ബൈബിൾ പുസ്തക നമ്പർ 42—ലൂക്കൊസ്
എഴുത്തുകാരൻ: ലൂക്കൊസ്
എഴുതിയ സ്ഥലം: കൈസര്യ
എഴുത്തു പൂർത്തിയായത്: പൊ.യു. ഏകദേശം 56-58
ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. 3–പൊ.യു. 33
1. ലൂക്കൊസ് ഏതുതരം സുവിശേഷം എഴുതി?
ലൂക്കൊസിന്റെ സുവിശേഷം എഴുതിയത് സൂക്ഷ്മമനസ്സും ദയാസമ്പന്നമായ ഹൃദയവുമുളള ഒരു മനുഷ്യനാണ്. ഈ ഗുണങ്ങളുടെ നല്ല സംയോജനവും ഒപ്പം പരിശുദ്ധാത്മാവിന്റെ മാർഗനിർദേശവും, കൃത്യതയുളളതും ഊഷ്മളതയും വികാരവും നിറഞ്ഞതുമായ ഒരു വിവരണത്തിൽ കലാശിച്ചിരിക്കുന്നു. ആദ്യവാക്യങ്ങളിൽ അവൻ പറയുന്നു, “നീ അറിയേണ്ടതിന്നു അതു ക്രമമായി എഴുതുന്നതു നന്നെന്നു ആദിമുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ടു എനിക്കും തോന്നിയിരിക്കുന്നു.” അവന്റെ വിശദവും അതിസൂക്ഷ്മവുമായ പ്രതിപാദനം ഈ അവകാശവാദത്തെ പൂർണമായി സ്ഥിരീകരിക്കുന്നു.—ലൂക്കൊ. 1:3, 4.
2, 3. ബാഹ്യവും ആന്തരികവുമായ ഏതു തെളിവ് ഈ സുവിശേഷത്തിന്റെ എഴുത്തുകാരനെന്ന നിലയിൽ വൈദ്യനായ ലൂക്കൊസിലേക്കു വിരൽചൂണ്ടുന്നു?
2 വിവരണത്തിൽ ലൂക്കൊസിന്റെ പേര് ഒരിടത്തും പറയുന്നില്ലെങ്കിലും അവനായിരുന്നു എഴുത്തുകാരനെന്നതിനോടു പുരാതന പ്രാമാണികർ യോജിക്കുന്നു. മുററേറാറിയൻ ശകലത്തിൽ (പൊ.യു. ഏകദേശം 170) ഈ സുവിശേഷം ലൂക്കൊസിന്റേതാണെന്നു പറയുന്നു. ഐറേനിയസ്, അലക്സാണ്ട്രിയായിലെ ക്ലെമൻറ് എന്നിവരെപ്പോലെയുളള രണ്ടാം നൂററാണ്ടിലെ എഴുത്തുകാർ അത് അംഗീകരിച്ചിരുന്നു. ആന്തരികതെളിവും ശക്തമായി ലൂക്കൊസിലേക്കു വിരൽചൂണ്ടുന്നു. കൊലൊസ്സ്യർ 4:14-ൽ പൗലൊസ് അവനെക്കുറിച്ചു ‘വൈദ്യനായ പ്രിയ ലൂക്കൊസ്’ എന്നു പറയുന്നു. അവന്റെ കൃതി ഒരു ഡോക്ടറെപ്പോലെ നല്ല വിദ്യാഭ്യാസമുളള ഒരു മനുഷ്യനിൽനിന്ന് ഒരുവൻ പ്രതീക്ഷിക്കുന്ന തരത്തിൽ പണ്ഡിതോചിതമായ ഒന്നാണ്. അവന്റെ നല്ല ഭാഷാതിരഞ്ഞെടുപ്പും മററു മൂന്നു സുവിശേഷ എഴുത്തുകാർ മൊത്തത്തിലുപയോഗിക്കുന്നതിനെക്കാൾ വിപുലമായ പദസമ്പത്തും തന്റെ മർമപ്രധാനമായ വിഷയത്തിന്റെ അതിസൂക്ഷ്മവും വിപുലവുമായ പ്രതിപാദനം സാധ്യമാക്കുന്നു. മുടിയനായ പുത്രനെക്കുറിച്ചുളള അവന്റെ വിവരണം എഴുതപ്പെട്ടിട്ടുളളതിലേക്കും ഏററവും നല്ല ചെറുകഥയാണെന്നു ചിലർ കരുതുന്നു.
3 ലൂക്കൊസ് 300-ൽപ്പരം വൈദ്യശാസ്ത്ര പദങ്ങൾ ഉപയോഗിക്കുന്നു, അവൻ അവയ്ക്കു വൈദ്യശാസ്ത്രപരമായ അർഥം നൽകുന്നു. ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ മററ് എഴുത്തുകാർ (അവ ഉപയോഗിക്കുന്നെങ്കിൽത്തന്നെ) അതേ വിധത്തിൽ ഉപയോഗിക്കുന്നില്ല.a ദൃഷ്ടാന്തത്തിന്, കുഷ്ഠത്തെക്കുറിച്ചു സംസാരിക്കുമ്പോൾ ലൂക്കൊസ് മററുളളവരെപ്പോലെ ഒരേ പദം എല്ലായ്പോഴും ഉപയോഗിക്കുന്നില്ല. അവർക്കു കുഷ്ഠം കുഷ്ഠം മാത്രമാണ്. എന്നാൽ വൈദ്യനു കുഷ്ഠത്തിന്റെ വിവിധ ദശകളുണ്ട്, “കുഷ്ഠം നിറഞ്ഞോരു മനുഷ്യ”നെക്കുറിച്ചു ലൂക്കൊസ് സംസാരിക്കുമ്പോഴെന്നപോലെ. ലാസർ “വ്രണം നിറഞ്ഞവനാ”യിരുന്നുവെന്ന് അവൻ പറയുന്നു. പത്രൊസിന്റെ അമ്മായിയമ്മക്കു “കഠിനജ്വരം” ആയിരുന്നുവെന്നു മറെറാരു സുവിശേഷ എഴുത്തുകാരനും പറയുന്നില്ല. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (5:12; 16:20; 4:38) പത്രൊസ് മഹാപുരോഹിതന്റെ ചെവി ഛേദിക്കുന്നതിനെക്കുറിച്ചു മറേറ മൂന്നുപേർ പറയുന്നെങ്കിലും യേശു അയാളെ സൗഖ്യമാക്കിയെന്നു ലൂക്കൊസ് മാത്രമേ പറയുന്നുളളു. (22:51) “പതിനെട്ടു സംവത്സരമായി ഒരു രോഗാത്മാവു ബാധിച്ചിട്ടു ഒട്ടും നിവിരുവാൻകഴിയാതെ കൂനിയായോരു സ്ത്രീ”യെസംബന്ധിച്ചു പറയുന്നത് ഒരു ഡോക്ടറെപ്പോലെയാണ്. കൂടാതെ “പ്രിയ വൈദ്യനായ ലൂക്കൊസ്” അല്ലാതെ വേറെ ആർ ‘എണ്ണയും വീഞ്ഞും പകർന്നു മുറിവുകളെ കെട്ടി’ ശമര്യക്കാരൻ ചെയ്ത പ്രഥമശുശ്രൂഷയെ ഇത്ര സവിസ്തരം രേഖപ്പെടുത്തുമായിരുന്നു?—13:11; 10:34.
4. ലൂക്കൊസ് എപ്പോൾ എഴുതിയിരിക്കാനിടയുണ്ട്, ഏതു സാഹചര്യങ്ങൾ ഈ വീക്ഷണത്തെ പിന്താങ്ങുന്നു?
4 ലൂക്കൊസ് എപ്പോഴാണു തന്റെ സുവിശേഷം എഴുതിയത്? പ്രവൃത്തികളുടെ എഴുത്തുകാരൻ (അതും ലൂക്കൊസാണ്) “ഒന്നാമത്തെ ചരിത്രം” ആയി സുവിശേഷം നേരത്തെ രചിച്ചിരുന്നുവെന്നു പ്രവൃത്തികൾ 1:1 സൂചിപ്പിക്കുന്നു. പ്രവൃത്തികൾ പൊ.യു. ഏതാണ്ട് 61-ൽ പൂർത്തീകരിച്ചിരിക്കാൻ ഏററവും സാധ്യതയുണ്ട്, ആ സമയത്തു ലൂക്കൊസ് റോമിൽ കൈസറിങ്കലുളള തന്റെ അപ്പീലിനുവേണ്ടി കാത്തിരിക്കുകയായിരുന്ന പൗലൊസിനോടുകൂടെയായിരുന്നു. അതുകൊണ്ടു പൗലൊസിന്റെ മൂന്നാം മിഷനറിപര്യടനത്തിന്റെ അവസാനത്തിൽ ലൂക്കൊസ് പൗലൊസിന്റെകൂടെ ഫിലിപ്പിയിൽനിന്നു മടങ്ങിവന്നശേഷം പൊ.യു. 56-58-ൽ കൈസര്യായിൽവെച്ചു സുവിശേഷവിവരണം എഴുതിയിരിക്കണം, ആ സമയത്തു പൗലൊസ് അപ്പീലിനുവേണ്ടി റോമിലേക്കു കൊണ്ടുപോകപ്പെടുന്നതിനുമുമ്പു കൈസര്യായിൽ രണ്ടുവർഷമായി തടവിൽ കാത്തിരിക്കുകയായിരുന്നു. ലൂക്കൊസ് പാലസ്തീനിലായിരുന്നതുകൊണ്ട് ഈ സമയത്തു യേശുവിന്റെ ജീവിതവും ശുശ്രൂഷയും സംബന്ധിച്ച് ‘ആദിമുതൽ സകലവും സൂക്ഷ്മമായി എഴുതാനുളള’ നല്ല സാഹചര്യത്തിലായിരുന്നു. അങ്ങനെ, ലൂക്കൊസിന്റെ വിവരണം മർക്കൊസിന്റെ വിവരണത്തിനു മുമ്പ് എഴുതപ്പെട്ടതായി കാണപ്പെടുന്നു.
5. ഏതു മൂലപ്രമാണങ്ങളിൽനിന്നു ലൂക്കൊസ് യേശുവിന്റെ ജീവിതത്തിലെ സംഭവങ്ങൾ ‘കൃത്യതയോടെ രേഖപ്പെടുത്തി’യിരിക്കാം?
5 തീർച്ചയായും ലൂക്കൊസ് സുവിശേഷത്തിൽ എഴുതുന്ന സകല കാര്യങ്ങളുടെയും ദൃക്സാക്ഷിയായിരുന്നില്ല. അവൻ 12 പേരിൽ ഒരുവനായിരുന്നില്ല, യേശുവിന്റെ മരണം കഴിയുന്നതുവരെ ഒരു വിശ്വാസിപോലുമായിരിക്കാനിടയില്ല. എന്നിരുന്നാലും, അവൻ മിഷനറിവയലിൽ പൗലൊസിനോടു വളരെയടുത്തു സഹവസിച്ചിരുന്നു. (2 തിമൊ. 4:11; ഫിലേ. 24) അതുകൊണ്ട്, പ്രതീക്ഷിക്കാവുന്നതുപോലെ, അവന്റെ എഴുത്തു പൗലൊസിന്റെ സ്വാധീനത്തിന്റെ തെളിവു പ്രകടമാക്കുന്നു. കർത്താവിന്റെ സന്ധ്യാഭക്ഷണത്തെസംബന്ധിച്ചു ലൂക്കൊസ് 22:19, 20-ലും 1 കൊരിന്ത്യർ 11:23-25-ലും കാണുന്ന രണ്ടു വിവരണങ്ങൾ താരതമ്യപ്പെടുത്തുന്നതിനാൽ ഇതു കാണാവുന്നതാണ്. വിവരങ്ങളുടെ കൂടുതലായ ആധാരമെന്ന നിലയിൽ ലൂക്കൊസിനു മത്തായിയുടെ സുവിശേഷം പരിശോധിക്കാൻ കഴിയുമായിരുന്നു. ‘സകലവും സൂക്ഷ്മമായി എഴുതുന്നതിന്’ ജീവനോടെ ശേഷിച്ചിരുന്ന ശിഷ്യൻമാരെയും സാധ്യതയനുസരിച്ചു യേശുവിന്റെ അമ്മയായ മറിയയെയും പോലെ യേശുവിന്റെ ജീവിതത്തിലെ സംഭവങ്ങളുടെ അനേകം ദൃക്സാക്ഷികളുമായി വ്യക്തിപരമായി അഭിമുഖം നടത്താൻ അവനു കഴിയുമായിരുന്നു. വിശ്വസനീയമായ വിശദാംശങ്ങൾ കൂട്ടിച്ചേർക്കുന്നതിന് അവൻ സകല ശ്രമവും ചെയ്തുവെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.
6. ലൂക്കൊസിന്റെ സുവിശേഷത്തിൽ എത്രത്തോളം അനന്യമായി അവന്റേതു മാത്രമാണ്, അവൻ ആർക്കുവേണ്ടിയാണ് എഴുതിയത്? നിങ്ങൾ അങ്ങനെ ഉത്തരംപറയുന്നത് എന്തുകൊണ്ട്?
6 സുവിശേഷങ്ങളുടെ നാല് എഴുത്തുകാർ കേവലം ഓരോരുത്തരുടെയും വിവരണങ്ങളെ ആവർത്തിക്കുകയല്ലെന്ന് അവ പരിശോധിക്കുമ്പോൾ വ്യക്തമായിത്തീരുന്നു. ഈ അത്യന്തം മർമപ്രധാനമായ ബൈബിൾരേഖക്കു പല സാക്ഷികളെ പ്രദാനംചെയ്യാൻവേണ്ടി മാത്രവുമല്ല അവർ എഴുതുന്നത്. ലൂക്കൊസിന്റെ വിവരണം അതിന്റെ പ്രതിപാദനത്തിൽ അത്യന്തം വ്യക്തിഗതമാണ്. അവന്റെ സുവിശേഷത്തിൽ എല്ലാംകൂടെ 59 ശതമാനം അനന്യമായി അവനു മാത്രമുളളതാണ്. മറ്റു സുവിശേഷങ്ങളിൽ പറയുന്നില്ലാത്ത കുറഞ്ഞപക്ഷം ആറു പ്രത്യേക അത്ഭുതങ്ങളും അതിന്റെ ഇരട്ടയിലധികം ദൃഷ്ടാന്തങ്ങളും അവൻ രേഖപ്പെടുത്തുന്നു. അവന്റെ സുവിശേഷത്തിന്റെ മൂന്നിലൊന്നിലധികം വിവരണങ്ങൾക്കും മൂന്നിൽ രണ്ടു ഭാഷിതവചനത്തിനും വിനിയോഗിക്കുന്നു; അവന്റെ സുവിശേഷമാണു നാലിലുംവച്ച് ഏററവും ദൈർഘ്യമുളളത്. മത്തായി മുഖ്യമായി യഹൂദൻമാർക്കും മർക്കൊസ് യഹൂദേതര വായനക്കാർക്ക്, വിശേഷാൽ റോമാക്കാർക്കു വേണ്ടിയുമാണ് എഴുതിയത്. ലൂക്കൊസിന്റെ സുവിശേഷം “ശ്രീമാനായ തെയോഫിലോസി”നെയും അവനിലൂടെ യഹൂദൻമാരും യഹൂദേതരരുമായ മററുളളവരെയുമാണു സംബോധനചെയ്യുന്നത്. (ലൂക്കൊ. 1:3, 4) തന്റെ വിവരണത്തിന് ഒരു സാർവലൗകികമായ ആകർഷണം കൊടുക്കുന്നതിന് അവൻ, യഹൂദൻമാർക്കുവേണ്ടി പ്രത്യേകിച്ച് എഴുതിയ മത്തായി ചെയ്യുന്നതുപോലെ യേശുവിന്റെ വംശാവലി അബ്രഹാംവരെ മാത്രമല്ല, പിന്നെയോ ‘ദൈവത്തിന്റെ മകനായ ആദാം’ വരെ പിമ്പോട്ടു രേഖപ്പെടുത്തുന്നു. യേശു “ജനതകളിൽനിന്നു മൂടുപടം നീക്കുന്നതിനുളള” മുഖാന്തരമായിരിക്കുമെന്നുളള ശിമെയോന്റെ പ്രാവചനികവാക്കുകളെ അവൻ പ്രത്യേകാൽ ശ്രദ്ധിക്കുകയും “രക്ഷിക്കാനുളള ദൈവത്തിന്റെ മാർഗ്ഗം സകല ജഡവും” കാണുമെന്നു പറയുകയും ചെയ്യുന്നു.—3:38; 2:29-32; 3:6, NW.
7. ലൂക്കൊസിന്റെ സുവിശേഷത്തിന്റെ വിശ്വാസ്യതയെ ശക്തമായി സാക്ഷ്യപ്പെടുത്തുന്നത് എന്ത്?
7 ലൂക്കൊസ് തന്റെ എഴുത്തിലുടനീളം ഒരു മുന്തിയ ലേഖകനെന്നു തെളിയിക്കുന്നു, അവന്റെ വിവരങ്ങൾ നന്നായി ക്രമീകൃതവും കൃത്യതയുളളതുമാണ്. ലൂക്കൊസിന്റെ എഴുത്തുകളിലെ ഗുണങ്ങളായ ഈ കൃത്യതയും വിശ്വസ്തതയും അവയുടെ വിശ്വാസ്യതയുടെ ശക്തമായ തെളിവുകളാണ്. ഒരു നിയമ എഴുത്തുകാരൻ ഒരിക്കൽ ഇങ്ങനെ പ്രസ്താവിച്ചു: “വീരകഥകളും ഐതിഹ്യങ്ങളും കളളസാക്ഷ്യവും പറയപ്പെടുന്ന കാര്യങ്ങളെ ഏതോ വിദൂരസ്ഥലത്തും ഏതോ അനിശ്ചിതകാലത്തും സ്ഥാപിക്കാനും അങ്ങനെ ‘പ്രസ്താവനയ്ക്കു സമയവും സ്ഥലവും നൽകണം’ എന്നു നിയമജ്ഞരായ ഞങ്ങൾ നല്ല വാദത്തെക്കുറിച്ചു പഠിക്കുന്ന ആദ്യനിയമങ്ങളെ ലംഘിക്കാനും ശ്രദ്ധിക്കുന്നുവെന്നിരിക്കെ, ബൈബിൾസംഭവങ്ങൾ പ്രതിപാദിക്കപ്പെടുന്ന കാര്യങ്ങളുടെ തീയതിയും സ്ഥലവും നമുക്കു പൂർണ കൃത്യതയോടെ നൽകുന്നു.”b തെളിവിലേക്ക് അവൻ ലൂക്കൊസ് 3:1, 2 ഉദ്ധരിച്ചു: “തീബൊര്യൊസ്കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടിൽ പൊന്തിയൊസ്പീലാത്തോസ് യെഹൂദ്യനാടു വാഴുമ്പോൾ ഹെരോദാവു ഗലീലയിലും അവന്റെ സഹോദരനായ ഫീലിപ്പൊസ് ഇതൂര്യത്രഖോനിത്തി ദേശങ്ങളിലും ലുസാന്യാസ് അബിലേന്യയിലും ഇടപ്രഭുക്കൻമാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതൻമാരായും ഇരിക്കുംകാലം സെഖര്യാവിന്റെ മകനായ യോഹന്നാന്നു മരുഭൂമിയിൽവെച്ചു ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായി.” ഇവിടെ സമയമോ സ്ഥലമോ സംബന്ധിച്ച് അനിശ്ചിതത്വം ഇല്ല. എന്നാൽ യോഹന്നാന്റെയും യേശുവിന്റെയും ശുശ്രൂഷയുടെ തുടക്കകാലം സ്ഥാപിക്കാൻ കഴിയത്തക്കവണ്ണം ലൂക്കൊസ് ഏഴിൽ കുറയാത്ത സർക്കാർ ഉദ്യോഗസ്ഥൻമാരുടെ പേർ പറയുന്നു.
8. ലൂക്കൊസ് യേശുവിന്റെ ജനനസമയം “കൃത്യതയോടെ” സൂചിപ്പിക്കുന്നത് എങ്ങനെ?
8 “ആ കാലത്തു ലോകം ഒക്കെയും പേർവഴി ചാർത്തേണം എന്നു ഔഗുസ്തൊസ്കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു. കുറേന്യൊസ് സുറിയനാടു വാഴുമ്പോൾ ഈ ഒന്നാമത്തെ ചാർത്തൽ ഉണ്ടായി” എന്നു ലൂക്കൊസ് 2:1, 2-ൽ അവൻ പറയുമ്പോൾ യേശുവിന്റെ ജനനസമയം നിർണയിക്കുന്നതിന് അവൻ രണ്ടു സൂചകങ്ങളും നൽകുന്നു. യോസേഫും മറിയയും ചാർത്തലിനായി ബേത്ലഹേമിലേക്കു പോയത് ഈ സമയത്തായിരുന്നു. അവർ അവിടെയായിരുന്നപ്പോഴാണു യേശു ജനിച്ചത്.c “ലൂക്കൊസ് എല്ലായ്പോഴും പൂർണമായ കൃത്യത നേടുന്നുവെന്നത് അവന്റെ ചരിത്രാവബോധത്തിന്റെ ഏററവും സൂക്ഷ്മമായ പരിശോധനകളിലൊന്നാണ്,”d എന്നു പറയുന്ന ഭാഷ്യകാരനോടു നമുക്കു യോജിക്കാതിരിക്കാൻ കഴിയില്ല. “സകലവും ആരംഭംമുതൽ കൃത്യതയോടെ രേഖപ്പെടുത്തി”യതായുളള ലൂക്കൊസിന്റെ അവകാശവാദത്തെ നാം സാധുവായി അംഗീകരിക്കേണ്ടതാണ്.
9. ലൂക്കൊസ് രേഖപ്പെടുത്തിയിരിക്കുന്ന ഏതു പ്രവചനത്തിനു പൊ.യു. 70-ൽ ശ്രദ്ധേയമായ ഒരു നിവൃത്തി ഉണ്ടായി?
9 എബ്രായ തിരുവെഴുത്തുകളിലെ പ്രവചനങ്ങൾ യേശുക്രിസ്തുവിൽ എങ്ങനെ കൃത്യമായി നിവൃത്തിയേറിയെന്നും ലൂക്കൊസ് ചൂണ്ടിക്കാണിക്കുന്നു. അവൻ ഇതു സംബന്ധിച്ച യേശുവിന്റെ നിശ്വസ്തസാക്ഷ്യം ഉദ്ധരിക്കുന്നു. (24:27, 44) കൂടാതെ, അവൻ ഭാവിസംഭവങ്ങളെസംബന്ധിച്ച യേശുവിന്റെ സ്വന്തം പ്രവചനങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നു. ഇവയിൽ അനേകവും അവയുടെ മുൻകൂട്ടിപ്പറയപ്പെട്ട സകല വിശദാംശങ്ങളിലും ശ്രദ്ധേയമായി നിറവേറിയിരിക്കുന്നു. ദൃഷ്ടാന്തത്തിന്, യേശു മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെതന്നെ യെരുശലേമിനു ചുററും പൊ.യു. 70-ൽ കൂർത്ത പത്തലുകൾ നാട്ടി അതിനെ വളയുകയും ഭയങ്കരമായ ഒരു കൂട്ടക്കൊലയിൽ അതു നശിക്കുകയും ചെയ്തു. (ലൂക്കൊ. 19:43, 44; 21:20-24; മത്താ. 24:2) പത്തലുകൾക്കുവേണ്ടി ഉൾപ്രദേശത്തു പതിനാറു കിലോമീറററോളം വൃക്ഷങ്ങൾ വെട്ടിവെളുപ്പിച്ചുവെന്നും ഉപരോധമതിലിനു 7.2 കിലോമീററർ നീളമുണ്ടായിരുന്നുവെന്നും അനേകം സ്ത്രീകളും കുട്ടികളും ക്ഷാമത്താൽ മരണമടഞ്ഞുവെന്നും 10,00,000-ത്തിൽപ്പരം യഹൂദൻമാർക്കു ജീവൻ നഷ്ടപ്പെട്ടുവെന്നും 97,000 പേർ അടിമകളായി പിടിക്കപ്പെട്ടുവെന്നും മതേതര ചരിത്രകാരനും റോമൻ സൈന്യത്തോടൊപ്പം ഒരു ദൃക്സാക്ഷിയുമായിരുന്ന ഫ്ളേവിയസ് ജോസീഫസ് സാക്ഷ്യപ്പെടുത്തുന്നു. റോമിലെ തീത്തോസിന്റെ കമാനം യെരുശലേമിലെ ആലയത്തിൽനിന്നുളള യുദ്ധക്കൊളളയുമായി നടത്തുന്ന റോമൻ ജയഘോഷയാത്രയെ ഇന്നും ചിത്രീകരിക്കുന്നു.e ലൂക്കൊസ് രേഖപ്പെടുത്തുന്ന മററു നിശ്വസ്ത പ്രവചനങ്ങളും അത്രതന്നെ കൃത്യതയോടെ നിവർത്തിക്കപ്പെടുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.
ലൂക്കൊസിന്റെ ഉളളടക്കം
10. ലൂക്കൊസ് എന്തു ചെയ്യാൻ ഒരുമ്പെട്ടു?
10 ലൂക്കൊസിന്റെ ആമുഖം (1:1-4). ആരംഭംമുതൽ സകലവും കൃത്യതയോടെ താൻ എഴുതിയിരിക്കുന്നുവെന്നും ‘ശ്രീമാനായ തെയോഫിലോസ് . . . ഈ കാര്യങ്ങളുടെ നിശ്ചയം പൂർണമായി അറിയേണ്ടതിന്നു’ അവ ക്രമമായി എഴുതാൻ താൻ തീരുമാനിച്ചിരിക്കുകയാണെന്നും ലൂക്കൊസ് രേഖപ്പെടുത്തുന്നു.—1:3, 4.
11. ലൂക്കൊസിന്റെ ഒന്നാം അധ്യായത്തിൽ ഏതു സന്തോഷപ്രദമായ സംഭവങ്ങൾ പ്രതിപാദിച്ചിരിക്കുന്നു?
11 യേശുവിന്റെ ജീവിതത്തിലെ ആദ്യ വർഷങ്ങൾ (1:5–2:52). വൃദ്ധപുരോഹിതനായ സെഖര്യാവിന് ഒരു മകൻ ജനിക്കുമെന്നും അവനു യോഹന്നാനെന്നു പേർവിളിക്കണമെന്നുമുളള സന്തോഷകരമായ വാർത്തയോടെ ഒരു ദൂതൻ അവനു പ്രത്യക്ഷപ്പെടുന്നു. എന്നാൽ ആൺകുട്ടി ജനിക്കുന്നതുവരെ സെഖര്യാവിനു സംസാരപ്രാപ്തിയില്ലായിരിക്കും. വാഗ്ദത്തംപോലെ, അവന്റെ ഭാര്യ എലിസബത്തും “വയസ്സുചെന്ന”വളായിരുന്നിട്ടും ഗർഭിണിയാവുന്നു. ഏതാണ്ട് ആറുമാസം കഴിഞ്ഞു ഗബ്രിയേൽദൂതൻ മറിയക്കു പ്രത്യക്ഷപ്പെടുകയും “അത്യുന്നതന്റെ ശക്തി”യാൽ അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കുമെന്നും അവനെ യേശു എന്നു വിളിക്കണമെന്നും അവളോടു പറയുകയും ചെയ്യുന്നു. മറിയ എലിസബത്തിനെ സന്ദർശിച്ച് ഒരു സന്തോഷകരമായ അഭിവാദനത്തിനുശേഷം ആഹ്ലാദപൂർവം ഇങ്ങനെ പ്രഖ്യാപിക്കുന്നു: “എന്റെ ഉളളം കർത്താവിനെ [“യഹോവയെ”, NW] മഹിമപ്പെടുത്തുന്നു; എന്റെ ആത്മാവു എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു.” അവൾ യഹോവയുടെ വിശുദ്ധനാമത്തെക്കുറിച്ചും തന്നെ ഭയപ്പെടുന്നവരോടുളള അവന്റെ വലിയ കരുണയെക്കുറിച്ചും സംസാരിക്കുന്നു. യോഹന്നാന്റെ ജനനത്തിങ്കൽ, ദൈവത്തിന്റെ കരുണയെക്കുറിച്ചും യോഹന്നാൻ യഹോവയുടെ വഴി ഒരുക്കുന്ന ഒരു പ്രവാചകൻ ആയിരിക്കുമെന്നും ഘോഷിക്കാൻ സെഖര്യാവിന്റെ നാവിന്റെ കെട്ടഴിയുന്നു.—1:7, 35, 46, 47.
12. യേശുവിന്റെ ജനനവും കുട്ടിക്കാലവും സംബന്ധിച്ച് എന്തു പ്രസ്താവിച്ചിരിക്കുന്നു?
12 തക്കസമയത്ത്, യേശു ബേത്ലഹേമിൽ ജനിക്കുന്നു, ഒരു ദൂതൻ ഈ “ഒരു മഹാസന്തോഷത്തിന്റെ സുവാർത്ത” രാത്രിയിൽ തങ്ങളുടെ ആട്ടിൻകൂട്ടങ്ങളെ കാത്തുകൊണ്ടിരുന്ന ഇടയൻമാരോടു പ്രഖ്യാപിക്കുന്നു. ന്യായപ്രമാണപ്രകാരം പരിച്ഛേദന ചെയ്യപ്പെടുന്നു. അനന്തരം യേശുവിന്റെ മാതാപിതാക്കൾ ആലയത്തിൽ “അവനെ യഹോവക്കു സമർപ്പിക്കു”മ്പോൾ വൃദ്ധനായ ശിമെയോനും ഹന്നാപ്രവാചകിയും കുട്ടിയെസംബന്ധിച്ചു സംസാരിക്കുന്നു. നസറേത്തിൽ തിരിച്ചെത്തുമ്പോൾ അവൻ ‘ജ്ഞാനം നിറഞ്ഞു വളർന്നു ബലപ്പെടുന്നതിൽ തുടരുന്നു, അവനോടുകൂടെ ദൈവപ്രീതി തുടരുന്നു.’ (2:10, 22, 40, NW) 12-ാം വയസ്സിൽ, നസറേത്തിൽനിന്നു യെരുശലേമിലേക്കുളള സന്ദർശനസമയത്ത്, യേശു തന്റെ ഗ്രാഹ്യത്താലും ഉത്തരങ്ങളാലും ഉപദേഷ്ടാക്കളെ വിസ്മയിപ്പിക്കുന്നു.
13. യോഹന്നാൻ എന്തു പ്രസംഗിക്കുന്നു, യേശുവിന്റെ സ്നാപനത്തിങ്കലും തൊട്ടുപിന്നാലെയും എന്തു സംഭവിക്കുന്നു?
13 ശുശ്രൂഷക്കുളള ഒരുക്കം (3:1–4:13). തിബെര്യൊസ് കൈസറുടെ വാഴ്ചയുടെ 15-ാമാണ്ടിൽ ദൈവത്തിന്റെ പ്രഖ്യാപനം സെഖര്യാവിന്റെ പുത്രനായ യോഹന്നാനു വരുന്നു. അവൻ ‘സകല ജഡവും ദൈവത്തിന്റെ രക്ഷയെ കാണേണ്ടതിനു’ “പാപമോചനത്തിന്നായുളള മാനസാന്തരസ്നാനം പ്രസംഗിച്ചു”കൊണ്ടു നടക്കുന്നു. (3:3, 6) സകല ജനവും യോർദാനിൽ സ്നാപനമേൽക്കുമ്പോൾ, യേശുവും സ്നാപനമേൽക്കുന്നു. അവൻ പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ പരിശുദ്ധാത്മാവ് അവന്റെമേൽ ഇറങ്ങുന്നു, അവന്റെ പിതാവ് സ്വർഗത്തിൽനിന്ന് അംഗീകാരം പ്രകടമാക്കുന്നു. യേശുക്രിസ്തുവിന് ഇപ്പോൾ ഏതാണ്ട് 30 വയസ്സുണ്ട്. (ലൂക്കൊസ് അവന്റെ വംശാവലി നൽകുന്നു.) യേശുവിന്റെ സ്നാപനത്തെ തുടർന്ന് ആത്മാവ് അവനെ 40 ദിവസം മരുഭൂമിയിലൂടെ നടത്തുന്നു. ഇവിടെ പിശാച് അവനെ പരീക്ഷിച്ചു പരാജയമടഞ്ഞു “കുറെ കാലത്തേക്കു അവനെ വിട്ടു”മാറുന്നു.—4:13.
14. യേശു തന്റെ നിയോഗം എവിടെ വ്യക്തമാക്കുന്നു, അത് എന്താണ്, അവന്റെ ശ്രോതാക്കൾ എങ്ങനെ പ്രതികരിക്കുന്നു?
14 യേശുവിന്റെ ആദിമകാല ശുശ്രൂഷ, ഏറെയും ഗലീലയിൽ (4:14–9:62). തന്റെ സ്വന്ത പട്ടണമായ നസറേത്തിലെ സിനഗോഗിൽ യേശു തന്റെ നിയോഗം വ്യക്തമാക്കുകയും യെശയ്യാവു 61:1, 2-ലെ പ്രവചനം വായിച്ചു തനിക്കുതന്നെ ബാധകമാക്കുകയും ചെയ്യുന്നു: “ദരിദ്രൻമാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു [“യഹോവ”, NW] എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; ബദ്ധൻമാർക്കു വിടുതലും കുരുടൻമാർക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതൻമാരെ വിടുവിച്ചയപ്പാനും കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു.” (4:18, 19) അവൻ തന്റെ പ്രസംഗം തുടരുമ്പോൾ അവന്റെ വാക്കുകളിലുളള ആളുകളുടെ പ്രാരംഭ രസം കോപമായി മാറി അവനെ വകവരുത്താൻ അവർ ശ്രമിക്കുന്നു. അതുകൊണ്ട് അവൻ കഫർന്നഹൂമിലേക്കു പോകുന്നു, അവിടെ അവൻ അനേകരെ സൗഖ്യമാക്കുന്നു. ജനക്കൂട്ടങ്ങൾ അവനെ അനുഗമിക്കുകയും അവനെ പിടിച്ചുനിർത്താൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ “ഞാൻ മററുളള പട്ടണങ്ങളിലും ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു; ഇതിന്നായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നതു” എന്ന് അവൻ അവരോടു പറയുന്നു. (4:43) അവൻ യഹൂദ്യയിലെ സിനഗോഗിൽ പ്രസംഗിക്കാൻ പോകുന്നു.
15. പത്രൊസിന്റെയും യാക്കോബിന്റെയും യോഹന്നാന്റെയും മത്തായിയുടെയും വിളി വർണിക്കുക.
15 ഗലീലയിൽ, യേശു (പത്രൊസെന്നും വിളിക്കപ്പെടുന്ന) ശിമോനും യാക്കോബിനും യോഹന്നാനും അത്ഭുതകരമായ ഒരു മീൻപിടുത്തം ഒരുക്കിക്കൊടുക്കുന്നു. അവൻ ശിമോനോടു: “ഇന്നു മുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും” എന്നു പറയുന്നു. അങ്ങനെ അവർ സകലവും വിട്ട് അവനെ അനുഗമിക്കുന്നു. യേശു പ്രാർഥനയിലും പഠിപ്പിക്കലിലും തുടരുന്നു. ‘സൗഖ്യമാക്കുവാൻ കർത്താവിന്റെ [“യഹോവയുടെ”, NW] ശക്തി അവനോടുകൂടെ ഉണ്ട്.’ (5:10, 17) അവൻ നിന്ദിതനായ ഒരു കരംപിരിവുകാരൻ ലേവിയെ (മത്തായി) വിളിക്കുന്നു, അവൻ ഒരു വലിയ വിരുന്നു കൊടുത്തുകൊണ്ടു യേശുവിനെ ആദരിക്കുന്നു, “ചുങ്കക്കാരും മററും വലിയോരു പുരുഷാരം” സംബന്ധിക്കുന്നു. (5:29) ഇതു പരീശൻമാരുമായുളള പല ഏററുമുട്ടലുകളിൽ ആദ്യത്തേതിൽ കലാശിക്കുന്നു, അത് അവരെ ഭ്രാന്തരാക്കുന്നു, അവന് ഉപദ്രവംചെയ്യാൻ അവർ ഗൂഢാലോചന നടത്തുന്നു.
16. (എ) എന്തിനെ തുടർന്ന് യേശു 12 അപ്പോസ്തലൻമാരെ തിരഞ്ഞെടുക്കുന്നു? (ബി) ഗിരിപ്രഭാഷണത്തിന്റെ ഒരു സമാന്തരഭാഷ്യം നൽകുന്നതിൽ ലൂക്കൊസ് ഏതാശയങ്ങൾ ഊന്നിപ്പറയുന്നു?
16 ദൈവത്തോടുളള ഒരു മുഴുരാത്രിയിലെയും പ്രാർഥനക്കുശേഷം യേശു തന്റെ ശിഷ്യൻമാരുടെ ഇടയിൽനിന്ന് 12 അപ്പോസ്തലൻമാരെ തിരഞ്ഞെടുക്കുന്നു. കൂടുതലായ സൗഖ്യമാക്കലുകൾ തുടർന്നു നടക്കുന്നു. പിന്നീട് അവൻ ലൂക്കൊസ് 6:20-49 വരെ രേഖപ്പെടുത്തിയിരിക്കുന്ന പ്രഭാഷണം നടത്തുന്നു. മത്തായി 5-7 വരെ അധ്യായങ്ങളിൽ കാണുന്ന ഗിരിപ്രഭാഷണത്തിന്റെ ഹ്രസ്വമായ സമാന്തരരൂപമാണത്. യേശു പിൻവരുന്ന അന്തരം വരച്ചുകാട്ടുന്നു: “ദരിദ്രൻമാരായ നിങ്ങൾ ഭാഗ്യവാൻമാർ; ദൈവരാജ്യം നിങ്ങൾക്കുളളതു. എന്നാൽ സമ്പന്നരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങളുടെ ആശ്വാസം നിങ്ങൾക്കു ലഭിച്ചുപോയല്ലോ.” (6:20, 24) തങ്ങളുടെ ശത്രുക്കളെ സ്നേഹിക്കാനും കരുണയുളളവരായിരിക്കാനും കൊടുക്കൽ ശീലിക്കാനും ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽനിന്നു നല്ലതു പുറപ്പെടുവിക്കാനും അവൻ തന്റെ ശ്രോതാക്കളെ ബുദ്ധ്യുപദേശിക്കുന്നു.
17. (എ) യേശു അടുത്തതായി ഏതത്ഭുതങ്ങൾ ചെയ്യുന്നു? (ബി) യേശു മിശിഹാ ആണോയെന്നതുസംബന്ധിച്ച് അവൻ യോഹന്നാൻസ്നാപകന്റെ സന്ദേശവാഹകരോട് എങ്ങനെ ഉത്തരം പറയുന്നു?
17 കഫർന്നഹൂമിലേക്കു മടങ്ങിവന്നപ്പോൾ യേശു, രോഗിയായ തന്റെ അടിമയെ സുഖപ്പെടുത്താനുളള ഒരു സേനാപതിയുടെ അപേക്ഷ സ്വീകരിക്കുന്നു. യേശു തന്റെ മേൽക്കൂരക്കു കീഴിൽ വരുന്നതിനു താൻ അയോഗ്യനാണെന്നു തോന്നിയിട്ടു യേശു നിൽക്കുന്നിടത്തുനിന്ന് ഒരു “വാക്കു കല്പി”ക്കാൻ അവൻ അവനോട് അപേക്ഷിക്കുന്നു. അതിൻപ്രകാരം, അടിമ സൗഖ്യംപ്രാപിക്കുന്നു. “യിസ്രായേലിൽകൂടെ ഇങ്ങനെയുളള വിശ്വാസം ഞാൻ കണ്ടിട്ടില്ല” എന്ന് അഭിപ്രായപ്പെടാൻ യേശു പ്രേരിതനാകുന്നു. (7:7, 9) ഇദംപ്രഥമമായി യേശു മരിച്ച ഒരാളെ, നയീനിലെ ഒരു വിധവയുടെ ഏക പുത്രനെ, ഉയിർപ്പിക്കുന്നു. കാരണം, അവനു “മനസ്സലിഞ്ഞു.” (7:13) യേശുവിനെക്കുറിച്ചുളള വാർത്ത യഹൂദ്യയിലെങ്ങും വ്യാപിക്കുന്നു. “വരുവാനുളളവൻ നീയോ?” എന്നു ചോദിക്കാൻ യോഹന്നാൻ സ്നാപകൻ തടവിൽനിന്ന് അവന്റെ അടുക്കൽ ആളയയ്ക്കുന്നു. ഉത്തരമായി യേശു സന്ദേശവാഹകരോടു: “കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു; ദരിദ്രൻമാരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ. എന്നാൽ എന്നിൽ ഇടറിപ്പോകാത്തവൻ ഭാഗ്യവാൻ” എന്നു പറഞ്ഞു.—7:19, 22, 23.
18. രാജ്യപ്രസംഗം ഏതു ദൃഷ്ടാന്തങ്ങളോടും പ്രവൃത്തികളോടും ബുദ്ധ്യുപദേശവാക്കുകളോടും കൂടെ തുടരുന്നു?
18 പന്ത്രണ്ടുപേരോടുകൂടെ യേശു “ദൈവരാജ്യം പ്രസംഗിച്ചും സുവിശേഷിച്ചുംകൊണ്ടു പട്ടണംതോറും” പോകുന്നു. അവൻ വിതക്കാരന്റെ ദൃഷ്ടാന്തം നൽകുന്നു, “ആകയാൽ നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ. ഉളളവന്നു കിട്ടും; ഇല്ലാത്തവനോടോ ഉണ്ടു എന്നു തോന്നുന്നതുംകൂടെ എടുത്തുകളയും” എന്നു പറഞ്ഞുകൊണ്ടു ചർച്ച പൂർത്തീകരിക്കുന്നു. (8:1, 18) യേശു തുടർന്ന് അത്ഭുതപ്രവൃത്തികളും അതിശയങ്ങളും ചെയ്യുന്നു. അവൻ 12 പേർക്കു ഭൂതങ്ങളുടെമേൽ അധികാരവും രോഗം സൗഖ്യമാക്കുന്നതിനുളള ശക്തിയും കൊടുത്തു “ദൈവരാജ്യം പ്രസംഗിപ്പാനും രോഗികൾക്കു സൗഖ്യം വരുത്തുവാനും” അയയ്ക്കുന്നു. അയ്യായിരം പേർ അത്ഭുതകരമായി പോഷിപ്പിക്കപ്പെടുന്നു. യേശു പർവതത്തിൽവെച്ചു മറുരൂപപ്പെടുകയും അടുത്ത ദിവസം ശിഷ്യൻമാർക്കു സൗഖ്യംവരുത്താൻ കഴിയാഞ്ഞ ഭൂതബാധിതനായ ഒരു ബാലനെ സുഖപ്പെടുത്തുകയും ചെയ്യുന്നു. തന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവൻ ഇങ്ങനെ മുന്നറിയിപ്പു കൊടുക്കുന്നു: “കുറുനരികൾക്കു കുഴിയും ആകാശത്തിലെ പറവജാതിക്കു കൂടും ഉണ്ടു; മനുഷ്യപുത്രന്നോ തല ചായിപ്പാൻ സ്ഥലമില്ല.” ദൈവരാജ്യത്തിനു യോഗ്യനായിത്തീരാൻ ഒരു വ്യക്തി തന്റെ കൈ കലപ്പക്കുവെക്കുകയും പിന്തിരിഞ്ഞുനോക്കാതിരിക്കുകയും വേണം.—9:2, 58.
19. യേശു യഥാർഥ അയൽസ്നേഹത്തെ ദൃഷ്ടാന്തത്താൽ വിശദീകരിക്കുന്നത് എങ്ങനെ?
19 യേശുവിന്റെ പിൽക്കാല യഹൂദ്യശുശ്രൂഷ (10:1–13:21). യേശു വേറെ 70 പേരെ “കൊയ്ത്തിന്നു” അയയ്ക്കുന്നു, അവർ ശുശ്രൂഷയിലെ തങ്ങളുടെ വിജയത്തിൽ സന്തോഷപൂർണരാകുകയും ചെയ്യുന്നു. യേശു പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ സ്വയം നീതിമാനെന്നു തെളിയിക്കാനാഗ്രഹിച്ചുകൊണ്ട് ഒരു മനുഷ്യൻ “എന്റെ കൂട്ടുകാരൻ ആർ” എന്നു ചോദിക്കുന്നു. ഉത്തരമായി, യേശു അയൽസ്നേഹിയായ ശമര്യക്കാരന്റെ ദൃഷ്ടാന്തം നൽകുന്നു. കൊളളക്കാരുടെ പ്രഹരമേററ് അർധപ്രാണനായി വഴിയരികിൽ കിടന്ന ഒരു മനുഷ്യനെ, കടന്നുപോയ ഒരു പുരോഹിതനും ഒരു ലേവ്യനും അവഗണിക്കുന്നു. വെറുക്കപ്പെട്ട ഒരു ശമര്യക്കാരനാണു നിന്നു സ്നേഹപൂർവം അവന്റെ മുറിവുകളെ ശുശ്രൂഷിച്ച് തന്റെ സ്വന്തം മൃഗത്തിന്റെ പുറത്ത് അവനെ കയററി ഒരു വഴിയമ്പലത്തിൽ കൊണ്ടുവരുകയും അവന്റെ പരിപാലനത്തിനുളള പണം കൊടുക്കുകയും ചെയ്യുന്നത്. അതെ, “കരുണ കാണിച്ചവൻ” ആണു തന്നേത്തന്നെ അവന് അയൽക്കാരനാക്കിയത്.—10:2, 29, 37.
20. (എ) മാർത്തയോടും മറിയയോടും യേശു ഏത് ആശയം വ്യക്തമാക്കുന്നു? (ബി) അവൻ പ്രാർഥനക്ക് എന്ത് ഊന്നൽ കൊടുക്കുന്നു?
20 മാർത്തയുടെ വീട്ടിൽ അവൾ വീട്ടുജോലിയിൽ അമിതമായി ഉത്ക്കണ്ഠപ്പെടുക നിമിത്തം അവളെ യേശു സൗമ്യമായി ശാസിക്കുന്നു. മെച്ചമായ പങ്കു തിരഞ്ഞെടുത്തുകൊണ്ട് ഇരുന്നു അവന്റെ വചനം കേൾക്കുക നിമിത്തം മറിയയെ അവൻ അഭിനന്ദിക്കുന്നു. തന്റെ ശിഷ്യൻമാരെ അവൻ മാതൃകാപ്രാർഥനയും “യാചിപ്പിൻ, എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും” എന്നു പറഞ്ഞുകൊണ്ടു പ്രാർഥനയിൽ ഉററിരിക്കേണ്ടതിന്റെ ആവശ്യകതയും പഠിപ്പിക്കുന്നു. പിന്നീട് അവൻ ഭൂതങ്ങളെ പുറത്താക്കുകയും “ദൈവത്തിന്റെ വചനംകേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാൻമാർ” എന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഒരു ഭക്ഷണവേളയിൽ അവൻ പരീശൻമാരുമായി ന്യായപ്രമാണംസംബന്ധിച്ച് ഏററുമുട്ടുകയും “പരിജ്ഞാനത്തിന്റെ താക്കോൽ” എടുത്തുകളയുകനിമിത്തം അവരുടെമേൽ കഷ്ടം ഉച്ചരിക്കുകയും ചെയ്യുന്നു.—11:9, 28, 52.
21. യേശു അത്യാഗ്രഹത്തിനെതിരായി ഏതു മുന്നറിയിപ്പു കൊടുക്കുന്നു, എന്തു ചെയ്യാൻ അവൻ തന്റെ ശിഷ്യരെ പ്രോത്സാഹിപ്പിക്കുന്നു?
21 അവൻ വീണ്ടും ജനക്കൂട്ടത്തോടുകൂടെയായിരിക്കുമ്പോൾ, “ഞാനുമായി അവകാശം പകുതിചെയ്യുവാൻ എന്റെ സഹോദരനോടു കല്പിച്ചാലും” എന്നു പറഞ്ഞ് ഒരു മനുഷ്യൻ യേശുവിനെ നിർബന്ധിക്കുന്നു. യേശു പ്രശ്നത്തിന്റെ കാതലിലേക്കു തന്നെ കടന്നു മറുപടി പറയുന്നു: “സകല ദ്രവ്യാഗ്രഹവും സൂക്ഷിച്ച് ഒഴിഞ്ഞുകൊൾവിൻ; ഒരുത്തന്നു സമൃദ്ധി ഉണ്ടായാലും അവന്റെ വസ്തുവകയല്ല അവന്റെ ജീവന്നു ആധാരമായിരിക്കുന്നതു.” അനന്തരം അവൻ വലിപ്പമേറിയവ പണിയാൻ തന്റെ കളപ്പുരകൾ പൊളിച്ചിട്ട് അന്നു രാത്രിതന്നെ മരിക്കുകയും തന്റെ സ്വത്തു മററുളളവർക്കു വെച്ചേച്ചുപോകുകയും ചെയ്ത ധനവാന്റെ ദൃഷ്ടാന്തം പറയുന്നു. യേശു ചുരുക്കി ആശയം സ്ഥാപിക്കുന്നു: “ദൈവവിഷയമായി സമ്പന്നനാകാതെ, തനിക്കു തന്നേ നിക്ഷേപിക്കുന്നവന്റെ കാര്യം ഇങ്ങനെ ആകുന്നു.” ഒന്നാമതു ദൈവരാജ്യം അന്വേഷിപ്പാൻ തന്റെ ശിഷ്യരെ പ്രോത്സാഹിപ്പിച്ചശേഷം യേശു അവരോടു പറയുന്നു: “ചെറിയ ആട്ടിൻകൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവു രാജ്യം നിങ്ങൾക്കു നല്കുവാൻ പ്രസാദിച്ചിരിക്കുന്നു”. 18 വർഷമായി രോഗിയായിരുന്ന ഒരു സ്ത്രീയെ ശബത്തിൽ സൗഖ്യമാക്കിയത് അവന്റെ എതിരാളികളുമായി കൂടുതലായ ഒരു ഏററുമുട്ടലിലേക്കു നയിക്കുന്നു, അവർ ലജ്ജിതരാക്കപ്പെടുന്നു.—12:13, 15, 21, 32.
22. ഏതു കുറിക്കുകൊളളുന്ന ദൃഷ്ടാന്തങ്ങളാൽ യേശു രാജ്യത്തെക്കുറിച്ചു പ്രബോധിപ്പിക്കുന്നു?
22 യേശുവിന്റെ പിൽക്കാലശുശ്രൂഷ, ഏറെയും പെരയയിൽ (13:22–19:27). തന്റെ ശ്രോതാക്കളെ ദൈവരാജ്യം ചൂണ്ടിക്കാട്ടുന്നതിനു യേശു നിറപ്പകിട്ടാർന്ന പദ ദൃഷ്ടാന്തങ്ങൾ നൽകുന്നു. പ്രാമുഖ്യതയും മാന്യതയും തേടുന്നവർ താഴ്ത്തപ്പെടുമെന്ന് അവൻ പ്രകടമാക്കുന്നു. ഒരു വിരുന്നു നടത്തുന്നവൻ പ്രത്യുപകാരം ചെയ്യാൻ കഴിവില്ലാത്ത ദരിദ്രരെ ക്ഷണിക്കട്ടെ; അയാൾ സന്തുഷ്ടനായിരിക്കും, “നീതിമാൻമാരുടെ പുനരുത്ഥാനത്തിൽ [അവനു] പ്രത്യുപകാരം ഉണ്ടാകും.” അടുത്തതായി, ഒരു മഹത്തായ അത്താഴം ഒരുക്കുന്ന മമനുഷ്യന്റെ ദൃഷ്ടാന്തം ഉണ്ട്. ക്ഷണിക്കപ്പെട്ടവർ ഓരോരുത്തരായി ഒഴികഴിവുകൾ പറയുന്നു: ഒരാൾ ഒരു വയൽ വാങ്ങിയിരിക്കുന്നു, മറെറാരാൾ കുറെ കാളകളെ വാങ്ങിച്ചിട്ടുണ്ട്, മറെറാരാൾ വിവാഹംകഴിച്ചതേയുളളു. വീട്ടുകാരൻ കോപിച്ച്, “ദരിദ്രൻമാർ അംഗഹീനൻമാർ, കുരുടൻമാർ, മുടന്തൻമാർ” എന്നിവരെ വിളിച്ചുകൊണ്ടുവരാൻ ആളയയ്ക്കുന്നു. ആദ്യം ക്ഷണിക്കപ്പെട്ടവരിൽ ആരും തന്റെ അത്താഴം “ആസ്വദിക്കയില്ല” എന്ന് അവൻ പ്രഖ്യാപിക്കുന്നു. (14:14, 21, 24) അവൻ കാണാതെപോയിട്ടു കണ്ടുകിട്ടിയ ആടിന്റെ ദൃഷ്ടാന്തം പറയുകയും “അങ്ങനെ തന്നേ മാനസാന്തരംകൊണ്ടു ആവശ്യമില്ലാത്ത തൊണ്ണൂറെറാൻപതു നീതിമാൻമാരെക്കുറിച്ചുളളതിനെക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വർഗ്ഗത്തിൽ അധികം സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു കൂട്ടിച്ചേർക്കുകയും ചെയ്യുന്നു. (15:7) ഒരു ദ്രഹ്മ കണ്ടെടുക്കാൻ തന്റെ വീട് അടിച്ചുവാരുന്ന സ്ത്രീയുടെ ദൃഷ്ടാന്തം സമാനമായ ഒരു ആശയം സ്ഥാപിക്കുന്നു.f
23. മുടിയനായ പുത്രനെക്കുറിച്ചുളള വിവരണത്തിൽ എന്തു ദൃഷ്ടാന്തീകരിച്ചിരിക്കുന്നു?
23 പിന്നീട്, പിതാവിനോടു വസ്തുവിൽ തന്റെ ഓഹരി ചോദിക്കുകയും അനന്തരം “ദുർന്നടപ്പുകാരനായി ജീവിച്ചു” അതു ധൂർത്തടിക്കുകയും ചെയ്ത മുടിയനായ പുത്രനെക്കുറിച്ചു യേശു പറയുന്നു. കഠിന ഞെരുക്കത്തിലായപ്പോൾ പുത്രനു സുബോധം തോന്നി തന്റെ പിതാവിന്റെ കരുണയ്ക്കായി കേണപേക്ഷിക്കുന്നതിനു വീട്ടിലേക്കു മടങ്ങിവരുന്നു. അവന്റെ പിതാവു സഹതാപംതോന്നി “ഓടിച്ചെന്നു അവന്റെ കഴുത്തു കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു.” നല്ല വസ്ത്രം ധരിപ്പിച്ചിട്ട് ഒരു വലിയ വിരുന്നൊരുക്കി “അവർ ആനന്ദിച്ചുതുടങ്ങി.” എന്നാൽ മൂത്ത സഹോദരൻ പ്രതിഷേധിച്ചു. ദയയോടെ അവന്റെ അപ്പൻ അവനെ തിരുത്തി: “മകനേ, നീ എപ്പോഴും എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; എനിക്കുളളതു എല്ലാം നിന്റേതു ആകുന്നു; നിന്റെ ഈ സഹോദരനോ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടു കിട്ടിയിരിക്കുന്നു.”—15:13, 20, 24, 31, 32.
24. ധനവാന്റെയും ലാസറിന്റെയും അതുപോലെതന്നെ പരീശന്റെയും കരംപിരിവുകാരന്റെയും ദൃഷ്ടാന്തങ്ങളിൽ യേശു ഏതു സത്യങ്ങൾ ഊന്നിപ്പറയുന്നു?
24 നീതികെട്ട ഗൃഹവിചാരകന്റെ ദൃഷ്ടാന്തം കേട്ടതോടെ പണക്കൊതിയൻമാരായ പരീശൻമാർ യേശുവിന്റെ ഉപദേശത്തെ പുച്ഛിക്കുന്നു. എന്നാൽ അവൻ അവരോടു പറയുന്നു: “നിങ്ങൾ നിങ്ങളെ തന്നേ മനുഷ്യരുടെ മുമ്പാകെ നീതീകരിക്കുന്നവർ ആകുന്നു; ദൈവമോ നിങ്ങളുടെ ഹൃദയം അറിയുന്നു; മനുഷ്യരുടെ ഇടയിൽ ഉന്നതമായതു ദൈവത്തിന്റെ മുമ്പാകെ അറെപ്പത്രേ.” (16:15) ധനവാന്റെയും ലാസറിന്റെയും ദൃഷ്ടാന്തത്താൽ ദൈവത്താൽ അംഗീകരിക്കപ്പെട്ടവരും അംഗീകരിക്കപ്പെടാത്തവരും തമ്മിലുളള വിടവ് എത്ര വലുതാണെന്ന് അവൻ പ്രകടമാക്കുന്നു. ഇടർച്ചക്കുളള കാരണങ്ങൾ ഉണ്ടായിരിക്കുമെന്നു യേശു ശിഷ്യൻമാർക്കു മുന്നറിയിപ്പു കൊടുക്കുന്നു, എന്നാൽ “അവ വരുത്തുന്നവന്നു അയ്യോ കഷ്ടം.” “മനുഷ്യപുത്രൻ വെളിപ്പെടുന്ന” നാളിലെ പ്രയാസങ്ങളെക്കുറിച്ച് അവൻ സംസാരിക്കുന്നു. “ലോത്തിന്റെ ഭാര്യയെ ഓർത്തുകൊൾവിൻ” എന്ന് അവൻ അവരോടു പറയുന്നു. (17:1, 30, 32) “രാപ്പകൽ തന്നോടു നിലവിളിക്കുന്ന”വർക്കുവേണ്ടി ദൈവം തീർച്ചയായും പ്രവർത്തിക്കുമെന്ന് ഒരു ദൃഷ്ടാന്തത്താൽ അവൻ ഉറപ്പുനൽകുന്നു. (18:7) പിന്നീടു മറെറാരു ദൃഷ്ടാന്തത്താൽ അവൻ സ്വയനീതിക്കാരെ ശാസിക്കുന്നു. ആലയത്തിൽ പ്രാർഥിക്കുന്ന ഒരു പരീശൻ താൻ മററു മനുഷ്യരെപ്പോലെയല്ലാത്തതുകൊണ്ടു ദൈവത്തിനു നന്ദികൊടുക്കുന്നു. സ്വർഗത്തിലേക്കു കണ്ണുകളുയർത്താൻപോലും മനസ്സില്ലാതെ ദൂരെ നിന്നുകൊണ്ട് ഒരു നികുതിപിരിവുകാരൻ പ്രാർഥിക്കുന്നു: “ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ.” യേശു ഇതിനെ എങ്ങനെ വിലയിരുത്തുന്നു? നികുതിപിരിവുകാരൻ പരീശനെക്കാൾ നീതിമാനാണെന്ന് അവൻ പ്രഖ്യാപിക്കുന്നു, കാരണം “തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും.” (18:13, 14) യെരീഹോയിൽ നികുതിപിരിവുകാരനായ സഖായി യേശുവിനെ സത്കരിക്കുന്നു, യേശു പത്തു മീനാകളുടെ ദൃഷ്ടാന്തം പറയുന്നു, ഭരമേൽപ്പിക്കപ്പെടുന്ന താത്പര്യങ്ങൾ വിശ്വസ്തമായി ഉപയോഗിക്കുന്നതിന്റെ ഫലവും അവ ഒളിച്ചുവെക്കുന്നതിന്റെ ഫലവും തമ്മിലുളള അന്തരം കാട്ടിക്കൊടുക്കുകയും ചെയ്യുന്നു.
25. യേശു തന്റെ ശുശ്രൂഷയുടെ അവസാനഘട്ടത്തിൽ പ്രവേശിക്കുന്നത് എങ്ങനെ, അവൻ ഏതു പ്രാവചനിക മുന്നറിയിപ്പുകൾ നൽകുന്നു?
25 യെരുശലേമിലും ചുററുപാടുമുളള അന്തിമ പരസ്യശുശ്രൂഷ (19:28–23:25). യേശു ഒരു കഴുതപ്പുറത്തു യെരുശലേമിലേക്കു സവാരി ചെയ്യുകയും ശിഷ്യൻമാരുടെ പുരുഷാരം അവനെ “യഹോവയുടെ നാമത്തിൽ രാജാവായി വരുന്നവൻ” എന്ന നിലയിൽ വാഴ്ത്തുകയും ചെയ്യുമ്പോൾ അവന്റെ ശിഷ്യൻമാരെ ശകാരിക്കാൻ പരീശൻമാർ അവനോട് ആവശ്യപ്പെടുന്നു. “ഇവർ മൗനമായിരുന്നാൽ, കല്ലുകൾ ആർപ്പിടും” എന്നു യേശു മറുപടി പറയുന്നു. (19:38, 40, NW) അവൻ യെരുശലേമിന്റെ നാശത്തെ സംബന്ധിച്ച തന്റെ സ്മരണാർഹമായ പ്രവചനം ഉച്ചരിക്കുകയും അതിനു ചുററും കൂർത്ത പത്തലുകൾ നാട്ടുമെന്നും അതിനെ ഞെരുക്കുമെന്നും അതിന്റെ മക്കളോടുകൂടെ അതിനെ നിലത്തു തളളിയിടുമെന്നും കല്ലു കല്ലിൻമേൽ അവശേഷിക്കുകയില്ലെന്നും പറയുകയും ചെയ്യുന്നു. യേശു സുവാർത്ത ഘോഷിച്ചുകൊണ്ടും മുഖ്യപുരോഹിതൻമാരുടെയും ശാസ്ത്രിമാരുടെയും സദൂക്യരുടെയും കുടുക്കുചോദ്യങ്ങൾക്കു വിദഗ്ധമായ ദൃഷ്ടാന്തങ്ങളും വാദവും ഉപയോഗിച്ച് ഉത്തരം പറഞ്ഞുകൊണ്ടും ആലയത്തിൽ ജനത്തെ ഉപദേശിക്കുന്നു. പാളയമടിച്ചിരിക്കുന്ന സൈന്യങ്ങൾ യെരുശലേമിനെ വളയുന്നതിനെക്കുറിച്ചു വീണ്ടും പറഞ്ഞുകൊണ്ടു യേശു അന്ത്യത്തിന്റെ വലിയ അടയാളം സംബന്ധിച്ച് ഒരു ശക്തമായ വിവരണം നൽകുന്നു. സംഭവിക്കാൻപോകുന്ന കാര്യങ്ങളെക്കുറിച്ചുളള ഭയത്താൽ മനുഷ്യർ മോഹാലസ്യപ്പെടും, എന്നാൽ ഈ കാര്യങ്ങൾ സംഭവിക്കുമ്പോൾ അവന്റെ അനുഗാമികൾ ‘തങ്ങളുടെ വീണ്ടെടുപ്പു അടുത്തുവരുന്നതുകൊണ്ടു നിവിർന്നു തലപൊക്കേണ്ടതാണ്.’ സംഭവിക്കാൻ നിർണയിക്കപ്പെട്ടിരിക്കുന്നതിൽനിന്ന് ഒഴിഞ്ഞുപോകുന്നതിൽ വിജയിക്കാൻ അവർ ഉണർന്നിരിക്കേണ്ടതാണ്.—21:28.
26. (എ) യേശു ഏത് ഉടമ്പടി അവതരിപ്പിക്കുന്നു, അവൻ അതിനെ എന്തിനോടു ബന്ധിപ്പിക്കുന്നു? (ബി) പീഡാനുഭവത്തിൽ യേശു ശക്തീകരിക്കപ്പെടുന്നത് എങ്ങനെ, അവൻ തന്റെ അറസ്ററിന്റെ സമയത്ത് എന്തു ശാസന കൊടുക്കുന്നു?
26 ഇപ്പോൾ പൊ.യു. 33 നീസാൻ 14 ആയിരിക്കുകയാണ്. യേശു പെസഹ നടത്തുകയും അതിനുശേഷം തന്റെ വിശ്വസ്ത അപ്പോസ്തലൻമാർക്കുമുമ്പാകെ “പുതിയ നിയമം” [“പുതിയ ഉടമ്പടി”, NW] അവതരിപ്പിക്കുകയും തന്റെ ഓർമക്കായി ആചരിക്കാൻ അവരോടു കൽപ്പിക്കുന്ന പ്രതീകാത്മക ഭക്ഷണത്തോട് ഇതിനെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. “എന്റെ പിതാവു എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും നിയമിച്ചുതരുന്നു” എന്നും അവൻ അവരോടു പറയുന്നു. (22:20, 29) അതേ രാത്രിയിൽ, യേശു ഒലിവുമലയിൽ പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ ‘അവനെ ശക്തിപ്പെടുത്താൻ സ്വർഗ്ഗത്തിൽനിന്ന് ഒരു ദൂതൻ അവന്നു പ്രത്യക്ഷനാകുന്നു. പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർഥിക്കുന്നതിൽ തുടരുന്നു; അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുളളിപോലെ ആയിത്തീരുന്നു.’ യേശുവിനെ അറസ്ററുചെയ്യാൻ ഒററുകാരനായ യൂദാ ജനക്കൂട്ടത്തെ നയിക്കവേ, അന്തരീക്ഷം സംഘർഷപൂരിതമാകുന്നു. “കർത്താവേ ഞങ്ങൾ വാൾകൊണ്ടു വെട്ടേണമോ?” എന്നു ശിഷ്യൻമാർ വിളിച്ചുചോദിക്കുന്നു. അവരിൽ ഒരാൾ മഹാപുരോഹിതന്റെ അടിമയുടെ ചെവി ഛേദിക്കുന്നു, എന്നാൽ യേശു അവരെ ശകാരിക്കുകയും മുറിവേററ മനുഷ്യനെ സൗഖ്യമാക്കുകയും ചെയ്യുന്നു.—22:43, 44, 49.
27. (എ) പത്രൊസ് എന്തിൽ പരാജയപ്പെടുന്നു? (ബി) യേശുവിനെതിരെ ഏത് ആരോപണങ്ങൾ കൊണ്ടുവരുന്നു, അവൻ ഏതു സാഹചര്യങ്ങളിൽ വിസ്തരിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു?
27 യേശുവിനെ ചോദ്യംചെയ്യുന്നതിനു മഹാപുരോഹിതന്റെ ഭവനത്തിലേക്ക് ഉന്തിത്തളളി കൊണ്ടുപോകുന്നു. രാത്രിയിലെ തണുപ്പിൽ പത്രൊസ് ഒരു തീയുടെ ചുററുമുളള ജനക്കൂട്ടവുമായി ഇടകലരുന്നു. അവൻ യേശുവിന്റെ ഒരു അനുഗാമിയാകുന്നുവെന്നു മൂന്നു സന്ദർഭങ്ങളിൽ കുററമാരോപിക്കപ്പെടുന്നു, മൂന്നു പ്രാവശ്യവും അവൻ നിഷേധിക്കുന്നു. അപ്പോൾ കോഴി കൂവുന്നു. കർത്താവു തിരിഞ്ഞു പത്രൊസിനെ നോക്കുന്നു. യേശു മുൻകൂട്ടിപ്പറഞ്ഞിരുന്നത് ഇതുതന്നെയെന്ന് ഓർത്തുകൊണ്ടു പത്രൊസ് പുറത്തുപോയി അതിദുഃഖത്തോടെ കരയുന്നു. സൻഹെദ്രീം ഹാളിലേക്കു വരുത്തപ്പെട്ട ശേഷം യേശു ഇപ്പോൾ പീലാത്തോസിന്റെ അടുക്കലേക്കു നയിക്കപ്പെടുന്നു, ജനതയെ മറിച്ചുകളയുന്നതായും നികുതികൊടുക്കുന്നതിനെ വിലക്കുന്നതായും അവൻതന്നെ “ക്രിസ്തു എന്ന രാജാവാകുന്നു” എന്നു പറയുന്നതായും കുററമാരോപിക്കപ്പെടുകയും ചെയ്യുന്നു. യേശു ഒരു ഗലീലക്കാരനാകുന്നുവെന്നു മനസ്സിലാക്കിക്കൊണ്ട്, അവൻ ആ സമയത്തു യെരുശലേമിലുണ്ടായിരുന്ന ഹെരോദാവിന്റെ അടുക്കലേക്ക് അവനെ അയയ്ക്കുന്നു. ഹെരോദാവും അവന്റെ കാവൽക്കാരും യേശുവിനെ കളിയാക്കുകയും ഹാലിളകിയ ഒരു ജനക്കൂട്ടത്തിൻമുമ്പാകെ വിചാരണക്കുവേണ്ടി അവനെ തിരിച്ചയയ്ക്കുകയും ചെയ്യുന്നു. പീലാത്തോസ് ‘യേശുവിനെ അവരുടെ ഇഷ്ടത്തിന്നു ഏല്പിക്കുന്നു.’—23:2, 25.
28. (എ) തന്നിൽ വിശ്വാസം പ്രകടമാക്കുന്ന കളളനോടു യേശു എന്തു വാഗ്ദത്തംചെയ്യുന്നു? (ബി) യേശുവിന്റെ മരണവും അടക്കും പുനരുത്ഥാനവും സംബന്ധിച്ചു ലൂക്കൊസ് എന്തു രേഖപ്പെടുത്തുന്നു?
28 യേശുവിന്റെ മരണവും പുനരുത്ഥാനവും സ്വർഗാരോഹണവും (23:26–24:53). യേശു രണ്ടു ദുഷ്പ്രവൃത്തിക്കാരുടെ മധ്യേ സ്തംഭത്തിലേററപ്പെടുന്നു. ഒരുവൻ അവനെ പരിഹസിക്കുന്നു, എന്നാൽ മററവൻ വിശ്വാസം പ്രകടമാക്കിക്കൊണ്ടു യേശുവിന്റെ രാജ്യത്തിൽ തന്നെ ഓർക്കണമെന്ന് അപേക്ഷിക്കുന്നു. “സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു, നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും” എന്നു യേശു വാഗ്ദത്തംചെയ്യുന്നു. (23:43, NW) പിന്നീട് ഒരു അസാധാരണമായ ഇരുട്ടു വ്യാപിക്കുന്നു. വിശുദ്ധമന്ദിരത്തിന്റെ തിരശ്ശീല നടുവേ ചീന്തിപ്പോകുന്നു, യേശു: “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറയുന്നു. ഇതിങ്കൽ അവൻ മരണമടയുന്നു. അവന്റെ ശരീരം താഴെയിറക്കി പാറയിൽ വെട്ടിയ ഒരു കല്ലറയിൽ വെക്കുന്നു. ആഴ്ചയുടെ ഒന്നാം ദിവസം, ഗലീലയിൽനിന്ന് അവനോടുകൂടെ വന്നിരുന്ന സ്ത്രീകൾ കല്ലറയ്ക്കലേക്കു ചെല്ലുന്നു, എന്നാൽ യേശുവിന്റെ ശരീരം കാണാൻ കഴിയുന്നില്ല. താൻതന്നെ മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെ, അവൻ മൂന്നാം ദിവസം ഉയിർത്തെഴുന്നേററിരിക്കുന്നു!—23:46.
29. എന്തു സന്തോഷകരമായ വിവരണത്തോടെ ലൂക്കൊസിന്റെ സുവിശേഷം പര്യവസാനിക്കുന്നു?
29 എമ്മവുസിലേക്കുളള വഴിയിലായിരുന്ന തന്റെ ശിഷ്യൻമാരിൽ രണ്ടുപേർക്കു തന്നേത്തന്നെ തിരിച്ചറിയിക്കാതെ പ്രത്യക്ഷപ്പെട്ടുകൊണ്ടു യേശു തന്റെ കഷ്ടപ്പാടുകളെക്കുറിച്ചു സംസാരിക്കുകയും അവർക്കു തിരുവെഴുത്തുകൾ വ്യാഖ്യാനിച്ചുകൊടുക്കുകയും ചെയ്യുന്നു. പെട്ടെന്ന് അവർ അവനെ തിരിച്ചറിയുന്നു, എന്നാൽ അവൻ അപ്രത്യക്ഷപ്പെടുന്നു. ഇപ്പോൾ അവർ ഇങ്ങനെ പറയുന്നു: “അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉളളിൽ കത്തിക്കൊണ്ടിരുന്നില്ലയോ?” മററു ശിഷ്യൻമാരോടു വിവരമറിയിക്കാൻ അവർ യെരുശലേമിലേക്കു ധൃതിയിൽ തിരിച്ചുപോകുന്നു. അവർ ഈ കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ യേശു അവരുടെ മധ്യേ പ്രത്യക്ഷപ്പെടുന്നു. അവർക്കു തികഞ്ഞ സന്തോഷവും അതിശയവും നിമിത്തം ഇതു വിശ്വസിക്കാൻ കഴിയുന്നില്ല. പിന്നീട് അവൻ സംഭവിച്ചിരിക്കുന്നതിന്റെയെല്ലാം അർഥം തിരുവെഴുത്തുകളിൽനിന്നു ‘തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറക്കുന്നു.’ ലൂക്കൊസ് യേശുവിന്റെ സ്വർഗാരോഹണത്തിന്റെ ഒരു വിവരണത്തോടെ തന്റെ സുവിശേഷം ഉപസംഹരിക്കുന്നു.—24:32, 45.
എന്തുകൊണ്ടു പ്രയോജനപ്രദം
30, 31. (എ) എബ്രായ തിരുവെഴുത്തുകൾ ദൈവനിശ്വസ്തമാണെന്നുളളതിൽ ലൂക്കൊസ് വിശ്വാസം പരിപുഷ്ടിപ്പെടുത്തുന്നത് എങ്ങനെ? (ബി) ഇതിനെ പിന്താങ്ങുന്നതിനു യേശുവിന്റെ ഏതു വാക്കുകൾ ലൂക്കൊസ് ഉദ്ധരിക്കുന്നു?
30 “ലൂക്കൊസിന്റെ” സുവിശേഷം ദൈവവചനത്തിലുളള ഒരുവന്റെ വിശ്വാസത്തെ പരിപുഷ്ടിപ്പെടുത്തുകയും ഒരു ശത്രുലോകത്തിന്റെ പ്രാതികൂല്യങ്ങളെ ചെറുത്തുനിൽക്കാൻ കഴിയത്തക്കവണ്ണം അയാളുടെ വിശ്വാസത്തെ ബലപ്പെടുത്തുകയും ചെയ്യുന്നു. ലൂക്കൊസ് എബ്രായ തിരുവെഴുത്തുകളുടെ കൃത്യമായ നിവൃത്തികളുടെ അനേകം ദൃഷ്ടാന്തങ്ങൾ നൽകുന്നു. യേശു യെശയ്യാവിന്റെ പുസ്തകത്തിൽനിന്നു വ്യക്തമായ പദങ്ങളിൽ തന്റെ നിയോഗം വിവരിക്കുന്നതായി കാണിക്കപ്പെടുന്നു. പുസ്തകത്തിലുടനീളം ഇതിനെ ഒരു വിഷയമായി ലൂക്കൊസ് ഉപയോഗിക്കുന്നതായി തോന്നുന്നു. (ലൂക്കൊ. 4:17-19; യെശ. 61:1, 2) ഇതു യേശു പ്രവാചകൻമാരിൽനിന്ന് ഉദ്ധരിക്കുന്ന സന്ദർഭങ്ങളിലൊന്നായിരുന്നു. അവൻ പിശാചിന്റെ മൂന്നു പ്രലോഭനങ്ങളെ തളളിക്കളയുമ്പോഴെന്നപോലെ ന്യായപ്രമാണത്തിൽനിന്നും, തന്റെ ശത്രുക്കളോടു “ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു പറയുന്നതു എങ്ങനെ?” എന്നു ചോദിക്കുമ്പോഴെന്നപോലെ സങ്കീർത്തനങ്ങളിൽനിന്നും, ഉദ്ധരിച്ചു. ലൂക്കൊസിന്റെ വിവരണത്തിൽ എബ്രായ തിരുവെഴുത്തുകളിൽനിന്നുളള മററനേകം ഉദ്ധരണികൾ അടങ്ങിയിരിക്കുന്നു—ലൂക്കൊ. 4:4, 8, 12; 20:41-44; ആവ. 8:3; 6:13, 16; സങ്കീ. 110:1.
31 സെഖര്യാവു 9:9-ൽ മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെ യെരുശലേമിലേക്ക് ഒരു കഴുതപ്പുറത്തു സവാരിചെയ്തപ്പോൾ, പുരുഷാരങ്ങൾ സങ്കീർത്തനം 118:26-ലെ തിരുവെഴുത്ത് അവനു ബാധകമാക്കിക്കൊണ്ടു സന്തോഷപൂർവം അവനെ വാഴ്ത്തി. (ലൂക്കൊ. 19:35-38) എബ്രായ തിരുവെഴുത്തുകൾ യേശുവിന്റെ ലജ്ജാകരമായ മരണത്തെയും അവന്റെ പുനരുത്ഥാനത്തെയും കുറിച്ചു പ്രവചിച്ച ആറ് ആശയങ്ങൾ ഉൾപ്പെടുത്താൻ ഒരിടത്തു ലൂക്കൊസിന്റെ രണ്ടു വാക്യങ്ങൾ മതി. (ലൂക്കൊ. 18:32, 33; സങ്കീ. 22:7; യെശ. 50:6; 53:5-7; യോനാ 1:17) ഒടുവിൽ, യേശുവിന്റെ പുനരുത്ഥാനശേഷം, അവൻ മുഴു എബ്രായ തിരുവെഴുത്തുകളുടെയും പ്രാധാന്യം ശിഷ്യൻമാർക്കു ബോധ്യമാക്കിക്കൊടുത്തു. “പിന്നെ അവൻ അവരോടു: ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുളളതു തന്നേ എന്നു പറഞ്ഞു തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു.” (ലൂക്കൊ. 24:44, 45) യേശുക്രിസ്തുവിന്റെ ആ ആദിമശിഷ്യൻമാരെപ്പോലെ, ലൂക്കൊസും ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ മററ് എഴുത്തുകാരും വളരെ കൃത്യമായി വിശദീകരിക്കുന്ന എബ്രായ തിരുവെഴുത്തുകളുടെ നിവൃത്തികൾക്കു ശ്രദ്ധ കൊടുത്തുകൊണ്ടു നമുക്കും പ്രകാശിതരാകാനും ശക്തമായ വിശ്വാസമാർജിക്കാനും കഴിയും.
32. ലൂക്കൊസിന്റെ വിവരണം രാജ്യത്തെ പ്രദീപ്തമാക്കുന്നത് എങ്ങനെ, രാജ്യത്തോടുളള നമ്മുടെ മനോഭാവം എന്തായിരിക്കണം?
32 ലൂക്കൊസ് തന്റെ വിവരണത്തിലുടനീളം തുടർച്ചയായി തന്റെ വായനക്കാരനെ ദൈവരാജ്യം ചൂണ്ടിക്കാണിക്കുന്നു. മറിയ പ്രസവിക്കുന്ന കുട്ടി “യാക്കോബ്ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല” എന്നു ദൂതൻ വാഗ്ദത്തംചെയ്യുന്ന പുസ്തകത്തിന്റെ ആദ്യഭാഗം തുടങ്ങി രാജ്യത്തിനുവേണ്ടിയുളള ഉടമ്പടിയിലേക്കു യേശു അപ്പോസ്തലൻമാരെ എടുക്കുന്നതിനെക്കുറിച്ചു പറയുന്ന അവസാന അധ്യായങ്ങൾ വരെ ലൂക്കൊസ് രാജ്യപ്രത്യാശയെ ഊന്നിപ്പറയുന്നു. (1:33; 22:28, 29) യേശു രാജ്യപ്രസംഗത്തിൽ നേതൃത്വംവഹിക്കുന്നതായും 12 അപ്പോസ്തലൻമാരെയും പിന്നീട് 70 പേരെയും ഇതേ വേലതന്നെ ചെയ്യുന്നതിന് അയയ്ക്കുന്നതായും അവൻ പ്രകടമാക്കുന്നു. (4:43; 9:1, 2; 10:1, 8, 9) രാജ്യത്തിൽ പ്രവേശിക്കുന്നതിനാവശ്യമായ ഏകാഗ്രമായ ഭക്തിക്കു യേശുവിന്റെ കുറിക്കുകൊളളുന്ന വാക്കുകൾ അടിവരയിടുന്നു: “മരിച്ചവർ തങ്ങളുടെ മരിച്ചവരെ കുഴിച്ചിടട്ടെ, നീയോ പോയി ദൈവരാജ്യം അറിയിക്ക,” “കലപ്പെക്കു കൈ വെച്ചശേഷം പുറകോട്ടു നോക്കുന്നവൻ ആരും ദൈവരാജ്യത്തിന്നു കൊളളാവുന്നവനല്ല.”—9:60, 62.
33. പ്രാർഥനസംബന്ധിച്ച ലൂക്കൊസിന്റെ ഊന്നലിന്റെ ദൃഷ്ടാന്തങ്ങൾ നൽകുക. നമുക്ക് ഇതിൽനിന്ന് എന്തു പാഠം പഠിക്കാൻ കഴിയും?
33 ലൂക്കൊസ് പ്രാർഥനക്ക് ഊന്നൽ കൊടുക്കുന്നു. അവന്റെ സുവിശേഷം ഇതിൽ മുന്തിയതാണ്. അതു സെഖര്യാവ് ആലയത്തിൽ ആയിരുന്നപ്പോൾ പുരുഷാരം പ്രാർഥിക്കുന്നതായും ഒരു കുട്ടിക്കുവേണ്ടിയുളള പ്രാർഥനക്കുത്തരമായി യോഹന്നാൻ സ്നാപകൻ ജനിക്കുന്നതായും പ്രവാചകിയായ ഹന്നാ രാപകൽ പ്രാർഥിക്കുന്നതായും പറയുന്നു. തന്റെ സ്നാപനസമയത്തു യേശു പ്രാർഥിക്കുന്നതായും 12 പേരെ തിരഞ്ഞെടുക്കുന്നതിനുമുമ്പു മുഴുരാത്രിയും അവൻ പ്രാർഥനക്കു ചെലവഴിക്കുന്നതായും മറുരൂപസമയത്ത് അവൻ പ്രാർഥിക്കുന്നതായും അതു വർണിക്കുന്നു. “മടുത്തുപോകാതെ എപ്പോഴും പ്രാർത്ഥി”ക്കാൻ യേശു തന്റെ ശിഷ്യൻമാരെ ബുദ്ധ്യുപദേശിക്കുന്നു. തനിക്കു ന്യായം പാലിച്ചുതരുന്നതുവരെ ഒരു ന്യായാധിപനോടു തുടർച്ചയായി അപേക്ഷിച്ചുകൊണ്ടിരുന്ന സ്ഥിരോത്സാഹിയായ ഒരു വിധവയാൽ അവൻ ഇതു ദൃഷ്ടാന്തീകരിക്കുന്നു. തങ്ങളെ പ്രാർഥിക്കാൻ പഠിപ്പിക്കുന്നതിനു ശിഷ്യൻമാർ യേശുവിനോട് അപേക്ഷിക്കുന്നതായും ഒലിവുമലയിൽ പ്രാർഥിക്കവേ ദൂതൻ യേശുവിനെ ശക്തിപ്പെടുത്തുന്നതായും ലൂക്കൊസ് മാത്രമേ പറയുന്നുളളു; “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്നുളള യേശുവിന്റെ അന്തിമപ്രാർഥനയിലെ വാക്കുകൾ അദ്ദേഹം മാത്രമാണു രേഖപ്പെടുത്തുന്നത്. (1:10, 13; 2:37; 3:21; 6:12; 9:28, 29; 18:1-8; 11:1; 22:39-46; 23:46) ലൂക്കൊസ് തന്റെ സുവിശേഷം രേഖപ്പെടുത്തിയ നാളിലെപ്പോലെ ഇന്നും ദിവ്യേഷ്ടം ചെയ്യുന്ന എല്ലാവരെയും ശക്തീകരിക്കുന്നതിനുളള മർമപ്രധാനമായ ഒരു കരുതലാണു പ്രാർഥന.
34. ക്രിസ്ത്യാനികൾക്കായുളള നല്ല മുൻവഴക്കങ്ങൾ എന്ന നിലയിൽ യേശുവിന്റെ ഏതു ഗുണങ്ങൾ ലൂക്കൊസ് ഊന്നിപ്പറയുന്നു?
34 തന്റെ സൂക്ഷ്മ നിരീക്ഷണപാടവവും ഒഴുക്കുളളതും വർണനാത്മകവുമായ തൂലികയും കൊണ്ടു ലൂക്കൊസ് യേശുവിന്റെ പഠിപ്പിക്കലിന് ഊഷ്മളതയും ചലനാത്മകജീവനും കൊടുക്കുന്നു. ദുർബലരോടും മർദിതരോടും ചവിട്ടിമെതിക്കപ്പെട്ടവരോടുമുളള യേശുവിന്റെ സ്നേഹവും ദയയും കരുണയും സഹാനുഭൂതിയും, പരീശൻമാരുടെയും ശാസ്ത്രിമാരുടെയും വിരസവും ഔപചാരികവും ഇടുങ്ങിയതും കപടഭക്തിപരവുമായ മതത്തിനു കടകവിരുദ്ധമായി നിലകൊളളുന്നു. (4:18; 18:9) യേശു ദരിദ്രർക്കും ബന്ദികൾക്കും കുരുടർക്കും ഞെരിക്കപ്പെട്ടവർക്കും നിരന്തരമായ പ്രോത്സാഹനവും സഹായവും കൊടുക്കുകയും അങ്ങനെ തന്റെ “കാൽചുവടുകളെ അടുത്തുപിന്തുടരു”വാൻ ശ്രമിക്കുന്നവർക്ക് ഉത്തമമായ മുൻവഴക്കങ്ങൾ നൽകുകയും ചെയ്യുന്നു.—1 പത്രൊ. 2:21, NW.
35. ലൂക്കൊസിന്റെ സുവിശേഷംസംബന്ധിച്ച യഹോവയുടെ കരുതലിനുവേണ്ടി നമുക്കു യഥാർഥമായി അവനോടു നന്ദിയുളളവരായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
35 അത്ഭുതം പ്രവർത്തിക്കുന്ന പൂർണതയുളള ദൈവപുത്രനായ യേശു തന്റെ ശിഷ്യൻമാരോടും പരമാർഥഹൃദയമുളള സകലരോടും സ്നേഹപൂർവകമായ താത്പര്യം പ്രകടമാക്കിയതുപോലെ നാമും സ്നേഹപൂർവം, അതേ, “നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണ നിമിത്തം,” നമ്മുടെ ശുശ്രൂഷ നിറവേററാൻ കഠിനശ്രമം ചെയ്യേണ്ടതാണ്. (ലൂക്കൊ. 1:78, NW) ഈ ഉദ്ദേശ്യത്തിൽ “ലൂക്കൊസിന്റെ സുവിശേഷം” തീർച്ചയായും അത്യന്തം പ്രയോജനകരവും സഹായകവുമാണ്. “ദൈവത്തിന്റെ രക്ഷാമാർഗ”മായ യേശുക്രിസ്തുവിന്റെ രാജ്യംമുഖാന്തരമുളള രക്ഷയിലേക്കു വിരൽചൂണ്ടുന്ന കൃത്യതയുളളതും പരിപുഷ്ടിപ്പെടുത്തുന്നതും പ്രോത്സാഹജനകവുമായ ഈ വിവരണം എഴുതുന്നതിനു “വൈദ്യനായ പ്രിയ” ലൂക്കൊസിനെ നിശ്വസ്തനാക്കിയതിൽ നമുക്കു യഹോവയോടു യഥാർഥമായി നന്ദിയുളളവരായിരിക്കാൻ കഴിയും.—കൊലൊ. 4:14; ലൂക്കൊ. 3:6, NW.
[അടിക്കുറിപ്പുകൾ]
a ലൂക്കൊസിന്റെ വൈദ്യശാസ്ത്ര ഭാഷ (ഇംഗ്ലീഷ്) 1954, ഡബ്ലിയു. കെ. ഹോബാർട്ട്, പേജുകൾ xi-xxviii.
b ഒരു നിയമജ്ഞൻ ബൈബിൾ പരിശോധിക്കുന്നു (ഇംഗ്ലീഷ്), 1943, ഐ. എച്ച്. ലിൻറൻ, പേജ് 38.
c തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 2, പേജുകൾ 766-7.
d ആധുനിക കണ്ടുപിടിത്തവും ബൈബിളും (ഇംഗ്ലീഷ്) 1955, എ. റെൻഡൽ ഷോർട്ട്, പേജ് 211.
e യഹൂദ യുദ്ധം (ഇംഗ്ലീഷ്) V, 491-515, 523 (xii, 1-4); VI, 420 (ix, 3); ഇതുകൂടെ കാണുക: തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 2, പേജുകൾ 751-2.