അധ്യായം 118
ആരാണ് വലിയവൻ എന്നതിനെച്ചൊല്ലിയുള്ള തർക്കം
മത്തായി 26:31-35; മർക്കോസ് 14:27-31; ലൂക്കോസ് 22:24-38; യോഹന്നാൻ 13:31-38
സ്ഥാനമാനങ്ങളെക്കുറിച്ച് യേശു ഉപദേശം നൽകുന്നു
പത്രോസ് തന്നെ തള്ളിപ്പറയുമെന്നു യേശു മുൻകൂട്ടിപ്പറയുന്നു
സ്നേഹം എന്ന ഗുണം യേശുവിന്റെ അനുഗാമികളെ തിരിച്ചറിയിക്കുന്നു
അപ്പോസ്തലന്മാരും ഒത്തുള്ള അവസാനത്തെ രാത്രിയിൽ അവരുടെ കാലുകൾ കഴുകിക്കൊണ്ട് എളിയ സേവനത്തിന്റെ ഒരു നല്ല പാഠം യേശു അവരെ പഠിപ്പിച്ചു. അത് ആവശ്യമായിരുന്നത് എന്തുകൊണ്ടാണ്? അവരുടെ ബലഹീനതയായിരുന്നു അതിനു കാരണം. അവർ ദൈവത്തിന് അർപ്പിതരായിരുന്നു. എങ്കിലും, ആരാണ് വലിയവൻ എന്ന വിഷയം അവരെ അലട്ടിക്കൊണ്ടിരുന്നു. (മർക്കോസ് 9:33, 34; 10:35-37) ആ പ്രശ്നം വീണ്ടും തലപൊക്കുന്നു.
‘ആരാണു വലിയവൻ എന്നതിനെപ്പറ്റി ചൂടുപിടിച്ച ഒരു തർക്കം അപ്പോസ്തലന്മാർക്കിടയിൽ ഉണ്ടായി.’ (ലൂക്കോസ് 22:24) അവർ കൂടെക്കൂടെ ഇതെക്കുറിച്ച് ഇങ്ങനെ തർക്കിക്കുന്നത് യേശുവിനെ എന്തുമാത്രം വിഷമിപ്പിച്ചിരിക്കും! യേശു ഇപ്പോൾ എന്തു ചെയ്യുന്നു?
അപ്പോസ്തലന്മാരുടെ പെരുമാറ്റത്തെയും മനോഭാവത്തെയും കുറിച്ച് വഴക്കു പറയുന്നതിനു പകരം യേശു ക്ഷമയോടെ അവരോടു ന്യായവാദം ചെയ്യുന്നു: “ജനതകളുടെ മേൽ അവരുടെ രാജാക്കന്മാർ ആധിപത്യം നടത്തുന്നു. അവരുടെ മേൽ അധികാരം പ്രയോഗിക്കുന്നവർ സാമൂഹ്യസേവകർ എന്നു പേരെടുക്കുന്നു. നിങ്ങളോ അങ്ങനെയായിരിക്കരുത്. . . . ആരാണു വലിയവൻ? ഭക്ഷണത്തിന് ഇരിക്കുന്നവനോ വിളമ്പിക്കൊടുക്കാൻ നിൽക്കുന്നവനോ?” എന്നിട്ട് യേശു വെച്ച മാതൃക ഓർമിപ്പിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു: “എന്നാൽ ഞാൻ നിങ്ങളുടെ ഇടയിൽ വിളമ്പിക്കൊടുക്കുന്നവനെപ്പോലെയാണ്.”—ലൂക്കോസ് 22:25-27.
ഇങ്ങനെ അവർക്ക് കുറെ കുറവുകളൊക്കെ ഉണ്ടായിരുന്നെങ്കിലും ബുദ്ധിമുട്ടേറിയ പല സാഹചര്യങ്ങളിലും യേശുവിനോടൊപ്പം അപ്പോസ്തലന്മാർ നിന്നിട്ടുണ്ട്. അതുകൊണ്ട് യേശു ഇങ്ങനെ പറയുന്നു: “എന്റെ പിതാവ് എന്നോട് ഒരു ഉടമ്പടി ചെയ്തിരിക്കുന്നതുപോലെ ഞാനും നിങ്ങളോട് ഒരു ഉടമ്പടി ചെയ്യുന്നു, രാജ്യത്തിനായുള്ള ഒരു ഉടമ്പടി.” (ലൂക്കോസ് 22:29) അവരെല്ലാം യേശുവിന്റെ വിശ്വസ്തരായ അനുഗാമികളാണ്. യേശുവും അവരും തമ്മിലുള്ള ഒരു ഉടമ്പടിയിലൂടെ ദൈവരാജ്യത്തിൽ രാജാക്കന്മാരായി ഭരിക്കാനുള്ള പദവി അവർക്കും ഉണ്ടായിരിക്കുമെന്നു യേശു ഉറപ്പു കൊടുക്കുന്നു.
അപ്പോസ്തലന്മാർക്ക് ഈ അവിസ്മരണീയമായ അനുഗ്രഹമുണ്ടെങ്കിലും അവർ ഇപ്പോഴും മാംസശരീരമുള്ളവരാണ്, കുറവുകളും ഉള്ളവരാണ്. യേശു അവരോടു പറയുന്നു: “സാത്താൻ നിങ്ങളെയെല്ലാം ഗോതമ്പു പാറ്റുന്നതുപോലെ പാറ്റാൻ അനുവാദം ചോദിച്ചിരിക്കുന്നു.” (ലൂക്കോസ് 22:31) യേശു അവർക്ക് ഇങ്ങനെയും മുന്നറിയിപ്പു കൊടുക്കുന്നു: “ഈ രാത്രി നിങ്ങൾ എല്ലാവരും എന്നെ ഉപേക്ഷിക്കും. കാരണം, ‘ഞാൻ ഇടയനെ വെട്ടും; ആട്ടിൻകൂട്ടത്തിലെ ആടുകൾ ചിതറിപ്പോകും’ എന്ന് എഴുതിയിട്ടുണ്ടല്ലോ.”—മത്തായി 26:31; സെഖര്യ 13:7.
പത്രോസ് വളരെ ആത്മവിശ്വാസത്തോടെ യേശുവിനോട് ഇങ്ങനെ പറയുന്നു: “മറ്റെല്ലാവരും അങ്ങയെ ഉപേക്ഷിച്ചാലും ഒരിക്കലും ഞാൻ അങ്ങയെ ഉപേക്ഷിക്കില്ല.” (മത്തായി 26:33) ഒരു കോഴി ആ രാത്രി രണ്ടു പ്രാവശ്യം കൂകുന്നതിനു മുമ്പ് പത്രോസ് തന്നെ തള്ളിപ്പറയുമെന്ന് യേശു പറയുന്നു. എന്നാലും യേശു ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “നിന്റെ വിശ്വാസം നഷ്ടപ്പെടാതിരിക്കാൻ ഞാൻ നിനക്കുവേണ്ടി പ്രാർഥിച്ചിട്ടുണ്ട്. നീ തിരിഞ്ഞുവന്നശേഷം നിന്റെ സഹോദരങ്ങളെ ബലപ്പെടുത്തണം.” (ലൂക്കോസ് 22:32) എന്നാൽ പത്രോസ് പിന്നെയും ഉറച്ച ബോധ്യത്തോടെ ഇങ്ങനെ പറയുന്നു, “അങ്ങയുടെകൂടെ മരിക്കേണ്ടിവന്നാലും ശരി ഞാൻ ഒരിക്കലും അങ്ങയെ തള്ളിപ്പറയില്ല.” (മത്തായി 26:35) മറ്റ് അപ്പോസ്തലന്മാരും അതുതന്നെ പറയുന്നു.
യേശു തന്റെ ശിഷ്യന്മാരോടു പറയുന്നു: “ഞാൻ ഇനി അൽപ്പസമയം മാത്രമേ നിങ്ങളുടെകൂടെയുണ്ടായിരിക്കൂ. നിങ്ങൾ എന്നെ അന്വേഷിക്കും. എന്നാൽ, ‘ഞാൻ പോകുന്നിടത്തേക്കു വരാൻ നിങ്ങൾക്കു കഴിയില്ല’ എന്നു ഞാൻ ജൂതന്മാരോടു പറഞ്ഞതുപോലെ ഇപ്പോൾ നിങ്ങളോടും പറയുന്നു. നിങ്ങൾ തമ്മിൽത്തമ്മിൽ സ്നേഹിക്കണം എന്ന ഒരു പുതിയ കല്പന ഞാൻ നിങ്ങൾക്കു തരുകയാണ്. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെതന്നെ നിങ്ങളും തമ്മിൽത്തമ്മിൽ സ്നേഹിക്കണം. നിങ്ങളുടെ ഇടയിൽ സ്നേഹമുണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും.”—യോഹന്നാൻ 13:33-35.
താൻ ഇനി അൽപ്പസമയം മാത്രമേ അവരുടെകൂടെയുണ്ടായിരിക്കൂ എന്നു യേശു പറയുന്നത് കേട്ട പത്രോസ്, “കർത്താവേ, അങ്ങ് എവിടേക്കാണു പോകുന്നത് ” എന്നു ചോദിച്ചു. യേശു പറഞ്ഞു: “ഞാൻ പോകുന്നിടത്തേക്ക് എന്റെ പിന്നാലെ വരാൻ ഇപ്പോൾ നിനക്കു കഴിയില്ല. എന്നാൽ പിന്നീടു നീ വരും.” കാര്യം പിടികിട്ടാതെ പത്രോസ് യേശുവിനോടു ചോദിക്കുന്നു: “കർത്താവേ, ഇപ്പോൾ എനിക്ക് അങ്ങയുടെ പിന്നാലെ വരാൻ പറ്റാത്തത് എന്താണ്? അങ്ങയ്ക്കുവേണ്ടി ഞാൻ എന്റെ ജീവൻപോലും കൊടുക്കും.”—യോഹന്നാൻ 13:36, 37.
തന്റെ അപ്പോസ്തലന്മാരെ ഗലീലയിൽ സുവിശേഷഘോഷണത്തിനു വിട്ടപ്പോൾ പണസ്സഞ്ചിയോ ഭക്ഷണസഞ്ചിയോ എടുക്കാതെ പോകണം എന്ന് യേശു പറഞ്ഞിരുന്നു. ആ കാര്യത്തെക്കുറിച്ച് വീണ്ടും യേശു ഇപ്പോൾ പരാമർശിക്കുന്നു. (മത്തായി 10:5, 9, 10) യേശു അവരോട്, “നിങ്ങൾക്കു വല്ല കുറവും വന്നോ” എന്നു ചോദിച്ചു. “ഇല്ല” എന്ന് അവർ പറഞ്ഞു. എന്നാൽ ഇനി വരാൻ പോകുന്ന ദിവസങ്ങളിൽ അവർ എന്തു ചെയ്യണം? യേശു അവർക്ക് ഇങ്ങനെ നിർദേശം കൊടുക്കുന്നു: “പണസ്സഞ്ചിയുള്ളവൻ അത് എടുക്കട്ടെ. ഭക്ഷണസഞ്ചിയുള്ളവൻ അതും എടുക്കട്ടെ. വാളില്ലാത്തവൻ പുറങ്കുപ്പായം വിറ്റ് ഒരെണ്ണം വാങ്ങട്ടെ. കാരണം, ഞാൻ നിങ്ങളോടു പറയുന്നു, ‘അവനെ നിയമലംഘകരുടെ കൂട്ടത്തിൽ എണ്ണി’ എന്ന് എഴുതിയിരിക്കുന്നത് എന്നിൽ നിറവേറണം. എന്നെക്കുറിച്ച് എഴുതിയിരിക്കുന്നത് ഇപ്പോൾ സംഭവിക്കുകയാണ്.”—ലൂക്കോസ് 22:35-37.
താൻ ദുഷ്പ്രവൃത്തിക്കാരോടും നിയമലംഘകരോടും ഒപ്പം സ്തംഭത്തിൽ തറയ്ക്കപ്പെടുന്ന സമയത്തെക്കുറിച്ച് യേശു പറയുന്നു. അതിനു ശേഷം തന്റെ അനുഗാമികൾ കടുത്ത ഉപദ്രവം നേരിടും എന്നും യേശു പറയുന്നു. എന്നാൽ അതൊക്കെ നേരിടാൻ തങ്ങൾ തയ്യാറാണെന്ന് ശിഷ്യന്മാർക്കു തോന്നി. അതുകൊണ്ടാണ് അവർ ഇങ്ങനെ പറയുന്നത്: “കർത്താവേ, ഇതാ ഇവിടെ രണ്ടു വാളുണ്ട്.” “അതു മതി” എന്നു യേശു പറയുന്നു. (ലൂക്കോസ് 22:38) രണ്ടു വാൾ അവരുടെ കൈയിലുണ്ടായിരുന്നത് മറ്റൊരു പ്രധാനപ്പെട്ട പാഠം അവരെ പഠിപ്പിക്കാനുള്ള അവസരം യേശുവിനു നൽകുന്നു.