അധ്യായം 34
യേശു പന്ത്രണ്ട് അപ്പോസ്തലന്മാരെ തിരഞ്ഞെടുക്കുന്നു
മർക്കോസ് 3:13-19; ലൂക്കോസ് 6:12-16
12 അപ്പോസ്തലന്മാർ
യേശുവിനെ ദൈവത്തിന്റെ കുഞ്ഞാടായി സ്നാപകയോഹന്നാൻ പരിചയപ്പെടുത്തിയിട്ട് ഇപ്പോൾ ഏതാണ്ട് ഒന്നര വർഷമായി. യേശു പരസ്യശുശ്രൂഷ തുടങ്ങിയ സമയത്ത് ആത്മാർഥഹൃദയരായ പലരും അദ്ദേഹത്തിന്റെ ശിഷ്യന്മാരായി. അവരിൽ ചിലരാണ് അന്ത്രയോസ്, ശിമോൻ പത്രോസ്, യോഹന്നാൻ, ഒരുപക്ഷേ യാക്കോബ് (യോഹന്നാന്റെ സഹോദരൻ), ഫിലിപ്പോസ്, നഥനയേൽ (ബർത്തൊലൊമായി എന്നും വിളിക്കുന്നു.). പിന്നീട് മറ്റ് അനേകരും യേശുവിന്റെ അനുഗാമികളായി.—യോഹന്നാൻ 1:45-47.
ഇപ്പോൾ അപ്പോസ്തലന്മാരെ തിരഞ്ഞെടുക്കാനുള്ള സമയമായി. ഇവരായിരിക്കും യേശുവിന്റെ അടുത്ത സഹചാരികൾ. ഇവർക്കു പ്രത്യേകപരിശീലനവും ലഭിക്കും. പക്ഷേ അവരെ തിരഞ്ഞെടുക്കുന്നതിനു മുമ്പ് യേശു ഒരു മലയിലേക്ക് പോകുന്നു. സാധ്യതയനുസരിച്ച് ഇതു ഗലീലക്കടലിന് അടുത്തുള്ള ആ മലയാണ്. കഫർന്നഹൂമിൽനിന്ന് അങ്ങോട്ട് അധികം ദൂരമില്ല. യേശു അവിടെ ഒരു രാത്രി മുഴുവൻ പ്രാർഥിക്കുന്നു. ഒരുപക്ഷേ, ദൈവത്തിന്റെ അനുഗ്രഹത്തിനും ജ്ഞാനത്തിനും വേണ്ടിയായിരിക്കാം പ്രാർഥിക്കുന്നത്. എന്നിട്ട് പിറ്റേന്ന് ശിഷ്യന്മാരെ അടുത്ത് വിളിച്ച് അവരിൽനിന്ന് 12 പേരെ അപ്പോസ്തലന്മാരായി തിരഞ്ഞെടുക്കുന്നു.
തുടക്കത്തിൽ പറഞ്ഞ ആറു പേരെയും നികുതി പിരിക്കുന്നിടത്തുനിന്ന് വിളിച്ച മത്തായിയെയും യേശു തിരഞ്ഞെടുക്കുന്നു. തിരഞ്ഞെടുത്ത ബാക്കി അഞ്ചു പേർ യൂദാസ് (തദ്ദായി എന്നും ‘യാക്കോബിന്റെ മകൻ’ എന്നും വിളിക്കുന്നു.), കനാന്യനായ ശിമോൻ, തോമസ്, അൽഫായിയുടെ മകനായ യാക്കോബ്, യൂദാസ് ഈസ്കര്യോത്ത് എന്നിവരാണ്.—മത്തായി 10:2-4; ലൂക്കോസ് 6:16.
ഇതിനോടകം ഈ 12 പേരും യേശുവിനോടൊപ്പം യാത്ര ചെയ്തിട്ടുണ്ട്. യേശുവിന് അവരെ നന്നായി അറിയാം. അവരിൽ ചിലർ യേശുവിന്റെ ബന്ധുക്കളാണ്. ചേട്ടാനിയന്മാരായ യാക്കോബും യോഹന്നാനും യേശുവിന്റെ അടുത്ത ബന്ധുക്കളായിരിക്കണം. അൽഫായി യേശുവിന്റെ വളർത്തച്ഛനായ യോസേഫിന്റെ സഹോദരനാണെന്നാണു ചിലർ കരുതുന്നത്. അങ്ങനെയാണെങ്കിൽ അൽഫായിയുടെ മകനായ അപ്പോസ്തലനായ യാക്കോബും യേശുവിന്റെ അടുത്ത ബന്ധുവാണ്.
അപ്പോസ്തലന്മാരുടെ പേരുകൾ ഓർക്കാൻ യേശുവിന് ഒരു ബുദ്ധിമുട്ടുമില്ല. പക്ഷേ നിങ്ങൾക്കോ? ആ പേരുകൾ ഓർത്തിരിക്കാനുള്ള ഒരു എളുപ്പവഴി ഇതാണ്: രണ്ട് ശിമോനും രണ്ട് യാക്കോബും രണ്ട് യൂദാസും ഉണ്ട്. ശിമോന്റെ (പത്രോസ്) സഹോദരനാണ് അന്ത്രയോസ്. യാക്കോബിന്റെ (സെബെദിയുടെ മകൻ) സഹോദരനാണു യോഹന്നാൻ. അങ്ങനെ എട്ട് അപ്പോസ്തലന്മാരുടെ പേരുകൾ ഓർക്കാം. ബാക്കി നാലു പേരാണ് നികുതിപിരിവുകാരനായ മത്തായി, പിന്നീട് സംശയിക്കുന്ന തോമസ്, മരത്തിന്റെ ചുവട്ടിൽനിന്ന് യേശു വിളിച്ച നഥനയേൽ, നഥനയേലിന്റെ കൂട്ടുകാരൻ ഫിലിപ്പോസ് എന്നിവർ.
യേശുവിന്റെ നാടായ ഗലീലയിൽനിന്നുള്ളവരാണു പതിനൊന്നു പേർ. നഥനയേൽ കാനായിൽനിന്നാണ്. ഫിലിപ്പോസ്, പത്രോസ്, അന്ത്രയോസ് എന്നിവർ ശരിക്കും ബേത്ത്സയിദക്കാരാണ്. പിന്നീട് പത്രോസും അന്ത്രയോസും കഫർന്നഹൂമിലേക്കു മാറി താമസിക്കുന്നു. സാധ്യതയനുസരിച്ച് മത്തായി താമസിക്കുന്നതും അവിടെയാണ്. യാക്കോബും യോഹന്നാനും താമസിക്കുന്നതും കഫർന്നഹൂമിലോ അതിന് അടുത്തോ ആണ്. അതിന് അടുത്തുതന്നെ മീൻപിടുത്തമായിരുന്നു അവരുടെ ജോലി. യേശുവിനെ പിന്നീട് ഒറ്റിക്കൊടുക്കുന്ന യൂദാസ് ഈസ്കര്യോത്ത് മാത്രമാണ് സാധ്യതയനുസരിച്ച് യഹൂദ്യയിൽനിന്നുള്ള അപ്പോസ്തലൻ.