ട്യൂറിൻ കച്ച—യേശുവിന്റെ ശവസംസ്കാര കച്ചയോ?
ഇറ്റലിയിലെ ഉണരുക! ലേഖകൻ
നസറെത്തിലെ യേശുവിന്റെ മൃതദേഹം പൊതിഞ്ഞതെന്നു പറയപ്പെടുന്ന കച്ച അഥവാ തുണി, 1998 ഏപ്രിൽ 18 മുതൽ ജൂൺ 14 വരെ ഇറ്റലിയിലെ ട്യൂറിനിലുള്ള സാൻ ജോവാനീ ബാറ്റിസ്റ്റയിലെ കത്തീഡ്രലിൽ പ്രദർശിപ്പിച്ചിരുന്നു. വായു കടക്കാത്തതും വെടിയുണ്ട ഏൽക്കാത്തതുമായ ചില്ലു കൂട്ടിൽ ഒരു നിഷ്ക്രിയ വാതകം നിറച്ച് അതിലായിരുന്നു കച്ച സൂക്ഷിച്ചിരുന്നത്. അതിലെ അന്തരീക്ഷസ്ഥിതി സ്ഥിരമാക്കി നിർത്തിയിരുന്നു.
വ്യത്യസ്ത ഉയരത്തിലുള്ള മൂന്നു പാതകളിലൂടെ നടന്നുനീങ്ങവേ, നന്നായി സൂക്ഷിച്ചിരിക്കുന്ന ഈ കച്ച സന്ദർശകർക്കു വ്യക്തമായി ദർശിക്കാമായിരുന്നു. മുൻകൂർ ബുക്കു ചെയ്തുള്ള ഈ സന്ദർശനം രണ്ടു മിനിറ്റു നേരത്തേക്കായി പരിമിതപ്പെടുത്തിയിരുന്നു. സമ്മിശ്ര വികാരങ്ങൾ മുറ്റിനിന്ന അന്തരീക്ഷം—ചിലർ ഹർഷോന്മാദത്തിൽ ആയിരുന്നു, ധ്യാന നിമഗ്നർ ആയിരുന്ന ചിലരുടെ മിഴികൾ ഈറനണിഞ്ഞു, മറ്റു ചിലരാണെങ്കിൽ കേവലമൊരു കൗതുക വസ്തു ആയിട്ടാണ് അതിനെ വീക്ഷിച്ചത്. റിപ്പോർട്ടു ചെയ്യപ്പെട്ടത് അനുസരിച്ച് ഏതാണ്ട് 25 ലക്ഷം പേർ സന്ദർശനത്തിന് എത്തി.
“നിങ്ങളെ സംബന്ധിച്ചിടത്തോളം ഈ കച്ചയ്ക്ക് എന്തു പ്രാധാന്യമാണ് ഉള്ളത്?” എന്നതായിരുന്നു മിക്കപ്പോഴും ഉയർന്നു കേട്ട ചോദ്യം. മത ചർച്ചകൾ ഇഷ്ടപ്പെടുന്നവർക്ക്, ഈ വിഷയം അടുത്ത് അപഗ്രഥിക്കുന്നതിനും യേശുവിന്റെ ശവസംസ്കാരവുമായി ബന്ധപ്പെട്ട ബൈബിൾ വിവരണങ്ങൾ വീണ്ടും വായിക്കുന്നതിനും ഉള്ള ഒരു അവസരം അതു പ്രദാനം ചെയ്തു.—അടുത്ത പേജിലെ ചതുരം കാണുക.
14 അടി 3 ഇഞ്ചു നീളവും 3 അടി 7 ഇഞ്ചു വീതിയുമുള്ള ഒരു തുണിയാണ് ഈ കച്ച. മൃഗീയ മരണത്തിന് ഇരയായെന്ന് അനുമാനിക്കപ്പെടുന്ന ഒരു മനുഷ്യന്റെ ശരീരത്തിന്റെ മുൻ-പിൻ ഭാഗങ്ങളുടെ പ്രതിരൂപങ്ങൾ അതിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ ചോദ്യം ഇതാണ്, 19-ലധികം നൂറ്റാണ്ടുകൾക്കു മുമ്പു യേശുവിന്റെ ശരീരം പൊതിയാൻ ഉപയോഗിച്ച തുണി തന്നെയാണോ ട്യൂറിനിലെ ഈ കച്ച?
ചരിത്രപ്രസിദ്ധമായ കണ്ടുപിടിത്തങ്ങൾ
“ഇത്തരം ഒരു കച്ച ഉണ്ടായിരുന്നതായി ക്രിസ്തീയ യുഗത്തിന്റെ ആദ്യ നൂറ്റാണ്ടുകളിൽ യാതൊരു രേഖയുമില്ല” എന്ന് ന്യൂ കാത്തലിക് എൻസൈക്ലോപീഡിയ പ്രസ്താവിക്കുന്നു. മാനുഷ നിർമിതി അല്ലെന്നു വിശ്വസിക്കപ്പെട്ടിരുന്ന ഒരു കച്ച, പൊ.യു. 544-ൽ ആധുനിക തുർക്കിയുടെ ഭാഗമായ ഇഡിസയിൽ വെളിച്ചത്തുവന്നു. ആ കച്ചയിൽ യേശുവിന്റെ മുഖം ചിത്രീകരിക്കപ്പെട്ടിരിക്കുന്നതായി പറയപ്പെട്ടു. പൊ.യു. 944-ൽ, ആ തുണി കോൺസ്റ്റാന്റിനോപ്പിളിൽ ആയിരുന്നുവെന്നു പറയുകയുണ്ടായി. എന്നാൽ, ആ തുണി തന്നെയാണു ട്യൂറിനിലെ കച്ച എന്നതിനോടു മിക്ക ചരിത്രകാരന്മാർക്കും യോജിപ്പില്ല.
14-ാം നൂറ്റാണ്ടിൽ ഫ്രാൻസിലെ ഷോഫ്രേ ദി ഷാർനേയുടെ കൈവശം ഒരു കച്ച ഉണ്ടായിരുന്നു. 1453-ൽ അത് സാവോയിയിലെ പ്രഭുവായ ല്വീയുടെ കൈവശം ആയിത്തീർന്നു. അദ്ദേഹം അത് സാവോയിയാർഡിന്റെ തലസ്ഥാന നഗരിയായ ഷാൻബറിയിലെ ഒരു പള്ളിക്കു കൈമാറി. അവിടെനിന്ന് 1578-ൽ അമാൻവേൽ ഫീലീബെർ അതു ട്യൂറിനിലേക്കു കൊണ്ടുവന്നു.
വ്യത്യസ്ത അഭിപ്രായങ്ങൾ
1988-ൽ, അന്നത്തെ ആർച്ച് ബിഷപ്പായിരുന്ന അനസ്റ്റേഷ്യോ ബാലെസ്ട്രെറോ, ട്യൂറിനിലെ കച്ചയുടെ പ്രായം തിട്ടപ്പെടുത്താനായി റേഡിയോ കാർബൺ കാലനിർണയ രീതിക്കു വിധേയമാക്കി. സ്വിറ്റ്സർലൻഡ്, ഇംഗ്ലണ്ട്, ഐക്യനാടുകൾ എന്നിവിടങ്ങളിലെ മൂന്നു പ്രസിദ്ധ പരീക്ഷണശാലകളിൽ വെച്ചു നടത്തിയ പരിശോധനകൾ, അതു മധ്യകാലഘട്ടത്തിൽ, അതായത് ക്രിസ്തുവിന്റെ മരണശേഷം ദീർഘ കാലം കഴിഞ്ഞു നിർമിക്കപ്പെട്ടതായിരിക്കും എന്നു വെളിപ്പെടുത്തി. ബാലെസ്ട്രെറോ അത് അംഗീകരിക്കുകയും ചെയ്തു. എന്നാൽ ഒരു ഔദ്യോഗിക പ്രസ്താവനയിൽ അദ്ദേഹം പിൻവരുന്നപ്രകാരം പറഞ്ഞു: “ഇവയുടെ മൂല്യനിർണയം ശാസ്ത്രത്തെ ഭരമേൽപ്പിക്കുകവഴി, സഭ ക്രിസ്തുവിന്റെ ഈ പൂജ്യബിംബത്തോടുള്ള ഭക്ത്യാദരവ് അരക്കിട്ടുറപ്പിക്കുന്നു. വിശ്വസ്തരെ സംബന്ധിച്ചിടത്തോളം അതിപ്പോഴും ഒരു ആരാധനാ വസ്തുവായി നിലകൊള്ളുന്നു.”
ഇപ്പോഴത്തെ ആർച്ച് ബിഷപ്പായ ജോവാനീ സാൽഡരേനീ പ്രഖ്യാപിച്ചു: “ക്രൂശിൽനിന്നു തഴെയിറക്കിയ ക്രിസ്തുവിന്റെ പ്രതിരൂപമാണ് ഇതിലുള്ളത് എന്നു നമുക്കു പറയാനാകില്ല.” എന്നാൽ, അതേസമയം അദ്ദേഹം ഇങ്ങനെ തറപ്പിച്ചു പറഞ്ഞു: “സുവിശേഷകർ വർണിച്ച വ്യക്തിയുടെ പ്രതിച്ഛായ ഒരു വിശ്വാസിക്ക് ആ പ്രതിരൂപത്തിൽ കാണാനാകും എന്നതിൽ യാതൊരു സംശയവുമില്ല.” 1998 മേയ് 24-നു കച്ചയുടെ പ്രദർശനം നടക്കവേ, ജോൺ പോൾ രണ്ടാമൻ പാപ്പാ അതിനെ “ക്രൂശിതന്റെ പീഡിത ദേഹത്തിന്റെ പ്രതിരൂപം” എന്നു വിളിച്ചു.
ട്യൂറിനിലെ കച്ച യേശുവിന്റെ ശവസംസ്കാര കച്ചയാണ് എന്നതിനെ തെളിവുകൾ നിരാകരിക്കുന്നതു മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ അതു യഥാർഥത്തിൽ യേശുവിന്റെ ശവസംസ്കാര കച്ച ആണെങ്കിൽ തന്നെയും ബൈബിളിന്റെ പഠിപ്പിക്കലുകൾ അനുസരിക്കാൻ ആഗ്രഹിക്കുന്ന ഒരുവനെ സംബന്ധിച്ചിടത്തോളം അതിനെ പൂജിക്കുന്നത് ഉചിതമായിരിക്കുമോ?
ബൈബിളിന്റെ ഒരു റോമൻ കത്തോലിക്കാ പരിഭാഷയിൽ പത്തു കൽപ്പനകളിൽ രണ്ടാമത്തെ കൽപ്പന ഇങ്ങനെ പറയുന്നു: “മുകളിൽ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിർമ്മിക്കരുത്; അവയ്ക്കു മുമ്പിൽ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്.” (പുറപ്പാട് 20:4, 5, പി.ഒ.സി ബൈബിൾ) സത്യ ക്രിസ്ത്യാനികൾ വാസ്തവത്തിൽ അപ്പൊസ്തലനായ പൗലൊസിന്റെ പിൻവരുന്ന വാക്കുകൾ ചെവിക്കൊള്ളുന്നു: “കാഴ്ചയാൽ അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നത്.”—2 കൊരിന്ത്യർ 5:7; 1 യോഹന്നാൻ 5:21.
[24-ാം പേജിലെ ചതുരം]
കച്ചയും സുവിശേഷ വിവരണങ്ങളും
അരിമഥ്യക്കാരനായ യോസേഫ് യേശുവിന്റെ മൃതശരീരം സ്തംഭത്തിൽനിന്ന് ഇറക്കി “നിർമ്മലശീലയിൽ” പൊതിഞ്ഞെന്നു സുവിശേഷ എഴുത്തുകാർ പ്രസ്താവിക്കുന്നു. (മത്തായി 27:57-61; മർക്കൊസ് 15:42-47; ലൂക്കൊസ് 23:50-56) അപ്പൊസ്തലനായ യോഹന്നാൻ കൂട്ടിച്ചേർക്കുന്നു: “നിക്കൊദേമൊസും ഏകദേശം നൂറുറാത്തൽ മൂറും അകിലും കൊണ്ടുള്ള ഒരു കൂട്ടു കൊണ്ടുവന്നു. അവർ യേശുവിന്റെ ശരീരം എടുത്തു യെഹൂദൻമാർ ശവം അടക്കുന്ന മര്യാദപ്രകാരം അതിനെ സുഗന്ധവർഗ്ഗത്തോടുകൂടെ ശീല പൊതിഞ്ഞു കെട്ടി.”—യോഹന്നാൻ 19:39-42.
യഹൂദന്മാർ തങ്ങളുടെ ആചാരപ്രകാരം മൃതദേഹത്തെ കുളിപ്പിക്കുകയും തൈലവും സുഗന്ധവർഗങ്ങളും പുരട്ടുകയും ചെയ്തിരുന്നു. (മത്തായി 26:12; പ്രവൃത്തികൾ 9:37) ശബത്തിന്റെ പിറ്റേ ദിവസം രാവിലെ, കല്ലറയിൽ വെച്ചിരുന്ന യേശുവിന്റെ ശരീരത്തിന്റെ അവസാന ഒരുക്കങ്ങൾ നടത്താനായി അവന്റെ സുഹൃത്തുക്കളായിരുന്ന ചില സ്ത്രീകൾ അവിടെ എത്തി. എന്നാൽ “അവനെ പൂശേണ്ടതിന്നു സുഗന്ധവർഗ്ഗ”വുമായി അവർ അവിടെ എത്തിയപ്പോൾ യേശുവിന്റെ ശരീരം കല്ലറയിൽ ഉണ്ടായിരുന്നില്ല!—മർക്കൊസ് 16:1-6; ലൂക്കൊസ് 24:1-3.
അവരുടെ പിന്നാലെ വന്ന പത്രൊസ് കല്ലറയിൽ പ്രവേശിച്ചപ്പോൾ എന്താണു കണ്ടത്? ദൃക്സാക്ഷിയായ യോഹന്നാൻ റിപ്പോർട്ടു ചെയ്യുന്നു: “ശീലകൾ കിടക്കുന്നതും അവന്റെ തലയിൽ ചുററിയിരുന്ന റൂമാൽ ശീലകളോടുകൂടെ കിടക്കാതെ വേറിട്ടു ഒരിടത്തു ചുരുട്ടി വെച്ചിരിക്കുന്നതും കണ്ടു.” (യോഹന്നാൻ 20:6, 7) നിർമലശീലയെ കുറിച്ച് ഇവിടെ യാതൊരു പരാമർശവും ഇല്ല എന്നതു ശ്രദ്ധിക്കുക—ശീലകളെ കുറിച്ചും തലയിൽ ചുറ്റിയിരുന്ന തുണിയെ കുറിച്ചും മാത്രമേ പരാമർശിക്കുന്നുള്ളു. ശീലകളെയും റൂമാലിനെയും കുറിച്ച് യോഹന്നാൻ എഴുതുന്നതുകൊണ്ട്, നിർമലശീല അഥവാ കച്ച അവിടെ ഉണ്ടായിരുന്നെങ്കിൽ അവൻ അതും പരാമർശിക്കുമായിരുന്നു എന്നതു ന്യായയുക്തമായി തോന്നുന്നില്ലേ?
കൂടാതെ ഇതും പരിചിന്തിക്കുക: യേശുവിന്റെ ശവസംസ്കാര കച്ചയിൽ അവന്റെ പ്രതിരൂപം പതിഞ്ഞിരുന്നെങ്കിൽ, അതു മറ്റുള്ളവരുടെ ദൃഷ്ടിയിൽ പെടുകയും ഒരു ചർച്ചാ വിഷയം ആകുകയും ചെയ്യുമായിരുന്നു എന്നു തോന്നുന്നില്ലേ? എന്നാൽ, സുവിശേഷങ്ങളിൽ അല്ലാതെ ബൈബിളിൽ മറ്റൊരിടത്തും യേശുവിന്റെ ശവസംസ്കാര കച്ചയെ കുറിച്ച് പറയുന്നില്ല.
മൂന്നും നാലും നൂറ്റാണ്ടുകളിലെ, ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെട്ട എഴുത്തുകാർ പോലും യേശുവിന്റെ പ്രതിരൂപം പതിഞ്ഞ ഒരു തുണി നിലവിലുള്ളതായി സൂചിപ്പിച്ചിട്ടില്ല. എന്നാൽ മറ്റു നിരവധി സ്മാരകാവശിഷ്ടങ്ങളുമായി ബന്ധപ്പെട്ടു സംഭവിച്ച, അത്ഭുതങ്ങൾ എന്നു പറയപ്പെടുന്ന ധാരാളം സംഭവങ്ങളെ കുറിച്ച് അവർ വളരെയധികം എഴുതിയിട്ടുമുണ്ട്. അതുകൊണ്ട്, ഇത് ഉൾക്കൊള്ളുക ബുദ്ധിമുട്ടാണ്, കാരണം ജെസ്യൂട്ട് പണ്ഡിതനായ ഹെർബെർട്ട് തുർസ്റ്റൺ പറയുന്നത് അനുസരിച്ച്, 15-ഉം 16-ഉം നൂറ്റാണ്ടുകളിലെ നിരീക്ഷകർ “കച്ചയിലെ പ്രതിരൂപങ്ങളെ സമസ്ത വിശദാംശങ്ങളോടും വർണങ്ങളോടും കൂടെ വിശദീകരിക്കുന്നുണ്ട്. അതു സൂചിപ്പിക്കുന്നത് ആ പ്രതിരൂപങ്ങൾ ഉണ്ടാക്കപ്പെട്ടിട്ട് അധികം നാൾ ആയിരിക്കാൻ ഇടയില്ല എന്നാണ്.”
[23-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
David Lees/©Corbis