സമാരകസമയത്ത് ‘നാം ആരാണെന്ന വിവേചിക്കൽ’
“നാം ആരാണെന്നു നാം വിവേചിക്കുമെങ്കിൽ, നാം ന്യായംവിധിക്കപ്പെടുകയില്ല . . . നാം കുററംവിധിക്കപ്പെടാതിരിക്കേണ്ടതിന്.”—1 കൊരിന്ത്യർ 11: 31, 32.
1. സത്യക്രിസ്ത്യാനികൾ സുനിശ്ചിതമായി എന്ത് ഒഴിവാക്കാൻ ആഗ്രഹിക്കുന്നു, എന്തുകൊണ്ട്?
യഹോവയാൽ പ്രതികൂലമായി ന്യായംവിധിക്കപ്പെടാൻ ഒരു ക്രിസ്ത്യാനി അശേഷം ആഗ്രഹിക്കുന്നില്ല. “സർവഭൂമിയുടെയും ന്യായാധിപനെ” അപ്രീതിപ്പെടുത്തുന്നത് നാം ‘ലോകത്തോടുകൂടെ കുററംവിധിക്കപ്പെടുന്നതിലേക്കും’ രക്ഷ നഷ്ടപ്പെടുന്നതിലേക്കും നയിച്ചേക്കാം. നാം യേശുവിനോടുകൂടെ സ്വർഗ്ഗത്തിലെ ജീവനുവേണ്ടി പ്രത്യാശിച്ചാലും, ഒരു ഭൗമികപറുദീസയിലെ അനന്തജീവനുവേണ്ടി പ്രത്യാശിച്ചാലും ഇതിങ്ങനെതന്നെയാണ്.—ഉല്പത്തി 18:25; 1 കൊരിന്ത്യർ 11:32.
2, 3. നാം ഏതു സംഗതിയിൽ പ്രതികൂലമായി ന്യായംവിധിക്കപ്പെട്ടേക്കാം, ഇതു സംബന്ധിച്ചു പൗലോസ് എന്തു പറഞ്ഞു?
2 അപ്പോസ്തലനായ പൗലോസ് നാം ന്യായംവിധിക്കപ്പെടാൻ ഇടയുള്ള ഒരു മണ്ഡലമാണ് 1 കൊരിന്ത്യർ 11-ാം അദ്ധ്യായത്തിൽ കൈകാര്യം ചെയ്തിരിക്കുന്നത്. അവൻ അഭിഷിക്ത ക്രിസ്ത്യാനികളെ സംബോധനചെയ്ത് എഴുതുകയായിരുന്നെങ്കിലും, വിശേഷിച്ച് ഈ കാലത്ത് അവന്റെ ബുദ്ധിയുപദേശം എല്ലാവർക്കും പ്രധാനമാണ്. നാം ആരാണെന്ന് വിവേചിക്കുന്നത് നാം ന്യായംവിധിക്കപ്പെടാതെ ദൈവാംഗീകാരം പ്രാപിക്കുന്നതിനു സഹായകമായിരിക്കാൻ കഴിയും. കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ വാർഷികാഘോഷം ചർച്ചചെയ്തപ്പോൾ പൗലോസ് ഇങ്ങനെ എഴുതി:
3 “കർത്താവായ യേശു താൻ ഏൽപ്പിച്ചുകൊടുക്കപ്പെടാനിരുന്ന രാത്രിയിൽ ഒരു അപ്പമെടുത്ത് നന്ദിപറഞ്ഞശേഷം അതു നുറുക്കി ഇങ്ങനെ പറഞ്ഞു: ‘ഇതിന്റെ അർത്ഥം നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരമെന്നാണ്. എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്തുകൊണ്ടിരിക്കുക.’ പാനപാത്രത്തെ സംബന്ധിച്ചും അവൻ അങ്ങനെതന്നെ ചെയ്തു, സന്ധ്യാഭക്ഷണം കഴിഞ്ഞശേഷം ‘ഈ പാനപാത്രം എന്റെ രക്തം ഹേതുവായുള്ള പുതിയ ഉടമ്പടിയെ അർത്ഥമാക്കുന്നു. നിങ്ങൾ ഇതു കൂടെക്കൂടെ കുടിക്കുമ്പോഴൊക്കെ, എന്റെ ഓർമ്മക്കായി ഇതു ചെയ്തുകൊണ്ടിരിക്കുക’ എന്നു പറഞ്ഞു. നിങ്ങൾ കൂടെക്കൂടെ ഈ അപ്പം തിന്നുകയും ഈ പാനപാത്രം കുടിക്കുകയും ചെയ്യുമ്പോഴൊക്കെയും കർത്താവു വന്നെത്തുന്നതുവരെ അവന്റെ മരണത്തെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു.”—1 കൊരിന്ത്യർ 11:23-26a
4. മാർച്ച് 30, 1991ലെ സന്ധ്യക്ക് എന്തു നടക്കും?
4 യഹോവയുടെ സാക്ഷികൾ 1991 മാർച്ച് 30-ാം തീയതി സൂര്യാസ്തമയശേഷം ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകമാഘോഷിക്കും. സാധാരണയായി, സമ്മേളിക്കുന്ന കൂട്ടം ഒരു സഭയായിരിക്കും; അങ്ങനെ ഇപ്പോഴും സാക്ഷികളായിട്ടില്ലാത്തവർക്കും പ്രവേശനമുണ്ടായിരിക്കും. യോഗം എങ്ങനെയായിരിക്കും? ഒരു ബൈബിൾപ്രസംഗം ഉണ്ടായിരിക്കും. പിന്നീട് പ്രാർത്ഥനകഴിഞ്ഞ് അപ്പം കൈമാറപ്പെടും. മറെറാരു പ്രാർത്ഥനക്കുശേഷം പാനപാത്രത്തിന്റെ കൈമാററം അവതരിപ്പിക്കുന്നു. ഇതെല്ലാം ഔപചാരികമായ ഒരു അനുഷ്ഠാനമോ അയവില്ലാത്ത നടപടിയോ ആയിരിക്കാതെ സ്ഥലപരമായ സാഹചര്യത്തിനനുസൃതമായി അപ്പങ്ങളുടെയും പാനപാത്രങ്ങളുടെയും എണ്ണവും അവ കൈമാറുന്ന വിധവും ക്രമീകരിക്കപ്പെടുന്നു. പ്രധാനപ്പെട്ട സംഗതി ഹാജരാകുന്ന എല്ലാവർക്കും ചിഹ്നങ്ങൾ ലഭ്യമാക്കണമെന്നുള്ളതാണ്, മിക്കവരും പങ്കുപററാതെ കേവലം അവ കൈമാറുകയേ ഉള്ളുവെങ്കിലും. എന്നാൽ എന്തൊക്കെയാണ് കൈമാറുന്നത്, അവയുടെ അർത്ഥമെന്താണ്? കൂടാതെ, നാം ആരാണെന്നു വിവേചിക്കുന്നതിനു മുമ്പ് നാം എന്തു പരിചിന്തിക്കണം?
“ഇതിന്റെ അർത്ഥം എന്റെ ശരീരമെന്നാകുന്നു”
5, 6. (എ) യേശു ഒരു അപ്പമെടുത്ത് എന്തു ചെയ്തു? (ബി) അവൻ ഏതുതരം അപ്പമാണുപയോഗിച്ചത്?
5 സ്മാരകം സംബന്ധിച്ച് പൗലോസിന് കർത്താവിൽനിന്ന് കിട്ടിയതെന്തെന്ന് നാം വായിച്ചിരിക്കുന്നു. മൂന്നു സുവിശേഷ എഴുത്തുകാരുടെ വിവരണങ്ങളുമുണ്ട്. അവരിലൊരാൾ യേശു ഈ സ്മാരകം ഏർപ്പെടുത്തിയപ്പോൾ സന്നിഹിതനായിരുന്നു. (1 കൊരിന്ത്യർ 11:23; മത്തായി 26:26-29; മർക്കോസ് 14:22-25; ലൂക്കോസ് 22:19, 20) യേശു ആദ്യമായി അപ്പമെടുത്തു പ്രാർത്ഥിച്ചശേഷം അതു നുറുക്കി വിതരണംചെയ്തുവെന്ന് ഈ വിവരണങ്ങൾ പറയുന്നു. ആ അപ്പമെന്തായിരുന്നു? അതിനനുരൂപമായി ഇന്ന് എന്താണുപയോഗിക്കുന്നത്? അത് എന്തിനെ അർത്ഥമാക്കുന്നു അഥവാ പ്രതിനിധാനംചെയ്യുന്നു?
6 യഹൂദപെസഹാഭക്ഷണത്തിന് ഉപയോഗിക്കപ്പെട്ടവ ലഭ്യമായിരുന്നു. ഒന്ന് പുളിപ്പില്ലാത്ത അപ്പമായിരുന്നു, അതിനെ മോശെ “കഷ്ടതയുടെ അപ്പമായ, പുളിപ്പില്ലാത്ത അപ്പം” എന്നു വിളിച്ചു. (ആവർത്തനം 16:3; പുറപ്പാട് 12:8) ഈ അപ്പമുണ്ടാക്കിയത് പുളിപ്പോ ഉപ്പോ ചേരുവകളോ ചേർക്കാത്ത ഗോതമ്പുമാവുകൊണ്ടായിരുന്നു. പുളിപ്പില്ലാത്തതായിരുന്നതിനാൽ (എബ്രായ, മാററത്സാ) അത് പരന്നതും കടുപ്പമുള്ളതുമായിരുന്നു; തിന്നാവുന്ന വലിപ്പത്തിൽ അത് നുറുക്കണമായിരുന്നു.—മർക്കോസ് 6:41; 8:6; പ്രവൃത്തികൾ 27:35.
7. സ്മാരകസമയത്ത് അപ്പത്തിനുവേണ്ടി യഹോവയുടെ സാക്ഷികൾ എന്തുപയോഗിക്കുന്നു?
7 കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന് യേശു പുളിപ്പില്ലാത്ത അപ്പമാണുപയോഗിച്ചത്. അതുകൊണ്ട് ഇന്ന് യഹോവയുടെ സാക്ഷികളും അങ്ങനെതന്നെ ചെയ്യുന്നു. മാൾട്ടോ ഉള്ളിയോ മുട്ടയോ പോലെയുള്ള ഘടകങ്ങൾ കൂട്ടിച്ചേർത്തിട്ടില്ലെങ്കിൽ സാധാരണയുള്ള യഹൂദ മാററ്സോത്ത് മതിയാകും. (ഈ തരത്തിലുള്ള ഘടകങ്ങളടങ്ങിയ മാററ്സോത്ത് “കഷ്ടതയുടെ അപ്പം” എന്ന വർണ്ണനക്ക് അശേഷം യോജിക്കയില്ല.) അല്ലെങ്കിൽ സഭാമൂപ്പൻമാർക്ക് ആരെക്കൊണ്ടെങ്കിലും ഗോതമ്പുമാവ് വെള്ളം ചേർത്ത് കുഴച്ച് പുളിപ്പില്ലാത്ത അപ്പമുണ്ടാക്കിക്കാം. ഗോതമ്പുമാവു ലഭ്യമല്ലെങ്കിൽ ബാർലിയുടെയോ അരിയുടെയോ ചോളത്തിന്റെയോ മറേറതെങ്കിലും ധാന്യത്തിന്റെയോ മാവുകൊണ്ട് പുളിപ്പില്ലാത്ത അപ്പമുണ്ടാക്കാവുന്നതാണ്. കുഴച്ച മാവ് പരത്തി അല്പം എണ്ണ പുരട്ടിയ അപ്പക്കല്ലിൽ ചുട്ടെടുക്കുന്നു.
8. പുളിപ്പില്ലാത്ത അപ്പം ഉചിതമായ ഒരു പ്രതീകമായിരിക്കുന്നതെന്തുകൊണ്ട്, അതിന്റെ പങ്കുപററൽ എന്തിനെ അർത്ഥമാക്കുന്നു? (എബ്രായർ 10:5-7; 1 പത്രോസ് 4:1)
8 അങ്ങനെയുള്ള അപ്പത്തിൽ പുളിപ്പില്ലാത്തതുകൊണ്ട് അത് ഉചിതമാണ്, ദുഷിപ്പിനെയോ പാപത്തെയോ പ്രതിനിധാനംചെയ്യാനാണ് ബൈബിൾ പുളിപ്പിനെ ഉപയോഗിക്കുന്നത്. ഒരു സഭയിലെ ഒരു ദുർമ്മാർഗ്ഗിയായ മനുഷ്യനെസംബന്ധിച്ച് പൗലോസ് ഇങ്ങനെ ബുദ്ധിയുപദേശിച്ചു: ‘അല്പം പുളിമാവ് മുഴു പിണ്ഡത്തെയും പുളിപ്പിക്കുന്നു. നിങ്ങൾ പുളിപ്പില്ലാത്തവരായിരിക്കേണ്ടതിന് പഴയ പുളിമാവ് നീക്കിക്കളയുക. നമ്മുടെ പെസഹായായ ക്രിസ്തു ബലിചെയ്യപ്പെട്ടിരിക്കുന്നു. നമുക്കു തിൻമയും ദുഷ്ടതയുമാകുന്ന പുളിപ്പുകൊണ്ടല്ല, പിന്നെയോ ആത്മാർത്ഥതയും സത്യവുമാകുന്ന പുളിപ്പില്ലാത്ത അപ്പംകൊണ്ടുതന്നെ ഉത്സവമാചരിക്കാം.’ (1 കൊരിന്ത്യർ 5:6-8; മത്തായി 13:33; 16:6, 12 താരതമ്യപ്പെടുത്തുക.) പുളിപ്പില്ലാത്ത അപ്പം യേശുവിന്റെ മനുഷ്യശരീരത്തിന്റെ ഒരു ഉചിതമായ പ്രതീകമാണ്, എന്തുകൊണ്ടെന്നാൽ അവൻ “വിശ്വസ്തനും നിർദ്ദോഷിയും നിർമ്മലനും പാപികളിൽനിന്നു വേർപെട്ടവനു”മായിരുന്നു. (എബ്രായർ 7:26) “ഈ [അപ്പം] എടുത്ത് ഭക്ഷിക്കുക, ഇത് എന്റെ ശരീരത്തെ അർത്ഥമാക്കുന്നു” എന്ന് യേശു പറഞ്ഞപ്പോൾ അവൻ പൂർണ്ണതയുള്ള അവന്റെ മാനുഷശരീരത്തിൽ അവിടെ ഉണ്ടായിരുന്നു. (മത്തായി 26:26, ബൈബിളിന്റെ ഒരു പുതിയ വിവർത്തനം ജയിംസ് മോഫററിന്റേത്) അപ്പം ഭക്ഷിക്കുന്നതിന്റെ അർത്ഥം ഒരു വ്യക്തി തനിക്കുവേണ്ടിയുള്ള യേശുവിന്റെ ബലിയുടെ പ്രയോജനത്തിൽ വിശ്വസിക്കുന്നുവെന്നും അതു സ്വീകരിക്കുന്നുവെന്നുമാണ്. എന്നാൽ കൂടുതൽ ഉൾപ്പെട്ടിരിക്കുന്നു.
ഒരു അർത്ഥത്തോടുകൂടിയ വീഞ്ഞ്
9. വേറെ ഏതു ചിഹ്നം ഉപയോഗിക്കണമെന്നു യേശു പറഞ്ഞു?
9 യേശു മറെറാരു പ്രതീകമുപയോഗിച്ചു: “അവൻ ഒരു പാനപാത്രവും എടുത്തു, ദൈവത്തിനു നന്ദികൊടുത്തശേഷം ‘ഇതിൽനിന്നു കുടിക്കുക, എല്ലാവരും; ഇതിന്റെ അർത്ഥം തങ്ങളുടെ പാപങ്ങളുടെ മോചനത്തിനുവേണ്ടി അനേകർക്കായി ചൊരിയപ്പെടുന്ന പുതിയ ഉടമ്പടി-രക്തമായ എന്റെ രക്തമെന്നാണ്’ എന്നു പറഞ്ഞുകൊണ്ട് അവർക്കു കൊടുക്കുകയും ചെയ്തു.” (മത്തായി 26:27, 28, മോഫററ) അവൻ കൈമാറിക്കൊടുത്ത ആ സാമൂഹ്യപാനപാത്രത്തിൽ എന്താണുണ്ടായിരുന്നത്, നാം ആരാണെന്ന് വിവേചിക്കാൻ ശ്രമിക്കുമ്പോൾ അത് നമുക്ക് എന്തർത്ഥമാക്കുന്നു?
10. യഹൂദപെസഹായിക്ക് വീഞ്ഞുപയോഗിച്ചുതുടങ്ങിയതെങ്ങനെ?
10 മോശെ പ്രാരംഭത്തിൽ പെസഹാ ഉത്സവത്തെ വിവരിച്ചപ്പോൾ അവൻ പാനീയത്തെക്കുറിച്ചു പറഞ്ഞിരുന്നില്ല. വളരെക്കാലം കഴിഞ്ഞ്, ഒരുപക്ഷേ, ക്രി.മു. രണ്ടാം നൂററാണ്ടിൽb ആണ് വീഞ്ഞ് അവതരിപ്പിക്കപ്പെട്ടതെന്ന് അനേകം പണ്ഡിതൻമാർ വിശ്വസിക്കുന്നു. എങ്ങനെയായാലും, ഈ ഭക്ഷണത്തിൽ വീഞ്ഞിന്റെ ഉപയോഗം ഒന്നാം നൂററാണ്ടിൽ സാധാരണമായിരുന്നു. യേശു അതിനെ എതിർത്തില്ല. സ്മാരകം ഏർപ്പെടുത്തിയപ്പോൾ അവൻ പെസഹാവീഞ്ഞുപയോഗിച്ചു.
11. കർത്താവിന്റെ സന്ധ്യാഭക്ഷണസമയത്ത് ഏതു തരം വീഞ്ഞുപയോഗിക്കുന്നത് ഉചിതമാണ്?
11 മുന്തിരിക്കൊയ്ത്തിനുശേഷം വളരെക്കാലം കഴിഞ്ഞ് യഹൂദ പെസഹാ വരുന്നതുകൊണ്ട് യേശു പുളിക്കാത്ത വീഞ്ഞല്ല, പിന്നെയോ തന്റെ രക്തത്തെ അനായാസം പ്രതിനിധാനംചെയ്യാൻ കഴിയുന്ന ചുവന്ന വീഞ്ഞായിരിക്കണം ഉപയോഗിച്ചത്. (വെളിപ്പാട് 14:20 താരതമ്യംചെയ്യുക.) ക്രിസ്തുവിന്റെ രക്തത്തിന് കൂട്ടുചേർക്കേണ്ടയാവശ്യമില്ലായിരുന്നു. അതുകൊണ്ട് (പോർട്ട്, ഷെറി, അല്ലെങ്കിൽ മസ്ക്കറെറൽ എന്നിങ്ങനെ) ബ്രാൻഡി ചേർത്തതോ സുഗന്ധങ്ങളോ വാസനസസ്യങ്ങളോ ചേർത്തതോ (വെർമോത്ത്, ഡുബോനററ്, അല്ലെങ്കിൽ അനേകം വിശപ്പുപാനീയങ്ങൾ) ആയ വീഞ്ഞിനു പകരം ശുദ്ധമായ വീഞ്ഞാണ് ഉചിതം. എന്നിരുന്നാലും, വീഞ്ഞ് എങ്ങനെയാണ് നിർമ്മിച്ചത്, ശരാശരി രുചിവരുത്താനോ മദ്യാംശമുണ്ടായിരിക്കാനോ കുറേ പഞ്ചസാര ചേർത്തോ എന്നോ പാഴായിപ്പോകാതിരിക്കാൻc കുറെ ഗന്ധകം ചേർത്തോ എന്നോ വിചാരിച്ചു നാം വ്യാകുലപ്പെടേണ്ടതില്ല. അനേകം സഭകൾ ചിയൻറി, ബർഗുണ്ടി, ബ്യൂജോലയ്സ്, അല്ലെങ്കിൽ ക്ലാറററ് എന്നിവപോലുള്ള ചുവന്ന വാണിജ്യവീഞ്ഞുപയോഗിക്കുന്നു, അല്ലെങ്കിൽ കേവലം വീട്ടിലുണ്ടാക്കുന്ന ചുവന്ന വീഞ്ഞുപയോഗിക്കുന്നു. വീഞ്ഞും അപ്പവും കേവലം ചിഹ്നങ്ങളാണ്, അല്ലെങ്കിൽ പ്രതീകങ്ങളാണ്; അതുകൊണ്ട് ഉപയോഗിക്കാതെ മിച്ചംവരുന്നത് വീട്ടിൽ കൊണ്ടുപോയി മററു ഭക്ഷണമോ പാനീയമോ പോലെ പിന്നീട് ഉപയോഗിക്കാവുന്നതാണ്.
12. വീഞ്ഞിന് ഏതു പ്രാതിനിധ്യ അർത്ഥമുണ്ടെന്ന് യേശു വിശദീകരിച്ചു?
12 യേശു പെസഹാരാത്രിയിൽ തന്റെ രക്തത്തെക്കുറിച്ചു സംസാരിച്ചുവെന്ന വസ്തുത പണ്ട് ഈജിപ്ററിലെ കുഞ്ഞാടിന്റെ രക്തത്തെ ഓർമ്മയിലേക്കു വരുത്തിയിരിക്കാം. എന്നാൽ യേശു “ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചൊരിയപ്പെടാനിരിക്കുന്ന എന്റെ രക്തം ഹേതുവായുള്ള പുതിയ ഉടമ്പടിയെ അർത്ഥമാക്കുന്നു” എന്നു പറഞ്ഞുകൊണ്ട് യഥാർത്ഥത്തിൽ ഒരു വ്യത്യസ്ത താരതമ്യം നടത്തിയെന്നു കുറിക്കൊള്ളുക. (ലൂക്കോസ് 22:20) ദൈവം നേരത്തെ ജഡിക ഇസ്രായേൽ ജനതയുമായി ഒരു ഉടമ്പടിചെയ്തിരുന്നു, അത് മൃഗബലികളിലെ രക്തം കൊണ്ടായിരുന്നു ഉൽഘാടനംചെയ്യപ്പെട്ടത്. ആ യാഗങ്ങളിലെ രക്തത്തിനും യേശുവിന്റെ രക്തത്തിനും ഒരു ആനുരൂപ്യം ഉണ്ടായിരുന്നു. രണ്ടും തന്റെ ജനമായ ഒരു ജനതയുമായുള്ള ഒരു ഉടമ്പടി ദൈവം ഉൽഘാടനംചെയ്യുന്നതിൽ ഉൾപ്പെട്ടിരുന്നു. (പുറപ്പാട് 24:3-8; എബ്രായർ 9:17-20) ന്യായപ്രമാണ ഉടമ്പടിയുടെ ഒരു സവിശേഷത ജഡിക ഇസ്രായേലിന് രാജപുരോഹിതൻമാരുടെ ഒരു ജനതയായിത്തീരാനുള്ള പ്രതീക്ഷയുണ്ടായിരുന്നുവെന്നതാണ്. (പുറപ്പാട് 19:5, 6) എന്നിരുന്നാലും, യഹോവയുടെ ഉടമ്പടി പാലിക്കുന്നതിൽ ഇസ്രായേൽ പരാജയപ്പെട്ട ശേഷം അവൻ “മുൻ ഉടമ്പടി”യുടെ സ്ഥാനത്ത് ഒരു “പുതിയ ഉടമ്പടി” സ്ഥപിക്കുമെന്ന് പറഞ്ഞു. (എബ്രായർ 9:1, 15; യിരെമ്യാവ് 31:31-34) യേശു തന്റെ വിശ്വസ്ത അപ്പോസ്തലൻമാരുടെ ഇടയിൽ ഇപ്പോൾ കൈമാറിയ വീഞ്ഞിൻ പാനപാത്രം ഈ പുതിയ ഉടമ്പടിയെ പ്രതിനിധാനംചെയ്തു.
13, 14. (എ) പുതിയ ഉടമ്പടിയിൽ ഉൾപ്പെടുന്നതിന്റെ അർത്ഥമെന്ത്? (ബ) ഒരു വ്യക്തി ചിഹ്നങ്ങളിൽ പങ്കുപററുന്നതിനാൽ അർത്ഥമാക്കപ്പെടുന്നതെന്ത്?
13 ഈ പുതിയ ഉടമ്പടിയിലേക്ക് എടുക്കപ്പെടുന്ന ക്രിസ്ത്യാനികൾ രാജപുരോഹിതൻമാരുടെ ഒരു ആത്മീയ ജനതയായിത്തീരാനിടയാകുന്നു. (ഗലാത്യർ 6:16) അപ്പോസ്തലനായ പത്രോസ് ഇങ്ങനെ എഴുതി: “നിങ്ങൾ അന്ധകാരത്തിൽനിന്നു നിങ്ങളെ തന്റെ അത്ഭുതപ്രകാശത്തിലേക്കു വിളിച്ചവന്റെ വൈശിഷ്ട്യങ്ങളെ എങ്ങും ഘോഷിക്കേണ്ടതിന് ‘തെരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും ഒരു രാജകീയ പുരോഹിതവർഗ്ഗവും ഒരു വിശുദ്ധജനതയും ഒരു പ്രത്യേകസ്വത്തായ ജനവും’ ആകുന്നു.” (1 പത്രോസ് 2:9) അവർക്കു ലഭിക്കുന്ന രക്ഷ എന്താണെന്ന് വ്യക്തമാണ്—യേശുവിന്റെ സഹഭരണാധികാരികളെന്ന നിലയിൽ സ്വർഗ്ഗത്തിലെ ജീവൻ. വെളിപ്പാട് 20:6 ഇതു സ്ഥിരീകരിക്കുന്നു: “ഒന്നാം പുനരുത്ഥാനത്തിൽ പങ്കുള്ള ഏവനും സന്തുഷ്ടനും വിശുദ്ധനുമാകുന്നു; . . . അവർ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പുരോഹിതൻമാരായിരിക്കും, അവനോടുകൂടെ ഒരു ആയിരം വർഷം രാജാക്കൻമാരായി ഭരിക്കുകയും ചെയ്യും.”
14 യഥാർത്ഥത്തിൽ, ചിഹ്നങ്ങളായ അപ്പവും വീഞ്ഞും ഭക്ഷിക്കാൻ യേശു അപ്പോസ്തലൻമാരോടു നിർദ്ദേശിച്ച ശേഷം അവർ ‘അവന്റെ രാജ്യത്തിൽ അവന്റെ മേശയിങ്കൽ തിന്നുകയും കുടിക്കുകയും ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളെയും ന്യായം വിധിക്കാൻ സിംഹാസനങ്ങളിലിരിക്കുകയും ചെയ്യു’മെന്ന് അവൻ അവരോടു പറഞ്ഞു. (ലൂക്കോസ് 22:28-30) തത്ഫലമായി, സ്മാരകചിഹ്നങ്ങളിലെ പങ്കുപററൽ കേവലം യേശുവിന്റെ ബലിയിൽ വിശ്വസിക്കുന്നതിനെക്കാളധികം അർത്ഥമാക്കുന്നു. ഏതൊരു ക്രിസ്ത്യാനിയും എവിടെയെങ്കിലും നിത്യജീവൻ നേടണമെങ്കിൽ മറുവിലയെ സ്വീകരിക്കുകയും വിശ്വാസം പ്രകടമാക്കുകയും വേണം. (മത്തായി 20:28; യോഹന്നാൻ 6:51) എന്നാൽ ചിഹ്നങ്ങളിലെ പങ്കുപററൽ ഒരുവൻ യേശുവിനോടുകൂടെ അവന്റെ രാജ്യത്തിലായിരിക്കാൻ തെരഞ്ഞെടുക്കപ്പെട്ടവനായി പുതിയ ഉടമ്പടിയിൽ ഉൾപ്പെട്ടിരിക്കുന്നതിനെ അർത്ഥമാക്കുന്നു.
സമാരകസമയത്ത് വിവേചിക്കേണ്ടതിന്റെ ആവശ്യം
15. യേശു ദൈവദാസൻമാർക്ക് ഒരു പുതിയ പ്രത്യാശ അവതരിപ്പിച്ചതെങ്ങനെ?
15 മുൻ ലേഖനം വിശദീകരിച്ചതുപോലെ, യേശുവിന്റെ കാലത്തിനു മുമ്പ് ദൈവത്തിന്റെ വിശ്വസ്തദാസൻമാർക്ക് സ്വർഗ്ഗത്തിലേക്കു പോകാനുള്ള പ്രത്യാശയില്ലായിരുന്നു. അവർ മമനുഷ്യന്റെ പ്രാരംഭഭവനമായ ഭൂമിയിലെ നിത്യജീവൻ നേടാൻ നോക്കിപ്പാർത്തിരുന്നു. ഒരു ആത്മാവായി ആദ്യം ഉയർപ്പിക്കപ്പെട്ടത് യേശുക്രിസ്തു ആയിരുന്നു, അവനായിരുന്നു ആദ്യമായി മനുഷ്യവർഗ്ഗത്തിൽനിന്ന് സ്വർഗ്ഗത്തിലേക്കു കൊണ്ടുപോകപ്പെട്ടത്. (എഫേസ്യർ 1:20-22; 1 പത്രോസ് 3:18, 22) പൗലോസ് ഇത് സ്ഥിരീകരിച്ചുകൊണ്ടു പറഞ്ഞു: “നമുക്ക് യേശുവിന്റെ രക്തത്താൽ വിശുദ്ധസ്ഥലത്തേക്കുള്ള പ്രവേശനത്തിന്റെ വഴിക്കുവേണ്ടി ധൈര്യമുണ്ട്, അത് അവൻ നമുക്കുവേണ്ടി ഒരു പുതുതും ജീവനുള്ളതുമായ വഴിയായി ഉൽഘാടനംചെയ്തതാണ്.” (എബ്രായർ 10:19, 20) യേശു ആ വഴി തുറന്ന ശേഷം ആർ പിന്തുടരും?
16. അപ്പവീഞ്ഞുകളിൽ പങ്കുപററുന്നവർക്ക് ഭാവി എന്തു കൈവരുത്താനിരിക്കുന്നു?
16 യേശു കർത്താവിന്റെ സന്ധ്യാഭക്ഷണം ഏർപ്പെടുത്തിയ രാത്രിയിൽ തന്റെ വിശ്വസ്ത അപ്പോസ്തലൻമാർക്കായി താൻ സ്വർഗ്ഗത്തിൽ ഒരു സ്ഥലം ഒരുക്കാൻ പോകുകയാണെന്ന് അവൻ പറഞ്ഞു. (യോഹന്നാൻ 14:2, 3) എന്നാൽ, അപ്പത്തിലും പാനപാത്രത്തിലും പങ്കുപററുന്നവർ തന്റെ രാജ്യത്തിൽ ഉണ്ടായിരിക്കുമെന്നും ന്യായം വിധിക്കാൻ സിംഹാസനങ്ങളിലിരിക്കുമെന്നുംകൂടെ യേശു പറഞ്ഞുവെന്നോർക്കുക. അത് അപ്പോസ്തലൻമാർ മാത്രമായിരിക്കുമോ? അല്ല, കാരണം മററു ക്രിസ്ത്യാനികളും ജയിക്കുകയും ‘യേശുവിനോടുകൂടെ സിംഹാസനത്തിലിരിക്കുകയും’ ചെയ്യുമെന്നും അവർ ഒരുമിച്ച് ‘ഭൂമിയെ ഭരിക്കാൻ ഒരു രാജ്യവും പുരോഹിതൻമാരും’ ആയിത്തീരുമെന്നും അപ്പോസ്തലനായ യോഹന്നാൻ മനസ്സിലാക്കി. (വെളിപ്പാട് 3:21; 5:10) “ഭൂമിയിൽനിന്നു വിലക്കുവാങ്ങപ്പെടുന്ന” ക്രിസ്ത്യാനികളുടെ മൊത്തം എണ്ണവും യോഹന്നാൻ മനസ്സിലാക്കി—1,44,000. (വെളിപ്പാട് 14:1-3) ഇത് താരതമ്യേന ചെറുതായ ഒരു കൂട്ടം, യുഗങ്ങളിലെല്ലാം ദൈവത്തെ ആരാധിച്ചിട്ടുള്ള എല്ലാവരോടുമുള്ള താരതമ്യത്തിൽ “ഒരു ചെറിയ ആട്ടിൻകൂട്ട”മായതുകൊണ്ട് സ്മാരകസമയത്ത് പ്രത്യേക വിവേചന ആവശ്യമാണ്.—ലൂക്കോസ് 12:32.
17, 18. (എ) കൊരിന്ത്യരിലെ ചില ക്രിസ്ത്യാനികൾ ഏതു ശീലം വളർത്തി? (ബി) ഭക്ഷ്യപാനീയങ്ങളിലെ അമിതാസക്തി വളരെ ഗൗരവമുള്ളതായിരുന്നതെന്തുകൊണ്ട്? (എബ്രായർ 10:28-31)
17 ചില അപ്പോസ്തലൻമാർ ജീവിച്ചിരുന്നതും ദൈവം “വിശുദ്ധരായിരിക്കാൻ” ക്രിസ്ത്യാനികളെ വിളിച്ചുകൊണ്ടിരുന്നതുമായ ഒരു സമയത്ത് പൗലോസ് കൊരിന്ത്യർക്കുള്ള തന്റെ ലേഖനത്തിൽ ഇതു കൈകാര്യം ചെയ്തു. ചിഹ്നങ്ങളിൽ പങ്കുപററാൻ കടപ്പാടുണ്ടായിരുന്നവരായി അവിടെയുണ്ടായിരുന്നവരുടെ ഇടയിൽ ഒരു ദുഷിച്ച ശീലം വികാസം പ്രാപിച്ചതായി പൗലോസ് പറഞ്ഞു. ചിലർ നേരത്തെ ഭക്ഷണം കഴിക്കുകയും വളരെയധികം തിന്നുകയും കുടിക്കുകയും ചെയ്തുകൊണ്ട് ഉറക്കവും മാന്ദ്യവുമുള്ളവരായിത്തീർന്നിരുന്നു. തത്ഫലമായി, അവർക്ക് “ശരീരത്തെ വിവേചിക്കാൻ” കഴിഞ്ഞില്ല, അതായത് അപ്പത്താൽ പ്രതിനിധാനംചെയ്യപ്പെട്ട യേശുവിന്റെ ഭൗതികശരീരത്തെ. അതു വളരെ ഗൗരവമുള്ളതായിരുന്നോ? അതെ! അയോഗ്യമായി പങ്കുപററിയതിനാൽ അവർ “കർത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ച് കുററക്കാർ” ആയിത്തീർന്നു. അവർ മാനസികമായും ആത്മീയമായും ജാഗ്രതയുള്ളവരായിരുന്നെങ്കിൽ ‘അവർക്ക് തങ്ങൾ ആരാണെന്ന് വിവേചിക്കാനും ന്യായം വിധിക്കപ്പെടാതിരിക്കാനും കഴിയുമായിരുന്നു.’—1 കൊരിന്ത്യർ 1:2; 11:20-22, 27-31.
18 ആ ക്രിസ്ത്യാനികൾ എന്തു വിവേചിക്കണമായിരുന്നു, എങ്ങനെ? മുഖ്യമായി, അവർ സ്വർഗ്ഗീയജീവന്റെ 1,44,000 അവകാശികളിൽ ഉൾപ്പെടാനുള്ള അവരുടെ വിളിയെ ഹൃദയത്തിലും മനസ്സിലും വിലമതിക്കണമായിരുന്നു. അവർ ഇത് എങ്ങനെ വിവേചിച്ചു, ഇന്നുള്ള അനേകർ ദൈവം അപ്പോസ്തലൻമാരുടെ നാൾ മുതൽ തെരഞ്ഞെടുത്തുകൊണ്ടിരുന്ന ഈ ചെറിയ കൂട്ടത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കണമോ?
19. ഏതു വിജ്ഞേയമായ സാഹചര്യം 1989-ലെ സ്മാരകവേളയിൽ സ്ഥിതിചെയ്തിരുന്നു?
19 യഥാർത്ഥത്തിൽ, ഇന്ന് സത്യക്രിസ്ത്യാനികളിൽപെട്ട ഒരു ചെറിയ ന്യൂനപക്ഷം മാത്രമേ തങ്ങളേക്കുറിച്ചുതന്നെ ഇതു വിവേചിച്ചറിയുന്നുള്ളു. കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ 1989-ലെ ആഘോഷത്തിൽ ലോകമാസകലമുള്ള യഹോവയുടെ സാക്ഷികളുടെ സഭകളിൽ 94,79,000ത്തിൽപരം പേർ കൂടിവന്നു. 8,700ഓളം പേരാണ് ‘സ്വർഗ്ഗീയരാജ്യത്തിനുവേണ്ടി രക്ഷിക്കപ്പെടുന്നതിന്റെ’ പ്രത്യാശയുള്ളതായി അവകാശപ്പെട്ടത്. (2 തിമൊഥെയോസ് 4:18) ബഹുഭൂരിപക്ഷവും—അതെ, കൂടിവന്ന വിശ്വസ്തരും അനുഗൃഹീതരുമായ മററു ദശലക്ഷക്കണക്കിനു ക്രിസ്ത്യാനികൾ—തങ്ങളുടെ സാധുതയുള്ള പ്രത്യാശ ഭൂമിയിൽ എന്നേക്കും ജീവിക്കാനാണെന്ന് വിവേചിച്ചു.
20. തങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് 144000ത്തിൽപെട്ടവർക്ക് അറിവാകുന്നതെങ്ങനെ? (1 യോഹന്നാൻ 2:27)
20 ക്രി. വ. 33ലെ പെന്തെക്കോസ്തിൽ സ്വർഗ്ഗീയജീവനുവേണ്ടിയുള്ള 1,44,000 പേരെ തെരഞ്ഞെടുത്തുതുടങ്ങി. ഈ പ്രത്യാശ യേശുവിന്റെ കാലത്തിനു മുമ്പത്തെ ദൈവദാസൻമാർ പുലർത്താഞ്ഞ പുതിയ പ്രത്യാശയായിരുന്നതുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ടവർ ഈ പ്രത്യാശയെക്കുറിച്ച് എങ്ങനെ അറിയും അല്ലെങ്കിൽ ഉറപ്പുള്ളവരായിരിക്കും? അവർ ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ കൊടുക്കപ്പെടുന്ന സാക്ഷ്യം സ്വീകരിക്കുന്നതിനാൽ അവർ ഇതു വിവേചിക്കുന്നു. അവർ യഥാർത്ഥത്തിൽ ആത്മാവിനെ കാണുന്നുവെന്നോ (അത് ഒരു ആളല്ല) തങ്ങളോട് ആശയവിനിമയംചെയ്യുന്ന ആത്മാവിന്റെ ഒരു മാനസികവീക്ഷണം കിട്ടുന്നുവെന്നോ ആത്മമണ്ഡലങ്ങളിൽനിന്ന് അവർ ശബ്ദങ്ങൾ കേൾക്കുന്നുവെന്നോ അതിനർത്ഥമില്ല. പൗലോസ് ഇങ്ങനെ വിശദീകരിക്കുന്നു: “നാം ദൈവമക്കളാകുന്നുവെന്ന് ആത്മാവുതന്നെ നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം വഹിക്കുന്നു . . . നാം അവകാശികളുമാകുന്നു: തീർച്ചയായും ദൈവത്തിന്റെ അവകാശികൾ, എന്നാൽ നാം ഒരുമിച്ചു മഹത്വീകരിക്കപ്പെടുകയും ചെയ്യേണ്ടതിന് നാം ഒരുമിച്ചു കഷ്ടമനുഭവിക്കുന്നുവെങ്കിൽ ക്രിസ്തുവിന്റെ കൂട്ടവകാശികൾതന്നെ.”—റോമർ 8:16, 17.
21. (എ) തങ്ങൾക്ക് സ്വർഗ്ഗീയപ്രത്യാശയുണ്ടെന്ന് അഭിഷിക്തർ അറിയുന്നതെങ്ങനെ? (1 കൊരിന്ത്യർ 10:15-17) (ബി) അഭിഷിക്തർ ഏതുതരം വ്യക്തികളാണ്, അവർ വിനീതരായി എങ്ങനെ തങ്ങളുടെ പ്രത്യാശക്കു തെളിവുനൽകുന്നു?
21 ഈ സാക്ഷ്യം അഥവാ തിരിച്ചറിവ് നമ്മുടെ ചിന്തയെയും പ്രത്യാശയെയും പുനഃക്രമീകരിക്കുന്നു. അവർ പിന്നെയും യഹോവയുടെ ഭൗമികസൃഷ്ടിയിലെ നല്ല വസ്തുക്കൾ ആസ്വദിക്കുന്ന മനുഷ്യർതന്നെയാണ്, എന്നിരുന്നാലും അവരുടെ ജീവിതത്തിന്റെയും താത്പര്യങ്ങളുടെയും മുഖ്യ ചായ്വ് ക്രിസ്തുവിന്റെ കൂട്ടവകാശികളായിരിക്കുന്നതുസംബന്ധിച്ചാണ്. അവർ ഈ വീക്ഷണത്തിലെത്തിയത് വികാരത്തിലൂടെയല്ല. അവർ തങ്ങളുടെ വീക്ഷണങ്ങളിലും നടത്തയിലും സമനിലയുള്ള സാധാരണവ്യക്തികളാണ്. എന്നിരുന്നാലും, ദൈവാത്മാവിനാൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് തങ്ങളുടെ വിളി സംബന്ധിച്ചു തങ്ങിനിൽക്കുന്ന സംശയങ്ങളില്ലാതെ അതിൽ ഉറപ്പുള്ളവരാണ്. തങ്ങൾ വിശ്വസ്തരായി തെളിയിക്കുകയാണെങ്കിൽ തങ്ങളുടെ രക്ഷ സ്വർഗ്ഗത്തിലേക്കാണെന്ന് അവർ തിരിച്ചറിയുന്നു. (2 തെസ്സലോനീക്യർ 2:13; 2 തിമൊഥെയോസ് 2:10-12) യേശുവിന്റെ ബലി തങ്ങൾക്ക് എന്തർത്ഥമാക്കുന്നുവെന്ന് ഗ്രഹിച്ചുകൊണ്ടും തങ്ങൾ ആത്മാഭിഷിക്തക്രിസ്ത്യാനികളാണെന്ന് വിവേചിച്ചുകൊണ്ടും അവർ വിനീതമായി സ്മാരകചിഹ്നങ്ങളിൽ പങ്കുപററുന്നു.
22. കർത്താവിന്റെ സന്ധ്യാഭക്ഷണത്തിനു ഹാജരാകുന്നവരിൽ മിക്കവരും എന്തു വിവേചിക്കും?
22 അനുസരണപൂർവം മാർച്ച് 30ന് കൂടിവരുന്നവരിൽ മിക്കവർക്കും ആ പ്രത്യാശയില്ല, എന്തുകൊണ്ടെന്നാൽ ദൈവം അവരെ സ്വർഗ്ഗീയജീവനിലേക്കു വിളിച്ചുകൊണ്ട് ആത്മാവിനാൽ അവരെ അഭിഷേകംചെയ്തിട്ടില്ല. നാം കണ്ടുകഴിഞ്ഞതുപോലെ, ദൈവം പണ്ട് അപ്പോസ്തലൻമാരുടെ കാലത്താണ് 1,44,000 പേരെ തെരഞ്ഞെടുത്തുതുടങ്ങിയത്. എന്നാൽ ആ വിളി പൂർത്തിയായിക്കഴിയുമ്പോൾ, തന്നെ ആരാധിക്കാൻ വരുന്ന മററുള്ളവർക്ക് മോശയും ദാവീദും യോഹന്നാൻ സ്നാപകനും, യേശു സ്വർഗ്ഗീയജീവനിലേക്കുള്ള വഴി തുറന്നതിനു മുമ്പ് മരിച്ച മററു വിശ്വസ്തരും, പുലർത്തിയിരുന്ന പ്രത്യാശയുണ്ടായിരിക്കുമെന്നു പ്രതീക്ഷിക്കേണ്ടതാണ്. അങ്ങനെ, വിശ്വസ്തരും തീക്ഷ്ണതയുള്ളവരുമായ ഇന്നത്തെ ദശലക്ഷക്കണക്കിനു ക്രിസ്ത്യാനികൾ സ്മാരകചിഹ്നങ്ങളിൽ പങ്കെടുക്കുന്നില്ല. അങ്ങനെയുള്ളവർ തങ്ങളുടെ സാധുതയുള്ള പ്രത്യാശയെന്തെന്നു ഗ്രഹിക്കുന്നുവെന്ന അർത്ഥത്തിൽ ദൈവമുമ്പാകെ തങ്ങൾ ആരെന്നു വിവേചിക്കുന്നു. തങ്ങളുടെ പാപങ്ങൾ മോചിക്കപ്പെടുന്നതിനാലും അനന്തരം ഭൂമിയിലെ അനന്തജീവൻ നേടുന്നതിനാലും അവർക്ക് യേശുവിന്റെ രക്തത്തിൽനിന്നും ശരീരത്തിൽനിന്നും പ്രയോജനംകിട്ടുന്നു.—1 പത്രോസ് 1:19; 2:24; വെളിപ്പാട് 7:9, 15.
23. സ്മാരകം സന്തോഷപ്രദമായ ഒരു ആഘോഷമായിരിക്കുന്നതെന്തുകൊണ്ട്? (2 ദിനവൃത്താന്തം 30:21 താരതമ്യപ്പെടുത്തുക.)
23 അതുകൊണ്ട് നമുക്ക് മാർച്ചു 30-ലെ സന്തോഷകരമായ ആഘോഷത്തിനായി നോക്കിപ്പാർത്തിരിക്കാം. അത് വിവേചന ഉപയോഗിക്കേണ്ട ഒരു സമയമായിരിക്കും, എന്നാൽ സന്തോഷത്തിനുള്ള ഒരു സമയവുമായിരിക്കും. സ്വർഗ്ഗീയപ്രത്യാശയുള്ളവരും ശരിയായും അനുസരണപൂർവവും അപ്പവീഞ്ഞുകളിൽ പങ്കുപററുന്നവരുമായ ചെറിയ സംഖ്യക്ക് സന്തോഷം. (വെളിപ്പാട് 19:7) ആ സന്ധ്യക്ക് നിരീക്ഷിക്കുന്നവരും പഠിക്കുന്നവരും ആ അർത്ഥവത്തായ ആഘോഷം ഭൂമിയിൽ എന്നേക്കും ഓർക്കാൻ പ്രത്യാശിക്കുന്നവരുമായ ദശലക്ഷക്കണക്കിനു സന്തുഷ്ടക്രിസ്ത്യാനികൾക്കും സന്തോഷം.—യോഹന്നാൻ 3:29. (w90 2⁄15)
[അടിക്കുറിപ്പ്]
a “കർത്താവായ യേശു ഏൽപ്പിക്കപ്പെട്ട രാത്രിയിൽ അവൻ അപ്പം എടുത്തു; നന്ദികൊടുത്തുകൊണ്ട് അവൻ അതു നുറുക്കിയിട്ട് ‘ഇതു നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരമാകുന്നു; എന്റെ സ്മാരകമായി ഇതു ചെയ്യുക’ എന്നു പറഞ്ഞു. സമാനമായി, അത്താഴം കഴിഞ്ഞപ്പോൾ അവൻ പാനപാത്രം എടുത്തു ‘ഇത് എന്റെ രക്തത്താൽ മുദ്രയിടപ്പെടുന്ന പുതിയ ഉടമ്പടിയാകുന്നു; നിങ്ങൾ ഇതു കുടിക്കുന്ന ഓരോ സമയത്തും എന്റെ സ്മാരകമായി അതുചെയ്യുക’ എന്നു പറഞ്ഞു.”—പൗലോസിന്റെ ലേഖനങ്ങളുടെ ഒരു വികസിതപരാവർത്തനം , എഫ്. എഫ്. ബ്രൂസിന്റേത്.
b ഒരു പണ്ഡിതൻ വീഞ്ഞു കൂട്ടിച്ചേർത്തത് എന്തിനെന്ന് ഈ അഭിപ്രായം പറയുന്നു: ‘[പെസഹാ] മേലാൽ മുതിർന്ന പുരുഷൻമാരെ കൂട്ടിവരുത്തുന്ന ഒരു വാർഷികചടങ്ങായിരിക്കരുതായിരുന്നു; അത് കുടുംബ ഉല്ലാസത്തിനുള്ള ഒരു അവസരമായിത്തീരണമായിരുന്നു, അതിൽ വീഞ്ഞുകുടിക്ക് ഒരു സ്വാഭാവിക സ്ഥാനമുണ്ടായിരുന്നു.”—എബ്രായപെസഹാ—ആദിമകാലങ്ങൾ മുതൽ എ.ഡി. 70 വരെ, ജെ.ബി. സെഗലിന്റേത്.
c പുരാതനകാലങ്ങൾ മുതൽ വീഞ്ഞിനു തെളിമ കൊടുക്കാൻ അല്ലെങ്കിൽ നിറവും രുചിയും പകരാൻ ഉപ്പും മുട്ടയുടെ വെള്ളയും മററു വസ്തുക്കളും ഉപയോഗിച്ചിട്ടുണ്ട്, റോമാക്കാർ വീഞ്ഞുണ്ടാക്കാൻ ഒരു അണുനാശിനിയായി ഗന്ധകം പോലും ഉപയോഗിച്ചിരുന്നു.
നിങ്ങളുടെ ഉത്തരമെന്താണ്?
◻ സ്മാരകവേളയിൽ പുളിപ്പില്ലാത്ത അപ്പം കൈമാറപ്പെടുന്നതെന്തുകൊണ്ട്, അത് എന്തിനെ പ്രതീകപ്പെടുത്തുന്നു?
◻ കർത്താവിന്റെ സന്ധ്യാഭക്ഷണസമയത്ത് കൈമാറപ്പെടുന്ന പാനപാത്രം എന്താണ്, അത് എന്തിനെ പ്രതിനിധാനംചെയ്യുന്നു?
◻ സ്മാരകാഘോഷം സംബന്ധിച്ച് വിവേചന ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
◻ അടുത്തുവരുന്ന സ്മാരകാഘോഷത്തിനു വേണ്ടി നിങ്ങൾ നോക്കിപ്പാർത്തിരിക്കുന്നതെന്തുകൊണ്ട്?