തത്ത്വങ്ങൾ വിവേചിക്കൽ പക്വത വെളിപ്പെടുത്തുന്നു
മോശമായ സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു. നിങ്ങൾ വിതയ്ക്കുന്നതുതന്നെ കൊയ്യും. (1 കൊരിന്ത്യർ 15:33; ഗലാത്യർ 6:7) ഭൗതികമോ ആത്മീയമോ ആയാലും, ഈ ഓരോ പ്രസ്താവനയും ഒരു അടിസ്ഥാന സത്യത്തിന്റെ—ഒരു തത്ത്വത്തിന്റെ—ഉദാഹരണമാണ്. ഓരോന്നും നിയമങ്ങൾക്ക് ഒരടിസ്ഥാനം പ്രദാനം ചെയ്യുന്നു. എന്നാൽ നിയമങ്ങൾ താത്കാലികമാകാം, അവയ്ക്കു നിശ്ചിത സ്വഭാവം കാണും. അതേസമയം തത്ത്വങ്ങൾക്കു വ്യാപകമായ പ്രയുക്തതയാണുള്ളത്, അവയ്ക്കു ശാശ്വതമായിരിക്കാനും കഴിയും. അതുകൊണ്ട്, സാധ്യമായിരിക്കുന്നിടത്തെല്ലാം ഉൾപ്പെട്ടിരിക്കുന്ന തത്ത്വങ്ങളെക്കുറിച്ചു പരിചിന്തിക്കാൻ ദൈവവചനം നമ്മെ പ്രോത്സാഹിപ്പിക്കുന്നു.
വെബ്സ്റ്റേഴ്സ് തേർഡ് ന്യൂ ഇൻറർനാഷണൽ ഡിക്ഷ്ണറി തത്ത്വത്തെ നിർവചിക്കുന്നത് “പൊതുവിലുള്ളതോ അടിസ്ഥാനപരമോ ആയ സത്യം: മറ്റുള്ള നിയമങ്ങൾ അടിസ്ഥാനപ്പെട്ടിരിക്കുന്നതോ ഉത്ഭവിക്കുന്നതോ ആയ സമഗ്രവും അടിസ്ഥാനപരവുമായ നിയമം, പ്രമാണം, അല്ലെങ്കിൽ അനുമാനം” എന്നാണ്. ഉദാഹരണത്തിന്, “സ്റ്റൗവിൽ തൊട്ടുപോകരുത്” എന്നൊരു നിയമം ഒരാൾ കുട്ടിക്കു കൊടുത്തേക്കാം. എന്നാൽ പ്രായപൂർത്തിയായ ഒരാളോടാണെങ്കിൽ, “സ്റ്റൗവിനു ചൂടുണ്ട്” എന്നു പറഞ്ഞാൽ മതി. രണ്ടാമത്തേത് കൂടുതൽ അടിസ്ഥാനപരമായ ഒരു പ്രസ്താവനയാണെന്നതു ശ്രദ്ധിക്കുക. കാരണം ഒരുപക്ഷേ പാചകം ചെയ്യുക, ബെയ്ക്കു ചെയ്യുക, അല്ലെങ്കിൽ സ്റ്റൗ കെടുത്തുക എന്നിവപോലുള്ള ഒരുവന്റെ പ്രവർത്തനത്തെ അതു നയിക്കുന്നു, ഒരുതരത്തിൽ പറഞ്ഞാൽ അതൊരു തത്ത്വമായിത്തീരുന്നു.
തീർച്ചയായും, ജീവിതത്തിലെ മുഖ്യ തത്ത്വങ്ങൾ ആത്മീയമാണ്; അവയാണു നമ്മുടെ ദൈവാരാധനയെയും സന്തുഷ്ടിയെയും നയിക്കുന്നത്. എന്നിരുന്നാലും ഉൾപ്പെടുന്ന തത്ത്വങ്ങൾ സംബന്ധിച്ചു ന്യായബോധത്തോടെ പരിചിന്തിക്കാൻ ചിലർ ശ്രമം നടത്തുന്നില്ല. ഒരു തീരുമാനം എടുക്കേണ്ടിവരുമ്പോൾ അവർ ഒരു നിയമത്തിന്റെ സൗകര്യം തേടുന്നു. ഇതു ജ്ഞാനപൂർവകമല്ലെന്നു മാത്രമല്ല, ബൈബിൾ കാലങ്ങളിലെ പുരാതന വിശ്വസ്തർ വെച്ച മാതൃകയ്ക്കു നേർവിപരീതവുമാണ്.—റോമർ 15:4.
ദൈവിക തത്ത്വനിഷ്ഠയുള്ള പുരുഷന്മാർ
അപൂർണ മനുഷ്യർക്കിടയിൽ, ദൈവിക തത്ത്വനിഷ്ഠയുണ്ടായിരുന്ന ആദ്യ പുരുഷൻ ഹാബെൽ ആണെന്നു പറയാം. “സന്തതി”യെക്കുറിച്ചുള്ള വാഗ്ദാനം സംബന്ധിച്ച് അവൻ ഏറെ ചിന്തിക്കുകയും പാപത്തിൽനിന്നുള്ള വിടുതലിൽ ഒരു രക്തബലി ഉൾപ്പെടുന്നുവെന്നു ഗ്രഹിക്കുകയും ചെയ്തിരിക്കാനിടയുണ്ട്. (ഉല്പത്തി 3:15) അതുകൊണ്ട് അവൻ ദൈവത്തിന് “ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളിൽനിന്നു” വഴിപാട് അർപ്പിച്ചു. “അവയുടെ മേദസ്സിൽനിന്നു തന്നേ” എന്ന പ്രയോഗം കാണിക്കുന്നത് ഹാബെൽ യഹോവയ്ക്ക് അർപ്പിച്ചത് അവന്റെ ഉത്തമ വഴിപാടായിരുന്നുവെന്നാണ്. അതേസമയം, ബലിയർപ്പണത്തെക്കുറിച്ചുള്ള വിശദമായ നിബന്ധനകൾ ദൈവം ആദ്യമായി കൊടുത്തതാകട്ടെ ഹാബെൽ മരിച്ച് രണ്ടായിരം വർഷങ്ങൾക്കുശേഷമായിരുന്നുതാനും. ദൈവഭയവും തത്ത്വദീക്ഷയുമുള്ള ഹാബെലിന്റേതിനു നേർവിപരീതമായിരുന്നു അവന്റെ സഹോദരനായ കയീന്റെ പ്രവൃത്തി. ദൈവത്തിനു കടമ നിർവഹിക്കുംമട്ടിലൊരു യാഗം. തൃപ്തികരമല്ലാത്ത മനോഭാവവും തത്ത്വദീക്ഷയില്ലാത്ത ഒരു ഹൃദയവുമായിരുന്നു അവന്റെ യാഗത്തിനു പിന്നിലുണ്ടായിരുന്നത്.—ഉല്പത്തി 4:3-5.
നോഹയും ദൈവിക തത്ത്വനിഷ്ഠയുള്ള ഒരു പുരുഷനായിരുന്നു. ദൈവം അവനോട് ഒരു പെട്ടകം പണിയാൻ പ്രത്യേകം കൽപ്പിച്ചുവെന്നു ബൈബിൾരേഖ പ്രകടമാക്കുന്നെങ്കിലും അവൻ മറ്റുള്ളവരോടു പ്രസംഗിക്കണമെന്നു കൽപ്പിച്ചിരുന്നതായി നാം വായിക്കുന്നില്ല. എന്നിട്ടും നോഹയെ വിളിച്ചിരിക്കുന്നത് “നീതിപ്രസംഗി” എന്നാണ്. (2 പത്രൊസ് 2:5) നോഹ പ്രസംഗിക്കണമെന്ന് ദൈവം നിർദേശിച്ചിരുന്നിരിക്കാം, എന്നാൽ അതിനുപുറമേ അവന്റെ തത്ത്വബോധവും അയൽക്കാരോടുള്ള സ്നേഹവും അതു ചെയ്യാൻ അവനെ പ്രേരിപ്പിച്ചു. നാം നോഹയുടേതുപോലുള്ളൊരു സമയത്ത് ജീവിക്കുന്നതുകൊണ്ട് നമുക്ക് അവന്റെ നല്ല മനോഭാവവും മാതൃകയും അനുകരിക്കാം.
യേശുവും തന്റെ നാളിലെ പുരോഹിതവർഗത്തിൽനിന്നു വ്യത്യസ്തനായി, ഉൾപ്പെട്ടിരിക്കുന്ന തത്ത്വങ്ങളെന്തൊക്കെയാണെന്നു ചിന്തിക്കാനാണ് ആളുകളെ പഠിപ്പിച്ചത്. അതിനൊരു ഉദാഹരണമാണ് അവന്റെ ഗിരിപ്രഭാഷണം. തത്ത്വം വളരെ പ്രധാനപ്പെട്ടതാണെന്നു കാണിക്കുകയായിരുന്നു അതിന്റെ ഉദ്ദേശ്യം. (മത്തായി, 5-7 അധ്യായങ്ങൾ) തനിക്കു മുമ്പു ജീവിച്ചിരുന്ന ഹാബെലിനെയും നോഹയെയുംപോലെ യേശുവിനു ശരിക്കും ദൈവത്തെ അറിയാമായിരുന്നതുകൊണ്ടാണ് അവൻ ഈവിധം പഠിപ്പിച്ചത്. ബാല്യത്തിലേ അവൻ ഈ അടിസ്ഥാന സത്യത്തെ ആദരിച്ചു: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു.” (ആവർത്തനപുസ്തകം 8:3; ലൂക്കൊസ് 2:41-47) ദൈവിക തത്ത്വനിഷ്ഠയുള്ള ഒരു വ്യക്തിയായിരിക്കുന്നതിലെ മുഖ്യസംഗതി യഹോവയെയും അവന്റെ ഇഷ്ടാനിഷ്ടങ്ങളെയും ഉദ്ദേശ്യങ്ങളെയും യഥാർഥത്തിൽ അറിയുക എന്നതാണ്. ദൈവവുമായി ബന്ധപ്പെട്ടുള്ള ഈ അടിസ്ഥാനതത്ത്വങ്ങൾ നമ്മുടെ ജീവിതത്തെ നയിക്കുമ്പോൾ, ഫലത്തിൽ അവ ജീവിക്കുന്ന തത്ത്വങ്ങളായിത്തീരുന്നു.—യിരെമ്യാവു 22:16; എബ്രായർ 4:12.
തത്ത്വങ്ങളും ഹൃദയവും
അനുസരണക്കേടിനുള്ള ശിക്ഷയെ ഭയന്ന് മനസ്സില്ലാമനസ്സോടെ ഒരു നിയമം അനുസരിക്കുക സാധ്യമാണ്. എന്നാൽ തത്ത്വമനുസരിച്ച് പ്രവർത്തിക്കുന്നതിൽ അത്തരമൊരു മനോഭാവത്തിന്റെ പ്രശ്നമേ ഉദിക്കുന്നില്ല, കാരണം തത്ത്വങ്ങളാൽ നയിക്കപ്പെടണമെങ്കിൽ ഹൃദയത്തിൽനിന്നു പ്രതികരിക്കണം. അത് അവയുടെ ആത്യന്തിക സ്വഭാവവിശേഷമാണ്. യോസേഫിന്റെ കാര്യം പരിചിന്തിക്കുക. ഹാബെലിനെയും നോഹയെയുംപോലെ അവനും ജീവിച്ചിരുന്നത് മോശൈക ന്യായപ്രമാണ ഉടമ്പടി പ്രാബല്യത്തിൽ വരുന്നതിനു മുമ്പായിരുന്നു. പോത്തീഫറിന്റെ ഭാര്യ യോസേഫിനെ വശീകരിക്കാൻ ശ്രമിച്ചപ്പോൾ അവന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: “ഞാൻ ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ”? അതേ, ഭാര്യയും ഭർത്താവും “ഏകദേഹ”മാണെന്ന തത്ത്വം യോസേഫിന് അറിയാമായിരുന്നു.—ഉല്പത്തി 2:24; 39:9.
ഇന്ന് ലോകത്തിൽ നീതിനിഷ്ഠമായ തത്ത്വങ്ങൾ തീരെക്കുറവാണ്. അത് ഒരു പെരുവയറനെപ്പോലെ അക്രമവും അധാർമികതയും ആർത്തിയോടെ വെട്ടിവിഴുങ്ങുകയാണ്. ഒരു ക്രിസ്ത്യാനി ചലച്ചിത്രമോ വീഡിയോയോ പുസ്തകങ്ങളോ പോലുള്ള ഒരേ ചവറുഭക്ഷണം അകത്താക്കുന്നതിന്റെ, ഒരുപക്ഷേ രഹസ്യമായെങ്കിലും കഴിക്കുന്നതിന്റെ അപകടമുണ്ട്. വരാനിരിക്കുന്ന “മഹോപദ്രവ”ത്തിൽ വിശ്വസ്തരെ മാത്രമേ ദൈവം സംരക്ഷിക്കുകയുള്ളുവെന്ന് ഓർത്തുകൊണ്ട്, യോസേഫിനെപ്പോലെ തത്ത്വാധിഷ്ഠിതമായി മോശമായ സംഗതികൾ തിരസ്കരിക്കുന്നത് എത്ര പ്രശംസനീയമാണ്. (മത്തായി 24:21, NW) നാം പരസ്യമായി എന്തു ചെയ്യുന്നുവെന്നതല്ല, രഹസ്യത്തിൽ എന്തു ചെയ്യുന്നുവെന്നതാണ് പ്രധാനം. കാരണം അത് നാം യഥാർഥത്തിൽ ഉള്ളിന്റെയുള്ളിൽ ആരാണെന്നു വെളിപ്പെടുത്തുന്നു.—സങ്കീർത്തനം 11:4; സദൃശവാക്യങ്ങൾ 15:3.
അതുകൊണ്ട്, നാം ബൈബിൾ തത്ത്വങ്ങളാൽ നയിക്കപ്പെടുന്നെങ്കിൽ, നാം ദൈവനിയമങ്ങളിലെ പഴുതുകളെന്നു തെറ്റായി വിശ്വസിക്കപ്പെടുന്നത് തേടുകയില്ല; ഒരു പ്രത്യേക നിയമം യഥാർഥത്തിൽ ലംഘിക്കുന്നില്ലെങ്കിലും ലംഘിക്കുന്നതിന്റെ വക്കോളം നമുക്കു പോകാനാകുമോ എന്നു ശ്രമിച്ചുനോക്കുകയില്ല. അത്തരം ചിന്ത ആത്മവഞ്ചനയാണ്; അവസാനം അതു നമുക്കു ദ്രോഹം ചെയ്യും.
നിയമത്തിന്റെ അന്തഃസത്ത നോക്കുക
തീർച്ചയായും, ക്രിസ്തീയ ജീവിതത്തിൽ നിയമങ്ങൾക്ക് ഒരു നിർണായക സ്ഥാനമുണ്ട്. അവ പാറാവുകാരെപ്പോലെ നമ്മെ സംരക്ഷിക്കുന്നതിൽ സഹായിക്കുന്നു, എന്നാൽ അവയ്ക്കാധാരമായി അനേകം തത്ത്വങ്ങളുണ്ട്. ഈ തത്ത്വങ്ങൾ ഗ്രഹിക്കുന്നതിലെ പരാജയം ബന്ധപ്പെട്ട നിയമങ്ങളോടുള്ള നമ്മുടെ സ്നേഹത്തെ തണുപ്പിച്ചേക്കാം. പുരാതന ഇസ്രായേൽ ജനത ഇതു പ്രകടമാക്കുകയുണ്ടായി.
ദൈവം ഇസ്രായേലിനു 10 കൽപ്പനകൾ കൊടുത്തു. അതിൽ ആദ്യത്തെ കൽപ്പന യഹോവയെ അല്ലാതെ മറ്റൊരു ദൈവത്തെയും ആരാധിക്കരുതെന്നതായിരുന്നു. എല്ലാ സംഗതികളും സൃഷ്ടിച്ചത് യഹോവയാണെന്നതാണ് ഈ കൽപ്പനയ്ക്കു പിന്നിലെ അടിസ്ഥാന സത്യം. (പുറപ്പാട് 20:3-5) എന്നാൽ ആ ജനത ഈ തത്ത്വത്തിനനുസൃതമായി ജീവിച്ചോ? യഹോവതന്നെ അതിന് ഉത്തരം നൽകുന്നു: “[ഇസ്രായേല്യർ] മരത്തോടു: നീ എന്റെ അപ്പൻ എന്നും കല്ലിനോടു: നീ എന്നെ പ്രസവിച്ചവൾ എന്നും പറയുന്നു; അവർ മുഖമല്ല മുതുകത്രേ എങ്കലേക്കു [യഹോവയിങ്കലേക്കു] തിരിച്ചിരിക്കുന്നതു.” (യിരെമ്യാവു 2:27) എത്ര ഹൃദയശൂന്യവും തത്ത്വരഹിതവുമായ ഭോഷത്തം! യഹോവയുടെ ഹൃദയത്തെ അത് എത്രകണ്ട് വ്രണപ്പെടുത്തിയിരിക്കണം!—സങ്കീർത്തനം 78:40, 41; യെശയ്യാവു 63:9, 10.
ക്രിസ്ത്യാനികൾക്കും ദൈവദത്ത നിയമങ്ങളുണ്ട്. ഉദാഹരണത്തിന്, അവർ വിഗ്രഹാരാധനയും ലൈംഗിക അധാർമികതയും രക്തത്തിന്റെ ദുരുപയോഗവും ഒഴിവാക്കണം. (പ്രവൃത്തികൾ 15:28, 29) അതിനെക്കുറിച്ചു ചിന്തിക്കുമ്പോൾ, ദൈവം നമ്മുടെ സമ്പൂർണ ഭക്തി അർഹിക്കുന്നു, നാം നമ്മുടെ ഇണയോടു വിശ്വസ്തത പ്രകടമാക്കണം, യഹോവ നമ്മുടെ ജീവദാതാവാണ് എന്നിങ്ങനെയുള്ള അടിസ്ഥാന തത്ത്വങ്ങൾ നമുക്കു കാണാൻ സാധിക്കും. (ഉല്പത്തി 2:24; പുറപ്പാടു 20:5; സങ്കീർത്തനം 36:9) ഈ കൽപ്പനകൾക്കു പിന്നിലെ തത്ത്വങ്ങൾ നാം ഗ്രഹിക്കുകയും ആഴത്തിൽ വിലമതിക്കുകയും ചെയ്യുന്നെങ്കിൽ, അവ നമ്മുടെ പ്രയോജനത്തിനുവേണ്ടിയാണെന്നു നാം മനസ്സിലാക്കും. (യെശയ്യാവു 48:17) നമുക്കു ദൈവത്തിന്റെ “കലപ്നകൾ ഭാരമുള്ളവയല്ല.”—1 യോഹന്നാൻ 5:3.
ഇസ്രായേല്യർ കഴിഞ്ഞകാലത്ത് ദൈവകൽപ്പനകൾ അവഗണിച്ചെങ്കിൽ, യേശുവിന്റെ കാലമായപ്പോഴേക്കും അവരുടെ “നിയമ പണ്ഡിതന്മാ”രായ ശാസ്ത്രിമാർ സർവപരിധിയും ലംഘിച്ചുകഴിഞ്ഞിരുന്നു. സത്യാരാധനയ്ക്കു പ്രതിബന്ധമാകുകയും ദൈവികതത്ത്വങ്ങളെ മറയ്ക്കുകയും ചെയ്ത നിയമങ്ങളുടെയും മാമൂലുകളുടെയും ഒരു പർവതംതന്നെ അവർ തീർത്തിരുന്നു. (മത്തായി 23:2, NEB) പരാജയത്തിനോ നിരാശയ്ക്കോ കാപട്യത്തിനോ ഒക്കെ വഴിപ്പെടാതെ നിർവാഹമില്ലെന്ന തോന്നലായിരുന്നു ആളുകൾക്ക്. (മത്തായി 15:3-9) മനുഷ്യനിർമിത നിയമങ്ങളിൽ അനേകവും നിഷ്ഠുരമായിരുന്നു. ശോഷിച്ച കയ്യുള്ള ഒരു മനുഷ്യനെ സുഖപ്പെടുത്തുന്നതിനു തൊട്ടുമുമ്പ്, യേശു അവിടെ സന്നിഹിതരായിരുന്ന പരീശന്മാരോടു ചോദിച്ചു: ‘ശബ്ബത്തിൽ നൻമ ചെയ്യുന്നതു വിഹിതമോ?’ അല്ലെന്ന് അവർ തങ്ങളുടെ നിശബ്ദതകൊണ്ടു സൂചിപ്പിച്ചു. “അവരുടെ ഹൃദയകാഠിന്യം” യേശുവിനെ അതിയായി “ദുഃഖി”പ്പിച്ചു. (മർക്കൊസ് 3:1-6) കുടുങ്ങിപ്പോയതോ പരിക്കേറ്റതോ ആയ വളർത്തുമൃഗങ്ങളുടെ (ഒരു സാമ്പത്തിക നിക്ഷേപം) കാര്യത്തിൽ ശബത്തുദിവസമായിരുന്നാലും പരീശന്മാർ സഹായത്തിനെത്തുമായിരുന്നു—എന്നാൽ ജീവന്മരണ പ്രാധാന്യമില്ലെങ്കിൽ ഒരു പുരുഷന്റെയോ സ്ത്രീയുടെയോ സഹായത്തിനെത്തുമായിരുന്നില്ല. തീർച്ചയായും, മാനുഷിക നിയമങ്ങളിലും അതിന്റെ വിശദാംശങ്ങളിലും അന്ധമായ തീക്ഷ്ണത കാട്ടിയ അവർ വാസ്തവത്തിൽ കാണാൻ പരാജയപ്പെട്ടത് അതിന്റെ അന്തഃസത്ത—ദൈവികതത്ത്വങ്ങൾ—ആയിരുന്നു, ഒരു ഛായാചിത്രത്തിലൂടെ വെകിളിപിടിച്ച് ഓടുന്ന ഉറുമ്പുകളെപ്പോലെ.—മത്തായി 23:23, 24.
എന്നിരുന്നാലും, ആത്മാർഥഹൃദയരായ യുവജനങ്ങൾക്കും ബൈബിൾ തത്ത്വങ്ങളോടുള്ള വിലമതിപ്പിനാൽ യഹോവയ്ക്കു മഹത്ത്വം കരേറ്റാനാകും. പതിമൂന്നു വയസ്സുകാരി റിബെക്കയുടെ അധ്യാപകൻ, ആരൊക്കെ ചൂതു കളിക്കാറുണ്ട് എന്നു ചോദിച്ചപ്പോൾ മിക്കവരുടെയും ഉത്തരം തങ്ങൾ കളിക്കാറില്ലെന്നായിരുന്നു. എന്നാൽ വ്യത്യസ്ത സ്ഥിതിവിശേഷങ്ങളെക്കുറിച്ചു പരാമർശിച്ചപ്പോൾ റിബെക്ക ഒഴികെ മറ്റെല്ലാവരും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ചൂതു കളിക്കാറുണ്ടെന്നു സമ്മതിച്ചു. പ്രയോജനപ്രദമായ ഏതോ ഒരു കാര്യത്തിന്റെ ധനശേഖരണാർഥം ഇറക്കിയ 20-സെൻറിന്റെ ഒരു റാഫിൾ ടിക്കറ്റ് റിബെക്ക വാങ്ങുമോ എന്ന് അധ്യാപകൻ ചോദിച്ചപ്പോൾ അവൾ ഇല്ലെന്നു പറഞ്ഞു, എന്നിട്ട് അപ്രകാരം ചെയ്യുന്നത് ഒരുതരം ചൂതുകളിയാണെന്ന് റിബെക്ക തിരുവെഴുത്തു കാരണങ്ങൾ നിരത്തി വിശദീകരിക്കുകയും ചെയ്തു. അപ്പോൾ അവളുടെ അധ്യാപകൻ മുഴുക്ലാസ്സിനോടുമായി ഇങ്ങനെ പറഞ്ഞു: ‘എന്റെ അഭിപ്രായത്തിൽ, “തത്ത്വങ്ങൾ” എന്നു പറയുന്നത് അതിന്റെ യഥാർഥ അർഥത്തിൽ ഇവിടെ പ്രകടമാക്കുന്നത് റിബെക്ക മാത്രമാണ്.’ അതേ, റിബെക്കയ്ക്ക് കേവലം, “അത് എന്റെ മതത്തിന് എതിരാണ്” എന്നു മറുപടി പറയാമായിരുന്നു. എന്നാൽ അവൾ അതിനെക്കാൾ ആഴത്തിൽ ചിന്തിച്ചു; എന്തുകൊണ്ടു ചൂതുകളി തെറ്റായിരിക്കുന്നെന്നും എന്തുകൊണ്ട് താൻ അതിൽ പങ്കെടുക്കാൻ വിസമ്മതിക്കുന്നെന്നും ഉത്തരം കൊടുക്കാൻ അവൾക്കു സാധിച്ചു.
ദൈവാരാധനയിൽ നമ്മുടെ “ചിന്താപ്രാപ്തി”യും “ന്യായബോധ”വും ഉപയോഗിക്കുന്നതിലൂടെ നമുക്കെങ്ങനെ പ്രയോജനം നേടാമെന്ന് ഹാബെൽ, നോഹ, യോസേഫ്, യേശു എന്നിവരുടെ മാതൃകകൾ നമുക്കു കാണിച്ചുതരുന്നു. (സദൃശവാക്യങ്ങൾ 2:11; റോമർ 12:1, NW) “[തങ്ങളുടെ] വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയി”ക്കവേ ക്രിസ്തീയ മൂപ്പന്മാർ യേശുവിനെ അനുകരിക്കുന്നതു പ്രയോജനപ്രദമാണ്. (1 പത്രൊസ് 5:2) യേശു നന്നായി ദൃഷ്ടാന്തീകരിച്ചതുപോലെ, ദൈവിക തത്ത്വനിഷ്ഠാതത്പരർ മാത്രമേ യഹോവയുടെ പരമാധികാരത്തിൻകീഴിൽ തഴച്ചുവളരുകയുള്ളൂ.—യെശയ്യാവു 65:14.