അധ്യായം പതിനേഴ്
ഭവനത്തിൽ ദൈവഭക്തി ആചരിക്കുക
1. ദൈവവചനത്തിലെ മാർഗനിർദേശം ബാധകമാക്കുന്നതു വിവാഹബന്ധങ്ങളെ എങ്ങനെ ബാധിച്ചിരിക്കുന്നു?
യഹോവയാണു വിവാഹത്തിന്റെ കാരണഭൂതൻ. കുടുംബങ്ങൾക്കുള്ള അത്യുത്തമ മാർഗനിർദേശം അവന്റെ വചനം പ്രദാനം ചെയ്യുന്നു. ആ മാർഗനിർദേശം ബാധകമാക്കിയതിന്റെ ഫലമായി അനേകർ വിജയപ്രദമായ വിവാഹബന്ധങ്ങൾ കെട്ടിപ്പടുത്തിരിക്കുന്നു. വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിച്ചിരുന്ന ചിലർ തങ്ങളുടെ വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്യാൻ പ്രേരിതരായിട്ടുണ്ട് എന്നതു പ്രശംസനീയമാണ്. മറ്റു ചിലർ വിവാഹബാഹ്യ ബന്ധങ്ങൾ ഉപേക്ഷിച്ചിരിക്കുന്നു. തങ്ങളുടെ ഭാര്യമാരെയും കുട്ടികളെയും ദ്രോഹിച്ചിരുന്ന അക്രമാസക്തരായ പുരുഷന്മാർ ദയയും ആർദ്രതയും പ്രകടമാക്കാൻ പഠിച്ചിരിക്കുന്നു.
2. ക്രിസ്തീയ കുടുംബജീവിതത്തിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
2 ക്രിസ്തീയ കുടുംബജീവിതത്തിൽ, വിവാഹ സ്ഥിരതയെ നാം എങ്ങനെ വീക്ഷിക്കുന്നു, നമ്മുടെ കുടുംബ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ നാം എന്തു ചെയ്യുന്നു, കുടുംബാംഗങ്ങളോടു നാം എങ്ങനെ ഇടപെടുന്നു എന്നിങ്ങനെ അനേകം കാര്യങ്ങൾ ഉൾപ്പെടുന്നു. (എഫെസ്യർ 5:33–6:4, ന്യൂ ഇൻഡ്യാ ബൈബിൾ ഭാഷാന്തരം) കുടുംബജീവിതത്തെ കുറിച്ചു ബൈബിൾ എന്തു പറയുന്നുവെന്നു നമുക്കറിയാമായിരിക്കാം. എന്നാൽ അതിലെ ബുദ്ധിയുപദേശങ്ങൾ ബാധകമാക്കുന്നതാണ് ഏറെ പ്രധാനം. ദൈവനിയമങ്ങൾ ലംഘിച്ചതിന് യേശു കുറ്റംവിധിച്ചവരെപ്പോലെ ആയിരിക്കാൻ നമ്മിലാരും ആഗ്രഹിക്കുന്നില്ല. അവരുടെ ധാരണ മതഭക്തി ഉണ്ടായിരുന്നാൽ മാത്രം മതിയെന്നായിരുന്നു. എന്നാൽ അതു ശരിയായിരുന്നില്ല. (മത്തായി 15:4-9) ദൈവഭക്തിയുടെ ഒരു പരിവേഷം ഉണ്ടായിരിക്കാനും എന്നാൽ ‘നമ്മുടെ സ്വന്തം ഭവനത്തിൽ’ അതു പ്രകടമാക്കുന്നതിൽ പരാജയപ്പെടാനും നാം ആഗ്രഹിക്കുന്നില്ല. മറിച്ച്, യഥാർഥ ദൈവഭക്തി പ്രകടമാക്കാൻ നമ്മൾ ആഗ്രഹിക്കുന്നു, അതു “വലിയൊരു നേട്ടമാണ്.”—1 തിമൊഥെയൊസ് 5:4; 6:6, പി.ഒ.സി. ബൈബിൾ; 2 തിമൊഥെയൊസ് 3:5.
വിവാഹബന്ധം എത്രനാൾ നിലനിൽക്കും?
3. (എ) അനേകം വിവാഹബന്ധങ്ങൾക്ക് എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു, എന്നാൽ നമ്മുടെ തീരുമാനം എന്തായിരിക്കണം? (ബി) ഈ ഖണ്ഡികയ്ക്കു കീഴിൽ നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് നിങ്ങളുടെ ബൈബിൾ ഉപയോഗിച്ച് ഉത്തരം പറയുക.
3 അനായാസം തകരുന്ന വിവാഹബന്ധങ്ങളുടെ എണ്ണം വർധിച്ചുവരുകയാണ്. വർഷങ്ങളോളം ഒരുമിച്ചു കഴിഞ്ഞ ചില ദമ്പതിമാർ വിവാഹമോചനം നേടി മറ്റൊരാളെ വിവാഹം ചെയ്യാൻ തീരുമാനിക്കുന്നു. കൂടാതെ, ചുരുങ്ങിയ കാലത്തെ വിവാഹജീവിതത്തിനു ശേഷം ചെറുപ്പക്കാരായ ദമ്പതിമാർ വേർപിരിയുന്നതായുള്ള വാർത്തകളും ഇന്ന് അപൂർവമല്ല. മറ്റുള്ളവർ എന്തും ചെയ്തുകൊള്ളട്ടെ നാം യഹോവയെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കണം. അതുകൊണ്ട് വിവാഹ സ്ഥിരതയെ കുറിച്ചു ദൈവവചനം പറയുന്നത് എന്തെന്നു കാണാൻ നമുക്കു ചുവടെ ചേർക്കുന്ന ചോദ്യങ്ങളും തിരുവെഴുത്തുകളും പരിചിന്തിക്കാം.
ഒരു പുരുഷനും സ്ത്രീയും വിവാഹിതരാകുമ്പോൾ അവർ എത്രകാലം ഒരുമിച്ചു ജീവിക്കണം? (മർക്കൊസ് 10:6-9; റോമർ 7:2, 3)
പുനർവിവാഹത്തിന്റെ സാധ്യതയോടെ വിവാഹമോചനത്തിനു ദൈവമുമ്പാകെ സാധുതയുള്ള ഏക അടിസ്ഥാനം എന്താണ്? (മത്തായി 5:31, 32; 19:3-9)
തന്റെ വചനം അധികാരപ്പെടുത്താത്ത ഉപേക്ഷണങ്ങളെ യഹോവ എങ്ങനെ വീക്ഷിക്കുന്നു? (മലാഖി 2:13-16)
ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരു മാർഗമായി ബൈബിൾ വേർപിരിയലിനെ ശുപാർശ ചെയ്യുന്നുവോ? (1 കൊരിന്ത്യർ 7:10-13)
ഏതു സാഹചര്യങ്ങളിൽ ഒരു വേർപിരിയൽ ആവശ്യമായിത്തീർന്നേക്കാം? (സങ്കീർത്തനം 11:5, NW; ലൂക്കൊസ് 4:8; 1 തിമൊഥെയൊസ് 5:8)
4. ചില വിവാഹങ്ങൾ നിലനിൽക്കുന്നത് എന്തുകൊണ്ട്?
4 ചിലർ വിജയപ്രദവും നിലനിൽക്കുന്നതുമായ ദാമ്പത്യജീവിതം ആസ്വദിക്കുന്നു. എന്തുകൊണ്ട്? ഇരുകക്ഷികളും പക്വത പ്രാപിക്കുന്നതുവരെ വിവാഹം നീട്ടിവെക്കുന്നത് ഒരു മുഖ്യഘടകമാണ്. ഒപ്പം, ഒരുവന്റെ താത്പര്യങ്ങളിൽ പങ്കാളിയാകുന്ന, കാര്യങ്ങൾ തുറന്നു ചർച്ച ചെയ്യാൻ സാധിക്കുന്ന, ഒരു ഇണയെ കണ്ടെത്തുന്നതും പ്രധാനമാണ്. എന്നാൽ അതിലും പ്രധാനം യഹോവയെ സ്നേഹിക്കുകയും പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള അടിസ്ഥാനമായി അവന്റെ വചനത്തെ ആദരിക്കുകയും ചെയ്യുന്ന ഒരു ഇണയെ കണ്ടെത്തുന്നതാണ്. (സങ്കീർത്തനം 119:97, 104; 2 തിമൊഥെയൊസ് 3:16, 17) അത്തരമൊരു വ്യക്തിക്ക്, കാര്യങ്ങൾ ഉദ്ദേശിക്കുന്നതുപോലെ നടക്കാത്തപക്ഷം തനിക്ക് എപ്പോൾ വേണമെങ്കിലും വേർപിരിയുകയോ വിവാഹമോചനം നേടുകയോ ചെയ്യാമെന്ന മനോഭാവം ഉണ്ടായിരിക്കില്ല. സ്വന്തം ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള ഒഴികഴിവായി ഇണയുടെ ദൗർബല്യങ്ങളെ അയാൾ ഉപയോഗിക്കുകയില്ല. പകരം അയാൾ പ്രശ്നങ്ങളെ ധൈര്യത്തോടെ നേരിടുകയും പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യും.
5. (എ) യഹോവയോടുള്ള വിശ്വസ്തത വിവാഹബന്ധത്തിൽ ഉൾപ്പെട്ടിരിക്കുന്നത് എങ്ങനെ? (ബി) എതിർപ്പു നേരിടുമ്പോൾ പോലും യഹോവയുടെ നിലവാരങ്ങളോടു പറ്റിനിൽക്കുന്നതിനാൽ എന്തു പ്രയോജനമുണ്ട്?
5 ദുരിതമനുഭവിക്കുമ്പോൾ നമ്മൾ യഹോവയുടെ വഴികൾ ഉപേക്ഷിക്കുമെന്നു സാത്താൻ വാദിക്കുന്നു. (ഇയ്യോബ് 2:4, 5; സദൃശവാക്യങ്ങൾ 27:11) ഇണയിൽനിന്നുള്ള എതിർപ്പു മൂലം ബുദ്ധിമുട്ട് അനുഭവിച്ചിട്ടുള്ള യഹോവയുടെ സാക്ഷികളിൽ ബഹുഭൂരിപക്ഷവും തങ്ങളുടെ വിവാഹ പ്രതിജ്ഞകൾ ഉപേക്ഷിച്ചിട്ടില്ല. അവർ യഹോവയോടും അവന്റെ കൽപ്പനകളോടും വിശ്വസ്തരായി തുടരുന്നു. (മത്തായി 5:37) സഹിച്ചുനിന്നിട്ടുള്ളവരിൽ ചിലർക്ക് യഹോവയെ സേവിക്കുന്നതിൽ ഇണ തങ്ങളോടു ചേർന്നതിന്റെ സന്തോഷം അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്—വർഷങ്ങളോളം നീണ്ട എതിർപ്പിനുശേഷം പോലും! (1 പത്രൊസ് 3:1, 2) ചില സാക്ഷികളുടെ ഇണകൾ മാറ്റത്തിന്റെ ലക്ഷണമൊന്നും കാണിച്ചിട്ടില്ല, അല്ലെങ്കിൽ തങ്ങൾ യഹോവയെ സേവിക്കുക നിമിത്തം ഇണകൾ ഉപേക്ഷിച്ചുപോയിരിക്കുന്നു. ഈ സാക്ഷികളുടെ കാര്യത്തിലും, ഭവനത്തിൽ ദൈവഭക്തിയുടെ തെളിവു നൽകുന്നതു നിമിത്തം തങ്ങൾ അനുഗ്രഹിക്കപ്പെടുമെന്ന് അവർക്ക് അറിയാം.—സങ്കീർത്തനം 55:22; 145:16.
ഓരോരുത്തരും തങ്ങളുടെ ഭാഗം നിർവഹിക്കുന്നു
6. ദാമ്പത്യബന്ധം വിജയപ്രദമാക്കാൻ ഏതു ക്രമീകരണത്തെ ആദരിക്കേണ്ടതുണ്ട്?
6 തീർച്ചയായും, ദാമ്പത്യബന്ധത്തെ വിജയപ്രദമാക്കാൻ കേവലം ഒരുമിച്ചു പാർക്കുന്നതിലധികം ആവശ്യമാണ്. ഓരോ ഇണയ്ക്കും അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട ഒരു സംഗതി യഹോവയുടെ ശിരഃസ്ഥാന ക്രമീകരണത്തോടുള്ള ആദരവാണ്. ഇതു ഭവനത്തിൽ നല്ല അച്ചടക്കവും സുരക്ഷിതത്വബോധവും ഉണ്ടാകാൻ സഹായിക്കുന്നു. 1 കൊരിന്ത്യർ 11:3-ൽ നാം ഇങ്ങനെ വായിക്കുന്നു: “ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം.”
7. കുടുംബത്തിൽ ശിരഃസ്ഥാനം എങ്ങനെ പ്രയോഗിക്കപ്പെടണം?
7 ആ വാക്യത്തിൽ ആദ്യം പറഞ്ഞിരിക്കുന്ന കാര്യം നിങ്ങൾ ശ്രദ്ധിച്ചോ? ഏതു പുരുഷനും ശിരസ്സായി ക്രിസ്തു ഉണ്ട്, ആ ശിരസ്സിന് അയാൾ കീഴ്പെട്ടിരിക്കുകയും വേണം. ഭർത്താവ് യേശുവിന്റെ ഗുണങ്ങളെ പ്രതിഫലിപ്പിക്കുന്ന വിധത്തിൽ ശിരഃസ്ഥാനം പ്രയോഗിക്കണം എന്നാണ് അതിനർഥം. യേശു യഹോവയ്ക്കു കീഴ്പെട്ടിരിക്കുകയും സഭയെ ആഴമായി സ്നേഹിക്കുകയും അതിനെ പരിപാലിക്കുകയും ചെയ്യുന്നു. (1 തിമൊഥെയൊസ് 3:15) അവൻ “തന്നെത്താൻ അവൾക്കു വേണ്ടി ഏല്പിച്ചു”കൊടുക്കുക പോലും ചെയ്തു. യേശു അഹങ്കാരിയോ പരിഗണന ഇല്ലാത്തവനോ അല്ല, മറിച്ച് “സൌമ്യതയും താഴ്മയും” ഉള്ളവനാണ്. അവന്റെ ശിരഃസ്ഥാനത്തിൻ കീഴിൽ വരുന്നവർ അവരുടെ “ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തു”ന്നു. ഒരു ഭർത്താവ് തന്റെ കുടുംബത്തോട് ഈ വിധത്തിൽ ഇടപെടുമ്പോൾ അയാൾ ക്രിസ്തുവിനു തന്നെത്തന്നെ കീഴ്പെടുത്തുകയാണെന്നു പ്രകടമാക്കുന്നു. അപ്പോൾ, തന്റെ ഭർത്താവിനോടു സഹകരിക്കുന്നതും അദ്ദേഹത്തിന്റെ ശിരഃസ്ഥാനത്തിനു കീഴ്പെട്ടിരിക്കുന്നതും പ്രയോജനകരവും നവോന്മേഷപ്രദവുമാണെന്ന് ഒരു ക്രിസ്തീയ ഭാര്യ കണ്ടെത്തും.—എഫെസ്യർ 5:25-33; മത്തായി 11:28, 29; സദൃശവാക്യങ്ങൾ 31:10, 28.
8. (എ) ക്രിസ്തീയ രീതികൾക്കു ചില ഭവനങ്ങളിൽ ഉദ്ദേശിക്കുന്ന ഫലം കിട്ടുന്നില്ലെന്നു തോന്നിയേക്കാവുന്നത് എന്തുകൊണ്ട്? (ബി) അങ്ങനെയുള്ള ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നെങ്കിൽ നാം എന്തു ചെയ്യണം?
8 എന്നിരുന്നാലും, പ്രശ്നങ്ങൾ പൊന്തിവരും. ഒരു കുടുംബത്തിൽ തങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടുന്നതിലുള്ള നീരസം, ആ കുടുംബത്തിൽ ആരെങ്കിലും ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കാൻ തുടങ്ങുന്നതിനു മുമ്പുതന്നെ, അതിലെ അംഗങ്ങളിൽ ആഴത്തിൽ വേരോടിയിട്ടുണ്ടാകാം. ദയാപൂർവകമായ അപേക്ഷകളും സ്നേഹപുരസ്സരമായ രീതിയുമൊന്നും ഫലമുളവാക്കുന്നില്ലെന്നു തോന്നിയേക്കാം. “ക്ഷോഭവും ക്രോധവും അട്ടഹാസവും ദൂഷണവും” ഉപേക്ഷിക്കാൻ ബൈബിൾ പറയുന്നുവെന്നു നമുക്കറിയാം. (എഫെസ്യർ 4:31, പി.ഒ.സി. ബൈ.) എന്നാൽ ചിലർക്ക് പരുക്കൻ രീതിയല്ലാതെ മറ്റൊന്നും അറിയില്ലെന്നു തോന്നുന്നെങ്കിൽ എന്തു ചെയ്യണം? ഭീഷണിപ്പെടുത്തുകയും ശകാരിക്കുകയും ചെയ്തവരെ യേശു അനുകരിച്ചില്ല, പകരം അവൻ തന്റെ പിതാവിൽ ആശ്രയിച്ചു. (1 പത്രൊസ് 2:22, 23) അതുകൊണ്ട് പിരിമുറുക്കത്തിന്റേതായ സാഹചര്യങ്ങൾ ഭവനത്തിൽ സംജാതമാകുമ്പോൾ ലോകത്തിന്റെ രീതികൾ സ്വീകരിക്കുന്നതിനു പകരം സഹായത്തിനായി യഹോവയോടു പ്രാർഥിച്ചുകൊണ്ട് ദൈവഭക്തിയുടെ തെളിവു നൽകുക.—സദൃശവാക്യങ്ങൾ 3:5-7.
9. കുറ്റം കണ്ടുപിടിക്കുന്നതിനു പകരം എന്തു ചെയ്യാൻ അനേകം ക്രിസ്തീയ ഭർത്താക്കന്മാർ പഠിച്ചിരിക്കുന്നു?
9 മാറ്റങ്ങൾ വരുത്തുക എല്ലായ്പോഴും പെട്ടെന്നു സാധ്യമല്ല. എന്നാൽ ബൈബിൾ ബുദ്ധിയുപദേശം ക്ഷമയോടും ഉത്സാഹത്തോടും കൂടെ ബാധകമാക്കുമ്പോൾ അതു തീർച്ചയായും ഫലം ചെയ്യും. സഭയോടുള്ള ക്രിസ്തുവിന്റെ ഇടപെടലുകൾ തങ്ങൾ വിലമതിക്കാനിടയായപ്പോൾ ദാമ്പത്യബന്ധം മെച്ചപ്പെട്ടു തുടങ്ങിയതായി അനേകം ഭർത്താക്കന്മാർ കണ്ടെത്തിയിരിക്കുന്നു. സഭയിലെ അംഗങ്ങൾ പൂർണരല്ല. എന്നിട്ടും യേശു അതിനെ സ്നേഹിക്കുകയും അതിനുവേണ്ടി നല്ല മാതൃക വെക്കുകയും അഭിവൃദ്ധി പ്രാപിക്കാൻ അതിനെ സഹായിക്കുന്നതിനു തിരുവെഴുത്തുകൾ ഉപയോഗിക്കുകയും ചെയ്യുന്നു. ആ സഭയ്ക്കുവേണ്ടി അവൻ തന്റെ ജീവൻ വെച്ചുകൊടുത്തു. (1 പത്രൊസ് 2:21) നല്ല ശിരഃസ്ഥാനം കാഴ്ചവെക്കാനും വിവാഹജീവിതം മെച്ചപ്പെടുന്നതിനു വേണ്ട സ്നേഹമസൃണമായ സഹായം കൊടുക്കാനും യേശുവിന്റെ മാതൃക അനേകം ക്രിസ്തീയ ഭർത്താക്കന്മാരെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. ഇത്, കുറ്റം കണ്ടുപിടിക്കുന്നതിനെക്കാൾ അല്ലെങ്കിൽ സംസാരിക്കാതെ പിണങ്ങിയിരിക്കുന്നതിനെക്കാൾ വളരെ മെച്ചപ്പെട്ട ഫലങ്ങൾ കൈവരുത്തുന്നു.
10. (എ) ഒരു ഭർത്താവോ ഭാര്യയോ—ഒരു ക്രിസ്ത്യാനിയെന്ന് അവകാശപ്പെടുന്ന ഒരാൾ പോലും—ഏതു വിധങ്ങളിൽ കുടുംബത്തിലെ മറ്റുള്ളവർക്കു ജീവിതം ദുഷ്കരമാക്കിത്തീർത്തേക്കാം? (ബി) സാഹചര്യം മെച്ചപ്പെടുത്താൻ എന്തു ചെയ്യാവുന്നതാണ്?
10 ഒരു ഭർത്താവ് കുടുംബത്തിന്റെ വൈകാരിക ആവശ്യങ്ങൾ സംബന്ധിച്ചു ബോധവാനല്ലെങ്കിൽ, അഥവാ ബൈബിളിന്റെ കുടുംബ ചർച്ചയ്ക്കും മറ്റു പ്രവർത്തനങ്ങൾക്കും ഏർപ്പാടു ചെയ്യാൻ മുൻകൈ എടുക്കുന്നില്ലെങ്കിൽ എന്ത്? അല്ലെങ്കിൽ ഭാര്യ സഹകരിക്കാതിരിക്കുകയോ ദൈവിക കീഴ്പെടൽ പ്രകടമാക്കാതിരിക്കുകയോ ആണെങ്കിലോ? പ്രശ്നങ്ങൾ സംബന്ധിച്ച് ആദരപൂർവകമായ കുടുംബ ചർച്ചകൾ നടത്തുന്നതിനാൽ ചിലർക്കു നല്ല ഫലങ്ങൾ ലഭിക്കുന്നു. (ഉല്പത്തി 21:10-12; സദൃശവാക്യങ്ങൾ 15:22, NW) ആശിച്ച എല്ലാ ഫലങ്ങളും ലഭിക്കുന്നില്ലെങ്കിൽപ്പോലും, മറ്റു കുടുംബാംഗങ്ങളോടു സ്നേഹപൂർവകമായ പരിഗണന കാണിച്ചുകൊണ്ട് നമ്മുടെ ജീവിതത്തിൽ ദൈവാത്മാവിന്റെ ഫലത്തിന് ഇടമുണ്ടാക്കാനും അതുവഴി മെച്ചപ്പെട്ട കുടുംബ അന്തരീക്ഷത്തിനു സംഭാവന ചെയ്യാനും നമുക്ക് ഓരോരുത്തർക്കും കഴിയും. (ഗലാത്യർ 5:22, 23) മറ്റേ ആൾ മെച്ചപ്പെടുന്നതും കാത്തിരുന്നുകൊണ്ടല്ല, പിന്നെയോ നമ്മുടെ ഭാഗം ഭംഗിയായി നിറവേറ്റുകയും അങ്ങനെ സ്വയം ദൈവഭക്തി ആചരിക്കുന്നുവെന്നു പ്രകടമാക്കുകയും ചെയ്യുന്നെങ്കിൽ തീർച്ചയായും കുടുംബജീവിതത്തിൽ പുരോഗതി ഉണ്ടാകും.—കൊലൊസ്സ്യർ 3:18-21.
ഉത്തരങ്ങൾ കിട്ടുന്നിടം
11, 12. കുടുംബജീവിതം വിജയപ്രദമാക്കാൻ നമ്മെ സഹായിക്കുന്നതിനു യഹോവ എന്തു പ്രദാനം ചെയ്തിരിക്കുന്നു?
11 തങ്ങളുടെ കുടുംബ കാര്യങ്ങൾ സംബന്ധിച്ച ബുദ്ധിയുപദേശത്തിനായി ആളുകൾ പല ഉറവുകളെയും ആശ്രയിക്കാറുണ്ട്. എന്നാൽ ഏറ്റവും നല്ല ബുദ്ധിയുപദേശം ദൈവവചനത്തിൽ അടങ്ങിയിരിക്കുന്നു എന്നു നമുക്കറിയാം. അതു ബാധകമാക്കാൻ തന്റെ ദൃശ്യസംഘടനയിലൂടെ ദൈവം നമ്മെ സഹായിക്കുന്നതിൽ നാം നന്ദിയുള്ളവരാണ്. ആ സഹായത്തിൽനിന്നു നിങ്ങൾ പൂർണമായി പ്രയോജനം നേടുന്നുണ്ടോ?—സങ്കീർത്തനം 119:129, 130; മീഖാ 4:2.
12 സഭായോഗങ്ങൾക്കു ഹാജരാകുന്നതിനു പുറമേ കുടുംബ ബൈബിൾ പഠനത്തിനു വേണ്ടി നിങ്ങൾ ക്രമമായി സമയം വേർതിരിച്ചിട്ടുണ്ടോ? അങ്ങനെ ചെയ്യുന്ന കുടുംബങ്ങൾക്ക് തങ്ങളുടെ ആരാധനയിൽ ഏകീകൃതരായിരിക്കുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കാൻ കഴിയും. അവർ തങ്ങളുടെ സ്വന്തം സാഹചര്യങ്ങൾക്കു ദൈവവചനം ബാധകമാക്കുമ്പോൾ അവരുടെ കുടുംബജീവിതം സന്തുഷ്ടമായിത്തീരുന്നു.—ആവർത്തനപുസ്തകം 11:18-21.
13. (എ) കുടുംബ കാര്യങ്ങൾ സംബന്ധിച്ചു നമുക്കു ചോദ്യങ്ങൾ ഉണ്ടെങ്കിൽ ആവശ്യമായ സഹായം നമുക്കു മിക്കപ്പോഴും എവിടെ കണ്ടെത്താനാകും? (ബി) നാം എടുക്കുന്ന എല്ലാ തീരുമാനങ്ങളിലും എന്തു പ്രതിഫലിക്കേണ്ടതുണ്ട്?
13 കുടുംബ കാര്യങ്ങൾ സംബന്ധിച്ചു നിങ്ങൾക്കു ചോദ്യങ്ങൾ ഉണ്ടായിരിക്കാം. ദൃഷ്ടാന്തത്തിന്, ജനന നിയന്ത്രണം സംബന്ധിച്ചെന്ത്? ഗർഭച്ഛിദ്രം എപ്പോഴെങ്കിലും ന്യായീകരിക്കപ്പെടുന്നുവോ? ഒരു കുട്ടി ആത്മീയ കാര്യങ്ങളിൽ താത്പര്യം കാണിക്കുന്നില്ലെങ്കിൽ കുടുംബാരാധനയിൽ പങ്കെടുക്കാൻ അവനോട് എത്രത്തോളം ആവശ്യപ്പെടണം? അത്തരം അനേകം ചോദ്യങ്ങൾ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിട്ടുള്ള സാഹിത്യങ്ങളിൽ ചർച്ച ചെയ്തിട്ടുണ്ട്. ഉത്തരങ്ങൾ കണ്ടുപിടിക്കാൻ സൂചികകൾ ഉൾപ്പെടെയുള്ള ബൈബിൾപഠന സഹായികൾ ഉപയോഗിക്കാൻ പഠിക്കുക. ഒരു സൂചികയിൽ പരാമർശിച്ചിരിക്കുന്ന പ്രസിദ്ധീകരണങ്ങൾ കൈവശം ഇല്ലെങ്കിൽ സ്ഥലത്തെ രാജ്യഹാളിലുള്ള ലൈബ്രറിയിൽ പരിശോധിക്കുക. അല്ലെങ്കിൽ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഈ പ്രസിദ്ധീകരണങ്ങൾ ലഭ്യമായിരിക്കാം. പക്വതയുള്ള ക്രിസ്തീയ സ്ത്രീപുരുഷന്മാരുമായി നിങ്ങളുടെ ചോദ്യങ്ങളെ കുറിച്ചു ചർച്ച ചെയ്യാവുന്നതാണ്. എന്നാൽ എല്ലാ ചോദ്യങ്ങൾക്കും ആകാം എന്നോ അരുത് എന്നോ ഉള്ള ഉത്തരം എപ്പോഴും പ്രതീക്ഷിക്കാൻ കഴിയില്ല. മിക്കപ്പോഴും വ്യക്തിപരമായോ ദമ്പതികൾ എന്ന നിലയിലോ നിങ്ങൾതന്നെ തീരുമാനം എടുക്കേണ്ടിയിരിക്കുന്നു. അപ്പോൾ, പരസ്യമായി മാത്രമല്ല, ഭവനത്തിലും നിങ്ങൾ ദൈവഭക്തി ശീലിക്കുന്നു എന്നു പ്രകടമാക്കുന്ന തീരുമാനങ്ങൾ എടുക്കുക.—റോമർ 14:19; എഫെസ്യർ 5:9.
പുനരവലോകന ചർച്ച
• ഒരുവന്റെ വിവാഹ ഇണയോടു വിശ്വസ്തനായിരിക്കുന്നതിൽ യഹോവയോടുള്ള വിശ്വസ്തത ഉൾപ്പെട്ടിരിക്കുന്നത് എങ്ങനെ?
• കുടുംബ പ്രശ്നങ്ങൾ നിമിത്തം സമ്മർദത്തിൽ ആയിരിക്കുമ്പോൾ, ദൈവത്തിനു പ്രസാദകരമായതു ചെയ്യാൻ നമ്മെ എന്തു സഹായിക്കും?
• കുടുംബത്തിൽ മറ്റുള്ളവർക്കു വീഴ്ച ഭവിച്ചാലും, സാഹചര്യം മെച്ചപ്പെടുത്താൻ നമുക്ക് എന്തു ചെയ്യാനാകും?
[155-ാം പേജിലെ ചിത്രം]
ഒരു ഭർത്താവിന്റെ ശിരഃസ്ഥാനം യേശുവിന്റെ ഗുണങ്ങളെ പ്രതിഫലിപ്പിക്കേണ്ടതുണ്ട്
[157-ാം പേജിലെ ചിത്രം]
പതിവായ ബൈബിൾ അധ്യയനം ഉണ്ടായിരിക്കുന്നതു കുടുംബത്തെ ഏകീഭവിപ്പിക്കാൻ സഹായിക്കുന്നു