യേശു പഠിപ്പിച്ചതുപോലെ നിങ്ങൾ പഠിപ്പിക്കുന്നുണ്ടോ?
“പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു; അവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല, അധികാരമുള്ളവനായിട്ടത്രേ അവൻ അവരോടു ഉപദേശിച്ചതു.”—മത്തായി 7:28, 29.
1. യേശു ഗലീലയിൽ പഠിപ്പിച്ചപ്പോൾ അവനെ ആർ അനുഗമിച്ചു, യേശുവിന്റെ പ്രതികരണമെന്തായിരുന്നു?
യേശു എവിടെയെല്ലാം പോയോ അവിടെയെല്ലാം പുരുഷാരം അവന്റെയടുക്കൽ തടിച്ചുകൂടി. “യേശു ഗലീലയിൽ ഒക്കെയും ചുററി സഞ്ചരിച്ചുകൊണ്ടു അവരുടെ പള്ളികളിൽ ഉപദേശിക്കയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും ജനത്തിലുള്ള സകലദീനത്തെയും വ്യാധിയെയും സൌഖ്യമാക്കുകയും ചെയ്തു.” അവന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് വ്യാപിച്ചതോടെ “ഗലീല, ദെക്കപ്പൊലി, യെരൂശലേം, യെഹൂദ്യ, യോർദ്ദന്നക്കരെ എന്നീ ഇടങ്ങളിൽനിന്നു വളരെ പുരുഷാരം അവനെ പിന്തുടർന്നു.” (മത്തായി 4:23, 25) “ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി” അവൻ അവരെ “കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു.” അവൻ പഠിപ്പിച്ചുകൊണ്ടിരുന്ന സമയത്ത്, അവരോടുള്ള അവന്റെ ദയാവായ്പ് അഥവാ ആർദ്രപ്രിയം അവർക്ക് അനുഭവിച്ചറിയാൻ കഴിഞ്ഞു. അത് അവരുടെ മുറിവുകൾക്ക് ആശ്വാസമേകുന്ന ഒരു ലേപനംപോലെയായി. ഫലമോ, അവർ അവനിൽ ആകൃഷ്ടരായി.—മത്തായി 9:35, 36.
2. യേശുവിന്റെ അത്ഭുതങ്ങൾക്കുപുറമേ വൻ പുരുഷാരത്തെ അവനിലേക്ക് ആകർഷിച്ചതെന്തായിരുന്നു?
2 എന്തൊരത്ഭുതകരമായ ശാരീരിക സുഖപ്പെടുത്തലുകളാണ് യേശു നിർവഹിച്ചത്—കുഷ്ഠരോഗികളെ സുഖപ്പെടുത്തി, ബധിരർക്കു കേൾവിയും അന്ധർക്കു കാഴ്ചയും കൊടുത്തു, മുടന്തരെ നടക്കുമാറാക്കി, മരിച്ചുപോയവരെ ജീവനിലേക്കു തിരികെ കൊണ്ടുവന്നു! യേശുവിലൂടെ പ്രവർത്തിക്കുന്ന യഹോവയുടെ ശക്തിയുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങൾ തീർച്ചയായും വലിയ പുരുഷാരത്തെ അവനിലേക്ക് ആകർഷിക്കും! എന്നാൽ അവരെ ആകർഷിച്ചത് അത്ഭുതങ്ങൾ മാത്രമായിരുന്നില്ല. പഠിപ്പിക്കുന്ന സമയത്ത് അവൻ പ്രദാനം ചെയ്ത ആത്മീയ സൗഖ്യത്തിനുവേണ്ടിയും അവർ വന്നു. ഉദാഹരണത്തിന്, അവന്റെ പ്രശസ്തമായ ഗിരിപ്രഭാഷണത്തിനുശേഷമുള്ള അവരുടെ പ്രതികരണം ശ്രദ്ധിക്കുക: “ഈ വചനങ്ങളെ യേശു പറഞ്ഞുതീർന്നപ്പോൾ പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു; അവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല, അധികാരമുള്ളവനായിട്ടത്രേ അവൻ അവരോടു ഉപദേശിച്ചതു.” (മത്തായി 7:28, 29) അവരുടെ റബ്ബിമാർ പ്രാമാണികതക്കുവേണ്ടി തങ്ങളുടെ മുൻകാല റബ്ബിമാരുടെ അലിഖിത പാരമ്പര്യങ്ങളിൽനിന്നാണ് ഉദ്ധരിച്ചത്. എന്നാൽ യേശു ദൈവത്തിൽനിന്നുള്ള അധികാരത്താലാണു പഠിപ്പിച്ചത്: “ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.”—യോഹന്നാൻ 12:50.
അവന്റെ പഠിപ്പിക്കൽ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്നു
3. യേശു സന്ദേശം അവതരിപ്പിച്ച വിധം ശാസ്ത്രിമാർ, പരീശൻമാർ എന്നിവരുടേതിൽനിന്നു വ്യത്യസ്തമായിരുന്നതെങ്ങനെ?
3 ശാസ്ത്രിമാർ, പരീശൻമാർ എന്നിവരുടേതിൽനിന്നു വ്യത്യസ്തമായിരുന്നു യേശുവിന്റെ പഠിപ്പിക്കൽ. മനുഷ്യരുടെ ഭാരമേറിയ അലിഖിത പാരമ്പര്യങ്ങൾക്കു നേർവിപരീതമായ, ദൈവത്തിൽനിന്നുള്ള സത്യം എന്ന ഉള്ളടക്കത്തിൽ മാത്രമായിരുന്നില്ല, അത് അവരെ പഠിപ്പിച്ച വിധത്തിലും വ്യത്യസ്തതയുണ്ടായിരുന്നു. ശാസ്ത്രിമാരെയും പരീശൻമാരെയും സംബന്ധിച്ചു പറയുകയാണെങ്കിൽ, അവർ ദുരഭിമാനികളും നിഷ്ഠൂരരും ഗർവോടെ ഉന്നതസ്ഥാനപ്പേരുകൾ ആവശ്യപ്പെടുന്നവരും “ശപിക്കപ്പെട്ടവ”രെന്ന നിലയിൽ ആളുകളോടു പുച്ഛത്തോടെ ഇടപെടുന്നവരുമായിരുന്നു. എന്നാൽ യേശുവാകട്ടെ, ശാന്തനും സൗമ്യനും ദയാലുവും സഹതാപമുള്ളവനും പലപ്പോഴും അനുരൂപപ്പെടുന്നവനുമായിരുന്നു. അവർക്കുവേണ്ടി അവന്റെ മനസ്സലിഞ്ഞു. യേശു ശരിയായ വാക്കുകൾകൊണ്ടു മാത്രമല്ല, ഹൃദയത്തിൽനിന്നുള്ള ലാവണ്യ വാക്കുകൾകൊണ്ടുകൂടിയാണു പഠിപ്പിച്ചത്. അതു ശ്രോതാക്കളുടെ ഹൃദയങ്ങളിൽ നേരിട്ടു പതിഞ്ഞു. അവന്റെ സന്തുഷ്ടമായ സന്ദേശം ആളുകളെ അവനിലേക്ക് ആകർഷിച്ചു. അതിരാവിലെ അവനെ ശ്രവിക്കുന്നതിനുവേണ്ടി ആലയത്തിലെത്തിച്ചേരാൻ അത് അവരെ പ്രചോദിപ്പിച്ചു. അവർ അവനെ വിടാതെ പിന്തുടരുകയും ആഹ്ലാദത്തോടെ ശ്രദ്ധിക്കുകയും ചെയ്തു. അവനെ ശ്രദ്ധിക്കാൻ വലിയ കൂട്ടങ്ങളായി എത്തിയ അവർ ഇങ്ങനെ പ്രഖ്യാപിച്ചു: “ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല.”—യോഹന്നാൻ 7:46-49; മർക്കൊസ് 12:37; ലൂക്കൊസ് 4:22; 19:48; 21:38.
4. യേശുവിന്റെ പ്രസംഗത്തിൽ വിശേഷിച്ചും എന്താണ് അനേകരെ ആകർഷിച്ചത്?
4 ആളുകൾ അവന്റെ പഠിപ്പിക്കലിൽ ആകൃഷ്ടരായതിന്റെ ഒരു കാരണം അവൻ ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചതായിരുന്നു. മററുള്ളവർ കണ്ടിരുന്ന സംഗതികൾതന്നെയായിരുന്നു യേശുവും കണ്ടത്. എന്നാൽ അവർ ചിന്തിക്കാതിരുന്ന വിധത്തിലായിരുന്നു അവൻ അവയെക്കുറിച്ചു ചിന്തിച്ചത്. വയലിൽ വളരുന്ന താമരകൾ, കൂടുകൂട്ടുന്ന പക്ഷികൾ, വിത്തു വിതയ്ക്കുന്ന മനുഷ്യർ, കാണാതെപോയ ആടുകളെ കൊണ്ടുവരുന്ന ആട്ടിടയൻമാർ, പഴയ തുണിക്കഷണങ്ങൾ തുന്നിപ്പിടിപ്പിക്കുന്ന സ്ത്രീകൾ, ചന്തസ്ഥലങ്ങളിൽ കളിക്കുന്ന കുട്ടികൾ, വലയെറിയുന്ന മീൻപിടുത്തക്കാർ. സകലരും കണ്ടിരുന്ന സർവസാധാരണ സംഗതികളായിരുന്നു ഇവയൊക്കെ. എന്നാൽ യേശുവിന്റെ ദൃഷ്ടിയിൽ അവ ഒരിക്കലും സാധാരണമായിരുന്നില്ല. ദൈവത്തെയും അവന്റെ രാജ്യത്തെയും ചിത്രീകരിക്കാൻ അല്ലെങ്കിൽ തനിക്കു ചുററുമുള്ള മനുഷ്യസമുദായത്തെക്കുറിച്ച് ഒരു ആശയം ധ്വനിപ്പിക്കാൻ അവന് ഉപയോഗിക്കാവുന്ന സംഗതികളാണു നോക്കിയിടത്തെല്ലാം അവൻ കണ്ടത്.
5. യേശു തന്റെ ദൃഷ്ടാന്തങ്ങൾ അടിസ്ഥാനപ്പെടുത്തിയത് എന്തിലായിരുന്നു, അവന്റെ ഉപമകളെ ഫലപ്രദമാക്കിയതെന്തായിരുന്നു?
5 ആളുകൾ അനുദിന ജീവിതത്തിൽ പല പ്രാവശ്യം കണ്ടിട്ടുള്ള സംഗതികളിൽ അടിസ്ഥാനപ്പെട്ടുള്ളതായിരുന്നു യേശുവിന്റെ ദൃഷ്ടാന്തങ്ങൾ. ഈ പരിചിത സംഗതികളുമായി സത്യത്തെ കോർത്തിണക്കിയപ്പോൾ അവ ശീഘ്രം, ആഴത്തിൽ ശ്രോതാക്കളുടെ മനസ്സിൽ പതിഞ്ഞു. അത്തരം സത്യം കേവലം കേൾക്കുക മാത്രമല്ല, മനക്കണ്ണാൽ കാണുകയും പിന്നീട് എളുപ്പം ഓർക്കുകയും ചെയ്യുന്നു. യേശുവിന്റെ ഉപമകളുടെ സവിശേഷതയായിരുന്നു ലാളിത്യം. സത്യം ഗ്രഹിക്കുന്നത് ആയാസകരമാക്കിയേക്കാവുന്ന അനാവശ്യ വസ്തുതകൾ കുത്തിനിറച്ചതായിരുന്നില്ല അവ. ഉദാഹരണത്തിന്, സൗഹാർദമായി പെരുമാറിയ ശമര്യക്കാരന്റെ ഉപമ പരിചിന്തിക്കുക. നല്ല അയൽക്കാരൻ ആരാണെന്നതിന്റെ ഒരു ജീവസ്സുററ ചിത്രം നിങ്ങൾ കാണുന്നു. (ലൂക്കൊസ് 10:29-37) ഇനി മറെറാരു ഉപമ. അതിൽ ഒരു മകൻ താൻ മുന്തിരിത്തോട്ടത്തിൽ പോയി വേല ചെയ്യാമെന്നു പറഞ്ഞെങ്കിലും പോയില്ല, എന്നാൽ പോകില്ലെന്നു പറഞ്ഞ മറെറാരു മകൻ പോയി. യഥാർഥ അനുസരണത്തിന്റെ അന്തസ്സത്ത എന്തെന്നു നിങ്ങൾക്ക് ഉടനടി പിടികിട്ടുന്നു—നിയമിച്ചുതന്ന ജോലി ചെയ്യുക. (മത്തായി 21:28-31) യേശുവിന്റെ ചൈതന്യം തുടിക്കുന്ന പഠിപ്പിക്കലിനിടയിൽ ആരും ഉറക്കം തൂങ്ങിയില്ല, അല്ലെങ്കിൽ ആരുടെയും മനസ്സ് അലഞ്ഞുതിരിഞ്ഞില്ല. അവർ അങ്ങേയററം ആകാംക്ഷാപൂർവം ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും ചെയ്തുപോന്നു.
സ്നേഹം നിർബന്ധിച്ചപ്പോൾ യേശു വഴങ്ങി
6. ന്യായയുക്തരായിരിക്കുന്നത് അഥവാ വഴക്കമുള്ളവരായിരിക്കുന്നത് വിശേഷാൽ സഹായകമായിരിക്കുന്നത് എപ്പോൾ?
6 ന്യായയുക്തരായിരിക്കുന്നതിനെക്കുറിച്ചു ബൈബിൾ സംസാരിക്കുന്ന പല സന്ദർഭങ്ങളിലും അതിന്റെ അർഥം വഴക്കമുള്ളവരായിരിക്കുക എന്നതാണെന്ന് അടിക്കുറിപ്പു കാണിക്കാറുണ്ട്. പ്രവൃത്തിയുടെ ഗൗരവം കുറയ്ക്കുന്ന പ്രത്യേക സാഹചര്യങ്ങളുണ്ടാകാം. അത്തരം സന്ദർഭങ്ങളിൽ ദൈവത്തിൽനിന്നുള്ള ജ്ഞാനം വഴക്കം കാട്ടും. നാം എല്ലായ്പോഴും ന്യായയുക്തരായിരിക്കേണ്ടവരാണ്, അഥവാ വഴക്കമുള്ളവരായിരിക്കേണ്ടവരാണ്. സ്നേഹം നിർബന്ധിക്കുമ്പോൾ, വാസ്തവത്തിലുള്ള അനുതാപമുണ്ടായിരിക്കുമ്പോൾ, മൂപ്പൻമാർ വഴക്കമുള്ളവരായിരിക്കാൻ മനസ്സൊരുക്കം കാണിക്കണം. (1 തിമൊഥെയൊസ് 3:3; യാക്കോബ് 3:17) വഴക്കം കാട്ടുന്നതിന്റെ അതിശ്രേഷ്ഠമായ മാതൃകയാണ് യേശു വെച്ചിരിക്കുന്നത്. അതായത്, കരുണയോ അനുകമ്പയോ ആവശ്യമായിവന്നപ്പോൾ അവൻ പൊതുവായ നിയമങ്ങളിൽ അയവു വരുത്തി.
7. യേശു വഴക്കമുള്ളവനായിരുന്നു എന്നതിന്റെ ചില ദൃഷ്ടാന്തങ്ങൾ ഏതെല്ലാം?
7 യേശു ഒരിക്കൽ പറഞ്ഞു: “മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെയോ എന്റെ പിതാവിൻമുമ്പിൽ ഞാനും തള്ളിപ്പറയും.” എന്നിട്ടോ, പത്രോസ് അവനെ മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞു. പക്ഷേ അവൻ പത്രോസിനെ തള്ളിക്കളഞ്ഞില്ല. കാരണം സംഗതിയുടെ ഗൗരവം കുറച്ച സാഹചര്യങ്ങളുണ്ടായിരുന്നു. വ്യക്തമായും, യേശു അതു കണക്കിലെടുത്തു. (മത്തായി 10:33; ലൂക്കൊസ് 22:54-62) രക്തസ്രാവത്താൽ അശുദ്ധയായ സ്ത്രീ മോശൈക ന്യായപ്രമാണം ലംഘിച്ച് പുരുഷാരത്തിനിടയിലേക്കു കടന്നുവന്നപ്പോഴും ആ പ്രവൃത്തിയുടെ ഗൗരവത്തെ കുറയ്ക്കുന്ന സാഹചര്യമുണ്ടായിരുന്നു. യേശു അവളെയും കുററം വിധിച്ചില്ല. ഗതിമുട്ടിയ അവളുടെ അവസ്ഥ അവൻ മനസ്സിലാക്കി. (മർക്കൊസ് 1:40-42; 5:25-34; ഇതുകൂടെ കാണുക: ലൂക്കൊസ് 5:12, 13.) താൻ മിശിഹായാണെന്നു മററുള്ളവരോടു വെളിപ്പെടുത്തരുതെന്നു യേശു തന്റെ അപ്പോസ്തലൻമാരോടു പറഞ്ഞിട്ടുണ്ടായിരുന്നു. എന്നിട്ടും, കിണററുകരയിൽവെച്ച് ഒരു ശമര്യക്കാരി സ്ത്രീയോടു താൻ മിശിഹായാണെന്നു സ്വയം വെളിപ്പെടുത്തിയപ്പോൾ അവൻ ആ നിയമത്തിൽ കടിച്ചുതൂങ്ങിയില്ല. (മത്തായി 16:20; യോഹന്നാൻ 4:25, 26) ഈ സംഭവങ്ങളിലെല്ലാം സ്നേഹം, കരുണ, അനുകമ്പ എന്നിവ വഴക്കം പ്രകടമാക്കുന്നത് ഉചിതമാക്കി.—യാക്കോബ് 2:13.
8. ശാസ്ത്രിമാരും പരീശൻമാരും നിയമങ്ങൾക്ക് അയവു വരുത്തിയത് എപ്പോൾ, അങ്ങനെ ചെയ്യാതിരുന്നത് എപ്പോൾ?
8 എന്നാൽ വഴക്കമില്ലാത്ത ശാസ്ത്രിമാരുടെയും പരീശൻമാരുടെയും കാര്യം വ്യത്യസ്തമായിരുന്നു. സ്വന്തം കാര്യം വരുമ്പോൾ ശബത്ത് പാരമ്പര്യമൊക്കെ ലംഘിച്ച അവർ സ്വന്തം കാളയെ വെള്ളം കുടിപ്പിക്കാൻ കൊണ്ടുപോകുമായിരുന്നു. അല്ലെങ്കിൽ, അവരുടെ കാളയോ പുത്രനോ കിണററിൽ വീണാൽ അവനെ പുറത്തെടുക്കാൻ അവർ ശബത്ത് ലംഘിക്കുമായിരുന്നു. എന്നാൽ സാധാരണ ജനത്തിനാണെങ്കിൽ അവർ തരിമ്പുപോലും വിട്ടുവീഴ്ച ചെയ്യുമായിരുന്നില്ല! “ഒരു വിരൽകൊണ്ടുപോലും അവയെ [നിബന്ധനകളെ] തൊടുവാൻ” അവർക്കു മനസ്സുണ്ടായിരുന്നില്ല. (മത്തായി 23:4; ലൂക്കൊസ് 14:5) യേശുവിനു മിക്ക നിയമത്തെക്കാളും വലിയതു ജനങ്ങളായിരുന്നു. എന്നാൽ പരീശൻമാർക്കാകട്ടെ, ആളുകളെക്കാൾ വലിയതു നിയമങ്ങളും.
“നിയമത്തിന്റെ പുത്ര”നായിത്തീരൽ
9, 10. യെരുശലേമിലേക്കു മടങ്ങിയശേഷം യേശുവിന്റെ മാതാപിതാക്കൾ അവനെ എവിടെയാണു കണ്ടെത്തിയത്, യേശുവിന്റെ ചോദ്യം ചെയ്യലിന്റെ അർഥമെന്തായിരുന്നു?
9 യേശുവിന്റെ ബാല്യകാല സംഭവങ്ങളിൽ ഒരെണ്ണം മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂവെന്നാണു ചിലരുടെ വിലാപം. എങ്കിലും ആ സംഭവത്തിന്റെ വൻ പ്രാധാന്യം മനസ്സിലാക്കാൻ അനേകരും പരാജയപ്പെടുകയാണ്. ലൂക്കൊസ് 2:46, 47-ൽ അതു നമുക്കായി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “മൂന്നു നാൾ കഴിഞ്ഞശേഷം അവൻ ദൈവാലയത്തിൽ ഉപദേഷ്ടാക്കൻമാരുടെ നടുവിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കയും അവരോടു ചോദിക്കയും ചെയ്യുന്നതും കണ്ടു. അവന്റെ വാക്കു കേട്ടവർക്കെല്ലാവർക്കും അവന്റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി.” ഒരു കുട്ടിയുടെ ജിജ്ഞാസയിൽനിന്നുള്ള “ചോദിക്ക”ലല്ല ഇവിടുത്തെ ഗ്രീക്കു പദം അർഥമാക്കുന്നത് എന്ന ആശയം കിററലിന്റെ തിയോളജിക്കൽ ഡിക്ഷണറി ഓഫ് ദ ന്യൂ ടെസ്ററമെൻറ് അവതരിപ്പിക്കുന്നു. നീതിന്യായപരമായ അപഗ്രഥനം, അന്വേഷണം, ക്രോസ്സ്വിസ്താരം എന്നിവയെയാണ് പ്രസ്തുത പദം പരാമർശിക്കുന്നത്. അതിൽ ചിലപ്പോൾ മർക്കൊസ് 10:2; 12:18-23 എന്നിവിടങ്ങളിൽ പരാമർശിച്ചിരിക്കുന്നതുപോലെയുള്ള “പരീശൻമാരുടെയും സദൂക്യരുടെയും ചുഴിഞ്ഞിറങ്ങുന്ന, കൗശലപൂർണമായ ചോദ്യങ്ങൾ” പോലും ഉൾപ്പെടുന്നു.
10 അതേ നിഘണ്ടു തുടർന്നു പറയുന്നു: “ഈ ഉപയോഗത്തിന്റെ വെളിച്ചത്തിൽ [ലൂക്കോസ്] 2:46 സൂചിപ്പിക്കുന്നത്, . . . ഒരു ബാലന്റെ ജിജ്ഞാസയിൽനിന്ന് ഉതിർന്ന ചോദ്യമെന്നതിലുപരി അവന്റെ തകർപ്പൻ പ്രതിവാദത്തെയല്ലേ എന്നു ചോദിക്കാവുന്നതാണ്. രണ്ടാമത്തെ വീക്ഷണത്തോടാണ് 47-ാം [വാക്യം] യോജിക്കുന്നത്.a ഒരു നാടകീയമായ ഏററുമുട്ടൽ എന്നനിലയിലാണ് റോത്തർഹാം 47-ാം വാക്യം പരിഭാഷപ്പെടുത്തിയിരിക്കുന്നത്: “ഇപ്പോൾ അവനെ ശ്രവിച്ചവരെല്ലാം അവന്റെ ഗ്രാഹ്യത്തിലും ഉത്തരങ്ങളിലും അന്തംവിട്ടുപോയി.” ഉടനീളമുള്ള അവരുടെ വിസ്മയം അർഥമാക്കുന്നത് “അവരുടെ കണ്ണു തള്ളിപ്പോയപോലെ അവർ അന്തംവിട്ടുപോയി” എന്നാണെന്നു റോബേഴ്സണിന്റെ വേർഡ് പിക്ച്ചേഴ്സ് ഇൻ ദ ന്യൂ ടെസ്ററമെൻറ് പറയുന്നു.
11. തങ്ങൾ കണ്ടതും കേട്ടതുമായ സംഗതികളോടുള്ള മറിയയുടെയും ജോസഫിന്റെയും പ്രതികരണമെന്തായിരുന്നു, ഒരു തിയോളജിക്കൽ നിഘണ്ടു നിർദേശിക്കുന്നതെന്ത്?
11 അവസാനം യേശുവിന്റെ മാതാപിതാക്കൾ രംഗത്തുവന്നപ്പോൾ “അവർ അതിശയിച്ചു.” (ലൂക്കൊസ് 2:48) ഈ പ്രയോഗത്തിലെ ഗ്രീക്കു പദത്തിന്റെ അർഥം “അടിക്കുക, പ്രഹരമേൽപ്പിക്കുക” എന്നാണെന്നു റോബേഴ്സൺ പറയുന്നു. തങ്ങൾ കാണുകയും കേൾക്കുകയും ചെയ്ത സംഗതിയിൽ ജോസഫും മറിയയും “അടിയേററതുപോലെ”യായിപ്പോയി എന്നുകൂടി അദ്ദേഹം പറയുന്നു. ഒരർഥത്തിൽ, യേശു അപ്പോൾതന്നെ ഒരു അസാധാരണ ഉപദേഷ്ടാവായിരുന്നു. ആലയത്തിലെ ഈ സംഭവത്തിന്റെ വെളിച്ചത്തിൽ, “അന്തിമമായി തന്റെ എതിരാളികളുടെ പരാജയത്തിൽ കലാശിക്കാനിരുന്ന, അവരുമായുള്ള പോരാട്ടം യേശു തന്റെ ബാല്യകാലത്തിൽത്തന്നെ ആരംഭിക്കുന്നു” എന്നു കിററലിന്റെ കൃതി അവകാശപ്പെടുന്നു.
12. മതനേതാക്കൻമാരുമായുള്ള യേശുവിന്റെ പിൽക്കാല വാഗ്വാദങ്ങളുടെ സവിശേഷത എന്തായിരുന്നു?
12 അവർ പരാജയപ്പെടുകതന്നെ ചെയ്തു! വർഷങ്ങൾ കഴിഞ്ഞ്, അത്തരം ചോദ്യംകൊണ്ടായിരുന്നു യേശു പരീശൻമാരെ തോൽപ്പിച്ചത്. അതുനിമിത്തം ‘ആരും അവനോടു ഒന്നും ചോദിപ്പാൻ തുനിഞ്ഞില്ല.’ (മത്തായി 22:41-46) പുനരുത്ഥാന പ്രശ്നത്തിൽ സദൂക്യരും സമാനമായി ഉത്തരംമുട്ടിപ്പോയി. ‘പിന്നീട്, ഒരൊററ ചോദ്യംപോലും അവനോടു ചോദിക്കാനുള്ള ധൈര്യം അവർക്കും ഉണ്ടായിരുന്നില്ല.’ (ലൂക്കൊസ് 20:27-40, NW) ശാസ്ത്രിമാരുടെയും ഗതി അതുതന്നെയായി. യേശുവുമായി വാഗ്വാദത്തിലേർപ്പെട്ട അവരിൽ ഒരു കൂട്ടരെസംബന്ധിച്ച്: “അവനോടു കൂടുതൽ ചോദ്യം ചോദിക്കാനുള്ള ധൈര്യം ആർക്കുമുണ്ടായിരുന്നില്ല” എന്നു പറഞ്ഞിരിക്കുന്നു.—മർക്കോസ് 12:28-34, NW.
13. ആലയത്തിൽ നടന്ന സംഭവത്തെ യേശുവിന്റെ ജീവിതത്തിലെ സുപ്രധാന സംഭവമാക്കിയതെന്തായിരുന്നു, അവൻ എന്തിനെക്കുറിച്ചുകൂടി ബോധവാനായിരുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്?
13 യേശുവും ഉപദേഷ്ടാക്കൻമാരും ഉൾപ്പെടുന്ന ഈ ബാല്യകാല സംഭവം മാത്രം വിവരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത് എന്തുകൊണ്ടാണ്? അതു യേശുവിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. 12 വയസ്സായപ്പോഴേക്കും അവൻ യഹൂദൻമാർ വിളിക്കുന്നപ്രകാരം “നിയമത്തിന്റെ പുത്രൻ,” കൽപ്പനകളെല്ലാം അനുസരിക്കാനുള്ള ഉത്തരവാദിത്വമുള്ളവൻ, ആയിത്തീർന്നു. തനിക്കും ജോസഫിനും അവനുണ്ടാക്കിയ മനോവിഷമത്തെക്കുറിച്ചു മറിയ യേശുവിനോടു പരാതി പറഞ്ഞപ്പോൾ, അവളുടെ പുത്രൻ കൊടുത്ത മറുപടിയിൽനിന്നു മനസ്സിലാക്കാം അവൻ തന്റെ ജനനത്തിന്റെ അത്ഭുതകരമായ സ്വഭാവത്തെയും തന്റെ മിശിഹൈക ഭാവിയെയും കുറിച്ചു മിക്കവാറും തിരിച്ചറിഞ്ഞിരുന്നുവെന്ന്. ദൈവമാണു തന്റെ പിതാവ് എന്ന് അവൻ വെട്ടിത്തുറന്നു പറഞ്ഞതിൽനിന്ന് ഇതു വ്യക്തമാണ്: “എന്നെ തിരഞ്ഞതു എന്തിന്നു? എന്റെ പിതാവിന്നുള്ളതിൽ ഞാൻ ഇരിക്കേണ്ടതു എന്നു നിങ്ങൾ അറിയുന്നില്ലയോ?” സന്ദർഭവശാൽ, യേശുവിന്റെ ആദ്യ വാക്കുകളായി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇവയാണ്. എന്നാൽ അതേസമയം, തന്നെ ഭൂമിയിലേക്ക് അയച്ചിരിക്കുന്നതു സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യത്തെക്കുറിച്ച് അവനു ബോധമുണ്ടായിരുന്നെന്ന് അവ സൂചിപ്പിക്കുന്നു. അങ്ങനെ ഈ സംഭവശകലം മുഴുവനും കാര്യമായ പ്രാധാന്യമർഹിക്കുന്നതാണ്.—ലൂക്കൊസ് 2:48, 49.
യേശു കുട്ടികളെ സ്നേഹിക്കുകയും അവരോടു പരിഗണന കാട്ടുകയും ചെയ്യുന്നു
14. ആലയത്തിൽവെച്ചു ബാലനായ യേശു ചെയ്ത പ്രവൃത്തി യുവജനങ്ങളെ ഏതു രസകരമായ ആശയം സംബന്ധിച്ചു ബോധവാൻമാരാക്കിയേക്കാം?
14 ഈ വിവരണം യുവജനങ്ങൾക്കു വിശേഷാൽ പുളകപ്രദമായിരിക്കണം. പ്രായപൂർത്തിയായിവരവേ, യേശു എത്ര ശുഷ്കാന്തിയോടെ പഠനത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് അതു കാണിക്കുന്നു. ആലയത്തിലുണ്ടായിരുന്ന റബ്ബിമാർ ഈ 12 വയസ്സുള്ള, “നിയമത്തിന്റെ പുത്ര”ന്റെ ജ്ഞാനത്തിൽ അമ്പരന്നുപോയി. എന്നിട്ടും മരപ്പണിശാലയിൽ ജോസഫിനോടൊപ്പം അവൻ ജോലി ചെയ്തു, അവനും മറിയക്കും “കീഴ്പെടുന്നതിൽ തുടർന്നു” പോന്നു, “ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ” വർധിച്ചുവന്നു.—ലൂക്കോസ് 2:51, 52, NW.
15. തന്റെ ഭൗമിക ശുശ്രൂഷയുടെ കാലയളവിൽ യേശു എങ്ങനെയാണു യുവജനങ്ങളെ പിന്തുണച്ചത്, ഇത് ഇന്നത്തെ യുവജനങ്ങൾക്ക് എന്ത് അർഥമാക്കുന്നു?
15 തന്റെ ഭൗമിക ശുശ്രൂഷയുടെ കാലയളവിൽ യേശു യുവജനങ്ങളെ വളരെയധികം പിന്താങ്ങി: “മഹാപുരോഹിതൻമാരും ശാസ്ത്രിമാരും അവൻ ചെയ്ത അത്ഭുതങ്ങളെയും ദാവീദ് പുത്രന്നു ഹോശാന്നാ എന്നു ദൈവാലയത്തിൽ ആർക്കുന്ന ബാലൻമാരെയും കണ്ടിട്ടു നീരസപ്പെട്ടു: ഇവർ പറയുന്നതു കേൾക്കുന്നുവോ എന്നു അവനോടു ചോദിച്ചു. യേശു അവരോടു: ഉവ്വു; ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു.” (മത്തായി 21:15, 16; സങ്കീർത്തനം 8:2) അതുപോലെതന്നെയുള്ള പിന്തുണ ഇന്നു ജീവൻ പണയപ്പെടുത്തിക്കൊണ്ടുപോലും നിർമലത പാലിക്കുകയും സ്തുതി കരേററുകയും ചെയ്തുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കിനു യുവജനങ്ങൾക്കും അവൻ കൊടുക്കുന്നുണ്ട്!
16. (എ) അവരുടെ മധ്യേ ഒരു ശിശുവിനെ നിർത്തിക്കൊണ്ട് യേശു അപ്പോസ്തലൻമാരെ ഏതു പാഠം പഠിപ്പിച്ചു? (ബി) ഏതു നിർണായക സമയത്തുപോലും ശിശുക്കൾക്കുവേണ്ടി യേശു സമയം നീക്കിവെച്ചു?
16 ഏററവും വലിയവൻ ആരെന്നതിനെക്കുറിച്ച് അപ്പോസ്തലൻമാർ തർക്കിച്ചപ്പോൾ യേശു ആ 12 പേരോടു: “ഒരുവൻ മുമ്പൻ ആകുവാൻ ഇച്ഛിച്ചാൽ അവൻ എല്ലാവരിലും ഒടുക്കത്തവനും എല്ലാവർക്കും ശുശ്രൂഷകനും ആകേണം എന്നു പറഞ്ഞു. ഒരു ശിശുവിനെ എടുത്തു അവരുടെ നടുവിൽ നിറുത്തി അണെച്ചുകൊണ്ടു അവരോടു: ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ കൈക്കൊള്ളുന്നു എന്നു പറഞ്ഞു.” (മർക്കൊസ് 9:35-37) കൂടാതെ, ഭയാനകമായ പീഡയെയും മരണത്തെയും അഭിമുഖീകരിക്കാൻ അവൻ അവസാനമായി യെരുശലേമിലേക്കു യാത്ര ചെയ്യുമ്പോഴും അവൻ ശിശുക്കൾക്കായി സമയം കണ്ടെത്തി: “ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ, അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ.” എന്നിട്ട് അവൻ “അവരെ അണെച്ചു അവരുടെ മേൽ കൈ വെച്ചു, അവരെ അനുഗ്രഹിച്ചു.”—മർക്കൊസ് 10:13-16.
17. ശിശുക്കളുമായി ബന്ധപ്പെടുത്തിപ്പറയുക യേശുവിന് എളുപ്പമായിരുന്നതെന്തുകൊണ്ട്, അവനെക്കുറിച്ചു ശിശുക്കൾ എന്ത് അനുസ്മരിക്കണം?
17 മുതിർന്നവരുടെ ലോകത്തിൽ ഒരു ശിശുവിനെപ്പോലെയായിരിക്കുന്നത് എങ്ങനെയാണെന്നു യേശുവിന് അറിയാം. അവൻ മുതിർന്നവരോടൊത്തു ജീവിച്ചു, അവരോടൊപ്പം ജോലി ചെയ്തു, അവർക്കു കീഴ്പെട്ടിരിക്കുന്നതിന്റെ അനുഭവം നേടി, അവരാൽ സ്നേഹിക്കപ്പെടുന്നതിന്റെ ഊഷ്മളതയും സുരക്ഷിതത്വവും അനുഭവിക്കുകയുണ്ടായി. കുട്ടികളേ, ഇതേ യേശു നിങ്ങളുടെ സുഹൃത്താണ്. അവൻ നിങ്ങൾക്കുവേണ്ടി മരിച്ചു. അവന്റെ കൽപ്പനകൾ നിങ്ങൾ അനുസരിക്കുന്നെങ്കിൽ നിങ്ങൾ സദാ ജീവിക്കും.—യോഹന്നാൻ 15:13, 14.
18. ഏതു പുളകപ്രദമായ ചിന്തയാണ്, വിശേഷിച്ചു സമ്മർദങ്ങളുടെയോ അപകടങ്ങളുടെയോ സമയത്ത്, നാം മനസ്സിൽപ്പിടിക്കേണ്ടത്?
18 നാം വിചാരിക്കുന്നത്ര ബുദ്ധിമുട്ടൊന്നുമില്ല യേശു കൽപ്പിച്ചതുപോലെ ചെയ്യാൻ. യുവജനങ്ങളേ, നിങ്ങളെയെന്നല്ല, സകലരെയും പിന്തുണയ്ക്കാൻ അവൻ സന്നദ്ധനാണ്. മത്തായി 11:28-30-ൽ നാം വായിക്കുന്നതുപോലെ, “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏററുകൊണ്ടു [“എന്നോടൊപ്പം എന്റെ നുകത്തിൻ കീഴിൽ വരിക,” NW അടിക്കുറിപ്പ്] എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.” ഒന്നു വിഭാവന ചെയ്യുക, നിങ്ങൾ യഹോവയെ സേവിച്ചുകൊണ്ട് അടിവെച്ചടിവെച്ചു നീങ്ങുമ്പോൾ, നിങ്ങളുടെ നുകത്തെ മൃദുവും ചുമടിനെ ലഘുവുമാക്കിക്കൊണ്ട് യേശു നിങ്ങളോടൊത്തു നടക്കുകയാണ്. നമുക്കെല്ലാവർക്കും എത്ര പുളകപ്രദമായ ആശയം!
19. യേശുവിന്റെ പഠിപ്പിക്കൽ വിധങ്ങളെ സംബന്ധിച്ചുള്ള ഏതു ചോദ്യങ്ങൾ നാം കാലാകാലങ്ങളിൽ പുനരവലോകനം ചെയ്യുന്നതായിരിക്കും?
19 യേശുവിന്റെ പഠിപ്പിക്കൽ രീതിയുടെ ഏതാനും വിധങ്ങളേ നാം പരിചിന്തിച്ചുള്ളൂ. ഇപ്പോൾ നമുക്കു തോന്നുന്നുണ്ടോ നാം പഠിപ്പിക്കുന്നത് അവൻ പഠിപ്പിച്ചതുപോലെയാണെന്ന്? ശാരീരികമായി അസുഖം പിടിപെട്ടവരെയോ ആത്മീയമായി പട്ടിണി കിടക്കുന്നവരെയോ കാണുമ്പോൾ നമ്മാലാവുന്നതു ചെയ്ത് അവരെ സഹായിക്കാൻ അനുകമ്പാപൂർവം നമ്മുടെ മനസ്സലിയുന്നുണ്ടോ? നാം മററുള്ളവരെ പ്രബോധിപ്പിക്കുമ്പോൾ, നാം ദൈവവചനമാണോ പഠിപ്പിക്കുന്നത്, അതോ പരീശൻമാരെപ്പോലെ നമ്മുടെ സ്വന്തം ആശയമാണോ പഠിപ്പിക്കുന്നത്? ആത്മീയ സത്യങ്ങളുടെ ഗ്രാഹ്യം വ്യക്തമാക്കാനും വിഭാവന ചെയ്യാനും മനസ്സിൽ ഉറഞ്ഞുകിട്ടാനും വർധിപ്പിക്കാനും ഉപയോഗിക്കാവുന്ന, നമുക്കു ചുററുമുള്ള സർവസാധാരണ സംഗതികളെ കാണാൻ നാം ഉത്സുകരാണോ? സാഹചര്യം, സ്നേഹം, കരുണ എന്നിവ കണക്കിലെടുത്ത് ചില നിയമങ്ങളുടെ ബാധകമാക്കലിൽ വഴക്കമുള്ളവരായിരുന്നുകൊണ്ട് നാം ചില നിയമങ്ങളിൽ കടിച്ചുതൂങ്ങുന്നത് ഒഴിവാക്കുന്നുണ്ടോ? കുട്ടികളുടെ കാര്യത്തിലാണെങ്കിലോ? യേശു കാണിച്ച അതേ മൃദുല ശ്രദ്ധയും സ്നേഹദയയും നാം അവരോടു കാട്ടുന്നുണ്ടോ? ബാലനായിരുന്നപ്പോൾ യേശു പഠനത്തിലേർപ്പെട്ടതുപോലെ ചെയ്യാൻ നിങ്ങളുടെ കുട്ടികളെ നിങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ടോ? യേശു ചെയ്തതുപോലെ ദൃഢതയോടെ, എന്നാൽ അതേസമയം അനുതാപമുള്ളവരെ ഊഷ്മളതയോടെ സ്വീകരിക്കാൻ മനസ്സുള്ളവരായി, കോഴി കുഞ്ഞുങ്ങളെ തന്റെ ചിറകിൻകീഴിൽ ഒരുമിച്ചുകൂട്ടുന്നതുപോലെ നിങ്ങൾ പ്രവർത്തിക്കുമോ?—മത്തായി 23:37.
20. നാം നമ്മുടെ ദൈവത്തെ സേവിക്കുമ്പോൾ സന്തോഷഭരിതമായ ഏതു ചിന്തയാൽ നമുക്കു സ്വയം ആശ്വസിക്കാനാവും?
20 യേശു പഠിപ്പിച്ചതുപോലെ പഠിപ്പിക്കാൻ നാം നമ്മുടെ പരമാവധി ചെയ്യുന്നെങ്കിൽ, ‘അവനോടൊപ്പം അവന്റെ നുകത്തിൻ കീഴിൽ വരാൻ’ തീർച്ചയായും അവൻ നമ്മെ അനുവദിക്കും.—മത്തായി 11:28-30.
[അടിക്കുറിപ്പ്]
a തന്നെക്കാൾ പ്രായംകൂടിയവരോട്, വിശേഷിച്ച് തലനരച്ചവരും പുരോഹിതൻമാരുമായവരോടു യേശു ഉചിതമായ ആദരവു പ്രകടിപ്പിച്ചിരിക്കാമെന്നു വിശ്വസിക്കുന്നതിനു സകല കാരണവുമുണ്ട്.—താരതമ്യം ചെയ്യുക: ലേവ്യപുസ്തകം 19:32; പ്രവൃത്തികൾ 23:2-5.
നിങ്ങൾ ഓർമിക്കുന്നുവോ?
◻ പുരുഷാരം യേശുവിനു ചുററും തടിച്ചുകൂടിയതെന്തുകൊണ്ട്?
◻ ചില നിയമങ്ങൾ സംബന്ധിച്ചു യേശു ചിലപ്പോഴൊക്കെ വഴക്കമുള്ളവനായിരുന്നതെന്തുകൊണ്ട്?
◻ യേശു ആലയത്തിലെ ഉപദേഷ്ടാക്കളെ ചോദ്യം ചെയ്തതിൽനിന്നു നമുക്ക് എന്തു പഠിക്കാനാവും?
◻ ശിശുക്കളുമായുള്ള യേശുവിന്റെ ബന്ധത്തിൽനിന്നു നമുക്ക് എന്തു പാഠങ്ങൾ പഠിക്കാനാവും?