സമയങ്ങളും കാലങ്ങളും യഹോവയുടെ കരങ്ങളിൽ
“പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിരിക്കുന്ന സമയങ്ങളെയോ കാലങ്ങളെയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല.”—പ്രവൃത്തികൾ 1:7, NW.
1. സമയത്തെ മുൻനിർത്തിയുള്ള അപ്പൊസ്തലന്മാരുടെ ചോദ്യങ്ങൾക്ക് യേശു ഉത്തരം നൽകിയത് എങ്ങനെ?
ക്രൈസ്തവലോകത്തിലും ഭൂമിയിൽ ഉടനീളവും “നടക്കുന്ന സകലമ്ലേച്ഛതകളും നിമിത്തം നെടുവീർപ്പിട്ടു കരയുന്ന”വരെ സംബന്ധിച്ചിടത്തോളം, ഈ ദുഷ്ട വ്യവസ്ഥിതി അവസാനിച്ച് തത്സ്ഥാനത്തു ദൈവത്തിന്റെ നീതിനിഷ്ഠമായ പുതിയ ലോകം വരുന്നത് എന്നാണ് എന്നു ചിന്തിക്കുന്നതിനെക്കാൾ കൂടുതൽ സ്വാഭാവികമായി എന്താണ് ഉണ്ടായിരിക്കാൻ കഴിയുക? (യെഹെസ്കേൽ 9:4; 2 പത്രൊസ് 3:13) യേശുവിന്റെ മരണത്തിനു തൊട്ടു മുമ്പും പുനരുത്ഥാനത്തിനു ശേഷവും അവന്റെ അപ്പൊസ്തലന്മാർ അവനോട് സമയത്തെ മുൻനിർത്തിയുള്ള ചോദ്യങ്ങൾ ചോദിച്ചു. (മത്തായി 24:3; പ്രവൃത്തികൾ 1:6) എന്നാൽ, മറുപടി കൊടുത്തപ്പോൾ തീയതികൾ കണക്കു കൂട്ടാനുള്ള ഒരു അടിസ്ഥാനം യേശു അവർക്കു നൽകിയില്ല. ഒരു അവസരത്തിൽ അവൻ അവർക്ക് ഒരു സംയുക്ത അടയാളം നൽകി. രണ്ടാമത്തെ അവസരത്തിൽ, ‘പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിരിക്കുന്ന സമയങ്ങളെയോ കാലങ്ങളെയോ അറിയുന്നതു അവർക്കുള്ളതല്ലെ’ന്ന് അവൻ പറഞ്ഞു.—പ്രവൃത്തികൾ 1:7, NW.
2. അവസാന കാലത്തു നടക്കേണ്ട സംഭവങ്ങൾ സംബന്ധിച്ച തന്റെ പിതാവിന്റെ സമയ പട്ടിക യേശുവിന് എല്ലായ്പോഴും അറിയില്ലായിരുന്നെന്നു പറയാവുന്നത് എന്തുകൊണ്ട്?
2 യേശു യഹോവയുടെ ഏകജാത പുത്രൻ ആയിരുന്നിട്ടും സംഭവങ്ങൾ സംബന്ധിച്ച തന്റെ പിതാവിന്റെ സമയ പട്ടിക അവനുപോലും എല്ലായ്പോഴും അറിയില്ലായിരുന്നു. അന്ത്യനാളുകളെ കുറിച്ചുള്ള തന്റെ പ്രവചനത്തിൽ യേശു സവിനയം ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതൻമാരും പുത്രനും കൂടെ അറിയുന്നില്ല.” (മത്തായി 24:36) ഈ ദുഷ്ട വ്യവസ്ഥിതിയെ നശിപ്പിക്കുന്നതിനു നടപടി സ്വീകരിക്കാനുള്ള കൃത്യ സമയം പിതാവു തനിക്കു വെളിപ്പെടുത്തുന്നതുവരെ ക്ഷമാപൂർവം കാത്തിരിക്കാൻ യേശു മനസ്സൊരുക്കം ഉള്ളവനായിരുന്നു.a
3. ദൈവോദ്ദേശ്യത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് യേശു നൽകിയ ഉത്തരങ്ങളിൽനിന്നു നമുക്ക് എന്തു പഠിക്കാൻ കഴിയും?
3 ദൈവോദ്ദേശ്യത്തിന്റെ നിവൃത്തി എന്ന നിലയിൽ കാര്യങ്ങൾ എപ്പോൾ സംഭവിക്കും എന്നതിനോടു ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് യേശു നൽകിയ ഉത്തരങ്ങളിൽനിന്ന് രണ്ടു കാര്യങ്ങൾ നിഗമനം ചെയ്യാവുന്നതാണ്. ഒന്നാമത്, യഹോവയ്ക്ക് ഒരു സമയ പട്ടിക ഉണ്ട്; രണ്ടാമത്, അതു നിശ്ചയിക്കുന്നത് അവൻ തന്നെയാണെന്നും അവന്റെ സമയങ്ങളും കാലങ്ങളും സംബന്ധിച്ച് കൃത്യമായ വിവരം മുൻകൂട്ടി ലഭിക്കുമെന്ന് അവന്റെ ദാസന്മാർക്കു പ്രതീക്ഷിക്കാനാകില്ലെന്നും.
യഹോവയുടെ സമയങ്ങളും കാലങ്ങളും
4. പ്രവൃത്തികൾ 1:7-ൽ “സമയങ്ങ”ളെന്നും “കാലങ്ങ”ളെന്നും പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദങ്ങളുടെ അർഥം എന്ത്?
4 “സമയങ്ങ”ളും “കാലങ്ങ”ളും എന്നതിനാൽ എന്താണ് അർഥമാക്കുന്നത്? പ്രവൃത്തികൾ 1:7-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ പ്രസ്താവനയിൽ സമയത്തിന്റെ രണ്ടു വശങ്ങൾ ഉൾപ്പെടുന്നു. “സമയങ്ങ”ൾ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന്റെ അർഥം “കാലദൈർഘ്യം എന്ന അർഥത്തിലുള്ള സമയം,” (ഹ്രസ്വമോ ദീർഘമോ ആയ) ഒരു സമയഘട്ടം എന്നാണ്. “കാലങ്ങ”ൾ എന്നത് ഒരു ക്ലിപ്ത സമയത്തെ അഥവാ നിയമിത സമയത്തെ അല്ലെങ്കിൽ ഏതെങ്കിലും സവിശേഷതകളാൽ തിരിച്ചറിയിക്കപ്പെടുന്ന ഒരു പ്രത്യേക കാലത്തെ അഥവാ കാലഘട്ടത്തെ പരാമർശിക്കുന്ന ഒരു പദത്തിന്റെ പരിഭാഷയാണ്. ഈ രണ്ട് മൂലപദങ്ങളെ കുറിച്ച് ഡബ്ലിയു. ഇ. വൈൻ പറയുന്നു: “പ്രവൃത്തികൾ 1:7 അനുസരിച്ച് കാലഘട്ടങ്ങളുടെ ദൈർഘ്യം എന്ന അർഥത്തിലുള്ള സമയങ്ങളെയും (ക്രോണോസ്) പ്രത്യേക സംഭവങ്ങളാൽ തിരിച്ചറിയിക്കപ്പെടുന്ന കാലഘട്ടങ്ങളായ കാലങ്ങളെയും (കെയിറോസ്) ‘പിതാവ് തന്റെ സ്വന്ത അധികാരത്തിൽ വെച്ചിരിക്കുന്നു.’”
5. ദുഷിച്ച ലോകത്തെ നശിപ്പിക്കാനുള്ള തന്റെ ഉദ്ദേശ്യം യഹോവ നോഹയെ അറിയിച്ചത് എന്നായിരുന്നു, ഏത് ഇരട്ട നിയമനം നോഹ നിർവഹിച്ചു?
5 പ്രളയത്തിനു മുമ്പ്, മനുഷ്യരുടെയും ജഡശരീരം ധരിച്ച മത്സരികളായ ദൂതന്മാരുടെയും ദുഷിച്ച ലോകത്തിന് ദൈവം 120 വർഷത്തെ സമയപരിധി കൽപ്പിച്ചു. (ഉല്പത്തി 6:1-3) ആ സമയത്ത് ദൈവഭക്തനായ നോഹയ്ക്ക് 480 വയസ്സുണ്ടായിരുന്നു. (ഉല്പത്തി 7:6) അവനു കുട്ടികൾ ജനിച്ചിരുന്നില്ല. 20 വർഷം കൂടെ അവൻ ആ സ്ഥിതിയിൽ തുടരുകയും ചെയ്തു. (ഉല്പത്തി 5:32) വളരെക്കാലം കഴിഞ്ഞ്, നോഹയുടെ പുത്രന്മാർക്കു പ്രായപൂർത്തിയാകുകയും അവർ വിവാഹം കഴിക്കുകയും ചെയ്ത ശേഷം മാത്രമാണ് ഭൂമിയിൽനിന്നു ദുഷ്ടത നീക്കം ചെയ്യാനുള്ള തന്റെ ഉദ്ദേശ്യം ദൈവം നോഹയെ അറിയിച്ചത്. (ഉല്പത്തി 6:9-13, 18) അപ്പോഴും, പെട്ടകം പണിയുകയും സമകാലീനരോട് പ്രസംഗിക്കുകയും ചെയ്യുക എന്ന ഇരട്ട നിയമനം നോഹയെ ഏൽപ്പിച്ചിരുന്നിട്ടുപോലും യഹോവ തന്റെ സമയ പട്ടിക അവനു വെളിപ്പെടുത്തിയില്ല.—ഉല്പത്തി 6:14; 2 പത്രൊസ് 2:5.
6. (എ) സമയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ താൻ ദൈവത്തിന്റെ കരങ്ങളിൽ വിട്ടുകൊടുത്തെന്ന് നോഹ പ്രകടമാക്കിയത് എങ്ങനെ? (ബി) നമുക്ക് എങ്ങനെ നോഹയുടെ ദൃഷ്ടാന്തം പിൻപറ്റാനാകും?
6 പതിറ്റാണ്ടുകളോളം—ഒരുപക്ഷേ അര നൂറ്റാണ്ടോളം—“ദൈവം തന്നോടു കല്പിച്ചതൊക്കെയും നോഹ ചെയ്തു.” “വിശ്വാസത്താ”ലാണ് നോഹ അപ്രകാരം ചെയ്തത്, കൃത്യമായ തീയതി അവന് അറിയില്ലായിരുന്നു. (ഉല്പത്തി 6:22; എബ്രായർ 11:7) ജലപ്രളയം തുടങ്ങുന്നതിന് ഒരാഴ്ച മുമ്പുവരെ സംഭവങ്ങളുടെ കൃത്യ സമയം യഹോവ അവനെ അറിയിച്ചില്ല. (ഉല്പത്തി 7:1-5) സമയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ദൈവത്തിന്റെ കരങ്ങളിൽ വിട്ടുകൊടുക്കാൻ യഹോവയിലുള്ള പരിപൂർണ ആശ്രയവും വിശ്വാസവും നോഹയെ സഹായിച്ചു. പ്രളയ സമയത്ത് യഹോവയുടെ സംരക്ഷണം അനുഭവപ്പെടുകയും പിന്നീട് പെട്ടകത്തിൽ നിന്ന് ഒരു ശുദ്ധീകരിക്കപ്പെട്ട ഭൂമിയിലേക്കു കാലുകുത്തുകയും ചെയ്തപ്പോൾ നോഹ എത്ര കൃതജ്ഞതയുള്ളവൻ ആയിരുന്നിരിക്കണം! സമാനമായൊരു വിടുതലിന്റെ പ്രതീക്ഷയുള്ള സ്ഥിതിക്ക്, നാമും ദൈവത്തിൽ അത്തരം വിശ്വാസം അർപ്പിക്കേണ്ടതല്ലേ?
7, 8. (എ) രാഷ്ട്രങ്ങളും ലോകശക്തികളും നിലവിൽ വന്നത് എങ്ങനെ? (ബി) യഹോവ ‘മനുഷ്യരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശ്ചയിച്ചത്’ ഏതു വിധത്തിൽ?
7 പ്രളയാനന്തരം, നോഹയുടെ സന്തതികളിൽ മിക്കവരും യഹോവയുടെ സത്യാരാധന ഉപേക്ഷിച്ചു. ഒരു സ്ഥലത്തുതന്നെ തുടരാനുള്ള ലക്ഷ്യത്തിൽ ഒരു നഗരവും വ്യാജ ആരാധനയ്ക്കായി ഒരു ഗോപുരവും അവർ പണിയാൻ തുടങ്ങി. താൻ ഇടപെടേണ്ട സമയമായെന്ന് യഹോവ തീരുമാനിച്ചു. അവൻ അവരുടെ ഭാഷ കലക്കി അവരെ “അവിടെനിന്നു [ബാബേലിൽനിന്നു] ഭൂതലത്തിലെങ്ങും ചിന്നിച്ചു.” (ഉല്പത്തി 11:4, 8, 9) പിന്നീട്, ഭാഷാ കൂട്ടങ്ങൾ രാഷ്ട്രങ്ങളായി വികാസം പ്രാപിച്ചു. അവയിൽ ചിലത് മറ്റു രാഷ്ട്രങ്ങളെ തങ്ങളുടെ ഭാഗമാക്കിക്കൊണ്ട് മേഖലാ ശക്തികളും ലോകശക്തികളും പോലും ആയിത്തീർന്നു.—ഉല്പത്തി 10:32, NW.
8 തന്റെ ഉദ്ദേശ്യത്തിന്റെ പൂർത്തീകരണത്തോടു ബന്ധപ്പെട്ട് ഇടയ്ക്കിടെ ദൈവം ദേശീയ അതിർത്തികൾ നിർണയിക്കുകയും പ്രാദേശികമായോ ലോകശക്തിയെന്ന നിലയിലോ ഒരു രാഷ്ട്രം ഏത് കാലഘട്ടത്തിൽ ആധിപത്യം പുലർത്തണമെന്നു തീരുമാനിക്കുകയും ചെയ്തു. (ഉല്പത്തി 15:13, 14, 18-21; പുറപ്പാടു 23:31; ആവർത്തനപുസ്തകം 2:17-22; ദാനീയേൽ 8:5-7, 20, 21) ഏഥൻസിലെ ഗ്രീക്ക് ബുദ്ധിജീവികളോടു പിൻവരുന്ന പ്രകാരം പറഞ്ഞപ്പോൾ പൗലൊസ് അപ്പൊസ്തലൻ യഹോവയുടെ സമയങ്ങളുടെയും കാലങ്ങളുടെയും ഈ തലത്തെ കുറിച്ചായിരുന്നു പരാമർശിച്ചത്: “ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം . . . ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ . . . ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശ്ചയിച്ചു.”—പ്രവൃത്തികൾ 17:24, 26.
9. രാജാക്കന്മാരോടുള്ള ബന്ധത്തിൽ യഹോവ ‘കാലങ്ങളെയും സമയങ്ങളെയും മാറ്റിയത്’ എങ്ങനെ?
9 സകല രാഷ്ട്രീയ കീഴടക്കലുകൾക്കും രാഷ്ട്രങ്ങൾക്കിടയിലെ മാറ്റങ്ങൾക്കും യഹോവയാണ് ഉത്തരവാദിയെന്ന് ഇത് അർഥമാക്കുന്നില്ല. എന്നാൽ, തന്റെ ഉദ്ദേശ്യം നിവർത്തിക്കാനായി താൻ ഇടപെടേണ്ടതാണെന്നു തോന്നുമ്പോൾ അപ്രകാരം ചെയ്യാൻ അവനു കഴിയും. അതുകൊണ്ട്, ബാബിലോന്യ ലോക ശക്തിയുടെ പതനത്തിനും മേദോ-പേർഷ്യ ആ സ്ഥാനം കൈയടക്കുന്നതിനും സാക്ഷ്യം വഹിക്കേണ്ടിയിരുന്ന ദാനീയേൽ പ്രവാചകൻ യഹോവയെ കുറിച്ച് പറഞ്ഞു: “അവൻ കാലങ്ങളെയും സമയങ്ങളെയും മാററുന്നു; അവൻ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കയും ചെയ്യുന്നു; അവൻ ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്കു ബുദ്ധിയും കൊടുക്കുന്നു.”—ദാനീയേൽ 2:21; യെശയ്യാവു 44:24–45:7.
‘സമയം അടുത്തു’കൊണ്ടിരുന്നു
10, 11. (എ) അബ്രാഹാമിന്റെ സന്തതികളെ അടിമത്തത്തിൽനിന്നു വിടുവിക്കാനുള്ള സമയം എത്ര കാലം മുമ്പേ യഹോവ നിശ്ചയിച്ചു? (ബി) തങ്ങൾ വിടുവിക്കപ്പെടുന്ന കൃത്യ സമയം ഇസ്രായേല്യർ മുന്നമേ അറിഞ്ഞിരുന്നില്ലെന്ന് എന്തു സൂചിപ്പിക്കുന്നു?
10 ഈജിപ്ഷ്യൻ ലോക ശക്തിയുടെ രാജാവിനെ താഴ്ത്തി അബ്രാഹാമിന്റെ സന്തതികളെ അടിമത്തത്തിൽനിന്നു വിടുവിക്കാൻ നാലിലേറെ നൂറ്റാണ്ടുകൾ മുമ്പുതന്നെ യഹോവ കൃത്യമായൊരു വർഷം നിശ്ചയിച്ചു. തന്റെ ഉദ്ദേശ്യം അബ്രാഹാമിനു വെളിപ്പെടുത്തിക്കൊണ്ട് ദൈവം ഇങ്ങനെ വാഗ്ദാനം ചെയ്തു: “നിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളായിരുന്നു ആ ദേശക്കാരെ സേവിക്കും; അവർ അവരെ പീഡിപ്പിക്കുമെന്നു നീ അറിഞ്ഞുകൊൾക. എന്നാൽ അവർ സേവിക്കുന്ന ജാതിയെ ഞാൻ വിധിക്കും; അതിന്റെ ശേഷം അവർ വളരെ സമ്പത്തോടുംകൂടെ പുറപ്പെട്ടുപോരും.” (ഉല്പത്തി 15:13, 14) ഇസ്രായേലിന്റെ ചരിത്രത്തെക്കുറിച്ചുള്ള തന്റെ സംക്ഷിപ്ത വിവരണത്തിൽ ഈ 400 വർഷ കാലഘട്ടത്തെ പരാമർശിച്ചുകൊണ്ട് സൻഹെദ്രീമിനു മുമ്പാകെ സ്തെഫാനൊസ് ഇപ്രകാരം പ്രസ്താവിച്ചു: “ദൈവം അബ്രാഹാമിനോടു അരുളിച്ചെയ്ത വാഗ്ദത്ത കാലം [“സമയം,” NW] അടുത്തപ്പോൾ ജനം മിസ്രയീമിൽ വർദ്ധിച്ചു പെരുകി. ഒടുവിൽ യോസേഫിനെ അറിയാത്ത വേറൊരു രാജാവു മിസ്രയീമിൽ വാണു.”—പ്രവൃത്തികൾ 7:6, 17, 18.
11 ഈ പുതിയ ഫറവോൻ ഇസ്രായേല്യരെ അടിമകളാക്കി. മോശ അപ്പോഴും ഉല്പത്തി പുസ്തകം എഴുതിയിരുന്നില്ല. എന്നാൽ അബ്രാഹാമിനോടുള്ള യഹോവയുടെ വാഗ്ദാനങ്ങൾ ലിഖിതമോ അലിഖിതമോ ആയ രൂപത്തിൽ കൈമാറപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, തങ്ങളുടെ കൈവശമുണ്ടായിരുന്ന വിവരങ്ങൾ ഉപയോഗിച്ച് അടിച്ചമർത്തലിൽനിന്നുള്ള തങ്ങളുടെ വിടുതലിന്റെ കൃത്യ തീയതി കണക്കാക്കാൻ ഇസ്രായേല്യർക്കു സാധിക്കുമായിരുന്നില്ലെന്നു തോന്നുന്നു. താൻ എപ്പോഴായിരിക്കും അവരെ വിടുവിക്കുന്നതെന്ന് യഹോവയ്ക്ക് അറിയാമായിരുന്നു. എന്നാൽ ദുരിതം അനുഭവിച്ചുകൊണ്ടിരുന്ന ഇസ്രായേല്യർക്ക് അത് അറിയില്ലായിരുന്നു എന്നു വ്യക്തമാണ്. നാം ഇങ്ങനെ വായിക്കുന്നു: “ഏറെ നാളുകൾക്കു ശേഷം ഈജിപ്തുരാജാവു മരിച്ചു. യിസ്രായേൽജനം അപ്പോഴും അടിമത്തത്തിൽ ഞെരുങ്ങി സഹായത്തിന്നുവേണ്ടി നിലവിളിക്കയായിരുന്നു. അടിമത്തത്തിൽനിന്നുള്ള അവരുടെ നിലവിളി ദൈവസന്നിധിയിൽ എത്തി. ദൈവം അവരുടെ നിലവിളി കേട്ടു; അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിവരോടുള്ള തന്റെ ഉടമ്പടി ദൈവം ഓർമിക്കയും ചെയ്തു. ദൈവം യിസ്രായേൽജനങ്ങളെ കണ്ടു; അവരുടെ അവസ്ഥ അറിഞ്ഞു.”—പുറപ്പാടു 2:23-25, ഓശാന ബൈ.
12. മോശ യഹോവയുടെ സമയത്തിനു മുമ്പേ പ്രവർത്തിച്ചെന്ന് സ്തെഫാനൊസ് പ്രകടമാക്കിയത് എങ്ങനെ?
12 ഇസ്രായേല്യർക്ക് വിടുതലിന്റെ കൃത്യമായ സമയം അറിയില്ലായിരുന്നു എന്ന ഈ സംഗതി സ്തെഫാനൊസിന്റെ സംക്ഷിപ്ത വിവരണത്തിൽനിന്നും നിഗമനം ചെയ്യാവുന്നതാണ്. മോശയെ കുറിച്ച് സംസാരിച്ചുകൊണ്ട് അവൻ പറഞ്ഞു: “അവന്നു നാല്പതു വയസ്സു തികയാറായപ്പോൾ യിസ്രായേൽ മക്കളായ തന്റെ സഹോദരന്മാരെ ചെന്നു കാണേണം എന്നു മനസ്സിൽ തോന്നി. അവരിൽ ഒരുത്തൻ അന്യായം ഏല്ക്കുന്നതു കണ്ടിട്ടു അവന്നു തുണ നിന്നു, മിസ്രയീമ്യനെ അടിച്ചുകൊന്നു, പീഡിതന്നു വേണ്ടി പ്രതിക്രിയ ചെയ്തു. ദൈവം താൻമുഖാന്തരം അവർക്കു രക്ഷ നല്കും എന്നു സഹോദരന്മാർ ഗ്രഹിക്കും എന്നു അവൻ നിരൂപിച്ചു; എങ്കിലും അവർ ഗ്രഹിച്ചില്ല.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (പ്രവൃത്തികൾ 7:23-25) ഇവിടെ മോശ ദൈവത്തിന്റെ സമയത്തിന് 40 വർഷം മുമ്പേ പ്രവർത്തിച്ചു. ദൈവം, ‘താൻ മുഖാന്തരം ഇസ്രായേല്യർക്കു രക്ഷ നൽകു’ന്നതിനു മുമ്പ് മോശ 40 വർഷം കാത്തിരിക്കണമായിരുന്നു എന്ന് സ്തെഫാനൊസ് ചൂണ്ടിക്കാട്ടി.—പ്രവൃത്തികൾ 7:30-36.
13. നമ്മുടെ സാഹചര്യം, ഈജിപ്തിൽ നിന്നുള്ള വിടുതലിന് മുമ്പത്തെ ഇസ്രായേല്യരുടെ സാഹചര്യത്തോടു സമാനമായിരിക്കുന്നത് എങ്ങനെ?
13 ‘അരുളിച്ചെയ്ത വാഗ്ദത്തകാലം അടുത്തെത്തുക’യും ദൈവം കൃത്യമായ ഒരു വർഷം നിശ്ചയിക്കുകയും ചെയ്തിരുന്നെങ്കിലും, തീയതി മുൻകൂട്ടി കണക്കാക്കാൻ പ്രത്യക്ഷത്തിൽ സാധിക്കാത്ത അവസ്ഥയിൽത്തന്നെ, മോശയും ഇസ്രായേല്യരും വിശ്വാസം പ്രകടമാക്കുകയും യഹോവയുടെ നിയമിത സമയത്തിനായി കാത്തിരിക്കുകയും ചെയ്യണമായിരുന്നു. ഇന്നത്തെ ദുഷ്ട വ്യവസ്ഥിതിയിൽ നിന്നുള്ള നമ്മുടെ വിടുതൽ അടുത്തു വരികയാണെന്ന ബോധ്യം നമുക്കുമുണ്ട്. “അന്ത്യകാല”ത്താണ് നാം ജീവിക്കുന്നതെന്നു നമുക്ക് അറിയാം. (2 തിമൊഥെയൊസ് 3:1-5) വിശ്വാസം പ്രകടമാക്കാനും തന്റെ മഹത്തായ ദിവസത്തിനു വേണ്ടിയുള്ള യഹോവയുടെ നിയമിത സമയത്തിനായി കാത്തിരിക്കാനും നാം മനസ്സൊരുക്കം ഉള്ളവർ ആയിരിക്കേണ്ടതല്ലേ? (2 പത്രൊസ് 3:11-13) അന്ന്, മോശയെയും ഇസ്രായേല്യരെയും പോലെ നാമും യഹോവയുടെ സ്തുതിക്കായി മഹത്തായൊരു വിടുതൽ ഗീതം ആലപിച്ചേക്കാം.—പുറപ്പാടു 15:1-19.
‘കാലസമ്പൂർണ്ണത വന്നപ്പോൾ’
14, 15. തന്റെ പുത്രനു ഭൂമിയിലേക്കു വരാൻ യഹോവ ഒരു കാലം നിശ്ചയിച്ചിരുന്നു എന്ന് നമുക്ക് എങ്ങനെ അറിയാം, പ്രവാചകന്മാരും ദൂതന്മാരും പോലും എന്തിനായി ഉറ്റുനോക്കിക്കൊണ്ടിരുന്നു?
14 തന്റെ ഏകജാത പുത്രന് മിശിഹാ എന്ന നിലയിൽ ഭൂമിയിലേക്കു വരാൻ യഹോവ ഒരു സമയം നിശ്ചയിച്ചിരുന്നു. പൗലൊസ് എഴുതി: “കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽ നിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയ”ച്ചു. (ഗലാത്യർ 4:4) ഒരു സന്തതിയെ—‘ആളുകളുടെ അനുസരണം ആരോടായിരിക്കുമോ ആ ശീലോ’യെ—അയയ്ക്കുമെന്നുള്ള ദൈവത്തിന്റെ വാഗ്ദാനത്തിന്റെ നിവൃത്തിയായിരുന്നു അത്.—ഉല്പത്തി 3:15; 49:10, NW.
15 മിശിഹാ ഭൂമിയിൽ പ്രത്യക്ഷപ്പെടുകയും പാപപൂർണരായ മനുഷ്യവർഗത്തിനു രക്ഷ സാധ്യമാക്കുകയും ചെയ്യുന്ന “കാലം” ഏതെന്ന് ദൈവത്തിന്റെ പ്രവാചകന്മാർ—ദൂതന്മാർപോലും—ഉറ്റുനോക്കിക്കൊണ്ടിരുന്നു. പത്രൊസ് പറഞ്ഞു: “നിങ്ങൾക്കു വരുവാനിരിക്കുന്ന കൃപയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെ ആരാഞ്ഞു അന്വേഷിച്ചിരുന്നു. അവരിലുള്ള ക്രിസ്തുവിൻ ആത്മാവു ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം [“കാലം,” NW] ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി, . . . അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നു.”—1 പത്രൊസ് 1:1-5, 10-12.
16, 17. (എ) മിശിഹായെ പ്രതീക്ഷിച്ചിരിക്കാൻ ഒന്നാം നൂറ്റാണ്ടിലെ യഹൂദന്മാരെ യഹോവ സഹായിച്ചത് ഏത് പ്രവചനം മുഖാന്തരമായിരുന്നു? (ബി) ദാനീയേൽ പ്രവചനം മിശിഹായെ സംബന്ധിച്ച യഹൂദന്മാരുടെ പ്രതീക്ഷയെ എങ്ങനെ ബാധിച്ചു?
16 അചഞ്ചല വിശ്വാസം പ്രകടമാക്കിയ തന്റെ പ്രവാചകനായ ദാനീയേൽ മുഖാന്തരം “എഴുപതു ആഴ്ചകൾ” ഉൾപ്പെടുന്ന ഒരു പ്രവചനം യഹോവ നൽകിയിരുന്നു. വാഗ്ദത്ത മിശിഹായുടെ പ്രത്യക്ഷത അടുത്തുവരിക ആയിരുന്നെന്ന് മനസ്സിലാക്കാൻ ആ പ്രവചനം ഒന്നാം നൂറ്റാണ്ടിലെ യഹൂദന്മാരെ പ്രാപ്തരാക്കുമായിരുന്നു. ആ പ്രവചനത്തിന്റെ ഒരു ഭാഗം ഇങ്ങനെ പറഞ്ഞു: “യെരൂശലേമിനെ പുനഃസ്ഥാപിക്കാനും പുനർനിർമിക്കാനുമുള്ള കൽപ്പന പുറപ്പെടുന്നതു മുതൽ നായകനായ മിശിഹാ വരെ ഏഴ് ആഴ്ചകളും അറുപത്തിരണ്ട് ആഴ്ചകളും ഉണ്ടായിരിക്കും.” (ദാനീയേൽ 9:24, 25, NW) ഇവിടെ പരാമർശിച്ചിരിക്കുന്ന “ആഴ്ചകൾ” വർഷങ്ങളുടെ ആഴ്ചകളെ അർഥമാക്കുന്നുവെന്ന് യഹൂദ-കത്തോലിക്കാ-പ്രൊട്ടസ്റ്റന്റ് പണ്ഡിതന്മാർ പൊതുവേ സമ്മതിക്കുന്നു. ദാനീയേൽ 9:25-ലെ 69 “ആഴ്ചകൾ,” (483 വർഷം) “യെരൂശലേമിനെ പുനഃസ്ഥാപിക്കാനും പുനർനിർമിക്കാ”നും പേർഷ്യൻ രാജാവായ അർത്ഥഹ്ശഷ്ടാവ് നെഹെമ്യാവിനെ അധികാരപ്പെടുത്തിയ പൊ.യു.മു. 455-ൽ തുടങ്ങി. (നെഹെമ്യാവു 2:1-8) അത് 483 വർഷം കഴിഞ്ഞ് പൊ.യു. 29-ൽ, യേശു സ്നാപനമേൽക്കുകയും പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടുകൊണ്ട് മിശിഹാ അഥവാ ക്രിസ്തു ആയിത്തീരുകയും ചെയ്തപ്പോൾ അവസാനിച്ചു.—മത്തായി 3:13-17.
17 ആ 483 വർഷങ്ങൾ എന്നു തുടങ്ങിയെന്ന് ഒന്നാം നൂറ്റാണ്ടിലെ യഹൂദന്മാർക്ക് കൃത്യമായി അറിയാമായിരുന്നോ എന്നു വ്യക്തമല്ല. എന്നാൽ യോഹന്നാൻ സ്നാപകൻ തന്റെ ശുശ്രൂഷ തുടങ്ങിയപ്പോൾ, “ജനം കാത്തുനിന്നു [“പ്രതീക്ഷയിലായിരുന്നു,” NW]; അവൻ ക്രിസ്തുവോ എന്നു എല്ലാവരും ഹൃദയത്തിൽ യോഹന്നാനെക്കുറിച്ചു വിചാരിച്ചു.” (ലൂക്കൊസ് 3:15) ചില ബൈബിൾ പണ്ഡിതന്മാർ ഈ പ്രതീക്ഷയെ ദാനീയേലിന്റെ പ്രവചനത്തോടു ബന്ധിപ്പിക്കുന്നു. ഈ വാക്യത്തെ കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചുകൊണ്ട് മാത്യു ഹെൻറി ഇങ്ങനെ എഴുതി: “മിശിഹായെയും അവൻ പടിവാതിൽക്കൽ എത്തിയിരിക്കുന്നു എന്നതിനെയും കുറിച്ച് ആളുകൾ ചിന്തിക്കാൻ യോഹന്നാന്റെ ശുശ്രൂഷയും അവൻ നടത്തിയ സ്നാപനവും ഇടയാക്കിയത് എങ്ങനെയെന്ന് . . . ഇവിടെ നമ്മോടു പറയപ്പെട്ടിരിക്കുന്നു. . . . ദാനീയേലിന്റെ എഴുപത് ആഴ്ചകൾ ഇപ്പോൾ അവസാനിക്കുകയായിരുന്നു.” വിഗൂരൂ, ബക്വസ്, ബ്രസക്ക് എന്നിവർ ചേർന്ന് തയ്യാറാക്കിയ ഫ്രഞ്ച് മാനുവൽ ബിബ്ലിക് ഇപ്രകാരം പ്രസ്താവിക്കുന്നു: “ദാനീയേൽ വ്യക്തമാക്കിയ, വർഷങ്ങളുടെ എഴുപത് ആഴ്ചകൾ അവസാനത്തോട് അടുക്കുകയാണെന്ന് ആളുകൾക്ക് അറിയാമായിരുന്നു; ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് സ്നാപക യോഹന്നാൻ പ്രഖ്യാപിക്കുന്നതു കേട്ട് ആരും അത്ഭുതപ്പെട്ടില്ല.” ആ കാലത്തെ “പ്രസിദ്ധിയാർജിച്ച കാലഗണന” അനുസരിച്ച് ആളുകൾ “പൊ.യു. ഏകദേശം 25-നും 50-നും ഇടയ്ക്ക് മിശിഹായെ പ്രതീക്ഷിച്ചിരുന്നു” എന്ന് യഹൂദ പണ്ഡിതനായ അബ്ബാ ഹില്ലേൽ സിൽവെർ എഴുതി.
കാലഗണനകളിലല്ല—സംഭവങ്ങളിൽ അധിഷ്ഠിതം
18. മിശിഹാ പ്രത്യക്ഷപ്പെടുമെന്നു കരുതാൻ കഴിയുമായിരുന്ന സമയം തിരിച്ചറിയാൻ ദാനീയേലിന്റെ പ്രവചനം യഹൂദന്മാരെ സഹായിച്ചെങ്കിലും യേശുവിന്റെ മിശിഹാപദവി സംബന്ധിച്ച ബോധ്യംവരുത്തുന്ന ഏറ്റവും പ്രധാന തെളിവ് ഏതായിരുന്നു?
18 മിശിഹാ പ്രത്യക്ഷപ്പെടേണ്ട നിയമിത സമയം സംബന്ധിച്ച് പൊതുവായ ഒരു ധാരണ ലഭിക്കാൻ കാലഗണന യഹൂദ ജനതയെ പ്രത്യക്ഷത്തിൽ സഹായിച്ചെങ്കിലും, അവരിൽ ബഹുഭൂരിപക്ഷത്തെയും യേശുവിന്റെ മിശിഹാപദവി ബോധ്യപ്പെടുത്താൻ കാലഗണന സഹായകമായില്ലെന്ന് തുടർന്നുള്ള സംഭവങ്ങൾ പ്രകടമാക്കുന്നു. തന്റെ മരണത്തിന് ഏകദേശം ഒരു വർഷം മുമ്പ് യേശു ശിഷ്യന്മാരോടു ചോദിച്ചു: “പുരുഷാരം എന്നെ ആരെന്നു പറയുന്നു”? അവർ ഇങ്ങനെ മറുപടി പറഞ്ഞു: “യോഹന്നാൻസ്നാപകൻ എന്നും ചിലർ ഏലീയാവു എന്നും മററുചിലർ പുരാതനപ്രവാചകന്മാരിൽ ഒരുത്തൻ ഉയിർത്തെഴുന്നേററു എന്നും പറയുന്നു.” (ലൂക്കൊസ് 9:18, 19) താൻ മിശിഹാ ആണെന്നു തെളിയിക്കാൻ ആലങ്കാരിക ആഴ്ചകളെ കുറിച്ചുള്ള പ്രവചനം യേശു എന്നെങ്കിലും ഉദ്ധരിച്ചതായി യാതൊരു രേഖയുമില്ല. എന്നാൽ ഒരു അവസരത്തിൽ അവൻ പറഞ്ഞു: “എനിക്കോ യോഹന്നാന്റെ സാക്ഷ്യത്തിലും വലിയ സാക്ഷ്യം ഉണ്ടു; പിതാവു എനിക്കു അനുഷ്ഠിപ്പാൻ തന്നിരിക്കുന്ന പ്രവൃത്തികൾ, ഞാൻ ചെയ്യുന്ന പ്രവൃത്തികൾ തന്നേ, പിതാവു എന്നെ അയച്ചു എന്നു എന്നെക്കുറിച്ചു സാക്ഷീകരിക്കുന്നു.” (യോഹന്നാൻ 5:36) വെളിപ്പെടുത്തപ്പെട്ട ഏതെങ്കിലും കാലക്കണക്കല്ല, മറിച്ച് യേശുവിന്റെ പ്രസംഗം, അത്ഭുതങ്ങൾ, മരണത്തെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങൾ (അത്ഭുതകരമായ ഇരുട്ടും ആലയ തിരശ്ശീല ചീന്തിപ്പോയതും ഭൂമികുലുക്കവും) എന്നിവയാണ് അവൻ ദൈവത്താൽ അയയ്ക്കപ്പെട്ട മിശിഹാ ആണെന്നു തെളിയിച്ചത്.—മത്തായി 27:45, 51, 54; യോഹന്നാൻ 7:31; പ്രവൃത്തികൾ 2:22.
19. (എ) യെരൂശലേമിന്റെ നാശം അടുത്തെന്ന് ക്രിസ്ത്യാനികൾക്ക് എങ്ങനെ അറിയാൻ കഴിയുമായിരുന്നു? (ബി) യെരൂശലേമിൽ നിന്നു പലായനം ചെയ്ത ആദിമ ക്രിസ്ത്യാനികൾക്ക് തുടർന്നും ഏറെ വിശ്വാസം ആവശ്യമായിരുന്നത് എന്തുകൊണ്ട്?
19 സമാനമായി, യഹൂദ വ്യവസ്ഥിതിയുടെ ആസന്നമായ നാശം എപ്പോൾ സംഭവിക്കുമെന്നു കണക്കാക്കാൻ യേശുവിന്റെ മരണത്തിനു ശേഷം ആദിമ ക്രിസ്ത്യാനികൾക്കു യാതൊരു മാർഗവും പ്രദാനം ചെയ്യപ്പെട്ടില്ല. ആലങ്കാരിക ആഴ്ചകളെ കുറിച്ചുള്ള ദാനീയേൽ പ്രവചനം ആ വ്യവസ്ഥിതിയുടെ നാശത്തെ പറ്റി പരാമർശിച്ചിരുന്നു എന്നതു സത്യം തന്നെ. (ദാനീയേൽ 9:26ബി, 27ബി) എന്നാൽ ഇതു സംഭവിക്കുന്നത് “എഴുപത് ആഴ്ചക”ളുടെ അവസാനത്തിനു ശേഷം ആയിരിക്കുമായിരുന്നു. (പൊ.യു.മു. 455–പൊ.യു. 36) മറ്റു വാക്കുകളിൽ പറഞ്ഞാൽ, പൊ.യു. 36-ൽ വിജാതീയരിൽ ആദ്യ ഗണം യേശുവിന്റെ അനുഗാമികൾ ആയിത്തീർന്നതിനു ശേഷമുള്ള യാതൊരു കാലഗണനാ രേഖയും ദാനീയേൽ 9-ാം അധ്യായം ക്രിസ്ത്യാനികൾക്കു പ്രദാനം ചെയ്തില്ല. അന്നു മുതൽ, കാലഗണന ആയിരുന്നില്ല മറിച്ച് സംഭവങ്ങൾ ആയിരുന്നു യഹൂദ വ്യവസ്ഥിതി താമസിയാതെ അവസാനിക്കണം എന്നു സൂചിപ്പിച്ചിരുന്നത്. യേശു മുൻകൂട്ടി പറഞ്ഞ ആ സംഭവങ്ങൾ, പൊ.യു. 66-ൽ റോമൻ സൈന്യം യെരൂശലേമിനെ ആക്രമിക്കുകയും പിന്നീട് പിൻവാങ്ങുകയും ചെയ്തതു മുതൽ പാരമ്യത്തിലേക്കു വരാൻ തുടങ്ങി. ഇത് യെരൂശലേമിലും യഹൂദ്യയിലുമുള്ള വിശ്വസ്തരും ശ്രദ്ധാലുക്കളുമായ ക്രിസ്ത്യാനികൾക്ക് ‘മലകളിലേക്കു ഓടിപ്പോകാൻ’ അവസരം നൽകി. (ലൂക്കൊസ് 21:20-22) കാലഗണനാപരമായ യാതൊരു അടയാളങ്ങളും ലഭ്യമല്ലാതിരുന്ന ആ ആദിമ ക്രിസ്ത്യാനികൾക്ക് യെരൂശലേമിന്റെ നാശം എപ്പോൾ സംഭവിക്കുമെന്ന് അറിയില്ലായിരുന്നു. റോമൻ സൈന്യം തിരിച്ചുവന്ന് യഹൂദ വ്യവസ്ഥിതിയെ ഉന്മൂലനം ചെയ്ത പൊ.യു. 70 വരെയുള്ള ഏകദേശം നാലു വർഷക്കാലം തങ്ങളുടെ വീടുകളും കൃഷിയിടങ്ങളും പണിപ്പുരകളും ഉപേക്ഷിച്ച് യെരൂശലേമിനു വെളിയിൽ താമസിക്കാൻ അവർക്ക് എത്രമാത്രം വിശ്വാസം ആവശ്യമായിരുന്നു!—ലൂക്കൊസ് 19:41-44.
20. (എ) നോഹ, മോശ, ഒന്നാം നൂറ്റാണ്ടിൽ യഹൂദ്യയിൽ ഉണ്ടായിരുന്ന ക്രിസ്ത്യാനികൾ എന്നിവരുടെ ദൃഷ്ടാന്തങ്ങളിൽനിന്ന് നമുക്കു പ്രയോജനം നേടാവുന്നതെങ്ങനെ? (ബി) അടുത്ത ലേഖനത്തിൽ നാം എന്ത് ചർച്ച ചെയ്യും?
20 നോഹ, മോശ, ഒന്നാം നൂറ്റാണ്ടിൽ യഹൂദ്യയിൽ ഉണ്ടായിരുന്ന ക്രിസ്ത്യാനികൾ എന്നിവരെ പോലെ ഇന്നു നമുക്കും, സമയങ്ങളും കാലങ്ങളും ആത്മവിശ്വാസത്തോടെ യഹോവയുടെ കരങ്ങളിൽ വിട്ടുകൊടുക്കാൻ കഴിയും. നാം ജീവിക്കുന്നത് അന്ത്യകാലത്താണെന്നും നമ്മുടെ വിടുതൽ അടുത്തു വരികയാണെന്നും ഉള്ള ബോധ്യം അധിഷ്ഠിതമായിരിക്കുന്നത് കേവലം കാലഗണനാപരമായ കണക്കുകൂട്ടലുകളിൽ അല്ല, മറിച്ച് ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തിയായുള്ള യഥാർഥ സംഭവങ്ങളിലാണ്. കൂടാതെ, നാം ജീവിക്കുന്നത് ക്രിസ്തുവിന്റെ സാന്നിധ്യ കാലത്താണെങ്കിലും, വിശ്വാസം പ്രകടമാക്കുകയും സദാ ഉണർന്നിരിക്കുകയും ചെയ്യേണ്ടതില്ലെന്നു വരുന്നില്ല. നാം തുടർന്നും, തിരുവെഴുത്തുകളിൽ മുൻകൂട്ടി പറഞ്ഞിരിക്കുന്ന പുളകപ്രദമായ സംഭവങ്ങളെ കുറിച്ചുള്ള ആകാംക്ഷാപൂർവകമായ പ്രതീക്ഷയോടെ ജീവിക്കണം. തുടർന്നുവരുന്ന ലേഖനത്തിന്റെ വിഷയം അതായിരിക്കും.
[അടിക്കുറിപ്പുകൾ]
പുനരവലോകനം
□ യഹോവയുടെ സമയങ്ങളെയും കാലങ്ങളെയും കുറിച്ച് യേശു തന്റെ അപ്പൊസ്തലന്മാരോട് എന്തു പറഞ്ഞു?
□ ജലപ്രളയം തുടങ്ങാൻ നിശ്ചയിക്കപ്പെട്ടിരുന്ന സമയം നോഹ എത്രകാലം മുമ്പ് അറിഞ്ഞു?
□ തങ്ങൾ ഈജിപ്തിൽ നിന്നു വിടുവിക്കപ്പെടുന്നത് കൃത്യമായി എന്നാണെന്ന് മോശയ്ക്കും ഇസ്രായേല്യർക്കും അറിയില്ലായിരുന്നു എന്ന് എന്തു സൂചിപ്പിക്കുന്നു?
□ യഹോവയുടെ സമയങ്ങളും കാലങ്ങളും ഉൾപ്പെടുന്ന ബൈബിൾ ദൃഷ്ടാന്തങ്ങളിൽനിന്നു നമുക്ക് എങ്ങനെ പ്രയോജനം നേടാൻ കഴിയും?
[11-ാം പേജിലെ ചിത്രം]
സമയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ യഹോവയുടെ കരങ്ങളിൽ വിട്ടുകൊടുക്കാൻ വിശ്വാസം നോഹയെ പ്രാപ്തനാക്കി