൽ അഥവാ ദശ-നഗരപ്രദേശത്ത് പ്രവേശിച്ചു. ഈ നഗരങ്ങളിൽ നിസ്സംശയമായി വലിയ യഹൂദ ജനസമൂഹങ്ങളുണ്ടായിരുന്നെങ്കിലും അവ ഗ്രീക്ക് അഥവാ യവന സംസ്ക്കാരത്തിന്റെ കേന്ദ്രങ്ങളായിരുന്നു. യേശു അവിടെ ഗദരദേശത്ത് “കല്ലറകളുടെ ഇടയിൽ കൂടെക്കൂടെ പൊയ്ക്കൊണ്ടിരുന്ന” ഒരു മനുഷ്യനെ ഭൂതബാധയിൽനിന്ന് മോചിപ്പിച്ചു.—5:1-20.
ചില സമയങ്ങളിൽ, പാറയിൽ വെട്ടിയുണ്ടാക്കിയ കല്ലറകൾ ഭ്രാന്തൻമാരുടെ സന്ദർശനസ്ഥലങ്ങളോ കുററവാളികളുടെ ഒളിസ്ഥലങ്ങളോ ദരിദ്രരുടെ വാസസ്ഥലങ്ങളോ ആയിരുന്നു. (യെശയ്യാവ് 22:16; 65:2-4 താരതമ്യപ്പെടുത്തുക.) 19-ാം നൂററാണ്ടിലെ ഒരു കൃതിയനുസരിച്ച്, യേശു ഈ ഭൂതബാധിതനെ കണ്ട പ്രദേശത്ത് സന്ദർശനം നടത്തിയ ഒരാൾ അത്തരമൊരു വസതിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “കല്ലറക്ക് ഉള്ളിൽ ഏകദേശം എട്ടടി ഉയരമുണ്ടായിരുന്നു, തറയിലേക്കുള്ള കൽകവാടത്തിൽനിന്ന് കുത്തനെ ഒരു ഇറക്കമുണ്ടായിരുന്നു. അതിന്റെ വലിപ്പം എതാണ്ട് പന്ത്രണ്ട് ചുവട് സമചതുരമായിരുന്നു; വാതിലിലൂടെയല്ലാതെ അതിൽ വെളിച്ചം കടക്കാഞ്ഞതുകൊണ്ട് മററു ചിലതിലേപ്പോലെ അതിൽ ഒരു ഉള്ളറയുണ്ടായിരുന്നോയെന്ന് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞില്ല. അതിനുള്ളിൽ പൂർണ്ണതയുള്ള ഒരു കൽക്കുമ്മായ ശവപ്പെട്ടി അപ്പോഴുമുണ്ടായിരുന്നു. അത് ആ കുടുംബം ചോളം മുതലായ സാധനങ്ങൾ സൂക്ഷിക്കുന്നതിന് ഇപ്പോൾ ഒരു പെട്ടിയായി ഉപയോഗിച്ചു. തന്നിമിത്തം മരിച്ചവരുടെ ഈ അതിക്രമിക്കപ്പെട്ട കല്ലറ ജീവനുള്ളവർക്ക് അങ്ങനെ സുരക്ഷിതവും ശീതളവും സൗകര്യപ്രദവുമായ താവളമായിത്തീർന്നിരുന്നു.”
യേശുവും പാരമ്പര്യവും
ഒരു സന്ദർഭത്തിൽ, യേശുവിന്റെ ശിഷ്യൻമാർ കൈകഴുകാതെ ഭക്ഷിക്കുന്നുവെന്ന് പരീശൻമാരും ചില ശാസ്ത്രിമാരും പരാതി പറഞ്ഞു. യഹൂദൻമാർ ‘കൈമുട്ടുവരെ കൈകൾ കഴുകിയിട്ടല്ലാതെ ഭക്ഷിക്കുമായിരുന്നില്ലെന്ന്’ വിജാതീയ വായനക്കാരുടെ പ്രയോജനത്തിനുവേണ്ടി മർക്കോസ് വിശദീകരിച്ചു. ചന്തയിൽ നിന്നു മടങ്ങിവരുമ്പോൾ അവർ വെള്ളം തളിച്ച് തങ്ങളേത്തന്നെ ശുദ്ധീകരിച്ച ശേഷമേ ഭക്ഷണം കഴിക്കുമായിരുന്നുള്ളു. അവരുടെ പാരമ്പര്യങ്ങളിൽ “പാനപാത്രങ്ങളുടെയും ഭരണികളുടെയും ചെമ്പുപാത്രങ്ങളുടെയും സ്നാപനങ്ങൾ” ഉൾപ്പെട്ടിരുന്നു.—7:1-4.
ഭക്ഷണംകഴിക്കുന്നതിനുമുമ്പ് ഭയഭക്തിപുരസ്സരം തങ്ങളേത്തന്നെ തളിക്കുന്നതിനു പുറമേ ആ യഹൂദൻമാർ ഭക്ഷണവേളകളിൽ ഉപയോഗിച്ച പാനപാത്രങ്ങളും ഭരണികളും ചെമ്പുപാത്രങ്ങളും സ്നാപനംചെയ്തു, അഥവാ വെള്ളത്തിൽ മുക്കി. അവർ എത്ര പാരമ്പര്യബദ്ധരായിരുന്നുവെന്ന് പണ്ഡിതനായ ജോൺ ലൈററ്ഫുട്ട് പ്രകടമാക്കി. റബ്ബിമാരുടെ കൃതികൾ ഉദ്ധരിച്ചുകൊണ്ട് വെള്ളത്തിന്റെ അളവ്, രീതി, തൃപ്തികരമായി കഴുകുന്നതിനുള്ള സമയം, എന്നിങ്ങനെയുള്ള വിശദാംശങ്ങൾക്ക് വളരെയധികം ശ്രദ്ധകൊടുത്തിരുന്നതായി അദ്ദേഹം പ്രകടമാക്കി. “രാത്രിയിൽ മനുഷ്യരുടെ കൈകളിൽ ഇരിക്കുന്ന ഒരു ദുരാത്മാവായ” ശിബ്തായാലുള്ള ഉപദ്രവം ഒഴിവാക്കാൻ ചില യഹൂദൻമാർ ഭക്ഷണത്തിനുമുമ്പ് ശ്രദ്ധാപൂർവം കഴുകിയിരുന്നുവെന്ന് സൂചിപ്പിക്കുന്ന ഒരു കേന്ദ്രത്തെ ലൈററ്ഫുട്ട് ഉദ്ധരിച്ചു; “കൈ കഴുകാതെ ആരെങ്കിലും ഭക്ഷണത്തെ തൊട്ടാൽ ആ ആത്മാവ് ഭക്ഷണത്തിൻമേൽ ഇരിക്കുകയും അതു നിമിത്തം അപകടമുണ്ടാകുകയുംചെയ്യും.” ‘മനുഷ്യരുടെ പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കുകയും ദൈവകല്പനകളെ വിട്ടുകളയുകയും ചെയ്ത’ ശാസ്ത്രിമാരെയും പരീശൻമാരെയും യേശു കുററം വിധിച്ചത് അതിശയമല്ല!—7:5-8.
യേശുവിന്റെ അന്തിമ പരസ്യശുശ്രൂഷ
യേശുവിന്റെ ഗലീലയിലെ പിൽക്കാല ശുശ്രൂഷയെയും പെരിയയിലെ വേലയെയും റിപ്പോർട്ടുചെയ്തശേഷം മർക്കോസ് യരുശലേമിനുള്ളിലെയും പുറത്തെയും സംഭവങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഉദാഹരണത്തിന്, ആളുകൾ ആലയത്തിലെ ഭണ്ഡാരങ്ങളിൽ പണമിടുന്നത് ക്രിസ്തു നിരീക്ഷിച്ച ഒരു സന്ദർഭത്തെക്കുറിച്ച് അവൻ പറഞ്ഞു. ഒരു ദരിദ്രയായ വിധവ ‘തീരെ കുറഞ്ഞ വിലയുള്ള രണ്ടു ചെറിയ നാണയങ്ങൾ’ മാത്രം സംഭാവനചെയ്തത് യേശു കണ്ടു. എന്നിരുന്നാലും, മറെറല്ലാവരെക്കാളും കൂടുതൽ കൊടുത്തത് അവളായിരുന്നുവെന്ന് അവൻ പറഞ്ഞു, എന്തുകൊണ്ടെന്നാൽ, അവർ തങ്ങളുടെ സമൃദ്ധിയിൽനിന്നാണ് സംഭാവനചെയ്തത്. എന്നാൽ ‘അവൾ തന്റെ ഞെരുക്കത്തിൽനിന്ന് തന്റെ മുഴു ഉപജീവനവും ഇട്ടു.’ (12:41-44) ഗ്രീക്ക് പാഠമനുസരിച്ച് അവൾ രണ്ടു ലെപ്ററാ സംഭാവനചെയ്തു. യഹൂദൻമാരുടെ ഏററവും ചെറിയ ചെമ്പുനാണയം അഥവാ ഓട്ടുനാണയം ലെപ്ററൻ ആയിരുന്നു. അതിന്റെ പണപരമായ മൂല്യം ഇന്ന് മിക്കവാറും അഗണ്യമാണ്. എന്നാൽ ദരിദ്രയായ സ്ത്രീ തന്നാലാവതു ചെയ്യുകയും സത്യാരാധനയെ പിന്താങ്ങുന്നതിൽ നിസ്വാർത്ഥതയുടെ നല്ല ദൃഷ്ടാന്തം വെക്കുകയും ചെയ്തു.—2 കൊരിന്ത്യർ 9:6, 7.
യേശുവിന്റെ ശുശ്രൂഷ അവസാനത്തോടടുത്തപ്പോൾ, അവൻ പൊന്തിയോസ് പീലാത്തോസിനാൽ ചോദ്യം ചെയ്യപ്പെട്ടു. അയാളുടെ പേരും മേലധികാരി എന്ന സ്ഥാനപ്പേരും 1961ൽ കൈസരിയായിൽ കണ്ടെത്തപ്പെട്ട ഒരു ആലേഖനത്തിൽ കാണപ്പെടുന്നു. യഹൂദ്യ പോലെയുള്ള ഒരു പുറം പ്രവിശ്യയിൽ ഒരു ഗവർണർക്ക് (മേലധികാരി) സൈനികനിയന്ത്രണമുണ്ടായിരുന്നു. സാമ്പത്തിക ഭരണത്തിന്റെ ഉത്തരവാദിത്തവുമുണ്ടായിരുന്നു. വിസ്താരം നടത്തുന്ന ഒരു ന്യായാധിപനായും അയാൾ സേവിച്ചിരുന്നു. ക്രിസ്തുവിനെ വിട്ടയക്കുന്നതിനുള്ള അധികാരം പീലാത്തോസിനുണ്ടായിരുന്നു. എന്നാൽ അയാൾ യേശുവിന്റെ ശത്രുക്കൾക്കു വഴങ്ങുകയും അവനെ തൂക്കിക്കൊല്ലാൻ വിട്ടുകൊടുത്തുകൊണ്ട് ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുകയും രാജ്യദ്രോഹിയായ ബറബ്ബാസിനെ വിട്ടയക്കുകയും ചെയ്തു.—15:1-15.
പീലാത്തോസിന്റെ പിൽക്കാല ജീവിതവും മരണവും സംബന്ധിച്ച വിവിധ പാരമ്പര്യങ്ങൾ ഉണ്ട്. ദൃഷ്ടാന്തത്തിന്, ചരിത്രകാരനായ യൂസേബിയസ് ഇങ്ങനെ എഴുതി: “നമ്മുടെ രക്ഷകന്റെ നാളിലെ ഗവർണറായിരുന്ന പീലാത്തോസ്തന്നെ സ്വന്തം വധാധികൃതനാകാനും സ്വന്തം കൈയാൽ തന്നേത്തന്നെ ശിക്ഷിക്കാനും നിർബ്ബദ്ധനാകത്തക്കവണ്ണം അയാൾ ഇത്തരം അനർത്ഥങ്ങളിൽ ഉൾപ്പെട്ടു; അയാളെ ദിവ്യനീതി പിടികൂടുന്നതിന് വൈകിയില്ലെന്നു തോന്നുന്നു.” എന്നിരുന്നാലും അതിനുള്ള സാദ്ധ്യത പരിഗണിക്കാതെതന്നെ ഏററവും പ്രാധാന്യമുള്ള മരണം യേശുവിന്റേതുതന്നെയായിരുന്നു. റോമൻ സൈനികോദ്യോഗസ്ഥൻ (ശതാധിപൻ) ക്രിസ്തുവിന്റെ മരണത്തിനും അതിനെ ചൂഴ്ന്നുനിന്ന സംഭവങ്ങൾക്കും സാക്ഷിയായിരുന്നു. “തീർച്ചയായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു” എന്നു പറഞ്ഞപ്പോൾ അയാൾ സത്യമാണ് പ്രസ്താവിച്ചത്.—15:33-39. (w89 10/15)
[31-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Pictorial Archive (Near Eastern History) Est.
[32-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Israel Department of Antiquities and Museums; photograph from Israel Museum, Jerusalem