അധ്യായം പതിനെട്ട്
‘അവർ ലോകത്തിന്റെ ഭാഗമല്ല’
1. (എ) തന്റെ മരണത്തിനു മുമ്പ്, യേശു ശിഷ്യന്മാർക്കുവേണ്ടി എന്തു പ്രാർഥിച്ചു? (ബി) “ലോകത്തിന്റെ ഭാഗമ”ല്ലാതിരിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
യേശു കൊല്ലപ്പെട്ടതിന്റെ തലേ രാത്രിയിൽ അവൻ തന്റെ ശിഷ്യന്മാർക്കുവേണ്ടി പ്രാർഥിച്ചു. സാത്താൻ അവരെ കഠിന സമ്മർദത്തിൻകീഴിലാക്കുമെന്ന് അറിഞ്ഞുകൊണ്ട് യേശു തന്റെ പിതാവിനോടു പറഞ്ഞു: “ലോകത്തിൽനിന്ന് അവരെ എടുക്കണം എന്നല്ല, ദുഷ്ടനിൽനിന്ന് അവരെ കാത്തുകൊള്ളണം എന്നു ഞാൻ നിന്നോട് അപേക്ഷിക്കുന്നു. ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെ അവരും ലോകത്തിന്റെ ഭാഗമല്ല.” (യോഹന്നാൻ 17:15, 16, NW) ലോകത്തിൽനിന്നു വേറിട്ടു നിൽക്കുന്നത് ഇത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? കാരണം സാത്താനാണ് ഈ ലോകത്തിന്റെ ഭരണാധിപൻ. അവന്റെ നിയന്ത്രണത്തിലുള്ള ഒരു ലോകത്തിന്റെ ഭാഗമായിരിക്കാൻ ക്രിസ്ത്യാനികൾ ആഗ്രഹിക്കുകയില്ല.—ലൂക്കൊസ് 4:5-8; യോഹന്നാൻ 14:30; 1 യോഹന്നാൻ 5:19.
2. യേശു ലോകത്തിന്റെ ഭാഗമല്ലാതിരുന്നത് ഏതു വിധങ്ങളിൽ?
2 യേശു ലോകത്തിന്റെ ഭാഗമല്ലായിരുന്നു എന്നു പറയുമ്പോൾ അവനു മറ്റുള്ളവരോടു സ്നേഹമില്ലായിരുന്നു എന്ന് അർഥമില്ല. മറിച്ച്, അവൻ രോഗികളെ സൗഖ്യമാക്കുകയും മരിച്ചവരെ ഉയിർപ്പിക്കുകയും ദൈവരാജ്യത്തെ കുറിച്ച് ആളുകളെ പഠിപ്പിക്കുകയും ചെയ്തു. അവൻ മനുഷ്യവർഗത്തിനുവേണ്ടി തന്റെ ജീവൻ കൊടുക്കുകപോലും ചെയ്തു. എന്നാൽ സാത്താന്റെ ലോകത്തിന്റെ ആത്മാവ് പ്രകടമാക്കുന്നവരുടെ ഭക്തികെട്ട മനോഭാവങ്ങളെയും പ്രവർത്തനങ്ങളെയും അവൻ സ്നേഹിച്ചില്ല. അതുകൊണ്ട്, അധാർമിക മോഹങ്ങൾ, ഭൗതികത്വ ജീവിതരീതി, പ്രാമുഖ്യത പിടിച്ചുപറ്റാനുള്ള ശ്രമം എന്നിവയ്ക്കെതിരെ അവൻ മുന്നറിയിപ്പു നൽകി. (മത്തായി 5:27, 28; 6:19-21; ലൂക്കൊസ് 20:46, 47) അപ്പോൾ ലോകരാഷ്ട്രീയത്തെയും യേശു ഒഴിവാക്കിയതിൽ അതിശയിക്കാനില്ല. ഒരു യഹൂദനായിരുന്നെങ്കിലും, അവൻ റോമും യഹൂദന്മാരും തമ്മിലുള്ള രാഷ്ട്രീയ വിവാദങ്ങളിൽ നിഷ്പക്ഷത പാലിച്ചു.
“എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല”
3. (എ) യഹൂദ മതനേതാക്കന്മാർ യേശുവിനെ കുറിച്ച് പീലാത്തൊസിന്റെ മുമ്പാകെ എന്തു കുറ്റാരോപണം നടത്തി, എന്തുകൊണ്ട്? (ബി) ഒരു മാനുഷ രാജാവായിരിക്കുന്നതിൽ യേശുവിനു താത്പര്യമില്ലായിരുന്നു എന്ന് എന്തു പ്രകടമാക്കുന്നു?
3 യഹൂദ മതനേതാക്കന്മാർ യേശുവിനെ അറസ്റ്റു ചെയ്യിക്കുകയും റോമൻ ഗവർണറായ പൊന്തിയൊസ് പീലാത്തൊസിന്റെ അടുക്കൽ കൊണ്ടുപോകുകയും ചെയ്തപ്പോൾ സംഭവിച്ചതെന്തെന്നു ചിന്തിക്കുക. യഥാർഥത്തിൽ, യേശു തങ്ങളുടെ കാപട്യത്തെ തുറന്നുകാട്ടിയതു നിമിത്തം ആ മതനേതാക്കന്മാർ അസ്വസ്ഥരായിരുന്നു. അതുകൊണ്ട് യേശുവിനെതിരെ നടപടി എടുപ്പിക്കാൻ അവർ അവന്റെ മേൽ ഈ വ്യാജാരോപണം ഉന്നയിച്ചു: “ഇവൻ ഞങ്ങളുടെ ജാതിയെ മറിച്ചുകളകയും താൻ ക്രിസ്തു എന്ന രാജാവാകുന്നു എന്നു പറഞ്ഞുകൊണ്ടു കൈസർക്കു കരം കൊടുക്കുന്നതു വിരോധിക്കയും ചെയ്യുന്നതായി ഞങ്ങൾ കണ്ടു.” (ലൂക്കൊസ് 23:2) ഇത് ഒരു നുണ ആയിരുന്നെന്നു വ്യക്തമാണ്. കാരണം ഒരു വർഷം മുമ്പ് ആളുകൾ അവനെ രാജാവാക്കാൻ ആഗ്രഹിച്ചപ്പോൾ അവൻ അതു നിരസിക്കുകയാണുണ്ടായത്. (യോഹന്നാൻ 6:15) ഭാവിയിൽ താൻ ഒരു സ്വർഗീയ രാജാവായിരിക്കേണ്ടതാണെന്ന് അവന് അറിയാമായിരുന്നു. (ലൂക്കൊസ് 19:11, 12) കൂടാതെ, മനുഷ്യരല്ല, യഹോവയാണ് അവനെ സിംഹാസനസ്ഥൻ ആക്കേണ്ടിയിരുന്നത്.
4. നികുതി കൊടുക്കുന്നതു സംബന്ധിച്ച് യേശുവിന്റെ മനോഭാവം എന്തായിരുന്നു?
4 യേശുവിന്റെ അറസ്റ്റിനു വെറും മൂന്നു ദിവസം മുമ്പ്, കരം കൊടുക്കുന്നതിനെതിരെ അവനെക്കൊണ്ട് എന്തെങ്കിലും പറയിച്ച് അവനെ കുടുക്കാൻ പരീശന്മാർ ശ്രമിച്ചു. എന്നാൽ “ഒരു ദനാറ [ഒരു റോമൻ നാണയം] എന്നെ കാണിക്കുവിൻ. ആരുടെ രൂപവും ലിഖിതവുമാണ് ഇതിലുള്ളത്?” എന്ന് അവൻ പറഞ്ഞു. “സീസറിന്റേത്” എന്ന് അവർ പറഞ്ഞപ്പോൾ, “എങ്കിൽ സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവിൻ” എന്ന് അവൻ മറുപടി പറഞ്ഞു.—ലൂക്കൊസ് 20:20-25, പി.ഒ.സി. ബൈബിൾ.
5. (എ) യേശു അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ അവൻ തന്റെ ശിഷ്യന്മാർക്ക് എന്തു പാഠം നൽകി? (ബി) താൻ ചെയ്തതിന്റെ കാരണം യേശു വിശദീകരിച്ചത് എങ്ങനെ? (സി) ആ വിചാരണയുടെ ഫലം എന്തായിരുന്നു?
5 യേശു ഒരിക്കലും ലൗകിക അധികാരികൾക്കെതിരെ മത്സരിക്കാൻ ആളുകളെ ഉപദേശിച്ചില്ല. അവനെ അറസ്റ്റു ചെയ്യാൻ റോമൻ പടയാളികളും മറ്റുള്ളവരും ചെന്നപ്പോൾ പത്രൊസ് ഒരു വാൾ ഊരി അതിലൊരുവനെ വെട്ടി അവന്റെ ചെവി അറുത്തു. എന്നാൽ യേശു ഇപ്രകാരം പറഞ്ഞു: “വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവൻ ഒക്കെയും വാളാൽ നശിച്ചുപോകും.” (മത്തായി 26:51, 52) അടുത്ത ദിവസം യേശു പീലാത്തൊസിനോട് ഇപ്രകാരം വ്യക്തമാക്കി: “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല. എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമായിരുന്നെങ്കിൽ, ഞാൻ യഹൂദർക്ക് ഏൽപ്പിക്കപ്പെടാതിരിക്കേണ്ടതിന് എന്റെ സേവകർ പോരാടുമായിരുന്നു.” (യോഹന്നാൻ 18:36, NW) അവർ ‘ചുമത്തിയ കുറ്റം ഒന്നും [യേശുവിൽ] കണ്ടില്ല’ എന്നു പീലാത്തൊസ് സമ്മതിച്ചു. എന്നാൽ ജനക്കൂട്ടത്തിന്റെ സമ്മർദത്തിനു വഴങ്ങി പീലാത്തൊസ് യേശുവിനെ സ്തംഭത്തിലേറ്റി.—ലൂക്കൊസ് 23:13-15; യോഹന്നാൻ 19:12-16.
ശിഷ്യന്മാർ യേശുവിന്റെ നേതൃത്വം പിന്തുടരുന്നു
6. തങ്ങൾ ലോകത്തിന്റെ ആത്മാവ് ഒഴിവാക്കവേതന്നെ ആളുകളെ സ്നേഹിക്കുന്നുവെന്ന് ആദിമ ക്രിസ്ത്യാനികൾ എങ്ങനെ പ്രകടമാക്കി?
6 അങ്ങനെ, ലോകത്തിന്റെ ഭാഗമല്ലാതിരിക്കുക എന്നാൽ എന്താണെന്ന് ശിഷ്യന്മാർക്കു മനസ്സിലായി. റോമൻ സർക്കസ് കൂടാരത്തിലെയും വേദിയിലെയും അക്രമാസക്തവും അധാർമികവുമായ വിനോദം ഉൾപ്പെടെയുള്ള ലോകത്തിന്റെ ഭക്തികെട്ട ആത്മാവും പ്രവർത്തനങ്ങളും ഒഴിവാക്കണമെന്ന് അത് അർഥമാക്കി. അതുനിമിത്തം ശിഷ്യന്മാർ മനുഷ്യവർഗത്തെ ദ്വേഷിക്കുന്നവർ എന്നു വിളിക്കപ്പെട്ടു. എന്നാൽ അവർ ഒരിക്കലും തങ്ങളുടെ സഹമനുഷ്യരെ ദ്വേഷിച്ചില്ല, പകരം രക്ഷയ്ക്കായുള്ള ദൈവത്തിന്റെ കരുതലുകളിൽനിന്നു പ്രയോജനം അനുഭവിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിന് അവർ കഠിനമായി യത്നിക്കുകയാണു ചെയ്തത്.
7. (എ) ലോകത്തിന്റെ ഭാഗമല്ലാതിരുന്നതിനാൽ ആദിമ ക്രിസ്ത്യാനികൾക്ക് എന്ത് അനുഭവം ഉണ്ടായി? (ബി) അവർ രാഷ്ട്രീയ ഭരണാധികാരികളെയും നികുതി കൊടുക്കുന്നതിനെയും എങ്ങനെ വീക്ഷിച്ചു, എന്തുകൊണ്ട്?
7 ഗവൺമെന്റ് അധികാരികൾ യേശുവിനോടു ചെയ്തതുപോലെ അവന്റെ ശിഷ്യന്മാരെയും മിക്കപ്പോഴും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പീഡിപ്പിച്ചു. എന്നിരുന്നാലും, ‘ദൈവത്താലല്ലാതെ ഒരു അധികാരവും ഇല്ലാത്തതിനാൽ ശ്രേഷ്ഠാധികാരങ്ങൾക്കു കീഴ്പെട്ടിരിക്കാൻ’ അപ്പൊസ്തലനായ പൗലൊസ് റോമിലെ ക്രിസ്ത്യാനികൾക്ക് പൊ.യു. 56-നോടടുത്ത് എഴുതി. യഹോവ ലൗകിക ഗവൺമെന്റുകളെ സ്ഥാപിക്കുന്നുവെന്നല്ല, പിന്നെയോ അവന്റെ രാജ്യം സർവ ഭൂമിയെയും ഭരിക്കുന്നതുവരെ മാത്രം സ്ഥിതി ചെയ്യാൻ അവൻ അവയെ അനുവദിക്കുന്നു. ഉചിതമായി, ലൗകിക അധികാരികളെ ആദരിക്കാനും നികുതികൾ കൊടുക്കാനും പൗലൊസ് ക്രിസ്ത്യാനികളെ ഉപദേശിച്ചു.—റോമർ 13:1-7; തീത്തൊസ് 3:1, 2.
8. (എ) ക്രിസ്ത്യാനികൾ ഏതളവോളം ശ്രേഷ്ഠാധികാരങ്ങൾക്കു കീഴ്പെട്ടിരിക്കണം? (ബി) ആദിമ ക്രിസ്ത്യാനികൾ യേശുവിന്റെ മാതൃക പിൻപറ്റിയത് എങ്ങനെ?
8 എന്നുവരികിലും, രാഷ്ട്രീയ ഭരണാധികാരികളോടുള്ള കീഴ്പെടൽ പരിപൂർണമായ ഒന്നല്ല, ആപേക്ഷികമായ ഒന്നായിരിക്കണമായിരുന്നു. യഹോവയുടെ നിയമങ്ങളും മനുഷ്യന്റെ നിയമങ്ങളും തമ്മിൽ വൈരുദ്ധ്യമുള്ളപ്പോൾ യഹോവയെ സേവിക്കുന്നവർ അവന്റെ നിയമങ്ങളാണ് അനുസരിക്കേണ്ടത്. നാഗരികതയിലേക്കുള്ള പാതയിൽ—ഒരു ലോകചരിത്രം (ഇംഗ്ലീഷ്) എന്ന പുസ്തകം ആദിമ ക്രിസ്ത്യാനികളെ കുറിച്ചു പറയുന്നതു ശ്രദ്ധിക്കുക: “റോമൻ പൗരന്മാരുടെ ചില കടമകളിൽ പങ്കുചേരാൻ ക്രിസ്ത്യാനികൾ വിസമ്മതിച്ചു. സൈനിക സേവനത്തിൽ പ്രവേശിക്കുന്നത് തങ്ങളുടെ വിശ്വാസത്തിന്റെ ലംഘനമാണെന്നു . . . ക്രിസ്ത്യാനികൾക്കു തോന്നി. അവർ രാഷ്ട്രീയ സ്ഥാനങ്ങൾ വഹിക്കുകയില്ലായിരുന്നു. അവർ ചക്രവർത്തിയെ ആരാധിക്കുകയില്ലായിരുന്നു.” യഹൂദ ഹൈക്കോടതി പ്രസംഗം നിറുത്താൻ ശിഷ്യന്മാരോട് “അമർച്ചയായി കല്പി”ച്ചപ്പോൾ “[ഞങ്ങൾ] മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു” എന്ന് അവർ ഉത്തരം പറഞ്ഞു.—പ്രവൃത്തികൾ 5:27-29.
9. (എ) യെരൂശലേമിലെ ക്രിസ്ത്യാനികൾ പൊ.യു. 66-ൽ ഒരു പ്രത്യേക നടപടി സ്വീകരിച്ചതിനു കാരണമെന്ത്? (ബി) അതു വിലയേറിയ ഒരു മാതൃകയായി ഉതകുന്നത് ഏതു വിധത്തിൽ?
9 രാഷ്ട്രീയവും സൈനികവുമായ വിവാദങ്ങൾ സംബന്ധിച്ച് ശിഷ്യന്മാർ കർശനമായ നിഷ്പക്ഷത പാലിച്ചു. പൊ.യു.66-ൽ യഹൂദ്യയിലെ യഹൂദന്മാർ കൈസർക്കെതിരെ വിപ്ലവം നടത്തി. റോമൻ സൈന്യം പെട്ടെന്ന് യെരൂശലേമിനെ വളഞ്ഞു. ആ നഗരത്തിലെ ക്രിസ്ത്യാനികൾ എന്തുചെയ്തു? നഗരത്തിൽനിന്നു പുറത്തുപോകാനുള്ള യേശുവിന്റെ ഉപദേശം അവർ ഓർത്തു. റോമാക്കാർ താത്കാലികമായി പിൻവാങ്ങിയപ്പോൾ, ക്രിസ്ത്യാനികൾ യോർദാൻ നദി കടന്ന് പെല്ലാ പർവതപ്രദേശത്തേക്ക് ഓടിപ്പോയി. (ലൂക്കൊസ് 21:20-24) അവരുടെ നിഷ്പക്ഷത പിൽക്കാലത്തെ വിശ്വസ്ത ക്രിസ്ത്യാനികൾക്ക് ഒരു മാതൃകയായി ഉതകുന്നു.
ഈ അന്ത്യനാളുകളിൽ ക്രിസ്തീയ നിഷ്പക്ഷർ
10. (എ) യഹോവയുടെ സാക്ഷികൾ ഏതു വേലയിൽ തിരക്കോടെ ഏർപ്പെടുന്നു, എന്തുകൊണ്ട്? (ബി) അവർ ഏതു കാര്യത്തിൽ നിഷ്പക്ഷരാണ്?
10 ആദിമ ക്രിസ്ത്യാനികളെ അനുകരിച്ചുകൊണ്ട് ഈ അന്ത്യനാളുകളിൽ ഏതെങ്കിലും സമൂഹം കർശനമായ നിഷ്പക്ഷത പാലിച്ചിട്ടുണ്ടെന്നു ചരിത്രരേഖ തെളിയിക്കുന്നുവോ? ഉവ്വ്, യഹോവയുടെ സാക്ഷികൾ അങ്ങനെ ചെയ്തിരിക്കുന്നു. ഈ കാലഘട്ടത്തിലെല്ലാം, നീതിസ്നേഹികൾക്കു നിലനിൽക്കുന്ന സമാധാനവും ഐശ്വര്യവും സന്തുഷ്ടിയും കൈവരുത്താനുള്ള ഏക മാർഗം ദൈവരാജ്യമാണെന്ന് അവർ പ്രസംഗിച്ചുകൊണ്ടേയിരിക്കുന്നു. (മത്തായി 24:14) എന്നാൽ, ജനതകളുടെ ഇടയിലെ വിവാദങ്ങൾ സംബന്ധിച്ച് അവർ കർശനമായ നിഷ്പക്ഷത പാലിച്ചിരിക്കുന്നു.
11. (എ) സാക്ഷികളുടെ നിഷ്പക്ഷത വൈദികരുടെ നടപടികൾക്കു വിരുദ്ധമായിരിക്കുന്നത് എങ്ങനെ? (ബി) മറ്റുള്ളവർ രാഷ്ട്രീയത്തിൽ ഉൾപ്പെടുന്നതു സംബന്ധിച്ച് യഹോവയുടെ സാക്ഷികൾ എന്തു വീക്ഷണം സ്വീകരിക്കുന്നു?
11 ഇതിനു കടകവിരുദ്ധമായി, ഈ ലോകമതങ്ങളിലെ വൈദികർ രാഷ്ട്രീയ കാര്യങ്ങളിൽ വളരെയധികം ഉൾപ്പെടുന്നുണ്ട്. ചില രാജ്യങ്ങളിൽ, അവർ സ്ഥാനാർഥികൾക്ക് അനുകൂലമായോ പ്രതികൂലമായോ സജീവമായി പ്രചാരണം നടത്തിയിട്ടുണ്ട്. വൈദികരിൽ ചിലർ രാഷ്ട്രീയസ്ഥാനം വഹിക്കുക പോലും ചെയ്യുന്നു. മറ്റു ചിലർ വൈദികർ അംഗീകരിക്കുന്ന പരിപാടികളെ അനുകൂലിക്കാൻ രാഷ്ട്രീയക്കാരുടെമേൽ സമ്മർദം ചെലുത്തിയിരിക്കുന്നു. എന്നാൽ യഹോവയുടെ സാക്ഷികൾ രാഷ്ട്രീയത്തിൽ ഉൾപ്പെടുന്നില്ല. ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നതു സംബന്ധിച്ചോ രാഷ്ട്രീയ സ്ഥാനങ്ങൾ തേടുന്നതു സംബന്ധിച്ചോ തെരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്യുന്നതു സംബന്ധിച്ചോ മറ്റുള്ളവർ ചെയ്യുന്നതിന് അവർ തടസ്സം നിൽക്കുന്നുമില്ല. തന്റെ ശിഷ്യന്മാർ ലോകത്തിന്റെ ഭാഗമല്ലെന്നു യേശു പറഞ്ഞതുകൊണ്ട് യഹോവയുടെ സാക്ഷികൾ രാഷ്ട്രീയ കാര്യങ്ങളിൽ പങ്കെടുക്കുന്നില്ല.
12. ഈ ലോകത്തിലെ മതങ്ങൾ നിഷ്പക്ഷത പാലിക്കാത്തതിന്റെ ഫലമെന്താണ്?
12 യേശു മുൻകൂട്ടി പറഞ്ഞതുപോലെ, രാഷ്ട്രങ്ങൾ ആവർത്തിച്ചു യുദ്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. രാഷ്ട്രങ്ങൾക്കുള്ളിലെ വിഭാഗങ്ങളും അന്യോന്യം യുദ്ധം ചെയ്തിരിക്കുന്നു. (മത്തായി 24:3, 6, 7) മതനേതാക്കന്മാർ മിക്കവാറും എല്ലായ്പോഴും ഒരു രാഷ്ട്രത്തെ അല്ലെങ്കിൽ ഒരു വിഭാഗത്തെ മറ്റൊന്നിനെതിരായി പിന്താങ്ങിയിട്ടുണ്ട്, അതുതന്നെ ചെയ്യാൻ അവർ തങ്ങളുടെ അനുയായികളെയും പ്രോത്സാഹിപ്പിച്ചിരിക്കുന്നു. ഫലമോ? ദേശീയ, ഗോത്ര വ്യത്യാസങ്ങളുടെ പേരിൽ മാത്രം ഒരേ മതത്തിലെ അംഗങ്ങൾ യുദ്ധത്തിൽ അന്യോന്യം കൊല്ലുന്നു. ഇതു ദൈവത്തിന്റെ ഇഷ്ടത്തിനു വിരുദ്ധമാണ്.—1 യോഹന്നാൻ 3:10-12; 4:8, 20.
13. യഹോവയുടെ സാക്ഷികളുടെ നിഷ്പക്ഷത സംബന്ധിച്ച് വസ്തുതകൾ എന്തു പ്രകടമാക്കുന്നു?
13 എന്നിരുന്നാലും, യഹോവയുടെ സാക്ഷികൾ എല്ലാ സംഘട്ടനങ്ങളിലും കർശനമായി നിഷ്പക്ഷരായിരുന്നിട്ടുണ്ട്. 1939 നവംബർ 1 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്) ഇങ്ങനെ പ്രസ്താവിച്ചു: “കർത്താവിന്റെ പക്ഷത്തുള്ള എല്ലാവരും യുദ്ധം ചെയ്യുന്ന രാഷ്ട്രങ്ങളുടെ കാര്യത്തിൽ നിഷ്പക്ഷരായിരിക്കും.” എല്ലാ രാഷ്ട്രങ്ങളിലും എല്ലാ സാഹചര്യങ്ങളിലുമുള്ള യഹോവയുടെ സാക്ഷികൾ ഈ നിലപാടിൽ ഉറച്ചുനിൽക്കുന്നതിൽ തുടരുന്നു. തങ്ങളുടെ സാർവദേശീയ സാഹോദര്യത്തെ തകർക്കാൻ അവർ ലോകത്തിലെ ഭിന്നിച്ച രാഷ്ട്രീയത്തെയും യുദ്ധങ്ങളെയും അനുവദിക്കുന്നില്ല. അവർ “തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചു”തീർക്കുന്നു. നിഷ്പക്ഷരായതിനാൽ അവർ മേലാൽ യുദ്ധം അഭ്യസിക്കുന്നില്ല.—യെശയ്യാവു 2:3, 4; 2 കൊരിന്ത്യർ 10:3, 4.
14. ലോകത്തിൽനിന്നു വേറിട്ടു നിൽക്കുന്നതിനാൽ യഹോവയുടെ സാക്ഷികൾക്ക് എന്ത് അനുഭവിക്കേണ്ടിവന്നിരിക്കുന്നു?
14 അവരുടെ നിഷ്പക്ഷതയുടെ ഒരു ഫലം എന്താണ്? ‘നിങ്ങൾ ലോകത്തിന്റെ ഭാഗമല്ലാത്തതിനാൽ ലോകം നിങ്ങളെ വെറുക്കുന്നു’ എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 15:19, NW) ദൈവദാസന്മാർ ആയിരിക്കുന്നതിനാൽ യഹോവയുടെ സാക്ഷികളിൽ അനേകർ തടവിലാക്കപ്പെട്ടിട്ടുണ്ട്. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്കു സംഭവിച്ചതിനു സമാനമായി, ചിലർ ദണ്ഡിപ്പിക്കപ്പെട്ടു, കൊല്ലപ്പെടുകപോലും ചെയ്തു. ലോകത്തിന്റെ ഭാഗമല്ലാത്ത യഹോവയുടെ ദാസന്മാരെ ഈ “ലോകത്തിന്റെ ദൈവ”മായ സാത്താൻ എതിർക്കുന്നതിനാലാണ് ഇതു സംഭവിക്കുന്നത്.—2 കൊരിന്ത്യർ 4:4; വെളിപ്പാടു 12:12.
15. (എ) സകല രാഷ്ട്രങ്ങളും എന്തിലേക്കു നീങ്ങുന്നു, എന്ത് ഒഴിവാക്കാൻ യഹോവയുടെ സാക്ഷികൾ ശ്രദ്ധാലുക്കളാണ്? (ബി) ലോകത്തിൽനിന്നു വേറിട്ടു നിൽക്കുന്നത് ഇത്ര ഗൗരവമായ ഒരു സംഗതി ആയിരിക്കുന്നത് എന്തുകൊണ്ട്?
15 തങ്ങൾ ലോകത്തിന്റെ ഭാഗമല്ലാത്തതിൽ യഹോവയുടെ ദാസന്മാർ സന്തുഷ്ടരാണ്. കാരണം അതിന്റെ സകല രാഷ്ട്രങ്ങളും അർമഗെദോനിലെ അവരുടെ അവസാനത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. (ദാനീയേൽ 2:44; വെളിപ്പാടു 16:14, 16; 19:11-21) നാം ലോകത്തിൽനിന്നു വേറിട്ടു നിൽക്കുന്നതിനാൽ ആ ഭവിഷ്യത്ത് നമുക്ക് ഒഴിവാക്കാനാകും. ഭൂവ്യാപകമായി ഏകീകൃതരായ ഒരു ജനമെന്ന നിലയിൽ നമ്മൾ ദൈവത്തിന്റെ സ്വർഗീയ രാജ്യത്തോടു കൂറുള്ളവരാണ്. ലോകത്തിന്റെ ഭാഗമല്ലാത്തതിനാൽ നാം അതിന്റെ പരിഹാസത്തിനും പീഡനത്തിനും വിധേയരാകുന്നുവെന്നതു സത്യം. എന്നാൽ വളരെ പെട്ടെന്നുതന്നെ അതിന് അറുതിവരും, കാരണം സാത്താന്റെ കീഴിലുള്ള ഇപ്പോഴത്തെ ദുഷ്ടലോകം എന്നേക്കുമായി നശിപ്പിക്കപ്പെടും. നേരെ മറിച്ച്, യഹോവയെ സേവിക്കുന്നവർ ദൈവരാജ്യത്തിൻ കീഴിലെ നീതിയുള്ള പുതിയ ലോകത്തിൽ എന്നേക്കും ജീവിക്കും.—2 പത്രൊസ് 3:10-13; 1 യോഹന്നാൻ 2:15-17.
പുനരവലോകന ചർച്ച
• “ലോകത്തിന്റെ ഭാഗമ”ല്ലാതിരിക്കുന്നതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നുവെന്ന് യേശു എങ്ങനെ പ്രകടമാക്കി?
• (എ) ലോകത്തിന്റെ ആത്മാവ്, (ബി) ലൗകിക ഭരണാധികാരികൾ, (സി) നികുതി കൊടുക്കൽ എന്നിവ സംബന്ധിച്ച് ആദിമ ക്രിസ്ത്യാനികൾക്ക് എന്തു മനോഭാവം ഉണ്ടായിരുന്നു?
• ആധുനിക കാലത്ത് യഹോവയുടെ സാക്ഷികൾ തങ്ങളുടെ ക്രിസ്തീയ നിഷ്പക്ഷതയുടെ തെളിവു നൽകിയിരിക്കുന്നത് ഏതു വിധങ്ങളിൽ?
[165-ാം പേജിലെ ചിത്രം]
താനും തന്റെ അനുഗാമികളും “ലോകത്തിന്റെ ഭാഗമല്ല” എന്ന് യേശു വ്യക്തമാക്കി